കുട്ട്യേടത്തി അയച്ചു തന്ന ഈ മനോരമ ലിങ്കിലെ വസ്തുതകളെപ്പറ്റിയുള്ള ആദ്യത്തെ പ്രതികരണമാണിതു്.
ഈ പോസ്റ്റിന്റെ കമന്റില്‍ ഞാന്‍ “മനോരമ എഴുതിയിരിക്കുന്നതു് ടോട്ടല്‍ നോണ്‍സെന്‍സ് ആണു്…” എന്നെഴുതിയിരുന്നു. അതു തെറ്റാണു്. പതിനാറു കൊല്ലം മുമ്പുണ്ടായ ഒരു തര്‍ക്കത്തിന്റെ മുന്‍വിധിയില്‍ കണക്കൊന്നും കൂട്ടാതെ പറഞ്ഞതാണു്. ക്ഷമിക്കുക.
മനോരമ പറയുന്നതിലും കാര്യമുണ്ടു്. എങ്കിലും അവര്‍ പറയുന്നതു മുഴുവനും ശരിയല്ല. വിഷു 14-നു തന്നെ.
മനോരമ ലേഖനത്തിലെ പ്രധാന വസ്തുതകള്‍
- വി. പി.കെ. പൊതുവാള് ഗണിച്ച മാതൃഭൂമി പഞ്ചാംഗമനുസരിച്ചു് മേടസംക്രമം 14-നു വെളുപ്പിനു് 5:39-നാണു്. ഇതു തെറ്റാണു്.
- ശരിയായ മേടസംക്രമം വെളുപ്പിനു് 6:19-നാണു്. ഇതാണു് അധികഗണിതജ്ഞരും അംഗീകരിക്കുന്നതു്.
- സൂര്യോദയം വിവിധസ്ഥലങ്ങളില്‍ വിവിധസമയത്താണു്. തിരുവനന്തപുരം – 6:17, കൊച്ചി – 6:18, കോഴിക്കോടു് – 6:20, കണ്ണൂര്‍ – 6:20, കാസര്‍കോടു് – 6:20 എന്നിങ്ങനെയാണു്.
- തിരുവനന്തപുരത്തു് ഉദയത്തിനു ശേഷം രണ്ടു മിനിട്ടു കഴിഞ്ഞിട്ടാണു് മേടസംക്രമം. അതിനാല്‍ പിറ്റേന്നാണു വിഷുക്കണി.
എന്റെ നിരീക്ഷണങ്ങള്‍
ഞാന്‍ ജ്യോതിശ്ശാസ്ത്രം, കലണ്ടര്‍, കൊല്ലവര്‍ഷം തുടങ്ങിയവയുടെ ഗണിതക്രിയകള്‍ ഉള്‍ക്കൊള്ളുന്ന ഏതാനും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എഴുതിയിട്ടുണ്ടു്. മറ്റു പല രീതികള്‍ പോലെ interpolation പോലെയുള്ള ഏകദേശരീതികള്‍ ഉപയോഗിച്ചല്ല, ആധുനികശാസ്ത്രത്തിന്റെ ഡാറ്റ ഉപയോഗിച്ചാണു് ഇതുണ്ടാക്കിയിട്ടുണ്ടു്. ലോകത്തു പല സ്ഥലത്തു നിന്നും ഇറങ്ങുന്ന അല്‍മനാക്കുകളും പഞ്ചാംഗങ്ങളും ഉപയോഗിച്ചു് ഇതിന്റെ സാധുത സ്ഥിരീകരിച്ചിട്ടുണ്ടു്.
ഇതിന്റെ വെളിച്ചത്തില്‍ മുകളില്‍ പറയുന്ന നാലു വസ്തുതകളെ ഒന്നു പരിശോധിക്കട്ടേ.
- മനോരമ പറഞ്ഞതു ശരിയാണു്. മാതൃഭൂമിക്കും പൊതുവാളിനും തെറ്റുപറ്റിപ്പോയി. എന്റെ കണക്കുകൂട്ടലില്‍ 6:15-നാണു മേടസംക്രമം. പൊതുവാളിന്റെ 5:39 ഒരു ഭീമാബദ്ധമാണു്.
- ശരിയായ മേടസംക്രമം വെളുപ്പിനു് 6:15-നാണു്. അധികഗണിതജ്ഞരും അംഗീകരിക്കുന്ന മൂല്യമെന്നു മനോരമ പറയുന്ന സമയത്തെക്കാള്‍ നാലു മിനിറ്റു മുമ്പു്. (ഈ നാലു മിനിറ്റ് ഇവിടെ വളരെ വലുതാണേ!)
- ഇവിടെയും മനോരമ ശരിയാണു്. കേരളത്തിലെ വിവിധസ്ഥലങ്ങളിലെ ഉദയം താഴെച്ചേര്‍ക്കുന്നു:
സ്ഥലം അക്ഷാംശം രേഖാംശം ഉദയം മനോരമ (ഡിഗ്രി:മിനിട്ട് N) (ഡിഗ്രി:മിനിട്ട് E) (AM IST) (AM IST) പാറശ്ശാല 08:28 76:55 06:17 തിരുവനന്തപുരം 08:29 76:59 06:17 06:17 ശബരിമല 09:22 76:49 06:17 കൊച്ചി 09:58 76:17 06:18 06:18 ആലുവ 10:07 76:24 06:18 ഗുരുവായൂര്‍ 09:34 76:31 06:18 06:18 പാലക്കാടു് 10:46 76:39 06:16 കോഴിക്കോടു് 11:15 75:49 06:19 06:20 കണ്ണൂര്‍ 11:52 75:25 06:20 06:20 കാസര്‍കോടു് 12:30 75:00 06:22 06:22 - ഇവിടെ മനോരമയ്ക്കും കേരളസര്‍ക്കാരിനും തെറ്റുപറ്റി. ഇവയില്‍ ഒരു സ്ഥലത്തും ഉദയത്തിനു ശേഷമല്ല മേടസംക്രമം. അതിനാല്‍ എല്ലായിടത്തും വിഷു 14-നു തന്നെ.
ഇതില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നതു് ഇതാണു്: മാതൃഭൂമി പഞ്ചാംഗം ഗണിച്ച വി. പി. കെ. പൊതുവാളിനു് ഒരു വലിയ അബദ്ധം പറ്റിപ്പോയി. മനോരമ അതു കണ്ടുപിടിച്ചു. തൊണ്ണൂറുകളുടെ ആദ്യം സംഭവിച്ച ക്ഷീണം വിട്ടുമാറാത്ത (അന്നു് ഇതുപോലൊരു തര്‍ക്കമുണ്ടായിട്ടു് മാതൃഭൂമിയുടെ വാദമാണു ശരിയെന്നു തീരുമാനമുണ്ടായി) മനോരമ ഈ അവസരം ശരിക്കു വിനിയോഗിച്ചു. പക്ഷേ ഇതു മൂലം വിഷുവിന്റെ തീയതി തെറ്റിയിട്ടില്ല. സര്‍ക്കാരിന്റെ കലണ്ടറിലെ തെറ്റു് വികലമായ കണക്കുകൂട്ടലിന്റെ ഫലമാണു്.
തമിഴ്നാട്ടില്‍ 15-നാണു വിഷുക്കണി എന്നു മനോരമ പറയുന്നതു ശരിയാണു്. കുറച്ചുകൂടി കിഴക്കുള്ള അവര്‍ക്കു സൂര്യന് അല്പം നേരത്തെ ഉദിക്കും. അതുകൊണ്ടു് സൂര്യോദയത്തിനു ശേഷമേ മേടസംക്രമം ഉണ്ടാവുകയുള്ളൂ.
അതിനാല്‍, കേരളത്തിലും അതിനു പടിഞ്ഞാറോട്ടു് അമേരിക്ക വരെയുള്ളവര്‍ 14-നു തന്നെ വിഷു ആഘോഷിച്ചു കൊള്ളൂ. കേരളത്തിനു കിഴക്കുള്ളവള്‍ 15-നാണെന്നു തോന്നുന്നു. വക്കാരി ഏതായലും 14-നു തന്നെ ആഘോഷിക്കൂ. 15-നു വേണോ എന്നു് ഞാന്‍ ഒരു ദിവസത്തിനകം പറയാം.
തോന്നുന്നു എന്നു പറഞ്ഞതു് എന്റെ അറിവുകേടു കൊണ്ടാണു്. വിഷു എന്നും മേടം 1-നാണെന്നാണു ഞാന്‍ കരുതിയിരുന്നതു്. അല്ലെന്നു തോന്നുന്നു. വിശദമായി അന്വേഷിച്ചതിനു ശേഷം അതിനെപ്പറ്റി എഴുതാം. മേടം 1 ഏതായാലും 14-നു തന്നെ.
വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന തര്‍ക്കം ഒന്നാം തീയതിയെപ്പറ്റിയായിരുന്നു. വിഷുവാണോ ആണ്ടുപിറപ്പാണോ (ചിങ്ങം 1) എന്നു് ഓര്‍മ്മയില്ല.
മലയാളമാസം ഒന്നാം തീയതി കണ്ടുപിടിക്കുന്നതു് ഇങ്ങനെയാണു്:
സൂര്യന് മീനത്തില്‍ നിന്നു മേടത്തിലേക്കു കടക്കുന്നതു് (മേടസംക്രമം) എപ്പോഴാണെന്നു നോക്കുക. (കലണ്ടറില്‍ കാണും. അല്ലെങ്കില്‍ കണക്കുകൂട്ടുക.)
ഈ സമയം മദ്ധ്യാഹ്നം കഴിയുന്നതിനു മുമ്പാണെങ്കില്‍, ആ ദിവസം തന്നെ ഒന്നാം തീയതിയും വിഷുവും. മദ്ധ്യാഹ്നത്തിനു ശേഷമാണെങ്കില്‍ പിറ്റേന്നും.
ഇനി, “മദ്ധ്യാഹ്നം കഴിയുക” എന്നു വെച്ചാല്‍ നട്ടുച്ച കഴിയുക എന്നല്ല. ഒരു പകലിനെ അഞ്ചായി വിഭജിച്ചതിന്റെ (പ്രാഹ്ണം, പൂര്‍വാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം, സായാഹ്നം) മൂന്നാമത്തെ അഹ്നമാണു മദ്ധ്യാഹ്നം. അതുകൊണ്ടു “മദ്ധ്യാഹ്നം കഴിയുക” എന്നു പറഞ്ഞാല്‍ ദിവസത്തിന്റെ അഞ്ചില്‍ മൂന്നു സമയം കഴിയുക എന്നാണു്. ഉദയവും അസ്തമയവും എപ്പോഴെന്നു നോക്കീട്ടു കണക്കാക്കണം. (ലോകത്തിന്റെ പല ഭാഗത്തു് ഇതു പല സമയത്താണെന്നു് ഓര്‍ക്കണം.) ആറു മണി മുതല്‍ ആറു മണി വരെയുള്ള ഒരു പകലില്‍ ഇതു് ഏകദേശം 1:12 PM-നു് ആയിരിക്കും. (ഇതായിരുന്നു മാതൃഭൂമിയും മനോരമയും തമ്മിലുള്ള തര്‍ക്കം. മനോരമ ഉച്ച എന്നു കരുതി. ആ വര്‍ഷം സംക്രമം 12 മണിക്കും 1:12-നും ഇടയ്ക്കായിരുന്നു)
പിന്നെ, വടക്കേ മലബാറില്‍ ഈ പ്രശ്നമൊന്നുമില്ല. അവിടെ എപ്പോഴും പിറ്റേ ദിവസമാണു് ഒന്നാം തീയതി. ഇതും മാതൃഭൂമി കലണ്ടറില്‍ കാണാം. “വടക്കേ മലബാറില്‍ ചിങ്ങം … ദിവസം. … -നു കന്നി 1.” എന്നിങ്ങനെ. സൂക്ഷിച്ചു നോക്കിയാല്‍, ആ മാസങ്ങളുടെ സംക്രമം മദ്ധ്യാഹ്നം കഴിയുന്നതിനു മുമ്പാണെന്നു കാണാം.
പൊതുവാള് അല്പം കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. ഇതുവരെ മാതൃഭൂമി കലണ്ടറിനെ വലിയ വിശ്വാസവും ബഹുമാനവുമായിരുന്നു. (നാട്ടില്‍ പോയ ഒരു സുഹൃത്തിനോടു പറഞ്ഞു് ഇന്നലെ ഒന്നു കിട്ടിയതേ ഉള്ളൂ.) അതു പോയിക്കിട്ടി.
മനോരമയും അതേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നു തോന്നുന്നു.
(ദയവായി ഇതുകൂടി വായിക്കുക.)
Umesh | 13-Apr-06 at 2:22 am | Permalink
വിഷു എന്നാണെന്നതിനെപ്പറ്റി മാതൃഭൂമിയുടെയും മനോരമയുടെയും തര്ക്കത്തെപറ്റിയും അതിനെപ്പറ്റി എന്റെ വിശകലനവും ഇവിടെ വായിക്കാം.
Umesh | 13-Apr-06 at 2:25 am | Permalink
വിഷു 14-നോ 15-നോ ആയിട്ടു് എന്തിനാ ആളുകള്‍ ഇത്ര നേരത്തേ ആശംസകള്‍ പറയുന്നതു് എന്നെനിക്കു മനസ്സിലാവുന്നില്ല. എല്ലാരും അവധിയെടുത്തു വീട്ടില്‍ പോവാ?
രാജ്നായര്‍ | 13-Apr-06 at 5:42 am | Permalink
തമിഴ്നാടും ബീഹാറും നേപ്പാളും പഞ്ചാബുമെല്ലാം വിഷുദിനം പുതുവത്സരദിനമായി ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ മാത്രം ചിങ്ങം ഒന്നു് എങ്ങിനെയാണു വര്‍ഷാരംഭമായി തീര്‍ന്നതു്? ആഴ്ചവട്ടങ്ങളും മാസപ്പേരുകളും ചൊല്ലിപ്പഠിച്ചതും “മേടം, ഇടവം..” എന്നിങ്ങനെ ആയിരുന്നു.
Umesh | 13-Apr-06 at 6:12 am | Permalink
തമിഴ്നാട്ടിലെ കലണ്ടറിലെ ആദ്യത്തെ മാസം ഓഗസ്റ്റില്‍ തുടങ്ങുന്ന ആവണിയാണു്. (ശ്രാവണത്തിനു തുല്യം). ചൈത്രത്തിനു തുല്യമായ ചിത്തിരയല്ല. വിഷുവിനടുപ്പിച്ച പുതുവത്സരം കണ്‍സെപ്ച്വല്‍ മാത്രമാണു് – നമുക്കു് വിഷുവെന്നതുപോലെ.
ഈ നാട്ടിലെയൊക്കെ പുതുവത്സരം ഏകദേശം മാര്‍ച്ച് 21-നല്ലേ? വിഷുവിനല്ലല്ലോ. ശരിക്കു് വിഷുവും അപ്പോഴാണു വരേണ്ടതു്. അതിനെപ്പറ്റി വിശദമായി ഉടനെ എഴുതാം.
ജ്യോതിഷപാരമ്പര്യമുള്ള ഒരു കുടുംബത്തിലാവണം പെരിങ്ങോടന് വളര്‍ന്നതു്. അതാണു “മേടം, ഇടവം…” എന്നു ചൊല്ലിപ്പഠിച്ചതു്. എന്നെപ്പോലെയുള്ള സാമാന്യജനം “ചിങ്ങം, കന്നി…” എന്നുതന്നെയാണു പഠിച്ചതു്.
അരവിന്ദന് | 13-Apr-06 at 9:20 am | Permalink
അതെ. ഞാനും, ചിങ്ങം, കന്നി എന്നാണ് പഠിച്ചത്!
ഉമേഷ്ജിയെഴുതുന്നു – “തോന്നുന്നു എന്നു പറഞ്ഞതു് എന്റെ അറിവുകേടു കൊണ്ടാണു്.“
ഉമേഷ്ജിയുടെ അറിവുകേട്..എന്നെപ്പോലെയുള്ളവരുടെ അറിവുകേട്.
അറിവുകേടുകള്ക്ക് പല തലങ്ങള്‍ ഉണ്ടെന്നു മനസ്സിലായി.
ഇത്രയും അറിവ് കിട്ടുന്ന അല്ലെങ്കില്‍ എനിക്കറിയാത്തതെന്തൊക്കെ നമ്മുടെ മലയാളത്തിലും ഭാരതീയശാസ്ത്രങ്ങളിലും, നാട്ടറിവുകളിലുമുണ്ടെന്ന് കാട്ടിത്തരുന്ന മറ്റൊരു ബ്ലോഗില്ല.
ഒറ്റ സംശയമേയുള്ളൂ..ഉമേഷ്ജി ഇതൊക്കെ എങ്ങനെയിങ്ങനെ??? അപാരം!
v.m | 13-Apr-06 at 9:29 am | Permalink
ജെബല്‍ അലി യില്‍ നിന്ന് ഉമേഷ് ജിക്ക് ‘ഒരു നമിക്കല്‍‘ ഇവിടെ രേഖപ്പെടുത്തുന്നു.
കലേഷ് | 13-Apr-06 at 12:39 pm | Permalink
ഉം അല്‍ കുവൈനില്‍ നിന്നും ഉമേഷേട്ടന് ഒരു നമിക്കല്‍ ഇവിടെ രേഖപ്പെടുത്തുന്നു. സത്യമായും ആകെ കണ്‍ഫ്യൂസ്ഡ് ആയിരുന്നു ഈ ഇഷ്യൂല്.
wakaari | 13-Apr-06 at 1:11 pm | Permalink
ടോക്യോവില്നിന്നും ഉമേഷ്ജിക്ക് വക്കാരിവക ഒരു “നമിക്കല്‍” ഇവിടെ രേഖപ്പെടുത്തുന്നു.
ശരിക്കും താങ്കളെ നമിക്കുന്നു. ഇങ്ങിനെ പലര്‍ക്കും അറിയില്ലാത്ത എത്രയെത്ര കാര്യങ്ങള്‍ നമ്മുടെ കേരള ഭാരത ശാസ്ത്രങ്ങളിലുണ്ട്. ഇതെല്ലാം നേരാംവണ്ണം ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ടോ ആവോ. ഇതിനെപ്പറ്റിയൊക്കെ നല്ലരീതിയിലുള്ള പഠനങ്ങളും ഉണ്ടോ ആവോ.
ഇനിയും താങ്കളുടെ ഇതുപോലുള്ള അറിവുകള്‍ ഞങ്ങളെല്ലാവരുമായി പങ്കുവെയ്ക്കണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നതിനോടൊപ്പം താങ്കള്‍ക്കും കുടുംബത്തിനും ഒരിക്കല്‍ക്കൂടി വിഷുവിന്റെ മംഗളാശംസകള്‍ നേരുന്നു.
നന്ദി. നമസ്കാരം.
ജയ് ഹിന്ദ്.
Umesh | 13-Apr-06 at 2:35 pm | Permalink
(ദയവായി ഇതുകൂടി വായിക്കുക.)
kuttyedathi | 13-Apr-06 at 6:07 pm | Permalink
രണ്ടും വായിച്ചു.
മനസ്സിലായതിതൊക്കെയാണ്.
1. കേരളത്തിലുള്ള ജനങ്ങളെല്ലാവരും 6.15 നു ശേഷമേ കണി കാണാന്‍ പാടുള്ളൂ. (അല്ലെങ്കില്‍ മീനക്കണി ആയി പോകില്ലേ )
2. പാറശാലയിലും തിരുവനന്തപുരത്തും ചെങ്ങന്നൂരുമൊക്കെയുള്ളവര് 6.17 നു മുന്‍പു കണി കണ്ടിരിക്കണം താനും. (ഉദയത്തിനു മുന്‍പു കണി കാണണമെന്നല്ലേ ?)
atulya | 13-Apr-06 at 6:19 pm | Permalink
Hi Umeshji,
I was about to cut vegetables at late night for tommorrow sadya. (photos being uploaded), then i thought, let me check up blog. I was really stunned to read these. I think I had a wonderful “Kani” before seeing the actual kani tommorrow morning as per your said timing. Hats off to you Sir. Let Guruvayoorappan bless you and family with continued peace and prosperity.
Good work,and happy vishu to you once again.
Umesh | 13-Apr-06 at 6:23 pm | Permalink
അറിയില്ല കുട്ട്യേടത്തീ. ഇതുവരെ അറിയാവുന്ന വിവരം വെച്ചു ശരിയാണു്.
ഈ കണികാണല്‍ നിയമങ്ങളൊക്കെ ഞാന്‍ മനോരമ ലേഖനത്തില്‍ നിന്നാണറിഞ്ഞതു്. ഇന്റര്‍നെറ്റില്‍ കാര്യമായ വിവരമൊന്നുമില്ല. ആചാരങ്ങളെപ്പറ്റി എനിക്കു വലിയ പിടിയില്ല താനും. 6:15-നും 6:17-നും ഇടയ്ക്കു കണി കാണണമെന്നു പറയുന്നതു് അല്പം ബുദ്ധിമുട്ടല്ലേ?
പിന്നെ രണ്ടു സമയങ്ങള്‍ വളരെ അടുത്തു വന്നാല്‍ (ഉദാഹരണത്തിനു്, ഉദയത്തിനു ശേഷം ഒന്നോ രണ്ടോ മിനിട്ടിനു ശേഷം ഒരു നക്ഷത്രം മാറി വേറൊന്നായാല്‍ രണ്ടാമത്തെ നക്ഷത്രം കണക്കാക്കാണം എന്നതു് – സാധാരണ ഉദയനക്ഷത്രമാണു് അന്നത്തെ നക്ഷത്രം) ആ കാലയളവിനെ നിരാകരിക്കണം എന്നൊരു വിധിയുണ്ടു്. പക്ഷേ ഈ കാലയളവു് എത്രയാണെന്നതിനു പല അഭിപ്രായങ്ങളുമുണ്ടു്. അതു് ഇവിടെയും ബാധകമാണെങ്കില്‍ 15-നു കണി കാണുന്നതു തന്നെ നല്ലതു്.
ആചാരങ്ങളില്‍ വിശ്വാസമുള്ളവര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ യുക്തം പോലെ ചെയ്യുക. കണക്കുകൂട്ടലുകള്‍ ഇനിയും ആവശ്യമെങ്കില്‍ ഞാന്‍ സഹായിക്കാം.
Umesh | 13-Apr-06 at 6:28 pm | Permalink
അതുല്യേ,
നന്ദി. ഇപ്പോഴും ഞാന്‍ പറഞ്ഞതു ശരിയെന്നു് അവകാശപ്പെടുന്നില്ല. മാതൃഭൂമി – മനോരമ തര്‍ക്കത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ അറിഞ്ഞിട്ടു് പോസ്റ്റ് അപ്ഡേറ്റ് ചെയ്യാം.
kuttyedathi | 13-Apr-06 at 7:34 pm | Permalink
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി പുലര്‍ച്ചെ 2.30 നു എന്നു മംഗളം പറയുന്നു.
ശബരിമലയില്‍ രാവിലെ നാലര മുതല്‍ കണി എന്നും കണ്ടു.
അപ്പോള്‍ മേടസംക്രമം കഴിഞ്ഞിട്ടേ കണി കാണാവൂ എന്നതില്‍ വലിയ കാര്യമൊന്നുമില്ലാരിക്കുമല്ലേ ?
Umesh | 13-Apr-06 at 7:40 pm | Permalink
ഞങ്ങളിതൊന്നും നോക്കാറില്ലായിരുന്നു കുട്ട്യേടത്ത്യേ. വിഷുവിന്റന്നു രാവിലെ എഴുനേല്ക്കും. കണ്ണടച്ചുകൊണ്ടു വിളക്കിന്റടുത്തു പോകും. കണി കാണും. സൂര്യനുദിച്ചോ ഇല്ലയോ എന്നു പലപ്പോഴും ശ്രദ്ധിക്കാറില്ല. മിക്കവാറും ഉദയത്തിനു മുമ്പായിരിക്കും. കുളിക്കാതെ വിളക്കിനടുത്തു പോകാന്‍ അനുവാദമുള്ള ഒരേയൊരു ദിവസം.
ഗുരുവായൂരെയും ശബരിമലയിലെയും വാര്‍ത്തകള്‍ കാട്ടിയതിനു നന്ദി. മീനക്കണി കാണുന്നതു കൊണ്ടു കുഴപ്പമില്ലായിരിക്കും. മേടസംക്രമം വരെ നില്‍ക്കണം എന്നേ ഉള്ളായിരിക്കും. ആളുകളെ ഓടിച്ചുവിടുന്ന ഈ അമ്പലങ്ങളില്‍ അതിനു സമ്മതിക്കുമോ എന്തോ?
എല്ലാം മനസ്സിലല്ലേ? ഗ്രഹങ്ങള്ക്കിവിടെ എന്തു കാര്യം?
atulya | 13-Apr-06 at 7:42 pm | Permalink
Umesh ji, Please Update these when time permits and pse give us a full documentation on these. All my guests for vishu, (Ettan and his friends and our friends) had also gone through all these and intimated me to pass their regards to you. Once again great work done indeed.
(Vakkari, sadya vattam pakuthi ayee tto, step by step photo thara ve… mani 12 aaaye evide…..ennaalum ellarum evide ulsahathil for sadya nurukkinu.)
kuttyedathi | 13-Apr-06 at 7:52 pm | Permalink
അംബടി കള്ളി, നുറുക്കലൊക്കെ കൂട്ടുകാരെ ഏല്‍പ്പിച്ചു കമ്പ്യൂട്ടറിന്റെ മുന്നില്‍ വന്നിരിക്കുന്നല്ലേ ? ഓസിലു സദ്യ ഉണ്ണാന്‍ വേണ്ടിയല്ലേ കൂട്ടുകാരെയൊക്കെ വിളിച്ചത്? 🙂
Manjith | 13-Apr-06 at 8:23 pm | Permalink
കലണ്ടര്‍ വിശേഷം ബഹു കേമം ഉമേഷ് ജീ.
ഇപ്പോള്‍ പഴയൊരു മാതൃഭൂമി സുഹൃത്തിനെ വിളിച്ചപ്പോള്‍ മനോരമ തിരുത്തിയതായാണു പറഞ്ഞത്. ഇനി മനോരമ സുഹൃത്തുക്കളോടു ചോദിക്കട്ടെ.
കലണ്ടര്‍ വില്പനയില് ഇപ്പോല്‍ മനോരമയാണു മുന്നില്‍. 30 ലക്ഷത്തിലേറെ എന്നാണു എ ബി സി കണക്ക്. ഓരോ പ്രദേശത്തും വ്യത്യ്സ്ത എഡിഷന് കലണ്ടറിറക്കിയാണ് അവരതു സാധിച്ചത്. അതായത് കോട്ടയത്തു വില്‍ക്കുന്ന കലണ്ടറല്ല കോഴിക്കോട്ടേതെന്നു സാരം.
ശബരിമലയിലെ പൂജാ സമയങ്ങള്‍ തെറ്റിയടിച്ചതിനാല് ഇത്തവണത്തെ കലണ്ടര്‍ ആദ്യമടിച്ചതു മുഴുവന്‍ കത്തിച്ച് വീണ്ടും അടിക്കേണ്ടി വന്നുവത്രേ.
ചുവരില്‍ തൂക്കുന്ന കലണ്ടര്‍ ആളു കേമന്‍ തന്നെ !
സിദ്ധാർത്ഥൻ | 13-Apr-06 at 8:37 pm | Permalink
ഉമേഷ്മാഷേ,
എനിക്കുമതു തന്നെയാണു് തോന്നുന്നതു്. ഗ്രഹങ്ങൾക്കിവിടെ എന്തു കാര്യം? ഏതാണ്ടു് 26 വയസ്സുവരെ എനിക്കു് അച്ഛനൊരുക്കിതന്നിരുന്ന കണി കാണാൻ സാധിച്ചിരുന്നു. ആ വർഷവും മറ്റു വർഷങ്ങളും തമ്മിലുള്ള ഏക വ്യത്യാസം. ആ ദിവസത്തിലെ സന്തോഷം ഇന്നില്ല എന്നതു മാത്രമാണു്. ആ സംഭവം ഇനി ചിങ്ങം 15 നാണു് നടന്നിരുന്നതെങ്കിലും വ്യത്യാസമൊന്നും വരില്ലായിരുന്നു.
വിവരങ്ങൾ പകർന്നു തന്നതിനു് നന്ദി.
സിദ്ധാർത്ഥൻ | 13-Apr-06 at 8:40 pm | Permalink
അയ്യോ അതു മറന്നു!
ഉമേഷിനും കുടുംബത്തിനും പിന്നെ എല്ലാ ബ്ലോഗ്മഹാജനങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും എന്റെ വിഷു ആശംസകൾ
നന്നായി വരട്ടെ എല്ലാം.
Viswaprabha | 13-Apr-06 at 9:48 pm | Permalink
ഉത്തരത്തിലിരുന്നു നോക്കുമ്പോള്‍ ഇതിലൊന്നും ഒരു കഥ്യേമ്ല്യ.
വരാന്ള്ളത് ഒന്നുകില്‍ വഴീല് തങ്ങ്ല്യ. അതല്ലാച്ചാ പോണ വഴീല് എന്തൊക്ക്യാ ണ്ടാവ്ആച്ചാ അതൊക്കെ അവ്ടെ ഇപ്പൊ തന്നെ കെടക്ക്ണൂംണ്ടാവും.വഴി തെരഞ്ഞെടുക്കുന്നോന്റെയാവും കുറ്റം!
പ്രധാന കാര്യം വിശ്വാസമാണ്. സംശയം ഒട്ടും ഇല്ലാത്ത വിശ്വാസം. അതു പൂര്‍ണ്ണമായും ഉണ്ടായാല്‍ ഏതു ദിവസമായാലും കണി വെക്കാം, കാണാം. ഒരു ലേശം പോലും സംശയം ഉണ്ടെങ്കിലോ, ഏതു ദിവസം കണി വെച്ചാലും വിശേഷഫലമൊന്നും ഉണ്ടാവില്ല.
പരമമായ, absolute ആയ ഒരു Timescale കണ്ടുപിടിക്കാനാണ് മനുഷ്യന് ആദ്യമായി പഞ്ചാംഗം ഗണിക്കാന്‍ തുടങ്ങിയത്. ആ നിലയ്ക്ക് മഹത്തരവും മഹാസുന്ദരവും ശാസ്ത്രീയമായി നോക്കിയാല്‍ അതിവിശിഷ്ടവുമാണ് പഞ്ചാംഗഗണനം.കുറച്ചൊന്ന് ഇറങ്ങിത്തിരിച്ചാല്‍ അതിരസവുമാണ് ഈ കല! (പക്ഷേ ബോര്‍ഡുവെച്ച് കവടി നിരത്തുന്ന ഒരുവിധപ്പെട്ട ആറുകാലന്മാരൊക്കെ ക്കൂടി ആ കലയും നശിപ്പിച്ചു!)
ഓരോ ജീവിതവും മറ്റൊന്നില്‍ നിന്ന് എന്തുകൊണ്ട് വ്യത്യസ്തമാകുന്നു? അഥവാ ഈ വ്യത്യാസം ഏതെങ്കിലും ഒരു independent variable നോട് ഘടിപ്പിക്കാന്‍ പറ്റുമോ എന്നു ചിന്തിച്ച മനുഷ്യന് അങ്ങനെ സാദ്ധ്യതയുണ്ടാകാവുന്ന ഒരൊറ്റ variable മാത്രമേ കണ്ടു പിടിക്കാന്‍ പറ്റിയുള്ളൂ. സമയം (+ സ്ഥലം). പക്ഷേ ആ സമയം അളക്കുവാനും ഒരു നീണ്ട അളവുകോല്‍ ആവശ്യമായി വന്നപ്പോളാണ് അവന് മാനത്തേക്കു നോക്കിയത്. അതും അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു മാത്രം!
പല്ലിയുടെ ഉയരത്തില്‍നിന്നു നോക്കുമ്പോള്‍ ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തിനു വലിയ പ്രാധാന്യമൊന്നുമില്ല. കൊല്ലം പിറക്കുക, പിറന്നാള്‍ വന്നു പോവുക, വിഷുവിനു കണി കാണുക എന്നതൊക്കെ ഒരു നിലയ്ക്ക് തീരെ നിരര്‍ത്ഥകം. (അല്ലെങ്കില്‍ ലോകത്തുള്ളവര്‍ ഓരോരുത്തരും വര്‍ഷത്തിലെ ഏതെങ്കിലും ഒരൊറ്റ ദിവസം തന്നെ അവരുടെ ജന്മദിനമായി ആഘോഷിച്ചേനെ!)
ചന്ദ്രന് ഒരു പ്രാവശ്യം കറങ്ങിത്തിരിഞ്ഞെത്തുന്നതും ഭൂമി സ്വയം തലകറങ്ങിമുഴുമിക്കുന്നതും പിന്നെ സൂര്യനു ചുറ്റും ഓടിയെത്തുന്നതും ഒക്കെ, ഒരു ലളിതമായ Integer-ന്റെ ഗുണിതങ്ങളായിരുന്നുവെങ്കില്, പറയാമായിരുന്നു, ഇങ്ങനൊക്കെ വന്നത് വെറും യാദൃച്ഛികമല്ല എന്ന്. പക്ഷേ വെറും ആയിരത്തിഅറുനൂറുകൊല്ലം കൊണ്ട് മനുഷ്യനു തിരുത്തേണ്ടി വരുന്ന ഒന്നും ദൈവദത്തപ്രമാണങ്ങളല്ല!
പക്ഷേ കീഴെ നിലത്ത് നാം ഉറുമ്പുകള്‍ക്ക് അതൊന്നും അത്ര എളുപ്പമല്ല. നമ്മുടെ ഇത്തിരിയോളം സന്തോഷപ്പായസങ്ങളില് ഒരു ഹാപ്പി ബര്‍ത്ത്ഡേയും കല്യാണവാര്ഷികവും വിഷുക്കണിയും ഒക്കെ മുന്തിരിപ്പൊട്ടും കശുവണ്ടിപ്പരിപ്പും ഒക്കെ ആയിക്കിടന്നോട്ടെ.
അപ്പോള്‍ എന്നാണു വിഷുക്കണി?
എന്തായാലും ബ്ലോഗുലകത്തില്‍ താരതമ്യേന വരണ്ട വിഷയങ്ങള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ താളുകളില്‍ കൂടുതല്‍ ആളുകള്‍ വന്നു പോകുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇത്രയ്ക്കെങ്കിലും ഉപകാരം ചെയ്യാന്‍ കഴിഞ്ഞല്ലോ മാതൃഭൂമിയ്ക്കും മനോരമയ്ക്കും!
ഉമേഷിന്റെ കലിഭ്രാന്ത് എവിടം വരെയായി? അതും ഈ ബോക്സോഫീസ് ഞാറ്റുവേലയില്‍ തന്നെ പോന്നോട്ടെ…
prapra | 13-Apr-06 at 11:30 pm | Permalink
ഉമേഷ്ജീ, very informative ബ്ലോഗ്.നന്ദി. എത്ര പ്രാവശ്യം പറയണം എന്നറിയില്ല. തല്ക്കാലം ഒരു കോസ്റ്റ്ക്കോ സൈസ് ആയി കൂട്ടിക്കോ.
മന്ജിത്തെ, മനോരമ ലോക്കലൈസേഷന്‍ തുടങ്ങിയോ? അവര്‍ക്ക് കാര്യം പിടികിട്ടി, കാരണം എന്റെ നാട്ടിലൊക്കെ പി.കെ.കൃഷ്ണന് എന്ന ഒരു ലോക്കല്‍ കലണ്ടര്‍ ആണ് വാങ്ങുന്നത്. BTW, ആ തെറ്റി അടിച്ച കലണ്ടറൊന്നും കത്തിച്ചില്ലെന്നു തോന്നുന്നു. ഇവിടെ ന്യൂയോര്‍ക്കില്‍ ഫ്രീ ആയി വിതരണം വിതരണം ചെയ്തതത് അതായിരിക്കാം. കഴിഞ്ഞ വര്‍ഷം കാശ് കൊടുത്തായിരുന്നു നമ്മള് വാങ്ങിയത്.
cibu | 14-Apr-06 at 12:35 am | Permalink
ഭാഷയിലും കണക്കിലും മാത്രമല്ല, ചെസ്സിലും ഒരു അതോറിട്ടിയാണ് ഉമേഷ്. ഇപ്പോള്‍ കറസ്പോണ്ടന്‍സ് ചെസ്സില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നു. ആറീസി കാലത്ത് ഒരേസമയം പത്തിലധികം മിടുക്കന്മാരോട് കളിച്ചുജയിച്ചത് കേട്ടിട്ടുണ്ട്.
ഗൂഗിള്‍ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്ന വിവരമറിഞ്ഞില്ലേ? അതിന്റെ എ.പി.ഐ. ഉപയോഗിച്ച് ഒരു മലയാളം കലണ്ടര്‍ (ഭാഷമാത്രമല്ല, നാളുകളും രാശികളും എല്ലാം) ഉണ്ടാക്കിയാല്‍ അടിപൊളിയല്ലേ?
cibu | 14-Apr-06 at 12:42 am | Permalink
യുണിക്കോഡ് ഭാഷയെ മാത്രമല്ല, പ്രാദേശികമായ സമയ നൊട്ടേഷനുകളേയും സ്റ്റാന്റേഡൈസ് ചെയ്യുന്നുണ്ട്. അതിലെ മലയാളം കലണ്ടറിന്റെ കാര്യങ്ങളൊക്കെ അനാഥമായിക്കിടക്കുകയാണ്… താത്പര്യമുള്ളവര്‍ പങ്കെടുക്കേണ്ട കാര്യമാണതും.
(http://www.unicode.org/draft/reports/tr35/tr35.html)
Resmi | 14-Apr-10 at 1:10 pm | Permalink
http://mangalam.com/index.php?page=detail&nid=291862&lang=malayalam
അമാവാസി ആയതു കൊണ്ടാണ് മേടം ഒന്നായിട്ടും ഇന്നു വിഷു അല്ലാത്തത് എന്നു കാണുന്നല്ലോ. താങ്കളുടെ പഞ്ചാംഗത്തിലും ഇന്നു അമാവാസിയും മേടം ഒന്നും വിഷുവും ആണ്. കലണ്ടറിലും പഞ്ചാംഗത്തിലും മേടം ഒന്ന് ഒരേ തീയതി ആയിട്ടും വിഷു എന്താണ് വേറെ ആയതു? ദയവായി വിശദീകരിക്കുമോ?
Unni | 22-Apr-17 at 12:11 pm | Permalink
http://news.keralakaumudi.com/beta/news.php?NewsId=TlRTUjAxMjcyMTE=&xP=RExZ&xDT=MjAxNy0wNC0xNCAwMDoxNTowMA==&xD=MQ==&cID=Mg==
Unni | 22-Apr-17 at 12:13 pm | Permalink
Therre are two types of calculations number of days/year. The difference in that value increased to 24 now. That was the difference. The sunrise and set is constant based on march 21.
thriller | 18-Nov-21 at 2:23 pm | Permalink
Enchanted Forest Music From Enchanted Forest https://tumblr.dreamer.org.uk/62.html Various Santiago Best Dancers