ബിന്ദുവിന്റെ കമന്റാണു് ഈ ശ്ലോകത്തെ ഓര്‍മ്മിപ്പിച്ചതു്. കാളിദാസന്റെ മാളവികാഗ്നിമിത്രം നാടകത്തില്‍ നിന്നൊരു മുത്തുമണി:
പാത്രവിശേഷേ ന്യസ്തം
ഗുണാന്തരം വ്രജതി ശില്പമാധാതുഃ
ജലമിവ സമുദ്രശുക്തൌ
മുക്താഫലതാം പയോദസ്യ
അര്‍ത്ഥം:
പാത്രവിശേഷേ ന്യസ്തം ശില്പം | : | ഗുണമുള്ള പാത്രത്തില്‍ നിക്ഷേപിച്ച ശില്പം |
ആധാതുഃ ഗുണാന്തരം വ്രജതി | : | ഉണ്ടാക്കിയവന്റേതിനെക്കാള്‍ വ്യത്യസ്തമായ ഗുണത്തെ പ്രാപിക്കുന്നു |
സമുദ്രശുക്തൌ | : | കടല്‍ച്ചിപ്പിയില്‍ (വീണ) |
പയോദസ്യ ജലം | : | മേഘത്തിന്റെ ജലം |
മുക്താഫലതാം ഇവ | : | മുത്തുമണിയാകുന്നതു പോലെ. |
വിദ്യ നല്ല ആളുകള്‍ക്കു കൊടുത്തിട്ടേ കാര്യമുള്ളൂ എന്നര്‍ത്ഥം. എത്ര നല്ല അദ്ധ്യാപകനായാലും വിദ്യാര്‍ത്ഥി നന്നല്ലെങ്കില്‍ പ്രയോജനമില്ല.
രണ്ടു പരിഭാഷകള്‍ ഓര്‍മ്മയുള്ളതു താഴെച്ചേര്‍ക്കുന്നു. ഇതു രണ്ടും ആര്യ എന്ന വൃത്തത്തിലുള്ള മൂലശ്ലോകത്തിനു് അതേ വൃത്തത്തില്‍ത്തന്നെയുള്ള പരിഭാഷകളാണു്.
- ഏ. ആര്. രാജരാജവര്‍മ്മ:
സത്പാത്രത്തില്‍ കലകളെ-
യര്‍പ്പിച്ചാല്‍ ഗുണമവയ്ക്കു വായ്ക്കുന്നു;
ചിപ്പിയില്‍ മുകില്‍ മഴവെള്ളം
ചേര്‍പ്പതു മുത്തായിടും പോലെ. - കുണ്ടൂര്‍ നാരായണമേനോന്:
കല സത്പാത്രം ചേര്‍ന്നാല്‍
കലരും മുന്‍കൈവരാത്തൊരന്യഗുണം;
ജലദജലം ചിപ്പിയില്‍ മുന്‍-
നില പോയ് മുത്തായിടും പോലെ.
“വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം” എന്ന പ്രസിദ്ധമായ തത്ത്വം വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന കാവ്യത്തിലും കാണാം:
മകന് പരിക്കേറ്റു കിടക്കിലെന്തു്?
മഹാരഥന് ശിഷ്യനടുക്കലില്ലേ?
രാമന് ജഗത്സത്തമനാണു പോലും!
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം!
ഗണപതിയുടെ കൊമ്പു മുറിച്ച പരശുരാമനെപ്പറ്റി പാര്‍വ്വതി ശിവനോടു പറയുന്ന ഈ വാക്കു് കുത്തുവാക്കാണെന്നു മാത്രം.
Umesh::ഉമേഷ് | 01-Aug-06 at 10:03 pm | Permalink
പാത്രമറിഞ്ഞുള്ള വിദ്യാര്പ്പണത്തെപ്പറ്റി കാളിദാസന്റെ ഒരു ശ്ലോകവും അതിനോടു ബന്ധപ്പെട്ട മറ്റു ചില ശ്ലോകങ്ങളും – സുഭാഷിതത്തില്‍.
ബിന്ദു | 02-Aug-06 at 2:11 am | Permalink
ഉമേഷ്ജി ഞാന്‍ ശിഷ്യനും മകനും പഠിച്ചിട്ടുണ്ട്.അതാണ് ഞാന്‍ കേട്ടിട്ടുള്ളത്. :)പാര്‍വതിയുടെ കുശുമ്പു ഞങ്ങളുടെ ടീച്ചര്‍ വിവരിച്ചിട്ടുണ്ട്. 🙂
InjiPennu | 02-Aug-06 at 2:47 am | Permalink
ഇതു എന്നെ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് എനിക്കൊരു ശക്തമായ തോന്നല്‍…
Adithyan | 02-Aug-06 at 2:50 am | Permalink
എന്തു കുശുമ്പോ?
കണ്ണൂസ് | 02-Aug-06 at 10:45 am | Permalink
എന്തായാലും നനഞ്ഞിറങ്ങി. ഇനി കുളിച്ചു കയറട്ടെ.
സത്ഗുണമാര്ജ്ജിച്ച പാത്രത്തില്‍ വീഴുന്ന
വിദ്യക്കു മാറ്റ് ഗുണീഭവിക്കും
ആഴക്കടലിലെ ചിപ്പിയില്‍ വീണൊരു
നീര്‍മണി മുത്തായ് ഭവിക്കും പോലെ
ഇതിലും വൃത്തഭംഗമുണ്ടെന്ന് മനസ്സിലാവുന്നുണ്ട്. ലക്ഷണം നോക്കാതെ, ലഘുവും ഗുരുവും ഒന്നും എണ്ണാതെ വൃത്തഭംഗം മനസ്സിലാക്കാനുള്ള എളുപ്പവഴി എന്താ ഉമേഷേ?
എന്റെ പൊട്ടത്തരങ്ങള്‍ ഹോപ്ലെസ്സ് ആണെന്ന് തോന്നുകയാണെങ്കില്‍ കഴുത്തിനു പിടിച്ച് പുറത്താക്കാന്‍ മടിക്കരുതേ. വെളിയില്‍ നിന്ന് കയ്യടിക്കാനും സന്തോഷമേയുള്ളു.
മറ്റൊന്ന്: ഈ ജലജലദം എന്ന പ്രയോഗം കടുപ്പിച്ചില്ലേ? അങ്ങിനെയാണെങ്കില്‍ അംബുദാംബു, നീരദനീര് ഒക്കെ ശരിയാണെന്ന് വരുമോ?
gandharva raajan | 02-Aug-06 at 11:15 am | Permalink
മണ്‍പാത്രത്തില്‍ കള്ളിനെ
അര്‍പ്പിച്ചാല്‍ ഗുണമവക്കു വായ്ക്കുന്നു
കക്കയില്‍ മുളകു മസാല
തൊട്ടുനക്കി കുടിക്കണം.
ഗന്ധര്‍വ രാജ.
Umesh::ഉമേഷ് | 02-Aug-06 at 12:43 pm | Permalink
ഇഞ്ചിപ്പെണ്ണേ,
ആ സമുദ്രശുക്തി (കടലിലെ ചിപ്പി) എന്നതു “ചേമ്പില” (ഇതിന്റെ സംസ്കൃതം എന്താണാവോ? ജ്യോതിട്ടീച്ചറിനോടു ചോദിക്കണം:-)) എന്നാക്കിയാല്‍ ഈ ശ്ലോകം ഇഞ്ചിപ്പെണ്ണിനെപ്പറ്റിയാണെന്നു പറയാം.
കണ്ണൂസേ,
നല്ല കവിത. വൃത്തഭംഗമൊന്നുമില്ല. മഞ്ജരിവൃത്തം (കൃഷ്ണഗാഥയുടെ വൃത്തം) നന്നായിട്ടുണ്ടു്.
ഗുരുവും ലഘുവും എണ്ണാതെ വൃത്തഭംഗം മനസ്സിലാക്കാനുള്ള വഴി – ചൊല്ലി നോക്കുക. എണ്ണിയാലും അവസാനം ചൊല്ലിനോക്കിയെങ്കിലേ ശരിയാവൂ.
“ജലദജലം” എന്നതു കടുപ്പമാണു്. മേഘത്തിന്റെ പര്യായവും ദ്വിതീയാക്ഷരപ്രാസവും വൃത്തവും ഒക്കെ നോക്കുമ്പോള്‍ ഇങ്ങനെ പലതും പറ്റും. കുണ്ടൂര്‍ ഇതിനെക്കാള്‍ വലിയ വൈകല്യങ്ങള്‍ പരിഭാഷയില്‍ കാണിച്ച ആളാണു്.
പിന്നെ, “ഭവാനീഭുജംഗം” എന്നു പറഞ്ഞതു സാക്ഷാല്‍ ശങ്കരാചാര്യരാണല്ലോ.
ഗന്ധര്‍വ്വരേ,
കലക്കന്‍ പാരഡി. നാലാമത്തെ വരിയെ ആര്യാവൃത്തത്തിലേക്കു കൊണ്ടുവരാന്‍ ന്നോക്കിയിട്ടു പറ്റുന്നില്ല. പറ്റിയാല്‍ ഇവിടെ ഇടാം.
ബിന്ദൂ,
അപ്പോള്‍ ഇതാണുദ്ദേശിച്ചതു്, അല്ലേ? ഞാന്‍ വിചാരിച്ചു അതാണെന്നു്. ഏതായാലും, ഇതെഴുതിയപ്പോള്‍ വള്ളത്തോളിന്റെ മനസ്സില്‍ അതായിരുന്നെന്നു തോന്നുന്നു 🙂
പാര്വ്വതിക്കെന്തു കുശുമ്പു്? സ്വന്തം മകനെ ഭര്‍ത്താവിന്റെ ശിഷ്യന് മുറിപ്പെടുത്തിയാല്‍ ഏതു ഭാര്യയും ദേഷ്യപ്പെടില്ലേ? അതിനെ കുശുമ്പെന്നു വ്യാഖ്യാനിച്ച ടീച്ചര്ക്കു് എന്തോ കുഴപ്പമുണ്ടു്.
ആദിത്യോ 🙂
Su | 03-Aug-06 at 8:04 am | Permalink
കുശുമ്പ് തന്നെ. മകനേക്കാളും പ്രിയം, ശക്തി , ശിഷ്യന് അല്ലേന്നോര്ക്കുമ്പോള് കുശുമ്പ് തന്നെ. അത് ടീച്ചര്‍ക്കല്ലേ അറിയൂ 😉
വിദ്യാര്‍പ്പണം പാത്രമറിഞ്ഞുവേണം എന്നുള്ളത് ശരി തന്നെ. പക്ഷെ മിടുക്കന്മാരാണെന്ന് ഗുരുക്കന്മാര് കരുതുന്ന പലരും വിദ്യ, നാശത്തിനാണ് ഉപയോഗിക്കുന്നത്. ഈയിടെ രാജ്യദ്രോഹം ചെയ്ത പല വിദ്വാന്മാരും, വിദ്യ നല്ലപോലെ അഭ്യസിച്ചിരുന്നവരാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞു.
Umesh::ഉമേഷ് | 03-Aug-06 at 11:32 pm | Permalink
ഗന്ധര്‍വ്വരേ,
മണ്‍പാത്രത്തില്‍ കള്ളിനെ
അര്‍പ്പിച്ചാല്‍ ഗുണമതിന്നു വായ്ക്കുന്നു
കക്കയില്‍ മുളകു മസാലകള്‍
തൊട്ടതു നക്കിക്കുടിക്കേണം.
എന്നാക്കിയാല്‍ ആര്യാവൃത്തവും ശരിയാകും.
payyans | 10-Aug-06 at 2:56 pm | Permalink
സല്പാത്രത്തിലിട്ടാലാ
വിദ്യക്കു ഗുണമേറിടും
ചിപ്പിക്കുള്ളില്‍ പതിക്കുന്ന
മഴത്തുള്ളിയെ മാതിരി
#######
അറിവില്ലാപ്പയ്യനാണേ
പരിഭഷപ്പാതകത്തില്ഗു
ണമേറും മഹത്തുക്കള്‍
കനിവോടെ പൊറുക്കണേ
Umesh::ഉമേഷ് | 10-Aug-06 at 3:03 pm | Permalink
കലക്കന്‍ പരിഭാഷ പയ്യന്‍സേ.
രാജേഷ് വര്‍മ്മയുടെ കസേര തെറിക്കുമോ? 🙂