ദുര്‍ഗ്ഗയുടെ എന്ന പോസ്റ്റില്‍ കമന്റെഴുതുമ്പോള്‍ പ്രാപ്ര ഇങ്ങനെ ചോദിച്ചു:
ഉമേഷ്ജീ, ഒരു പുസ്തകത്തില്‍ സംന്യാസി എന്ന് ഉപയോഗിച്ച് കണ്ടപ്പോള്‍ ഒരു സംശയം, നമ്മളില്‍ പലരും ഉപയോഗിക്കുന്ന സന്യാസി എന്ന വാക്ക് തെറ്റാണോ എന്ന്. മാഷാണെങ്കില്‍ ഇതു രണ്ടും അല്ലാത്ത സന്ന്യാസി എന്നാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇതു മൂന്നും ശരിയായ പ്രയോഗം ആണോ?
സംസ്കൃതത്തില്‍ ‘സം’ എന്ന് തുടങ്ങുന്ന വേറെയും പല വാക്കുകളും ഉള്ളത് കൊണ്ട് ആ പ്രയോഗം തെറ്റല്ലെന്നൊരു തോന്നല്‍.
അതിന്റെ ഉത്തരം ഇവിടെ എഴുതിയേക്കാം:
സം, ന്യസ് എന്നീ പദങ്ങളില്‍ നിന്നുണ്ടായതുകൊണ്ടു് സംന്യാസി എന്നാണു വാക്കു്.
വര്‍ഗ്ഗാക്ഷരങ്ങളുടെ (ക മുതല്‍ മ വരെയുള്ളവ) മുന്നില്‍ അനുസ്വാരം വന്നാല്‍ ആ വര്‍ഗ്ഗത്തിലെ അനുനാസികമായാണു് ഉച്ചരിക്കുക. ഉദാഹരണത്തിനു്, ഗംഗ = ഗങ്ഗ, സംജാതം = സഞ്ജാതം, സംതതം = സന്തതം, അംബിക = അമ്ബിക എന്നിങ്ങനെ. ബാക്കിയുള്ളവയുടെ മുന്നില്‍ മലയാളികള്‍ (സംസ്കൃതത്തിലും – സംസ്കൃതവാര്‍ത്ത ശ്രദ്ധിക്കുക) ‘മ’യും ഉത്തരേന്ത്യക്കാര്‍ ‘ന’യും ഉച്ചരിക്കുന്നു. ഉദാഹരണത്തിനു്, സംസാരം = സമ്സാരം (മലയാളി), സന്‍സാര്‍ (ഹിന്ദിക്കാരന്).
അപ്പോള്‍ സംന്യാസി = സന്ന്യാസി എന്നു മനസ്സിലായല്ലോ. രണ്ടും ശരിയാണു്.
പിന്നെ, സന്യാസി എന്നെഴുതിയാലും നാം ഉച്ചരിക്കുന്നതു് സന്ന്യാസി എന്നാണല്ലോ. (കൂട്ടക്ഷരത്തിന്റെ ആദ്യത്തെ വ്യഞ്ജനം മിക്കവാറും ഇരട്ടിക്കും.) അതുകൊണ്ടു് സന്യാസി എന്നു പോരേ എന്ന വാദവുമുണ്ടു്. ഈ വാദത്തിന്റെ അങ്ങേയറ്റമാണു് ‘ദേശാഭിമാനി’യില്‍ കാണുന്ന വാര്‍ത, പാര്‍ടി തുടങ്ങിയ വാക്കുകള്‍.
സാധാരണയായി, കൂട്ടക്ഷരങ്ങളുള്ളിടത്തു് ഉച്ചാരണം കൊണ്ടു മാത്രമല്ല, ഘടന കൊണ്ടും ദ്വിത്വമുണ്ടെങ്കില്‍ ഇരട്ടിച്ചു തന്നെ എഴുതാറുണ്ടു്. അങ്ങനെ സന്ന്യാസി, തത്ത്വം, മഹത്ത്വം തുടങ്ങിയവ ഇരട്ടിച്ചെഴുതുന്നു. (കവിത്വത്തിനും ദ്വിത്വത്തിനും ഇതു വേണ്ട.)
പിന്നെ, സന്യാസി, തത്വം, മഹത്വം എന്നിങ്ങനെ ധാരാളം എഴുതിക്കാണാറുണ്ടു്. അച്ചു ലാഭിക്കാന്‍ അച്ചടിക്കാര് നടപ്പാക്കിയ വഴി. സിബുവിന്റെയും രാജേഷിന്റെയും acceptance theory അനുസരിച്ചു് അവയും ശരിയാണു്. പക്ഷേ മറ്റവയാണു ശരിയെന്നു പറയാനാണു് എനിക്കിഷ്ടം.
Prabesh Prakash | 12-May-06 at 3:05 am | Permalink
നന്ദി മാഷേ. ഇത്ര ഇന്‍സ്റ്റന്റ് ആയി ഉത്തരം ഞാന്‍ പ്രതീക്ഷിച്ചില്ല. അതു കൊണ്ട് തപ്പി ഇറങ്ങിയപ്പോള്‍, വിക്കി പറഞ്ഞു തന്നത് ‘സം’ എന്നാല്‍ ഏകദേശ അര്‍ത്ഥം കലക്റ്റീവ് എന്നാണെന്ന്. സംസ്കൃതത്തില്‍ നിന്ന് മലയാളത്തില്‍ വന്ന വാക്കുകളെ തിരിച്ചറിയാന്‍ ഇതൊരു മാര്ഗ്ഗമം ആക്കാമേ? കാരണം ഇങ്ങനെയുള്ള പല വാക്കുകള്‍ക്കും ഹിന്ദിയില്‍ സമാന്തരമായ വാക്കുകള്‍ ഉണ്ട്.
‘പ്രാപ്ര‘ എങ്ങനെ ഉണ്ടായി എന്ന് മുകളില്‍ നീട്ടി പരത്തി എഴുതിയ പേരില്‍ നിന്നു മനസ്സിലാകും.
രാജ് | 12-May-06 at 6:48 am | Permalink
സംന്യാസി == സന്ന്യാസി എന്നെഴുതിയതുവരെ അസ്സലായി മനസ്സിലായി. താങ്ക്യൂ. കൂട്ടക്ഷരത്തിന്റെ ആദ്യവ്യഞ്ജനം ഇരട്ടിക്കും എന്നതു മനസ്സിലായില്ല, സന്യാസി, പാര്‍ടി എന്നിവയില്‍ ഏതാണു കൂട്ടക്ഷരം?? കവിത്വവും മഹത്ത്വവും പിന്നെയെപ്പോഴെങ്കിലും വിശദീകരിച്ചു തരണേ.
ഓ.ടോ: ഈ റ്റെമ്പ്ലേറ്റിനു എന്തോ പ്രശ്നമുണ്ടെന്നാണു് എന്റെ തോന്നല്‍. ഫയര്‍ഫോക്സില്‍ സംഭവം വലതുവശത്തേയ്ക്കു കൂടുതല്‍ അലൈന്‍ ചെയ്തിട്ടാണു നില്ക്കുന്നതു്. വേര്‍ഡ്പ്രസ്സ്.കോം -ലെ സാമ്പിള്‍ അങ്ങിനെയല്ല.
Umesh | 12-May-06 at 12:19 pm | Permalink
പെരിങ്ങോടരെ,
“ചിത്രം” എന്നൊന്നു പറഞ്ഞുനോക്കൂ. നാം “ചിത്ത്രം” എന്നല്ലേ പറയുന്നതു്? അതാണു ഞാന്‍ ഉദ്ദേശിച്ചതു്. എഴുതിയില്ലെങ്കിലും ഉച്ചാരണത്തില്‍ ദ്വിത്വം ഉണ്ടാവും. (അതിഖരങ്ങള്ക്കു ഖരവും, ഘോഷങ്ങള്‍ക്കു മൃദുവുമാണു മൂന്നില്‍ വരിക. നേരേ ദ്വിത്വമല്ല. ആഖ്യാനം = ആക്ഖ്യാനം, അധ്യാപകന് = അദ്ധ്യാപകന് എന്നിങ്ങനെ.) സംസ്കൃതത്തില്‍ ഈ ദ്വിത്വം എഴുതുക പതിവില്ല. മലയാളത്തില്‍ ചിലപ്പോള്‍ എഴുതും.
ഘടനയിലുള്ള ദ്വിത്വം (തത്ത്വം തുടങ്ങിയവ) സംസ്കൃതത്തിലും എഴുതും.
ഹിന്ദിയില്‍ “പാര്‍ട്ടി” എന്നതു് “പാര്‍ടി” എന്നാണെഴുതുന്നതു്. അതു് ആ ഭാഷയുടെ പ്രത്യേകത. കൂട്ടക്ഷരത്തിലെ അവസാനത്തെ അക്ഷരം – പ്രത്യേകിച്ചു രേഫത്തിനെ ശേഷമുള്ളതു് – അവര്‍ ഇരട്ടിക്കും. ഇതിന്റെ ചുവടുപിടിച്ചു് ഇ. എം. എസ്. ആണു ദേശാഭിമാനിയില്‍ ആ പരിഷ്കാരം കൊണ്ടുവന്നതു്. അബദ്ധമാണതു്. “മത്ലബ്” ഹിന്ദിയില്‍ “മതലബ” എന്നാണു് എഴുതുന്നതു് എന്നതുകൊണ്ടു് (രണ്ടു ഭാഷയിലുമുള്ള നല്ല ഒരു ഉദാഹരണം കിട്ടിയില്ല) മലയാളത്തിലും അങ്ങനെ എഴുതാം എന്നു പറയുന്നതു ശരിയല്ലല്ലോ.
റ്റെമ്പ്ലേറ്റ് എന്റെ പ്രശ്നമാണു്. ഞാന്‍ ഇതിന്റെ CSS ഫയല്‍ കുളമാക്കി. ഒറിജിനല്‍ ടെമ്പ്ലേറ്റിനുതന്നെ പ്രശ്നമുണ്ടായിരുന്നു (fixed size fonts ഉപയോഗിക്കുക വഴി). ഒന്നു നേരെയാക്കണമെന്നു വിചാരിക്കുന്നുകുറെക്കാലമായി. നടക്കുന്നില്ല.
ഇതിന്റെ കമന്റുകളൊക്കെ പിന്മൊഴികളിലേക്കു വിടുന്നുണ്ടു്. ഏവൂരാന് അവതാളത്തിലായതോടെ ഒന്നു വരുന്നില്ലല്ലോ. എന്താ ചെയ്ക?
അരവിന്ദന് | 13-May-06 at 12:37 pm | Permalink
ഉമേഷ് ജീ
വിശദീകരണത്തിന് നന്ദി. സന്യാസി എന്നായിരുന്നു എന്റെ എഴുത്ത്. ദുര്‍ഗ്ഗയുടെ പോസ്റ്റില്‍ കമന്റിടാന്‍ ചെന്നപ്പോ പക്ഷേ ആകെ കണ്‍ഫ്യൂഷനായിരുന്നു.
ഞാനൊരു സംശയം ചോദിച്ചിട്ട് അതിന് മാത്രം മറുപടിയില്ല.:-(
മൌനം ഭംഞ്ജിച്ചു എന്നാണോ അതോ ഭംഗിച്ചു എന്നാണോ ശരി? പറഞ്ഞു തരുമോ?
അട്വാന്സ് ഡേങ്ക്സ്. 🙂
Umesh | 13-May-06 at 5:29 pm | Permalink
ഭഞ്ജിക്കുക ആണു ശരി അരവിന്ദാ. എല്ലാ ബ്ലോഗുകളും വായിക്കാന്‍ സമയം കിട്ടുന്നില്ല. അതുകൊണ്ടു ചോദ്യം കണ്ടില്ല.
ഇഞ്ചിപ്പെണ്ണ് | 30-Aug-06 at 6:42 pm | Permalink
ശ്ശൊ! ഉമേഷേട്ടന്റെ ഒരു മഹത്ത്വം….ഈ പഴയ പോസ്റ്റൊക്കെ മനുഷ്യന്മാരെ കൊണ്ട് വായിപ്പിക്കാന്‍.
ഞാന്‍ ഉമേഷേട്ടന്റെ കൂടെയാണ്.എന്തുട്ട് അക്സപ്റ്റന്‍സ് തിയറി? ഇവിടുത്ത സായിപ്പ് color എന്നെഴുതുന്നത് തെറ്റ് തന്നെയല്ലെ?
പിന്നെ നൂറു വട്ടം തെറ്റെഴുതിയാല് ചിലപ്പൊ ശരിയാവുമായിരിക്കും 🙂
vishnuprasadwayand | 21-Dec-06 at 1:36 am | Permalink
ഉമേഷേട്ടാ,മെയിലയയ്ക്കുന്നതിനു മുന്‍പ് ഇതൊന്നു വായിച്ചതാണ്.ഇപ്പോള്‍ വീണ്ടും വായിച്ചു.മനസ്സിലായി.
ഒരു സംശയം കൂടി ഇവിടെ വെക്കുന്നു.പൂ+കാലം=പൂക്കാലം.പൂ+കുല=പൂങ്കുല(അതോ പൂക്കുലയോ,തെങ്ങിന് പൂക്കുല…) പൂ+കാറ്റ്=പൂങ്കാറ്റ്(പൂക്കാറ്റ് എന്ന് പറയാമോ?)
Umesh::ഉമേഷ് | 21-Dec-06 at 2:15 am | Permalink
പൂങ്കുലയിലും മറ്റും “പൂം” എന്നാണു് ഉപസര്‍ഗ്ഗം എന്നാണു തോന്നുന്നതു്. “പൂവിന്” എന്നതിന്റെ ചുരുക്കം.
പൂ + കുല = പൂക്കുല
പൂം + കുല = പൂങ്കുല
വി. കെ. എന്‍.-ന്റെ പൂംപയ്യനെ ഓര്‍മ്മയുണ്ടല്ലോ 🙂
ഉറപ്പില്ല. അല്പം കൂടി വായിച്ചിട്ടും ആലോചിച്ചിട്ടും മറുപടി പറയാം.
ഏവൂരാന് | 21-Dec-06 at 2:16 am | Permalink
പൂക്കാറ്റ് — ഹ ഹ..!
പൂങ്കാറ്റ് എന്നൊക്കെ ഒരു പദമുണ്ടെങ്കിലും (വ്യാപ്കമായ് ഉപയോഗത്തിലുണ്ട്, പ്രത്യേകിച്ചും മലയാളം സിനിമാപ്പാട്ടുകളില്‍) അതൊരു ലെജിറ്റിമേറ്റ് വാക്കാണോ എന്നൊരു ശങ്ക.
ഈണമൊപ്പിച്ചു ശ്രീകുമാറിനു പാടാന്‍ വരിയെഴുതിയവരുടെ സംഭാവനയല്ലേ പൂങ്കാറ്റ്?
Umesh::ഉമേഷ് | 21-Dec-06 at 2:19 am | Permalink
അല്ല ഏവൂരാനേ. പൂംകാറ്റ് ശരി തന്നെ.
പൂന്തിങ്കളില്‍ പങ്കമണച്ച ധാതാ-
വപൂര്ണ്ണതയ്ക്കേ വിരചിച്ചു വിശ്വം
എന്നു നാലാപ്പാടന്‍ എഴുതിയതു കേട്ടിട്ടില്ലേ?
ഏവൂരാന് | 21-Dec-06 at 2:28 am | Permalink
ഓഹോ?
എനിക്കൊരു രാത്രിയിലെ ബ്രെയിന്‍ ഫ്രീസാവാം, എങ്കിലും പൂങ്കാറ്റ് കൊണ്ട് എന്താണു വിവക്ഷയെന്നും കൂടി പറയുക…
പൂന്തിങ്കള്‍ — പൂവു പോലെയുള്ള തിങ്കള്‍ എന്നാവാം, അല്ലേ? പൂര്‍ണ്ണ ചന്ദ്രനെയാവും അല്ലേ/ അതോ ചന്ദ്രന്റെ ഭംഗിയെയാവും?
പൂങ്കാറ്റോ? പൂവു പോലെയുള്ള കാറ്റെന്നാവുമോ? ഉപമയ്ക്കും വേണ്ടേ ഒരു പൊത്തുപെരുത്തമൊക്കെ?
suralogam | 21-Dec-06 at 2:36 am | Permalink
ഏവൂരാന്,
‘പൂക്കാറ്റും’ ‘പൂങ്കാറ്റും’ ആവാമെന്നു തോന്നുന്നു.
‘പൂക്കാറ്റി’ല്‍ പൂക്കളുടെ സാന്നിദ്ധ്യമുണ്ട്.
എന്നാല്‍ ‘പൂങ്കാറ്റി’ല്‍ പൂക്കളുടെ ഗുണമാണുള്ളത്.
Umesh::ഉമേഷ് | 21-Dec-06 at 2:40 am | Permalink
“പൂം” എന്നതിനു നല്ലതു് എന്നേ അര്‍ത്ഥമുള്ളൂ ഏവൂരാനേ. “പൂ പോലെയുള്ള” എന്നു ചോറിനെപ്പറ്റിയും പെണ്ണിനെപ്പറ്റിയും വാക്കിനെപ്പറ്റിയുമൊക്കെ പറയാറില്ലേ? വാച്യാര്‍ത്ഥം എടുക്കേണ്ടാ.
ഇഞ്ചിപ്പെണ്ണ് | 21-Dec-06 at 2:43 am | Permalink
ഏവൂര്‍ജി , പൂം എന്നുള്ളതിനു നല്ലത് എന്നല്ലേ അര്‍ത്ഥം? അതിനു പൂവുമായി ബന്ധമുണ്ടൊ? ഏ? ഉണ്ടായിരിക്കും. എന്തായാലും ഞാന്‍ ഇത്രേം നാളും കാറ്റു കൊണ്ടത്, ഹയ് നല്ല കാറ്റ് എന്ന അര്‍ത്ഥത്തില്‍ ആയിരുന്നു. ഇനി പൂക്കളുടെ കാറ്റ് എന്ന് വിചാരിച്ച് കാറ്റു കൊള്ളാം…ഒരു ഇച്ചിരെ നല്ല കാറ്റ് കൊള്ളുന്നതിനും മനുഷ്യന് ഇവിടെ അനുവാദമില്ലേ? 🙂
ഇഞ്ചിപ്പെണ്ണ് | 21-Dec-06 at 2:45 am | Permalink
ഈശ്വരാ! എനിക്കാനന്ദലബ്ധിക്കിനിയെന്തു വേണം? ഹൊ! ആദ്യായിട്ടങ്ങിനെ ഒരു അര്‍ത്ഥം ശരിയായി…ഇനി അപ്പൊ ഞാന്‍ ഒരു ശബ്ദതാരാവലിയും കൂടി മേടിച്ചാല്‍ ഇവിടെ എന്തൊക്കെ നടക്കും???
Viswaprabha വിശ്വം | 21-Dec-06 at 2:48 am | Permalink
സമാസത്തില്‍ പൂം എന്നു പദാദ്യത്തില്‍ വന്നാല്‍ “നല്ല, മനോഹരമായ” എന്നെല്ലാം അര്‍ത്ഥം വരാം. പൂവുമായി നേരിട്ട് ബന്ധം വേണമെന്നില്ല.
ആ പൂം ആണ് പൂങ്കാറ്റിലും പൂന്തിങ്കളിലും പൂങ്കുഴലി, പൂനിലാവ് തുടങ്ങി മറ്റു ധാരാളം പദങ്ങളിലും ഉള്ളത്. എന്നാല്‍ പൂവിന്റെ മണമുള്ള കാറ്റ് എന്നും പൂപോലെ മനോഹരമായ നിലാവ് എന്നുമൊക്കെ വേണമെങ്കില്‍ വിഗ്രഹിക്കുകയുമാവാം.
പൂവിന് കുല – പൂങ്കുല
പൂങ്കനിപ്പൈതല് – ഓമനയായ കുട്ടി
പൂക്കുല എന്നും പൂങ്കുല എന്നും ആവാം. എന്നാല്‍ പൂക്കാറ്റ് ശരിയാവില്ല.
പൂ എന്നതിന് ഭൂമി (പൂമി) എന്നും പഴയമലയാളത്തില്‍ അര്‍ത്ഥമുണ്ട്. പൂമാത് = ഭൂമീദേവി.
Viswaprabha വിശ്വം | 21-Dec-06 at 2:53 am | Permalink
ശ്ശെ. വെറും 10 മിനിട്ടുസമയത്തിനുള്ളില് ഇഞ്ചിപ്പെണ്ണടക്കം എല്ലാ മലയാളം വാദ്ധ്യാരവാദ്ധ്യാത്തികളും ഒരുമിച്ചു വന്നു ക്ലാസ്സെടുത്തല്ലോ!
സുരലോഗം, ശരിക്കും പൂവിന്റെ മണം നന്നായുണ്ടെങ്കില് പൂക്കാറ്റ് എന്നു വിളിക്കുന്നതിന് എനിക്കു വിരോധമൊന്നുമില്ലാട്ടോ!
Umesh::ഉമേഷ് | 21-Dec-06 at 2:58 am | Permalink
ഇഞ്ചീ, ശബ്ദതാരാവലിയൊന്നും വാങ്ങിക്കല്ലേ. അല്ലെങ്കില്‍ത്തന്നെ ഇഞ്ചിയുടെ “പ്രയോഗങ്ങള്‍” കൊണ്ടു വഴി നടക്കാന്‍ മേലാ. കാര്കൂന്തല്ക്കെട്ടിനു വാസനത്തൈലം, പൊന്നിന് കുടത്തിനു പൊട്ടു്, തന്നേ കേറുന്ന കുരങ്ങനു് ഏണി തുടങ്ങിയ ഉപമകള്‍ ഓര്‍മ്മവരുന്നു 🙂
വെല്‍ ഡണ്‍! ഇഞ്ചിയ്ക്കു വിവരമുണ്ടു്!
പൂമാതിന്റെ അര്‍ത്ഥം ലക്ഷ്മീദേവി എന്നല്ലേ വിശ്വം? പൂവില്‍ ഉണ്ടായ മാതാവു് എന്ന അര്‍ത്ഥത്തില്‍?
“പൂമാതാ മകളെന്നുമല്ല…” എന്നു കടലിനോടു ഗ്രാമത്തില്‍ രാമവര്‍മ്മത്തമ്പുരാന്‍. “പൂമാതല്ലേ കളത്രം? ചപലകളിലവള്‍ക്കഗ്രഗണ്യത്വമില്ലേ?” എന്നു് ഒറവങ്കര വിഷ്ണുവിനോടു്. ഭൂമി ചപലയല്ലല്ലോ.
indiaheritage | 21-Dec-06 at 3:01 am | Permalink
സമ്യക്കാകും വണ്ണം ന്യസിക്കുക അതായത് വേണ്ടവണ്ണം ന്യാസം ചെയ്യുക- ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളെ യതാര്‍ത്ഥത്തില്‍ എങ്ങനെയാണോ ചെയ്യേണ്ടത് അങ്ങനെ ചെയ്യുക അന്നതാണ് ആ വാക്കിന്റെ അര്‍ഥം.
ഇഞ്ചിപ്പെണ്ണ് | 21-Dec-06 at 3:07 am | Permalink
വാങ്ങിക്കും വാങ്ങിക്കും പൂംമേഷേട്ടാ 🙂 എന്നിട്ട് വേണം ഈ പറയുന്നതൊക്കെ പൊളിച്ചടുക്കി കയ്യില്‍ തരാന്‍..!അതാണൊരൊറ്റ ലക്ഷ്യം ഇപ്പൊ. വിക്കി കുഞ്ഞ് ഇപ്പൊ ശബ്ദതാരാവലിയിലെ എത്രാമത്തെ ചാപ്റ്ററായ്?
Viswaprabha വിശ്വം | 21-Dec-06 at 3:09 am | Permalink
പൂമാത് രണ്ടര്‍ത്ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. പഴയമലയാളത്തില്‍ ഭൂ എന്നതിന്റെ തത്ഭവം കൂടിയാണ് പൂ. പൂമാതാവ് =ഭൂമിമാതാവ് = ഭൂമിദേവി (മേദിനീദേവി)
ലക്ഷ്മീദേവിയെ പൂമകള്‍ എന്നാണു ശരിക്കും വിളിക്കേണ്ടത്. ഇനി തമ്പുരാനും ഒറവങ്കരയും അങ്ങനെ പറഞ്ഞിട്ടുള്ളതുകൊണ്ട് സുരലോഗത്തിനു കൊടുത്ത ഡിസ്കു കൈമള്‍ ഓരോ കഷ്ണം അങ്ങോട്ടും വീതിച്ചോട്ടെ.
reshma jannath | 21-Dec-06 at 3:11 am | Permalink
ഉമേഷേട്ടാ, ഒരു ഓഫ് അടിച്ചോട്ടെ?
ഇഞ്ചിപ്രയോഗങ്ങള്:
‘ആദ്യം ഗോതമ്പ് പാടങ്ങളിലെ വിയര്‍പ്പിന്റെ ഗന്ധമുള്ള സ്വര്‍ണ്ണ നിറമുള്ള ഗോതമ്പ് മണികളെ ധൂളിയാക്കി,അത് ആകാശച്ചെരുവിലെ അരിപ്പയിലരിച്ചെടുത്ത്, വര്‍ണ്ണ നിറമുള്ള അരി ചിക്കി ചിക്കി നിലത്തൂടെ നടക്കുന്ന പക്ഷിയുടെ അണ്ടകടാഹത്തിലൂടെ പ്രഭവിക്കുന്ന വെളുത്ത മുത്തിനെ ചേര്‍ത്ത്, ഇറാക്കിലെ എണ്ണമറ്റ കറുത്ത പാടങ്ങളിലെ പട്ടിണിയുടെ തെളിവാര്‍ന്ന എണ്ണ മണികളില്‍ മുക്കാതെ, നീല കുപ്പികളില്‍ വരുന്ന വെളിച്ചെണ്ണയില്‍ മുക്കി…‘
‘ഹാ അന്ത അരിഗോളമേ! – ഇഡ്ഡലി, ആകാശത്തിലെ നക്ഷത്രങ്ങളെപ്പോല്‍ ശോഭയുള്ള പതുപതുത്ത വട്ടത്തിലുള്ള പരവതാനി – ദോശ, ദുഖങ്ങളുടേയും സന്തോഷത്തിന്റേയും സമ്മിശ്രം – ചമ്മന്തി… ‘
‘നാളെയാവുമ്പോഴേക്കും ഈ സൌഹൃദത്തിന്റെ മിന്നാമിനുങ്ങു വെട്ടങ്ങളില്‍ സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കില്ലെ‘
(ഐ ആം ദ സ്റ്റോരി ഇഞ്ചീ, ബറ്റ് ദീസ് ജെംസ് ഒറ്റ് റ്റൊ ബെ ഷേറ്ഡ്)
Umesh::ഉമേഷ് | 21-Dec-06 at 3:15 am | Permalink
അടിപൊളി, രേഷ്മേ!
ഇതുകൊണ്ടല്ലേ ഞാന്‍ ഇഞ്ചിയോടു ശബ്ദതാരാവലി വാങ്ങിക്കരുതു് എന്നു പറഞ്ഞതു് 🙂
ഇഞ്ചിയേയും ശബ്ദതാരാവലിയെയും പറ്റി പറഞ്ഞപ്പോള്‍ ഒരു ഉപമ പറയാന്‍ മറന്നുപോയി-കുരങ്ങനും പൂമാലയും 🙂
ഇഞ്ചിപ്പെണ്ണ് | 21-Dec-06 at 3:17 am | Permalink
ഒരു virtual തൊഴി മെഷീന് കിട്ടുമൊ നോര്‍ത്ത് കരോളിനാ വരെ എത്തണത്..!!!!
Viswaprabha വിശ്വം | 21-Dec-06 at 3:18 am | Permalink
ഹോ! ഇന്നത്തെ ദിവസം മുതലായി രേഷ്മേ!
എന്നാലും ഇഞ്ചീ, ജിഞ്ജറും ജഞ്ജ്വലിപ്പും തമ്മിലുള്ള പദസംബന്ധം ഇപ്പഴല്ലേ മനസ്സിലായത്!
ഈ അരിഗോളവും അരിഗോണികളും കുരങ്ങന്റെ ഏണിയും തമ്മില്‍ വല്ല ബന്ധവും?
ഇഞ്ചിപ്പെണ്ണ് | 21-Dec-06 at 3:20 am | Permalink
ഹെന്ത് ഉമേഷേട്ടന് പൂമാല കിട്ടിയെന്നൊ? അതൊക്കെ ഇവിടെ വിളിച്ച് ജാഡ കാണിക്കണൊ ഉമേഷേട്ട? 🙂
vishnuprasadwayand | 21-Dec-06 at 11:58 am | Permalink
ഉമേഷേട്ടാ,രാവിലെ കമന്റിടാന്‍ നേരം കിട്ടിയില്ല.ഞാനുന്നയിച്ച സംശയത്തോട് ഉടന്‍ പ്രതികരിച്ചതിന് വളരെയധികം നന്ദി.ഈ പ്രശ്നത്തോട് പ്രതികരിച്ച എല്ലാ കൂട്ടുകാരോടും നന്ദി.വിശ്വേട്ടാ,പൂക്കാറ്റ് എന്ന പദം ഉപയോഗിക്കമെന്ന് വിശ്വസിക്കട്ടെ.ഉമേഷേട്ടന്റെ വക വിശദമായൊരു ലേഖനം ഇനി പ്രതീക്ഷിക്കാമോ?
ഗുപ്തന് | 25-Mar-09 at 11:27 am | Permalink
ഒരു തംശ്യേം
വിശ്വേട്ടന്റെ ആദ്യ കമന്റിലെ ഉദാഹരണം പൂനിലാവ് (പൂം + നിലാവ്) മുകളില്‍ പറഞ്ഞ എല്ല്ലാ കാര്യങ്ങളും കൂടി ഡിംഗോളിഫൈ ചെയ്തുവരുമ്പോള്‍ പൂന്നിലാവ് എന്നല്ലേ എഴുതേണ്ടത്. പൂനിലാവ് എന്നന്നെ കണ്ടേക്ക്ണ്
Lakshmi Hemanthkumar | 03-Apr-19 at 12:21 pm | Permalink
സൻസാർ എന്ന വാക്കിൻറെ അർത്ഥം ജീവിതം പറ്റില്ല എന്നാണോ ലോകം എന്നാണോ?
💀 | 21-Jul-20 at 4:23 am | Permalink
“സിബുവിന്റെയും രാജേഷിന്റെയും acceptance theory അനുസരിച്ചു് അവയും ശരിയാണു്. പക്ഷേ മറ്റവയാണു ശരിയെന്നു പറയാനാണു് എനിക്കിഷ്ടം.”
~ ഗോവിന്ദൻകുട്ടി പറഞ്ഞതാ ശരി. പക്ഷേ മഹാദേവൻ പറഞ്ഞതാ ശരി. ~
🏃♂️🏃♂️🏃♂️