ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്.
സന്തപ്തായസി സംസ്ഥിതസ്യ പയസോ നാമാപി ന ശ്രൂയതേ;
മുക്താകാരതയാ തദേവ നളിനീപത്രസ്ഥിതം ദൃശ്യതേ;
അന്തസ്സാഗരശുക്തിമധ്യപതിതം തന്മൌക്തികം രാജതേ;
പ്രായേണാധമമധ്യമോത്തമജുഷാമേവം വിധം വൃത്തയഃ
അര്‍ത്ഥം:
സന്തപ്ത-അയസി സംസ്ഥിതസ്യ പയസഃ | : | ചുട്ടുപഴുത്ത ഇരുമ്പില്‍ സ്ഥിതിചെയ്യുന്ന വെള്ളത്തിന്റെ |
നാമ അപി ന ശ്രൂയതേ | : | പേരു പോലും കേള്‍ക്കാനില്ല (നാമാവശേഷമാകുന്നു) |
തത് നളിനീ-പത്ര-സ്ഥിതം | : | അതു താമരയിലയില്‍ സ്ഥിതിചെയ്യുമ്പോള്‍ |
മുക്താകാരതയാ ഏവ ദൃശ്യതേ | : | മുത്തുമണി പോലെ കാണപ്പെടുന്നു |
തത് അന്തഃ-സാഗര-ശുക്തി-മധ്യ-പതിതം | : | അതു് ഉള്‍ക്കടല്‍ച്ചിപ്പിയുടെ നടുക്കു വീണാല്‍ |
മൌക്തികം രാജതേ | : | മുത്തായിത്തീരുന്നു |
പ്രായേണ അധമ-മധ്യമ-ഉത്തമ-ജുഷാം | : | സാധാരണയായി അധമം, മദ്ധ്യമം, ഉത്തമം എന്നിവ |
ഏവം വിധം വൃത്തയഃ | : | ഈ വിധത്തിലാണു കാണപ്പെടുന്നതു്. |
ഈ പദ്യത്തിനു പാഠഭേദങ്ങള്‍ പലതുണ്ടു്. രണ്ടാം വരിയിലെ “ദൃശ്യതേ” എന്നതിനു പകരം “ജായതേ”; “അന്തസ്സാഗരശുക്തി…” എന്നതിനു പകരം “സ്വാത്യാം (സ്വാതിനക്ഷത്രത്തില്‍) സാഗരശുക്തി…”; “തന്മൌക്തികം” എന്നതിനു പകരം “സന്മൌക്തികം”; നാലാം വരി “പ്രായേണാധമമധ്യമോത്തമദശാ സംസര്‍ഗ്ഗജോ ജായതേ” എന്നിങ്ങനെ പലതും.
ഉദ്ദേശിച്ചതെന്താണെന്നു വ്യക്തം. കൂടെയുള്ളവരെ ആശ്രയിച്ചാണു ഗുണങ്ങള്‍ കിട്ടുന്നതെന്നു്.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ ചെയ്ത ഒരു പരിഭാഷ. ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ത്തന്നെ.
ചേണാര്‍ന്നംബുധിശുക്തിയില്‍ജ്ജലകണം മുത്തായ് പ്രശോഭിക്കുമേ;
വാണാലോ നളിനീദളത്തിലതു നന്മുത്തൊക്കുമേ ഭംഗിയില്‍;
വീണാല്‍ ചുട്ടുപഴുത്ത ലോഹഫലകേ പേര് പോലുമുണ്ടായിടാ;
കാണാ, മുത്തമമദ്ധ്യമാധമതകള്‍ സംഗത്തിനാലെന്നുമേ.
“വീണാല്‍ ചുട്ടുപഴുത്ത കമ്പിയിലതെന്നേക്കും നശിച്ചീടുമേ” എന്നായിരുന്നു മൂന്നാമത്തെ വരി. പിന്നീടു തിരുത്തിയതാണു്.
Umesh::ഉമേഷ് | 10-Aug-06 at 9:31 pm | Permalink
വെള്ളത്തുള്ളിയുടെ കൂട്ടുകെട്ടു്-സുഭാഷിതത്തില്‍.
കൂമന് | 10-Aug-06 at 9:47 pm | Permalink
അയഃ എന്നോ മറ്റോ ആണോ സംസ്കൃതത്തില്‍ ഇരുമ്പിന്? iron എന്ന പദവും ഇതും തമ്മില്‍ നല്ല ചേര്‍ച്ച. ആര് ആരില്‍ നിന്നാവും കടം കൊണ്ടിട്ടൂണ്ടാവുക?
Umesh::ഉമേഷ് | 10-Aug-06 at 9:51 pm | Permalink
അയസ് (സകാരാന്തം, നപുംസകലിംഗം) എന്നാണു സംസ്കൃതത്തില്‍. സംസ്കൃതം, ലാറ്റിന്‍ എന്നിവയ്ക്കു തമ്മില്‍ വളരെ ബന്ധമുണ്ടു്. (ദന്തം – dentist നോക്കുക)
ഭാഷകള്‍ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പലതും വായിച്ചിട്ടുണ്ടു്. എഴുതാന്‍ തക്കവണ്ണം അറിയില്ല.
wakaari | 11-Aug-06 at 2:27 am | Permalink
ഇതിനെ ഒറ്റവാചകത്തില്‍ ഇങ്ങിനെ പറയാം:
സംസര്‍ഗ്ഗാ ഗുണാ ഗുണാ
🙂
അരവിന്ദന് | 11-Aug-06 at 7:46 am | Permalink
അപ്പോ ഞാനിനി ഉമേഷ്ജിയുടെ പിന്നില്‍ നിന്ന് മാറാതെ നടക്കട്ടെ 🙂
payyans | 11-Aug-06 at 1:11 pm | Permalink
കടല്‍ച്ചിപ്പിയില്‍ വീണാലോ ജലകണം മുത്തായിടും ജലദപത്രത്തിലാകിലോ മുത്തിനെപ്പോലെയായിടും പഴുത്തിരുംപില് വീണാലാ പേര് പോലുമുണ്ടായിടാ ഉത്തമമധ്യമാധമ നിലയിങ്ങനെ കണ്ടിടാം
വക്കാരി പറഞ്ഞതു കെട്ട് അരവിയെടുത്ത നിലപാട് ഞാന അങ്ങു നടപ്പാക്കുകയാണേ..
വക്കാരീ സംസര്‍ഗാ മണാ കുണാ എന്നാ…
wakaari | 11-Aug-06 at 1:13 pm | Permalink
ഹ..ഹ പയ്യന്‍സേ, അത് ഉമേഷ്ജിയുടെ പുറകേ കുറച്ചു നാള് നടന്നു കഴിയുമ്പോള്‍ തോന്നുന്നതാ.. 🙂
payyans | 11-Aug-06 at 1:13 pm | Permalink
കടല്‍ച്ചിപ്പിയില്‍ വീണാലോ ജലകണം മുത്തായിടും
ജലദപത്രത്തിലാകിലോ മുത്തിനെപ്പോലെയായിടും
പഴുത്തിരുംപില് വീണാലാ പേര് പോലുമുണ്ടായിടാ
ഉത്തമമധ്യമാധമ നിലയിങ്ങനെ കണ്ടിടാം
വക്കാരി പറഞ്ഞതു കെട്ട് അരവിയെടുത്ത നിലപാട് ഞാന അങ്ങു നടപ്പാക്കുകയാണേ
വക്കാരീ സംസര്‍ഗാ മണാ കുണാ എന്നാ…
താര | 11-Aug-06 at 2:04 pm | Permalink
ഇനി ഇപ്പൊ എന്റെ വകയും വേണോ ഒന്ന്?
പഴുത്ത ഇരുമ്പില്‍ മൃതിയാകും,
താമരയിലയില്‍ മണിയാകും,
ചിപ്പിക്കുള്ളില്‍ മുത്താകും,
വെള്ളത്തുള്ളിപോല്‍ മാളോരും
സംസര്‍ഗ്ഗത്താല്‍ ഗുണം മാറും.
ഹഹ….എങ്ങനെയുണ്ട്? വൃത്തമൊരെണ്ണം ഉമേഷ്ജി തന്നെ ഇട്ടോളൂ…:)
Umesh::ഉമേഷ് | 11-Aug-06 at 2:12 pm | Permalink
ഏതായാലും ഞാന്‍ ഇതു തുടങ്ങിയതുകൊണ്ടു് ആളുകളുടെ കവിതയെഴുതാനുള്ള വാസന ഉണര്‍ന്നതു കാണുന്നതില്‍ സന്തോഷം. കവിതകളൊക്കെ എഴുതി ബ്ലോഗുകളില്‍ ഇടൂ കൂട്ടുകാരേ.
കഥയെഴുതാനൊരു കളരി ഒരിക്കല്‍ സ്വാര്‍ത്ഥനാണെന്നു തോന്നുന്നു തുടങ്ങിയിരുന്നു. അതുപോലൊരെണ്ണം കവിതയെഴുതാനും ആരെങ്കിലും തുടങ്ങുമോ?
ബിന്ദു | 11-Aug-06 at 5:07 pm | Permalink
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം. 🙂
എന്‍ ജെ മല്ലു | 12-Aug-06 at 4:17 am | Permalink
ഓടോ: ഉമേഷേ, “വസന്തകാലേ സമ്പ്രാപ്തേ കാക: കാക: പിക: പിക:“ എന്നവസാനിക്കുന്ന ശ്ലോകം അറിയുമോ, അറിയുമെങ്കില്‍ പോസ്റ്റുമോ?
Umesh::ഉമേഷ് | 12-Aug-06 at 5:30 am | Permalink
കാകഃ കൃഷ്ണഃ പികഃ കൃഷ്ണഃ
കോ ഭേദഃ പികകാകയോഃ
വസന്തകാലേ സമ്പ്രാപ്തേ
കാകഃ കാകഃ പികഃ പികഃ
കാകനും പികവും തമ്മില്‍
കറുപ്പാണില്ലൊരന്തരം
കാലം വസന്തമാകുമ്പോള്‍
കാകന് കാകന്, പികം പികം.
P.C.Madhuraj | 25-Aug-06 at 8:35 am | Permalink
“….maddhyamAdhamaphalam sanggaththinAlenggumE” ennumEshji chollinOkkumO?
P.C.Madhuraj | 25-Aug-06 at 10:19 am | Permalink
“……maddhyamAdhamaphalam sanggaththinAlengngumE” ennumEshji chollinOkkumO?
(reposting after spell-check)
Umesh::ഉമേഷ് | 25-Aug-06 at 2:10 pm | Permalink
മധുരാജ്,
ഇവിടെ എത്തിയതിനു നന്ദി. ഞാന്‍ അല്പജ്ഞാനം കൊണ്ടു് എന്തൊക്കെയോ എഴുതുന്നുണ്ടു്. മധുവിനെപ്പോലെ അറിവുള്ളവര്‍ തിരുത്തിത്തരണം.
മധു നല്കിയ തിരുത്തു കൊള്ളാം. ഈ ശ്ലോകം ഞാന്‍ എഴുതിയതു പതിനാറു വയസ്സുള്ളപ്പോഴാണു്. ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ ലക്ഷണം ഗുരുലഘുക്കളായി എഴുതി വെച്ചിട്ടു് അതില്‍ വാക്കുകള്‍ പെറുക്കിവെയ്ക്കുന്ന രീതിയായിരുന്നു. നന്നായിട്ടില്ല.
കാണാ, മുത്തമമദ്ധ്യമാധമഫലം സംഗത്തിനാലെങ്ങുമേ…
ഈ ബ്ലോഗ് താങ്കളുടെ സംസര്‍ഗ്ഗത്താല്‍ ഉത്തമമായിരിക്കുന്നു 🙂