വളരെ പ്രശസ്തമായ ഒരു ശ്ലോകം. പ്രത്യേകിച്ചു നാലാമത്തെ വരി.
ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ദ്ധത ഏവ നിത്യം
വിദ്യാധനം സര്‍വ്വധനാത് പ്രധാനം
അര്‍ത്ഥം:
ന ചോരഹാര്യം | : | കള്ളന്മാര് മോഷ്ടിക്കില്ല |
ന ച രാജഹാര്യം | : | രാജാവു മോഷ്ടിക്കില്ല |
ന ഭ്രാതൃഭാജ്യം | : | സഹോദരനു ഭാഗിച്ചു കൊടുക്കേണ്ട |
ന ച ഭാരകാരീ | : | ഒട്ടും ഭാരമില്ല |
നിത്യം കൃതേ വ്യയേ വര്‍ദ്ധതേ ഏവ | : | എന്നും ചെലവാക്കിയാലും വര്‍ദ്ധിക്കുകയേ ഉള്ളൂ |
വിദ്യാധനം സര്‍വ്വധനാത് പ്രധാനം | : | വിദ്യ എന്ന ധനമാണു് എല്ലാ ധനങ്ങളിലും വെച്ചു പ്രധാനം |
രാജാവു നികുതി പിരിക്കുന്നതു കള്ളന്മാര് ചെയ്യുന്നതുപോലെയുള്ള ഒരുതരം മോഷണമാണു് എന്നു് അന്നത്തെ കവിക്കും തോന്നിയിരുന്നു എന്നു് ഇതില്‍ നിന്നു വ്യക്തമാണു്. സാധാരണ ധനത്തിനുള്ള എല്ലാ കുഴപ്പങ്ങളും (കള്ളന്മാരുടെയും ഭരണാധികാരികളുടെയും ശല്യം, സഹോദരങ്ങള്‍ക്കു കൊടുക്കേണ്ടി വരിക) ഇല്ലാത്തതും ചെലവാക്കും തോറും കൂടിവരികയും ചെയ്യുന്ന ധനമാണു വിദ്യ എന്നര്‍ത്ഥം. സാര്‍വ്വകാലികവും സാര്‍വ്വജനീനവുമായ ആശയം.
ഇതില്‍ നിന്നു് ആശയമുള്‍ക്കൊണ്ടാണു് മഹാകവി ഉള്ളൂര്‍
കൊണ്ടുപോകില്ല ചോരന്മാര്
കൊടുക്കും തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം
എന്നെഴുതിയതു്. നേര്‍തര്‍ജ്ജമ രാജേഷോ സന്തോഷോ എഴുതും 🙂
ഈ ഗുണങ്ങളുള്ള വിദ്യ എന്ന ധനം വേണ്ടുവോളം സമ്പാദിക്കാന്‍ ഇവിടെ പോവുക.
[2006/08/01] പതിവുപോലെ രാജേഷ് വര്‍മ്മയുടെ പരിഭാഷ. ഇത്തവണ പഞ്ചചാമരത്തില്.
എടുത്തുകൊണ്ടു പോവുകില്ല കള്ളനും നൃപാലനും,
പകുത്തിടേണ്ട സോദരര്‍ക്കു, ഭാരമില്ല താങ്ങുവാന്‍,
കൊടുത്തുകൊണ്ടിരിക്കുകില്‍ പെരുപ്പമേറിവന്നിടും –
ധനത്തിലേറ്റമുത്തമം പഠിത്തമെന്നൊരാ ധനം
നന്ദി, രാജേഷ്!
(കണ്ണൂസിന്റെ ഒരു വിദൂരതര്‍ജ്ജമയ്ക്കു് അഞ്ചാമത്തെ കമന്റ് നോക്കുക.)
Umesh::ഉമേഷ് | 31-Jul-06 at 10:31 pm | Permalink
ഗുരുകുലത്തില്‍ പോസ്റ്റുകള്‍ കാണുന്നില്ല എന്നു പരാതിപ്പെട്ട കിച്ചുവിനു് ഈ സുഭാഷിതം സമര്‍പ്പിക്കുന്നു. വിദ്യാധനം സര്‍വ്വധനാത് പ്രധാനം.
അരവിന്ദന് | 01-Aug-06 at 7:18 am | Permalink
പക്ഷേ ഇപ്പോ ഈ ധനം കിട്ടാന്‍ വേറെ ധനം നന്നായി ഇറക്കേണ്ടി വരുന്ന അവസ്ഥയാ ഉമേഷ്ജീ 🙂
ഇത്രേം കാശ് ചെലവു ഉള്ള കാരണവും ഈ ധനം പ്രധാനം.
കുറുമാന് | 01-Aug-06 at 7:29 am | Permalink
ഇതിന്ന് മറ്റൊരര്ത്ഥവുമാകാമല്ലോ ഗുരുക്കളേ….
മോനേ വിദ്യാ(ധരാ) ധനം, സര്വ്വതിനാല് പ്രധാനം….
ഞാന്‍ ഓടി
കലേഷ് | 01-Aug-06 at 7:35 am | Permalink
ഓഹോ, അതാണല്ലേ അതിന്റെ ഗുട്ടന്‍സ്!
കുറുദേവന്റെ വ്യാഖ്യാനം കിടിലം!
ഉമേഷേട്ടാ, സംസ്കൃതം പഠിക്കണമെന്ന് വളരെ ആഗ്രഹമുണ്ട് എനിക്ക്. എന്നെപോലെയുള്ള പലരും കാണും ബൂലോഗത്ത്. ഞങ്ങള്‍ക്കു വേണ്ടി ഒരു സംസ്കൃത-പഠന ബ്ലോഗ് തുടങ്ങിക്കൂടേ?
കണ്ണൂസ് | 01-Aug-06 at 7:43 am | Permalink
ഉമേഷിന്റെ പൂന്തോട്ടത്തില്‍ ഞാനും ഒന്നു കേറി മേയട്ടെ.
വൃത്തം, ചതുരം ഒന്നും കാണില്ല. പ്രത്യേകിച്ച് ആദ്യത്തെ രണ്ടു വരി ശരിയല്ലെന്നെ എനിക്ക് തന്നെ തോന്നുന്നുണ്ട്. തിരുത്തുക.
ഹരിക്കുകില്ല ചോരന്മാര്,
കരം ചുമത്തുകില്ല ഭൂപതി
പങ്കിടേണ്ട കുടുംബത്തില്‍
തെല്ലു ഭാരവുമില്ലഹോ
എത്രമേല്‍ ക്രയം ചെയ്താലും
അത്ര തന്നെ ഗുണീഭവം
വിദ്യയെന്ന മഹാധനം
ദുര്ജ്ജനാര്ച്ചിതമല്ലെടോ
Umesh::ഉമേഷ് | 01-Aug-06 at 2:43 pm | Permalink
നല്ല കവിത കണ്ണൂസേ. വൃത്തം ശരിയാക്കാന്‍ വേണ്ടി മിനിമം തിരുത്തുകളോടെ താഴെച്ചേര്‍ക്കുന്നു:
ഹരിക്കുകില്ല ചോരന്മാര്,
കരം വാങ്ങില്ല ഭൂപതി
പങ്കിടേണ്ട കുടുംബത്തില്‍
തെല്ലു ഭാരവുമില്ലഹോ
എത്രമേല്‍ ക്രയം ചെയ്താലും
അത്ര തന്നെ ഗുണീഭവം
ദുര്ജ്ജനാര്ച്ചിതമല്ലൊട്ടും
വിദ്യയെന്ന മഹാധനം
“ദുര്ജ്ജനാര്ച്ചിതം” എന്നാണോ “ദുര്ജ്ജനാര്ജ്ജിതം” എന്നാണോ ഉദ്ദേശിച്ചതു്?
അനുഷ്ടുപ്പിന്റെ ലക്ഷണം പറയാന്‍ ഒരുപാടുണ്ടു്. “ഛന്ദശ്ശാസ്ത്ര”ത്തില്‍ ഒരിക്കല്‍ പറയാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നു.
Umesh::ഉമേഷ് | 01-Aug-06 at 2:52 pm | Permalink
എനിക്കു സംസ്കൃതം അറിയില്ല കലേഷേ. സംസ്കൃതത്തില്‍ ഒരു വരി തെറ്റില്ലാതെ എഴുതാന്‍ എനിക്കറിയില്ല. (മലയാളവും ഇംഗ്ലീഷും മാത്രമേ തെറ്റില്ലാതെ എഴുതാന്‍ അറിയൂ) ഇതുവരെ പള്ളിക്കൂടത്തില്‍ സംസ്കൃതം പഠിച്ചിട്ടുംഇല്ല.
പിന്നെ ആരെങ്കിലും എഴുതിയ സംസ്കൃതം ബുദ്ധിമുട്ടിയാല്‍ മനസ്സിലാകും. അത്രമാത്രം. കാക്കത്തൊള്ളായിരം ക്രിയാരൂപങ്ങളുണ്ടു സംസ്കൃതത്തില്‍ – ലിട്, ലോട്, ലുങ് എന്നൊക്കെപ്പറഞ്ഞു്. ഏതൊക്കെ എപ്പോള്‍ ഉപയോഗിക്കണമെന്നു് എനിക്കറിഞ്ഞുകൂടാ. കേട്ടാല്‍ അര്‍ത്ഥം മനസ്സിലാകും. അത്രമാത്രം.
ജ്യോതിയോടൊന്നു ചോദിച്ചു നോക്കൂ.
Umesh::ഉമേഷ് | 01-Aug-06 at 2:52 pm | Permalink
കുറുമാനേ,
അതുതന്നെ അതിന്റെ അര്‍ത്ഥം. ഇതൊക്കെ ഒരു നമ്പരല്ലേ 🙂
അരവിന്ദോ 🙂
venu | 01-Aug-06 at 5:43 pm | Permalink
“പങ്കിടേണ്ട കുടുംബത്തില്‍“
കുടുംബത്തില്‍ പങ്കിടെണ്ടതല്ലാതെയ് ഒന്നുമില്ല.
ആദ്യം അറയ്ക്കുമെങ്കിലും പിന്നെ കുടുംബത്തില്‍ എല്ലാം വ്യക്ത്തം.
എന്തോ എനിക്കന്ങനെ തോന്നുന്നു.
രാജേഷ് | 01-Aug-06 at 7:06 pm | Permalink
ഉള്ളൂരൊക്കെ കൈവെച്ച പദ്യത്തില്‍ കൈവെക്കുന്നതു സാഹസമാണെന്നറിയാം. എന്നാലും…
Umesh::ഉമേഷ് | 01-Aug-06 at 7:15 pm | Permalink
നല്ല തര്‍ജ്ജമ, രാജേഷ്! ഞാന്‍ ഇതു് പോസ്റ്റിന്റെ അവസാനത്തില്‍ ചേര്‍ത്തിട്ടുണ്ടു്.
ഈ സുഭാഷിതം ബ്ലോഗ് തുടങ്ങിയതിന്റെ ഏറ്റവും വലിയ സന്തോഷം രാജേഷിനെക്കൊണ്ടു വീണ്ടും ശ്ലോകമെഴുതിക്കാന് സാധിച്ചു എന്നതാണു്.
InjiPennu | 01-Aug-06 at 7:41 pm | Permalink
അപ്പൊ ഈ വിദ്യ ഒരു ധനമാര്‍ഗ്ഗം എന്നല്ലെ ഈ സ്വാശ്രയക്കാരിത്രേം നേരം പറഞ്ഞോണ്ടിരുന്നത്..അതീ ശ്ലോകം റിഫ്രന്സ് വെച്ചിട്ടാണൊ ആവൊ?
ന്നാ ദേ എന്റെ ഒരു പാരഡി…രാജേഷേട്ടനൊക്കെ കൈ വെച്ചതാണെങ്കിലും…..
പകുത്തിടുന്നു ഞങ്ങള്‍ കോളെജുകള്‍ സര്‍വ്വതും
എടുത്തിടുന്നു ഞങ്ങള്‍ ഡോണെഷന്‍ വഴിയെല്ലാം
കൊടുക്കുന്ന കരങ്ങള്‍ക്ക് കടിക്കുവാന്‍,
വിദ്യ തന് പാഷാണം വിറ്റഴിക്കുന്നു ഞങ്ങള്‍!
ബാബു | 01-Aug-06 at 7:58 pm | Permalink
ദ്രാവിഡ വൃത്തങ്ങള്‍ക്ക് ഇവിടെ പ്രവേശനമുണ്ടോ? ഒരുകൈ നോക്കട്ടെ.
കള്ളനോ രാജാവോ മോഷ്ടിക്കുകയില്ല
ഭാഗിച്ചു നല്‍കേണ്ട സോദരര്‍ക്കും.
ഭാരമില്ല തെല്ലും, നല്കുമ്പോള് വര്‍ദ്ധിക്കും,
ധനങ്ങളിലുത്തമം വിദ്യാധനം.
ബിന്ദു | 01-Aug-06 at 8:36 pm | Permalink
പക്ഷേ പാത്രമറിഞ്ഞു വേണം കൊടുക്കാനെന്ന് പറഞ്ഞതെത്ര ശരി. 🙂
Umesh::ഉമേഷ് | 01-Aug-06 at 10:10 pm | Permalink
ബാബൂ,
കൊള്ളാം. ദ്രാവിഡവൃത്തങ്ങള്ക്കു കുഴപ്പമൊന്നുമില്ല. ശ്ലോകങ്ങള്‍ക്കു പരിഭാഷകളായി എന്റെ പോസ്റ്റുകളില്‍ ശ്ലോകങ്ങള്‍ മാത്രമേ ഞാന്‍ കൊടുക്കാറുള്ളൂ എന്നു മാത്രം.
മഞ്ജരി വൃത്തമാണു് ഉദ്ദേശിച്ചതെന്നു തോന്നുന്നു. മഞ്ജരിയുടെ ഓരോ മൂന്നക്ഷരഗണത്തിലും കുറഞ്ഞതു് അഞ്ചു മാത്രയെങ്കിലും വേണം – പാടി നീട്ടിയാണെങ്കിലും. അതുകൊണ്ടു്, “ധനങ്ങളിലുത്തമ” അഭംഗിയാണു്. “ഭാരമില്ല തെല്ലും” എന്നിടത്തും ഒരു കല്ലുകടി.
ബാബുവിന്റെ പുതിയ കവിത വായിച്ചിരുന്നു. ഒന്നുകൂടി വായിക്കാന്‍ സമയം കിട്ടിയില്ല. ആദ്യവായനയില്‍ കുറെക്കൂടി മനസ്സിലാകാനുള്ളതുപോലെ തോന്നി. വലുതായി ഇഷ്ടപ്പെട്ടുമില്ല. ഒന്നുകൂടി വായിച്ചിട്ടു് അഭിപ്രായം പറയാം.
ബിന്ദൂ,
വാസ്തവം.
ബിന്ദു പറഞ്ഞ ശ്ലോകം ഇവിടെ.
Adithyan | 02-Aug-06 at 1:25 am | Permalink
അയകാലത്ത് വിദ്യ നേരാംവണ്ണം അഭ്യസിച്ചിരുന്നെങ്കില്‍ ഇപ്പൊ ഇവിടെ എന്തേലുമൊക്കെ പറയാമാരുന്നു… 🙂
pulluran | 02-Aug-06 at 7:02 am | Permalink
http://www.speaksanskrit.org/index.shtml
ബാബു | 02-Aug-06 at 8:03 pm | Permalink
ഉമേഷ്, വൃത്തങ്ങളും ലക്ഷണങ്ങളും ഒക്കെ മറന്നു.(കേകയും മന്ദാക്രാന്തായുമൊഴിച്ച്.)വല്ലപ്പോഴും വൃത്തത്തില്‍ എഴുതെണമെന്നു തോന്നുമ്പൊള്‍ ഓര്‍മ്മയിലുള്ള ഒരീണത്തിലങ്ങെഴുതും. ഉമേഷിന്റെ ബ്ലോഗുകള്‍ കണ്ടെത്തിയപ്പൊള്‍ ഒരു സന്തോഷം.
മഞ്ജരിയും ഗാഥയും ഒന്നുതന്നെ?
കെ.വി.എസ്.കൊരട്ടി | 17-Oct-11 at 12:04 pm | Permalink
“വിദ്യാധനം സര്‍വ്വധനാത് പ്രധാനം”-എന്റെ ഒരു എളിയ തർജ്ജമ:
കള്ളന്മാർ കൊണ്ടുപൊവില്ല
സർക്കാരും കണ്ണടച്ചിടും
സോദരർക്കും കൊടുക്കേണ്ട
ഭാരമില്ലിതിനൊട്ടുമേ
എത്രമേൽ ചെലവാക്കുന്നി-
തത്രമേലിതു വീറിടും
അതിനാൽ വിദ്യതാനെന്നും
ധനങ്ങളിൽ മഹാധനം
c.t.m.hashim | 03-Jul-12 at 9:31 am | Permalink
1 am student any time
ke.vi.es.koraTTi | 03-Jul-12 at 5:51 pm | Permalink
“ന ചോര ചൗര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന കരോതി ഭാരം
വ്യയേകൃതേ വർദ്ധതയേവ നിത്യം
വിദ്യാധനം സർവ്വധനാൽ പ്രധാനം”
എന്നാണു് മൂലം എന്നാണു ഞാൻ മനസ്സിലാക്കിയിയിട്ടുള്ളതു്.
ഇന്നത്തെ മെയിലിൽ ഇതു കണ്ടപ്പോൾ ഒരു വിവർത്തനം കൂടി ആവാമെന്നു തോന്നി:
കക്കാൻ പറ്റില്ല കള്ളന്നും
കണ്ടുകെട്ടില്ല രാജനും
സോദരർക്കും കൊടുക്കേണ്ട
ഭാരമില്ലിതിനൊട്ടുമേ
ചെലവാക്കുന്നതിൻ വണ്ണം
വർദ്ധിച്ചീടും ദിനം പ്രതി
വിദ്യാസമ്പത്തുതാനല്ലോ
ധനങ്ങളിൽ മഹാധനം