കാക്കയും കുയിലും

സുഭാഷിതം

പാപ്പാന്‍ ഒരു കമന്റിലൂടെ ഓര്‍മ്മിപ്പിച്ച ഒരു സംസ്കൃതശ്ലോകം:

കാകഃ കൃഷ്ണഃ, പികഃ കൃഷ്ണഃ,
കോ ഭേദഃ പികകാകയോഃ?
വസന്തകാലേ സമ്പ്രാപ്തേ
കാകഃ കാകഃ, പികഃ പികഃ!

അര്‍ത്ഥം:

കാകഃ കൃഷ്ണഃ : കാക്ക കറുത്തതാണു്
പികഃ കൃഷ്ണഃ : കുയിലും കറുത്തതാണു്
പികകാകയോഃ കഃ ഭേദഃ : കുയിലിനും കാക്കയ്ക്കും തമ്മില്‍ എന്തു വ്യത്യാസം?
സമ്പ്രാപ്തേ വസന്തകാലേ : വസന്തകാലം വരുമ്പോള്‍
കാകഃ കാകഃ : കാക്ക കാക്കയാണു്
പികഃ പികഃ : കുയില്‍ കുയിലും.

അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഒരുപോലെയിരിക്കുന്ന കാക്കയും കുയിലും തമ്മിലുള്ള വ്യത്യാസം അറിയുന്നതു് അവ പാട്ടുപാടുമ്പോഴാണു് എന്നര്‍ത്ഥം. (കുയില്‍ വസന്തത്തില്‍ പാട്ടുപാടുന്നു എന്നു കവിസങ്കേതം.)

കാഴ്ചയില്‍ ഒരുപോലെയുള്ള ആളുകളുടെ തനിസ്വഭാവം അറിയണമെങ്കില്‍ അതിനു പറ്റിയ സാഹചര്യം അറിയണം എന്നു വ്യംഗ്യം.

എന്റെ ചെറുപ്പത്തില്‍ ‘ബാലരമ’യില്‍ കണ്ട ഒരു പരിഭാഷ:

കാകനും പികവും തമ്മില്‍
കറുപ്പാണില്ലൊരന്തരം;
കാലം വസന്തമാകുമ്പോള്‍
കാകന്‍ കാകന്‍, പികം പികം


ഇതിന്റെ ഒരു പാരഡി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലുണ്ടു്. ചെണ്ട കൊട്ടാന്‍ വിദഗ്ദ്ധനായിരുന്ന മുണ്ടേമ്പള്ളി കൃഷ്ണമാരാരെപ്പറ്റി പറയുന്ന കഥയിലാണു്. കൃഷ്ണമാരാരെയും മറ്റൊരു ചെണ്ടക്കാരനായിരുന്ന കൃഷ്ണപ്പുതുവാളിനെയും പറ്റിയുള്ള ശ്ലോകം:

മാരഃ കൃഷ്ണഃ പുതുഃ കൃഷ്ണഃ
കോ ഭേദോ പുതുമാരയോഃ
ഇണ്ടിണ്ടകാലേ സമ്പ്രാപ്തേ
മാരോ മാരഃ പുതുഃ പുതുഃ

ചെണ്ടകൊട്ടിന്റെ കാര്യം വരുമ്പോള്‍ കൃഷ്ണമാരാരുടെയും കൃഷ്ണപ്പുതുവാളിന്റെയും വ്യത്യാസം മനസ്സിലാകും എന്നര്‍ത്ഥം.

(ഐതിഹ്യമാല കയ്യിലുള്ളവര്‍ ദയവായി ഇതൊന്നു പരിശോധിക്കുക.)