സുഭാഷിതത്തിലെ വിചിത്രമായ വധം എന്ന ലേഖനം എഴുതിയപ്പോള്‍ ഈ ശ്ലോകത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ശ്ലോകം മുഴുവന്‍ അറിയില്ലായിരുന്നു. അക്ഷരശ്ലോകഗ്രൂപ്പില്‍ നിന്നു തപ്പിയെടുക്കേണ്ടി വന്നു.
നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം എന്ന കാവ്യത്തിലുള്ളതാണു് ഈ ശ്ലോകം.
കീടഃ കശ്ചന വൃശ്ചികഃ, കിയദയം പ്രാണീ, കിയച്ചേഷ്ടതേ,
കോ ഭാരോ ഹനനേऽസ്യ, ജീവതി സ വാ കാലം കിയന്തഃ പുനഃ
നാമ്നാപ്യസ്യ കിയദ് ബിഭേതി ജനതാ ദൂരേ കിയദ് ധാവതി
കിം ബ്രൂമോ ഗരളസ്യ ദുര്‍വ്വിഷഹതാം പുച്ഛാഗ്രശൂകസ്പൃശഃ?
അര്‍ത്ഥം:
വൃശ്ചികഃ കശ്ചന കീടഃ | : | തേള് വെറുമൊരു കീടം മാത്രമാണു് |
അയം പ്രാണീ കിയത് | : | അതു് എന്തൊരു ചെറിയ പ്രാണിയാണു്? |
കിയത് ചേഷ്ടതേ | : | അതു് എന്തു ചെയ്യും? |
അസ്യ ഹനനേ കഃ ഭാരഃ | : | അതിനെ കൊല്ലാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? |
സ കിയന്തം കാലം ജീവതി? | : | എത്ര കാലം അതു ജീവിച്ചിരിക്കും? |
പുനഃ | : | പിന്നെ (എന്നാലും), |
ജനതാ അസ്യ നാമ്നാ അപി കിയത് ബിഭേതി | : | ജനത്തിനു് അതിന്റെ പേരു കേട്ടാല്‍ എന്തൊരു പേടിയാണു്? |
കിയത് ദൂരേ ധാവതി | : | (കണ്ടാല്‍) എന്തൊരു ഓട്ടമാണു്? |
പുച്ഛാഗ്രശൂകസ്പൃശഃ ഗരളസ്യ | : | വാലിന്റെ അറ്റത്തെ മുനയിലുള്ള വിഷത്തിന്റെ |
ദുര്‍വിഷഹതാം കിം ബ്രൂമഃ? | : | തീക്ഷ്ണതയെപ്പറ്റി എന്തു പറയാന്‍! |
ഇവിടെ പറയുന്നതു തേളിനെപ്പറ്റിയാണെങ്കിലും വിവക്ഷ അതല്ലെന്നു വ്യക്തമാണു്. തേളിന്റെ വാല് എന്നതുകൊണ്ടുദ്ദേശിക്കുന്നതു് ഏഷണിക്കാരന്റെ നാക്കാണു്. യാതൊരു വിധത്തിലുള്ള കഴിവുമില്ലാത്തവനായാലും ഏഷണിക്കാരനെ ആളുകള്‍ പേടിക്കുന്നു.
ഇങ്ങനെ പറയേണ്ട കാര്യം പറയാതെ മറ്റൊരു കാര്യം വ്യംഗ്യമായി പറയുന്നതിനെ കുവലയാനന്ദം എന്ന അലങ്കാരശാസ്ത്രഗ്രന്ഥം എഴുതിയ അപ്പയ്യദീക്ഷിതര്‍ അന്യാപദേശം എന്നു വിളിക്കുന്നു. ഭാഷാഭൂഷണത്തില്‍ ഏ. ആര്. രാജരാജവര്‍മ്മ ഇതിനെ അപ്രസ്തുതപ്രശംസ എന്ന അലങ്കാരത്തിന്റെ ഒരു വകഭേദമായി മാത്രമേ കരുതുന്നുള്ളൂ.
അന്യാപദേശരീതിയിലുള്ള ശ്ലോകങ്ങളുടെ സമാഹാരങ്ങളായ കാവ്യങ്ങള്‍ സംസ്കൃതത്തില്‍ ധാരാളമുണ്ടു്. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം അതിലൊന്നാണു്.
“വാല്” എന്നതിനു പകരം “ബ്ലോഗ്” എന്നോ “പത്രം” എന്നൊന്നു് ആലോചിച്ചുനോക്കൂ. ഇതു വളരെ പ്രസക്തമല്ലേ? യാതൊരു കഴിവുമില്ലാത്തവനും ഒരു ബ്ലോഗ്/പത്രം കൈവശമുണ്ടെങ്കില്‍ എന്തും എഴുതിക്കൂട്ടി ആളുകള്‍ പേടിക്കുന്നവന്/ള്‍ ആകാമല്ലോ? (ആരെയും ഉദ്ദേശിച്ചിട്ടില്ല എന്നൊരു മുന്‍കൂര്‍ ജാമ്യമെടുക്കുകയാണു് :-)).
അന്യാപദേശശതകത്തിലെ ഞാന്‍ കണ്ടിട്ടുള്ള ശ്ലോകങ്ങളെല്ലാം ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തിലാണു്. ആ കാവ്യത്തെ കുസുമമഞ്ജരീവൃത്തത്തില്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. കേരളവര്‍മ്മയുടെ ഏറ്റവും നല്ല പരിഭാഷയാണതു്. സംസ്കൃതപക്ഷപാതിത്വം കൂടുതലുണ്ടായിരുന്ന അദ്ദേഹം അതു വിട്ടു് നല്ല മലയാളത്തില്‍ നന്നായി എഴുതിയ പുസ്തകമാണിതു്. ദ്വിതീയാക്ഷരപ്രാസവാദത്തിനു ശേഷമായതുകൊണ്ടു് ഇതിലെ ശ്ലോകങ്ങള്‍ക്കെല്ലാം നല്ല സജാതീയദ്വിതീയാക്ഷരപ്രാസവുമുണ്ടു്.
മേല്‍ക്കൊടുത്ത ശ്ലോകത്തിനു കേരളവര്‍മ്മയുടെ പരിഭാഷ താഴെച്ചേര്‍ക്കുന്നു..
തേളു തുച്ഛമൊരു കീടകം; പരമിതെന്തുചെയ്യു? മൊരെറുമ്പിനെ-
ക്കാളുമില്ല പണി കൊല്ലുവാനിതിനെ, വാഴുമെത്രയിതു വാഴ്കിലും?
ആളുകള്‍ക്കു പുനരെന്തുപേടി? യവര്‍ പേരുകേട്ടുമുടനോടിടും;
കാളുമുഗ്രവിഷമുള്ള വാല്‍മുനയതിന്റെ തീവ്രത കഥിപ്പതോ!
(രാജേഷ് വര്‍മ്മയ്ക്കു തത്കാലം പണിയില്ല. മറ്റൊരു വര്‍മ്മ നൂറു കൊല്ലം മുമ്പേ അതു ചെയ്തു :-))
[2006/07/22]: ഈ ശ്ലോകത്തിനു ടി. എം. വി. (ടി. എം. വാസുദേവന്‍ നമ്പൂതിരിപ്പാടു്) ചെയ്ത പരിഭാഷ രാജേഷ് വര്‍മ്മ അയച്ചുതന്നതു്:
തേളു തുച്ഛമൊരു കീടമെങ്കിലും
ചൂളുമാരുമവനാഞ്ഞെതിര്‍ക്കുകില്‍
കാലദണ്ഡസമമായ വാലിലെ-
ക്കാളകൂടവിഷമോര്‍ത്തു ഭീതിയാല്‍.
നന്ദി, രാജേഷ്!
Umesh::ഉമേഷ് | 21-Jul-06 at 9:59 pm | Permalink
സുഭാഷിതം: തേളും ബ്ലോഗറും.
Umesh::ഉമേഷ് | 21-Jul-06 at 10:15 pm | Permalink
പന്നി, ആന എന്നിവ കഴിഞ്ഞു തേളെന്നും വിളിച്ചെന്നു പറഞ്ഞു് ബൂലോഗരെല്ലാവരും കൂടി എന്നെ ഓടിക്കുമോ ദൈവമേ!
സന്തോഷ് | 21-Jul-06 at 11:10 pm | Permalink
വരികള്‍ക്കിടയില്‍ ഇങ്ങനെ ? ഇടുന്നത് സാധാരണയാണോ?
!, , ; – എന്നിവ കണ്ടിട്ടുണ്ടെങ്കിലും ? കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല.
എന്താണഭിപ്രായം?
Umesh::ഉമേഷ് | 21-Jul-06 at 11:17 pm | Permalink
ശ്ലോകത്തിലെക്കാര്യമാണോ സന്തോഷ് ഉദ്ദേശിച്ചതു്? കണ്ടിട്ടുണ്ടു്.
പണ്ടുള്ള കൃതികളില്‍ പദ്യത്തില്‍ ചിഹ്നങ്ങള്‍ കുറവായിരുന്നു. രണ്ടു വരി കഴിയുമ്പോള്‍ ഒരു |. നാലു വരി കഴിയുമ്പോള്‍ ||. വരി തീര്ന്നതെവിടെ എന്നറിയാനുള്ള ഈ ചിഹ്നങ്ങളല്ലാതെ മറ്റുള്ളവ കുറവായിരുന്നു. ഇപ്പോള്‍ എല്ലാ ചിഹ്നങ്ങളും ഉപയോഗിക്കാറുണ്ടു്.
അക്ഷരശ്ലോകം ഗ്രൂപ്പില്‍ മറ്റെങ്ങും ഇല്ലാത്ത ചില പരിഷ്കാരങ്ങള്‍ ചിഹ്നനത്തിനു പരീക്ഷിച്ചു നോക്കിയിട്ടുണ്ടു് (കോമ ഇടുന്നതും മറ്റും). അതേ രീതി തന്നെയാണു ഞാന്‍ എന്റെ ബ്ലോഗിലും തുടരുന്നതു്.
സംസ്കൃതശ്ലോകങ്ങളില്‍ ഇവ വളരെ വിരളമായേ കണ്ടിട്ടുള്ളൂ. അക്ഷരശ്ലോകം ഗ്രൂപ്പില്‍ അര്‍ത്ഥമറിയാവുന്ന സംസ്കൃതശ്ലോകങ്ങള്‍ക്കും ചിഹ്നങ്ങള്‍ ഇട്ടിട്ടുണ്ടു്.
സന്തോഷ് | 21-Jul-06 at 11:29 pm | Permalink
അതെ, ശ്ലോകത്തിലെക്കാര്യം തന്നെ. പ്രിന്റ് മീഡിയയില്‍ ഈ പരീക്ഷണങ്ങള്‍ വന്നു തുടങ്ങിയിട്ടില്ല, അല്ലേ?
Umesh::ഉമേഷ് | 21-Jul-06 at 11:40 pm | Permalink
ഇല്ലെന്നു പറഞ്ഞുകൂടാ.
ആരാകിലെന്തു? മിഴിയുള്ളവര്‍ നിന്നിരിക്കാം
എന്നൊക്കെ കണ്ടിട്ടുണ്ടു്.
L.G | 22-Jul-06 at 12:00 am | Permalink
അതു ശരി! അപ്പൊ കൊത്തി കൊത്തി!!
അതേയ്..ഇതിനു മുമ്പത്തെ പോസ്റ്റില്‍ സ്നേഹത്തിനും പാഷനും ഒക്കെ മലയാള പദങ്ങള്‍ ചോദിച്ചിരുന്നു….അതൊക്കെ പറഞ്ഞിട്ട് മതി ഈ ശ്ലോകം എഴുത്തും പരിഭാഷയും ഒക്കെ…
സിബു | 22-Jul-06 at 12:04 am | Permalink
ഉമേഷിന് സംസ്കൃതം പോലെ തായ് ഭാഷയും വശമാണോ? പിന്മൊഴിയിലിപ്പോഴും പേരങ്ങനെ വരുന്നത് കണ്ട് ചോദിച്ചതാണേ 😉
L.G | 22-Jul-06 at 12:08 am | Permalink
കര്‍ത്താവെ! ഇനി ഇവിടെ തായും കേക്കണൊ.. കുറച്ചു നാള് റഷ്യന്‍ ആയിരുന്നു…ആ തണുപ്പങ്കുഞ്ഞ് തണുത്തതില്‍ പിന്നെ ഇവിടെ മനുഷ്യന് സമാധാനമുണ്ട്..അപ്പൊ ദേ സിബുചേട്ടന്റെ വക..എനിക്ക് വയ്യ!!
Umesh::ഉമേഷ് | 22-Jul-06 at 12:21 am | Permalink
സിബുവിനു ചൈനീസും വശമാണല്ലോ.
എന്തു ചെയ്യാന്‍ സിബൂ. base64_encode വിളിക്കുന്നൊക്കെയുണ്ടു്. ഏവൂരാന്റെ അടുത്തു പോകുമ്പോള്‍ എന്കോഡിംഗു സംഭവിക്കുന്നില്ല. സബ്ജക്റ്റു ശരിയാകുന്നുണ്ടു താനും. പലതും നോക്കി. ഒരു രക്ഷയുമില്ല.
രാജേഷ് | 22-Jul-06 at 12:43 am | Permalink
ഇതിനെ സംഗ്രഹിച്ചു വിവര്‍ത്തനം ചെയ്തു.
തേളു തുച്ഛമൊരു കീടമെങ്കിലും
ചൂളുമാരുമവനാഞ്ഞെതിര്‍ക്കുകില്‍
കാലദണ്ഡസമമായ വാലിലെ-
ക്കാളകൂടവിഷമോര്ത്തുഭീതിയാല്.
ഞാനല്ല ചെയ്തത്. ടീയെംവീ എന്ന കവി.
🙂
തണുപ്പന്‍ | 22-Jul-06 at 1:23 am | Permalink
ഉമേഷ്ജീ…സാധനം കസറി.വരികള്‍ക്കിടയിലെ ? ഒരു ചോദ്യച്ചിഹ്നമായിത്തന്നെ നിക്കുന്നു.
യെല്‍ജിയേ…അങ്ങനെ തണുത്തുറച്ചിട്ടൊന്നൂല്യാട്ടോ..! കുറച്ച് പണിണ്ടായിരുന്നു.
Raj Nair | 22-Jul-06 at 5:29 am | Permalink
എല്‍.ജി passion -നു മലയാളത്തില്‍ ‘രാഗം’ എന്നു പറയാം. ഉദാ: അനുരാഗിയെന്നാല് ‘എന്തിനെക്കുറിച്ചോ രാഗവാനായിട്ടുള്ളവന്’, ‘രാഗം എല്ലായ്പ്പോഴും കൂടെക്കരുതുന്നവന്’ എന്നൊക്കെയര്‍ഥം – Passionate about something എന്നും പറയാം. ഈ something മിക്കപ്പോഴും എതിര് ലിംഗമായതുകൊണ്ടാവും പ്രേമിക്കുന്നവരെ ഉദ്ദേശിച്ചു അനുരാഗി/അനുരാഗിണി എന്നു പറഞ്ഞുപോകുന്നതു് 😉
പിന്നെ ‘സ്നേഹത്തിനു’ മലയാളത്തില്‍ സ്നേഹം എന്നു തന്നെയാണു പറയുക.
Su | 22-Jul-06 at 5:45 am | Permalink
എല്‍ ജീ
അനുരാഗിണീ ഇതാ എന്‍ “തൊടിയില്‍” വിരിഞ്ഞപൂക്കള്‍
എന്ന പാട്ട് കേട്ടിട്ടില്ലേ. 😉
തേളിന്റെ വാലുപോയാല് മനുഷ്യര്‍ പേടിക്കേണ്ടെന്നാണ് പറയുന്നത് അല്ലേ? ഏഷണിക്കാരന്റെ നാക്ക് പോയാല്‍ പിന്നെ പേടിക്കേണ്ടല്ലോ.
“(ആരെയും ഉദ്ദേശിച്ചിട്ടില്ല എന്നൊരു മുന്‍കൂര്‍ ജാമ്യമെടുക്കുകയാണു്)“ എന്ന് പറഞ്ഞത് നന്നായി. അല്ലെങ്കില്‍ എന്നെ പറ്റിയെങ്ങാനുമാണോ എന്ന് ആലോചിച്ച് തലപുകയ്ക്കാന്‍ ഇന്ന് ഒട്ടും സമയമില്ല. 😉
ദേവാനന്ദ് | 22-Jul-06 at 6:28 am | Permalink
ഗുരുക്കളേ
1.മര്‍ക്കടസ്യ സുരപാന മദ്ധ്യേ വൃശ്ചിക ദംശനം എന്നത് ഏതെങ്കിലും ശ്ലോകത്തിന്റെ ഭാഗമാണോ?
2. തേളിന്റെ കാര്യം പറഞ്ഞപ്പോഴാ. മറ്റൊരാളിന്റെ ജോബ് ഡിസ്ക്രിപ്ഷനില്‍ പറഞ്ഞിരിക്കുന്ന വര്‍ക്ക് ചെയ്യാന്‍ നോക്കിയാല്‍ പരിഹാസ്യരാകും ബ്രഹ്മാവിനൊടു വാശിക്ക് വിശ്വാമിത്രന് പ്രൊഡക്ഷന്‍ തുടങ്ങി തേളിനു വിഷം വാലിലായി പോയി, ഞണ്ട് നടക്കുന്നത് വശത്തോട്ടായിപ്പോയി ആമക്ക് എല്ല് തൊലിപ്പുറത്തായിപ്പോയി .. എന്ന് ഒരു ശ്ലോകം ഉള്ളത് അറിയാമെങ്കില്‍ എഴുതണേ അതെടുത്ത് മീറ്റിങ്ങുകളില്‍ ഒരു ശ്ലോകപ്പാര വയ്ക്കാനാ.
Umesh::ഉമേഷ് | 22-Jul-06 at 3:12 pm | Permalink
തേവരേ,
ആദ്യത്തേതു ശ്ലോകം തന്നെ. അനുഷ്ടുപ്പിലുള്ള ആ പെരുക്കു കേട്ടാന് അറിയില്ലേ? പല ശ്ലോകങ്ങള്‍ക്കും പറ്റിയ പ്രശ്നമാണു് – അതിന്റെ ഒന്നോ രണ്ടോ വരിയോ വളരെ നല്ലതായിരിക്കും. ബാക്കി ക്വോട്ടു ചെയ്യാന്‍ തോന്നുകയുമില്ല. ഇതിനും ആ ദുര്‍ഗ്ഗതി പറ്റി. ഗവേഷണത്തിനു വേണ്ടി ഇതാ പിടിച്ചോ:
മര്‍ക്കടസ്യ സുരാപാനം
മദ്ധ്യേ വൃശ്ചികദംശനം
തന്മദ്ധ്യേ ഭൂതസഞ്ചാരം
കിം ബ്രൂമോ വൈകൃതം സഖേ?
സ്റ്റൈലായി വെള്ളമടിച്ചു മൂട്ടില് തേളും കുത്തിയിരുന്ന മര്ക്കടനു് ഔചിത്യബോധമില്ലാതെ ഭൂതസഞ്ചാരം കൊടുക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ആ സംസ്കൃതകവിക്കു്? ആരുടേതാണെന്നു് ഒരു പിടിയുമില്ല.
രണ്ടാമത്തേതു് അറിയില്ലല്ലോ തേവരേ. എവിടെയെങ്കിലും കണ്ടാല്‍ അറിയിക്കാം.
Umesh::ഉമേഷ് | 22-Jul-06 at 3:17 pm | Permalink
passion എന്നതു് ആവേശം അല്ലേ? അഭിനിവേശവുമാകാം. രാഗം പോര പെരിങ്ങോടാ.
സ്നേഹവും പ്രേമവും ഒന്നു തന്നെ. അതിലൊരല്‍പ്പം possessiveness-ഉം ഉണ്ടു്. അതു തീരെയില്ലാത്തതു മൈത്രി. കൂടുതലുള്ളതു കാമം.
പുറത്തു കാണിക്കുന്ന സ്നേഹമാണു പ്രണയം. “മൈത്രീ ചാപ്രണയാത്” എന്നു ഭര്‍ത്തൃഹരി. പ്രകടിപ്പിച്ചില്ലെങ്കില്‍ സുഹൃദ്ബന്ധം നശിച്ചുപോകും എന്നര്‍ത്ഥം.
ഇതൊക്കെയാണോ എല്‍ജി ചോദിച്ചതു്? പഴയ പോസ്റ്റു നോക്കാന്‍ ഒരു മടി.
എന്‍ ജെ മല്ലു | 22-Jul-06 at 3:50 pm | Permalink
passion എന്നുള്ളതിന്റെ അര്‍ത്ഥം എല്‍ജി ചോദിക്കുന്നത്: “നാടകം – രണ്ടാം ഭാഗം” എന്നോ മറ്റോ ഉള്ള എല്ജിപ്പോസ്റ്റില് എല്‍ജി passion എന്നതിനെ “ഉന്മാദം” എന്നു മലയാളത്തിലാക്കിയിരുന്നു. അതിന്റെ ശരിയായ തര്‍ജ്ജമ മനസ്സിലാക്കാനുള്ള ശ്രമമല്ലേ ഇതെന്നൊരു ശങ്ക.
L.G | 22-Jul-06 at 7:01 pm | Permalink
ഉമേഷേട്ടാ
അല്ല..ആദിക്കുട്ടിക്ക് പാഷന്റെ മലയാളം വേണമായിരുന്നു..
എനിക്ക് വേണ്ടത്.. സ്നേഹത്തിനുള്ള പല പല വേര്ഡ്ശ്
ഒരു പെണ്‍കുട്ടി തോഴിയോട്..എനിക്ക് നിന്നോട് പ്രണയം എന്ന് പറയുന്നത്..ഉചിതമാണൊ?
എന്ന് വെച്ചാല്‍…മലയാളത്തില്‍ സ്നേഹം എന്ന വാക്കിന് പല പല ഡിഗ്രീസില് എന്താ പറയാ..
തമിഴില്‍.. അന്പ് -സ്നേഹം. പാസം – സ്നേഹം * 2
അപ്പൊ..ഈ പാസം എന്നുള്ളതിന് മലയാളത്തില്‍ എന്നതാ? ഈ പാസം നമുക്ക് ആരോട് വേണമെങ്കിലും തോന്നാം.. ചെക്കനും പെണ്ണിനും മാത്രമല്ല..അങ്ങിനെ ഒരു വാക്ക് കണ്ട് പിടിച്ച് താ..മിടുക്കണാണെങ്കില്..ചുമ്മാ കണ കുണാന്ന് കുറെ മനുഷ്യന് മനസ്സിലാവാത്തെ അഹ്! ഇഹി! എന്നൊക്കെ പറഞ്ഞോണ്ട് നടക്കാണ്ട്.. 🙂
അപ്പൊ ഈ രാജ് നായര്‍ജി നമ്മുടെ പെരിങ്ങ്സ് ആണല്ലൊ..അമ്പടാ!! എന്തായലും അഭിനിവേശം എന്ന് ഞാന്‍ പറഞ്ഞത് ഉമേഷേട്ടന് ശരി വെച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം ചില്ലറയല്ല..പെരിങ്ങ്സിനെ തോപ്പിച്ചേ!! 🙂
anonymous | 22-Jul-06 at 7:49 pm | Permalink
വിശ്വാമിത്രനാണൊ ആമയ്ക്കു തൊലിപ്പുറത്തു എല്ല് വച്ചത്? കൂര്മ്മാവതരത്തിന്റെ കാല നിര്‍ണ്ണയം ശരിയാകുമോ?
Umesh::ഉമേഷ് | 22-Jul-06 at 8:10 pm | Permalink
രാജേഷ് വര്‍മ്മയുടെ കമന്റ് (#11) സ്പാമായിപ്പോയി. അദ്ദേഹം ടി. എം. വി.യുടെ ഒരു പരിഭാഷയും അയച്ചിരുന്നു. അതു പോസ്റ്റില്‍ത്തന്നെ ഇട്ടിട്ടുണ്ടു്.
antonymous | 22-Jul-06 at 10:13 pm | Permalink
പാഷന് എന്ന് ഇംക്രീസ്. പാഷാണം എന്ന് മലയാളം. (അമിതം ആയാല്‍ ബഡ്വൈസറും വിഷം. ഐ പീ ട്രാക്കര്‍ തുറക്കാതെ എന്നെ കണ്ടു പിടി. ഊരിയവാള് ഉറയിലിടും കാലം പൊന്നിട്ട കത്തി പകരം തരാം
ബിന്ദു | 23-Jul-06 at 2:25 am | Permalink
മര്‍ക്കടസ്യ എന്നു തുടങ്ങുന്ന ശ്ലോകം ചൊല്ലി ഞങ്ങളുടെ ക്ലാസ്സിനോടു ഉപമിച്ചിരുന്നു ഒരു സാര്‍. ഞാന്‍ കരുതി വെയിലും കൊണ്ടിരിക്കുന്ന എന്നൊരു വരി കൂടി ഉണ്ടെന്നു. ഒരിക്കല്‍ ഞാന്‍ ഇതിനെ പറ്റി ചോദിച്ചിരുന്നു ഉമേഷ്ജിയോട്.
🙂
ദേവാനന്ദ് | 23-Jul-06 at 5:09 am | Permalink
സമയം എന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒന്നാണ് അനോണിമാഷെ. റ്റൈം സ്പേസ് ഇല്ല്യൂഷന്‍ എന്നാണു ആക്ഷേപിക.. സോറി ആപേക്ഷിക സിദ്ധര്‍ (അതോ സിദ്ധാന്തികളോ അതോ സിദ്ധനരോ ഗുരുക്കളേ കാപ്പാത്തുങ്കോ) ഫിസിക്സിലും മായയുടെ കെട്ടിയവന് കോയ എന്ന് താടിക്കാരും പറയുന്ന ഈ കളിയാലെയാണ് ത്രേതായുഗത്തിലെ ശ്രീറാം കെട്ടു കഴിഞ്ഞ് റിസ്പഷന് ഹാളിലേക്ക് വണ്ടി വിടാന്‍ സുമന്ത്രരോട് പറയുന്നതിനിടെ സത്യയുഗാവസാനത്തിലെ പരശുറാം എക്സ്പ്രസ്സ് മഴുവും വീശി ചാടിവീഴുന്നതും .
ബ്രഹ്മര്ഷിപ്പട്ടം കിട്ടാന്‍ വിശ്വം മാഷ് എത്രയോ ആയിരം വര്‍ഷം എന്തോ പ്രാര്ത്ഥിച്ചെന്നതും ഇതുപോലെ ക്വാണ്ടിറ്റി അല്ലാതെ പീരിയഡ് എന്ന അര്‍ത്ഥത്തിലല്ല എന്നാണു തോന്നുന്നത്.
സായിപ്പ് പറയുമ്പോലെ ഹാവിംഗ് സെഡ് ദാറ്റ്, വിശ്വത്തിന്റെ മിത്രനാണോ കൂര്‍മ്മബുദ്ധിയുള്ള ആമകളെ സൃഷ്ടിച്ചതെന്ന് മറന്നുപോയ ശ്ലോകത്തീന്നല്ലാതെ ഒരു റെഫറന്‍സു തരാന്‍ എന്റെ തലേലെ ചാരവസ്തുവിന് (കളിമണ്ണെന്നും പറയാം അല്ലേ?) ആവുന്നില്ല. ആമാഗമനപുരാണം ആരും എഴുതാത്തതെന്താണോ.
ദേവാനന്ദ് | 23-Jul-06 at 5:20 am | Permalink
ആമേടെ പിന്നാലെ പോയി ശ്ലോകത്തിനു നാനി പറയാന്‍ വിട്ടുപോയി ഗുരുക്കളെ.
ബിന്ദു ഫീസ് അടച്ചില്ലല്ലോ ?അതാണു നേര്ത്തേ ചോദിച്ചത് ഗുരുക്കള്‍ കാണാത്തത്. (ഗുരുകുലമായതുകൊണ്ട് മാനി വേണമെന്നില്ല. വല്ല കാഴ്ച്ചക്കുലയോ എല്ജീടെ തോട്ടത്തില്‍ നിന്നും മോഷ്ടിച്ച രണ്ടു മൂട് ചീരയോ മതിയെന്നേ )
Umesh::ഉമേഷ് | 23-Jul-06 at 6:00 am | Permalink
ബിന്ദൂ,
കുറുമാന്റെ ഭാഗ് പോസ്റ്റില്‍ ചോദിച്ചതല്ലേ? പാപ്പാന് ഉത്തരം പറഞ്ഞിരുന്നല്ലോ? അതിന്റെ പുറത്തു കയറി ഞാന്‍ എങ്ങനെ പറയും? അയാളുടെ കരുണ കൊണ്ടാണു ഞാന്‍ ഇപ്പോഴും ആനപ്പുറത്തിരിക്കുന്നതു് 🙂
ആ അന്തോണി ആരാ? പെരിങ്ങോടനാ? അതോ കണ്ണൂസോ? ദേവന്റെ ശൈലിയില്‍ എഴുതിയാല്‍ ആളറിയില്ല എന്നാണോ?
രാജ് നായര്‍ | 23-Jul-06 at 6:28 am | Permalink
ഞാനല്ല അനോണി, എനിക്ക് ബഡ്വൈസറിഷ്ടമല്ല.
കണ്ണൂസ് | 23-Jul-06 at 9:49 am | Permalink
ഞാനും അല്ല അനോണി. എനിക്കും ബഡ്വൈസര് ഇഷ്ടമല്ല. ബഡ്വൈസര് എന്ന അമേരിക്കന്‍ ബ്രാന്റും, ഫോസ്റ്റര്‍ എന്ന ആസ്ടേലിയന്‍ ബ്രാന്റും ഞാന്‍ ഇറാഖ് അധിനിവേശം നടന്ന കാലം മുതല്‍ വെറുതെ കിട്ടിയാല്‍ പോലും കുടിക്കില്ല. ജയ് ജയ് രാജ മുക്കുവന്. ജയ് ജയ് ഉയരക്കഴുത്തന്.
(മത്തി വില്‍പ്പന കഴിഞ്ഞ്, ബിയര്‍ വില്‍പ്പന ആയി പോസ്റ്റ് ഒരു വഴിക്കാക്കിയോ? ക്ഷമി ഉമേഷേ, ഞാന്‍ ആദിയുടെ സംഘടനയില്‍ അംഗത്വത്തിന് അപേക്ഷിച്ചിരിക്കുകയാ.. പ്രീ ക്വാളിഫിക്കേഷന്‍ സബ്മിറ്റല്..)
ആവനാഴി | 08-Mar-07 at 6:46 pm | Permalink
ഉമേഷേ,
സുഭാഷിതം നോക്കാം.
ഓടിച്ചു വായിച്ചുനോക്കിയപ്പോള്‍ “മര്‍ക്കടസ്യ സുരാപാനം മദ്ധ്യേ വൃശ്ചികദംശനം..” കിടക്കുന്നു.
അപ്പോഴൊന്നു തോന്നി.
ദൂരദേശത്ത് തീര്‍ത്ഥയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ കാമുകന് തന്റെ കാമുകിയോടു താന്‍ കണ്ട വഴിയോരക്കാഴ്ചകള്‍ വിവരിക്കുന്നതായി സങ്കല്പിച്ചുകൊണ്ടാണു ഞാന്‍ മേല്‍പ്പറഞ്ഞ പദ്യത്തിനു ഒരു മലയാളഭാഷാന്തരീകരണം നടത്തുന്നത്.
താഴെ കൊടുക്കുന്നു. അഭിപ്രായം പറയുമല്ലോ.
മദ്യം ശാപ്പിട്ടു കോന്തന്, കലപിലബഹളംകൂട്ടിടും നേരമയ്യോ!
ചന്തിക്കാഞ്ഞാഞ്ഞുകൊത്തീ കരളവിഷമയം മുറ്റുമാത്തേളുവീരന്‍
തിട്ടം കള്ളോടുചേര്ന്നിട്ടതിസരഭസം തേള്‍വിഷം പ്രാസരിക്കേ
മുഠാളന് മര്ക്കടന് താന്‍, ചറപറ വളിവിട്ടെന്റെ വാര്‍തിങ്കളാളെ
Umesh::ഉമേഷ് | 08-Mar-07 at 8:44 pm | Permalink
ആവനാഴീ,
ശ്ലോകം കൊള്ളാം. ഈ “ഭൂതസഞ്ചാരം”“ എന്നു പറഞ്ഞാല്‍ വളി വിടലാണോ? അതറിയില്ലായിരുന്നു.
qw_er_ty
ആവനാഴി | 09-Mar-07 at 1:52 am | Permalink
ഉമേഷേ,
“ഭൂതസഞ്ചാരം” എന്ന വാക്കാണു ഈ വഴിക്കു ചിന്തിക്കാന്‍ പ്രേരകമായി ഭവിച്ചത്.
പഞ്ചഭൂതങ്ങളില്‍ പെടുന്ന ഒന്നാണല്ലോ “വായു”. അപ്പോള്‍ “വായുസഞ്ചാരം” എന്നും വ്യാഖ്യാനിച്ചു.
ആവനാഴി | 09-Mar-07 at 7:16 pm | Permalink
ഉമേഷേ,
“കീടഃ കശ്ചന വൃശ്ചികഃ,…..” എന്നു തുടങ്ങുന്ന ശ്ലോകത്തിനു ഒരു പരിഭാഷ.
പദാനുപദവിവര്ത്തനമായിട്ടില്ല. സാരാംശം നില്നിര്ത്താന് ശ്രമിച്ചിട്ടുണ്ട്.
നോക്കുക:
തേളുപക്ഷെയൊരുകീടമെങ്കിലും
വാഴ്വതോ ചെറിയകാലമെങ്കിലും
കാളകൂടവിഷമേറ്റിടുന്നവാല്
കണ്ടു ഭീതിയിഹ മാനവര്ക്കഹോ!
ആവനാഴി | 09-Mar-07 at 7:24 pm | Permalink
ഉമേഷെ,
മേലുദ്ധരിച്ച ശ്ലോകത്തിനു കുറച്ചുകൂടി വിപുലമായ ഒരു പരിഭാഷ രൂപപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ഫലമാണു താഴെ കൊടുക്കുന്നത്.
നോക്കൂ:
തേളോ കീടമതെത്ര ശക്തിരഹിതന്
പ്രാണന് പിടഞ്ഞോടിടും
കൊണ്ടാലൊട്ടുശിലാസ്യഖണ്ഡമതിനാ-
ലുള്ളോരുകൊച്ചേറിനാല്
വാണാലോ ധരണീതലത്തിലവന-
ങ്ങെത്രക്കു വാഴും പരം
പേരും നിന്റെ വിഷാര്ത്തപുഛമുനയും
ഞെട്ടിച്ചിടുന്നൂ ഭവാന്.
അഭിപ്രായം അറിയിക്കുമല്ലോ?
Ranjith | 18-Aug-09 at 11:12 am | Permalink
When were the 6 ‘vedangas’ composed and written..?