വിഫലമീ യാത്ര

കവിതകള്‍ (My poems)

1986-ലാണു്‌ ഞാന്‍ കക്കാടിന്റെ “സഫലമീ യാത്ര” വായിക്കുന്നതു്‌. ഇത്രയേറെ ഹൃദയത്തെ മഥിച്ച ഒരു കവിത അക്കാലത്തെങ്ങും വായിച്ചിരുന്നില്ല. ഒന്നു രണ്ടു ദിവസം കൊണ്ടു കവിത മുഴുവനും ഹൃദിസ്ഥമായി. കവിത ചൊല്ലാന്‍ പറ്റിയ വേദികളിലൊക്കെ അതു ചൊല്ലി. കേട്ട പലരെയും കരയിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം കക്കാടു മരിച്ചു. തീയതി ഓര്‍മ്മയില്ല. തിരുവാതിരയ്ക്കു്‌ കുറേ നാള്‍ മുമ്പാണെന്നു മാത്രമോര്‍മ്മയുണ്ടു്‌. രാത്രി ഉറങ്ങാന്‍ കഴിയാതെ ഇരിക്കുമ്പോള്‍, ആ പുസ്തകത്തില്‍ത്തന്നെ ഈ വരികള്‍ കുറിച്ചുവച്ചു. ഈ കവിത ആരുടെയെങ്കിലും പക്കലുണ്ടോ എന്ന പെരിങ്ങോടന്റെ ചോദ്യത്തിനുത്തരം കൊടുക്കാനായി പഴയ പുസ്തകം തപ്പിയെടുത്തപ്പോള്‍ ഇതു വീണ്ടും കിട്ടി. പെരിങ്ങോടന്റെ പ്രേരണയനുസരിച്ചു്‌ അതു്‌ എഡിറ്റുചെയാതെ ഇവിടെച്ചേര്‍ക്കുന്നു.

ഈ കവിത(?)യില്‍ കക്കാടിന്റെ “സഫലമീ യാത്ര”യുടെയും, ഒ. എന്‍. വി. യുടെ “ഭൂമിക്കു്‌ ഒരു ചരമഗീത”ത്തിന്റെയും, അയ്യപ്പപ്പണിക്കരുടെ “കാടെവിടെ മക്കളേ”യുടെയും പ്രേതങ്ങളല്ലാതെ മൌലികമായ ഒന്നും കാണാഞ്ഞതുകൊണ്ടു്‌ ഇതുവരെ ഇതു്‌ ആരെയും കാണിച്ചിട്ടില്ല. ആദ്യമായി കാണിക്കുന്നതു നിങ്ങളെ. എന്തും എഴുതിവിടാനുള്ള വേദിയാണല്ലോ ബ്ലോഗ്‌!

(വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു്‌ ഇതെഴുതുമ്പോള്‍ ഭാവിയില്‍ പോര്‍വിമാനങ്ങളുടെയും മിസൈലുകളുടെയും നാട്ടില്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യേണ്ടി വരുമെന്നു സ്വപ്നത്തില്‍പ്പോലും കരുതിയില്ല. അതും ഒരു നിയോഗമാവാം.)


ആതിര വരും മുമ്പു നീ പോയി, ധനുമാസ-
രാവുകളിലാര്‍ദ്രയെക്കണ്ടറിയുന്നവരാരുണ്ടു്‌?
കൈകോര്‍ത്തെതിരേല്‍ക്കുവാനുള്ളൊരാകാംക്ഷയാര്‍ക്കുണ്ടു്‌?
ശാന്തനായ്‌, സൌമ്യനായ്‌ നീയെതിരേറ്റു നിന്നാതിരയെ, നിന്നോടു
കൂടിയൊരു നല്ലൂന്നുവടിയായി നിന്നീക്കൊടും യാത്ര സഫലമാക്കീടാന്‍,
വരും കാലമെല്ലാത്തിരുവോണവും വിഷുവും വര്‍ഷവും
തരുവും സുമവും ഫലങ്ങളും
ഊഴമിട്ടൂഴമിട്ടണയവേ,
ശാന്തനായ്‌, സൌമ്യനായ്‌ നിന്നവയെല്ലാമെതിരേറ്റൊരാതിരയ്ക്കായ്‌ കാത്തു നില്‍ക്കാന്‍ കൊതിക്കുന്നു ഞാന്‍…


സഫലമാകാം നിന്റെ യാത്ര, പക്ഷേയിതിനെ
വിഫലമെന്നനുനിമിഷമോര്‍ക്കുന്ന ഞങ്ങള്‍ക്കു,
വിഫലമെന്നനുനിമിഷമറിയുന്ന ഞങ്ങള്‍ക്കു,
വിഷുവെവിടെ, യാതിരയുമോണവും വര്‍ഷവും
തളിര്‍പൂക്കള്‍ കായ്കളും തടിനികളുമെവിടെ?
ഇന്നവയൊക്കെ മരവിച്ചു പോയൊരിച്ചിത്തത്തിലെന്നോ മറഞ്ഞടിഞ്ഞോരു കബന്ധങ്ങള്‍ മാത്രമാം;
ഇരുപത്തിയൊന്നാം ശതാബ്ദത്തിലേക്കോടിയണയുന്ന മന്നിന്റെ മുന്‍കാലചരിതത്തിലെച്ചില മങ്ങിമറഞ്ഞ ദുരൂഹദുര്‍ഗ്രാഹ്യശിലാശാസനങ്ങളാം;


കുളിരെങ്ങു പോയെന്നറിയാത്തൊരാതിരയും,
അലര്‍കളെക്കണി കണ്ടിടാത്തതാമാവണിയും,
അവനിയെ മഴയാല്‍ മുടിക്കുന്ന മകരവും,
ശുനകരൊറ്റയ്ക്കു കൊയ്തീടുന്ന കന്നിയും,
പഴമൊക്കെയോര്‍മ്മയായ്‌ മാറിയ മേടവും,
ചുടുവെയിലില്‍ ദാഹജലമരുളാത്തൊരിടവവും,
പരിചിതമായിക്കഴിഞ്ഞിന്നു ഞങ്ങള്‍ക്കു
മിഴി പാര്‍ത്തു കാത്തിരിക്കുന്നതാ “കമ്പ്യൂട്ട”-
റരുളും മനോജ്ഞമാം “സോഷ്യലിസ”ത്തിനാം;
ചെവിയോര്‍ത്തു കാത്തിരിക്കുന്നതാപ്പോര്‍വിമാനങ്ങളുടെ,
കത്തിജ്വലിക്കും മിസൈലിന്റെ മധുരനാദത്തിനാം.


സഫലമല്ലീ യാത്ര, യനുനിമിഷമേറുമസംതൃപ്തി ഞങ്ങളുടെ-
യകതാരിനെക്കാര്‍ന്നു തിന്നുന്നു നിത്യവും.
സഫലമാവില്ലൊരു നാളുമീ യാത്ര, യീ
ധരയിലിനിയും – പ്രളയമുണ്ടാകണം, സകലമൊഴിയണം, പഴയതാമാലില പോലും നശിക്കണം –
പിന്നൊരു നൂതനഭൂമിയുമാകാശവും പിറന്നീടണം –
ഇനിയുമേതെങ്കിലും യാത്ര സഫലമായ്ത്തീരുവാന്‍!

(എഴുതിയതു്: 1987-ലോ 1988-ലോ)

2006 മാര്‍ച്ച് 4:

വിശ്വത്തിന്റെ കുറിപ്പില്‍ നിന്നു് കക്കാടിന്റെ മരണം 1987 ജനുവരി ആറിനാണെന്നു മനസ്സിലായി. ധനുമാസത്തിലെ തിരുവാതിരയ്ക്കു് ഏഴു ദിവസം മുമ്പു്. അപ്പോള്‍ ഞാന്‍ ഇതു് എഴുതിയതു് 1987 ജനുവരി ഏഴാം തീയതി കഴിഞ്ഞുള്ള രാത്രിയിലാവണം. നന്ദി, വിശ്വം!