സമസ്യ:
– – – – – – – – – – –
– – – – – – – – – – –
– – – – – – – – – – –
– – – എനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?
വൃത്തം:
വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – -).
ഈ സമസ്യയുടെ കര്‍ത്താവു് ഞാന്‍ തന്നെ. എണ്‍പതുകളില്‍ കോഴിക്കോടു് ആര്. ഇ. സി.-യില്‍ പഠിച്ചിരുന്ന കാലത്തു നടത്തിയിരുന്ന “മന്ഥര” എന്ന ഹാസ്യ-കയ്യെഴുത്തുമാസികയില്‍ പ്രസിദ്ധീകരിച്ചതു്. സമസ്യയും പലരുടെ പേരില്‍ എഴുതിച്ചേര്‍ത്ത പൂരണങ്ങളും ഞാന്‍ തന്നെ എഴുതിയതായിരുന്നു.
ഈ പൂരണങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞാലേ മനസ്സിലാവൂ. അതിനാല്‍ അതും താഴെച്ചേര്‍ക്കുന്നു.
- ഞങ്ങള്‍ ഏഴാം സെമസ്റ്ററില്‍ (അവസാനവര്‍ഷം) പഠിക്കുമ്പോള്‍ ഞങ്ങളെ ഇലക്ട്രോണിക്സ് പഠിപ്പിക്കാന്‍ വന്നതു് അവിടെത്തന്നെ എം. ടെക്കിനു പഠിക്കുന്ന ഒരു ചേച്ചിയായിരുന്നു. (അന്നു് അങ്ങനെ പി.ജി.-യ്ക്കു പഠിക്കുന്നവര്‍ക്കു ചില ചെറിയ ക്ലാസ്സുകള്‍ എടുക്കാന്‍ അവസരം കൊടുക്കുമായിരുന്നു.) ഈ ചേച്ചി ഞങ്ങളുടെ ക്ലാസ്സിലുള്ള പെണ്‍കുട്ടികളുടെ സുഹൃത്തും അതിലൊരാളുടെ റൂംമേറ്റും ആയിരുന്നു. കൂടാതെ അവര്‍ പ്രോജക്റ്റു ചെയ്യാന്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ വന്നു “മെഴുക്കസ്യാ” എന്നിരിക്കുമ്പോള്‍ ഞാനുള്‍പ്പെടെ പലരും പ്രോഗ്രാം എഴുതാനും കമ്പൈല്‍ ചെയ്യാനും മറ്റും സഹായിച്ചിരുന്നു. ചുരുക്കം പറഞ്ഞാല്‍, ആര്‍ക്കും അവരെ ഒരു വിലയും ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. അതിനാല്‍ ക്ലാസ്സില്‍ ആകെ ബഹളമായിരുന്നു. ടീച്ചര്‍ ക്ലാസ്സില്‍ കാതോഡിനെയും ആനോഡിനെയും പറ്റി പഠിപ്പിക്കും; കുട്ടികള്‍ പുറകിലത്തെ ബെഞ്ചിലിരുന്നു് “കാതോടു കാതോരം…” എന്ന പാട്ടു പാടും.
കുറെക്കഴിഞ്ഞപ്പോള്‍ ടീച്ചര്‍ക്കു മതിയായി. ഡിപ്പാര്‍ട്ട്മെന്റ് തലവനോടു പരാതി പറയുക, ക്ലാസ്സില്‍ ദേഷ്യപ്പെടുക, കരച്ചില് വരുക അങ്ങനെ ആകെ ബഹളമായി. ഇതിന്റെ ഇടയില്‍ പെട്ടു് ചെയ്തുകൊണ്ടിരുന്ന തീസിസ് മുമ്പോട്ടു പോകുന്നില്ല എന്ന ടെന്‍ഷനും. കുറെക്കഴിഞ്ഞു് അവര്‍ ഞങ്ങളെ പഠിപ്പിക്കുന്നതു നിര്‍ത്തി.
ഈ ടീച്ചര്‍ എഴുതുന്നതായാണു് ഈ പൂരണം:
ധാരാളമേറ്റു പരിഹാസ, മതാണു നേട്ടം!
വാരാശി പോലൊരു തിസീസു കിടപ്പു മുന്നില്‍,
തീരാത്ത വേദന ചെവി, ക്കൊരു ടീച്ചറായി-
ച്ചേരാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
- ഒരു പഞ്ചപാവമായ ഒരുത്തനുണ്ടായിരുന്നു. പഠിക്കാന്‍ തരക്കേടില്ല. രാഷ്ട്രീയമില്ല. യാതൊരു വിധ അലമ്പിനുമില്ല. സുന്ദരന്‍. സുശീലന്.
ആയിടയ്ക്കു് “ആന്റി-പൊളിറ്റിക്സ്” എന്നൊരു പാര്‍ട്ടി തുടങ്ങി. രാഷ്ട്രീയമില്ലാത്തവരുടെ പാര്‍ട്ടി എന്നര്‍ത്ഥം. അവര്‍ ഇവനെപ്പിടിച്ചു് തെരഞ്ഞെടുപ്പിനു നിര്‍ത്തി. എട്ടുനിലയില്‍ പൊട്ടി. കാശു കുറേ പോയി. ജയിച്ച എസ്. എഫ്. ഐ.-ക്കാര് ഇവന്മാരെ എടുത്തു തല്ലി. ഇവന്മാരും തല്ലി. കേസായി, എന്‍ക്വയറിയായി, സസ്പെന്‍ഷനായി, വീട്ടില്‍ നിന്നു് അച്ഛനെ വിളിച്ചുകൊണ്ടു വരലായി. ഇതിലൊക്കെ ഈ പാവവും ഉള്‍പ്പെട്ടു.
ഇവന് എഴുതുന്നതായാണു് ഈ പൂരണം:
തത്ക്കാലമുള്ള പണമൊക്കെ നശിച്ചു; തല്ലു,
വക്കാണ, മെന്‍ക്വയറി, കേസ്സുകള്‍, മാനനഷ്ടം,
ദുഷ്കാലവൈഭവ-മിലക്‍ഷനു കേറിയൊന്നു
നില്‍ക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
- ഞങ്ങള്‍ ഒരു സ്റ്റഡീലീവ് കാലത്തു കാര്യമായി ഒന്നും ചെയ്യാനില്ലാതെ കോളേജില്‍ തേരാപ്പാരാ നടക്കുന്നു. അപ്പോഴാണു് ഒരു കൂട്ടുകാരന്റെ ചേട്ടന്റെ കല്യാണം വന്നതു്. അടുത്തു തന്നെയുള്ള തിരുവമ്പാടിയിലാണു കല്യാണം. എല്ലാവരും പോയി. ആര്‍ക്കും വാഹനമില്ലെങ്കിലും എങ്ങനെയെങ്കിലും പോയി. ബസ്സ്, കാര്‍, ജീപ്പ്, ബൈക്ക് എന്നിങ്ങനെ പല വിധത്തിലും. (ഞാന്‍ ബസ്സിലാണു പോയതു്.) കല്യാണം അടിച്ചുപൊളിച്ചു. ഭക്ഷണത്തിനു് ഒരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല. “മാഷേ, എന്തൊരു പിശുക്കാ ഇതു്, ഒരു രണ്ടു മൂന്നു ചിക്കന്‍ കഷണം കൂടി തന്നേ. ദാ ഇവനു് ഒരു രണ്ടു പഴവും…” എന്നിങ്ങനെ പറഞ്ഞു് വിശദമായി, പല തവണ ഏമ്പക്കം വിട്ടു്, വിയര്‍ത്തു് അദ്ധ്വാനം ചെയ്തു് ഭക്ഷിച്ചു. ബാക്കി എല്ലാവരും കൂടി തിന്നതിനേക്കാള്‍ കൂടുതല്‍ ആറീസിയില്‍ നിന്നു വന്ന പിള്ളേര് തിന്നു എന്നാണു പിന്നീടു കേട്ടതു്.
അന്നു കല്യാണം കഴിച്ച ആള് എഴുതുന്നതായാണു് ഈ പൂരണം:
മുട്ടാളരെത്ര ശകടങ്ങളിലായി വന്നു
മൃഷ്ടാന്നഭോജനമടിച്ചു തിരിച്ചു പോയി!
കുട്ടന്റെ കോഴ്സു കഴിയുന്നതു മുമ്പു പെണ്ണു
കെട്ടാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
- ക്ലെപ്റ്റോമാനിയ ചെറിയ തോതിലുണ്ടായിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു ഞങ്ങള്‍ക്കു്. പോകുന്നിടത്തെല്ലാം എന്തെങ്കിലും അടിച്ചുമാറ്റും. സ്റ്റഡി ടൂറിനു പോകുമ്പോഴാണു് ഇതു് അധികം. വഴിയിലുള്ള കടകളില്‍ നിന്നും മറ്റും വിദഗ്ദ്ധമായി സാധനങ്ങള്‍ അടിച്ചുമാറ്റും.
(അതു താമസിയാതെ മറ്റാരെങ്കിലും അവന്റെ കയ്യില്‍ നിന്നു് അടിച്ചുമാറ്റും. അതിനവനു സങ്കടമില്ല. സാധനങ്ങള്‍ക്കായല്ല, അതു് അടിച്ചുമാറ്റുന്ന ത്രില്ലിനായിരുന്നു അവനതു ചെയ്തിരുന്നതു്.)
ഒരിക്കല്‍ ആളുകള്‍ പറഞ്ഞു പിരി കയറ്റി ഒരു ബെറ്റു വെച്ചു് അവന് ഒരു സാഹസത്തിനു മുതിര്‍ന്നു.
അടുത്തുള്ള ഫോട്ടോ സ്റ്റുഡിയോയുടെ മേശപ്പുറത്തുള്ള ചില്ലിനു കീഴില്‍ ധാരാളം ഫോട്ടോകളുണ്ടായിരുന്നു. അതിന്റെ കൃത്യം നടുക്കായി ഞങ്ങളുടെയൊക്കെ ഒരു സ്വപ്നസുന്ദരിയുടെ ഫോട്ടോ സ്ഥിതി ചെയ്തിരുന്നു. സ്വപ്നസുന്ദരി എന്നു പറഞ്ഞാല്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ജാതി പെണ്ണു് എന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. കൊളേജിനടുത്തുള്ള ഒരു വീട്ടില്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന സുന്ദരി. അവളുടെ ആരോ ആണു് ഈ സ്റ്റുഡിയോ നടത്തുന്നതു്.
എന്തും എവിടെനിന്നും അടിച്ചുമാറ്റും എന്നു വീമ്പിളക്കിയ നമ്മുടെ കഥാനായകനെ ഒരു ബെറ്റിന്റെ പുറത്തു് ഞങ്ങള്‍ സ്റ്റുഡിയോയിലേക്കു വിട്ടു. ഈ ഫോട്ടോ പൊക്കണം. അതാണു മിഷന് ഇമ്പോസ്സിബിള്‍.
അവനതു ചെയ്തു. സ്റ്റുഡിയോ ഉടമ തൊണ്ടിയോടെ പിടികൂടി. തല്ലു കിട്ടിയില്ലെങ്കിലും അതിനടുത്തു പലതും കിട്ടി. നാട്ടുകാര്‍ മൊത്തം അറിഞ്ഞു. (അറിയാത്തവരെ ഞാന്‍ ഈ സമസ്യാപൂരണം വഴി അറിയിച്ചു.) അങ്ങനെ ഒരു ദിവസം കൊണ്ടു് അദ്ദേഹം കോളേജിലാകെ പ്രശസ്തനായി.
ഇദ്ദേഹം എഴുതുന്നതായാണു് ഈ പൂരണം:
കക്കാനെനിക്കു വലുതായ പടുത്വമുണ്ടെ-
ന്നിക്കാലമേവരുമുരയ്പതു കേള്‍ക്കയാലേ
മുക്കാല്‍ പണത്തിനൊരു പന്തയമായി ഫോട്ടോ
പൊക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
നിങ്ങളുടെ പൂരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. ഞാന്‍ ചെയ്തതുപോലെ വേണമെങ്കില്‍ വേറേ ആരെങ്കിലും എഴുതുന്നതായും എഴുതാം. വ്യക്തിഹത്യ പാടില്ല.
ഇതിന്റെ വൃത്തം വസന്തതിലകം. വളരെ എളുപ്പം എഴുതാവുന്ന ഒരു വൃത്തമാണു്. ഇതിനെപ്പറ്റി വിശദമായി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ടു്. വൃത്തം തെറ്റാതെ എഴുതുക. തെറ്റിയാല്‍ മറ്റാരെങ്കിലും ദയവായി ശരിയാക്കിക്കൊടുക്കുക. നല്ല പൂരണങ്ങള്‍ ഇവിടെ എടുത്തു പ്രസിദ്ധീകരിക്കും. ചീത്ത പൂരണങ്ങള്‍ ഉള്ള കമന്റുകള്‍ ഡിലീറ്റ് ചെയ്യും.
ഗുരുകുലത്തിലെ മൂന്നാമത്തെ സമസ്യാപൂരണത്തിലേക്കു് എല്ലാവര്ക്കും സ്വാഗതം. മുമ്പു നടന്ന സമസ്യാപൂരണങ്ങള്‍ ഇവിടെ വായിക്കാം.
Umesh::ഉമേഷ് | 30-Jan-07 at 3:55 am | Permalink
ഗുരുകുലത്തിലെ മൂന്നാമത്തെ സമസ്യ: “- – എനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?”. വൃത്തം വസന്തതിലകം.
കൂടാതെ, രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പു് കോഴിക്കോടു ആര്. ഇ. സി.യില്‍ പഠിച്ചിരുന്ന കാലത്തെ കുറേ സ്മരണകളും.
ആദ്യത്തെ പൂരണങ്ങള്‍ അയച്ചു ഇതു് ഉദ്ഘാടനം ചെയ്യാന്‍ കാളിയമ്പിയെയും ശ്രീജിത്തിനെയും ക്ഷണിക്കുന്നു.
(പൂരണമില്ലാതെ തേങ്ങയുമായി വരുന്നവരെ ആ തേങ്ങ കൊണ്ടു തന്നെ എറിഞ്ഞോടിക്കുന്നതായിരിക്കും. എനിക്കു നല്ല ഉന്നമാ. സ്വപ്നത്തില്‍ കണ്ണൂസിന്റെ തലയ്ക്കിട്ടെറിഞ്ഞതു് ആരാണെന്നാ വിചാരം?)
bahuvreehi | 30-Jan-07 at 4:32 am | Permalink
Ethonnumilla vishayanngaLathaaNu pRaSnam,
daaridryamaaNenekilathu vERe kashtam
enkilumumesante samasyakanT
pOstaanenikku kothi thOnniyathenthukonTo?
umEsh maashe , vr^ttham SariyaaNonnariyillya,
ennalum “samasyaapooraNamoham” sahikkan vayyathe postiyathaan~ ,
chollaam vasantha thilakam thabhajam jagamgam. athre Ormmayullu,
gaNam thirikkalokke maRannu.
oru samSayam :
coincidence ennathinte malayalam tharjjama unTo?
കണ്ണൂസ് | 30-Jan-07 at 5:22 am | Permalink
തന്നു, തേങ്ങക്കുമേഷിന്നെന്റെ തലയിലേറ്
വന്നു, കുളിച്ചാലും പോകാത്ത മാനഹാനി
മിണ്ടാതിരുന്നേക്കാമായിരുന്നു ശംഭോ, കവി-
യാവാനെനിക്ക് കൊതി തോന്നിയതെന്തുകൊണ്ടോ?
അങ്ങിനെയിപ്പോ കാളിയംബിയുടേയും ജിത്തിന്റേയും കവിത എളുപ്പത്തില്‍ തിരുത്തി സുഖിക്കണ്ട മാഷേ. ഇത് വൃത്തത്തിലാക്കാന്‍ അല്‍പ്പം പണിപ്പെട്.
ബഹുവേ, coincidence-ന് ആകസ്മികത, യാദൃശ്ചികത ഒന്നും ചേരുന്നില്ലെങ്കില്‍ ജഞ്ജലിപ്പ് എന്ന് തര്‍ജ്ജമ ചെയ്യാം. 🙂
അരവിന്ദന് | 30-Jan-07 at 6:31 am | Permalink
ഉമേഷ്ജി, ഞാന്‍ എന്റെ രക്തത്തില്‍ ചാലിച്ചെഴുതിയ വരികള്‍.
“ഉണ്ടെനിക്കോഫീസില് പണിയേറെ നിത്യം
പോരാഞ്ഞു ഭാര്യക്കിതാദ്യ ഗര്‍ഭം
ഇല്ല സമയമൊന്നിനും, എന്നിട്ടുമിതിനിടെയെനിക്കു
പഠിക്കാന്‍ കൊതി തോന്നിയതെന്തുകൊണ്ടോ!
(എന്റെ കര്‍ത്താവേ ശരിക്കും…ഏത് കഷ്ടകാലത്താണാവോ അങ്ങനെ തോന്നീത്!)
magnifier | 30-Jan-07 at 6:45 am | Permalink
ആദ്യം കമന്റായൊരു തേങ്ങ, പിന്നെ-
യജ്ഞാതനാമത്തെറിയൊടു പൂര,മൊപ്പം
കൂട്ടം പിടിക്കാന്‍ ബഹു ബൂലോഗരയ്യോ
പോസ്റ്റാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ!
കണ്ണൂസ് | 30-Jan-07 at 6:47 am | Permalink
വിന്ദേ, അഭിനന്ദനങ്ങള്‍!!
ഞാന്‍ മുഖം നോക്കി ലക്ഷണം പറഞ്ഞത് ഓര്‍മ്മയുണ്ടോ? ( ആ പോസ്റ്റെവിടെ, കാണുന്നില്ലല്ലോ?). മുഖ ലക്ഷണം പറച്ചിലൊക്കെ തട്ടിപ്പാണെന്ന് പറഞ്ഞു നടക്കുന്ന ഉമേഷിന്റെ പോസ്റ്റില്‍ തന്നെ എനിക്കത് തെളിയിക്കാനൊത്തല്ലോ. 🙂
(എന്നെക്കണ്ടാല്‍ ഒരു ‘പ്രതിലോമകാരി’യുടെ ഛായ ഉണ്ടോ?)
സിദ്ധാര്ത്ഥന് | 30-Jan-07 at 6:58 am | Permalink
പൂരണത്തിന്റെ ട്രെന്ഡൊന്നു മാറ്റി നോക്കട്ടെ.
എന്റെ വഹ:
ആടിത്തിമര്ക്കുമൊരുചേല വലം കരത്താല്‍
മാടിപ്പിടിച്ചുതിരുകിക്കണിയേയടച്ചും
ഊറിച്ചിരിച്ചുതരുണീമണി പോകെ കാറ്റായ്
മാറാനെനിക്കു കൊതിതോന്നിയതെന്തുകൊണ്ടോ?
ആകസ്മികയോഗം -ന്നായാലോ ബഹു. ബഹു?
അരവിന്ദന് | 30-Jan-07 at 7:05 am | Permalink
കണ്ണൂസ്ജി, താന്ക്സ് 🙂
ഉമേഷ് ജീ OMANA (ഓഫിന് മാപ്പ് നല്‍കൂ ന്ന്!)
കണ്ണൂസ് | 30-Jan-07 at 7:25 am | Permalink
അതു കലക്കി, സിദ്ധു. മൂന്നാം വരിയിലെന്തോ പ്രശ്നം. (എന്റെ രണ്ടാമത്തെ വരിയിലേ എനിക്ക് കാണുന്നുള്ളൂ. ഉമേഷ് വന്നാല്‍ നാലു വരിയിലും കാണിച്ചു തരും 🙂
ഉമേഷ് ഓഫ് മൊത്തത്തില്‍ എടുത്തു കളയുമെന്ന വിശ്വാസത്തില്‍ ഒരു ഓമന കൂടി.
ആര്.ഇ.സി.യില്‍ മെക്കാനിക്കലില്‍ ഉണ്ടായിരുന്ന ഒരു പ്രൊഫ: വിജയകുമാറിനെ അറിയുമോ ഉമേഷേ? പാലക്കാട് നിന്ന് വന്നതാണ്. അവിടെ ആയിരുന്നപ്പോള്‍ ഉണ്ടവി എന്നായിരുന്നു വിളിപ്പേര്. ആര്.ഇ.സി.ക്കാര് പുനര്‍നാമകരണം ചെയ്തോ എന്നറിയില്ല. (മച്ചുനനാക്കും)
ബിക്കു | 30-Jan-07 at 8:02 am | Permalink
ഉമേഷേട്ടാ, ആദ്യത്തെ പാരഗ്രാഫില്‍ ഒരു കുഞ്ഞ്യേ തെറ്റുണ്ടല്ലോ. ഇവിടെ അലാറം അടിച്ചിരുന്നു. 😉
qw_er_ty
സിദ്ധാര്ത്ഥന് | 30-Jan-07 at 8:14 am | Permalink
കണ്ണൂസിനേം ബഹുമച്ചാനേം ഞാന്‍ ഗുരുക്കള്‍ക്കു വിട്ടു.
അരവിന്ദനെ ഒന്നു ശ്രമിക്കാമെന്നു വച്ചു. ഇതിലുള്ളതു ഗുരുക്കളു തിരുത്തട്ടെ.
ആപ്പീസിലേറെപണിയുണ്ടതുമല്ലയെന്റെ
ഭാര്യക്കു ഗര്‍ഭ,മതുമാദ്യ,മതിന്റെ പ്രശ്നം
നേരത്തിലില്ലയൊരു തുണ്ടുമികോഴ്സിലേക്കായ്
ചേരാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?
ഹാവൂ!
കഷ്ടപ്പാടു് എന്നു പറഞ്ഞാലിതാണു്. ഉമേഷ്മാഷെ നമിച്ചു.
അരവിന്ദാ കങ്കാരു റിലേഷന്‍!
മൂന്നാമത്തെ വരിയില്‍ പിശകൊന്നും ഞാന്‍ കണ്ടില്ലല്ലോ കണ്ണൂസെ. ഉമേഷുവരേണ്ടിവരും കൃത്യമായറിയണമെങ്കില്!
ഉമേഷേ പ്രീഡിഗ്രികാലത്തു് ഞങ്ങളും ഉണ്ടാക്കിയിരുന്നു ഇങ്ങനെ ഒരു പാര്‍ട്ടി. പി ഐ പി ( പാര്‍ട്ടി ഇല്ലാ പാര്‍ട്ടി) എന്നായിരുന്നു പേരു്. പാര്‍ട്ടികള്‍ ഉണ്ടാവുന്നതിനും മുന്‍പുണ്ടായിരുന്ന പാര്‍ട്ടി എന്നായിരുന്നു മുദ്രാവാക്യം. ഇലക്ഷനു മുന്‍പേ വലിഞ്ഞതിനാല്‍ തല്ലു കൊണ്ടില്ല 😉
അരവിന്ദന് | 30-Jan-07 at 8:19 am | Permalink
“നേരത്തിലില്ലയൊരു തുണ്ടുമികോഴ്സിലേക്കായ്”
തുണ്ട് എന്നുദ്ദേശിച്ചത് ഞാന്‍ സാധാരണ കോപ്പിയടിക്കാന്‍ കൊണ്ടുപോകുന്ന കടലാസ കഷ്ണങ്ങളെ ആയിരിക്കും അല്ല്യോ? ആയ്കോട്ടെ സിഡ്ജി ആയ്കോട്ടെ…ഞാനൊരു പാവമായിപ്പോയി!!
🙂 താങ്ക്സ് സിഡ്ജി.
കണ്ണൂസ് | 30-Jan-07 at 8:27 am | Permalink
എനിക്ക് മനസ്സിലായി ബിക്കൂ. കാതോട് കാതോരം എന്ന സിനിമ ഇറങ്ങിയ സമയമായപ്പോഴേക്കും ഉമേഷ് അമേരിക്കയില്‍ എത്തി, സ്വയം ഒരു സമസ്യയായി എന്നതല്ലേ? 😉 . ഞാനായിട്ട് ഒരു വന്ദ്യവയോധികനെ അപമാനിക്കേണ്ട എന്ന് വെച്ചു പറയാഞ്ഞതാണ്.
qw_er_ty
സിദ്ധാര്ത്ഥന് | 30-Jan-07 at 8:47 am | Permalink
വന്ദ്യ വയോധികന് എന്നു പയറു പയറുപോലിരിക്കുന്ന ചെറുപ്പക്കാരനെ വിളിച്ചതിലധികം അപമാനം ഇനി എങ്ങനെ ഉണ്ടാവാനാനു് കണ്ണൂസെ?
qw_er_ty
സിദ്ധാര്ത്ഥന് | 30-Jan-07 at 8:50 am | Permalink
ഹ ഹ അരവിന്ദാ!
അവിടെ അലങ്കാരം ശ്ലേഷ
ബിക്കു | 30-Jan-07 at 10:44 am | Permalink
ഹൈദരാബാദില്‍ ഒരു പാവം മനുഷ്യന് ചൊല്ലാന്‍ സാദ്ധ്യതയുള്ളത്.
പണ്ടേപറഞ്ഞുപലരു,മീപണിക്കുപോണ്ടീ
പണ്ടാരമത്രതലവേദനയാണതിപ്പോള്
നേരിട്ടറിഞ്ഞു,ശരിതന്നെശിവനേ,പെണ്ണു
കെട്ടാനെനിക്കു കൊതിതോന്നിയതെന്തുകൊണ്ടോ?
ഓ.ടോ: വന്ദ്യ വയോധികന് എന്നൊക്കെ വിളിപ്പിച്ചതിന് ഇനി എന്താണാവോ ശിക്ഷ. 🙂
qw_er_ty
ബിന്ദു | 30-Jan-07 at 12:45 pm | Permalink
ആഘോഷമായ് കമന്റടി, നൂറുകള്‍ ലക്ഷ്യ്മായി
തരിശായൊരു ബ്ലോഗിനെ സ്വന്തമാക്കി
മാറാത്ത മുന്‍വിധികള്‍ പലര്ക്കുമാക്കിയിട്ടി
തില്‍ ചേരാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?
ഇനി ഉമേഷ്ജി മനോധര്‍മ്മം പോലെ കയ്യില്‍ നിന്നെടുത്തു ശരിയാക്കിക്കൊള്ളു.:)അപ്പോഴേക്കും വേറെ ഒരെണ്ണത്തിനെ കൂടി പാകമാക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ, ഇതാണ് എളുപ്പമുള്ളതു തന്നാലുള്ള കുഴപ്പം.:)
Umesh::ഉമേഷ് | 30-Jan-07 at 4:09 pm | Permalink
എന്താ കണ്ണൂസേ ഇതു്? ഇതാണോ വസന്തതിലകം? മൂന്നു വരിയും കുളം തന്നെ. ചെക്കന്മാരെയൊക്കെ ചെവിക്കു പിടിച്ചു വൃത്തം പഠിപ്പിച്ചെങ്കിലേ പറ്റൂ എന്നു തോന്നുന്നു!
സിദ്ധാര്‍ത്ഥാ, കലക്കി. അരവിന്ദന്റെ ശ്ലോകം നേരെയാക്കിയതും കലക്കി. ബാക്കിയുള്ളവ കൂടി ഒന്നു ശരിയാക്കിക്കൂടേ?
ബഹുവ്രീഹിയുടെ തുടക്കം കണ്ടപ്പോള്‍ വൃത്തം ബഹുകേമം! പിന്നെ ഇന്രാ എന്നായിപ്പോയല്ലോ.
സിദ്ധാര്ത്ഥന് കഴിഞ്ഞാല്‍ വൃത്തം ഏറ്റവും നന്നാക്കിയതു ബിക്കുവാണു്. ചെറിയ തെറ്റുകളേ ഉള്ളൂ.
എല്ലാവര്ക്കും നന്ദി. സമയത്തിനു് അല്പം ബുദ്ധിമുട്ടുള്ളതുകൊണ്ടു് ഇവ തിരുത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ല. ആ കര്‍മ്മങ്ങള്‍ ചെയ്യാന്‍ സിദ്ധാര്ത്ഥന്, രാജേഷ് വര്‍മ്മ, ജ്യോതി, സന്തോഷ്, ഡോ. പണിക്കര്‍, പാപ്പാന് തുടങ്ങിയ ശ്ലോകവിദഗ്ദ്ധരോടു വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.
ബിക്കു ഉദ്ദേശിച്ചതു് “കയ്യെഴുത്തു്” എന്ന തെറ്റാണോ? മനഃപൂര്‍വ്വം എഴുതിയതാണു് അതു്. ഇതു വായിക്കുക. എന്റെ അഭിപ്രായം അവിടെയുണ്ടു്.
“കാതോടു കാതോരം…” എന്ന പാട്ടു് ആ പേരുള്ള സിനിമയിലെ അല്ലല്ലോ? അല്ലെങ്കിലും സരിതയുടെ തലമുടി വെട്ടുന്ന ആ സിനിമ (ആദ്യമായി ഇന്നസന്റിനെ കാണുന്ന സിനിമ-വില്ലനായിരുന്നു) ഞാന്‍ ആര്. ഇ. സി.-യ്ക്കടുത്തുള്ള പുണ്യപുരാതനമായ കട്ടാങ്ങല്‍ ധന്യയിലിരുന്നാണു കണ്ടതു്. അമേരിക്കയില്‍ ആദ്യം എത്തുന്നതു് 1995-ല്‍.
[വന്ദ്യവയോധികന് നിന്റെ … എന്നു പറഞ്ഞാല്‍ ഏവൂരാന് എന്നെ ബ്ലോക്കും!]
എനിക്കേറ്റവും ഇഷ്ടപ്പെട്ടതു സിദ്ധാര്‍ത്ഥന്റെ പൂരണം. കണ്ണൂസ് പറഞ്ഞ കല്ലുകടി എന്താണെന്നു് എനിക്കു മനസ്സിലായി. ചൊല്ലുമ്പോള്‍ “കാറ്റായ്” എന്നതിലെ “ക” ഇരട്ടിക്കാതെ ചൊല്ലാന്‍ ബുദ്ധിമുട്ടാണു്. അരവിന്ദന്റെ ശ്ലോകം ശരിയാക്കിയതില്‍ പണി, കോഴ്സ് എന്ന വാക്കുകള്‍ക്കും ഉണ്ടു് ഈ പ്രശ്നം.
അപ്പോള്‍ പിന്നെ കാണാം!
Umesh::ഉമേഷ് | 30-Jan-07 at 4:20 pm | Permalink
സമയമില്ലെങ്കിലും, ഈ പൂരണങ്ങളെ ഈ വിധത്തില്‍ ഇട്ടേച്ചു പോകാന്‍ തോന്നുന്നില്ല. ആദ്യത്തെ ശ്രമം:
(സിദ്ധാര്‍ത്ഥന്റെയും അരവിന്ദന്റെയും ശ്ലോകങ്ങള്‍ നേരെയാക്കല്‍ സിദ്ധാര്ത്ഥന് തന്നെ ചെയ്യട്ടേ.)
ബഹുവ്രീഹി:
ഏതൊന്നുമില്ല വിഷയങ്ങളതാണു പ്രശ്നം,
ദാരിദ്ര്യമെന്നതതിലേറെയുമാണു കഷ്ടം!
എന്നിട്ടുമിന്നിവിടുമേശസമസ്യ കണ്ടു
പോസ്റ്റാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?
കണ്ണൂസ്:
കിട്ടീ തലയ്ക്കിടി, യുമേശനെറിഞ്ഞ തേങ്ങാ
പൊട്ടീ, ഭവിച്ചു പെരുതായൊരു മാനഹാനി
മിണ്ടാതെ പദ്യമെഴുതാതെയിരുന്നു കൂടേ
മണ്ട? ന്നെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?
മാഗ്നി:
ആദ്യം കമന്റു ചെറുതേങ്ങയടിച്ചു, പിന്നെ-
ബ്ഭേദ്യം പുളിച്ച തെറി കൊണ്ടുമനോണിയായി,
കൂട്ടം പിടിക്കുവതിനാളുമനേകമുണ്ടേ,
പോസ്റ്റാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ!
ബിക്കു:
പണ്ടേ പറഞ്ഞു പല, രീപ്പണി ചെയ്യൊലാ നീ
പണ്ടാരമത്ര തലവേദനയാണതിപ്പോള്
നേരിട്ടറിഞ്ഞു ശിവനേ, ശരിതന്നെ, യൊന്നു
കെട്ടാനെനിക്കു കൊതിതോന്നിയതെന്തുകൊണ്ടോ?
ബിന്ദു:
ആഘോഷമാക്കി മൊഴി, നൂറുകള്‍ ലക്ഷ്യമാക്കി
ആള് കേറിടാത്തൊരിടമെന്നുടെ സ്വന്തമാക്കി
മാറാത്ത മുന്വിധികളേറെ ജനത്തിനേകി
ബ്ലോഗാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
🙂
ഇഞ്ചിപ്പെണ്ണ് | 30-Jan-07 at 4:23 pm | Permalink
ഓഹ്, അപ്പൊ വൃത്തം തെറ്റിക്കാവൊ? ഞാന്‍ ഇന്നലെ വന്നപ്പൊ ഉമേഷ് മാഷിന്റെ അവസാന പാര കണ്ട് മനസ്സു നൊന്ത് ഓടിയതാ. എന്നാല്‍ ഞാനും എഴുതട്ടെ.
ബ്ലോഗിലുള്ള പോസ്റ്റൊക്കെ നശിച്ചു; മെയില്‍,
തര്‍ക്കം, കസ്റ്റമര്‍ സെര്‍വീസ്, മനക്ലേശം,
ദുഷ്കാലവൈഭവ-ബ്ലോഗര്‍ ബീറ്റായിലേക്ക്
മാറുവാനെനിക്ക് കൊതി തോന്നിയതെന്തു കൊണ്ടോ?
പൊന്നപ്പന്-theAlien | 30-Jan-07 at 4:38 pm | Permalink
ഓരോ വരയ്ക്കുമുയിരുണ്ടതു വീണ്ടുമോര്ത്താ
ലോരോ വരിക്കുമിനി നല്കണമുപ്പുമൂണും;
ഓര്‍ക്കാഞ്ഞതല്ല, നിലവിട്ടൊരു തീക്കളിക്കി
ന്നേറാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
Umesh::ഉമേഷ് | 30-Jan-07 at 4:41 pm | Permalink
ആപ്പീസ് മുടിഞ്ഞ പണി, വീട്ടിലെ ജോലി കൊണ്ടെ-
ന്നാപ്പീസു പൂട്ടി, കവിസത്തമരിട്ടിടുന്നൂ
കോതാസുഗാനസമപൂരണ-മീ സമസ്യ-
യേകാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
🙂
ഇഞ്ചീ, പൂരണം മലയാളഭാഷയിലായിരിക്കണം. (സംസ്കൃതത്തിലും ആവാം.) ഇംഗ്ലീഷിനെ വസന്തതിലകത്തിലാക്കാന് അല്പം ബുദ്ധിമുട്ടാണേ! ആശയം കൊള്ളാം!
ബിക്കു | 30-Jan-07 at 4:44 pm | Permalink
അതല്ല.
വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – v) അവസാനം ഗുരുവല്ലേ?
ശ്രീജിത്ത് കെ | 30-Jan-07 at 5:00 pm | Permalink
നേരെമേറെയായ്, ഈ പേജുതുറന്ന്
സമയസ്യയെഴുതാനായി ആലോചന തന്നെ
കൊള്ളാവുന്നതൊന്നും കത്തുന്നതില്ലയിത്
എഴുതാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
പൊന്നപ്പന്-theAlien | 30-Jan-07 at 5:00 pm | Permalink
തീരാത്ത തോരനിലയറ്റമതുപ്പു മാങ്ങ
കാലതിവര്ത്തിയവിയല് നല്പ്പച്ചടി കാളനോലന്
ചൂടുള്ള സാമ്പാറിവയൊക്കെയൊഴിഞ്ഞു ലോകം
ചുറ്റാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ
Umesh::ഉമേഷ് | 30-Jan-07 at 5:06 pm | Permalink
ഇഞ്ചിയുടെ പിഞ്ചുഹൃദയം ഇഞ്ചിഞ്ചായി പിഞ്ചിപ്പോകാതിരിക്കാന്:
ഏറെക്കഴിഞ്ഞു, മതി “കസ്റ്റമര്‍ സേവ”, താറു-
മാറായി ബ്ലോഗു, മെയില്‍; എന്നുടെ ബ്ലോഗിനുള്ളില്‍
കേറാനുമില്ല വഴി, ബ്ലോഗറു ബീറ്റ തന്നില്‍
മാറാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
Umesh::ഉമേഷ് | 30-Jan-07 at 5:08 pm | Permalink
പൊന്നപ്പനു നല്ല വൃത്തബോധമുണ്ടല്ലോ. നല്ല പൂരണങ്ങള്‍!
ശ്രീജിത്തേ, പോരാ, പോരാ…
ബിക്കൂ, ശരി തന്നെ. തിരുത്തി. നന്ദി.
പൊന്നപ്പന്-theAlien | 30-Jan-07 at 5:12 pm | Permalink
കഴിഞ്ഞ പൂരണത്തില്‍ ചിഹ്നങ്ങളിടാന്‍ മറന്നു പോയി..
കുത്തൊന്നു, കോമയിരു തോന്നലിനൊന്നു വീതം,
കത്തിപ്പടര്‍ന്ന വരിയറ്റമൊരര്ദ്ധ ഹാസം ;
ചോദ്യത്തിനൊത്തൊരു വളവേറ്റമൊടുക്കമൊന്നും
നേരാക്കുമോ വരികളെന്റെയുമേഷുമാഷേ ?
കാളിയംബി | 30-Jan-07 at 7:19 pm | Permalink
വാതുക്കലൂടേ മയമോടേയുലാത്തിനിന്ന്,
ചേലാലെയാ വഴി പറക്കുമൊരീച്ചയേയും
വായ്നോക്കിനിന്ന പുലിപുംഗവകാവ്യവീരന്
പൊന്നപ്പനിന്നിതുലകം കറങ്ങിടുന്നു..
കാലത്തിതമ്മ ചെറുചൂടോടെ ചുട്ടുവയ്ക്കും
അന്‍പോടെ, നെയ്ചേര്ത്തൊരഞ്ചാറു നല്ല്ല ദോശ
ചമ്മന്തിയും നല്ല സാമ്പാറുമൊത്തു ചേര്‍ത്തു-
തട്ടാത്തവന്നു കൊതി തോന്നിയതെന്തുകൊണ്ടോ?
അപ്പോഴവന്നുരുചിയങ്ങു “സനാതനേലെ”
“വെള്ളംതൊടാത്ത കരിയോയില്‍,പുഴുക്കു മൊട്ട
കള്ളക്കടേലെ പ്പെറോട്ടായിറച്ചി, എന്നി-
ട്ടിപ്പോഴവന്നു കൊതി തോന്നിയതെന്തുകൊണ്ടോ?
(പൊന്നപ്പാ ഓടിയ്ക്കല്ലേ..ഓടിയ്ക്കല്ലേ..സറണ്ടര്‍..സറണ്ടര്‍ ര്‍ ര്‍ ..)
🙂
ഉമേഷേട്ടാ വസന്തതിലകം ശാര്‍ദ്ദൂല വിക്രീഡിതമായോ..അവിടേയും സറണ്ടര്‍..
കണ്ണൂസ് | 31-Jan-07 at 3:55 am | Permalink
അഹഹാ.. നമുക്കീപ്പണി പറ്റിയതല്ലാ!!!
ഉമേഷേ, എന്റെ വൃത്തം ശരിയാക്കല്‍ എന്നു പറഞ്ഞാല്‍ ഉമേഷിന്റെ പൂരണങ്ങളില്‍ ഓരോ വരിയിലും എത്ര അക്ഷരങ്ങളുണ്ടെന്ന് എണ്ണി, അത്രയും അക്ഷരം എന്റെ പൂരണത്തിലും കൊണ്ടുവരിക എന്നതാണ്. 🙂 ജ ഗ ഗ ല ഒന്നും തലയില്‍ കയറുന്നില്ല. ബിക്കുവിന്റേം സിദ്ധുവിന്റേം പൊന്നപ്പന്റേം ഒക്കെ പൂരണം കണ്ട് കണ്ണ് തള്ളി ഇരിക്കുകയാണ് ഞാന്‍.
എനിക്കാരെങ്കിലും വൃത്തബോധം തരൂ പ്ലീസ്.
തമനു | 31-Jan-07 at 6:14 am | Permalink
ഉമേഷ്ജി,
ആദ്യമായാണ് ഇങ്ങനെ ഒരു ശ്രമം. ശരിയായില്ലെങ്കില്‍ ഇവിടെ ചീത്ത വിളിക്കല്ലേ .. നാട്ടില്‍ വരുമ്പോള്‍ ഞാന്‍ വീട്ടില്‍ വന്ന് വാങ്ങിച്ചോളാം
ഈയിടെ Nokia N73 വാങ്ങിയ എന്റെ ഒരു സുഹൃത്തിന്റെ സങ്കടമാണിത്.
ബാങ്കിന്റെ ലോണടയ്ക്കേണ്ടുന്ന ഡേറ്റതായി
ഫ്ലാറ്റിന്റെ വാടകയുമീമാസം ഒട്ടുകൂടി
കാശെത്ര വേണമിതെന്നാലുമിപ്പോളാ നോക്ക്യ
വാങ്ങാനെനിക്ക് കൊതി തോന്നിയതെന്തു കൊണ്ടോ..?
ശ്രീജിത്ത് കെ | 31-Jan-07 at 6:14 am | Permalink
വൃത്തം തിരിക്കാന്‍ പോയി പുലിവാലു പിടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇതൊന്ന് നോക്കിക്കേ ഗുരുക്കളേ, തെറ്റുകള്‍ പറഞ്ഞ് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ധാരാളമേറ്റു പരിഹാസ, മതാണു നേട്ടം!
– – v | – v v | v – v | v – v | – –
വാരാശി പോലൊരു തിസീസു കിടപ്പു മുന്നില്‍,
– – v | – v v | v – v | v v – | v – –
തീരാത്ത വേദന ചെവി, ക്കൊരു ടീച്ചറായി-
– – – | – v v | v v – | v – – | – v
ച്ചേരാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
– – v | v – v | v – – | v – – | v –
ഓ.ടോ: തിസീസ് എന്നതാണോ തീസീസ് എന്നതാണോ ശരി?
അരവിന്ദന് | 31-Jan-07 at 6:21 am | Permalink
എന്തരടേയ് ശ്രീജി നീ വരികള്‍ക്ക് താഴെ ഞാറു നട്ട് വച്ചിരിക്കുന്നത്?
സിദ്ധാര്ത്ഥന് | 31-Jan-07 at 7:15 am | Permalink
ശ്രീജിത്തെ,
കൂട്ടക്ഷരത്തിനു മുന്‍പുള്ള ലഘുവും ഗുരു തന്നെ
കക്ക = -,v ( ആദ്യത്തെ ക ഗുരു പിന്നത്തേതു് ലഘു)
കക്കാന്‍ = -,-
അപ്പോള്‍
ടീച്ചറായി ച്ചേരാന്‍ = -v—- എന്നാണു വരിക
അതു പോലെ
തീരാത്ത = –v
ഇനി ഒന്നു ശ്രമിച്ചു നോക്കൂ.
സിദ്ധാര്ത്ഥന് | 31-Jan-07 at 7:19 am | Permalink
ശ്രീജിത്തെ,
കൂട്ടക്ഷരത്തിനു മുന്‍പുള്ള ലഘുവും ഗുരു തന്നെ. കൂട്ടക്ഷരം മറ്റു കാരണങ്ങളൊന്നുമില്ലെങ്കില്‍ ലഘുവായിതന്നെയിരിക്കും.
ഉദാ
കക്ക = -,v ( ആദ്യത്തെ ക ഗുരു പിന്നത്തേതു് ലഘു)
കാക്ക = -,v
കക്കാന്‍ = -,-
അപ്പോള്‍
ടീച്ചറായി ച്ചേരാന്‍ = – v – – – – എന്നാണു വരിക
അതു പോലെ
തീരാത്ത = – – v
ഇനി ഒന്നു ശ്രമിച്ചു നോക്കൂ.
മുല്ലപ്പൂ | 31-Jan-07 at 7:27 am | Permalink
സിദ്ധാര്‍ത്ഥന്റെ പൂരണത്തിനു ചെറുകഥയുടെ മാറ്റ്.
അരവിയുടെ കമെന്റ് 😀
മൂന്നു തവണ ഇവിടെ വന്നു.
വൃത്തം വരക്കുമ്പോള്‍, അതു വര ആയി വരണ ഒരു ബ്ലോഗിണി.
(ellaam Of o?)
Umesh::ഉമേഷ് | 31-Jan-07 at 7:31 am | Permalink
ബ്ലോഗിണി അല്ല മുല്ലേ, ബ്ലോഗിനി. ഇതു വായിക്കൂ.
ശ്രീജിത്തേ, എല്ലാം സിദ്ധാര്ത്ഥന് പല തവണ പറഞ്ഞുതന്നല്ലോ. ഇനി തെറ്റു വരുത്തരുതു്, കേട്ടോ 🙂
ശ്രീജിത്ത് കെ | 31-Jan-07 at 8:28 am | Permalink
വൃത്തത്തിലാക്കും ഇനി എല്ലാ എഴുത്തും, അയ്യോ!
കേള്‍ക്കുക, എന്നെ കവിയാക്കിയതിന്റെ ആപ-
ത്തെല്ലാമതൊക്കെയും സഹിക്കുക. നിങ്ങലോരോ
രുത്തര്‍ക്കും വേദന സംഹാരി ഉമേഷ്ജി കൊടീന്.
ഇതിനെ വസന്ത തിലകമാക്കി സ്വീകരിക്കുമോ സിദ്ധാര്‍ത്ഥാ? ഉമേഷ്ജീ, കാപ്പാത്തുങ്കോ.
ബൈ ദ വേ, വൃത്തത്തിലാക്കിയപ്പോള് അര്ത്ഥത്തിലാക്കാന് വിട്ടു. ക്ഷമിക്കില്ലേ?
സിദ്ധാര്ത്ഥന് | 31-Jan-07 at 8:45 am | Permalink
സന്തകലവതിയെ വസന്തതിലകമാക്കുന്നതിനു് ഉമേഷാണെക്സ്പോര്ട്ട്. സാധനത്തെ അങ്ങോട്ടു പാസ്സു ചെയ്തിരിക്കുന്നു 😉
മൂപ്പരിന്നാളു പറഞ്ഞു തന്ന ഒരു പാഠം വേണമെങ്കില്‍ പറഞ്ഞുതരാം
‘വൃത്തത്തിലാക്കും ഇനി എല്ലാ എഴുത്തും, അയ്യോ!’
ഇങ്ങനെ എഴുതരുതു്
വൃത്തത്തിലാക്കുമിനിയെല്ലായെഴുത്തുമയ്യോ! എന്നെഴുതി ലഘു ഗുരു ഗണം തിരിക്കാം
‘വൃത്തത്തിലാക്കുമിനിയുള്ളയെഴുത്തതെല്ലാം’ എന്നാക്കിയാല്‍ വൃത്തത്തിലുമാവും. ല്ലേ മാഷേ??
മുല്ലപ്പൂ | 31-Jan-07 at 9:40 am | Permalink
ഉമേഷേ(ട്ടാ),
സത്യത്തില്‍ ഇതൊക്കെ കണ്ട് ആശിച്ചു പോയി ,വസന്തയുടെ തിലകം ഒക്കെ കണ്ടു. പക്ഷേ ഒന്നും വന്നില്ല. 🙂
ശ്രീജീ. അതു കലക്കന്‍. അര്‍ത്ഥം ഒത്തില്ലെങ്കില്‍ എന്തു 🙂
യ്യോ ഞാന്‍ എന്താ ഈ ചെയ്യണേ ? പയ്യന് ഇനി എല്ലാം വൃത്തത്തിലാക്കും എന്നാ പറയണെ.
unni | 31-Jan-07 at 11:29 am | Permalink
പെട്ടുപൊയൊരു ഹിമക്കിടങ്ങില് ഞാന്‍, പൊട്ടി കാലിലെഴുമസ്ഥിയും
ഇട്ടു പ്ലാസ്റ്റ,റിതിനിയഴിക്കുവാനെട്ടുവാരമിഹ കാക്കണം
പൊട്ടബുദ്ധിയിലുദിച്ചചിന്ത, ബത! പാചകന്മല* കരേറുവാ-
നിത്രയുംകൊതിയെനിക്കുതോന്നിടാനേതുമില്ല ശിവ, കാരണം!
* മൌണ്ട് കുക്ക്
(ഗുരുക്കള്‍ ക്ഷമിക്കണം; വേദനയില്‍ ചാലിച്ചെഴുതിയപ്പോള്‍ വൃത്തം മാറിപ്പോയി!)
siji | 31-Jan-07 at 2:24 pm | Permalink
ഉമേഷേട്ട എന്റെ മാറാത്ത ജലദോഷത്തെക്കുറിച്ച്…വൃത്തം നോക്കിയിട്ടില്ല.
തീരാത്ത ചുമ നെഞ്ചുക്കാറിപ്പൊളിക്കും
തോരാത്ത നാസാരസപീഡയൊന്നുവേറെ
മാറാത്തവ്യാധി ഹാ! ദുരിതമിതെന്തുകഷ്ടം
നീരാടുവാനെനിക്കു കൊതിതോന്നിയതെന്തുകൊണ്ടോ!
Umesh::ഉമേഷ് | 31-Jan-07 at 2:36 pm | Permalink
ഈ പെണ്ണെങ്ങനെ എമ്മേ പാസ്സായെന്റമ്മേ? വൃത്തം കണ്ടുപിടിക്കാനറിയാമോ?
ഇതുകൊണ്ടൊന്നും സിജി വൃത്തിയുള്ളവളാണെന്നും ജലദോഷത്തിലും കുളിക്കും എന്നും ആരും കരുതും എന്നു കരുതണ്ടാ 🙂
siji | 31-Jan-07 at 2:49 pm | Permalink
മൂക്കട്ടയൊലിപ്പിച്ചിരുന്നൊരു കവിതയെഴുതിയതും പോര എന്നെ കൊല്ലാനും വരുന്നു…പണ്ട് വൃത്തം പഠിപ്പിക്കാനായി മലയാളം ടീച്ചറായിരുന്ന എന്റെ അമ്മ പിച്ചി സിറിഞ്ചുവെച്ചതിന്റെ പാട് ഇപ്പോഴുമുണ്ട്..എന്നെ കൊന്നാലും ഞാന്‍ വൃത്തം തിരിക്കില്ല..ഇല്ല..ഇല്ല..ഇല്ല..ബ്ലോഗു മുത്തപ്പനാണെ സത്യം…
Umesh::ഉമേഷ് | 31-Jan-07 at 3:07 pm | Permalink
നേരെയാക്കിയ പൂരണങ്ങള്‍:
ശ്രീജിത്ത്:
കുത്തിക്കുറിപ്പതിനു പേനയെടുത്തു, പേപ്പര്‍
വൃത്തിയ്ക്കു വെച്ചു, തല ചൂടുപിടിച്ചു, പക്ഷേ
വൃത്തം പിഴച്ചു, കവിയാകുവതിന്നു മണ്ട-
സത്താമെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
(ശ്രീജിത്തിന്റെ കവിതകളുടെയെല്ലാം അന്തസ്സത്ത കാച്ചിക്കുറുക്കിയതു്)
തമനു:
വീടിന്റെ വാടക പെരുത്തു മുടിഞ്ഞു, ബാങ്കില്‍
ലോണിന്റെ ഭാരമതു വേറെ, യിതൊക്കെയാണെന്
കാശിന്റെ കാര്യ, മൊരു ക്യാമറ വാങ്ങി, കൈയു
വീശാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
(ഇലന്തൂര്ക്കാര്ക്കല്ലെങ്കിലും എഴുതാന്‍ നല്ല കഴിവാ. കഥയായാലും കവിതയായാലും പ്രേമലേഖനമായാലും…)
ഉണ്ണി:
പെട്ടൂ ഹിമക്കുഴിയി, ലസ്ഥികളെട്ടുപത്തു
പൊട്ടിപ്പഴുത്തിളകി പ്ലാസ്റ്ററുമിട്ടു കഷ്ടം!
പൊട്ടത്തരത്തിനു കരേറിടുവാന് മൗണ്ട് കുക്ക്-
തിട്ടേലെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
(ഉണ്ണിയുടെ മല്ലിക പോലിരിക്കുന്ന സാധനത്തിനെ വസന്തതിലകമാക്കിയതു്)
സിജി:
തീരാത്ത വന്ചുമകള്, വേദന, മൂക്കൊലിപ്പു
തോരാത്തതാം പനി-തണുത്ത ജലത്തിലയ്യോ
നീരാടുവാന്‍ ഷവറിലിങ്ങനെ മഞ്ഞു വീഴും
നേരത്തെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?
(കുരുമുളകുകാപ്പി കുടിക്കൂ. പനിയാണോ, മലേറിയ ആയിരിക്കാം. എന്തോ ഒരു സാധനം കഴിക്കൂ…)
🙂
ബിന്ദു | 31-Jan-07 at 3:13 pm | Permalink
‘വൃത്തിയുള്ളവളാണെന്നും ജലദോഷത്തിലും കുളിക്കും’
അയ്യയ്യോ.. ജലദോഷത്തില്‍ ആരെങ്കിലും കുളിക്കുമൊ? 🙂
Umesh::ഉമേഷ് | 31-Jan-07 at 3:17 pm | Permalink
ജലദോഷത്തില്‍ കുളിക്കും. നെയ്യൊഴിച്ചെന്തും കഴിക്കും. കുപ്പി പൊട്ടിച്ചിരിക്കും, ബിന്ദു തല്ലു കൊള്ളും…
വല്യമ്മായി | 31-Jan-07 at 3:24 pm | Permalink
കഴിഞ്ഞപ്രാവശ്യം ഞാനെഴുതിയ വരികള്‍ വൃത്തത്തില്‍ കയറാതെ എക്ലിപ്സ് വരച്ച് കയറ്റിയതൂ കാരണ്മാണെന്നു തോന്നുന്നു,എനിക്കു നീളത്തില്‍ പോലും ഒരു വരി വരുന്നില്ല.
തോറ്റിട്ടില്ല,തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല.അതു കൊണ്ട് കാത്തിരിക്കൂ ഉമേഷേട്ടാ.
ബിന്ദു | 31-Jan-07 at 3:29 pm | Permalink
തല്ലണ്ടാ, വിരട്ടിയാല്‍ മതി വക്കാരിയെ. :)(കട കൊടുക്കാമെന്നു വച്ചാലും വക്കാരിയെ കാണുന്നില്ലല്ലൊ കുറേ നാളായിട്ട്).
ഇഞ്ചിപ്പെണ്ണ് | 31-Jan-07 at 3:43 pm | Permalink
ആ, അപ്പൊ ഇത്രേയുള്ളൊ? താങ്ക്സ് സിദ്ധാര്‍ത്ഥേട്ടാ. ഈ ഉമേഷേട്ടന് ഇതിന്റെ ബേസിക്ക് പറഞ്ഞു തരാണ്ട് വൃത്തം വൃത്തം എന്ന് അലറിയിട്ട് എന്തു കാര്യം? ആല്ഫബെറ്റ്സ് അറിയാണ്ട് എങ്ങിനാ മനുഷ്യന് കഥ എഴുതാ? (എഹ്, അപ്പൊ ഇഞ്ചി അങ്ങിനെയല്ല എഴുതുന്നെ എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല). ഉമേഷേട്ടന് വിദ്യ ചേച്ചിയെ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചു. പ്രതിലോമം പ്രതിലോമം!
ഇനി ഞാനുമെന്നാ എല്ലാം വൃത്തത്തിലാക്കിയിട്ടേയുയുള്ളൂ..
ശ്രീജിത്തേ നേതാവെ, ധീരതയോടെ നയിച്ചോളൂ…
വൃത്തം വൃത്തം പിന്നാലെ!
Umesh::ഉമേഷ് | 31-Jan-07 at 3:51 pm | Permalink
എക്ലിപ്സ് അല്ല വല്യമ്മായീ, എലിപ്സ്. ദീര്‍ഘവൃത്തം എന്നു പറയും മലയാളത്തില്‍ 🙂
വല്യമ്മായി | 31-Jan-07 at 4:05 pm | Permalink
അയ്യോ തെറ്റി പോയി.പസ്സില്‍ ബ്ലോഗില്‍ എന്തെങ്കിലുമ് പോസ്റ്റു ചെയ്യൂ ,ബുദ്ധിയൊക്കെ ഒന്നു പ്രവര്‍ത്തിപ്പിക്കാന്‍.:)
പൊന്നപ്പന്-theAlien | 31-Jan-07 at 4:38 pm | Permalink
പ്രതിലോമമെന്ന പദമോര്‍ത്തു പതുങ്ങിയെത്തി,
പടമായൊരോര്മ്മ വെടി പോലെ നടുക്കിയെന്നാല്;
കടുകിഞ്ചി മഞ്ഞള്‍ സിജി പുപ്പുലി ജിത്തിനൊക്കെ,
ചൊറിയാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ..?
(പണ്ടു ചന്ത്രക്കാറന്റെ ബ്ലോഗില്‍ ബാക്കി വന്ന പ്രതിലോമപ്പടക്കം പറക്കാന്‍ പോയപ്പോള്‍ പടിയടച്ചൊരാട്ടു കേട്ടതിന്റെ സുഖദ സ്മരണക്ക്.. )
അയ്യോ.. ഇഞ്ചി സിജി ജിത്തു സുഹൃത്തുക്കളേ..
ഓടിക്കല്ലേ.. ഞാനും സറണ്ടര്ര്ര്….
കട്: എന്റെ എത്രയും പ്രിയപ്പെട്ട അംബി സഖാവിന് !(ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നത് പല്ലു കടിക്കുന്ന ഡോള്‍ബി ഡിജിറ്റല്‍ ശബ്ദം )
Umesh::ഉമേഷ് | 31-Jan-07 at 4:50 pm | Permalink
പൊന്നപ്പന്റെ ശ്ലോകം വസന്തതിലകത്തിന്റെ ആദ്യത്തെ ഗുരുവിനെ രണ്ടു ലഘുവാക്കിയതാണു്. വസന്തതിലകമല്ല.
പൊന്നപ്പനു നല്ല വൃത്തബോധം ഉണ്ടെന്നതിനു ഒരു തെളിവു കൂടി. ഇതൊക്കെ മാത്ര അനുസരിച്ചു വരേണ്ട വൃത്തങ്ങളാണു്. ക്ലിപ്തമായ വര്‍ണ്ണവ്യവസ്ഥ വെച്ചു് ഇവയെ നിര്വ്വചിച്ചതില് ചില പാകപ്പിഴകള്‍ വന്നിട്ടുണ്ടു്. ചൊല്ലിയാല്‍ ഇതും വസന്തതിലകം പോലെ തന്നെ.
ഏതായാലും ഈ വൃത്തം വൃത്തമഞ്ജരിയിലില്ല. നമ്മുടെ സൂപ്പര്ബ്ലോഗറെ ആദരിച്ചു് നമുക്കു് ഇതിനു “വിശാലതിലകം” എന്നു പേരു കൊടുക്കാം. ലക്ഷണം:
പറയാം വിശാലതിലകം സജസം സയം കേള്.
(വൃത്തലക്ഷണവും അതേ വൃത്തത്തില്ത്തന്നെ വേണം. അതുകൊണ്ടാണു് “പൊന്നപ്പതിലകം” എന്ന പേരു കൊടുക്കാന്‍ പറ്റാഞ്ഞതു് 🙂 )
ഇനി, വൃത്തമഞ്ജരിയിലല്ലാതെ വൃത്തരത്നാകരത്തിലോ മറ്റോ (ജ്യോതിട്ടീച്ചറേ…) ഈ വൃത്തമുണ്ടെങ്കില്‍ അതിന്റെ പേരും ലക്ഷണവും ദയവായി അറിയിക്കുക. (സ ജ സ സ യ എന്നു പതിനഞ്ചു് അക്ഷരങ്ങള്‍.)
കാളിയംബി | 31-Jan-07 at 5:54 pm | Permalink
സത്യത്തിന്റെ മുഖം എപ്പോഴും വികൃതമാണ് പൊന്നപ്പനേലിയാ..
🙂
“അംബി സഖാവിനെപ്പോലെ തന്നെ വികൃതം..“
എന്നൊരു പൂരണം ഞാന്‍ പ്രതീക്ഷിയ്ക്കുന്നെന്റേലിയാ….
(പിന്നെ .. നിന്നെ കളിയാക്കിപ്പറഞ്ഞാ വ്യക്തിഹത്യയല്ല..ഏലിയനൊരു വ്യക്തിയല്ലല്ലോ….)
ഇപ്പോഴാണിതിന്റെയാദ്യത്തെ കമന്റു കണ്ടത്..ഉമേഷേട്ടാ തിരക്കായിപ്പോയതുകൊണ്ട് പിന്മൊഴിനോക്കലില്ലാത്തതിനാലാണ് ഉത്ഘാടന വിളി കേള്‍ക്കാതെ പോയത്..
എന്നാലും ഉമേശേട്ടനൊക്കെ ഒരു കമന്റുല്ഘാടനത്തിനെന്നെ വിളിച്ചതിന്റെയൊരു സന്തോഷവുമുണ്ടേ ..:)
ജ്യോതിര്‍മയി | 01-Feb-07 at 4:56 am | Permalink
ടീച്ചറു പിണക്കത്തിലാണ് മാഷേ:-)
സമസ്യ പൂരിപ്പിക്കാമെന്നുവെച്ചാല്,
“ഈ ടീച്ചര്‍ എഴുതുന്നതായാണു് ഈ പൂരണം:
ധാരാളമേറ്റു പരിഹാസ, മതാണു നേട്ടം!
വാരാശി പോലൊരു തിസീസു കിടപ്പു മുന്നില്‍,
തീരാത്ത വേദന ചെവി, ക്കൊരു ടീച്ചറായി-
ച്ചേരാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?“
ഇതില്ക്കൂട്തല് എന്തെഴുതാന്‍?
വിശാലതിലകമോ, ഉമേശതിലകമോ ഒക്കെ കൊള്ളാം. ഞാനാകെ വൃത്തത്തില്‍ കറങിക്കൊണ്ടിരിക്കുന്നു… പഞ്ചചാമരം കൊണ്ടു വീശിയിട്ടും ഫലം നഹി നഹി..
ജ്യോതിര്‍മയി | 01-Feb-07 at 5:12 am | Permalink
ഈ പഞ്ചചാമരം ആണുദ്ദേശിച്ചത്
(പരസ്യം പതിയ്ക്കരുത് എന്ന് എഴുതിവെച്ചിട്ടില്ലല്ലോ:-)
നന്ദി
qw_er_ty
Su | 01-Feb-07 at 5:16 am | Permalink
ധാരാളമേറ്റു പരിഹാസമതാണ് കഷ്ടം,
അനോണി തന് പാരകളൊന്നു വേറെ,
വെറുതേയിരിക്കുന്ന നല്ലനേരത്തീ-
ബ്ലോഗിങ്ങ് തുടങ്ങാനെനിക്ക് കൊതി തോന്നിയതെന്തുകൊണ്ടോ?
വൃത്തവും, വട്ടവും ഒന്നുമില്ല.
“ചൊല്ലാം വസന്തതിലകം, ശാര്‍ദ്ദൂലവിക്രീഡിതം” എന്ന് കോഴിക്കോട് അബ്ദുള്‍റഹ്മാന്‍ പറഞ്ഞിട്ടുണ്ടത്രേ.
😀
(ഞാന്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള യാത്രയിലാണ്. എവിടേം സ്റ്റോപ്പില്ല. എന്നെ നോക്കണ്ട.)
ദില്ബാസുരന് | 01-Feb-07 at 6:03 am | Permalink
അയ്യോ ബ്ലോഗ് മാറിക്കയറി. സോറി! 🙂
അഗ്രജന് | 01-Feb-07 at 6:16 am | Permalink
ദില്‍ബാസുരന്റെ പിന്നാലെ വന്നതാണ്… വന്ന പോലെ തിരിച്ചു പോവമെന്ന് വെച്ചപ്പോഴാണ്… വൃത്തവും വട്ടവുമെന്നുമില്ലാതെ സൂ എഴുതിയതു കണ്ടത്… ഞാനും ഒരു കാല് കൈ പരീക്ഷണം നടത്തുന്നു 🙂
ധാരാളമേറ്റു പരിഹാസ, മിതാണോ തേങ്ങ!
പിടിവാശി പോലൊരു തേങ്ങയിതാ കിടപ്പു മുന്നില്‍,
തീരാത്ത ജോലി മുന്നി, ലൊരു കുന്നായിട്ടും-
‘ഠേ’യടിക്കുവാന് കൊതി തോന്നിയതെന്തു കൊണ്ടോ?
ഞാനാരാ മോന് 🙂
അനില്‍ | 01-Feb-07 at 6:24 am | Permalink
ദില്‍ബൂസേ പോസ്റ്റൊക്കെ നോക്കിക്കയറിക്കോ. ഇല്ലെങ്കില്‍ ദില്ബന്റെ പൂരണമായിട്ട് ‘ഈ പോസ്റ്റില്ക്കയറാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ’ ന്ന് ഉമേഷ് എഴുതിയിട്ടുകളയും.
(ടോപ്പിക് എഴുതാനുള്ള പാങ്ങില്ലാത്തോണ്ട് ഓടോ പിടിച്ചു വന്നു പോവുന്നു)
പൊതുവാളന്‍ | 01-Feb-07 at 7:14 am | Permalink
ഉമേഷേട്ടാ,
ഞാനുമൊന്നു ശ്രമിച്ചു നോയ്ക്കോട്ടെ?
ആനന്ദമെന്നുമെനിക്കു തരേണമെന്റെ
പ്രാണന്റെ പ്രാണനതു നിന്റെ കൈയില്‍
ഏകുന്നുവെന്നുമുര ചെയ്തു കാലില്‍
വീഴാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?
സിദ്ധാര്ത്ഥന് | 01-Feb-07 at 8:45 am | Permalink
പൊതുവാളന്‍ വാസ് വെരി ക്ലോസ്
അതു കൊണ്ടതില്‍ പണിയുന്നു. ഇത്തിരി ഭക്തി കൂട്ടിയിട്ടുമുണ്ടു്.
ആനന്ദമെന്നുമടിയന്നു തരേണമെന്റെ
ജീവന്റെ ജീവനതു നിന്നുടെ തൃക്കരത്തില്‍
ഏകുന്നുവെന്നുമുരചെയ്തിനി നിങ്കഴല്ക്കല്
വീഴാനെനിക്കു കൊതി ന്തോന്നിയതെന്തുകൊണ്ടോ?
ഉമേഷ്മാഷെ
തോളില്‍ തട്ടി അഭിനന്ദിക്കട്ടോ(എന്റെ);)?
സിദ്ധാര്ത്ഥന് | 01-Feb-07 at 8:49 am | Permalink
ഒരു ന് അറിയാതെ കൂടിയതാണേ.
മാഷേ ശ്രീജിത്തിനെ ആദ്യം പഠിപ്പിച്ചതു മായിക്കാന്‍ പറയാന്‍ മറന്നതാ. രണ്ടു ഗുരു വരച്ചപ്പം മാഷിന്റെ സെര്‍വര്‍ അതിനെ ഗുഗ്ഗുരു ആക്കിക്കളഞ്ഞു. ശിഷ്യന്മാര് അക്ഷരത്തെറ്റിനെ ശാസ്ത്രമാക്കിയാലോ എന്നു ഭയന്നാണു് തിരുത്തിട്ടതു്. 😉
ഇതും നീക്കിയേക്കണേ.
abdu | 01-Feb-07 at 9:14 am | Permalink
മുന്‍കൂര്‍ ജാമ്യം: എന്റെ വൃത്തം കണ്ണൂസിന്റേത് (കണ്ണൂസേ, കോപ്പി റൈറ്റട് ആണോ?) 🙂
സീകരിക്കാന്‍ തയ്യാറുള്ള പരമാവധി ശിക്ഷ: ‘പ്രതിലോമകാരി’ ലെവലില്‍ ഉള്ള തെറിയാവാം 🙂
ഇനി പൂരണം
‘അറിയുന്നവനറിയു,മല്ലാത്തവന് ചൊറിയു,
മെന്നെനിക്കറിയാഞ്ഞല്ലെന്റെ ശിവനേ,
പിന്നെയുമിവിടെ,വന്നിത്തിരിത്തെറി,കേള്-
ക്കാനെനിക്ക് കൊതി തോന്നിയതെന്തുകൊണ്ടോ?‘
സുഷേണന് | 01-Feb-07 at 10:06 am | Permalink
ഉമേഷേട്ടാ, കുറച്ചു കാലമായി ചേട്ടന്റെ പോസ്റ്റുകള്‍ വായിക്കുന്നു. ഇതു വരെ കമന്റാത്തത് എന്താണെന്നു വച്ചാല്‍ പേടി കൊണ്ടൊന്നുമല്ല. അല്പം ഭയം, അത്ര മാത്രം. ഇന്നേതായാലും ധൈര്യം സംഭരിച്ച് ഒരു തേങ്ങ ഉടച്ചേക്കാം എന്നു വച്ചു.
ബൂലോഗത്തെ സമ്പന്നമാക്കുന്ന ഉമേഷേട്ടന്റെ പോസ്റ്റുകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.
ഇഞ്ചിപ്പെണ്ണ് | 01-Feb-07 at 3:10 pm | Permalink
ഉമേഷേട്ടാ, ഓഫാണേ.
ഈ ബീറ്റായിലെ ബ്ലോഗൊന്നും തുറക്കാന്‍ പറ്റണില്ല്യല്ലൊ. ആഹാ..എന്ത് രസം. എന്റെ ബ്ലോഗ് വീണപ്പൊ കൈ കൊട്ടി ചിരിച്ച പച്ചിലകളേ…! 🙂
ആകെ കൂടി ഉമേഷേട്ടന്റെ ബ്ലോഗ് തുറക്കാന്‍ പറ്റണുണ്ട്..
സിബു ചേട്ടന് ഗൂഗിളില്‍ ചേര്ന്നപ്പോളേക്കും ഇത്രേം എററുകളൊ? 🙂 ശിവ! ശിവ!
su | 01-Feb-07 at 3:21 pm | Permalink
ഞാനും അതുതന്നെയാ പറഞ്ഞുകൊണ്ടിരിക്കുന്നത്. 🙁 എല്ലാ ബ്ലോഗും കിട്ടുന്നുണ്ട് എനിക്ക്. പക്ഷെ ആര്‍ക്കൈവ്സില്‍ ഒന്നും കിട്ടുന്നില്ല. ഞാന്‍ വിചാരിച്ചു ഒക്കെ പോയെന്ന്.
പിന്നെ എല്ലായിടത്തും പോയി നോക്കിയപ്പോള്‍ മെയിന്‍ പേജ് മാത്രമേ ഉള്ളൂ.
ഓഫ്—- ഉമേഷ്ജീ.
ബിന്ദു | 01-Feb-07 at 3:28 pm | Permalink
ഞാനും ഒരോഫ് ആദ്യായിട്ട് അടിക്കട്ടെ.
ഈയിടെ ബീറ്റയിലേക്കു മാറിയതൊന്നും എനിക്കും കിട്ടുന്നില്ല. 🙁
ജ്യോതിര്‍മയി | 01-Feb-07 at 3:51 pm | Permalink
എന്നിട്ടുമെന്തിനോ….മാളോരിതെല്ലാരും..
ബീറ്റായിലേയ്ക്കു താന്‍ ചേക്കേറുന്നൂ…
പൂരണമല്ല, ഓഫാ 🙂
അല്ല, ഇനി ഇതാണിപ്പോ ഓണ്‍? 🙂
Yamini | 01-Feb-07 at 11:27 pm | Permalink
പേടിച്ചാണെങ്കിലും, ഞാനും ഒന്നു ശ്രമിച്ചു നോക്കട്ടെ…
ബ്ലോഗുലകത്തിലെ ശിശുവെന്നിരുന്നാലും
ഉമേഷേട്ടന്റെ ആരാധികയെന്നിരുന്നാലും
സമസ്യകളോടു കമ്പമില്ലെന്നിരുന്നാലും
ഒരു പൂരണമയയ്ക്കാനെനിക്കു കൊതിതോന്നിയതെന്തുകൊണ്ടോ…
ഒന്നുകൂടി,
കള്ളിയെന്ന പേരെനിക്കു കിട്ടിയെങ്കിലും
ഹൃദയങ്ങളൊരുപാടു കവര്ന്നവളെങ്കിലും
കണ്ണുനീര് ധാരാളമൊഴുക്കിയവളെങ്കിലും
ഒന്നുകൂടി പ്രണയിക്കാനെനിക്കു കൊതിതോന്നിയതെന്തുകൊണ്ടോ….
വൃത്തം ശരിയായോ എന്നറിയില്ല, നോക്കാനുമെനിക്കറിയില്ല.
ഞാനും എങ്ങനെ പാസ്സായൊ എന്തോ..
ഇഞ്ചിപ്പെണ്ണ് | 02-Feb-07 at 12:05 am | Permalink
ആ രണ്ട് പൂരണങ്ങളടുപ്പിച്ച് വന്നതിനാലും
മുന്‍പൊരു യാമിനിയെ കണ്ടിട്ടില്ലാത്തതിനാലും
ഇത് യാമിനിയല്ല, യക്ഷകനെന്ന് തോന്നുവാന്‍
എനിക്ക് കൊതി തോന്നിയതെന്തുകൊണ്ടൊ?
Yamini | 02-Feb-07 at 2:03 am | Permalink
അതേയ് ഉമേഷേട്ടാ
മുന്‍പു കണ്ടിട്ടുള്ളവരു മാത്രമെ കമന്റു ചെയ്യാവൂ എന്നുണ്ടൊ? ഈ ഇഞ്ചിക്കെന്നോടു കുശുംബാണോ?:-))
അല്ല്ലെങ്കിലേ എന്റെ മിഡില്‍ നെയിം(മൊഹിനി) വിളിച്ചു കൂവി നാശമാക്കി. പക്ഷെ അതു കൊള്ളില്ലാ കേട്ടോ, യാമിനി മതി.
Yamini | 02-Feb-07 at 2:13 am | Permalink
കമന്റിലെ രണ്ടാമത്തെ വരി ഇഞ്ചിക്കുള്ളതാണു, ഉമെഷേട്ടാ. കണ്ഫ് യൂഷന് വേണ്ട.
ഇഞ്ചിപ്പെണ്ണ് | 02-Feb-07 at 2:13 am | Permalink
ഹഹ..മുന്‍പ് സന്തോഷേട്ടന്റെ ഒരു പോസ്റ്റില്‍ ഇതുപോലൊരു ബാല്യകാല സഖി വന്നൊരു കമന്റിട്ടതിനാല്‍ ഞാനൊന്ന് സന്ദേഹിച്ചൂന്ന് മാത്രം. 🙂
ബ്ലോഗ് പ്രൊഫൈലുണ്ടൊ? ഞാന്‍ ക്ലിക്കിയിട്ട് ഗൂഗിള്‍ എന്നെ ഓടിച്ചു. പ്രൊഫൈല്‍ ഉണ്ടെങ്കില്‍ വന്നൊരു സ്വാഗതം പറയാന.അത്രേയുള്ളൂ.
യാതൊരു ദുരുദ്ദേശ്യവുമില്ല. 🙂
Yamini | 02-Feb-07 at 2:21 am | Permalink
ദുരുദ്ദേശ്യം മനഃസ്സിലിരിക്കട്ടെ…ഹ..ഹ…
എനിക്കു ബ്ലൊഗുമില്ല, ഉണ്ടാക്കാന്‍ ഉദ്ദേശ്യവുമില്ല.
ഞാന്‍ ഇഞ്ചിയെ വെല്ലുവിളിക്കുന്നു, ആരെന്നു കണ്ടുപിടി!!
സന്തോഷ് | 02-Feb-07 at 2:24 am | Permalink
യാമിനി, ഗണേശകുമാരന്റെ (സിനിമാ, രാഷ്ട്രീയം ഫെയിം) ഫാര്യയാണോ…
ഇഞ്ചിപ്പെണ്ണ് | 02-Feb-07 at 3:02 am | Permalink
ഉം.. ഉം.. സി ഐഡികളെ ഇറക്കണൊ ഇനി?വെല്ലുവിളികള്‍ അങ്ങിനെ വെറുതേ കളയാന്‍ ഉള്ളതല്ലല്ലൊ. എന്തെങ്കിലും ഫുഡുമായി ബന്ധമുണ്ടൊ? അല്ലെങ്കിലേ ഞാന്‍ യാമിനിക്കുട്ടിക്ക് എന്റെ ബ്ലോഗില്‍ ഒരു കാര്യം എഴുതിവെച്ചിട്ടുണ്ട്..ഒന്ന് വന്ന് നോക്കുമൊ? 😉
ആ, സാലിസ് ബറി എന്നൊരു സ്ഥലം അറിയുമൊ? അതോ ഇതൊരു നദിയൊ? 🙂
ഏവൂരാന് | 02-Feb-07 at 3:15 am | Permalink
രണ്ടാം ഖണ്ഡിക ക്വോട്ടിയാല്‍:
ഒരു പഞ്ചപാവമായ ഒരുത്തനുണ്ടായിരുന്നു. പഠിക്കാന്‍ തരക്കേടില്ല. രാഷ്ട്രീയമില്ല. യാതൊരു വിധ അലമ്പിനുമില്ല. സുന്ദരന്‍. സുശീലന്.
ആത്മകഥയുടെ ശകലമാണോന്നു ഒരു ശങ്ക തോന്നാതിരുന്നില്ല.
സുന്ദരന്‍ — എന്നു കണ്ടപ്പോള്‍ തീര്‍ച്ചയായി, അല്ല, അതു് ഉമേഷിന്റെ ആത്മകഥാശകലമല്ല… ആവാന്‍ വഴിയില്ല..! 🙂
🙂
അമല്‍ | 05-Feb-07 at 12:01 am | Permalink
ഈത്രേം പോസ്റ്റുകളും കമന്റുകളും കണ്ട്, മലയാളത്തില്‍ എന്തെങ്കിലും എഴുതാതിരിക്കാന്‍ വയ്യാത്തത്ര കൊതി തോന്നിയതു കൊണ്ടും,
ഇന്നലെ രാത്രി മുഴുവന്‍ ഇരുന്ന് “Malayalam font for mac”എന്നു ഗൂഗിളില്‍ പരതി പരതി കണ്ണു കഴച്ചതു കൊണ്ടും,
ഈന്നേവരെ കവിതയെന്നു കെട്ടാല്‍ ആ വഴി തിരിഞ്ഞു നോക്കാതിരുന്ന ഞാന്‍ ഇതാ എഴുതിപ്പോകുന്നു (മാക് മേടിക്കാന്‍ തോന്നിയതിനെ പറ്റി):
ധാരാളമുണ്ടു ഫോണ്ടുകള്‍ വിന്ഡോസിലെന്നാല്
മാറാത്ത ബഗ്ഗുകള്‍, വൈറസുകളെന്നു ചൊല്ലി,
താങ്ങാവിലക്ക്, മലയാളം ഫോണ്ടില്ലാത്തൊരു മാക്കു –
വാങ്ങാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ…
അക്ഷരത്തെറ്റുകളും, വൃത്തത്തെറ്റുകളും ബ്ലോഗു സിംഹങ്ങള്‍ ക്ഷമിക്കുക. ഈതെല്ലാം എഴുതിക്കഴിഞ്ഞു പോസ്റ്റു ചെയ്യണോ വേണ്ടയോ എന്ന ശങ്കയില്‍ ഇരിക്കുമ്പോള്‍ തോന്നിയത്:
ധാരാളമുണ്ടു ജോലികളതെല്ലാം മാറ്റിനിര്‍ത്തി,
ബ്ലോഗുസിംഹങ്ങള് മേയുമീക്കാട്ടിന് നടുവിലേക്ക്
തട്ടിക്കൂട്ടിയൊരു കൊച്ചു ശ്ലോകവുമായ്ച്ചെന്നു –
കേറാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?
ഒരു നാലുവരി എഴുതിയതിന്റെ അഹങ്കാരമേ! ദേ പിന്നേം നാലു വരി… എന്റമ്മോ! ഇനിയും കൂടുതല്‍ എഴുതാന്‍ തോന്നുന്നതിനു മുമ്പെ പോസ്റ്റു ചെയ്തേക്കാം.
ഉമേഷേട്ടനും, മറ്റു ചെറിയ/വലിയ കവികള്‍ക്കും പ്രണാമം!
അങ്ങനെ ഞാനും മലയാളത്തില്‍ ബ്ലോഗാന്‍ തുടങ്ങുന്നു… (അല്ല, ബ്ലോഗില്‍ കമന്റെഴുതാന്‍…)
ഏവൂരാന് | 05-Feb-07 at 1:25 am | Permalink
അമല്‍,
കഷ്ടിച്ചു രക്ഷപെട്ടതാണു, ഒരെണ്ണം ഞാനും almost വാങ്ങിപ്പോയേനെ — മലയാളം എഴുതുവാനുണ്ടായേക്കുന്ന പ്രശ്നങ്ങളോര്‍ത്ത് ഒടുക്കം വേണ്ടെന്നു വെച്ചതാണു —
അതിരിക്കട്ടെ, ഒരു മാക് യൂസറേ കിട്ടാന്‍ നോക്കിയിരിക്കുകയായിരുന്നു — എങ്ങിനെയാണു അതില്‍ മലയാളം എഴുതുകയെന്നോ, ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡാണോ, അതോ ട്രാന്‍സ്ലിറ്ററേഷന്‍ കീബോഡാണോ (ഉണ്ടോ എന്നു പോലും) എന്നൊക്കെ ഒന്നെഴുതുമോ വിശദമായി?
അമല്‍ | 05-Feb-07 at 3:34 am | Permalink
ഏവൂരാന് മാഷേ,
ഈത്രേം ഒക്കെ ഞാന്‍ കഷ്ടപ്പെട്ടു മാക്കില്‍ എഴുതിയതാനെന്നു തെറ്റിധരിച്ചെങ്കില്‍ ക്ഷമാപണം. ഇന്നലെ ഈ ബ്ലോഗു കണ്ടപ്പോള്‍ മുതല്‍ ശ്രമിച്ചിട്ടു ആകെ നടന്നതു അതിനെക്കൊണ്ടു മലയാളം എന്നു ഡിസ്പ്ലേ ചെയ്യിക്കാന്‍ മാത്രമേ പറ്റിയുള്ളു. അതും കൂട്ടക്ഷരം ഇല്ല. ഇടതുവശത്തു വരേണ്ട ചിഹ്നങ്ങള്‍ വലതുവശത്താണു വരുന്നത്….കഷ്ടം! [:(]
അവസാനം, ബില്ല് അങ്കിളിന്റെ സോഫ്റ്റ് വെയരിനെ തന്നെ ശരണം പ്രാപിച്ചു. ഒരു ഹിന്ദി പാട്ട് ഓര്‍മ്മ വരുന്നു…
Dekho chodke kis rasthe woh jaathe hai…
Saare rasthe vapas mere dekho aathe hai. (Taal)
ദയവായി ഹിന്ദിയില്‍ വായിക്കുക. തക്കതായ മലയാളം വരികളൊന്നും കിട്ടുന്നില്ല.
വരമൊഴിക്കു മാക് വേര്‍ഷന്‍ കണ്ടു. പക്ഷേ അതു യൂണിവേര്‍സല്‍ ബൈനറി അല്ല. ആയതുകൊണ്ടു അതു ഒാടുന്നില്ല.
പക്ഷേ എനിക്കു പ്രതീക്ഷ ഉണ്ട്. വരമൊഴി പേരാല്‍(Perl) ആണു. ഒരു ശ്രമം നടത്തി നോക്കട്ടെ, എന്താകുവൊ എന്തോ??
ഏവൂരാന് | 05-Feb-07 at 4:40 am | Permalink
അമല്‍,
മറുപടിയ്ക്ക് നന്ദി. ഒടുവില്‍ ഒരു എക്സ്.പി. ലാപ്ടോപ്പ് വാങ്ങിയെങ്കിലും അതു ക്ലീനാക്കി ഉബണ്ടു ലിനക്സിട്ടു (എഡ്ജി) — അതില്‍ മലയാളം നന്നായി (അല്പം ബാലാരിഷ്ടതയുണ്ടെങ്കിലും) സപ്പോര്‍ട്ടുണ്ട് — എഴുതുന്നതും അതുപയോഗിച്ചു തന്നെ. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
അറിഞ്ഞിടത്തോളം മാക് ഉപയോഗിക്കുന്നവരില്‍ ഒരാള്‍ മനോജാുണു് — കക്ഷിയുടെ രോദനങ്ങള്‍ ഇവിടെയും ഇവിടെയും കാണാം. 🙂
എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ മാകും മലയാളം പേശിത്തുടങ്ങും — 🙂
സിബുവിനു മാക് അക്സെസ്സ് ഉണ്ടോ എന്തോ?
ആവനാഴി | 16-Mar-07 at 2:12 am | Permalink
ഉമേഷേ,
അരവിന്ദന്റെ ശ്ലോകത്തിനു (നമ്പര്‍:4) സിദ്ധാര്ത്ഥന് (നമ്പര്‍:11) മാറ്റം വരുത്തിയതു താഴെ. അതിനു ഞാന്‍ മാറ്റം വരുത്തിയത് അതിനു താഴെ. അഭിപ്രായം അറിയിക്കുമല്ലോ.
ആപ്പീസിലേറെപണിയുണ്ടതുമല്ലയെന്റെ
ഭാര്യക്കു ഗര്‍ഭ,മതുമാദ്യ,മതിന്റെ പ്രശ്നം
നേരത്തിലില്ലയൊരു തുണ്ടുമികോഴ്സിലേക്കായ്
ചേരാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?
ആപ്പീസിലോ പണിയതേറെയതുണ്ടു പിന്നെ-
ബ്ഭാര്യക്കു ഗര്ഭമതുമാദ്യമതിന്റെ പ്രശ്നം
നേരത്തിലില്ലയൊരു തുണ്ടുമിടക്കുകോഴ്സില്
ച്ചേരാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?
സനാതനന് | 04-Mar-08 at 5:45 am | Permalink
ഗുരുകുലത്തിലെനിക്കും ഒരു സീറ്റ് തരണേ…
ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്ന സിദ്ധാര്‍ത്ഥനു നന്ദി.
ഇനി എന്റെ പരാക്രം 🙂
തിരുത്തണേ..
കൊക്കാകുമെന്ന കനവുണ്ടാകയാലെകാക്ക
ചാക്കാലയത്രയുമലഞ്ഞു കുളിച്ചപോലേ
ഒക്കാതിതെന്നു തിരിയാതെയണഞ്ഞു വൃത്തം
തീര്‍ക്കാനെനിക്കു കൊതിതോന്നിയതെന്തുകൊണ്ടോ?
Umesh:ഉമേഷ് | 04-Mar-08 at 7:52 am | Permalink
സനാതനാ,
പദ്യലോകത്തിലേക്കു സ്വാഗതം!
ഒന്നാം വരിയില്‍ ഒരു ചെറിയ പിശകേ ഉള്ളു വൃത്തത്തില്‍.
“കൊക്കാകുമെന്ന കനവുള്ളതു കൊണ്ടു കാക്ക”
എന്നാക്കിയാല്‍ വൃത്തം ശരിയാകും.
നല്ല പൂരണം. നന്ദി!
indiaheritage | 26-Mar-08 at 5:45 am | Permalink
നാലാംതരത്തിലവളൊരിക്കലടുത്തുവന്നു
മെല്ലെച്ചിരിച്ചു സഖിമാരൊരുമിച്ചു പോകും
നേരത്തു ചന്ദ്രമുഖിതന്മുഖമൊന്നുകൂടി
ക്കാണാനെനിക്കു കൊതിതോന്നിയതെന്തുകൊണ്ടോ