കിടന്നിട്ടു് ഉറക്കം ശരിയായില്ല. മാതൃഭൂമി പഞ്ചാംഗത്തിനു് ഇങ്ങനെയൊരു തെറ്റു വരാന്‍ എന്താണു കാരണം എന്ന ഒരു കണ്‍ഫ്യൂഷന്‍.
ഇന്നലെ നാട്ടില്‍ നിന്നു മടങ്ങി വന്ന ഒരു സുഹൃത്തു് ഇക്കൊല്ലത്തെ ഒരു മാതൃഭൂമി കലണ്ടര്‍ കൊണ്ടു തന്നിരുന്നു. അതിലെ സംക്രമങ്ങളൊക്കെ പരിശോധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി – എല്ലാ സംക്രമങ്ങള്‍ക്കും ഏകദേശം 33 മിനിട്ടിന്റെ വ്യത്യാസമുണ്ടു്.
ഇക്കൊല്ലത്തെ സംക്രമങ്ങളുടെ സമയങ്ങള്‍ താഴെച്ചേര്‍ക്കുന്നു:
മലയാളമാസം | സംക്രമം | സംക്രമസമയം | സംക്രമസമയം |
(തീയതി) | (ഞാന്‍) | (മാതൃഭൂമി) | |
മകരം | 2006/01/14 | 11:53 A | 11:26 A |
കുംഭം | 2006/02/13 | 12:53 A | 12:21 A |
മീനം | 2006/03/14 | 09:45 P | 09:11 P |
മേടം | 2006/04/14 | 06:15 A | 05:39 A |
ഇടവം | 2006/05/15 | 03:08 A | 02:33 A |
മിഥുനം | 2006/06/15 | 09:44 A | 09:14 A |
കര്‍ക്കടകം | 2006/07/16 | 08:36 P | 08:09 P |
ചിങ്ങം | 2006/08/17 | 05:00 A | 04:35 A |
കന്നി | 2006/09/17 | 04:56 A | 04:33 A |
തുലാം | 2006/10/17 | 04:53 P | 04:31 P |
വൃശ്ചികം | 2006/11/16 | 04:41 P | 04:17 P |
ധനു | 2006/12/16 | 07:19 A | 06:54 A |
ഇതില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നതു താഴെപ്പറയുന്നവയില്‍ ഒന്നു സംഭവിച്ചിരിക്കാം എന്നാണു്:
- മാതൃഭൂമിക്കു് എന്തോ ഭീമാബദ്ധം പറ്റി. അവരുടെ ചരിത്രം നോക്കിയാല്‍ ഇങ്ങനെ വരാന്‍ സാദ്ധ്യത കുറവാണു്.
- അവര്‍ ലാഹിരിയുടെ അയനാംശമല്ല, മറ്റേതോ അയനാംശമാണു് ഉപയോഗിക്കുന്നതു്. മിക്കവാറും ഇതാണു കാരണം എന്നാണു തോന്നുന്നതു്.
ഈ അയനാംശം എന്നു പറയുന്നതെന്താണെന്നു പറയാന്‍ മറ്റൊരു പോസ്റ്റു വേണ്ടി വരും. (എനിക്കെന്നാണോ ഇതൊക്കെ എഴുതാന്‍ സമയം കിട്ടുക? 🙁 ) എങ്കിലും ചുരുക്കമായി പറയാം.
പാശ്ചാത്യര്‍ ഭൂമിയെ അപേക്ഷിച്ചു് സൂര്യനുള്ള ചലനത്തിന്റെ അടിസ്ഥാനത്തിലാണു് സംക്രമങ്ങള്‍ കണക്കാക്കുക. അവര്‍ക്കു് മാര്‍ച്ച് 21-നാണു മേടസംക്രമം. (First point of Aries). അന്നാണു് സൂര്യന്‍ ഭൂമദ്ധ്യരേഖ തെക്കു നിന്നു വടക്കോട്ടു മുറിച്ചുകടക്കുന്നതു്. അന്നാണു് ഭൂമിയിലെവിടെയും രാത്രിയും പകലും തുല്യദൈര്‍ഗ്ഘ്യത്തോടെ വരുന്നതു്. (സെപ്റ്റംബര്‍ 23-നും ഇതു സംഭവിക്കും – സൂര്യന്‍ വടക്കുനിന്നു തെക്കോട്ടു കടക്കുമ്പോള്‍ – തുലാസംക്രമം – First point of Libra). ശരിക്കു് വിഷു വരേണ്ടതു് ഈ ദിവസമാണു്, നിര്‍വ്വചനമനുസരിച്ചു്. കൂടുതല്‍ ശാസ്ത്രീയവും ഇതാണു്.
പക്ഷേ, സൂര്യനെ അപേക്ഷിച്ചു നക്ഷത്രങ്ങള്‍ സ്ഥിരമായി നില്‍ക്കുന്നു എന്നു കരുതിയ ഭാരതീയര്‍ നക്ഷത്രങ്ങളെയാണു് സ്ഥാനമാനത്തിനു് ഉപയോഗിച്ചതു്. ജ്യോതിശ്ചക്രത്തെ (360 ഡിഗ്രി) അവര്‍ ഇരുപത്തേഴായി വിഭജിച്ചു് ഓരോ ഭാഗവും (13 ഡിഗ്രി 20 മിനിട്ടു്) അവിടെയുള്ള ഓരോ നക്ഷത്രത്തിനു (അശ്വതി, ഭരണി തുടങ്ങിയവ) കൊടുത്തു. ഇതനുസരിച്ചു്, രേവതിയുടെയും അശ്വതിയുടെയും ഇടയ്ക്കുള്ള സ്ഥലം പൂജ്യം ഡിഗ്രിയിലും ചിത്തിരയുടെ മദ്ധ്യം 180 ഡിഗ്രിയിലുമായിരുന്നു.
ഇതു് ക്രി. പി. ആറാം നൂറ്റാണ്ടിലെ (ആര്യഭടന്റെ കാലം) കാര്യം. ലോകത്തില്‍ ഒന്നും സ്ഥിരമല്ല. ഇന്നു് അശ്വതിയുടെ ആദിക്കും ചിത്തിരയ്ക്കും ഇടയ്ക്കുള്ള ആംഗിള്‍ 180 ഡിഗ്രി അല്ല. അതുപോലെ തന്നെ മറ്റു നക്ഷത്രങ്ങളും. ഇവയില്‍ ഏതു നക്ഷത്രത്തെ അടിസ്ഥാനമാക്കി വേണം സ്ഥാനമാനം എന്നു് ഭാരതീയശാസ്ത്രജ്ഞന്മാര്‍ കലഹിക്കാന്‍ തുടങ്ങി. ഇന്നും ആ കലഹം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
പാശ്ചാത്യരുടെ സൂര്യനെ അടിസ്ഥാനമാക്കിയുള്ള തിയറിയില്‍ നിന്നു് ഒരു പ്രത്യേകഭാരതീയമാനത്തിനു് എത്ര ഡിഗ്രി വ്യത്യാസമുണ്ടു് എന്ന അളവാണു് അയനാംശം. ഇതു പലര്‍ക്കും പലതാണു്. ഉദാഹരണമായി 2000 തുടങ്ങുമ്പോഴുള്ള പല അയനാംശങ്ങളും താഴെച്ചേര്‍ക്കുന്നു.
ലാഹിരി | 23:51:41 |
ബി. വി. രാമന്‍ | 22:24:11 |
Fagan/Bradley | 24:44:11 |
ഉഷ – ശശി | 20:03:26 |
കൃഷ്ണമൂര്‍ത്തി | 23:45:06 |
ദേവദത്ത | 23:28:34 |
ഇതനുസരിച്ചു് ഗ്രഹസ്ഫുടങ്ങള്‍ക്കും സംക്രമസമയങ്ങള്‍ക്കും (നക്ഷത്രം, ഞാറ്റുവേല തുടങ്ങിയവയ്ക്കും ഇതു ബാധകമാണു്) വ്യത്യാസമുണ്ടാകും. ഭാരതസര്‍ക്കാര്‍ അംഗീകരിച്ചരിക്കുന്നതു് (എന്റെ അറിവില്‍) ലാഹിരിയുടെ അയനാംശമാണു്.
അയനാംശം, അതു് ഏതു പദ്ധതിയാണെങ്കിലും, ഒരു സ്ഥിരസംഖ്യയല്ല. അതു കൂടിക്കൊണ്ടിരിക്കുന്നു.
ഞാന്‍ എന്റെ കണക്കുകൂട്ടലുകള്‍ക്കുപയോഗിച്ചിരിക്കുന്നതു് ലാഹിരിയുടെ അയനാംശമാണു്. കൃത്യമായിപ്പറഞ്ഞാല്‍, ലാഹിരിയുടെ പട്ടികകളില്‍ നിന്നു് ഞാന്‍ least square fitting ഉപയോഗിച്ചു് ഉണ്ടാക്കിയെടുത്ത
അയനാംശം =
എന്ന സൂത്രവാക്യം. ഇതില്‍ c എന്നതു് 2000 ജനുവരി 1 നട്ടുച്ച (GMT) മുതലുള്ള നൂറ്റാണ്ടുകളുടെ എണ്ണം (2000-ത്തിനു മുമ്പുള്ള തീയതികള്‍ക്കു് ഇതു നെഗറ്റീവായിരിക്കും.) ഒരു ഭിന്നമായി കൊടുത്തതാണു്.
ഈ അടുത്തകാലത്തു് കൃഷ്ണമൂര്‍ത്തിയുടെ പദ്ധതിയാണു “കൂടുതല്‍ ശരി” എന്നു് വളരെ ജ്യോത്സ്യന്മാര്‍ (ഭാവിഫലം ശരിയാകാനാണേ, ശാസ്ത്രത്തിനു വേണ്ടിയല്ല!) വാദിക്കുന്നുണ്ടു്.
എനിക്കു തോന്നുന്നതു് മാതൃഭൂമി ഇപ്പോള്‍ കൃഷ്ണമൂര്‍ത്തി പദ്ധതിയാണു് ഉപയോഗിക്കുന്നതു് എന്നാണു്.
ഇതു് തെറ്റെന്നു പറഞ്ഞുകൂടാ. എല്ലാം ഒരുപോലെ ശരിയാണു്. അഥവാ എല്ലാം ഒരുപോലെ തെറ്റും. ഇതില്‍ ഞാന്‍ പൂര്‍ണ്ണമായും നിഷ്പക്ഷനാണു്. കണ്‍ഫ്യൂഷന്‍ കുറവുള്ള പാശ്ചാത്യരീതിയോടാണു് എനിക്കു ചായ്‌വു്. പക്ഷേ ഭാരതീയര്‍ അതു സമ്മതിക്കുമെന്നു തോന്നുന്നില്ല.
മാതൃഭൂമി മിക്കവാറും വിശദീകരണം പ്രസിദ്ധീകരിച്ചേക്കും. ആരെങ്കിലും അതു കണ്ടാല്‍ ദയവായി ഇവിടെയൊരു കമന്റിടുക.
Umesh | 13-Apr-06 at 2:30 pm | Permalink
മാതൃഭൂമിക്കു് സംക്രമം കണ്ടുപിടിക്കുന്നതില്‍ തെറ്റുപറ്റിയോ? ദയവായി ഇതുകൂടി വായിക്കുക.
njan | 13-Apr-06 at 5:32 pm | Permalink
“മാതൃഭൂമിക്കു് എന്തോ ഭീമാബദ്ധം പറ്റി. അവരുടെ ചരിത്രം നോക്കിയാല്‍ ഇങ്ങനെ വരാന്‍ സാദ്ധ്യത കുറവാണു്“ എന്റമ്മൊ എന്തൊരു കണ്ടുപിടിത്തം.! നിങ്ങള്‍ ഒരു വലിയ സംഭവം തന്നെയാണ് കേട്ടാ.. ഈ തല അധികം വെയിലു കൊള്ളിക്കല്ലെ.
…..(ഇവിടെ മേഷ്ടരുടെ അറിവുകള്‍, ഭാരതീയ ഗണിതത്തെക്കുറിച്ചും അയനാംശത്തെ ക്കുറിച്ചും വിശദമായി വരുന്നു)
അവസാനം നിങ്ങള്‍ തന്നെ പറയുന്നു; “എനിക്കു തോന്നുന്നതു് മാതൃഭൂമി ഇപ്പോള്‍ കൃഷ്ണമൂര്‍ത്തി പദ്ധതിയാണു് ഉപയോഗിക്കുന്നതു് എന്നാണു്.
ഇതു് തെറ്റെന്നു പറഞ്ഞുകൂടാ. എല്ലാം ഒരുപോലെ ശരിയാണു്. അഥവാ എല്ലാം ഒരുപോലെ തെറ്റും. ഇതില്‍ ഞാന്‍ പൂര്‍ണ്ണമായും നിഷ്പക്ഷനാണു്.“
നിങ്ങളെയൊക്കെ സമ്മതിക്കണം. ഇതു വായിക്കുന്ന ഞങ്ങളെയും.
Umesh | 13-Apr-06 at 5:48 pm | Permalink
“ഞാന്‍” എന്ന സുഹൃത്തേ,
ഞാന്‍ എന്താണു പറഞ്ഞതെന്നു വിശദീകരിക്കാം. ജ്യോതിഷത്തിനു പലതും ഉപയോഗിക്കുന്നുണ്ടെങ്കിലും, കലണ്ടര്‍ ഉണ്ടാക്കാന്‍ ഭാരതസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതു ലാഹിരിയുടെ അയനാംശമാണു്. അതനുസരിച്ചു് മാതൃഭൂമിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാണു്.
എന്റെ അറിവു് മുഴുവന്‍ ശരിയാണെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. (അതുകൊണ്ടാണു് ഇതു ബ്ലോഗില്‍ ഇടുന്നതു്. താങ്കളെപ്പോലുള്ളവര്‍ തരുന്ന വിവരങ്ങളില്‍ നിന്നു് കഴിയുന്ന തിരുത്തുകള്‍ ചെയ്യാമല്ലോ.) ഭാരതസര്‍ക്കാര്‍ ലാഹിരിയെ വിട്ടു് കൃഷ്ണമൂര്‍ത്തി പദ്ധതി സ്വീകരിച്ചിരിക്കാം. അല്ലെങ്കില്‍ മാതൃഭൂമി ഇനി മുതല്‍ കൃഷ്ണമൂര്‍ത്തി പദ്ധതിയാണു് ഉപയോഗിക്കുക എന്നു് എവിടെയെങ്കിലും പ്രഖ്യാപിച്ചിട്ടുണ്ടായിരിക്കാം. അതു വല്ലതും ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ ആവശ്യമായ റെഫറന്‍സുകള്‍ (പത്രങ്ങള്‍, മാതൃഭൂമി പഞ്ചാംഗം തുടങ്ങിയവ)എന്റെ പക്കലില്ല. അതുകൊണ്ടാണു് ഇതില്‍ ഏതാണു ശരി എന്നു് ഇതുവരെ അറിയില്ല എന്നു പറഞ്ഞതു്.
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന ആളുകള്‍ കമന്റിടാറുണ്ടു്. അങ്ങനെയാണല്ലോ നാം തെറ്റുകള്‍ തിരുത്തുന്നതു്.
ഞാന്‍ ഒരു സുപ്രഭാതത്തില്‍ മാതൃഭൂമിയെയോ മനോരമയെയോ അവഹേളിക്കാന്‍ ഇവിടെ എത്തിയതല്ല. ഒരു തര്‍ക്കം ഇവിടെ നടക്കുന്നു എന്നു് വേറേ ഒരു ബ്ലോഗില്‍ നിന്നു വിവരം കിട്ടി. അതിനെപ്പറ്റി അറിയാവുന്നതു പറഞ്ഞേക്കാം എന്നു കരുതി.
അഭിപ്രായം പറഞ്ഞതിനു നന്ദി. കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ ദയവായി കമന്റിടുക. താങ്കള്‍ ഏതു വാദത്തോടാണു (മനോരമ/മാതൃഭൂമി) യോജിക്കുന്നതെന്നു പറഞ്ഞില്ലല്ലോ.
Resin | 10-Dec-06 at 6:25 pm | Permalink
മാതൃഭൂമി കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നതിന്ന് മുന്‍പേ Umeshji യുമായി ഒന്നു തര്‍ക്കിക്കുന്നതു ഗുണകരമാകാം.
ശ്രീനാഥ് ഒ ജി | 25-Aug-14 at 9:36 am | Permalink
ഉമേഷ് ജി,
ഉമേഷ് ജിയുടെ അറിവിനെ ആദരിക്കുന്നു, പക്ഷെ മേല്പറഞ്ഞ ലേഖനത്തില്‍ താങ്കള്‍ക്ക് ചില അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. //ഇന്നലെ നാട്ടില്‍ നിന്നു മടങ്ങി വന്ന ഒരു സുഹൃത്തു് ഇക്കൊല്ലത്തെ ഒരു മാതൃഭൂമി കലണ്ടര്‍ കൊണ്ടു തന്നിരുന്നു. അതിലെ (സൂര്യ)സംക്രമങ്ങളൊക്കെ പരിശോധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി – (ഉമേഷ് ജി ഉപയോഗിക്കുന്ന ലാഹരി അയനാംശവുമായി താരതമ്യപ്പെടുത്തുമ്പോള്‍) എല്ലാ (സൂര്യ)സംക്രമങ്ങള്‍ക്കും ഏകദേശം 33 മിനിട്ടിന്റെ വ്യത്യാസമുണ്ടു്………. അവര്‍ ലാഹിരിയുടെ അയനാംശമല്ല, മറ്റേതോ അയനാംശമാണു് ഉപയോഗിക്കുന്നതു്. മിക്കവാറും ഇതാണു കാരണം എന്നാണു തോന്നുന്നതു്…….എനിക്കു തോന്നുന്നതു് മാതൃഭൂമി ഇപ്പോള്‍ കൃഷ്ണമൂര്‍ത്തി പദ്ധതിയാണു് ഉപയോഗിക്കുന്നതു് എന്നാണു്.// ഇതൊന്നുമല്ല ശരി. ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്ന്. 1) പുലിയൂര് രചിച്ച ഗണിതനിര്ണയപ്രകാരമുള്ള ഭാരതീയ ഗണിതസമ്പ്രദായമാണ് VPK പൊതുവാളിന്റെ ശിഷ്യന്മാര് പിന്തുടരുന്നത്. ഇത്തരം പയ്യന്നൂര്‍ സമ്പ്രദായമാണ് മാതൃഭൂമി പഞ്ചാംഗത്തിനാധാാരം. 2) ലാഹരി സംമ്പ്രദായം ശരിയെന്നു കരുതാനാവില്ല. കൂടാതെ ലാഹരിഗണിതവും ചിത്രപക്ഷവും പോലും ഇന്നത്തെക്കാലത്ത് ഒരേ അയനാംശത്തെയല്ല സൂചിപ്പിക്കുന്നത്. 3) ഉമേഷ് ജി യുടെ ഒബ്സര്‍വേഷന്‍ ശരിയാണെങ്കില്‍പ്പോലും എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ തെറ്റാണ്. 4) ഗണിതനിര്ണയാടിസ്ഥാനത്തിലുള്ള പയ്യന്നൂര്‍ സമ്പ്രദായമോ (അത് പാശ്ചാത്യരുടെ Swiss ephemeris-ത്തില്‍ നിന്ന് കടമെടുത്തതല്ല) ശരിയാണെന്ന പിടിവാശിയൊന്നും എനിക്കില്ല, ലാഹരിയാണ് ശരി എന്ന പിടിവാശിയുമില്ല.
കാര്യങ്ങളെ കൂടുതല്‍ അടുത്തറിയുമ്പോള്‍ ലഭ്യമാവുന്ന അറിവുകളുടെ അടിസ്ഥാനത്തില്‍ അബദ്ധ നിഗമനങ്ങള്‍ തിരുത്തുന്നത് നന്നായിരിക്കും.