സന്തോഷിന്റെ ദന്തമോതുന്നു… എന്ന കവിത വായിച്ചല്ലോ. നല്ല പരിഭാഷ, അല്ലേ?
ഇതെഴുതിയിരിക്കുന്നതു ജ്ഞാനപ്പാനയുടെ രീതിയിലാണു്.
ദന്തമോതുന്നു നാവിനോടിന്നഹോ: “എന്തുവേണം നിനക്കടങ്ങീടുവാന്‍? ഹന്ത, നിത്യേന നീയഴിഞ്ഞാടിയാ- ലന്ത്യമെത്തും ഹതാശനാണിന്നു ഞാന്‍!” |
|
download MP3 |
“പാന” എന്നും “കീര്‍ത്തനം” എന്നും സാധാരണ വിളിക്കുന്ന ഈ രീതിക്കു പറ്റിയ ലക്ഷണം ഏ. ആര്‍. രാജരാജവര്‍മ്മ കൊടുക്കുന്നതു സര്‍പ്പിണി എന്ന വൃത്തത്തിനാണു്.
ദ്വ്യക്ഷരം ഗണമൊന്നാദ്യം
ത്ര്യക്ഷരം മൂന്നതില്‍പ്പരം
ഗണങ്ങള്‍ക്കാദി ഗുരുവാം
വേറൊന്നും ത്ര്യക്ഷരങ്ങളില്‍
മറ്റേതും സര്‍വ്വഗുരുവായ്
വരാം കേളിതു സര്‍പ്പിണി.
ഗുരുവില്‍ ആരംഭിക്കുന്ന ഗണങ്ങള്‍ 2, 3, 3, 3 എന്നീ അക്ഷരങ്ങളുള്ളവ ഒരു വരിയില്‍, മൂന്നക്ഷരമുള്ള ഗണങ്ങളില്‍ വേറേ ഒരു ഗുരുവും കൂടി വേണം, രണ്ടക്ഷരമുള്ളതില്‍ രണ്ടാമത്തേതു ഗുരുവോ ലഘുവോ ആകാം എന്നര്‍ത്ഥം.
ഈ ഗണങ്ങള്‍ ചൊല്ലിയ രീതിയില്‍ നിന്നു വ്യക്തമാണു്.
ദന്ത… മോതുന്നു…നാവിനോ….ടിന്നഹോ
എന്നു പാന രീതിയില്‍ ചൊല്ലിനോക്കിയാല്‍ എന്താണുദ്ദേശിച്ചിരിക്കുന്നതു് എന്നു മനസ്സിലാകും.
ഇതിനെ സ്കൂളുകളില്‍ സാധാരണ പഠിപ്പിച്ചുവരുന്നതു ദ്രുതകാകളി എന്നാണു്. അദ്ധ്യാപകരുടെ തെറ്റല്ല. സാക്ഷാല്‍ ഏ. ആറിനു വരെ ഈ തെറ്റു പറ്റിയിരുന്നു. ഏ. ആര്‍. ദ്രുതകാകളിക്കു കൊടുത്തിട്ടുള്ള എല്ലാ പദ്യങ്ങളും യഥാര്‍ത്ഥത്തില്‍ സര്‍പ്പിണിയാണു്. അതു തെറ്റാണെന്നു പിന്നെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പാന ചൊല്ലുന്നതു കാകളിയുടെ രീതിയിലല്ല. അക്ഷരങ്ങള്‍ രണ്ടിനും പതിനൊന്നാണെന്നു മാത്രം. എന്താണു വ്യത്യാസമെന്നു നമുക്കു നോക്കാം.
മൂന്നക്ഷരവും അഞ്ചു മാത്രയും – അതായതു്, രണ്ടു ഗുരുവും ഒരു ലഘുവും – അടങ്ങിയ ഗണങ്ങള്‍ നാലെണ്ണം ഒരു വരിയിലുള്ള വൃത്തമാണു കാകളി. ഉദാഹരണം:
വാരണവീരന്‍ തലയറ്റു വില്ലറ്റു വീരന്‍ ഭഗദത്തന്‍ തന്റെ തലയറ്റു |
|
download MP3 |
ഇവിടെ, കാകളിയുടെ രണ്ടു വരിയിലും അവസാനത്തില്‍ ഓരോ അക്ഷരം കുറയുന്നതാണു ദ്രുതകാകളി.
വാരണവീരന്‍ തലയറ്റു വില്ലും വീരന്‍ ഭഗദത്തന്‍ തന്റെ തലയും |
|
download MP3 |
എന്നായാല്‍ ദ്രുതകാകളിയായി. ഇതു പാനയല്ല. പാനരീതിയില്‍ ഇതു ചൊല്ലിയാല്‍ വികൃതമാകും. നോക്കുക:
വാരണവീരന്‍ തലയറ്റു വില്ലും വീരന്‍ ഭഗദത്തന്‍ തന്റെ തലയും |
|
download MP3 |
അപ്പോള്‍പ്പിന്നെ ദ്രുതകാകളി എന്നൊരു വൃത്തം എങ്ങും കാണില്ലേ? ഉണ്ടല്ലോ. കുഞ്ചന്‍ നമ്പ്യാരുടെ
കല്ലോലജാലം കളിക്കുന്ന കണ്ടു കനകമണി നിറമുടയ കമലമതു കണ്ടു |
|
download MP3 |
എന്ന കാവ്യഭാഗത്തിന്റെ ആദ്യത്തെ വരി ദ്രുതകാകളി ആണു്. മൊത്തം ദ്രുതകാകളിയായ കവിതയ്ക്കു് കെ. കെ. വാദ്ധ്യാര്‍ ഉദാഹരണമായി പറയുന്നതു്
ഇന്നെന്റെ മാരന്‍ വരുമെന്നു ചൊല്ലി കാമുറിത്തേങ്ങാ കടം വാങ്ങി വെച്ചു |
|
download MP3 |
എന്ന നാടന്‍പാട്ടാണു്. ഇതു പാന രീതിയില്‍ ചൊല്ലാന്‍ പറ്റില്ല എന്നു തീര്‍ച്ചയാണു്.
ഒമ്പതാം ക്ലാസ്സില്‍ “താണവരും വ്യഥിതരും മര്‍ദ്ദിതര്‍..” എന്ന പദ്യം ദ്രുതകാകളി ആണെന്നും, “ദാഹിക്കുന്നു ഭഗിനി കൃപാരസ..” എന്നതു സര്‍പ്പിണിയാണെന്നും ടീച്ചര്‍ പഠിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തു് (രണ്ടിന്റെയും വൃത്തം ഒന്നുതന്നെ) ഗവേഷണം നടത്തിയപ്പോഴാണു് ഇതൊക്കെ മനസ്സിലായതു്. ഈ തെറ്റു് എങ്ങനെ വന്നെന്നറിയാന്‍ ഈ പോസ്റ്റു വായിക്കുക.
ഇതെഴുതിക്കഴിഞ്ഞിട്ടാണു് പി. നാരായണക്കുറുപ്പിന്റെ മലയാളവൃത്തപഠനം എന്ന പുസ്തകത്തില്‍ (ഇതു് ഒന്നര വര്‍ഷം മുമ്പു നാട്ടില്‍ പോയപ്പോള്‍ വാങ്ങിയതാണു്. വായിക്കാന്‍ ഇതുവരെ തരമായില്ല) ഇതിനെപ്പറ്റിയുള്ള ഭാഗം വായിച്ചതു്. അദ്ദേഹത്തിന്റെ അഭിപ്രായം:
വൃത്തമഞ്ജരിയില്‍ ദ്രുതകാകളി (പാന) എന്നു പേരിട്ടു ലക്ഷണം പറഞ്ഞ വൃത്തം വലിയ ചിന്താക്കുഴപ്പമുണ്ടാക്കി. കാകളീപാദാന്ത്യത്തില്‍ ഓരോ അക്ഷരം കുറയ്ക്കണം എന്നദ്ദേഹം പറഞ്ഞ ലക്ഷണത്തെ, കാകളീപാദാദ്യത്തിലെ ഓരോ അക്ഷരം കുറയ്ക്കണം എന്നു തിരുത്തിയാല്‍ കുഴപ്പമെല്ലാം തീരും.
ഇതു കൊള്ളാമല്ലോ! ഞാന്‍ എനിക്കറിയാവുന്ന കാകളിയൊക്കെ ചൊല്ലി നോക്കി. എല്ലാം ശരിയാകുന്നുണ്ടു്. ഉദാഹരണമായി, മുകളില്‍ കൊടുത്ത പദ്യം തന്നെ നോക്കുക.
യുദ്ധവീരന്‍ തലയറ്റു വില്ലറ്റു വന്‍ ഭഗദത്തന്‍ തന്റെ തലയറ്റു |
|
download MP3 |
കൂടുതല്‍ ആലോചിച്ചപ്പോള്‍ ഇതെങ്ങനെ ശരിയാകുന്നു എന്നു മനസ്സിലായി. അഞ്ചു മാത്രയും മൂന്നക്ഷരവുമുള്ള ഗണങ്ങളാണല്ലോ കാകളിക്കുള്ളതു്. അതായതു്, രണ്ടു ഗുരുവും ഒരു ലഘുവും. അതു് യ (v – -), ര (- v -), ത(- – v) എന്നു മൂന്നു വിധം വരാം. ഇവയില്‍ ആദ്യത്തേതു കാകളിക്കു വരില്ല. മറ്റു രണ്ടും നോക്കിയാല്‍ ആദ്യത്തേതു ഗുരു, രണ്ടാമത്തെയും മൂന്നാമത്തെയും അക്ഷരങ്ങളില്‍ ഒരെണ്ണവും ഗുരു എന്നര്‍ത്ഥം. ഇതു തന്നെയാണു സര്‍പ്പിണിയുടെ ത്ര്യക്ഷരഗണങ്ങളുടെ ലക്ഷണം (ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍). ആദ്യഗണത്തിലെ ആദ്യാക്ഷരം പോയാല്‍ v – എന്നോ – v ആവാം. ഇവിടെ മാത്രമേ സര്‍പ്പിണിയുടെ ലക്ഷണവുമായി ഭേദമുള്ളൂ. സര്‍പ്പിണിക്കു് ആദ്യത്തെ അക്ഷരം ഗുരുവാകണമെന്നു പറഞ്ഞിട്ടുണ്ടു്. പക്ഷേ സൂക്ഷിച്ചു നോക്കിയാല്‍ പാനയ്ക്കു് ഇതു ശരിയല്ലെന്നു കാണാം. ജ്ഞാനപ്പാനയിലെ ആദ്യത്തെ നാലുവരിയായ
ഗുരുനാഥന്‍ തുണ ചെയ്ക സന്തതം തിരുനാമങ്ങള്‍ നാവിന്മേലെപ്പൊഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാന്‍ |
|
download MP3 |
പാടുമ്പോള്‍ ഒന്നാമത്തെയോ രണ്ടാമത്തെയോ അക്ഷരം നീട്ടാമല്ലോ.
നിഗമനം: ഏ. ആര്‍ ദ്രുതകാകളിക്കു കൊടുത്ത ലക്ഷണം (കാകളിയുടെ)
രണ്ടു പാദത്തിലും പിന്നെ-
യന്ത്യമായ ഗണത്തിനു്
വര്‍ണ്ണമൊന്നു കുറഞ്ഞീടില്‍
ദ്രുതകാകളി കീര്‍ത്തനേ
എന്നതു്
രണ്ടു പാദത്തിലും പിന്നെ-
യാദ്യമായ ഗണത്തിനു്
വര്‍ണ്ണമൊന്നു കുറഞ്ഞീടില്‍
ദ്രുതകാകളി കീര്‍ത്തനേ
എന്നു മാറ്റിയാല്‍ പാനയുടെ വൃത്തം ദ്രുതകാകളി എന്നു പറയാം. (ഇനി ഇങ്ങനെയാണോ ഏ. ആര്‍. ആദ്യം എഴുതിയതു്? പിന്നീടു് അച്ചടിപ്പിശാചു കടന്നുകൂടിയതാണോ?) സര്‍പ്പിണിയെ ഒഴിവാക്കുകയും ചെയ്യാം.
“ഇന്നെന്റെ മാരന്‍…” എന്ന പാട്ടിന്റെ വൃത്തത്തെ നാരായണക്കുറുപ്പു് “ഊനകാകളി” എന്നാണു വിളിക്കുന്നതു്.
ഇ-മെയിലില്‍ക്കൂടി ചര്‍ച്ച ചെയ്ത ഈ കാര്യം ഒരു പോസ്റ്റായി ഇടാന്‍ പ്രേരിപ്പിച്ച സന്തോഷിനു നന്ദി.
Umesh::ഉമേഷ് | 01-Aug-06 at 6:49 pm | Permalink
സന്തോഷെഴുതിയ ഒരു പദ്യത്തിന്റെ വൃത്തത്തെപ്പറ്റി പണ്ടേയുള്ള ഒരു തര്‍ക്കം. – “ദ്രുതകാകളിയും സര്‍പ്പിണിയും”. ഛന്ദശ്ശാസ്ത്രത്തില്‍.
സന്തോഷ് | 02-Aug-06 at 8:00 am | Permalink
വൃത്തമറിയാതെയും വൃത്തമില്ലാതെയും കവിതയെഴുതുന്നവര് ഭാഗ്യവാന്മാര്!
സുനില്‍ കൃഷ്ണന് | 02-Aug-06 at 5:42 pm | Permalink
മാഷേ വളരെ നന്ദി.
കുറേ നാളുകളായി ഞാന്‍ കൊണ്ടുനടന്ന സംശയത്തിന്റെ കുറേഭാഗം പോയിക്കിട്ടി. കാകളിയുടെ ഒടുവിലത്തെ ഗണത്തില്‍ നിന്ന് ദ്രുതകാകളീകിട്ടാന് ഗുരുവിനെ കുറയ്കുമോ അതോ ലഘുവിനെ കുറയ്ക്കുമോ? ഒരുവരിയില്‍ ലഘുവിനെയും അടുത്തവരിയില്‍ ഗുരുവിനെയും ആയാല്‍ ശരിയാവില്ലല്ലോ. അല്ലേ? അപ്പോള്‍ മാഷിന്റെ നിഗമനം ശരിയായി വരുന്നു. കൊള്ളാം
Umesh::ഉമേഷ് | 02-Aug-06 at 6:23 pm | Permalink
സുനില്‍ കൃഷ്ണനു്,
അവസാനത്തെ അക്ഷരമാണു കുറയുന്നതെന്നായിരുന്നു ഏ. ആറിന്റെ നിര്‍വ്വചനം. അതു ഗുരുവോ ലഘുവോ എന്നതു പ്രശ്നമല്ല.
വരിയുടെ അവസാനത്തെ അക്ഷരം ലഘുവാണെങ്കിലും ഗുരുവായി കണക്കാക്കാം എന്നു പല സംസ്കൃതവൃത്തങ്ങളില്‍ പോലുമുള്ള (വസന്തതിലകം, ഉപജാതി തുടങ്ങിയവ) രീതിയാണു്. ദ്രാവിഡവൃത്തങ്ങളില്‍ ഏതക്ഷരത്തെയും പാടി നീക്കി ഗുരുവാക്കാമെന്നും വ്യവസ്ഥയുണ്ടു്.
ഏതായാലും അവസാനത്തെ അക്ഷരം കുറഞ്ഞാല്‍ പാനയാവില്ല. നാരായണക്കുറുപ്പു് ഊനകാകളി എന്നു വിളിക്കുന്ന വൃത്തമാണു്. (ഇന്നെന്റെ മാരന്‍…). ആദ്യത്തെ അക്ഷരം പോയാല്‍ പാനയാകുമെന്നതു ശരിയാണു താനും.
ഇതു് എന്റെ കണ്ടുപിടിത്തമല്ല. നാരായണക്കുറുപ്പിന്റെയാണു്. (ആദ്യഭാഗത്തു കൊടുത്തിരിക്കുന്ന ദ്രുതകാകളി/സര്‍പ്പിണി കാര്യങ്ങളും എന്റെ കണ്ടുപിടിത്തമല്ല. വായിച്ചറിഞ്ഞതാണു്. സി. വി. വാസുദേവഭട്ടതിരി, കുട്ടിക്കൃഷ്ണമാരാര്, കെ. കെ. വാദ്ധ്യാര്‍ എന്നിവരുടെ പുസ്തകങ്ങളില്‍ നിന്നു്. ആരു് എന്തു പറഞ്ഞെന്നു മാത്രം ഓര്‍മ്മയില്ല.)
സത്യം പറഞ്ഞാല്‍ എന്റെ ബ്ലോഗിലെ ഒന്നും എന്റെ സ്വന്തമല്ല. പലയിടത്തുനിന്നും അടിച്ചുമാറ്റിയ കാര്യങ്ങളാണു് ഇവിടെ ഇടുന്നതു്. (പരിഭാഷകളും അടിച്ചുമാറ്റലാണല്ലോ)
100% അടിച്ചുമാറ്റലായി ബ്ലോഗെഴുതുന്ന ഒരേ ഒരാള്‍ ഞാന്‍ മാത്രമാണെന്നു തോന്നുന്നു.
സുനില്‍ കൃഷ്ണനു് വൃത്തങ്ങളില്‍ താത്പര്യമുണ്ടെന്നു് അറിയില്ലായിരുന്നു. സാധാരണയായി ഗദ്യകവിതകളാണല്ലോ എഴുതാറുള്ളതു്.
എന്‍ ജെ മല്ലു | 02-Aug-06 at 6:52 pm | Permalink
പതിവുപോലെ ഉമേഷിന്റെ പോസ്റ്റുവായിച്ചുകഴിഞ്ഞപ്പോള് തലയ്ക്കകത്ത് ഒരു പ്രകാശവര്‍ഷം നടന്നതുപോലെ.
[ഇനിയിപ്പൊ സംശയമൊക്കെ തീര്‍ന്ന സ്ഥിതിയ്ക്ക് സുനില്‍ കൃഷ്ണന് പദ്യത്തിലേ കവിതയെഴുതൂ എന്നു എന്റെ മനസ്സ് മന്ത്രിക്കുന്നു.]
ഉപമയെ സൃഷ്ടിച്ചത് ഉമേഷാണെങ്കില്‍ ഉപമേഷിനോടൊരു ചോദ്യം:
യൂസഫലി കേച്ചേരി “ജാനകീജാനേ’ എന്നൊക്കെ എഴുതിയതിനുമുമ്പ് മഹാകവി കാളിദാസന് (ഉപമാ കാളിദാസസ്യ, ജസ്റ്റ് റിമെംബര്‍ ദാറ്റ്) ഒരു ഹിന്ദി ചിത്രത്തിനു വേണ്ടി ഒരു ഗാനം രചിച്ചിരുന്നു. ചിത്രമേത്, ഗാനമേത്, പാടിയതാര്, സംഗീതമാര്?
(ഇന്നു രാവിലെ കേട്ടതേയുള്ളൂ സാധനം).
Umesh::ഉമേഷ് | 02-Aug-06 at 7:00 pm | Permalink
ഒരു പിടിയുമില്ല മല്ലൂ. കാളിദാസന്റെയും വാല്മീകിയുടെയുമൊക്കെ ശ്ലോകങ്ങള്‍ സിനിമാക്കാരെടുത്തു് ഒരുപാടു പ്രയോഗിച്ചിട്ടുണ്ടു്.
“വാഗര്‍ത്ഥാവിവ സംപൃക്തൌ…” എന്ന രഘുവംശശ്ലോകം “സാഗരസംഗമം” എന്ന സിനിമയില്‍ കണ്ടിട്ടുണ്ടു്. “മാണിക്യവീണാം..” എന്നു തുടങ്ങുന്ന രണ്ടു ശ്ലോകങ്ങള്‍ “ശങ്കരാഭരണം” എന്ന സിനിമയിലും. രണ്ടും കാളിദാസന്റെ. രണ്ടും തെലുങ്കു്. ഇവയ്യ്ക്കു ഹിന്ദി വേര്‍ഷനുകളും ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നു.
“ജാനകീജാനേ..”യ്ക്കു് ആവശ്യമില്ലാത്ത പ്രചാരമായിരുന്നു. അതു് ആദ്യത്തെ സംസ്കൃതസിനിമാഗാനമൊന്നുമല്ല. എന്നിട്ടും…
എന്‍ ജെ മല്ലു | 02-Aug-06 at 7:06 pm | Permalink
“നര്‍ത്തകി” എന്ന പുരാതന ഹിന്ദി ചലച്ചിത്രത്തിലാണു സംഭവം. “അസ്ത്യുത്തരസ്യാം ദിശി” എന്നു തുടങ്ങി ഒരഞ്ചുമിനിട്ടുനേരം കുമാരസംഭവം തന്നെ സംഭവം. സംഗീതം പങ്കജ് മല്ലിക്ക്. ആലാപനം പങ്കജ് മല്ലിക്കും കൂടെ പ്രസിദ്ധഗായകന്‍ “കോറസ്സ്”ഉം. പറ്റിയാല്‍ ഞാന്‍ rip ചെയ്ത് അയച്ചുതരാം.
kannus | 02-Aug-06 at 7:51 pm | Permalink
Paappaane,
Rip cheyyukayaanenkil enikkum ayachu tharaamo?
kannusmv@gmail.com
എന്‍ ജെ മല്ലു | 03-Aug-06 at 4:34 am | Permalink
കണ്ണൂസേ, തീര്‍ച്ചയായും. നാളെ അയച്ചുതരാം.
രാജ് | 03-Aug-06 at 6:42 am | Permalink
പാപ്പാനേ എനിക്കും! ഇന്നലേ പറയണം എന്നു കരുതിയതാ, അറിയാതെ ഉറങ്ങിപ്പോയി.
Umesh::ഉമേഷ് | 03-Aug-06 at 11:34 pm | Permalink
ഈ കണ്ണൂസും പെരിങ്ങോടനും ബുദ്ധിരാക്ഷസര്‍ തന്നെ. എന്‍. ജെ. മല്ലു പാപ്പാനാണെന്നു് ഇവരെങ്ങനെ അറിഞ്ഞു? എന്റെ ഡിറ്റക്ടീവ് ഏജന്സിയ്ക്കു് ഞാന്‍ എത്ര കാശു കൊടുത്തെന്നറിയാമോ അതു കണ്ടുപിടിക്കാന്‍? 🙂
InjiPennu | 03-Aug-06 at 11:38 pm | Permalink
എനിക്കു പോലും അറിയാമായിരുന്നല്ലൊ അത്
പാപ്പാന് ജിയാണെന്ന്..അതിലെന്താ ഇപ്പൊ ഇത്ര സര്‍പ്രൈസ്?
പിന്നെ, ഉമേഷേട്ടാ.. ഈ ഉലേഖനം എന്ന് പറഞ്ഞാല്‍ എന്താ?
InjiPennu | 03-Aug-06 at 11:39 pm | Permalink
ഗന്ധര്‍വജി ഉല്ലേഖനം എന്നു എന്റെ ബ്ലോഗില്‍ കമന്റ് വെച്ചപ്പൊ..അതിന്റെ അര്‍ത്ഥം ചോദിച്ചപ്പോ…എഞ്റ്റോ കവിത പറഞ്ഞു.. 🙁
Umesh::ഉമേഷ് | 03-Aug-06 at 11:47 pm | Permalink
ഉലേഖനം എന്നു വെച്ചാല്‍ ലേഖനം എന്നെഴുതിയതു് അക്ഷരത്തെറ്റായിപ്പോയതായിരിക്കും ഇഞ്ചിപ്പെണ്ണേ 🙂
ഓ, ഉല്ലേഖനം. ഇംഗ്ലീഷെന്താ എന്നറിയില്ല. ഒരു കാര്യത്തിനെ നമ്മള് വേറേ എന്തോ വലിയ പണ്ടാറമാണെന്നു വളച്ചുകെട്ടി പൊക്കിപ്പൊക്കി പറയില്ലേ, അതാണു് ഉല്ലേഖനം. ഇതു് ഇഡ്ഡലിപ്പാത്രത്തിന്റെ അടപ്പല്ല, ആദികൂര്മ്മത്തിന്റെ മുതുകാണു്, കാലത്തിന്റെ ആന്ദോളനമാണു്, തേങ്ങാക്കുലയാണു് എന്നൊക്കെ. അതു തന്നെ ഉല്ലേഖനം.
Umesh::ഉമേഷ് | 03-Aug-06 at 11:56 pm | Permalink
ഞാനിപ്പോള്‍ ഇഞ്ചിയുടെ നാലുകെട്ടുതോണിയില് പോയി ഗന്ധര്വനെഴുതിയതു വായിച്ചു. അങ്ങേരു ലേഖനം എന്നേ ഉദ്ദേശിച്ചുള്ളെന്നു തോന്നുന്നു. ഒരു വെയിറ്റിനു വേണ്ടി ‘ഉ’ കൂടി ചേര്‍ത്തതാ. ഇഞ്ചിയ്ക്കു മലയാളം എഴുതാന്‍ അറിയില്ല എന്നാണു് “മലയാളം ഉല്ലേഖനം ചെയ്യാനുള്ള പാടവക്കുറവ്…” എന്നതിന്റെ പച്ചമലയാളത്തിലുള്ള അര്‍ത്ഥം.
എന്റെ പണി കഴിഞ്ഞു. ഇനി എന്താന്നു വെച്ചാല്‍ നിങ്ങള്‍ രണ്ടുപേരും കൂടി ആയിക്കോ:-)
InjiPennu | 04-Aug-06 at 12:15 am | Permalink
ഓ. അത്രേയുള്ളൊ..ഞാന്‍ കരുതി എന്തോ ഭയങ്കര കാര്യമാണ്..എനിക്ക് മലയാളം എഴുതാന്‍ അറിഞ്ഞൂടാന്ന് ഫസ്റ്റ് പറയുന്നത് ഞാന്‍ തന്നെ ആയിരിക്കും.. 🙂
മലയാളം ലേഖനം ചെയ്യാനുള്ള പാടവക്കുറവു..എന്ന് വെക്കാല്‍ ലേഖനം (എസ്സേസ്) എഴുതാന്‍ അറിഞ്ഞൂടാന്നെ ഞാന്‍ ഉമേഷേട്ടന് പറഞ്ഞില്ലായിരുന്നെങ്കില്‍ വിചാരിക്കുള്ളൂ..
താങ്ക്സ്..ഉമേഷേട്ടാ…
Umesh::ഉമേഷ് | 04-Aug-06 at 1:07 am | Permalink
ഈ പോസ്റ്റു വളരെ വലുതായിപ്പോയി എന്നു തോന്നുന്നു. അതിനാല്‍ ഇതിനെ രണ്ടാക്കുന്നു. ഹൈസ്കൂളിലെ മലയാളാദ്ധ്യാപകരുടെ ഹാന്ഡ്ബുക്കിനെപ്പറ്റിയുള്ള ഉപകഥ ഈ പോസ്റ്റിലേക്കു മാറ്റി.
എന്‍ ജെ മല്ലു | 04-Aug-06 at 1:41 am | Permalink
ഉമേഷേ, കണ്ണൂസേ, പെരിങ്ങ്സേ, സാധനം വെബ്ബിലുണ്ട്.. ബ്രീഫ്കേസ്.യാഹൂ.കോം/njmallu/pankajmullick
ഉമേഷേ, എന്‍ ജെ മല്ലു എന്റെ പുരാതീനമായ പേരാകുന്നു.
സന്തോഷ് | 04-Aug-06 at 2:21 am | Permalink
പാപ്പാന്സ്, നിച്ചും മേണം…
എന്‍ ജെ മല്ലു | 04-Aug-06 at 4:48 am | Permalink
ആര്‍ക്കും എടുക്കാം, എപ്പോഴും എടുക്കാം. പാപ്പാന്റെ സ്വത്ത് നാട്ടാര്‍ക്ക്, നാട്ടാരുടെ സ്വത്ത് പാപ്പാന്.