പ്രശസ്തമലയാളകവി സച്ചിദാനന്ദന് ഒരിക്കല്‍ എഴുതി: “നാല്പതു വയസ്സു കഴിഞ്ഞ എല്ലാവരെയും വെടിവെച്ചു കൊല്ലണമെന്നായിരുന്നു എനിക്കു ചെറുപ്പത്തിലുണ്ടായിരുന്ന അഭിപ്രായം. അതു തിരുത്തണമെന്നു് എനിക്കു് ഇപ്പോള്‍ തോന്നുന്നു. കാരണം എനിക്കു നാല്പതു വയസ്സായി.”
സത്യം. ചെറുപ്പത്തില്‍ “പരേതനു നാല്പതു വയസ്സായിരുന്നു” എന്നു ചരമവാര്‍ത്തയില്‍ വായിക്കുമ്പോള്‍, “ഇത്രയൊക്കെ ജീവിച്ചില്ലേ, ഇനി ചത്തുകൂടേ, എന്തിനാണു ഭൂമിക്കു ഭാരമായി ഇരിക്കുന്നതു്” എന്നു തോന്നിയിട്ടുണ്ടു്. നാല്പതുകളില് വിഹരിച്ചിരുന്ന രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ “യുവാവായ പ്രധാനമന്ത്രി” എന്നു പത്രക്കാര് വിളിച്ചപ്പോള്‍ ഇവന്മാര്ക്കെന്താ തലയ്ക്കു വട്ടുണ്ടോ എന്നു ശങ്കിച്ചവരാണു ഞങ്ങള്‍.
ഇരുപത്തിനാലു വയസ്സുള്ളവനാണു് അന്നത്തെ “പ്രായമായ” മനുഷ്യന്. മുപ്പതിനു മേലുള്ളവര്‍ വയസ്സന്മാര്.
കാലം കഴിയുന്നതോടെ ഈ അതിര്‍വരമ്പുകള്‍ ഉയര്‍ന്നു തുടങ്ങി. ഇപ്പോള്‍ ഇരുപത്തിനാലു വയസ്സുകാര്‍ പയ്യന്മാര്, നാല്‍പതുകാര്‍ ചെറുപ്പക്കാര്‍, അറുപതുകാര് മദ്ധ്യവയസ്കര്‍, എണ്‍പതുകാര്‍ വയസ്സന്മാര് എന്ന സ്ഥിതിയെത്തി. അതു് ഇനിയും മുകളിലേക്കു പോകും. പ്രേം നസീറിനെയും ദേവാനന്ദിനെയും (ദേവരാഗക്കാരനല്ല) പോലെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞാലും നിത്യയൌവനമാണെന്നു വിളിച്ചുകൂവും.
പറഞ്ഞുവന്ന കാര്യം പറഞ്ഞില്ലല്ലോ. എനിക്കു് നാല്പതു വയസ്സായി.
1965 നവംബര്‍ 22-ാം തീയതി എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടു് ഒരുമാസം മുമ്പു് ഞാന്‍ ഭൂജാതനായിട്ടു് ഇന്നു് നാല്പതു കൊല്ലം തികയുന്നു. ഇങ്ങനെ നിനച്ചിരിക്കാത്ത സമയത്തു വന്നതുകൊണ്ടു് സ്കൂളദ്ധ്യാപികയായിരുന്ന അമ്മയ്ക്കു് പ്രസവാവധി കാലേകൂട്ടി എടുക്കാന്‍ പറ്റാഞ്ഞതിനാല്‍ (അന്നൊക്കെ പ്രസവത്തിനു മുമ്പും പിമ്പും ഓരോ മാസം അവധി കിട്ടുമായിരുന്നു) എന്റെ ജനനത്തീയതി ഡിസംബറിലെ ഒരു ദിവസത്തിലേക്കു മാറ്റി. അതാണു് ഇപ്പോഴും എന്റെ ഔദ്യോഗിക ജനനത്തീയതി.
ജനനത്തീയതി മാറ്റുന്നതു് മലയാളികള്‍ക്കു പുത്തരിയല്ല. അധികം പേരെയും ജനിപ്പിക്കുന്നതു് മെയ്മാസത്തിലാണെന്നു മാത്രം. കേരളത്തിലെ സെന്‍സസ് പരിശോധിച്ചാല്‍ 90% ആളുകളും മെയ്മാസത്തില്‍ ജനിക്കുന്നതായി കാണാം. ഇതു ജൂലൈ മാസത്തിലെ കനത്ത മഴ മൂലമാണെന്നു് ആരും തെറ്റിദ്ധരിക്കേണ്ട. ദീര്‍ഘദര്‍ശികളായ കാരണവന്മാരുടെ ബുദ്ധിമൂലമാണെന്നു മനസ്സിലാക്കുക. ഇതിനെപ്പറ്റി ഗവേഷണം ചെയ്തതില്‍ നിന്നു മനസ്സിലായതു് ഇങ്ങനെ:
ഒരു കുട്ടിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കണമെങ്കില്‍ ജൂണ്‍ ഒന്നാം തീയതി അഞ്ചു വയസ്സു തികഞ്ഞിരിക്കണം. ജൂലൈയിലും ഓഗസ്റ്റിലുമൊക്കെ ജനിച്ചവര്‍ക്കു സത്യം പറഞ്ഞാല്‍ പിറ്റേ വര്‍ഷമേ ചേരാന്‍ പറ്റൂ. ഒരു വര്‍ഷം വൈകി സ്കൂളില്‍ ചേര്‍ന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞേ പഠിപ്പു കഴിയൂ. ഒരു വര്‍ഷം കഴിഞ്ഞു പഠിപ്പു കഴിഞ്ഞാല്‍ ഒരു വര്‍ഷം കഴിഞ്ഞേ ജോലി കിട്ടൂ. അതായതു പന്ത്രണ്ടു മാസത്തെ ശമ്പളം നഷ്ടമാകും. ആദ്യവര്‍ഷത്തിനു ശേഷം ശമ്പളക്കയറ്റം കൂടി കണക്കിലെടുത്താല്‍ പെന്‍ഷനാകും വരേക്കു കിട്ടുന്ന ശമ്പളത്തിന്റെ വ്യത്യാസവും, പിന്നെ പെന്‍ഷനിലുള്ള വ്യത്യാസവുമൊക്കെ കണക്കുകൂട്ടി നോക്കിയാല്‍ എത്ര രൂപയുടെ വ്യത്യാസമുണ്ടെന്നു നോക്കുക. ഇതു വെറുതേ കളയണോ? അതിനാല്‍ വയസ്സു കൂട്ടി ചേര്‍ക്കുകയല്ലാതെ മറ്റു വഴിയില്ല.
എന്നാല്‍പ്പിന്നെ ജൂണ്‍ 1-നു മുമ്പുള്ള ഏതെങ്കിലും തീയതി പോരേ? എന്തിനു മെയ്മാസത്തില്‍ത്തന്നെ? അതിനു കാരണം മറ്റൊന്നാണു്:
പണ്ടു സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പെന്‍ഷനാകുന്നതു് 55 വയസ്സു തികയുമ്പോഴാണു്. (ചിലടത്തു് ഇതു് 58-ഓ 60-ഓ ആകാം. എന്തായാലും നമ്മുടെ തിയറി മാറുന്നില്ല.) അതായതു്, 55 തികയുന്ന മാസത്തിലെ അവസാനത്തെ ദിവസത്തില്‍. ഉദാഹരണത്തിനു 1940 നവംബര്‍ 22-നു ജനിച്ചവന് 1995 നവംബര്‍ 30-നു പെന്‍ഷനാകും. ജനനത്തീയതി മെയിലേക്കു മാറ്റിയാല്‍ 1996 മെയ് 31-നേ പെന്‍ഷനാകൂ. അതായതു ആറു മാസം കൂടുതല്‍ ശമ്പളം കിട്ടുമെന്നര്‍ത്ഥം. പെന്ഷന് തുകയും കൂടും.
ചുരുക്കം പറഞ്ഞാല്‍ “വയസ്സു കൂട്ടി” ചേര്‍ത്താലും “വയസ്സു കുറച്ചു” ചേര്‍ത്താലും മൊത്തം ശമ്പളവും പെന്‍ഷനും കൂടിയ തുക maximise ചെയ്യാന്‍ ജനനത്തീയതി മെയ്-ല്‍ത്തന്നെ വേണമെന്നു് നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തി. കാല്‍ക്കുലസ് കണ്ടുപിടിച്ച ന്യൂട്ടണ്‍ സായ്പ് ഇതു വല്ലതും അറിഞ്ഞിരുന്നെങ്കില്‍ ഇവരെ പൂവിട്ടു തൊഴുതേനേ.
അതവിടെ നില്ക്കട്ടെ. പറഞ്ഞുവന്നതു ഞാന്‍ ഒരു മാസം മുമ്പു ജനിച്ചതിനെപ്പറ്റിയാണു്. അന്നു മുതല്‍ ഇന്നു വരെ ഞാന്‍ ഒരു കാര്യവും ചെയ്യേണ്ട സമയത്തു ചെയ്തിട്ടില്ല എന്നാണു പഴമക്കാര്‍ പറയുന്നതു്. ആദ്യമൊക്കെ എല്ലാം സമയത്തിനു മുമ്പു ചെയ്യുമായിരുന്നു. അമ്മയുടെ കൂടെ മൂന്നാം വയസ്സില്‍ സ്കൂളിലേക്കു പോയ ഞാന്‍ രണ്ടു കൊല്ലം വെറുതെ ഒന്നാം ക്ലാസ്സില്‍ ഇരുന്നു അതു മുഴുവന്‍ പഠിച്ചു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ രണ്ടാം ക്ലാസ്സിലെ കാര്യങ്ങള്‍ പഠിക്കാനായിരുന്നു കമ്പം. ഈ ശീലം സ്കൂള്‍ കഴിയുന്നതു വരെ തുടര്‍ന്നു. കോളേജില്‍ പോയതോടുകൂടി ഗതി നേരേ തിരിഞ്ഞു. എഞ്ചിനീയറിംഗിനു പഠിക്കുമ്പോള്‍ ആറാം സെമസ്റ്ററിലെത്തുമ്പോഴാണു മൂന്നാം സെമസ്റ്ററിലെ വിഷയങ്ങള്‍ പഠിച്ചതു്. പഠിത്തമൊക്കെ കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷമാണു പണ്ടു പഠിച്ചതൊക്കെ മനസ്സിലായിത്തുടങ്ങിയതു്.
സ്കൂള്‍ക്കുട്ടികള്‍ പഠിക്കുന്ന വൃത്തം, അലങ്കാരം, വ്യാകരണം, ഗുണനപ്പട്ടിക, പദ്യങ്ങള്‍, ചീട്ടുകളി, ചെസ്സുകളി ഇവയൊക്കെ പഠിക്കാനാണു് ഈയിടെയായി കമ്പം. എന്റെ പ്രായത്തിലുള്ളവര്‍ ചെയ്യുന്ന സ്റ്റോക്ക് മാര്‍ക്കറ്റ്, ബിസിനസ്സ്, വിസ വില്ക്കല്, പലിശയ്ക്കു കടം കൊടുക്കല്‍, നാട്ടില്‍ സ്ഥലം വാങ്ങിയിടല്‍, അതു പിന്നെ വില്ക്കല്, ഇന്റര്‍നെറ്റില്‍ നിന്നു വാങ്ങി മറിച്ചു വില്ക്കല്, അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളെപ്പറ്റി സംസാരിക്കല്‍ തുടങ്ങിയവയില്‍ കമ്പം എഴുപതു വയസ്സിലായിരിക്കും തുടങ്ങുക. ആര്‍ക്കറിയാം?
ഏതായാലും നാല്പതു വയസ്സായി. പഴയപോലെ ജന്മദിനത്തില് വലിയ സന്തോഷമൊന്നുമില്ല; പകരം ആശങ്കയാണു്. വെണ്ണിക്കുളത്തിന്റെ വരികള്‍ ഓര്‍മ്മ വരുന്നു:
വയസ്സു കൂട്ടുവാന്‍ വേണ്ടി
വന്നെത്തും ജന്മതാരകം
വൈരിയാണോ സുഹൃത്താണോ
വളരെസ്സംശയിപ്പു ഞാന്‍
ആദ്യമാദ്യമെനിക്കുണ്ടായ്
വളരാനുള്ള കൌതുകം
അതു വേണ്ടിയിരുന്നില്ലെ-
ന്നിപ്പോള്‍ തോന്നുന്നതെന്തിനോ?
പിന്തിരിഞ്ഞു നടന്നീടാ-
നാവാതുള്ളൊരു യാത്രയില്‍
പിറന്നാളുകളോരോന്നും
നാഴികക്കുറ്റിയല്ലയോ….
ഇത്രയും നേരം ബോറടിപ്പിച്ചതിനു് നിങ്ങള്‍ക്കെന്നെ വെടിവെച്ചുകൊല്ലാന്‍ തോന്നുന്നുണ്ടാവും, അല്ലേ?
സു | Su | 23-Nov-05 at 12:45 am | Permalink
സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.
ദേവരാഗം | 23-Nov-05 at 1:11 am | Permalink
ങേ?
സത്യം പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോന്നറിയില്ല, ഇക്കഴിഞ്ഞ ജന്മദിനപ്പിറ്റേന്ന്, ഒരു കട്ടന്‍കാപ്പിക്കു പുറത്ത് എന്റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതാ ഉമേഷ് പറയുന്നു. ചെറുപ്പരേഖ ഉയരുന്നതിനെക്കുറിച്ച്, രണ്ടാഴ്ച്ച പിറകോട്ടുപോയി മേയ് മുപ്പത്തൊന്നിനു ജനിച്ചതിനെക്കുറിച്ച് പത്രത്തില്‍ മുപ്പത്തേഴു വയസ്സുള്ള യുവാവ് ഹൃദയാഘാതത്താല്‍ മരിച്ചു എന്ന വാര്‍ത്ത കണ്ടിട്ട് മുപ്പത്തേഴു വയസ്സുള്ള യുവാവോ? റ്റൈപ്പ് സെറ്റ് ചെയ്തവന് കുടിച്ചിട്ടായിരിക്കും ഡ്യൂട്ടിക്കു വരുന്നതെന്ന് ചിന്തിച്ചതിനെക്കുറിച്ച്. ഞാനെല്ലാ കാര്യവും താമസിച്ചു ചെയ്യുന്ന നിലക്ക് ഉടനേ തന്നെ താഴെ തെരുവില്‍ ബ്രേക്ക് ഡാന്‍സ് മത്സരത്തിനു ചേരാനുള്ള സാധ്യതയെക്കുറിച്ച്.
വയസ്സു കൂടുമ്പോള്‍ എല്ലാവരും ഇങ്ങനെയൊക്കെ ചിന്തിക്കാറുണ്ടോ അതോ അതിശയകരമായ ഒരു യാദൃശ്ചിക സംഭവമോ?
ചെറുപ്പക്കാരന് ഉമേഷിന് മറ്റൊരു ചെറുപ്പക്കാരന്റെ ജന്മദിനാശംസകള്
-സുനില്‍- | 23-Nov-05 at 1:21 am | Permalink
“അമ്മയുടെ മൂന്നാം വയസ്സില്‍ സ്കൂളിലേക്കു പോയ ഞാന്‍” -umEshE ithippOLaa kaaNunnath~, iviTe oru vaakku viTTupOyO? naalppath~ vayassaayi! sugar? pressure? alla engane?
oru may muppatthonnukaaran -S-
(pinne enikk~ ‘sugar’ unTE, naalppathaaya vivaram aRiyikaan vEnTi vannathaann~ thOnnunnu! vayassaRiyikkEnTE!)
പെരിങ്ങോടന് | 23-Nov-05 at 1:23 am | Permalink
ഒരു മെയ് 11 കാരന്റെ (ഒഫീഷ്യലി മെയ് 30) വക 40 കാരനു് (24 കാരനെ സുഹൃത്തെന്നു് പേരെഴുതാന്‍ ദയവുകാണിച്ച പണ്ടത്തെയൊരു 39 കാരനെന്നു് എടുത്തെഴുതുന്നു) പിറന്നാള്‍ ആശംസകള്‍
നിങ്ങളെല്ലാം മുമ്പേ നടന്നു വഴി കാണിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങളെല്ലാം എന്തായേനെ എന്നാണെന്റെ വ്യഥ്യ.
കലേഷ് | kalesh | 23-Nov-05 at 1:23 am | Permalink
ലൈഫ് സ്റ്റാർട്ട്സ് ആഫ്റ്റർ 40 എന്ന് ആരോ പറഞ്ഞത് ഓർക്കുന്നു!
ജന്മദിനാശംസകൾ!!!
അതുല്യ :: atulya | 23-Nov-05 at 3:31 am | Permalink
ആറ്റുനോറ്റുണ്ടായോരുണ്ണി,
അമ്മ
കാത്തുകാത്തുണ്ടയൊരുണ്ണീ,
അമ്പാട്ടികാവിലെ കണ്ണന്റെ മുമ്പിൽ
അമ്മ
കുമ്പിട്ടു കിട്ടിയോരുണ്ണീ
ആ ഉണ്ണി അന്നോരുദിനം
ചുവടൊന്ന് വച്ചപ്പോൾ
അമ്മതൻ
നെഞ്ചിൽ
കുളിരാം കുരുന്നായിമാറിയോരുണ്ണീ……..
യവൌനം ഉദിച്ചിട്ടും ചെറുതായീല ചെറുപ്പം……..
പിറന്നാളാശംസകൾ!!
rocksea | റോക്സി | 23-Nov-05 at 7:10 am | Permalink
അപ്പോ നിങ്ങളൊക്കെ വയസന്മാരാ അല്ലേ! ഈ ബ്ലോഗ് വേണ്ടിവന്നു മനസ്സിലാക്കാന്‍. ഹി ഹി.
വയസ്സായപ്പോള്‍ ഉണ്ടായ കന്പങ്ങളില് ബ്ളോഗിങ്ങും കൂട്ടാമായിരുന്നു 😉
ആശംസകള്‍, എപ്പോഴും.
Umesh P Nair | 23-Nov-05 at 8:02 am | Permalink
സുനിലേ,
“അമ്മയുടെ മൂന്നാം വയസ്സ്” കലക്കി. 22 തീരുന്നതിനു മുമ്പു് എഴുതിത്തീര്‍ക്കാനുള്ള ശ്രമത്തില്‍ ഒരു “കൂടെ” വിട്ടുപോയി. നന്ദി.
വല്ലപ്പോഴും രക്തസമ്മര്‍ദ്ദം കൂടാറുണ്ടു്. വളരെയധികം കാര്യങ്ങള്‍ ഒരേ സമയത്തു ചെയ്യുന്നതുകൊണ്ടും, അവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ അവസാനനിമിഷത്തില്‍ മാത്രം ചെയ്യുന്നതുകൊണ്ടും, ഒന്നും സമയത്തിനു ചെയ്യുന്നില്ല എന്നു് എല്ലാവരില്‍ നിന്നും (ബ്ലോഗോസ്ഫിയറില്‍ നിന്നും കേള്‍ക്കാറുണ്ടു് – വാരഫലത്തെപ്പറ്റി) എപ്പോഴും കേള്‍ക്കുന്നതുകൊണ്ടും, വ്യായാമരഹിതമായ ജീവിതം കൊണ്ടും, പാരമ്പര്യം കൊണ്ടും ഒക്കെ സംഭവിക്കുന്നതാണിതു്. മറ്റു് അസുഖങ്ങളൊന്നുമില്ല.
റോക്സി,
ആലോചിച്ചതാണു് – ബ്ലോഗാനും സമയം വൈകിയില്ലേ എന്നു്. പിന്നെ നമ്മുടെ ചന്ദ്രേട്ടന്മാരെപ്പോലെയുള്ള (ബാലേന്ദു ഉള്‍പ്പെടെ) മഹാരഥന്മാരും ബ്ലോഗോസ്ഫിയറില്‍ വിഹരിക്കുന്നതോര്ത്തു് ബ്ലോഗിങ്ങിനു പ്രായഭേദമില്ല എന്നു തീരുമാനിച്ചു.
സു,
നന്ദി. എല്ലാവരും സു-ചേച്ചി എന്നു വിളിക്കുമ്പോള്‍ എനിക്കു് അതിനു പറ്റില്ല എന്നു മനസ്സിലായില്ലേ?
ദേവാനന്ദ്,
ഇതു കുറെക്കാലമായി ആരോടെങ്കിലും പറയണമെന്നോ എഴുതണമെന്നോ വിചാരിച്ചിരിക്കുകയായിരുന്നു. ബ്ലോഗിനു സ്തുതി. പിന്നെ നമ്മള് ഒരുപോലെ ചിന്തിച്ചതിനെപ്പറ്റി – “ഒരേ തൂവല്‍പ്പക്ഷികള്‍” എന്നോ, കുറെക്കൂടി അഹങ്കാരം കലര്‍ത്തി Great people think alike എന്നോ (ആരെങ്കിലും Foolish people too എന്നു പിന്മൊഴിയാന് സാദ്ധ്യതയുണ്ടു് 🙂 ) പറയാം.
പെരിങ്ങോടരേ,
മെയ് 11-നെ എന്തു കൊണ്ടു മെയ് 30 ആക്കി എന്നും പറഞ്ഞുതരാം. ചില ജോലികളില്‍ ജന്മദിനത്തിനു അടുത്തൂണ്‍ പറ്റുന്ന രീതിയുമുണ്ടായിരുന്നു. ഏതു ജോലി കിട്ടുമെന്നറിയില്ലല്ലോ, പറ്റിയാല്‍ 19 ദിവസം കൂടി ശമ്പളം കിട്ടിക്കോട്ടേ എന്നു കരുതിക്കാണും.
വയസ്സു കൂട്ടിച്ചേര്ത്തിട്ടു് മനസ്സിനു പക്വതയാകാതെ വലിയ കാര്യങ്ങള്‍ പഠിക്കേണ്ടിവന്ന കുട്ടികള്‍ തോറ്റും മാര്‍ക്കു കുറഞ്ഞും ബുദ്ധി മന്ദിച്ചും നഷ്ടപ്പെടുന്ന കാലങ്ങളെപ്പറ്റി ആരും ചിന്തിച്ചതായി തോന്നുന്നില്ല. ഈ കാല്‍ക്കുലസ് കേരളത്തിന്റെ മാത്രം കണ്ടുപിടിത്തമാണെന്നാണു് എന്റെ അറിവു്.
കലേഷ്,
40 വയസ്സായപ്പോഴേക്കും കുട്ടികളൊക്കെ ഒരു നിലയിലായി സ്വസ്ഥനായ ആരോ പറഞ്ഞതായിരിക്കും. എനിക്കു് ഒരു അഞ്ചുവയസ്സുകാരന് മാത്രമാണു സന്തതി എന്നു് ആലോചിക്കുക. ഒന്നാലോചിച്ചാല്‍, ജീവിതം തുടങ്ങുന്നതേ ഉള്ളൂ 🙂
അതുല്യേ,
“ആറ്റുനോറ്റുണ്ടായൊരുണ്ണി” തന്നെ. അതൊരു വലിയ കഥയാണു്. പെരിങ്ങോടനെയോ വിശാലമനസ്കനെപ്പോലെയോ ഉള്ളവര്‍ക്കു കിട്ടിയാല്‍ ഒരു കഥയാക്കിയേനേ. വളരെ നന്ദി. “വാര്‍ദ്ധക്യം വന്നു മൂത്തിട്ടും പോകുന്നില്ല കുട്ടിക്കളി” എന്നാണു് എന്റെ ഭാര്യയുടെ അഭിപ്രായം.
തെറ്റുകളും മറ്റും തിരുത്തി താമസിയാതെ റീ-പോസ്റ്റു ചെയ്യാം. അതു വരെ നമസ്കാരം പറയുന്നു (സരോജിനി ശിവലിംഗം – ശ്രീലങ്കാ പ്രക്ഷേപണനിലയം)
അനിൽ :Anil | 23-Nov-05 at 8:10 am | Permalink
ധൈര്യമായി പോന്നോളൂ ഉമേഷ്.
viswaprabha വിശ്വപ്രഭ | 23-Nov-05 at 11:07 am | Permalink
കൂടെ നടക്കാനിറങ്ങിയ ഒരു സഹയാത്രികന്റെ സമാശ്വാസാശംസകൾ!!!
കേരള ഫാർമർ/Kf | 23-Nov-05 at 4:41 pm | Permalink
അയ്യോ ഉമേഷേ ഞാനൊരു മഹാരഥനല്ല എന്നുമാത്രമല്ല വിദ്യാഭാസതിൽ എളിയവൻ, വയസിൽ മുന്തിയവൻ, കൃഷിപ്പണിയെന്നുപറയാൻ നാണമില്ലാത്തവൻ, തലമുടി കറുപ്പിനെക്കാൾ വെളുപ്പിൽ എണ്ണം കൂടുതലുള്ളവൻ, കണ്ണിന് വെള്ളെഴുത്ത് ബാധിച്ചവൻ, പ്രഷറും ഡയബറ്റീസും കൊളൊസ്ട്രോളും ഇല്ലാത്തവവൻ മുതലായവ. എനിക്കാദ്യം സംശയമായിരുന്നു നിങ്ങളോടൊപ്പം ബ്ലോഗാൻ പറ്റുമോന്ന്. കൈയക്ഷരം അഞ്ജലി കോണ്ട് മറയ്ക്കാം അറിവില്ലായ്മയും അക്ഷരതെറ്റും മറനീക്കി പുറത്തുവരുന്നു.
“ജന്മദിനാശംസകൾ”
വിശാല മനസ്കൻ | 23-Nov-05 at 7:36 pm | Permalink
ഉമേഷ് ജി, നേതാവേ… ധീരതയോടെ നയിച്ചോളൂ… ലക്ഷം ലക്ഷം പിന്നാലേ…! ആശംസ വൈകിയതിൽ ക്ഷമിക്കുക, അതികഠിനമായ ജോലിത്തിരിക്കിലാണിപ്പോൾ. ജീവിതത്തിലെ എല്ലാവിധ എൻജോയ്മെന്റും ഞങ്ങടെ പ്രിയപ്പെട്ട ഉമേഷിനുണ്ടാകട്ടെ..!
ഉമേഷ് പറഞ്ഞപോലെ മെയ് മുപ്പത്തൊന്നിനാണ് എന്റെയും റെക്കോഡിക്കൽ ഡേയ്റ്റോഫ് ബെർത്ത്. യഥാർത്ഥത്തിൽ ഞാനൊരു ധനുമാസം മുപ്പതിനാണ് പിറന്നതെന്ന് മാത്രമേ എന്റെ അച്ഛനും അമ്മക്കും അറിയുമായിരുന്നുള്ളൂ. വർഷം ഞാൻ തന്നെ മുൻകൈയ്യെടുത്ത് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു..! സത്യം.
എന്റെ ജനനസമയത്തെക്കുറിച്ച് യാതൊരു ധാരണ ആർക്കും അന്നും ഇന്നുമില്ല. അമ്മയോട് ചോദിക്കുമ്പോൾ അമ്മ പറയണ്, പ്രവിക്കാൻ നേരത്ത് ഞാൻ ക്ലോക്കെന്ന്വേഷിക്കാൻ നടക്കല്ലേന്ന്. അച്ഛൻ, അമ്മേനെ ലേബർ റൂമിൽ കയറ്റിയപ്പോൾ ധൈര്യത്തിന് ഡ്രൈയടിച്ച് ഓവറായി വാളും പരിചയുമായി കിടന്നും പോയി.
എന്തായാലും എന്റെ കല്യാണ ആലോചന നടക്കുമ്പോൾ, ഇതെനിക്ക് ഉപകാരപ്പെട്ടു. ജാതകം ചേരാത്ത ഒരു പ്രശ്നം എനിക്കുണ്ടായില്ല. റിക്വയർമെന്റനുസരിച്ച് കസ്റ്റമൈസ്ഡ് ആയി ഉണ്ടാക്കിയ ജാതകങ്ങളായിരുന്നു എന്റെ ‘എല്ലാ’ ജാതകങ്ങളും..!
സോനേടെ ഡാഡീ മാപ്പുതരൂ..!! എന്തൊക്കെയായിരുന്നു… എല്ലാ പൊരുത്തവുമെണ്ടെന്നുംപറഞ്ഞുള്ള ബഹളങ്ങൾ..! പാവങ്ങൾ.!
സ്വാര്‍ത്ഥന്‍ | 23-Nov-05 at 9:21 pm | Permalink
പ്രിയപ്പെട്ട ഉമേഷേട്ടാാാാാ:),
‘ബിലേറ്റഡ്’ പിറന്നാളാശംസകള്‍…
സ്വാര്‍ത്ഥനും വയസ്സ് കൂട്ടിയെഴുതിയവരുടെ ഗണത്തില്‍ പെടും. ജനനവും ഒരു കഥയാണ്. സൌകര്യം പോലെ ബ്ളോഗാം.
ആയുഷ്മാന്‍ ഭവ:
Thulasi | 23-Nov-05 at 10:24 pm | Permalink
നിങ്ങളൊക്കെ ചേർന്ന് കടം തന്ന വാക്കുകൾ കൊണ്ട് വൈകിയ വേളയിലൊരു ജന്മദിനാശംസ.
നളൻ | 30-Dec-05 at 9:18 am | Permalink
ഹാവൂ എന്റെ ജന്മദിനം നിങ്ങളൊക്കെക്കൂടി ഇവിടെ പൊടിപൊടിച്ചുവോ..നന്ദി.
പിന്നെ ഈ നാല്പതാം ജന്മദിനം എന്നൊന്നും ആരും ഇക്കാലത്തു പറയാറില്ല. പകരം ഇരുപത്തിയഞ്ചാം ജന്മദിനം പതിനഞ്ചാം തവണയെന്നൊക്കെയാ പറയാറ്. 🙂
പാപ്പാന് | 13-May-06 at 7:31 pm | Permalink
“കാണെക്കാണെ വയസ്സാകുന്നൂ ബ്ലോഗര്ക്കെല്ലാ, മെന്നാലുമേഷേ
വീണക്കമ്പി മുറുക്കുകയല്ലീ നവതാരുണ്യം നിന്‍തിരുവുടലില്‍“
എന്നാരോ പാടീട്ടില്ലേ മാഷേ?
Umesh | 13-May-06 at 7:38 pm | Permalink
എട്ടാം ക്ലാസ്സില്‍ ഓയെന്‍വിയുടെ “ഭൂമി” എന്ന കവിത പഠിച്ചിട്ടുണ്ടു്, അല്ലേ?
ഇതൊക്കെ കഴിഞ്ഞിട്ടു കുറെക്കാലമായല്ലോ പാപ്പാനേ.
ബാലചന്ദ്രന് | 02-Sep-06 at 4:49 pm | Permalink
നൂറില്‍ നൂറും ശരി!
wakaari | 02-Sep-06 at 4:59 pm | Permalink
ഉമേഷ്ജി, നാല്പതു വയസ്സും പന്ത്രണ്ട് മാസവും ആകുന്ന ശുഭമുഹൂര്‍ത്തത്തിനുള്ള ആശംസകള്‍ കാലേക്കൂട്ടി.
valayam | 02-Sep-06 at 5:30 pm | Permalink
വക്കാരിയുടെ കമന്റ് പിന്മൊഴിയില് കണ്ടപ്പോള്‍ ഓടിവന്നത് ആശംസകള്‍ നേരാനായിരുന്നു. വായിച്ച് വന്നപ്പൊഴാണ് തിയ്യതി നോക്കുന്നത്. (വക്കാരി ആള് കൊള്ളാം – ഉമേഷ്ജിക്ക് വയസ്സായീന്ന് പുതിയ ബ്ലോഗര്‍മാരെയൊക്കെ അറിയിക്കാന്‍ ചെയ്ത പൊടിക്കൈ !!)
lidiyajoy | 02-Sep-06 at 6:08 pm | Permalink
പിറന്നാളായിട്ട് ഞാനൊരാഗ്രഹം പറഞ്ഞാല്‍ എതിര് പറയരുത്..ഈ പുണ്യദേഹത്തിന്റെ ഒരു ഫോട്ടൊ കൂടി പതിച്ചിടൂ…ഒന്ന് കാണാനാ.
-പാര്‍വതി.
പച്ചാളം | 02-Sep-06 at 6:15 pm | Permalink
ഈശ്വരാ ഈ പോസ്റ്റിലെന്താ വര്‍ഷങ്ങളോളം കമന്റ് വന്ന് കൊണ്ടിരിക്കോ???
Su | 02-Sep-06 at 6:24 pm | Permalink
http://malayalam.usvishakh.net/blog/archives/category/photos/
ഇതൊക്കെ പിന്നെ എന്താ ലിഡിയയേ?
Su | 02-Sep-06 at 6:28 pm | Permalink
http://malayalam.usvishakh.net/blog/archives/category/photos/
ഇന്ന് ലിഡിയയുടെ പിറന്നാള്‍ ആണോ? നേരത്തെ പറയണ്ടേ 😉
antonymous | 02-Sep-06 at 7:17 pm | Permalink
കണ്ടേ. ഞമ്മളും കണ്ടേ. വ്യാഘ്രാകാരം വക്രോദരം കരിവദനം ഉമേശരൂപം (ഉമേഷേട്ടാ പിണങ്ങല്ലേ)
പാര്‍വതി | 02-Sep-06 at 7:30 pm | Permalink
സൂ.. പാരയാ അല്ലേ..
ഞാന്‍ ഈ ലിങ്ക് കണ്ടില്ല കെട്ടോ..ഈ എഴുത്തൊക്കെ വായിച്ചിട്ട് ഈ ടീമിനെ ഒന്ന് കാണണമെന്ന് തോന്നാന്‍ തുടങ്ങിയിട്ട് കുറെ കാലമായി.
ഡാങ്ക്സ് സൂ..
-പാര്‍വതി
Su | 03-Sep-06 at 11:19 am | Permalink
ലിഡിയ,
ഞാന്‍ പാരയാണെങ്കില്‍, ഈ ബ്ലോഗിന്റെ പേരു കൂടെച്ചേര്‍ത്ത് വായിക്കൂ. ഇക്കാലത്ത് ഒരു ഉപകാരം ചെയ്യാമെന്ന് വെച്ചാല്‍ പറ്റില്ല. അതു പാരയാക്കും 🙁
Su | 03-Sep-06 at 11:21 am | Permalink
ബ്ലോഗിന്റെയല്ല. പോസ്റ്റിന്റെ എന്ന് വായിക്കൂ.
അപ്പറഞ്ഞതും ഒരു പാരയാണെന്നും പറഞ്ഞ് ഉമേഷ്ജി ഇപ്പോ വരും.
🙁
അങ്കിള്‍ | 16-Jan-09 at 10:10 am | Permalink
“ഇങ്ങനെ നിനച്ചിരിക്കാത്ത സമയത്തു വന്നതുകൊണ്ടു് സ്കൂളദ്ധ്യാപികയായിരുന്ന അമ്മയ്ക്കു് പ്രസവാവധി കാലേകൂട്ടി എടുക്കാന്‍ പറ്റാഞ്ഞതിനാല്‍ (അന്നൊക്കെ പ്രസവത്തിനു മുമ്പും പിമ്പും ഓരോ മാസം അവധി കിട്ടുമായിരുന്നു) എന്റെ ജനനത്തീയതി ഡിസംബറിലെ ഒരു ദിവസത്തിലേക്കു മാറ്റി. അതാണു് ഇപ്പോഴും എന്റെ ഔദ്യോഗിക ജനനത്തീയതി.”
മേല്‍ക്കാണിച്ച വാചകം ഉമേഷിന്റെ പോസ്റ്റില്‍ നിന്നെടുത്തതു തന്നെയാണ്.
കാര്യം മനസ്സിലായിക്കാണും?. ദുഷ്ടാ… മുമ്പൊരിക്കല്‍ ഉമേഷ് ഒരദ്ധ്യാപികയുടെ മകനെന്ന് എഴുതിയപ്പോള്‍ (എവിടെയെന്നോര്മ്മയില്ല), ഒരു കോവലകൃഷ്ണന് എന്നെയെന്തെല്ലാം കളിയാക്കി. ഉമേഷ് എന്റെ സഹായത്തിനെത്തിയില്ല. എല്ലാം കണ്ടും കേട്ടും ചിരിക്കുകയായിരുന്നു അല്ലേ. എന്നിട്ട് ഉഹകച്ചവടത്തില് എനിക്ക് ഹരമാണുപോലും!!
ഏന്റെ നല്ലകാലം വന്നു തുടങ്ങുന്നു എന്ന് തോന്നുന്നു. അതുകൊണ്ടല്ലേ, രാജിന്റെ പോസ്റ്റ് വായിച്ചതും അതു വഴി ഈ പോസ്റ്റിലോട്ടെത്തപ്പെട്ടതും.
വായിൽക്കൊള്ളാത്ത തെറി നാട്ടുകാരെ മുഴുവൻ വിളിക്കുന്ന കോവാലകൃഷ്ണനോടു പ്രതികരിക്കുന്ന പതിവു ഞാൻ പണ്ടേ നിർത്തിയതാണു്. താങ്കളെ മാത്രമല്ല, കേരളഫാർമറെയും അഞ്ചരക്കണ്ടി കെ. പി. സുകുമാരനെയും മഹേഷ് മംഗലാട്ടിനെയും ഒക്കെ അവൻ സഭ്യമല്ലാത്ത ഭാഷയിൽ തെറി വിളിച്ചിട്ടുണ്ടു്. എന്നെയും പല തവണയായി ഷണ്ഡൻ എന്നു വിളിക്കുന്നു. ഇതിനൊക്കെ സമാധാനം പറയുവാൻ ആരെക്കൊണ്ടു കഴിയും?
അങ്കിളിന്റെ ഈ കമന്റിലെ അദ്ധ്യാപിക ആരാണെന്നു് അന്നു് എനിക്കു മനസ്സിലായില്ല. അതുകൊണ്ടാണു് അതു താഴെ ചോദിച്ചതു്. ആ പോസ്റ്റിൽ അദ്ധ്യാപികയെപ്പറ്റി പരാമർശമില്ലായിരുന്നല്ലോ. പിന്നെ അങ്കിൾ അതു വിശദീകരിച്ചിരുന്നു. ചില്ലിന്റെ വാദങ്ങൾക്കിടയിൽ അതിനു മറുപടി പറഞ്ഞില്ല, അത്ര മാത്രം.
പിന്നെ, എന്റെ ബ്ലോഗിൽ അങ്കിൾ ഈയിടെ ഇട്ട ഈ കമന്റിൽ ശനിയൻ എന്ന ബ്ലോഗറുടെ ആക്ടിവിറ്റിയെപ്പറ്റി ചോദിച്ചപ്പോഴാണു് ഞാൻ അതിനു കീഴെ കാണുന്ന മറുപടി ഇട്ടതു്. ആദിത്യനും ശനിയനും ബ്ലോഗിൽ ആക്ടീവ് അല്ല എന്നു ഞാൻ എവിടെയോ എഴുതിയതിനെയാണു (എവിടെയാണെന്നു തപ്പിയെടുക്കാൻ എനിക്കു സമയമുണ്ടായിരുന്നില്ല) താങ്കൾ ഉദ്ദേശിച്ചതെന്നു വ്യക്തം. അല്ലെങ്കിൽ താങ്കൾ എന്താണുദ്ദേശിച്ചതെന്നു വ്യക്തമാക്കാമോ? ആ പോസ്റ്റിൽത്തന്നെ മതി.
it doesn't matter | 09-May-11 at 5:11 pm | Permalink
സത്യത്തില്‍ ഈ നാല്പത് കഴിഞ്ഞവരെ ഒക്കെ വെടിവെച്ചുകൊല്ലേണ്ടതല്ലേ? വിഷമം കൊണ്ട് ചോദിച്ചുപോവുന്നതാണ്!