ശ്രീജിത്തിന്റെ കവിത (“മരണം”)-ഒരു മൊഴിമാറ്റം

പരിഭാഷകള്‍ (Translations)

ശ്രീജിത്ത് എഴുതിയ “മരണം” എന്ന കവിത വായിച്ചപ്പോള്‍ നാലു മുക്തകങ്ങള്‍ വായിക്കുന്ന സുഖം കിട്ടി. അവയെ ശ്ലോകങ്ങളായി മാറ്റിയെഴുതിയാലോ എന്ന തോന്നലിന്റെ ഫലമാണു് ഇതു്.

ലാപുടയുടെ കവിതയെ പദ്യത്തിലാക്കിയതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല. അതു വളരെ മോശമായിരുന്നു. അതിനെക്കാള്‍ കൊള്ളാം ഇതു് എന്നാണു് എന്നിലെ വിമര്‍ശകന്‍ പറയുന്നതു്.

ശ്രീജിത്തിന്റെ ആശീര്‍‌വാദത്തോടെ, പദ്യപരിഭാഷകള്‍ താഴെ. മൂലകവിതയില്‍ അദ്ദേഹത്തിനു് ഉള്‍ക്കൊള്ളിക്കാന്‍ പറ്റാത്ത (ചട്ടക്കൂടിന്റെ പ്രശ്നം ശ്രീജിത്തിനും ഉണ്ടായിരുന്നു എന്നു സാരം) ആശയങ്ങളും കൂടി ഉള്‍ക്കൊള്ളിക്കണം എന്നും ചില ഭാഗങ്ങള്‍ ഒന്നു കൂടി വ്യക്തമാക്കണം എന്നുമുള്ള നിര്‍ദ്ദേശമനുസരിച്ചു് ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്.

(മുക്തകങ്ങളല്ലേ, നാലും നാലു വൃത്തമായ്ക്കോട്ടേ എന്നും കരുതി 🙂 )

അമ്മയ്ക്കു് (കുസുമമഞ്ജരി)

ഉമ്മ വെച്ചു, മടിയില്‍ക്കിടത്തി, യലിവാര്‍ന്നു തന്റെ മുലയൂട്ടവേ
“അമ്മ”യെന്ന പദമാദ്യമന്‍‌പൊടു പറഞ്ഞ, തന്റെ തണലാകുവാന്‍
സമ്മതിച്ച, നിജരക്തജന്യനിവനെന്റെ വായ്ക്കരിയിടേണ്ടയാള്‍
ഉണ്മ വിട്ടിതു വിധം കിടന്നിടുവതമ്മയെങ്ങനെ സഹിച്ചിടും?

സഹോദരനു് (സ്രഗ്ദ്ധര)

കൂടെച്ചാടിക്കളിക്കാന്‍, ഇടയിലടി പിടിക്കാന്‍, പിണങ്ങാ, നിണങ്ങി-
ക്കൂടാന്‍, ചിത്തം തുറക്കാന്‍, ചുമലൊരഭയമായ് നല്‍കുവാന്‍, ചേര്‍ന്നുറങ്ങാന്‍,
പാടാന്‍ സന്മാര്‍ഗ്ഗ, മെന്നിട്ടതിനു പരിഭവം കേള്‍ക്കുവാന്‍, വന്‍ പ്രതാപം
നേടുമ്പോള്‍ ധന്യനാവാ, നിവനു പകരമായ്‌ക്കാണുവാ, നാരെനിക്കു്?

ഭാര്യയ്ക്കു് (പഞ്ചചാമരം)

കരം ഗ്രഹിച്ചു മാനസത്തിലന്‍‌പു കൊണ്ടു മൂടിയോന്‍,
കിനാക്ക, ളാശ, ദുഃഖമെന്നില്‍ നിന്നു നെഞ്ചിലേറ്റിയോന്‍,
സഖാവു, പുത്ര, നച്ഛനെന്നു സര്‍വ്വമായി ജീവിതം
സനാഥമാക്കിയോന്‍, പ്രിയന്‍-പിരിഞ്ഞിടുന്നതെങ്ങനെ?

മകനു് (ശാര്‍ദ്ദൂലവിക്രീഡിതം)

താങ്ങായും, തണലായു, മെന്നുമുപദേശാനുഗ്രഹം വിദ്യയും
വാങ്ങാനും, വഴിയായ്, കരുത്തു വഴിയും സാഹായ്യമായ്, ജ്ഞാനമായ്,
പാങ്ങായും, ധനമായു, മെന്നുമണയാനത്താണിയായ്, ജീവിതം
നീങ്ങാന്‍ മാതൃക താതനേകിന സുഖം പുത്രന്നു മറ്റെന്തിനി?

അടികള്‍ വരട്ടേ. ഞാന്‍ മുതുകത്തു പാള വെച്ചു കെട്ടിയിട്ടുണ്ടു് 🙂


ശ്രീജിത്തിന്റെ മൂലകവിത താഴെ:

അമ്മയ്ക്കു്

തന്‍മടിയിലെടുത്തു വളര്‍ത്തിയ, സ്നേഹത്തിന്‍ പാലാല്‍ ഊട്ടിയ,
ആദ്യമായി അമ്മേയെന്നു വിളിച്ച, തനിക്ക് തണലാകാനാശിച്ച,
തന്റെ തന്‍ ചോരയോടുന്ന, തന്റെ കര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്ന,
തന്‍പൊന്നോമനപ്പുത്രന്റെ വേര്‍പാടില്‍പ്പരം വേദന എന്തുണ്ടു്!

സഹോദരനു്

കൂടെക്കളിക്കുവാന്‍, ഇടയ്ക്കിടയ്ക്കടികൂടുവാന്‍, പിണങ്ങാന്‍ പിന്നെ ഇണങ്ങാന്‍
തന്‍ മനസ്സ് തുറക്കുവാന്‍, തോളത്ത് തലചായ്ക്കുവാന്‍, കെട്ടിപ്പിടിച്ചുറങ്ങാന്‍,
എന്നും കൂട്ടായിരിക്കാന്‍, സന്‍മാര്‍ഗ്ഗം കാണിക്കാന്‍, അതിനായി ചൊടിക്കാന്‍,
തന്നിലുമുയരാന്‍, തനിക്കു പകരമാകാന്‍; പ്രാണനെ‍ പിരിഞ്ഞാലും അവനോടാകുമോ!

ഭാര്യയ്ക്കു്

കരം ഗ്രഹിച്ചു മനസ്സില്‍ സ്വീകരിച്ചു തന്നെ സ്നേഹത്താല്‍ മൂടിയ,
തന്റെ ആശകള്‍, സ്വപ്നങ്ങള്‍, ദുഃഖങ്ങള്‍ എല്ലാം തന്റേതുപോലാക്കിയ,
സുഹൃത്തും പിതാവും മകനും എല്ലാമായ് തന്‍ ജീവിതം സഫലമാക്കിയ,
തന്‍ പ്രാണനാഥന്റെ വേര്‍പാടു താങ്ങുവാന്‍ കഴിയുമോ!

മകനു്

താങ്ങായും തണലായും, ഉപദേശമായും അനുഗ്രഹമായും
മാര്‍ഗ്ഗമായും കരുത്തായും വിദ്യയായും സഹായമായും,
അറിവായും ധനമായും സര്‍വ്വോപരി സംരക്ഷണമായും
ആ പിതാവ് തരേണ്ടുന്ന സന്തോഷമാകാന്‍ മറ്റെന്തിനു കഴിയും!