ലാപുടയുടെ ചിഹ്നങ്ങള്‍-ഒരു മൊഴിമാറ്റം

പരിഭാഷകള്‍ (Translations), ശ്ലോകങ്ങള്‍ (My slokams)

നല്ല കവിതകള്‍ കാണുമ്പോള്‍ പരിഭാഷപ്പെടുത്താന്‍ തോന്നുക എന്നതു് എനിക്കു പണ്ടു തൊട്ടേയുള്ള ഒരു അസുഖമാണു്. (ഇവിടെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്.) ലാപുടയുടെ ഓരോ കവിത വായിക്കുമ്പോഴും ഇതു തോന്നിയിരുന്നു. ഇംഗ്ലീഷിലാക്കാനാണു തോന്നിയിരുന്നതു്.

അദ്ദേഹത്തിന്റെ പുതിയ കവിതയായ “ചിഹ്നങ്ങള്‍” വായിച്ചപ്പോള്‍ അതു മലയാളത്തില്‍ തന്നെ “പരിഭാഷ”പ്പെടുത്തിയാലോ എന്നു തോന്നി. അതേ ഭാഷയില്‍ മാറ്റിയെഴുതുന്നതിനെ പരിഭാഷ എന്നു വിളിക്കാമോ എന്നറിയില്ല. വേണമെങ്കില്‍ “പദ്യപരിഭാഷ” എന്നു വിളിക്കാമെന്നു തോന്നുന്നു.

ലാപുട ദയവായി ക്ഷമിക്കുക. താങ്കളുടെ മനോഹരമായ ഗദ്യകവിതയ്ക്കു് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയില്‍ വികലമായ ഒരു പദ്യപരിഭാഷ.

കുനിഞ്ഞിരിപ്പൂ ത്രപയോടെ ചോദ്യ-
ചിഹ്നം മുഖം താഴ്ത്തി വളഞ്ഞുകുത്തി;
പിറുപ്പുമല്ലാത്തതുമിന്നു ചോദ്യ-
മാക്കുന്ന സങ്കോചമതിന്നു കാണും!

എഴുത്തു തീരാത്തൊരു വിസ്മയങ്ങള്‍,
വായിച്ചു തീരാ ക്ഷുഭിതങ്ങളെന്നീ
സദാ തിളയ്ക്കുന്ന വികാരമാവാം
ആശ്ചര്യചിഹ്നത്തെയുരുക്കിടുന്നൂ.

ഗര്‍ഭത്തിലെക്കുഞ്ഞു കണക്കു ശാന്ത-
ധ്യാനത്തിലേക്കൊന്നു ചുരുണ്ടു കൂടാന്‍
കോമയ്ക്കു പറ്റുന്നതു മൂലമാണോ
വാചാലലോകത്തതു ബോധമാര്‍ന്നു?

ഭാരിച്ച ഭൂതത്തിനെ വാച്യമാക്കി-
ത്തൂക്കിക്കൊലയ്ക്കിട്ടു കൊടുത്തിടുമ്പോള്‍
പ്രാര്‍ത്ഥിക്കുവാനേയിനി വര്‍ത്തമാന-
വ്യംഗ്യങ്ങളോടുദ്ധരണിയ്ക്കു പറ്റൂ.

പറഞ്ഞിടാനാവുകയില്ല “യൊന്നും
തീരില്ല” യെന്നുള്ള പ്രപഞ്ചസത്യം;
അതിന്റെ ദുഃഖത്തിലമര്‍ന്നു നീറി-
ച്ചുരുങ്ങിടും പൂര്‍ണ്ണവിരാമമെന്നും.

ഒറ്റ എഴുത്തില്‍ എഴുതിയതാണു്. ഇനിയും നന്നാക്കാമെന്നു തോന്നുന്നു. ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്. പ്രത്യേകിച്ചു നാലാം പദ്യത്തില്‍.


ലാപുടയുടെ പോസ്റ്റില്‍ നളന്‍ ഇട്ട ഈ കമന്റിലുള്ള ആശയത്തിന്റെ പരിഭാഷ:

മുടിഞ്ഞുപോകേണ്ട വിചാരധാര
ചികഞ്ഞെടുക്കുന്നൊരു മൌഢ്യമാകെ
കണ്ടിട്ടു പേടിച്ചു ചുരുങ്ങിയില്ലാ-
താകുന്നുവോ പൂര്‍ണ്ണവിരാമചിഹ്നം?