എന്റെ ബ്ലോഗും പല തരം അന്ധവിശ്വാസികളും

സാമൂഹികം

ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയിട്ടു് ഇന്നു രണ്ടു വര്‍ഷമാകുന്നു. 2005 ജനുവരി 19-നു് കവി സച്ചിദാനന്ദനു പന്തളം കേരളവര്‍മ്മ പുരസ്കാരം കിട്ടിയതിനെപ്പറ്റി ഒരു പോസ്റ്റെഴുതിയാണു് ഇതു തുടങ്ങിയതു്. ആദ്യം കുറെക്കാലം വ്യാകരണവും ഭാഷാശാസ്ത്രവും സംബന്ധിച്ച പോസ്റ്റുകളായിരുന്നു. കുറേ പരിഭാഷകളും. ഏതാണ്ടു് ഒരു കൊല്ലം മുമ്പാണു ഭാരതീയഗണിതത്തെപ്പറ്റി എഴുതാന്‍ തുടങ്ങിയതു്. സുഭാഷിതം, സമസ്യാപൂരണം തുടങ്ങിയവ തുടങ്ങിയിട്ടു് ഏഴെട്ടു മാസമേ ആയിട്ടുള്ളൂ. സ്മരണകളും അല്പസ്വല്പം നര്‍മ്മവും തുടങ്ങിയതു് വളരെ അടുത്തിടയ്ക്കും.

കുറെക്കാലം മുമ്പു്, എനിക്കു് ഭാരതീയഗണിതത്തിലെ തെറ്റുകള്‍ എന്ന ഒരു പോസ്റ്റ് എഴുതേണ്ടി വന്നു. ഭാരതീയഗണിതത്തെപ്പറ്റിയുള്ള എന്റെ പോസ്റ്റുകളില്‍ നിന്നു് ലോകവിജ്ഞാനം മുഴുവന്‍ പ്രാചീനഭാരതഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്നു ഞാന്‍ കരുതുന്നതായി തെറ്റിദ്ധരിച്ചുള്ള കമന്റുകളും ഇ-മെയിലുകളും കിട്ടിയതിനെത്തുടര്‍ന്നായിരുന്നു അതു്.

നേരേ മറിച്ചു്, ശ്രീമദീയെമ്മെസ്സഷ്ടോത്തരനാമസ്തോത്രം (സവ്യാഖ്യാനം) തുടങ്ങിയ ചില പോസ്റ്റുകള്‍‍ക്കു ശേഷം ഞാന്‍ വേദങ്ങളിലും മതഗ്രന്ഥങ്ങളിലും പ്രാചീനഭാരതത്തിലും മുഴുവന്‍ അബദ്ധങ്ങളാണെന്നു കരുതുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടു്.

അതേ സമയം, എന്റെ ബ്ലോഗില്‍ ആകെ അരാഷ്ട്രീയതയാണെന്നും അതു് അപകടകരമായ ചില പ്രതിലോമരാഷ്ട്രീയത്തിനു വഴി തെളിക്കുന്നു എന്നും ഒരു ആരോപണം ഉയര്‍ന്നിട്ടുണ്ടു്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ബ്ലോഗിന്റെ ഉദ്ദേശ്യവും രാഷ്ട്രീയവും ഒന്നു വ്യക്തമാക്കണം എന്നു തോന്നിയതിന്റെ ഫലമാണു് ഈ പോസ്റ്റ്.


അറിവു സമ്പാദിക്കുകയും സമ്പാദിക്കുന്നവ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നൊരു ഉദ്ദേശ്യത്തോടു കൂടിയാണു് ഈ ബ്ലോഗ് തുടങ്ങിയതു്. ഇതില്‍ വരുന്ന മിക്കവാറും എല്ലാം തന്നെ (ഈ അടുത്ത കാലത്തു സ്മരണകള്‍ എന്ന പേരില്‍ എഴുതിയ രണ്ടുമൂന്നു നര്‍മ്മലേഖനങ്ങളൊഴികെ) എവിടെനിന്നെങ്കിലും അടിച്ചുമാറ്റിയ വിവരങ്ങളാണു്. മൌലികമായി ആകെയുള്ളതു് വിവരങ്ങളുടെ ക്രോഡീകരണം മാത്രമാണു്.

മുന്‍പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരു ശ്രമം… എന്നാണു് ഈ ബ്ലോഗിന്റെ പ്രഖ്യാപിതലക്ഷ്യം. “ഗുരുകുലം” എന്ന വാക്കു് തെരഞ്ഞെടുത്തതും ഗുരുക്കന്മാരുടെ കുലം എന്ന അര്‍ത്ഥത്തിലാണു്. എന്നെ സംബന്ധിച്ചിടത്തോളം, പഠിപ്പിച്ച അദ്ധ്യാപകര്‍ മാത്രമല്ല, വഴി പറഞ്ഞു തന്നവരും, കൂടെ ജോലി ചെയ്തവരും, പുസ്തകങ്ങളും പത്രമാസികകളും ബ്ലോഗുകളും എഴുതുന്നവരും തൊട്ടു് ഞാന്‍ ഇന്നു വായിച്ച വിക്കിപീഡിയ ലേഖനം അവസാനം എഡിറ്റു ചെയ്ത അജ്ഞാതന്‍ വരെ ഗുരുക്കളാണു്. എല്ലാവര്‍ക്കും പ്രണാമം!

പക്ഷേ അവയെ “വെറും ക്രോഡീകരണം” എന്നു പറഞ്ഞു തള്ളിക്കളയാന്‍ ഞാന്‍ തയ്യാറല്ല. കാരണം, ഈ വിവരങ്ങളെ അറിയാവുന്ന മറ്റു കാര്യങ്ങളുമായി യോജിപ്പിച്ചുനോക്കുകയും സ്വന്തമായി ആലോചിച്ചു് ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ പറയുകയും കൂടി ചെയ്യുന്നുണ്ടു്. അതേ സമയം കുറേയെങ്കിലും പഠിക്കാതെ അഭിപ്രായം പറയില്ല എന്നൊരു ശാഠ്യവും ഉണ്ടു്. രാഷ്ട്രീയലേഖനങ്ങള്‍ എഴുതാത്തതും ഈ ശാഠ്യത്തിന്റെ ഫലമായാണു്.

ഈ ശാഠ്യം മൂലം പലപ്പോഴും ഒരു തത്ത്വശാസ്ത്രത്തില്‍ ഉറച്ചുനില്ക്കാന്‍ കഴിയാറില്ല. ഉദാഹരണമായി, ജ്യോതിഷത്തെപ്പറ്റി അഭിപ്രായം പറയാന്‍ അതിനെപ്പറ്റി കൂടുതല്‍ പഠിക്കണം. അതു കൂടുതല്‍ പഠിച്ചാല്‍ അതിനെ കൂടുതല്‍ വിമര്‍ശിക്കാന്‍ തോന്നും. അങ്ങനെ വരുമ്പോള്‍ ജ്യോതിഷം പഠിക്കുന്നതു വൃഥാവ്യായാമമാണെന്നു കരുതുന്നവര്‍ക്കും ജ്യോതിഷം ശരിയാണെന്നു കണ്ണടച്ചു വിശ്വസിക്കുന്നവര്‍ക്കും ഞാന്‍ അനഭിമതനാകുന്നു. ഈ ബ്ലോഗിന്റെ അരാഷ്ട്രീയത ഈ വിധത്തിലുള്ള വിമര്‍ശനാത്മകപഠനത്തില്‍ (Critical reading) നിന്നുണ്ടായതാണു്.

മറ്റൊന്നു്, എനിക്കു താത്‌പര്യവും കുറച്ചൊക്കെ അറിവും ഉള്ള വിഷയങ്ങളെപ്പറ്റിയേ എഴുതാറുള്ളൂ. അവയില്‍ പലതും ഇന്നു പഴഞ്ചനും ഫ്യൂഡല്‍ സംസ്കാരത്തിന്റെ ഭാഗവും പ്രതിലോമകരങ്ങളും മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തുന്നതും ആണെന്നു പൊതുവേ ധാരണയുള്ള വിഷയങ്ങളാണു്. ഭാരതീയഗണിതം ഉദാഹരണം. വേദകാലത്തു തന്നെ ഭാരതത്തിലെ ഗണിതം ആധുനികഗണിതത്തെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതായിരുന്നു എന്ന വാദവുമായി ബാലിശമായ സ്പാം ഇ-മെയിലുകളും അവകാശവാദങ്ങളും പ്രചരിക്കുന്ന ഈ കാലത്തു് “പെല്‍ സമവാക്യം” എന്നു ലോകം വിളിക്കുന്ന സാധനം ബ്രഹ്മഗുപ്തന്‍ നിര്‍ദ്ധരിച്ചിരുന്നു എന്നു പറയുമ്പോള്‍ മേല്‍പ്പറഞ്ഞ വഴിയിലൂടെ പോകുന്ന മറ്റൊരുവന്‍ എന്നു ധരിക്കപ്പെടാന്‍ എളുപ്പമാണു്. നേരേ മറിച്ചു്, “വേദിക് മാത്തമാറ്റിക്സ്” എന്ന പേരില്‍ അടുത്ത കാലത്തു പ്രചരിക്കുന്ന രീതിയില്‍ കഴമ്പില്ല എന്നു പറഞ്ഞാല്‍ ഭാരതത്തില്‍ ഒരു ചുക്കുമുണ്ടായിരുന്നില്ല എന്നു പറഞ്ഞു പുച്ഛിക്കുന്നവരുടെ കൂട്ടത്തില്‍ എന്നെ പെടുത്തുന്നതും സ്വാഭാവികം.


ഞാന്‍ പ്രീഡിഗ്രിയ്ക്കു പഠിക്കുന്ന കാലത്താണു്‌. സ്കൂളില്‍ വെച്ചു പഠിത്തം നിര്‍ത്തി ക്രിസ്ത്യന്‍ ഉപദേശിയായ ഒരു സുഹൃത്തു്‌ (എന്നെക്കാള്‍ ഒരു വയസ്സിനു മൂത്ത ആള്‍) ഒരിക്കല്‍ വീട്ടില്‍ വന്നു. അയാള്‍ക്കു ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ ഒരു പുസ്തകം വേണം. എനിക്കു്‌ ആശ്ചര്യവും അയാളെപ്പറ്റി മതിപ്പും തോന്നി. എന്റെ കയ്യില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച “പരിണാമം: പ്രക്രിയയും ഉത്‌പന്നവും” എന്ന പുസ്തകമുണ്ടായിരുന്നു. അതു കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞു്‌ അയാള്‍ അതു തിരിച്ചു കൊണ്ടു തന്നു. “മുഴുവന്‍ വായിച്ചോ?” ഞാന്‍ ചോദിച്ചു. “ഇല്ല, ആരു വായിക്കും ഇതൊക്കെ? ഇതു മുഴുവന്‍ പൊട്ടത്തെറ്റല്ലേ?” എന്നു മറുപടി. “പിന്നെന്തിനാ വാങ്ങിയതു്‌?” എന്നു ഞാന്‍. “ഒരു മാസികയില്‍ പരിണാമസിദ്ധാന്തം മുഴുവന്‍ തെറ്റാണെന്നു്‌ ഒരു ലേഖനം എഴുതണമായിരുന്നു. എഴുതി. സ്റ്റൈലായിട്ടു്‌. വളരെ ഉപകാരം, കേട്ടോ…”

ലേഖനം ഞാന്‍ വായിച്ചില്ല. എങ്കിലും എങ്ങനെ ആയിരിക്കും എന്നു്‌ എനിക്കു്‌ ഊഹിക്കാന്‍ കഴിയും. ആ പുസ്തകത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടു്‌ ബൈബിളിലെ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അവ തെറ്റാണെന്നു തെളിയിക്കും. വളരെ ലളിതം.

ബൈബിള്‍ മാത്രമല്ല, വേദങ്ങളും ഖുറാനും മറ്റും ഇങ്ങനെ ആധികാരികഗ്രന്ഥങ്ങളാകാറുണ്ടു്‌. അവ അതാതു കാലത്തെ ഏറ്റവും പ്രഗല്‌ഭരായിരുന്ന മനുഷ്യര്‍ രചിച്ച മഹത്തായ ഗ്രന്ഥങ്ങളാണു്‌ എന്ന വസ്തുത അംഗീകരിക്കാത്ത ഇത്തരം മനുഷ്യരെ നാം “അന്ധവിശ്വാസികള്‍” എന്നു വിളിക്കുന്നു.


പത്തുപതിനഞ്ചു കൊല്ലം മുമ്പു ബോംബെയില്‍ ജോലി ചെയ്യുമ്പോള്‍ എനിക്കു് ഒരു യുക്തിവാദി സഹപ്രവര്‍ത്തകനുണ്ടായിരുന്നു. അദ്ദേഹം തന്ന ചില പ്രസിദ്ധീകരണങ്ങള്‍ വായിക്കുകയും ചെയ്യുമായിരുന്നു. അവയില്‍ ചിലതു് വളരെ തരം താണതായിരുന്നു. മതഗ്രന്ഥങ്ങളിലും മറ്റും അസംബന്ധവും അശ്ലീലവും മറ്റുമാണെന്നു തെളിയിക്കാന്‍ വേണ്ടി ഗവേഷണം നടത്താതെ ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടു നടത്തുന്ന വൃഥാവ്യായാമം മാത്രമായിരുന്നു അവയില്‍ പലതിലും ഉണ്ടായിരുന്നതു്. അവയെപ്പറ്റി ആ സുഹൃത്തുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതു പതിവായിരുന്നു.

ഈ സുഹൃത്തു് ഒരിക്കല്‍ ഒരു ഭഗവദ്‌ഗീത വ്യാഖ്യാനത്തോടു കൂടി വാങ്ങുന്നതു കണ്ടു് എനിക്കു സന്തോഷം തോന്നി-ഗീതയില്‍ എന്തുണ്ടെന്നു മനസ്സിലാക്കാന്‍ താത്‌പര്യമുണ്ടല്ലോ എന്നോര്‍ത്തു്. പക്ഷേ അദ്ദേഹം പറഞ്ഞതു് “ഇതില്‍ മുഴുവന്‍ അസംബന്ധമാണു് എന്നെനിക്കറിയാം. അതിനെപ്പറ്റി ഒരു ലേഖനം എഴുതണം. അതിനു വാങ്ങിയതാണു്” എന്നാണു്. “അസംബന്ധമാണു് എന്നെങ്ങനെ അറിയാം?” എന്നു ഞാന്‍. “അതു വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ടു്” എന്നു് അദ്ദേഹം. “അപ്പോള്‍ വിവരമുള്ളവര്‍ എന്നു് അവര്‍ വിശ്വസിക്കുന്നവരൊക്കെ പറഞ്ഞതു ശരിയെന്നു വിശ്വസിക്കുന്ന അന്ധവിശ്വാസികളും നിങ്ങളും തമ്മില്‍ എന്തു വ്യത്യാസം?” എന്നു ഞാന്‍. അതിനു് അദ്ദേഹത്തിനു മറുപടിയുണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, “സുഹൃത്തേ, മുന്‍‌വിധിയൊക്കെ മാറ്റി വെച്ചിട്ടു് ഗീത വായിക്കൂ. അതില്‍ അസംബന്ധമല്ലാത്ത പലതും കണ്ടേക്കാം. അസംബന്ധവും കണ്ടേക്കാം. ഒരു ജ്ഞാനവും പൂര്‍ണ്ണമായും ശരിയും പൂര്‍ണ്ണമായും തെറ്റും അല്ല എന്നല്ലേ ആധുനികശാസ്ത്രവും പറയുന്നതു്?”

അദ്ദേഹം ഗീത അങ്ങനെ വായിച്ചോ എന്നറിയില്ല. പക്ഷേ, ഇങ്ങനെയാണു പല യുക്തിവാദികളും സംസ്കൃതത്തെയും പ്രാചീനഗ്രന്ഥങ്ങളെയും വിമര്‍ശിക്കുന്നതു് എന്നു പറയേണ്ടിയിരിക്കുന്നു. സംസ്കൃതത്തിലുള്ള വിജ്ഞാനം ശാസ്ത്രമല്ല, വെറും ‘ഡൊക്യുമെന്റേഷന്‍’ മാത്രമാണു് എന്നു് ഒരിടത്തു കണ്ടു. അതു ചവച്ചു തുപ്പിക്കളയേണ്ട ച്യൂയിംഗമാണു് എന്നു വേറേ ഒരിടത്തും. ടോയിലറ്റ് പേപ്പര്‍ തുടങ്ങി മറ്റു് ഉപമകളും കണ്ടിട്ടുണ്ടു്. ഇവയൊക്കെ പറയുന്നവരേക്കാള്‍ വലിയ അന്ധവിശ്വാസികള്‍ വേറെയില്ല. അവര്‍ ശാസ്ത്രം, കമ്യൂണിസം തുടങ്ങി പലതിലും അന്ധമായി വിശ്വസിക്കുന്നു. ഡാര്‍‌വിനോ മാര്‍ക്സോ പറഞ്ഞതില്‍ തെറ്റുണ്ടെന്നു പറഞ്ഞാല്‍ അവരുടെ വിധം മാറും. സായിബാബയെയും അമൃതാനന്ദമയിയെയും മറ്റും പരസ്യമായി പച്ചത്തെറി പറയുന്നവര്‍ ഇ. എം. എസ്.-നെയോ ഇടമറുകിനെയോ വിമര്‍ശിച്ചാല്‍ രോഷാകുലരാകും. ഇതിനെ “യുക്തിവാദം” എന്നു വിളിക്കാമോ?


ശാസ്ത്രത്തെയും യുക്തിവാദത്തെയും അവഹേളിക്കാനല്ല ഇതെഴുതിയതു്. യുക്തിവാദികളെന്നും ശാസ്ത്രവാദികളെന്നും സ്വയം വിശേഷിപ്പിക്കുന്ന പലര്‍ക്കും യുക്തിചിന്ത ഇല്ല എന്നു പറയാന്‍ മാത്രമാണു്. മതമായാലും പ്രത്യയശാസ്ത്രമായാലും ശാസ്ത്രമായാലും എഴുതപ്പെട്ടിരിക്കുന്നതു തെറ്റില്ല എന്ന കടും‌പിടുത്തത്തില്‍ മറ്റുള്ളവയ്ക്കു നേരേ കണ്ണടയ്ക്കുന്ന എല്ലാവരും അന്ധവിശ്വാസികളാണു്. യുക്തിപൂര്‍വ്വം ചിന്തിക്കുന്നവന്‍ കണ്ണു തുറന്നു പിടിക്കണം. എതിര്‍‌സിദ്ധാന്തങ്ങളെ മുന്‍‌വിധിയില്ലാതെ വിശകലനം ചെയ്യാനുള്ള മനസ്സു വേണം. അതില്ലാത്തവരെല്ലാം അന്ധവിശ്വാസികളാണു്.

ഇങ്ങനെയുള്ള എല്ലാ അന്ധവിശ്വാസികളേയും എതിര്‍ക്കാനും ഞാന്‍ ഈ ബ്ലോഗ് ഉപയോഗിക്കുന്നു.

കൂട്ടത്തില്‍ പറയട്ടേ, ഞാന്‍ വിശ്വാസത്തിനു് എതിരല്ല. വിശ്വാസം മനുഷ്യന്റെ ഒരു സ്വഭാവമാണു്. ഭര്‍ത്താവും ഭാര്യയും പരസ്പരം വിശ്വസിക്കുന്നതാണു ദാമ്പത്യത്തിന്റെ അടിത്തറ. മറ്റേയാള്‍ വിശ്വസ്തന്‍/വിശ്വസ്തയാണെന്നതിനു തെളിവൊന്നുമില്ല. വിശ്വസ്തതയുടെയോ അവിശ്വസ്തതയുടെയോ തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവല്ലല്ലോ. മറിച്ചും. ലോകത്തിലെ സ്റ്റാറ്റിസ്റ്റിക്സ് എടുത്താല്‍ നല്ല ഒരു ശതമാനം വിശ്വസ്തത കാണിക്കാത്തവരാണു്. ഒരു ഭൌതികനിയമം ഉപയോഗിച്ചും വിശ്വസ്തതയെ തെളിയിക്കാനാവില്ല. ഇതൊക്കെയായിട്ടും നാം പരസ്പരം വിശ്വസിക്കുന്നില്ലേ? ഈ പറഞ്ഞതൊക്കെയല്ലേ നാം എല്ലാ വിശ്വാസങ്ങള്‍ക്കും എതിരേ പറയുന്ന ന്യായങ്ങള്‍?

വിശ്വാസങ്ങള്‍ അന്ധവും അപകടകരവുമാകുന്നതു് അവ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴും അവ തെളിയിക്കാന്‍ മറ്റു ശാസ്ത്രങ്ങളെ വൃഥാ കൂട്ടുപിിക്കുമ്പോഴുമാണു്. ഭാരതത്തിനും ലങ്കയ്ക്കും ഇടയില്‍ ഇപ്പോഴും ഒരു ചിറയുണ്ടെന്നും ജോഷ്വായുടെ കാലത്തു് ഒരു ദിവസം നിന്നു പോയി എന്നും വിശ്വസിക്കാം. പക്ഷേ അതു തെളിയിക്കാന്‍ നാസയുടെ ഉപഗ്രഹങ്ങളെയും കമ്പ്യൂട്ടറുകളെയും ചേര്‍ത്തു കള്ളക്കഥകള്‍ ഉണ്ടാക്കരുതു്.


പ്രാചീനഭാരതീയഗ്രന്ഥങ്ങളില്‍ വളരെയധികം ശാ‍സ്ത്രതത്ത്വങ്ങള്‍ അടങ്ങിയിട്ടുണ്ടു്. അന്നത്തെ കാലത്തെ ഏറ്റവും മികച്ച വിജ്ഞാനമായിരുന്നു അവ എന്നു മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രം മറ്റു പലരും കണ്ടുപിടിച്ച പലതും അവയില്‍ അടങ്ങിയിട്ടുണ്ടു്. അതു് അംഗീകരിക്കാത്തവന്‍ യുക്തിവാദിയല്ല. ഇങ്ങനെ സംഭവിച്ചതു് ഭാരതത്തിന്റെ ദിവ്യത്വം കൊണ്ടല്ല, ഈ വിജ്ഞാനം പുറം‌ലോകം അറിയാഞ്ഞതുകൊണ്ടു് മറ്റുള്ളവര്‍ അവയെ വീണ്ടും കണ്ടുപിടിക്കാന്‍ നൂ‍റ്റാണ്ടുകള്‍ എടുത്തു എന്നേ ഉള്ളൂ. ഭാരതത്തില്‍ മാത്രമല്ല, ചൈന, ബാബിലോണിയ, ഈജിപ്ത് തുടങ്ങിയ പല സ്ഥലങ്ങളിലും ഇങ്ങനെ സമകാലികലോകവിജ്ഞാനത്തെ കവച്ചുവെയ്ക്കുന്ന വിജ്ഞാനങ്ങള്‍ ഉണ്ടായിട്ടുണ്ടു്. (ഗ്രീക്ക്/റോമന്‍, അറബികള്‍ എന്നിവരുടെ വിജ്ഞാനം മാത്രം ഏതാണ്ടു പൂര്‍ണ്ണരൂപത്തില്‍ത്തന്നെ ലോകം അതാതു കാലത്തില്‍ത്തന്നെ അറിഞ്ഞിരുന്നു.)

ഇവയെ ഋഷിപ്രോ‍ക്തം, അന്യൂനം എന്നൊക്കെ മുദ്രകുത്തി ഉള്ളതില്‍ക്കൂടുതല്‍ മഹത്ത്വം ആരോപിക്കുമ്പോഴാണു് പ്രശ്നം ഉണ്ടാകുന്നതു്. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു് അതിന്റെ വൈകല്യങ്ങള്‍ കാണാന്‍ കഴിയില്ല. ഭൂമിയുടെ താഴെ പാതാളമുണ്ടെന്നും പരന്ന ഭൂമിയെ എട്ടു് ആനകള്‍ താങ്ങിനിര്‍ത്തുന്നു എന്നും മറ്റും അവര്‍ക്കു വിശ്വസിച്ചേ പറ്റൂ. കവികളുടെ ഭാവനാസൃഷ്ടികളായ വിമാനത്തെയും പറക്കും പരവതാനിയെയും ക്ലോണിംഗിനെയും ടെസ്റ്റ് ട്യൂബ് ശിശുക്കളെയും കൂടു വിട്ടു കൂടു മാറ്റത്തെയുമൊക്കെ അന്നത്തെ ശാസ്ത്രത്തിന്റെ നേട്ടങ്ങളായി കരുതേണ്ടി വരും. ജ്യോതിഷത്തെയും മറ്റും പരീക്ഷിച്ചു നോക്കാതെ വിശ്വസിക്കേണ്ടി വരും.

അദ്വൈതവും ക്വാണ്ടം മെക്കാനിക്സും തമ്മില്‍ ചില സാദൃശ്യങ്ങളുണ്ടെന്നു് ആരെങ്കിലും പറഞ്ഞാല്‍ “ഞാന്‍ അപ്പഴേ പറഞ്ഞില്ലേ, അദ്വൈതത്തിലില്ലാത്ത ലോകതത്ത്വമില്ല” എന്നു് ഒരു കൂട്ടര്‍, “ഇതു പൊട്ടത്തെറ്റാകാനേ വഴിയുള്ളൂ, ഇതൊക്കെ സംഘപരിവാറിന്റെ കളികളാണു്” എന്നു മറ്റൊരു കൂട്ടര്‍. അന്ധവിശ്വാസത്തെപ്പറ്റിയുള്ള ഒരു പ്രസിദ്ധമായ ഉദ്ധരണി നോക്കുക: The greatest damage done by superstition is, it deflects attention from the primary cause, and leads to a defeatist attitude of helpless acceptance. രണ്ടു കൂട്ടരും അപ്പോള്‍ അന്ധവിശ്വാസികളല്ലേ?

ഇവര്‍ രണ്ടു കൂട്ടരും ഒരു പോലെ അജ്ഞാനികളാണു്. ഭഗവദ്‌ഗീതയില്‍ പറയുന്നതു പോലെ “ഉഭൌ തൌ ന വീജാനീതോ”-രണ്ടു കൂട്ടരും അറിയുന്നില്ല. സത്യത്തെ സ്വര്‍ണ്ണപ്പാത്രത്തിന്റെ കീഴില്‍ത്തന്നെ നിലനിര്‍ത്താനാണു രണ്ടു കൂട്ടരും നോക്കുന്നതു്.

എന്റെ ഒരു ബ്ലോഗര്‍ സുഹൃത്തു് ഒരിക്കല്‍ പറഞ്ഞു, “എനിക്കു് ഈ സംസ്കൃതം പറയുന്നവരെയൊക്കെ പുച്ഛമായിരുന്നു. അതുകൊണ്ടു് ഉമേഷിന്റെ പോസ്റ്റൊന്നും വായിക്കാറില്ലായിരുന്നു. പിന്നീടാണറിഞ്ഞതു് അവയില്‍ കഴമ്പുണ്ടെന്നു്”. മറ്റൊരാള്‍ ഇങ്ങനെ ഒരു കമന്റിട്ടു: “സംസ്കൃതം പഠിച്ചാല്‍ ഇതുപോലെ അല്പന്മാരുമായിപ്പോകുമെന്നൊരു തെറ്റിദ്ധാരണ വച്ചു പുലര്‍ത്തിയിരുന്നു…”. ഇതും മറ്റൊരു തരത്തിലുള്ള അന്ധവിശ്വാസം. അതു മാറ്റാന്‍ എന്റെ പോസ്റ്റുകള്‍ കാരണമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ജ്യോതിഷം, പഞ്ചാംഗഗണനം തുടങ്ങിയവയില്‍ താത്‌പര്യം കാണിക്കുന്നതുകൊണ്ടു് ഞാന്‍ ഒരു ജ്യോതിഷവിശ്വാസിയാണെന്നു് പലരും തെറ്റിദ്ധരിക്കുന്നുണ്ടു്. (എന്റെ കല്യാണത്തിന്റെ ആലോചനയുമായി പെണ്‍‌വീട്ടില്‍ പോയ ഇടനിലക്കാരന്‍ പറഞ്ഞതു് “പയ്യന്‍ ഒരു അസ്ട്രോളജറാണു്” എന്നായിരുന്നു. നെറ്റിയില്‍ മൂന്നു ഭസ്മക്കുറികളും എന്തിനും ശകുനംനോക്കലും ഒക്കെയായി നടക്കുന്ന ഒരുവനെ പ്രതീക്ഷിച്ച പെണ്‍‌വീട്ടുകര്‍ക്കു കമ്പ്ലീറ്റു തെറ്റി!) പ്രാചീനകാലത്തു ശാസ്ത്രമായി ഗണിച്ചിരുന്ന അതിന്റെ പിന്നിലുള്ള ഗണിതവും ജ്യോതിശ്ശാസ്ത്രവും രസകരമാണു്‌. നമ്മുടെ കലണ്ടറുമായും അതു വളരെ ബന്ധപ്പെട്ടു കിടക്കുന്നു. ജ്യോതിഷത്തില്‍ അവിശ്വാസിയാകാന്‍ ജ്യോതിഷം എന്നു കേള്‍ക്കുമ്പോഴേ കാര്‍ക്കിച്ചു തുപ്പി പുച്ഛിച്ചു തള്ളണം എന്നു ഞാന്‍ കരുതുന്നില്ല.

“പഴഞ്ചന്‍ വിശ്വാസി” എന്നു യുക്തിവാദികളും “താന്തോന്നിയായ അവിശ്വാസി” എന്നു വിശ്വാസികളും മുദ്രകുത്തിയ ഒരാളാണു ഞാന്‍. എനിക്കതില്‍ അഭിമാനമേ ഉള്ളൂ. വിഗ്രഹഭഞ്ജനമല്ല, വിജ്ഞാനസമ്പാദനമാണു് എന്റെ ലക്ഷ്യം. നേരായ വഴി (എന്നു് എനിക്കു തോന്നുന്നതു്) മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുക എന്നൊരു ലക്ഷ്യവും അതോടൊപ്പമുണ്ടു്‌. ഈ ബ്ലോഗ് തുടങ്ങാനുള്ള കാരണവും അതു തന്നെ.

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.