സമത്വവും സ്വാതന്ത്ര്യവും മനുസ്മൃതിയും മറ്റു പലതും…

സാമൂഹികം

(ഇതിൽ ഞാൻ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളോടു് എനിക്കു് ഇപ്പോൾ യോജിപ്പില്ല. എന്റെ തെറ്റുകൾ തിരുത്തിയ രാജേഷ് വർമ്മ, അജിത്ത് തുടങ്ങിയവരോടു് എനിക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഇതിന്റെ (ഇതിനു മുമ്പുള്ള പോസ്റ്റിന്റെയും) കമന്റുകൾ തരുന്ന വാദപ്രതിവാദത്തെ ഒരു അമൂല്യനിധിയായി ഞാൻ കരുതുന്നു. ഈ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാത്തതും അതു കൊണ്ടു തന്നെ.

– ഉമേഷ് [2012-10-29] )

എന്റെ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്ന പോസ്റ്റിനെത്തുടര്‍ന്നു് ഒരു ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നു. അതു പ്രതീക്ഷിച്ചതാണു്. പക്ഷേ, എന്റെ അഭിപ്രായങ്ങള്‍ക്കു ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി എന്നു മനസ്സിലാക്കുന്നു. ഈ തെറ്റിദ്ധാരണ വായനക്കാരുടെ കുഴപ്പമല്ല, എന്റെ എഴുത്തിന്റെ തന്നെ പ്രശ്നം തന്നെ. മനുസ്മൃതിയെപ്പറ്റി എന്റെ നിലപാടു വ്യക്തമാക്കാനും ചോദ്യങ്ങള്‍ക്കു മറുപടി പറയാനുമാണു് ഈ പോസ്റ്റ്. കമന്റായി തുടങ്ങി പോസ്റ്റായി വളര്‍ന്ന സാധനം.

ഇതു വായിക്കുന്നതിനു മുമ്പു് ദയവായി ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്ന പോസ്റ്റും അതിന്റെ കമന്റുകളും വായിക്കുക.

ഒരു ലേഖനമായല്ല, പല ശിഥിലലേഖനങ്ങളായാണു് ഈ പോസ്റ്റ്. ഈ വികലഘടന പൊറുക്കുക.


മനുസ്മൃതിയെപ്പറ്റി എനിക്കുള്ള പരിമിതമായ അറിവില്‍ നിന്നു് അതിലെ സാമൂഹികനീതിശാസ്ത്രത്തെപ്പറ്റി എനിക്കു കടുത്ത വിരോധമാണു്. ഹിന്ദുമതത്തിലെയും ഭാരതത്തിലെയും പല അനാചാരങ്ങള്‍ക്കും വഴിയൊരുക്കിയ ഒരു ഗ്രന്ഥമാണു മനുസ്മൃതി.

അതേ സമയം തന്നെ, അന്നത്തെ സാമൂഹികസ്ഥിതിയെപ്പറ്റി അറിവു തരുന്ന ഒരു അമൂല്യചരിത്രഗ്രന്ഥവുമാണു് അതു്.


ഇഞ്ചി എഴുതിയതുപോലെ ഞാന്‍ പ്ലേറ്റ് തിരിച്ചുവെയ്ക്കുകയല്ല. (പ്ലേറ്റ് തിരിച്ചുവെയ്ക്കുന്നതു മോശമാണെന്നൊരു അഭിപ്രായം എനിക്കില്ല. അതിനല്ലേ ചര്‍ച്ച. വിവരമുള്ളവര്‍ പറയുന്നതു കേട്ടു നമ്മുടെ അഭിപ്രായങ്ങള്‍ മാറ്റുന്നതു നല്ല കാര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അല്ലാത്തവരെയല്ലേ നാം യാഥാസ്ഥിതികര്‍ എന്നു വിളിക്കുന്നതു്?) ഇവിടെ എഴുതാന്‍ പോകുന്ന അഭിപ്രായങ്ങള്‍ തന്നെയാണു് ആ പോസ്റ്റെഴുതുമ്പോഴും എനിക്കുണ്ടായിരുന്നതു്. (ഇതിന്റെ ഒരേയൊരു അപവാദം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയില്‍ ആദ്യത്തെ ഐറ്റമായി പറഞ്ഞിട്ടുണ്ടു്.) അവ വേറേ അര്‍ത്ഥം ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക.


ഇതെഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ മനുസ്മൃതിയുടെ ദേവനാഗരിയിലുള്ള ഒരു കോപ്പി ഇന്റര്‍നെറ്റില്‍ കിട്ടി. ലളിതമായ സംസ്കൃതമാണു്. മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ഒമ്പതാം അദ്ധ്യായത്തില്‍ വിവാഹത്തെയും മറ്റും പറയുന്നുണ്ടു്. ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കാന്‍ തോന്നുന്നു. അവ ഇവിടെ ഇട്ടിട്ടുണ്ടു്. രണ്ടു പക്ഷക്കാര്‍ക്കും ഉദ്ധരിക്കാന്‍ ഇഷ്ടം പോലെ വകുപ്പുണ്ടു്.

(ഒറ്റ വായനയില്‍ തോന്നിയ അര്‍ത്ഥമാണു്. തെറ്റു പറ്റിയിട്ടുണ്ടായിരിക്കാം. ജ്യോതീ, സഹായിക്കുമോ?)


ഒന്നാമതായി, “സ്വാതന്ത്ര്യം” എന്ന വാക്കിന്റെ അര്‍ത്ഥം നോക്കാം. ഇന്നു് അതിന്റെ അര്‍ത്ഥം freedom, independence, emancipation, liberty എന്നൊക്കെയാണു്. മനുവിന്റെ കാലത്തെ സംസ്കൃതത്തില്‍ അതിന്റെ അര്‍ത്ഥം അല്പം വ്യത്യസ്തമാണു്. സ്വ-തന്ത്രം ചെയ്യാനുള്ള കഴിവാണു സ്വാതന്ത്ര്യം. അതായതു്, താന്‍ ഉദ്ദേശിക്കുന്ന കാര്യം ചെയ്യാനുള്ള കഴിവു്. ഇതിന്റെ ശരിക്കുള്ള മലയാളം “താന്തോന്നിത്തം” ആണു്. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യം ഒരു മഹത്തായ വാക്കും താന്തോന്നിത്തം ഒരു നികൃഷ്ടമായ വാക്കുമായിപ്പോയി.

വാക്കുകള്‍ക്കുള്ള ഈ അര്‍ത്ഥവ്യത്യാസം മറ്റു പല വാക്കുകള്‍ക്കുമുണ്ടു്. “അതിശയം” സംസ്കൃതത്തില്‍ exceed എന്ന അര്‍ത്ഥത്തിലാണു് ഉപയോഗിക്കുന്നതു്. ചൊല്ലുള്ളതില്‍ കവിഞ്ഞുള്ളതാണു് അതിശയോക്തി. കവിഞ്ഞു പറയുന്നതു പലപ്പോഴും ആശ്ചര്യമുണ്ടാക്കുന്നതു കൊണ്ടു് അതിശയോക്തിക്കു് ആശ്ചര്യമുണ്ടാക്കുന്ന ഉക്തി എന്നും അതിശയത്തിനു് ആശ്ചര്യം എന്നും അര്‍ത്ഥമുണ്ടായി. പ്രമാദം, മേധാവി തുടങ്ങിയ പദങ്ങള്‍ക്കും ഇതുപോലെ അര്‍ത്ഥവ്യത്യാസമുണ്ടായി. ഈ വ്യത്യാസങ്ങള്‍ മലയാളത്തിലാണുണ്ടായതു് എന്നു പറഞ്ഞുകൊള്ളട്ടേ. സംസ്കൃതത്തില്‍ ഇന്നും ഇവയ്ക്കു് ആദ്യത്തെ അര്‍ത്ഥം തന്നെ.

താന്തോന്നിത്തം അത്ര നികൃഷ്ടമായ ഒരു പദമല്ല. ഒരു പറ്റം താന്തോന്നികളെക്കൊണ്ടാണു ലോകത്തില്‍ മഹത്തായ കണ്ടുപിടിത്തങ്ങളും ആശയങ്ങളും ഉണ്ടായതു്. മറ്റുള്ളവര്‍ കാട്ടിത്തന്ന വഴിയിലൂടെയല്ലാതെ സ്വന്തം ബുദ്ധി നയിക്കുന്ന വഴിയിലൂടെ മുന്നേറുന്നതാണു് താന്‍-തോന്നി-ത്തം. അതു സമൂഹനിയമങ്ങള്‍ക്കെതിരാകുമ്പോഴാണു് നാം കൂടുതല്‍ അറിയുന്ന അര്‍ത്ഥം കിട്ടുന്നതു്.

ഇനി, സ്വാതന്ത്ര്യത്തിന്റെ ശരിയായ അര്‍ത്ഥമറിയണമെങ്കില്‍ സോക്രട്ടീസ് ചോദിച്ചതുപോലെയുള്ള ചോദ്യങ്ങളിലേക്കു പോകണം. താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്കു് ഉത്തരം പറഞ്ഞുനോക്കൂ.

  1. യുദ്ധമുന്നണിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പടയാളി. സൂക്ഷിച്ചു പ്രവര്‍ത്തിക്കേണ്ട സമയം. തെറ്റായ തീരുമാനമെടുത്താല്‍ അപകടമാകും. ഈ പടയാളിക്കു സ്വാതന്ത്ര്യമുണ്ടോ?
  2. ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സര്‍ജന്‍. പൂര്‍ണ്ണമായും ശ്രദ്ധിച്ചു് തെറ്റുപറ്റാതെ രോഗിയുടെ ശരീരം കീറിമുറിച്ചുകൊണ്ടിരിക്കുന്നു. ഈ ഡോക്ടര്‍ക്കു സ്വാതന്ത്ര്യമുണ്ടോ?

“താന്തോന്നിത്തം” എന്ന അര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം ഇവിടെ രണ്ടു കൂട്ടര്‍ക്കുമില്ല. അവര്‍ക്കു ചെയ്യാന്‍ കഴിയുന്നതു വളരെ പരിമിതമാണു്. അവ ചെയ്യാനേ അവര്‍ക്കു് അപ്പോള്‍ കഴിയൂ. ഗവേഷണവും പരീക്ഷണങ്ങളുമൊക്കെ മറ്റൊരവസരത്തില്‍. ഇപ്പോള്‍ ഗതാനുഗതികത്വം തന്നെ വഴി.

ഇവര്‍ക്കു മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകനും കുട്ടികള്‍ക്കും എന്നല്ല നിയമമനുസരിക്കുന്ന ഏതൊരുത്തനും പൂര്‍ണ്ണസ്വാതന്ത്ര്യം ഒരു മിഥ്യയാണു്. പക്ഷേ, അതുകൊണ്ടൊന്നും അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരോ അവശതയനുഭവിക്കുന്നവരോ അവഗണിക്കപ്പെട്ടവരോ അല്ല.

സ്വാതന്ത്ര്യം എന്ന വാക്കു് freedom എന്ന അര്‍ത്ഥത്തില്‍ (free എന്ന വാക്കും ഇതില്‍ നിന്നു വിമുക്തമല്ല-അതിനു് “ഓസിനു കിട്ടുന്നതു്” എന്നൊരര്‍ത്ഥവുമുണ്ടല്ലോ. Wikipedia-the free encyclopedia എന്നതിലെ free എന്നതു കാശു കൊടുക്കേണ്ടാത്തതാണോ അതോ സ്വതന്ത്രം എന്നതാണോ അതോ രണ്ടും കൂടിയാണോ എന്നു് ഇപ്പോഴും തര്‍ക്കം നടക്കുന്നു.) ഉപയോഗിക്കാന്‍ തുടങ്ങിയതും വെള്ളക്കാര്‍ നമ്മെ അടിച്ചമര്‍ത്തിയതും അവരില്‍ നിന്നു നാം സ്വാതന്ത്ര്യം നേടിയതും ഒക്കെ ആ വാക്കിന്റെ ഒരര്‍ത്ഥത്തെ മാത്രം ഉറപ്പിച്ചു. ആ അര്‍ത്ഥത്തിലല്ല മനു അതുപയോഗിച്ചതു് എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.


ഉദ്ധരണികള്‍ മുഴുവന്‍ വായിക്കാതെ അറ്റവും മൂലയും മാത്രം വായിച്ചു തോന്നിയ അര്‍ത്ഥം പറയുന്നതിനെ ഞാന്‍ ഇതിനു മുമ്പും വിമര്‍ശിച്ചിട്ടുണ്ടു്. “സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം” എന്നതിനെ തെറ്റായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നതിനെപ്പറ്റി ഇവിടെ പറഞ്ഞിട്ടുണ്ടു്. “ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്നു കേള്‍ക്കുമ്പോള്‍ അതിന്റെ മുന്നിലുള്ള മൂന്നു വരികള്‍ കൂടി വായിക്കണം എന്നു പറയാന്‍ കൂടിയാണു് ഈ ലേഖനം എഴുതിയതു്. അതു കൂടി വായിച്ചപ്പോള്‍ എനിക്കു വേറൊരു അര്‍ത്ഥമാണു തോന്നിയതു്. അതു നിങ്ങളുമായി പങ്കുവെയ്ക്കുകയാണു് ഇവിടെ ചെയ്തതു്.

ഈ ശ്ലോകം വീണ്ടും വീണ്ടും വായിച്ചിട്ടും എനിക്കു് ഇതു പുരുഷന്മാരെ തങ്ങളുടെ “കടമ” ഓര്‍മ്മിപ്പിക്കുന്ന ഒരു ശ്ലോകമായാണു മനസ്സിലാകുന്നതു്-അല്ലാതെ സ്ത്രീയെ അടിച്ചമര്‍ത്തുന്ന ശ്ലോകമായല്ല.


കല്ലേച്ചി, മന്‍‌ജിത്ത്, സന്തോഷ് തുടങ്ങിയവരെപ്പോലെ സാമൂഹികപ്രശ്നങ്ങള്‍ സാധാരണയായി ഞാന്‍ വിഷയമാക്കാറില്ല. മനുസ്മൃതി മൊത്തം വ്യാഖ്യാനിക്കാനും ഉദ്ദേശ്യമില്ല. അത്രയും സമയം കിട്ടിയാല്‍ ആര്യഭടീയമോ തന്ത്രസംഗ്രഹമോ വ്യാഖ്യാനിക്കാനേ ഞാന്‍ നോക്കൂ.

പലതിനെപ്പറ്റിയും നമുക്കുള്ള ധാരണ മിക്കപ്പോഴും അവയുടെ വിമര്‍ശനങ്ങളില്‍ നിന്നാണു കിട്ടുക. ജനയുഗം വായിച്ചു വളര്‍ന്നവനു സായിബാബയെയും പ്രബുദ്ധകേരളം വായിച്ചു വളര്‍ന്നവനു ഏ. ടി. കോവൂരിനെയും സ്വന്തം ബുദ്ധി കൊണ്ടു മനസ്സിലാക്കാന്‍ ഒരുപാടു സമയമെടുക്കും.

വളരെയധികം എതിര്‍പ്പുകള്‍ ഏറ്റു വാങ്ങിയ പുസ്തകമാണു മനുസ്മൃതി. അതു് അതര്‍ഹിക്കുന്നുണ്ടാവാം. പക്ഷേ മനുസ്മൃതിയെപ്പോലെ തന്നെയോ അതില്‍ക്കൂടുതലോ വിഷം അടങ്ങിയ മറ്റു പുസ്തകങ്ങളുണ്ടെന്നുള്ളതാണു വാസ്തവം.

ചില ഉദാഹരണങ്ങള്‍:

  1. ശങ്കരാചാര്യരുടെ വിവേകചൂഡാമണിയില്‍ നിന്നു്. ഇതു വളരെ മഹത്തായ ഒരു പുണ്യഗ്രന്ഥമായി പഠിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന പുസ്തകമാണു്.

    ജന്തൂനാം നരജന്മ ദുര്‍ല്ലഭം; അതഃ പുംസ്ത്വം; തതോ വിപ്രതാ
    തസ്മാദ് വൈദിക…

    അതായതു്,

    • ജന്തുക്കളില്‍ മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ: ബാക്കി ജന്തുക്കളൊക്കെ അധമര്‍!
    • മനുഷ്യരില്‍ പുരുഷന്മാരാണു മഹത്ത്വമുള്ളവര്‍: സ്ത്രീകളൊക്കെ പാപികള്‍!
    • പുരുഷന്മാരില്‍ ബ്രാഹ്മണന്മാരാണു മഹാന്മാര്‍ : ബാക്കി ജാതിക്കാരൊക്കെ നിന്ദ്യര്‍!
    • അവരില്‍ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ കേമര്‍: ബാക്കി ജോലിയൊക്കെ അധമം!

    എന്തുകൊണ്ടു് ജന്തുസ്നേഹികളും സ്ത്രീസമത്വവാദികളും അധഃകൃതോദ്ധാരകരും വൈദികകര്‍മ്മവിരോധികളും വിവേകചൂഡാമണി കത്തിക്കുന്നില്ല?

  2. ഭഗവദ്ഗീതയില്‍ ഇതുപോലെ ആളുകളെ ചൊടിപ്പിച്ചിട്ടുള്ള ഭാഗമാണു് ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം… എന്നതു്. പക്ഷേ, അതിനേക്കാള്‍ വലിയ പ്രശ്നം ഒന്നാം അദ്ധ്യായത്തിലുണ്ടു്. അര്‍ജ്ജുനന്‍ കൃഷ്ണനോടു പറയുന്നു:

    അധര്‍മ്മാഭിഭവേത് കൃഷ്ണ
    പ്രദുഷ്യന്തി കുലസ്ത്രിയഃ
    സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ
    ജായതേ വര്‍ണ്ണസങ്കരഃ…

    അതായതു്, കുലത്തിലെ സ്ത്രീകള്‍ മറ്റു ജാതിയിലുള്ളവരോടു ചേര്‍ന്നാല്‍ വര്‍ണ്ണസങ്കരം വന്നു് ആകാശം ഇടിഞ്ഞുവീഴുമെന്നു്! കുലത്തിലെ പുരുഷന്മാര്‍ക്കു നാടു നീളെ നടന്നു് സ്വജാതിയിലും അന്യജാതികളിലും വര്‍ണ്ണസങ്കരം ഉണ്ടാക്കാം.

    ഒരു പാമ്പിന്‍പെണ്ണിനെ കല്യാണം കഴിച്ച അര്‍ജ്ജുനന്‍ ഒരു കുരങ്ങത്തിയെ കല്യാണം കഴിച്ച കൃഷ്ണനോടാണിതു പറയുന്നതെന്നൊര്‍ക്കണം. ഇത്രയും കടന്ന വര്‍ണ്ണസങ്കരം നടത്താന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യന്‍ വളര്‍ന്നിട്ടില്ല!

    ഇതിനെക്കാള്‍ വലിയ അവഗണനയാണോ മനു ചെയ്തതു്? ആരുണ്ടു ഭഗവദ്ഗീത കത്തിക്കാന്‍?

  3. വായിക്കേണ്ട പുസ്തകമാണു് ആനന്ദിന്റെ “ഗോവര്‍ദ്ധനന്റെ യാത്രകള്‍”. കയ്യൂക്കുള്ളവന്‍ ഇല്ലാത്തവന്റെ മേല്‍ ചെയ്യുന്ന ക്രൂരതകളുടെ വിവരണം വഴി ചരിത്രത്തെ വിശകലനം ചെയ്യുന്നതാണു് ആ പുസ്തകം. നമുക്കു പരിചയമുള്ള പലരും -മുഗള്‍ ചക്രവര്‍ത്തിമാര്‍, കെപ്ലര്‍, ഗലീലിയോ, കാളിദാസന്‍, ഇബ്‌നു ബത്തൂത്ത, ത്യാഗരാജഭാഗവതര്‍ തുടങ്ങി പലരും- അതില്‍ പ്രത്യക്ഷപ്പെടുന്നുണ്ടു്. നാം പാഠപുസ്തകങ്ങളില്‍ വായിച്ച രൂപത്തിലല്ലെന്നു മാത്രം. സഹോദരന്റെ കണ്ണു ചൂഴ്ന്നെടുക്കുകയും അച്ഛനെ തടവിലിടുകയും ആശയഭിന്നതയുള്ളവരെ പരസ്യമായി പീഡിപ്പിക്കുകയും ചെയ്യുന്ന ചക്രവര്‍ത്തിമാര്‍, സത്യത്തെ പീഡനം പേടിച്ചു തള്ളിപ്പറഞ്ഞ ശാസ്ത്രജ്ഞര്‍, ക്രൂരതയ്ക്കു സ്തുതിഗീതം പാടിയ കവികള്‍ തുടങ്ങി പല രൂപത്തില്‍. അതില്‍ കാളിദാസന്റെ രഘുവംശത്തില്‍ രഘു കൊന്നൊടുക്കുന്ന പടയാളികളുടെ ശവശരീരങ്ങളെപ്പറ്റി ആലങ്കാരികമായി വര്‍ണ്ണിക്കുന്ന ചില ശ്ലോകങ്ങളെ വിമര്‍ശിക്കുന്നുണ്ടു്. പടയാളികളെ ജീവനോടെ കുന്തത്തില്‍ കോര്‍ക്കുകയോ മറ്റോ ചെയ്തതിന്റെ വര്‍ണ്ണനയാണതു്.

    ചിന്തിപ്പിക്കുന്ന പുസ്തകമാണതു്. കാളിദാസനെയും ഹുമയൂണിനെയുമൊന്നും നാം ഇതുവരെ കണ്ട കണ്ണു കൊണ്ടല്ല അതില്‍ കാണുന്നതു്.

  4. ബൂലോഗത്തിലെ ഭൂരിപക്ഷം ആളുകളുടെയും ആരാദ്ധ്യപുരുഷനായ വി. കെ. എന്‍.-ന്റെ കൃതികളില്‍ ഉടനീളം കാണുന്നതു കടുത്ത പുരുഷമേധാവിത്വമല്ലേ? ഉദാഹരണങ്ങളൊന്നും നിരത്തേണ്ട കാര്യമില്ല. ഏതെങ്കിലും ഒരു പേജെടുത്തിട്ടു് ഏഴു വരിയും ഏഴക്ഷരവും തള്ളി കിട്ടുന്നതു് എടുത്തെഴുതിയാല്‍ മതി.

    സ്ത്രീനിന്ദനം മാത്രമല്ല, ഫ്യൂഡലിസവും ജാതിഭ്രാന്തും യുക്തിവാദം തുടങ്ങിയവയോടുള്ള അസഹിഷ്ണുതയും അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും കാണാം. കഥയ്ക്കു വേണ്ടി ചേര്‍ക്കുന്ന ആശയങ്ങള്‍ (അതായതു്, ദുഷ്ടകഥാപാത്രങ്ങളെക്കൊണ്ടു പറയിപ്പിക്കുന്ന സംഭാഷണങ്ങള്‍) ആയല്ല ഇവയില്‍ മിക്കതും കാണുന്നതു്.

ഭഗവദ്‌ഗീതയും ശങ്കരാചാര്യരുടെയും കാളിദാസന്റെയും വി. കെ. എന്‍.-ന്റെയും കൃതികളും നാം കത്തിക്കുന്നില്ലല്ലോ, അല്ലേ?


മനുസ്മൃതിയുടെയും ഭഗവദ്‌ഗീതയുടെയുമൊക്കെ ചരിത്രപശ്ചാത്തലം പരിശോധിച്ചാല്‍ നമ്മുടെ പല കേട്ടുകേഴ്‌വികളും തെറ്റാണെന്നു ബോദ്ധ്യമാകും. മനുസ്മൃതിയിലെ “സ്മൃതി”യ്ക്കു് ധര്‍മ്മപുരാണത്തിലെ “പുരാണ”ത്തില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ട കാര്യമില്ല. നിയമസംഹിത ഉണ്ടാക്കിയപ്പോള്‍ അതിന്റെ പേരില്‍ “സ്മൃതി” ചേര്‍ത്തു എന്നു മാത്രമേ ഉള്ളൂ. മനുസ്മൃതിയുടെ ഇപ്പോഴത്തെ രൂപത്തിനു ക്രി. മു. രണ്ടാം നൂറ്റാണ്ടിലധികം പഴക്കമില്ല എന്നാണു പണ്ഡിതമതം. അതിനു ശേഷമാണു് എന്നും വാദമുണ്ടു്. ബൈബിളിലെ ആദം പോലെ ഹൈന്ദവപുരാണങ്ങളില്‍ ആദ്യമനുഷ്യനായി പറയുന്ന മത്സ്യാവതാരമനുവുമായി ഇതിനു യാതൊരു ബന്ധവുമില്ല എന്നര്‍ത്ഥം.

ഭാരതത്തില്‍ ഹിന്ദുമതത്തിനു് അവാന്തരവിഭാഗങ്ങളും പക്ഷാന്തരവുമൊക്കെയുണ്ടായെങ്കിലും, അതൊക്കെ പടര്‍ന്നു പന്തലിച്ച ആല്‍മരത്തിന്റെ ശാഖോപശാഖകള്‍ മാത്രമാണെന്നു പറഞ്ഞു നടന്നുവെങ്കിലും, ബുദ്ധമതത്തിന്റെ വിജയം ഹിന്ദുമതത്തിനു് ഒരു അടിയായി. സ്വന്തമായി ഒരു തത്ത്വസംഹിതയോ നിയമാവലിയോ മതഗ്രന്ഥമോ ഇല്ലാതിരുന്ന കാലത്തു് ഹിന്ദുത്വത്തെ നവീകരിക്കാന്‍ നടന്ന ശ്രമത്തിന്റെ ഫലമാണു മനുസ്മൃതിയും ഭഗവദ്‌ഗീതയും ഭാഗവതവുമൊക്കെ എന്നാണു് ഒരു തിയറി.

ഭഗവദ്‌ഗീത വ്യാസഭാരതത്തിന്റെ ഭാഗമല്ലെന്നും, പില്‍ക്കാലത്തു കൂട്ടിച്ചേര്‍ത്തതാണെന്നും, അതിലെ എല്ലാ ആശയങ്ങളും (ശത്രുവിനെ അടിച്ചൊതുക്കുന്നതു നിന്റെ കര്‍മ്മം, ചതുര്‍വര്‍ണ്ണ്യം, വര്‍ണ്ണസങ്കരം, എല്ലാ മതങ്ങളെയും ഉപേക്ഷിച്ചു് എന്നിലേക്കു വരുക തുടങ്ങി) ഈയൊരു നവീകരണത്തിനു വേണ്ടി ഉണ്ടാക്കിയതാണെന്നും പലരും അഭിപ്രായപ്പെടുന്നു.

മനുസ്മൃതിയും ഏതാണ്ടു് ഈ കാലത്തു തന്നെ ഉണ്ടായതാണെന്നൊരു വാദമുണ്ടു്. ബൌദ്ധന്മാരെ കൂട്ടക്കൊല ചെയ്തതിനു ശേഷം ക്രി. പി. രണ്ടാം നൂറ്റാണ്ടില്‍ സംഘരാജാവായിരുന്നു പുഷ്യമിത്രനാണു മനുസ്മൃതി എഴുതിച്ചതു് എന്നും ചിലര്‍ പറയുന്നു.

ഭാരതത്തിന്റെയും ഹിന്ദുമതത്തിന്റെയും സഹിഷ്ണുതയെപ്പറ്റി വരുന്ന സ്പാം ഇ-മെയിലുകളെക്കൊണ്ടു പലപ്പോഴും പൊറുതിമുട്ടാറുണ്ടു്. ഭാരതം മറ്റു രാജ്യങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഹിന്ദുമതം മറ്റു മതങ്ങള്‍ക്കു നേരേ കടന്നാക്രമണം നടത്തിയിട്ടില്ലെന്നും ഒക്കെയുള്ള പ്രസ്താവങ്ങള്‍ ചരിത്രത്തിനെതിരെയുള്ള കൊഞ്ഞനം കുത്തലാണു്. ലങ്കയെ ആക്രമിക്കുകയും ബൌദ്ധന്മാരെ കൂട്ടക്കൊല നടത്തുകയും ചെയ്ത രാജേന്ദ്രചോളന്‍ (ക്രി. പി. പതിനൊന്നാം നൂറ്റാണ്ടു്) ഒരാള്‍ മതി ഇതിനെതിരായി. “കഴുമരം” എന്നറിയപ്പെട്ടിരുന്ന അറ്റം കൂര്‍ത്ത കുന്തങ്ങള്‍ ആസനത്തിലടിച്ചുകയറ്റിയായിരുന്നത്രേ ബുദ്ധസന്ന്യാസികളെ കൊന്നിരുന്നതു്.

ശരീയത്ത് പോലെയുള്ള ഒരു കര്‍ക്കശനിയമാവലി ആണു മനുസ്മൃതി നല്‍കുന്നതു്. കാടത്തവും അതിലുണ്ടു്. സ്വന്തം മതത്തിനു ഭീഷണിയായി ഉയര്‍ന്നു വന്ന മറ്റൊരു മതത്തെ അടിച്ചമര്‍ത്തിയതിനു ശേഷം ഒരു രാജാവു് ഇങ്ങനെ ഇനിയും ഉണ്ടാകാതിരിക്കാന്‍ വേണ്ടി കര്‍ക്കശമായി ഉണ്ടാക്കിയ നിയമസംഹിതയില്‍ കാടത്തമില്ലെങ്കിലേ അദ്ഭുതമുള്ളൂ. മനു അയാളുടെ പിണിയാള്‍ മാത്രം.


ഇനി വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാം.

  1. അജിത്തും കൂമനും രാജേഷും പുസ്തകങ്ങള്‍ കത്തിക്കുന്നതിലൂടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. ഇഷ്ടമില്ലാത്തവരുടെ കോലം കത്തിക്കുകയും, ഇഷ്ടമില്ലാത്ത രാജ്യങ്ങളുടെ പതാക കത്തിക്കുകയും ചെയ്യുന്നതു പോലെയുള്ള ഒരു പ്രവൃത്തി. ആ വിധത്തില്‍ മനുസ്മൃതിയിലുള്ള ആശയങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ അതു കത്തിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നതിനോടു ഞാന്‍ യോജിക്കുന്നു.

    ഞാന്‍ കരുതിയതു് പുസ്തകത്തിന്റെ എല്ലാ പ്രതികളും കണ്ടെടുത്തു കത്തിക്കുന്നതാണു് വിവക്ഷ എന്നായിരുന്നു. “മനുസ്മൃതി കത്തിക്കണം” എന്നു പറയുമ്പോള്‍ അതല്ലേ ഉദ്ദേശിക്കുന്നതു്?

  2. അജിത്ത് സ്ത്രീപുരുഷസമത്വത്തെ വര്‍ണ്ണങ്ങളുടെയും ജാതികളുടെയും മറ്റും സമത്വത്തില്‍ നിന്നു ഭിന്നമല്ല എന്നു പറഞ്ഞിരിക്കുന്നു. ഇഞ്ചി ഇരുപതാം നൂറ്റാണ്ടിനു മുമ്പു് പെണ്ണെഴുത്തുകാര്‍ കുറവായിരുന്നു എന്നും നിരീക്ഷിക്കുന്നു. സ്ത്രീപുരുഷസമത്വം ഇത്രയും എത്തിയതു് ഈ അടുത്ത കാലത്തു ശാസ്ത്രത്തിന്റെ സഹായത്തോടുകൂടിയാണു്. പല കാര്യങ്ങള്‍ ഇതിനു വഴിയൊരുക്കി.
    1. കുടുംബാസൂത്രണമാര്‍ഗ്ഗങ്ങളും ജനപ്പെരുപ്പത്തിന്റെ ദൂഷ്യഫലങ്ങളുടെ ബോധവത്ക്കരണവും മൂലം സ്ത്രീകള്‍ എല്ലാ വര്‍ഷവും പ്രസവിക്കുന്നവരാക്കാതെ വന്നതു് സ്ത്രീകളെ പുരുഷന്മാരോടൊപ്പം പല ജോലികളും ചെയ്യാന്‍ പര്യാപ്തരാക്കി.
    2. ശാരീരികാദ്ധ്വാനം വളരെ വേണ്ടി വരുന്നതും സ്ത്രീകള്‍ക്കു ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുമായ ജോലികളല്ലാതെ കൂടുതല്‍ ബൌദ്ധികമായതും സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള്‍ കൂടുതല്‍ നന്നായി ചെയ്യാവുന്നതും ആയ ജോലികളുടെ പ്രചാരം.
    3. സ്ത്രീകള്‍ സുഖഭോഗവസ്തുക്കളും ഗര്‍ഭാധാനപാത്രങ്ങളും മാത്രമല്ല, പുരുഷനു തുല്യരായവരാണെന്നുള്ള ബോധവത്ക്കരണം. പല സമുദായങ്ങളും അവയുടെ അനാചാരങ്ങള്‍ തൂത്തെറിഞ്ഞതു് ഈ അടുത്ത കാലത്താണു്.
    4. സദാചാരം, പാതിവ്രത്യം, പരിശുദ്ധി, മാനം തുടങ്ങിയവയുടെ നിര്‍വ്വചനങ്ങള്‍ മാറി. സ്ത്രീകളെ മറ്റുള്ളവര്‍ കാണുന്നതും തൊടുന്നതുമൊന്നും തെറ്റല്ല എന്ന ബോധം വന്നതോടുകൂടി പല ജോലികളും ചെയ്യാന്‍ സ്ത്രീകള്‍ക്കു സാധിച്ചു.

    കഴിഞ്ഞ കാലങ്ങളില്‍ ഇവയില്ലായിരുന്നതു കൊണ്ടു് സ്ത്രീകള്‍ക്കു് ഉയരാന്‍ കഴിഞ്ഞില്ല. പ്രായമായാല്‍ വീടും കുട്ടികളെയും നോക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന ബോധമുണ്ടായിരുന്നതു കൊണ്ടു് അവര്‍ക്കു വേണ്ടത്ര വിദ്യാഭ്യാസവും മറ്റു പരിശീലനങ്ങളും കൊടുത്തില്ല. പഴയ കാലത്തെ നിയമസംഹിതകളില്‍ സ്ത്രീകളെ വീട്ടിലൊതുക്കി നിര്‍ത്തിയതിന്റെ കാരണമിതാണു്.

    ഇപ്പോഴും പല പരിമിതികളും സ്ത്രീകള്‍ക്കുണ്ടു്. (പുരുഷന്മാര്‍ക്കുമുണ്ടു്.) അതിനാല്‍ ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരില്‍ നിന്നു് സംരക്ഷണം ആഗ്രഹിക്കുന്നു. ഇഞ്ചിപ്പെണ്ണു്, താര, വല്യമ്മായി എന്നീ സ്ത്രീകളുടെ അഭിപ്രായം ശ്രദ്ധിക്കുക. പുരുഷന്മാരില്‍ നിന്നുള്ള സംരക്ഷണം അവര്‍ ആഗ്രഹിക്കുന്നു. അവരുടെ പ്രശ്നം സ്വാതന്ത്ര്യം എന്ന വാക്കാണു്. അതിന്റെ മുകളില്‍ പറഞ്ഞ അര്‍ത്ഥത്തെപ്പറ്റി അവരെന്തു പറയുന്നു എന്നു നോക്കട്ടേ.

    ഈ കാരണം കൊണ്ടു തന്നെയാണു് ഇതു് ഇന്നും “പ്രസക്തം” ആണു് എന്നു ഞാന്‍ പറഞ്ഞതു്. “പ്രസക്തം” എന്നു വെച്ചാല്‍ ശരി എന്നല്ല അര്‍ത്ഥം. പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കുന്നു, അതു സ്ത്രീ ആഗ്രഹിക്കുന്നു എന്നതു് ഇന്നുമുള്ള കാര്യമാണു് എന്നാണു ഞാന്‍ ഉദ്ദേശിച്ചതു്. മനുസ്മൃതി ഇന്നു പ്രസക്തമാണെന്നല്ല ഞാന്‍ പറഞ്ഞതു്-ഈ ശ്ലോകം (“പിതാ രക്ഷതി…”) ഇന്നും പ്രസക്തമാണു് എന്നാണു്.

  3. സ്ത്രീകള്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും സംരക്ഷണം ആവശ്യമാണെന്നു ബിന്ദു പറയുന്നു. നല്ല നിരീക്ഷണം. കുട്ടികള്‍ മാത്രമല്ല, പ്രായമായവര്‍, അംഗവൈകല്യമുള്ളവര്‍, കായികശക്തി കുറഞ്ഞവര്‍, ബുദ്ധിയുറയ്ക്കാത്തവര്‍ തുടങ്ങിയവര്‍ക്കും സംരക്ഷണം ആവശ്യമാണു്. ഇവര്‍ക്കും “സ്വാതന്ത്ര്യം” കൊടുക്കാന്‍ പറ്റില്ല. മനു ഇതും പറഞ്ഞിട്ടുണ്ടോ എന്നു് എനിക്കറിയില്ല. പറഞ്ഞിട്ടുണ്ടാവണം. ഉണ്ടെങ്കില്‍ത്തന്നെ ആര്‍ക്കും അതൊരു പ്രശ്നമായോ അടിച്ചമര്‍ത്തലായോ തോന്നിയിട്ടുണ്ടാവില്ല. അത്രമാത്രം.

    മനുസ്മൃതി കത്തിക്കണമെന്നു പറഞ്ഞ അംബേദ്കര്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്നു പറഞ്ഞില്ലേ? അതു് അവരെ സമന്മാരായി അംഗീകരിക്കാതിരിക്കലാണോ? സമത്വം കിട്ടിയിട്ടില്ല, കിട്ടുന്നതുവരെ സംരക്ഷണം വേണം എന്നാണു വിവക്ഷ. സ്ത്രീകളുടെ കാര്യത്തിലും ഇതാണു സ്ഥിതി. കുട്ടികളുടെ കാര്യത്തിലും.

  4. വക്കാരിയുടെ വ്യാഖ്യാനം കൊള്ളാം. പക്ഷേ അതു് നളന്‍ പറഞ്ഞതു പോലെയുള്ള വ്യാഖ്യാനമാണു്. എന്തു വേണമെന്നു തീരുമാനിച്ചു് അതിലേക്കു വ്യാഖ്യാനിക്കുന്ന രീതി. ഇവിടെ അതിന്റെ ആവശ്യമില്ല. സരളമായ വ്യാഖ്യാനം മതി.
  5. “ഡൊക്ടര്‍മാര്‍ ഡൊക്ടര്‍മാരാകുന്നതിനും അതുപോലെ സാമൂഹ്യകാരണങ്ങളുണ്ട്‌. ഡോക്ടറാകാന്‍ അമാനുഷികമായ ബുദ്ധിശക്തിയൊന്നും വേണ്ട – 23 ലക്ഷം രൂപ ഫീസുകൊടുക്കാനുണ്ടായാല്‍ മതി.” എന്നു് അജിത്ത് പറയുന്നു. ഞാന്‍ ഡോക്ടറുടെ ബുദ്ധിയെപ്പറ്റി പറഞ്ഞില്ലല്ലോ. സമൂഹത്തില്‍ ഡോക്ടര്‍ക്കും കുഴിവെട്ടുകാരനും ആവശ്യമാണെന്നും ഒരാള്‍ക്കു മറ്റെയാളിന്റെ ജോലി ചെയ്യാന്‍ തത്കാലം (ശ്രമിച്ചാല്‍ പറ്റിയേക്കും) പറ്റില്ല എന്നുമല്ലേ ഞാന്‍ പറഞ്ഞുള്ളൂ?
  6. യാത്രാമൊഴി ചോദിക്കുന്നു: “മനുസ്മൃതി മുഴുവന്‍ വായിച്ചു പഠിച്ചതിനു ശേഷമാണോ ഈ “രണ്ട്” ശ്ലോകങ്ങള്‍ മാത്രം വിശദീകരിച്ചു മനുവിനെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവാക്കി ചിത്രീകരിച്ചത്?”

    ഞാന്‍ എവിടെയാണു മനുവിനെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവായി ചിത്രീകരിച്ചതു്? “സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നു പറഞ്ഞവന്‍ എങ്ങനെ സ്വാതന്ത്ര്യത്തിന്റെ വക്താവാകും?

    ഉദ്ധരിച്ച ശ്ലോകത്തിന്റെ നാലാം വരി മാത്രം നോക്കിയാല്‍ പോരാ, ബാക്കി മൂന്നു വരികള്‍ കൂടി നോക്കണം എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ. ഇന്നത്തെ സമൂഹത്തെപ്പറ്റി അവിടെ പറഞ്ഞതും ഇവിടെ മുകളില്‍ പറഞ്ഞതും എന്റെ കാഴ്ചപ്പാടാണു്. അതിനു മനുസ്മൃതിയുമായി ബന്ധമില്ല.

    യാത്രാമൊഴി പറഞ്ഞ ഒരു കാര്യവും എന്റെ ലേഖനം വായിച്ചിട്ടു പറഞ്ഞതാണെന്നു തോന്നുന്നില്ല. “ഉമേഷ്ജിക്ക് മനുസ്മൃതിയിലെ ആശയങ്ങളോട് എതിര്‍പ്പാണെന്നു കമന്റില്‍ കണ്ടു.
    തെറ്റായ ഒരു ആശയത്തെ എതിര്‍ക്കുന്നയാള്‍ തന്നെ അത് നല്ലതെന്നു വ്യാഖ്യാനിക്കുമ്പോള്‍…” മനുസ്മൃതി നല്ലതെന്നു ഞാന്‍ എവിടെ വ്യാഖ്യാനിച്ചു? “മനുസ്മൃതിയെ ആധുനികകാലത്തെ നിയമസംഹിതയായി അംഗീകരിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കേണ്ടി വന്നേക്കും…” എന്നു പറഞ്ഞതോ? അതോ, “മനുവിന്റെ ശ്ലോകം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല…” എന്നു പറഞ്ഞതോ?

    ഇനി “മനുസ്മൃതി പണ്ടും തെറ്റായിരുന്നു” എന്നു ഞാന്‍ പറയാഞ്ഞതാണോ കുറ്റം? അതെന്റെ അറിവില്ലായ്മ. പഴയ ചരിത്രവും സാമൂഹികവ്യവസ്ഥിതികളും എങ്ങനെയായിരുന്നു എന്നെനിക്കു് അറിയില്ല. സ്ത്രീകള്‍ വഴിപിഴച്ചു പോയ ഒരു കാലത്തുണ്ടാക്കിയതുകൊണ്ടാണു് ഇസ്ലാം മതത്തിലെ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ പലപ്പോഴും കര്‍ശനമാകുന്നതു് എന്നു കേട്ടിട്ടുണ്ടു്. അതുപോലെ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നറിയില്ല. അതുകൊണ്ടു് അതു പറഞ്ഞില്ല. ഇന്നത്തെ കാലത്തെപ്പറ്റി വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. അതു് ഒന്നിലധികം സ്ഥലത്തു പറഞ്ഞു.

  7. നളന്റെ സര്‍കാസം രസിച്ചു. പക്ഷേ, “പൊതുവേ പറഞ്ഞാല്‍ ആദ്യം എന്താണു വ്യാഖ്യാനിക്കേണ്ടതെന്നു തീരുമാനിക്കുന്നു (പണ്ടു പരീക്ഷയ്ക്കു theorem പ്രൂവാന്‍ കുറച്ചു ഗ്യാപ്പ് വിട്ടട്ട് റിസള്‍ട്ടെഴുതി വയ്ക്കും) പിന്നീടു ഇടയിലുള്ള സ്റ്റെപ്പുകള്‍ ഇട്ടു നിറയ്ക്കും (സൂഫിയാണെന്നു പറഞ്ഞതെന്നു തോന്നുന്നു ‘പിന്നെ അവിടെ നടക്കുന്നതൊരു മാജിക്കാണു്)…” എന്നു പറഞ്ഞതു് എന്റെ എഴുത്തിനെപ്പറ്റിയാണോ? ആണെങ്കില്‍ ഞാന്‍ നിഷേധിക്കുന്നു. ഈ വിധത്തിലാണു നമ്മുടെ പല പുസ്തകങ്ങളുടെയും സ്ഥിതി. അതു മാറ്റി കാര്യങ്ങള്‍ എനിക്കറിയാവുന്നതു പോലെ യുക്തിഭദ്രമായി വളച്ചുകെട്ടാതെ പറയാനാണു ഞാന്‍ ഇതുവരെ എല്ലാ ലേഖനങ്ങളിലും ശ്രമിച്ചതു്.

    “ചാതുര്‍വര്‍ണ്യമുള്‍പ്പടെയുള്ളതെല്ലാം നമുക്ക് വ്യാഖ്യാനിച്ച് നേരെയാക്കിയെടുക്കാമെന്നേ. അര്‍ഥങ്ങള്‍ക്കാണോ പഞ്ഞം, ഏതായാലുമീ ഗതികേടു നമ്മുടെ തലയില്‍ വച്ചുകെട്ടാനുള്ള ആചാര്യന്മാരുടെ ഗൂഢാലോചനയോടു പേരിനു മാത്രമൊരു പ്രതിഷേധവും വേണം കേട്ടോ…”. ഒരു ശ്ലോകത്തിന്റെ അര്‍ത്ഥം വിശദമാക്കാന്‍ ശ്രമിച്ച എന്നോടു് ഇതു വേണോ നളാ? ഇതിലെ ആശയം ശരിയല്ല എന്ന അഭിപ്രായമുള്ളതുകൊണ്ടല്ലേ ഞാന്‍ ഇതൊരു സുഭാഷിതം ആക്കാഞ്ഞതു്?

  8. രാജേഷ് പറഞ്ഞ “ദര്‍ശനം, തത്വചിന്ത, ഗണിതം, സാഹിത്യം, ജ്യോതിശാസ്ത്രം തുടങ്ങി പല മേഖലകളില്‍ വളരെ പുരോഗതി കൈവരിച്ചിരുന്ന സ്ഥലമാണ്‌ പുരാതനഭാരതം. സാമൂഹ്യ സമത്വത്തിന്റെ കാര്യം അതല്ല. സ്ത്രീസമത്വത്തിലും സാമൂഹ്യനീതിയിലും പരിതാപകരമായിരുന്നു അന്നത്തെ കാര്യം…” എന്നതിനോടു യോജിക്കുന്നു. പക്ഷേ അതു് ഇന്നത്തെ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണു് എന്നുകൂടി കൂട്ടിച്ചേര്‍ക്കണം. രാജഭരണകാലത്തു രാജാവു കണ്‍കണ്ട ദൈവവും രാജവിരോധി പാപിയുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു ഇംഗ്ലണ്ടിലെ രാജാവിനെയും രാജ്ഞിയെയും പ്രകീര്‍ത്തിച്ചവരാണു നമ്മുടെ കവികള്‍. ഇന്നത്തെ കാഴ്ചപ്പാടിലാണു് ഇതൊക്കെ തിന്മയാകുന്നതു്.
  9. അനോമണി എവിടെയാണു നില്‍ക്കുന്നതെന്നു മനസ്സിലായില്ല. എന്നോടു വിയോജിച്ചു തുടങ്ങി. പിന്നെ മനുസ്മൃതി സംരക്ഷിക്കണമെന്നു പറഞ്ഞു. ഏറ്റവുമൊടുവില്‍ വക്കാരിയോടു യോജിക്കുന്നുവെന്നും പറഞ്ഞു. ആകെ കണ്‍ഫ്യൂഷന്‍ 🙂

ചര്‍ച്ചയിലെ പല ഭാഗങ്ങളും ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും ഒക്കെ കാര്യം പറയുന്നതും എന്നോടു ചോദ്യങ്ങള്‍ ചോദിക്കുന്നതും കണ്ടു. ഞാന്‍ അവയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. മനുസ്മൃതിയില്‍ നിറച്ചു ജാതീയതയാണു്. ഹിന്ദുമതത്തില്‍ ചാതുര്‍വര്‍ണ്യം കൊടി കുത്തി വാഴണം എന്നു നിര്‍ബന്ധമുള്ള സവര്‍ണ്ണരുടെ സൃഷ്ടിയാണു മനുസ്മൃതി. ആ പറഞ്ഞിരിക്കുന്നതെല്ലാം കാടത്തമാണു്. നിങ്ങളോടു യോജിക്കുന്നു. പക്ഷേ, അതല്ലല്ലോ ഞാന്‍ പറഞ്ഞതു്. “പിതാ രക്ഷതി കൌമാരേ…” എന്ന ശ്ലോകത്തിന്റെ എനിക്കു തോന്നിയ അര്‍ത്ഥവും അതിനു് ഇന്നത്തെ പ്രസക്തിയുമല്ലേ?


സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥത്തെപ്പറ്റി “ശബ്ദതാരാവലി” എന്തു പറയുന്നു എന്നു നോക്കി.

സ്വാതന്ത്ര്യം: സ്വതന്ത്രത; സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 15.

സ്വതന്ത്ര: [സ്വ-തന്ത്ര] വി. തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന; മറ്റൊരാള്‍ക്കു കീഴടങ്ങാത്ത, പ്രായപൂര്‍ത്തി വന്ന. നാ: സ്വതന്ത്രത, സ്വാതന്ത്ര്യം.


ഈ എഴുതിയതു ഞാന്‍ ഒരു വട്ടം കൂടി വായിക്കട്ടേ. തെറ്റിദ്ധാരണ ഉണ്ടാകാവുന്ന ഭാഗങ്ങള്‍ മാറ്റിയെഴുതട്ടേ. എന്നിട്ടു Publish ബട്ടനില്‍ ഞെക്കട്ടേ 🙂

(ഞാന്‍ എഴുതിയ പാരഡിയെപ്പറ്റി ആര്‍ക്കും അഭിപ്രായമൊന്നും ഇല്ലേ? 🙂 )