പണ്ടു തൊട്ടേ സംസ്കൃതകവികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു വിനോദമായിരുന്നു സമസ്യാപൂരണം. പല ഭാഷകളിലും ഇതു പോലെയുള്ള വിനോദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, സംസ്കൃതത്തിലും അതിന്റെ ചുവടുപിടിച്ചു മലയാളത്തിലും ഉണ്ടായിട്ടുള്ളതുപോലെ മറ്റൊരു ഭാഷയിലും ഈ വിനോദം വ്യാപകമായിട്ടുണ്ടു് എന്നു തോന്നുന്നില്ല.
ഒരു ശ്ലോകത്തിന്റെ ഒരു ഭാഗം തന്നിട്ടു് ബാക്കി ഭാഗങ്ങളെഴുതി അതു പൂരിപ്പിക്കുവാനുള്ള പ്രശ്നമാണു സമസ്യാപൂരണം. തന്നിരിക്കുന്ന ഭാഗത്തിനെ “സമസ്യ” എന്നും പൂരിപ്പിക്കുന്ന ഭാഗത്തിനെ “പൂരണം” എന്നും വിളിക്കുന്നു.
സമസ്യയുടെ വൃത്തത്തിനും ശൈലിയ്ക്കും മറ്റു രീതികള്‍ക്കും (ഉദാഹരണത്തിനു പ്രാസം) അനുസരിച്ചു്, അര്‍ത്ഥം ശരിയാകത്തക്ക വിധത്തില്‍ പൂരിപ്പിക്കുന്നതാണു് ഇതിന്റെ രസം.
നാലാമത്തെ വരി തന്നിട്ടു് ബാക്കി മൂന്നു വരികളും പൂരിപ്പിക്കുക എന്നതാണു് ഏറ്റവുമധികം കണ്ടുവരുന്ന സമസ്യ. ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങളധികവും ഈ വിഭാഗത്തില്‍ പെടുന്നു.
ചിലപ്പോള്‍ നാലാമത്തെ വരിയുടെ ഒരു ഭാഗം തന്നിട്ടു് പൂരിപ്പിക്കാന്‍ പറയും. താഴെക്കൊടുത്തിരിക്കുന്നതില്‍ “ഭ്രഷ്ടസ്യ കാന്യാഗതിഃ”, “സ്വര്‍ല്ലോകമാവില്ലയോ?”, “മലമകളേ, ജാതകം ജാതി തന്നെ!” എന്നിവ ഉദാഹരണം.
അല്ലാത്തവയും കണ്ടിട്ടുണ്ടു്. ഉദാഹരണത്തിനു്, “കുസുമേ കുസുമോല്പത്തി ശ്രൂയതേ ന ച ദൃശ്യതേ” എന്നതില്‍ പൂര്‍വ്വാര്‍ദ്ധം തന്നിട്ടു് ഉത്തരാര്‍ദ്ധം എഴുതാനായിരുന്നു സമസ്യ.
സമസ്യാപൂരണത്തില്‍ ഏറ്റവും പ്രഗല്ഭനായി അറിയപ്പെടുന്നതു വിശ്വമഹാകവി കാളിദാസനാണു്. അദ്ദേഹത്തിന്റേതെന്നു പറയപ്പെടുന്ന അനവധി സമസ്യാപൂരണങ്ങള്‍ പ്രസിദ്ധമാണു്. ഇവയില്‍ പലതും കാളിദാസന്റേതു തന്നെയാണോ എന്നു സംശയമാണു്. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസനില്‍ കെട്ടിവെയ്ക്കുന്നതു കണ്ടുവരുന്നുണ്ടു്.
കാളിദാസന്റേതെന്നു പ്രസിദ്ധമായ ചില സമസ്യാപൂരണങ്ങള്‍ ഇനി വരുന്ന ചില ഭാഗങ്ങളില്‍ കൊടുത്തിട്ടുണ്ടു്. ഇവയിലേതെങ്കിലും കാളിദാസന്റേതല്ലെന്നു് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി ഒരു കമന്റിടുക.
അര്‍ത്ഥശൂന്യമായ സമസ്യയ്ക്കു പോലും കാളിദാസന് നല്ല പൂരണങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നതാണു് അദ്ദേഹത്തെപ്പറ്റി പറയുന്ന ഒരു മേന്മ. ചില ഉദാഹരണങ്ങള്‍:
- ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു (വൃത്തം: അനുഷ്ടുപ്പ്)
ഒരര്‍ത്ഥവുമില്ലാത്ത ഈ സമസ്യ കാളിദാസന് പൂരിപ്പിച്ചതു് ഇങ്ങനെ:
ജാംബൂഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപികമ്പിതശാഖാഭ്യാം
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളുകപികമ്പിതശാഖാഭ്യാം (കുരങ്ങന്മാര് കുലുക്കുന്ന കൊമ്പുകളില്‍ നിന്നു്) പക്വാനി ജാംബൂഫലാനി (പഴുത്ത ഞാവല്‍പ്പഴങ്ങള്‍) വിമലേ ജലേ പതന്തി (ശുദ്ധജലത്തില്‍ വീഴുന്നു)-“ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”.
എന്തു മനോഹരമായ പൂരണം!
- ടം ടം ടടം ടം ടടടം ടടംടം (വൃത്തം: ഉപജാതി)
ഇതാ മറ്റൊരെണ്ണം. ഇതെന്തു ശബ്ദമാണോ എന്തോ?കാളിദാസന്റെ പൂരണം:
രാജാഭിഷേകേ മദവിഹ്വലായാഃ
ഹസ്താച്ച്യുതോ ഹേമഘടോ യുവത്യാഃ
സോപാനമാര്‍ഗ്ഗേഷു കരോതി ശബ്ദം
ടം ടം ടടം ടം ടടടം ടടംടംരാജ-അഭിഷേകേ (രാജാവിന്റെ അഭിഷേകത്തിനു്) മദ-വിഹ്വലായാഃ യുവത്യാഃ (മദം കൊണ്ടു വലഞ്ഞ യുവതിയുടെ) ഹസ്താത് ച്യുതഃ ഹേമ-ഘടഃ (കയ്യില്‍ നിന്നു വീണ സ്വര്‍ണ്ണക്കുടം) സോപാനമാര്‍ഗ്ഗേഷു (കൊണിപ്പടികളിലൂടെ) ശബ്ദം കരോതി (ഉണ്ടാക്കുന്ന ശബ്ദമാണു്)-“ടം ടം ടടം ടം ടടടം ടടംടം”!
- പിപീലികാ ചുംബതി ചന്ദ്രബിംബം (വൃത്തം: ഉപജാതി)
ഇതിന്റെ അര്‍ത്ഥം “ഉറുമ്പു് ചന്ദ്രബിംബത്തെ ചുംബിക്കുന്നു” എന്നാണു്. ഇതെങ്ങനെ പൂരിപ്പിക്കും? കാളിദാസനാണോ ബുദ്ധിമുട്ടു്?
അസജ്ജനം സജ്ജനസംഗിസംഗാത്
കരോതി ദുസ്സാദ്ധ്യമപീഹ സാദ്ധ്യം
പുഷ്പാശ്രയാച്ഛംഭുശിരോധിരൂഢാ
പിപീലികാ ചുംബതി ചന്ദ്രബിംബംഅസജ്ജനം (സജ്ജനം അല്ലാത്തവര്‍) സജ്ജന-സംഗി-സംഗാത് (സജ്ജനത്തോടു കൂട്ടുകൂടുന്നവരുടെ കൂട്ടുകൊണ്ടു്) ദുസ്സാദ്ധ്യം അപി സാദ്ധ്യം കരോതി (ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പോലും ചെയ്യുന്നു); പുഷ്പ-ആശ്രയാത് (പുഷ്പത്തിനെ ആശ്രയിച്ചിട്ടു്) ശംഭു-ശിരഃ-അധിരൂഢാ (ശിവന്റെ തലയില്‍ കയറിയ) പിപീലികാ (ഉറുമ്പു്) ചന്ദ്രബിംബം (ചന്ദ്രബിംബത്തെ) ചുംബതി (ചുംബിക്കുന്നു).
എത്ര മനോഹരമായ പൂരണം! ശിവന്റെ തലയില്‍ ചന്ദ്രനും കൈതപ്പൂവുമുണ്ടു് എന്ന സങ്കേതത്തെ അടിസ്ഥാനമാക്കിയുള്ള ഈ ശ്ലോകം ഒരു സമസ്യാപൂരണമാണെന്നു തോന്നില്ല.
സജ്ജനത്തിന്റെ കൂട്ടുകെട്ടു കൊണ്ടല്ല, സജ്ജനത്തിന്റെ കൂട്ടുകാരുടെ കൂട്ടുകെട്ടു കൊണ്ടാണെന്നതു പ്രത്യേകം ശ്രദ്ധിക്കുക. ഒരു സുഭാഷിതം എന്ന നിലയ്ക്കാണു് ഇതിനു കൂടുതല്‍ പ്രശസ്തി.
“ക്രമം” എന്നൊരു അലങ്കാരമുണ്ടു സംസ്കൃതത്തില്‍. ക്രമത്തില്‍ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടു് അതുമായി ബന്ധപ്പെട്ട കുറേക്കാര്യങ്ങള്‍ ക്രമമായി പിന്നീടു പറയുന്നതാണു് ഇതിന്റെ രീതി. മലയാളത്തില്‍ ഇതു് അഭംഗിയാണെങ്കിലും സംസ്കൃതത്തില്‍ ഇതു ഭംഗിയാണു്. തുളസി ചൊല്ലിയ ശ്ലോകം എന്ന ലേഖനത്തില്‍ ഞാന്‍ ഇതിനെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്.
ബുദ്ധിമുട്ടുള്ള ചില സമസ്യകള്‍ പൂരിപ്പിക്കാന്‍ കവികള്‍ ഇതുപയോഗിച്ചിട്ടുണ്ടു്. കാളിദാസന്റെ തന്നെ ചില ഉദാഹരണങ്ങള്‍:
- പിപീലികാ ദന്തിവരം പ്രസൂതേ (വൃത്തം: ഉപജാതി)
ഇതു് അപകടം പിടിച്ച ഒരു സമസ്യയാണു്. “ഉറുമ്പു് ആനയെ പ്രസവിക്കുന്നു” എന്നര്‍ത്ഥം. കാളിദാസനുപോലും ക്രമാലങ്കാരത്തെ ആശ്രയിക്കേണ്ടി വന്നു. മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു് അവയുടെ ഉത്തരങ്ങളായാണു് നാലാമത്തെ വരി.
കാ ഖാദതേ ഭൂമിഗതാന്‍ മനുഷ്യാന്?
കം ഹന്തി സിംഹപ്രകടപ്രഭാവഃ?
കരോതി കിം വാ പരിപൂര്‍ണ്ണഗര്‍ഭാ?
പിപീലികാ ദന്തിവരം പ്രസൂതേഭൂമി-ഗതാന്‍ മനുഷ്യാന് (ഭൂമിയില്‍ നടക്കുന്ന മനുഷ്യരെ) കാ ഖാദതേ (എന്തു കടിക്കുന്നു?), സിംഹ-പ്രകട-പ്രഭാവഃ (സിംഹത്തിന്റെ പ്രകടമായ പ്രഭാവം) കം ഹന്തി (എന്തിനെയാണു കൊല്ലുന്നതു്?), പരിപൂര്‍ണ്ണ-ഗര്‍ഭാ (പൂര്‍ണ്ണഗര്‍ഭിണി) കിം കരോതി (എന്തു ചെയ്യുന്നു?) (എന്ന മൂന്നു ചോദ്യങ്ങളുടെ ഉത്തരം യഥാക്രമം) പിപീലികാ (ഉറുമ്പു്), ദന്തി-വരം (ശ്രേഷ്ഠനായ ആനയെ), പ്രസൂതേ (പ്രസവിക്കുന്നു) (എന്നിവയാണു്).
ഇതിനെക്കാള്‍ മനോഹരമാണു് അടുത്തതു്.
- ആയാതി നായാതി ന യാതി യാതി (വൃത്തം: ഉപജാതി)
“വരുന്നു, വരുന്നില്ല, പോകുന്നില്ല, പോകുന്നു” (മലയാളസിനിമാനിര്‍മ്മാതാക്കള്‍ കേള്‍ക്കണ്ട, അവരിതൊരു സിനിമാപ്പേരാക്കും 🙂 ) എന്നാണു സമസ്യ. ഇതെന്തു കുന്തം? പൂരണം നോക്കുക.
വീടീകരാഗ്രാ വിരഹാതുരാ സാ
ചേടീമവാദീദിഹ – ചിത്തജന്മാ
പ്രാണേശ്വരോ ജീവിതമര്‍ദ്ധരാത്രം
ആയാതി നായാതി ന യാതി യാതിവിരഹ-ആതുരാ സാ (വിരഹാതുരയായ അവള്) വീടീ-കര-അഗ്രാ (കയ്യില്‍ മുറുക്കാനും പിടിച്ചു കൊണ്ടു്) ചേടീം (തോഴിയോടു്) അവാദീത് (പറഞ്ഞു): ചിത്ത-ജന്മാ പ്രാണേശ്വരഃ ജീവിതം അര്‍ദ്ധ-രാത്രം (കാമദേവനും പ്രാണേശ്വരനും ജീവിതവും അര്‍ദ്ധരാത്രിയും) ആയാതി, ന ആയാതി, ന യാതി, യാതി (വരുന്നു, വരുന്നില്ല, പോകുന്നില്ല, പോകുന്നു).
പ്രാണേശ്വരനെ കാത്തിരിക്കുകയാണു പാവം, കയ്യില്‍ അയാള്‍ക്കു കൊടുക്കാന്‍ മുറുക്കാനും പിടിച്ചുകൊണ്ടു്. കാമവികാരം വരുന്നു, പ്രാണേശ്വരന് വരുന്നില്ല, രാത്രി പൊയ്ക്കൊണ്ടിരിക്കുന്നു, ജീവിതം പോകുന്നുമില്ല (മരിക്കുകയാണു് ഇതില്‍ ഭേദമെന്നു വ്യംഗ്യം) എന്നാണു തോഴിയൊടു പറയുന്നതു്.
ക്രമം ഉപയോഗിച്ചുള്ള സമസ്യാപൂരണങ്ങളുടെ പരമകാഷ്ഠയാണു് താഴെക്കൊടുക്കുന്നതു്.
- വീരമര്‍ക്കടകമ്പിതാ (വൃത്തം: അനുഷ്ടുപ്പ്)
“വീര-മര്‍ക്കട-കമ്പിതാ” എന്നു വെച്ചാല്‍ “വീരനായ കുരങ്ങന് വിറപ്പിച്ചതു്” എന്നര്‍ത്ഥം. സമസ്യ പൂരിപ്പിച്ച ആള് ഈ അര്‍ത്ഥം കൂടാതെ ഇതിനെ പലതായി മുറിച്ച അര്‍ത്ഥവും പരിഗണിച്ചു.
വീരമര്‍ക്കടകമ്പിതാഃ = വിഃ + രമാ + ഋക് + കടകം + പിതാ
പൂരണം ഇങ്ങനെ:
കഃ ഖേ ചരതി, കാ രമ്യാ
കിം ജപ്യം, കിന്തു ഭൂഷണം,
കോ വന്ദ്യഃ, കീദൃശീ ലങ്കാ,
വീരമര്ക്കടകമ്പിതാകഃ ഖേ ചരതി (ആരാണു് ആകാശത്തു സഞ്ചരിക്കുന്നതു്?), കാ രമ്യാ (ആരാണു രമ്യ?), കിം ജപ്യം (എന്താണു ജപിക്കേണ്ടതു്?), കിം തു ഭൂഷണം (എന്താണു് അലങ്കാരം?), കഃ വന്ദ്യഃ (ആരെയാണു വന്ദിക്കേണ്ടതു്?), ലങ്കാ കീദൃശീ (ലങ്കാ എങ്ങനെയുള്ളതാണു്?); (ഉത്തരങ്ങള്‍:) വിഃ (പക്ഷി), രമാ (ലക്ഷ്മീദേവി), ഋക് (ഋഗ്വേദസൂക്തം), കടകം (വള), പിതാ (അച്ഛന്), വീരമര്‍ക്കടകമ്പിതാഃ (വീരനായ കുരങ്ങന്-ഹനുമാന്-വിറപ്പിച്ചതു്)!
ഇതു് ആരുടേതെന്നു് അറിയില്ല.
കാളിദാസന്റെ മറ്റു പല സമസ്യാപൂരണങ്ങള്‍ താഴെച്ചേര്‍ക്കുന്നു.
- ഭ്രഷ്ടസ്യ കാന്യാഗതിഃ (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)
“ഭ്രഷ്ടനു വേറേ എന്തു വഴി?” എന്നര്‍ത്ഥം.
“ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
“മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
“വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
“ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”അര്‍ത്ഥത്തിനും പരിഭാഷയ്ക്കും “ഷോലേ സിനിമയും കാളിദാസനും” എന്ന ലേഖനം നോക്കുക.
- ഭോജനം ദേഹി… (വൃത്തം: അനുഷ്ടുപ്പ്)
ഇതൊരു സമസ്യയാണെന്നും, അല്ല ഒരു ബ്രാഹ്മണനെഴുതിയ ശ്ലോകം കാളിദാസന് പൂരിപ്പിച്ചതാണെന്നും രണ്ടു കഥയുണ്ടു്.
ഭോജനം ദേഹി രാജേന്ദ്ര,
ഘൃതസൂപസമന്വിതംരാജേന്ദ്ര (രാജാക്കന്മാരുടെ രാജാവേ,) ഘൃത-സൂപ-സമന്വിതം (നെയ്യും പരിപ്പും ചേര്‍ത്ത) ഭോജനം (ഭക്ഷണം) ദേഹി (തന്നാലും).
എന്നതാണു ശ്ലോകത്തിന്റെ പൂര്‍വ്വാര്‍ദ്ധം (സമസ്യ). പൂരണത്തില്‍ കാളിദാസന് അത്യാവശ്യം വേണ്ട ഒരു സാധനം കൂടി ചേര്‍ത്തു.
മാഹിഷഞ്ച ശരച്ചന്ദ്ര-
ചന്ദ്രികാധവളം ദധിചന്ദ്രികാ-ധവളം (നിലാവു പോലെ വെളുത്ത) മാഹിഷം ദധി ച (എരുമത്തൈരും) (വേണം)
അപ്പോള്‍ “നെയ്യും പരിപ്പും നിലാവുപോലെ വെളുത്ത എരുമത്തൈരും കൂട്ടി ഭക്ഷണം തരിക” എന്നര്‍ത്ഥം. രാജാവു് ഈ പൂരണത്തില്‍ വളരെ തൃപ്തനായി എന്നാണു് ഐതിഹ്യം.
ഒരു സമസ്യാപൂരണമാണു കാളിദാസന്റെ മരണത്തിനിടയാക്കിയതെന്നും ഒരു കഥയുണ്ടു്. അജ്ഞാതവാസത്തിലായിരുന്ന കാളിദാസനെ കണ്ടുപിടിക്കാന്‍ വേണ്ടി ഒരു രാജാവു് (അദ്ദേഹത്തിനു് ഈ സമസ്യ കാളിദാസനു മാത്രമേ നന്നായി പൂരിപ്പിക്കാന്‍ പറ്റൂ എന്നു്-അല്ലെങ്കില്‍, കാളിദാസന്റെ പൂരണം കണ്ടാല്‍ അദ്ദേഹത്തിനു മനസ്സിലാകും എന്നു്-ഉറപ്പുണ്ടായിരുന്നത്രേ!) താഴെപ്പറയുന്ന സമസ്യ പ്രസിദ്ധീകരിച്ചു:
കുസുമേ കുസുമോത്പത്തിഃ
ശ്രൂയതേ ന ച ദൃശ്യതേകുസുമേ (പൂവിനുള്ളില്‍) കുസുമ-ഉത്പത്തിഃ (പൂവുണ്ടാകുന്നു) ന ശ്രൂയതേ വാ ന ദൃശ്യതേ (കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല) എന്നര്‍ത്ഥം.
ഇതു് ആദ്യത്തെ രണ്ടു വരിയാണു്. ബാക്കി രണ്ടു വരികള്‍ പൂരിപ്പിക്കണം.
കാളിദാസന് എഴുതിയ ഉത്തരാര്‍ദ്ധം ഇങ്ങനെ:
ബാലേ, തവ മുഖാംഭോജേ
കഥമിന്ദീവരദ്വയം?ബാലേ (പെണ്ണേ), തവ (നിന്റെ) മുഖ-അംഭോജേ (മുഖമാകുന്ന താമരയില്‍) ഇന്ദീവര-ദ്വയം (രണ്ടു കരിംകൂവളപ്പൂവുകള്‍) കഥം (എങ്ങനെ ഉണ്ടായി?)
പൂവില്‍ നിന്നു പൂവുണ്ടായതു കണ്ടല്ലോ. മുഖം താമര പോലെ ചുവന്നതും മൃദുലവുമാണെന്നും, കണ്ണുകള്‍ കരിംകൂവളപ്പൂവിതള്‍ പോലെ കറുത്തതും നീണ്ടതുമാണെന്നു വ്യംഗ്യം.
ഇതു പൂരിപ്പിച്ച സമയത്തു കാളിദാസന് വേഷപ്രച്ഛന്നനായി ഒരു വേശ്യയുടെ കൂടെ താമസിക്കുകയായിരുന്നു എന്നും,സമസ്യാപൂരണത്തിനു വാഗ്ദാനം ചെയ്തിരുന്ന സമ്മാനം കിട്ടാന്‍ അവള് ആളറിയാതെ അദ്ദേഹത്തെ കൊന്നിട്ടു് ശ്ലോകവുമായി രാജസന്നിധിയില്‍ പോയെന്നും, രാജാവു് അതു കണ്ടുപിടിച്ചെന്നുമാണു് ഐതിഹ്യം.
ഈ കഥ എത്രത്തോളം വാസ്തവമാണെന്നറിയില്ല. എന്തായാലും കാളിദാസനെയും പുഷ്കിനെയും പോലെയുള്ള പല കവികളും പെണ്ണു മൂലം നശിച്ചിട്ടുണ്ടു് എന്നു കഥകള്‍ പറയുന്നു. “ഇന്തിരന് കെട്ടതും പെണ്ണാലേ, ചന്തിരന്‍ കെട്ടതും പെണ്ണാലേ,…”
മറ്റു ചില സംസ്കൃതസമസ്യാപൂരണങ്ങള്‍:
- ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ (വൃത്തം: വസന്തതിലകം)
“കാമദേവന് ശിവനെ ചുട്ടുകരിച്ചു പോലും” എന്നാണു സമസ്യ. ഇതെന്തു കാര്യം, തിരിച്ചാണല്ലോ കേട്ടിരിക്കുന്നതു്?
വൈക്കത്തു പാച്ചുമൂത്തതിന്റെ പൂരണം:
ക്രുദ്ധാമുവാച ഗിരിശോ ഗിരിരാജകന്യാം:
“മഹ്യം പ്രസീദ ദയിതേ, ത്യജ വൈപരീത്യം;
നോ ചേദ് ഭവിഷ്യതി ജഗത്യധുനൈവ വാര്‍ത്താ
ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ”ഗിരിശഃ (ശിവന്) ക്രുദ്ധാം ഗിരി-രാജ-കന്യാം (ദേഷ്യപ്പെട്ടു നില്ക്കുന്ന പാര്‍വ്വതിയോടു) ഉവാച (പറഞ്ഞു): ദയിതേ (പ്രിയേ), മഹ്യം പ്രസീദ (എന്നില്‍ പ്രസാദിക്കണം), വൈപരീത്യം ത്യജ (ഈ എടങ്ങേടു കളയണം). നോ ചേത് (അല്ലെങ്കില്‍) ജഗതി (ഭൂമിയില്‍) അധുനാ (ഇപ്പോള്‍) വാര്‍ത്താ ഭവിഷ്യതി ഏവ (ഇങ്ങനെയൊരു വാര്‍ത്ത ഉണ്ടാകും): “ചിത്ത-ജന്മാ (കാമദേവന്) ഗിരിശം (ശിവനെ) ഭസ്മീചകാര കില (ചാമ്പലാക്കി പോലും)!”
നീ കനിഞ്ഞില്ലെങ്കില്‍ ഞാന്‍ ചത്തുപോകും എന്നു വ്യംഗ്യം. രസികന്‍ പൂരണം!
- അംഭോദിര്‍ജ്ജലധിഃ പയോധിരുദധിര്‍വ്വാരാന്നിധിര്‍വാരിധിഃ (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)
സമുദ്രത്തിന്റെ ആറു പര്യായങ്ങള്‍ പറഞ്ഞിരിക്കുകയാണു സമസ്യയില്‍-അംബോധി, ജലധി, പയോധി, ഉദധി, വാരാന്നിധി, വാരിധി. ഈ സമസ്യ എങ്ങനെ പൂരിപ്പിക്കും?ശിവനും മകന് സുബ്രഹ്മണ്യനുമായുള്ള ഒരു സംഭാഷണമായി ഒരു കവി ഇതു പൂരിപ്പിച്ചു:
“അംബാ കുപ്യതി താത, മൂര്‍ദ്ധ്നി വിധൃതാ ഗംഗേയമുത്സൃജ്യതാം”
“വിദ്വന്, ഷണ്മുഖ, കാ ഗതിര്‍മ്മയി ചിരാദഭ്യാഗതായാ വദ”
രോഷാവേശവശാദശേഷവദനൈഃ പ്രത്യുത്തരം ദത്തവാന്
“അംഭോദിര്‍ജ്ജലധിഃ പയോധിരുദധിര്‍വ്വാരാന്നിധിര്‍വാരിധിഃ”- സുബ്രഹ്മണ്യന്: താത (അച്ഛാ), അംബാ കുപ്യതി (അമ്മ ദേഷ്യപ്പെടുന്നു). മൂര്‍ദ്ധ്നി വിധൃതാ (തലയില്‍ ധരിച്ചിരിക്കുന്ന) ഇയം ഗംഗാ ഉത്സൃജ്യതാം (ഈ ഗംഗയെ എടുത്തു കളയൂ).
- ശിവന്: വിദ്വന്, ഷണ്മുഖ! (ആറു മുഖമുള്ള മിടുക്കാ) മയി ചിരാത് അഭി-ആഗതായാഃ (എന്നെ വളരെക്കാലമായി ആശ്രയിക്കുന്ന അവള്‍ക്കു്) കാ ഗതിഃ (പിന്നെ എന്താണു ഗതി)? വദ (പറയൂ)
(സുബ്രഹ്മണ്യന്) രോഷ-ആവേശ-വശാത് (കോപവും ആവേശവും കലര്‍ന്നു്) അശേഷവദനൈഃ (എല്ലാ മുഖങ്ങളും ഉപയോഗിച്ചു്) പ്രത്യുത്തരം ദത്തവാന് (മറുപടി പറഞ്ഞു):
- സുബ്രഹ്മണ്യന്: 1) അംബോധിഃ 2) ജലധിഃ 3) പയോധിഃ 4) ഉദധിഃ 5) വാരാന്നിധിഃ 6) വാരിധിഃ (ഓളു കടലിലോ കടലിലോ കടലിലോ കടലിലോ കടലിലോ കടലിലോ പൊയ്ക്കോട്ടേ!)
ആറു മുഖങ്ങളില്‍ ഓരോന്നു കൊണ്ടും “സമുദ്രം” എന്നു പറഞ്ഞതാണു് നാം അവസാനത്തെ വരിയില്‍ കേട്ടതെന്നാണു സമസ്യ പൂരിപ്പിച്ച ആളിന്റെ അഭിപ്രായം.
ഏതായാലും, സമുദ്രത്തിന്റെ പര്യായങ്ങള്‍ വേണമെങ്കില്‍ ഈ ശ്ലോകം ഓര്‍ത്താല്‍ മതി. “സമുദ്രോऽബ്ധിരകൂപാരഃ പാരാവാരഃ സരിത്പതിഃ” എന്നു് അമരകോശം.
- പലിതാനി ശശാങ്ക… (വൃത്തം: വിയോഗിനി)
ഇതൊരു സമസ്യാപൂരണമല്ല. ഇതിന്റെ പൂര്‍വ്വാര്‍ദ്ധം വൃദ്ധനായ ചേലപ്പറമ്പു നമ്പൂതിരി ഉണ്ടാക്കിയപ്പോള്‍ ഉത്തരാര്‍ദ്ധം മനോരമത്തമ്പുരാട്ടി ഉണ്ടാക്കിച്ചൊല്ലിയതാണു്.
പലിതാനി ശശാങ്കരോചിഷാം
ശകലാനീതി വിതര്ക്കയാമ്യഹംപലിതാനി (നരച്ച മുടികള്‍) ശശാങ്ക-രോചിഷാം (ചന്ദ്രകിരണങ്ങളുടെ) ശകലാനി ഇതി (കഷണങ്ങളാണു്) അഹം വിതര്‍ക്കയാമി (എന്നാണു് എന്റെ സംശയം)
മൂപ്പര് കണ്ണാടിയില്‍ നോക്കി നരച്ച മുടികള്‍ പിഴുതുകൊണ്ടിരിക്കുമ്പോള്‍ ചൊല്ലിയതാണത്രേ. അതു കേട്ടുകൊണ്ടു വന്ന മനോരമത്തമ്പുരാട്ടി ഇങ്ങനെ പൂരിപ്പിച്ചു:
അത ഏവ വിതേനിരേതരാം
സുദൃശാം ലോചനപദ്മമീലനംഅതഃ ഏവ (ചുമ്മാതല്ല) സുദൃശാം (സുന്ദരിമാരുടെ) ലോചന-പദ്മ-മീലനം വിതേനിതേതരാം (കണ്ണുകളാകുന്ന താമരകള്‍ കൂമ്പിപ്പോകുന്നതു്!)
ഉരുളയ്ക്കു് ഉപ്പേരി പോലെയുള്ള ഉത്തരം!
ഇതൊരു സമസ്യാപൂരണമല്ലെങ്കിലും ഇവിടെ ചേരുമെന്നു തോന്നുന്നു.
സംസ്കൃതത്തിന്റെ ചുവടുപിടിച്ചു് മലയാളത്തില്‍ ധാരാളം സമസ്യാപൂരണങ്ങള്‍ ഉണ്ടായിട്ടുണ്ടു്. വെണ്മണിപ്രസ്ഥാനത്തിന്റെ കാലമായിരുന്നു ഇതിന്റെ സുവര്‍ണ്ണകാലം. വെണ്മണി നമ്പൂതിരിമാര്‍, ഒറവങ്കര, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്, പന്തളം കേരളവര്‍മ്മ, കെ. സി. കേശവപിള്ള, കുണ്ടൂര്‍ നാരായണമേനോന് തുടങ്ങിയവര്‍ ഇതില്‍ വിദഗ്ദ്ധരായിരുന്നു.
ചില ഉദാഹരണങ്ങള്‍:
- മലമകളേ, ജാതകം ജാതിതന്നെ (വൃത്തം: സ്രഗ്ദ്ധര)
സ്രഗ്ദ്ധരയിലുള്ള ഒരു ശ്ലോകത്തിന്റെ നാലാം വരിയുടെ ഭാഗം മാത്രം കൊടുത്തിരിക്കുന്നു. പാര്‍വ്വതിയെപ്പറ്റിയാണെന്നു വ്യക്തം. വളരെയധികം സാദ്ധ്യതയുള്ള ഒരു സമസ്യ. പാര്‍വ്വതിയുടെ കുടുംബത്തിന്റെ സ്ഥിതി വിസ്തരിച്ചാല്‍ത്തന്നെ മതിയാകും. എങ്ങനെ ചെയ്യുന്നു എന്നതാണു പ്രധാനം. നാലു പൂരണങ്ങള്‍ താഴെ:
- ഒറവങ്കര:
മുപ്പാരും കാക്കുവാനില്ലപര,നൊരു മകന് ഭുക്തിയില്‍ തൃപ്തിയില്ലാ-
തെപ്പോഴും വന്നലട്ടും, പരിണയമണയാപ്പെണ്‍കിടാവുണ്ടൊരുത്തി,
വില്‍പ്പാനുള്ളോരു പണ്ടം നഹി, പകലുദധൌ സോദരന്, തെണ്ടി ഭര്ത്താ-
വിപ്പാടാര്‍ക്കുള്ളു വേറേ? തവ മലമകളേ, ജാതകം ജാതി തന്നെ! - വെണ്മണി മഹന്‍:
എല്ലായ്പോഴും കളിപ്പാന്‍ ചുടല, വിഷമഹോ ഭക്ഷണത്തിന്നു, മെന്ന-
ല്ലുല്ലാസത്തോടു മെയ്യാഭരണമരവമാ, യിങ്ങനേ തീര്‍ന്നു കാന്തന്,
ചൊല്ലേറും മക്കളാനത്തലവനൊരു മകന്, ഷണ്മുഖന്; വിസ്തരിച്ചി-
ന്നെല്ലാം നോക്കുന്ന നേരം തവ മലമകളേ, ജാതകം ജാതിതന്നെ! - നടുവത്തച്ഛന്‍:
മെയ്യില്‍പ്പാമ്പുണ്ടനേകം ഗളമതില്‍ വിലസും കാളകൂടം കഠോരം,
കയ്യില്‍ ശൂലം, കഠാരം, തിരുമിഴിയിതു തീക്കട്ട, വേഷം വിശേഷം,
അയ്യോ! നിന്‍കാന്തനൊത്തുള്ളൊരു പൊറുതി മഹാദുര്‍ഘടം തന്നെ, യോര്‍ത്താല്‍
വയ്യേ! മറ്റാര്‍ക്കുമില്ലിങ്ങനെ മലമകളേ! ജാതകം ജാതി തന്നെ! - (ഇതാരുടേതെന്നു് എനിക്കറിയില്ല)
പെറ്റോരാ മക്കളെല്ലാമപകട, മൊരുവന്നാറു മോറുണ്ടു കഷ്ടേ!
മറ്റേവന് കൂറ്റനാനത്തലയ, നയി മണാളന്‍ മഹാപിച്ചതെണ്ടി;
ചിറ്റം മറ്റൊന്നിനോടുണ്ടവ, നൊരുനനമുണ്ടെങ്കിലും ചുറ്റുവാനായ്–
പ്പറ്റീട്ടില്ലിത്രനാളും, തവ മലമകളേ, ജാതകം ജാതിതന്നെ!
- ഒറവങ്കര:
- ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ (വൃത്തം: ഉപജാതി)
കെ. സി. കേശവപിള്ളയുടെ പൂരണം:
ഉള്‍ക്കാമ്പിനേറീടിന ബാധ നല്‍കും
ചിക്കെന്നു ശയ്യയ്ക്കതിദോഷമേകും
തീര്‍ക്കായ്കില്‍ വേഗത്തില്‍ വളര്‍ന്നുകൂടും
ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ.ഉള്‍ക്കാമ്പു് = മനസ്സിന്റെ കാമ്പെന്നും അകവശമെന്നും, ശയ്യ = കാവ്യഗുണമെന്നും കിടക്കയെന്നും.
ഈ പൂരണം കേശവപിള്ളയെ ഒരു മത്സത്തില്‍ സമ്മാനാര്‍ഹനാക്കിയതാണു്.
- പ്രാണന് ത്യജിക്കിലതു തന്നെ ഗുണം മഹാത്മന്! (വൃത്തം: വസന്തതിലകം)
കൊച്ചുനമ്പൂതിരിയുടെ പൂരണം:
ഓണത്തിനും വിഷുവിനും തിരുവാതിരയ്ക്കും
പ്രാണാധിനാഥയെ വെടിഞ്ഞു വസിക്കയെന്നും
വാണീവരന്‍ മമ ശിരസ്സില്‍ വരച്ചതോര്‍ത്താല്‍
പ്രാണന് ത്യജിക്കിലതു തന്നെ ഗുണം മഹാത്മന്!ഓണം, വിഷു, തിരുവാതിര ഈ മൂന്നു ദിവസം വീട്ടിലെത്താത്ത ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ മരുമക്കത്തായസമ്പ്രദായത്തിലെ സ്ത്രീകളെ അനുവദിക്കുന്ന നിയമം കഴിഞ്ഞ നൂറ്റാണ്ടു വരെ ഉണ്ടായിരുന്നത്രേ!
- വെളുത്തുപോമെന്നിഹ തോന്നിടുന്നു (വൃത്തം: ഉപജാതി)
- വെണ്മണി അച്ഛന് നമ്പൂതിരി
കുളുര്‍ത്ത ചെന്താമര തന്നകത്തെ-
ദ്ദളത്തിനൊക്കും മിഴിമാര്‍മണേ! കേള്
തളത്തില്‍ നിന്നിങ്ങനെ തന്നെ നേരം
വെളുത്തുപോമെന്നിഹ തോന്നിടുന്നു! - കൊച്ചുനമ്പൂതിരി
ചെറുപ്പകാലത്തു തനൂരുഹങ്ങള്‍
കറുത്തിരു, ന്നായതിലതിലര്‍ദ്ധമിപ്പോള്‍
വെളുത്തതോര്‍ത്താലിനി മേലിതെല്ലാം
വെളുത്തുപോമെന്നിഹ തോന്നിടുന്നു!
- വെണ്മണി അച്ഛന് നമ്പൂതിരി
പലപ്പോഴും സമസ്യാകര്‍ത്താവുദ്ദേശിക്കാത്ത അര്‍ത്ഥം പൂരിപ്പിക്കുന്നവര്‍ കണ്ടുപിടിക്കാറുണ്ടു്. ചില ഉദാഹരണങ്ങള്‍:
- കട്ടക്കയം ക്രൈസ്തവകാളിദാസന്‍ (വൃത്തം: ഉപജാതി)
“ശ്രീയേശുവിജയം” എന്ന മനോഹരമായ മഹാകാവ്യമെഴുതി മഹാകവികളുടെ ഗണനത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കട്ടക്കയം ചെറിയാന് മാപ്പിളയെ അഭിനന്ദിക്കാന്‍ ഒരാള്‍ ഇട്ട സമസ്യയാണിതു്. അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു കൊണ്ടു ധാരാളം പൂരണങ്ങള്‍ വരുകയും ചെയ്തു. അവയെല്ലാം എല്ലാവരും മറന്നു പോയിട്ടും, ഇപ്പോഴും ആരും മറക്കാത്ത ഒരു പൂരണമുണ്ടു്. ഒരു പരിഹാസം. ആരെഴുതിയതെന്നു് അറിയില്ല.പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍;
തട്ടിന്‍പുറത്താഖു മൃഗാധിരാജന്‍;
കാട്ടാളരില്‍ കാപ്പിരി കാമദേവന്;
കട്ടക്കയം ക്രൈസ്തവകാളിദാസന്‍!ആഖു = എലി.
കട്ടക്കയം ഈ പൂരണം വായിച്ചിട്ടു കുലുങ്ങിച്ചിരിച്ചു എന്നാണു കഥ.
- കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വന്മതം (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)
തവനൂര്‍ നിന്നു പുറപ്പെടുന്ന “ധര്‍മ്മകാഹളം” എന്ന ആദ്ധ്യാത്മികമാസികയില്‍ രാവണപ്രഭു എന്ന സരസകവി എണ്‍പതുകളുടെ ആദ്യത്തില്‍ പ്രസിദ്ധീകരിച്ചതാണു് ഈ സമസ്യ. ഇതിന്റെ വാച്യാര്‍ത്ഥത്തില്‍ കൂടുതല്‍ അദ്ദേഹം ഉദ്ദേശിച്ചതു തന്നെയില്ല. അദ്ദേഹത്തിന്റെ പൂരണം ഇങ്ങനെയായിരുന്നു:
പാലക്കാട്ടൊരു യോഗമുണ്ടതിനു ഞാന്‍ പോകാന്‍ പുറപ്പെട്ടതാ-
ണാലത്തൂര്‍ വരെ വണ്ടി കിട്ടി, യവിടുന്നങ്ങോട്ടു കാല്‍യാത്രയായ്,
ശീലക്കേടു തുടങ്ങിയെന്റെ വയറും-കക്കൂസുമില്ലെങ്ങുമേ
കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വന്മതം!പക്ഷേ, ഇതു പൂരിപ്പിച്ച യശോദാമ്മ എന്ന കവയിത്രി അങ്ങനെയല്ല അര്‍ത്ഥം കല്പിച്ചതു്. “കാലം എന്ന സങ്കല്പത്തിനു കേടു വരുമ്പോള്‍ എല്ലാം ഒരുമിച്ചാണു്” എന്നൊരു വേദാന്തതത്ത്വം ഇതില്‍ നിന്നു് ഉണ്ടാക്കി അവര്‍. യശോദാമ്മയുടെ പൂരണം:
ചാലേയൊമ്പതു വാതിലാര്‍ന്നരമനയ്ക്കുള്ളാളുമത്തമ്പുരാന്‍
കാലേലൊന്നു തൊടേണമെന്നു കരുതിക്കാത്തങ്ങു നിന്നീടവേ
മേലും കീഴുമുണര്‍ന്നുയര്‍ന്നനലനൊന്നൂണാക്കിനാന്‍ സര്‍വ്വതും-
കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വന്മതം. - ആറും പിന്നെയൊരാറുമുണ്ടിവ ഗണിച്ചീടുമ്പൊഴേഴായ് വരും (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)
സമസ്യയില്‍ത്തന്നെ അപകടമുണ്ടു്. ആറും ആറും കൂട്ടിയാല്‍ ഏഴാകുമത്രേ! എങ്കിലും രണ്ടുപേര്‍ രണ്ടു വിധത്തില്‍ ഇതു പൂരിപ്പിച്ചു.
- ആറു സാധനവും പിന്നെ ആറും (നദിയും)
നീറും തീപ്പൊരി കണ്ണിലും, നിറമെഴും ചന്ദ്രന് ശിരസ്സിങ്കലും,
ചീറും പാമ്പു കഴുത്തിലും ചെറുപുലിത്തോല്‍ നല്ലരക്കെട്ടിലും,
സാരംഗം മഴുവും കരങ്ങളിലുമങ്ങീശന്നു ചേരും പടി–
യ്ക്കാറും പിന്നെയൊരാറുമുണ്ടിവ ഗണിച്ചീടുമ്പൊളേഴായ് വരും.ശിവനുള്ള ആറു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു-തീക്കണ്ണു്, ചന്ദ്രക്കല, കഴുത്തില്‍ പാമ്പു്, അരയില്‍ പുലിത്തോല്, മാന്‍, മഴു എന്നിവ. പിന്നെ ഗംഗ എന്ന ആറും (നദിയും) കൂടി കൂട്ടിയാല്‍ ഏഴു സാധനങ്ങളായി.
- ഗണിതം തന്നെ ഉപയോഗിച്ചു്:
കൂറും നന്മയുമേറിടും പ്രിയതമേ, പൊന്‍പണ്ടമുണ്ടാക്കിയാല്‍
മാറും സങ്കടമെങ്കിലോ പുനരിതാ നാലുണ്ടിതൊറ്റപ്പവന്‍
ഏറും ഭംഗി കലര്‍ന്നു കാണ്, പവനിതാ കാല്‍കാലതായ് കയ്യിലി-
ന്നാറും പിന്നെയൊരാറുമുണ്ടിവ ഗണിച്ചീടുമ്പൊളേഴായ് വരും.അതായതു്, നാലു് ഒറ്റപ്പവന്‍ ഉണ്ടു്. മൊത്തം നാലു പവന്. പിന്നെ കാല്‍പ്പവനുകള്‍ ആറും (മൊത്തം ഒന്നരപ്പവന്‍), പിന്നെയും ഒരു ആറും (ഒന്നരപ്പവന്‍) ഇങ്ങനെ മൊത്തം ഏഴു പവന് (നാലും ഒന്നരയും ഒന്നരയും) ഉണ്ടു് എന്നര്‍ത്ഥം. (4×1 + 6×0.25 + 6×0.25 = 7)
(ഈ അര്‍ത്ഥം പറഞ്ഞു തന്ന ശ്രീ എ. ആര്. ശ്രീകൃഷ്ണനു നന്ദി.)
- ആറു സാധനവും പിന്നെ ആറും (നദിയും)
- തോളിന്നലങ്കൃതി, ഗളത്തിനു മാല പോലെ
എണ്‍പതുകളുടെ ആദ്യത്തില്‍ “ഭാഷാപോഷിണി”യില്‍ വന്ന ഒരു സമസ്യയാണിതു്. പൂരിപ്പിച്ചതില്‍ ഭൂരിഭാഗം ആളുകളും “വള്ളത്തോളിന്നലങ്കൃതി…” എന്നാണു പൂരിപ്പിച്ചതു്. പൂരണങ്ങളൊന്നും ഓര്‍മ്മയില്ല.
- ഇളയതാളു മഹാരസികന്‍ സഖേ!
“ഇളയതു്” എന്ന ഒരു ആളിനെപ്പറ്റിയുള്ള ഒരു സമസ്യയാണിതു്. വായിച്ച ഒരാള്‍ “ഇളയ താളു്” എന്നര്‍ത്ഥമെടുത്തു് ഇങ്ങനെ പൂരിപ്പിച്ചു.
കുളവരമ്പില്‍ മുളച്ചുവളര്‍ന്നതും
വളരെ നീണ്ടു വെളുത്തു തടിച്ചതും
പുളിയൊഴിച്ചു കറിക്കു വിശേഷമാം
ഇളയ താളു മഹാരസികന്‍ സഖേ!.
ദ്വിതീയാക്ഷരപ്രാസവാദം (മലയാളകവിതയില്‍ ദ്വിതീയാക്ഷരപ്രാസം വേണമെന്നും വേണമെന്നില്ലെന്നും ഉള്ള തര്‍ക്കം-ഇന്നതു വളരെ ബാലിശമായിത്തോന്നും) കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തു്, ദ്വിതീയാക്ഷരപ്രാസത്തിനെതിരായിരുന്ന കെ. സി. കേശവപിള്ള രണ്ടു സമസ്യകള്‍ പ്രസിദ്ധീകരിച്ചു-ദുഷ്ഷന്തനും നൈഷധനും സമാനര്‍ (വൃത്തം: ഉപജാതി) എന്നും കാര്ത്സ്ന്യേന കാണാന്‍ കഴിയാ ജഗത്തില്‍ (വൃത്തം: ഉപജാതി) എന്നുമായിരുന്നു അവ. ദുഷ്കരങ്ങളായ ഷ്ഷ, ര്‍ത്സ്ന്യേ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ചു് ഇതു പൂരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന കണക്കുകൂട്ടലിലായിരുന്നു ഇവ പ്രസിദ്ധീകരിച്ചതു്. പ്രാസപക്ഷപാതിയായിരുന്ന കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ അവ ഇങ്ങനെ പൂരിപ്പിച്ചു.
നൈഷ്ഷമ്യവല്‍ കൌതുകമോടരീണാം
യഷ്ഷണ്ഡമേവന്‍ സമരത്തില്‍ വെന്നു
ദുഷ്ഷഡ്രിപുക്കള്‍ക്കനധീനനാമാ
ദുഷ്ഷന്തനും നൈഷധനും സമാനര്‍
മാര്‍ത്സ്ന്യേകയാ മണ്ണിനു ഭംഗിയേകും
മാര്‍ത്സ്ന്യേക താനോ വിളവിന് വിഭൂതി?
കാര്‍ത്സ്ന്യേകരൂപം കമനീയതയ്ക്കു
കാര്ത്സ്ന്യേന കാണാന്‍ കഴിയാ ജഗത്തില്‍
ഇവയ്ക്കു ദ്വിതീയാക്ഷരപ്രാസമില്ലാതെയും ഓരോ പൂരണം തമ്പുരാന് പ്രസിദ്ധീകരിച്ചു. അവ ഇവയെക്കാള്‍ നന്നായിരുന്നു താനും. ഫലത്തില്‍ രണ്ടു കൂട്ടരുടെയും വാദത്തിനു താങ്ങായി-കഴിവുള്ളവര്‍ക്കു പ്രാസത്തോടു കൂടി എഴുതാന്‍ കഴിയും എന്നതിന്റെയും, പ്രാസമില്ലാതെ എഴുതിയാല്‍ അര്‍ത്ഥഭംഗി കൂടും എന്നും. എനിക്കു് ആദ്യത്തേതിന്റെ പൂരണം മാത്രമേ ഓര്‍മ്മയുള്ളൂ.
സമിത്യതിപ്രീണിതവീരസേനന്‍
അമര്‍ത്യവര്യാജ്ഞയെയാശ്രയിച്ചോന്‍
ശകുന്തലാഭാധികമോദിതാത്മാ
ദുഷ്ഷന്തനും നൈഷധനും സമാനര്‍.
സമസ്യയുടെ കാലം കഴിഞ്ഞും പൂരിപ്പിക്കപ്പെടുന്ന ചില സമസ്യകളുമുണ്ടു്. സിനിമാ-നാടകനടനും കവിയുമായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മംഗളത്തില്‍ ഒരിക്കല്‍ പ്രസിദ്ധീകരിച്ച സമസ്യയാണു് കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍ (വൃത്തം: ദ്രുതവിളംബിതം) എന്നതു്. ദ്രുതവിളംബിതവൃത്തത്തില്‍ സാധാരണ ഉപയോഗിക്കുന്ന യമകത്തെ പരിഹസിക്കുവാന്‍ കൂടി എഴുതിയതാണിതു്. മംഗളത്തില്‍ത്തന്നെ ധാരാളം പൂരണങ്ങള്‍ വന്നിരുന്നു. അതിനു ശേഷവും ധാരാളം പേര് ഇതു പൂരിപ്പിച്ചിട്ടുണ്ടു്. രണ്ടു സരസകവികള്‍ ഈയിടെ കവനകൌതുകത്തില്‍ പ്രസിദ്ധീകരിച്ച പൂരണങ്ങള്‍ നോക്കുക:
- ഡോക്ടര്‍ ആര്. രാജന്
അധികരിച്ച രുജയ്ക്കഥ ഹോമിയോ-
വിധിയിലുള്ള മരുന്നു കഴിക്കവേ
നലമെഴുന്നൊരു കാപ്പി വെടിഞ്ഞു പെണ്-
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍. - കെ.വി.പി. നമ്പൂതിരി
ജലഭരങ്ങളൊഴിഞ്ഞതിവേനലീ
നിലയിലാതപമാര്‍ക്കുമണയ്ക്കവേ
അലമിതെന്തൊരു ശങ്ക, വരാംഗനാ–
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.
അക്ഷരശ്ലോകസദസ്സിനു വേണ്ടി കഴിഞ്ഞ വര്‍ഷം രാജേഷ് വര്‍മ്മയും ഞാനും ഇതു പൂരിപ്പിച്ചിട്ടുണ്ടു്.
- രാജേഷ്
വലിയ ശമ്പളമപ്പടി നിന്റെ കൈ-
മലരില്‍ വെയ്ക്കുവതെന്‍ പതിവല്ലയോ?
സ്ഖലിതമിന്നു പൊറുക്കണമേ, വധൂ-
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍. - രാജേഷ്
വില പെരുത്തു കൊടുത്തു കിടച്ചിടും
പലയിനങ്ങളിലുള്ളൊരു കോളകള്‍
ചിലതിലുണ്ടു വിഷാംശ,മതോര്‍ക്കയാല്‍
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍. - ഉമേഷ്
പല വിധത്തിലുമുണ്ടു കുടിക്കുവാന്‍
വിലയെഴും മധുരം; ബത ദോഹദേ
പുളിയെനിക്കു ഹിതം, രസികോത്തമര്‍-
ക്കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍!(ദോഹദം = ഗര്‍ഭകാലം)
- ഉമേഷ്
ലളിതമാണിതു കൂട്ടുവതിന്നു, മെയ്
തളരുമേവനുമേറ്റവുമാശ്രയം,
വളരെ വൈറ്റമിനു, ണ്ടതിനാല്‍ ഭിഷക്-
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍!
ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പു് സമസ്യകളും പൂരണങ്ങളും പ്രസിദ്ധീകരിച്ചിരുന്ന പല പ്രസിദ്ധീകരണങ്ങളുമുണ്ടായിരുന്നു. അടുത്ത കാലത്തായി അവ കുറവാണു്.
- കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രസിദ്ധീകരണമായ ശാസ്ത്രകേരളത്തില്‍ ശാസ്ത്രസമസ്യാപൂരണങ്ങള്‍ വരാറുണ്ടായിരുന്നു എഴുപതുകളില്‍. “ശാസ്ത്രം പിഴച്ചോ, മനുജന് പിഴച്ചോ?”, “നരനില്‍ നിന്നു ജനിച്ചു വാനരന്”, “മര്ത്ത്യന് മരിക്കുന്നു മരുന്നു മൂലം” എന്നീ സമസ്യകള്‍ ഓര്‍മ്മയുണ്ടു്. പൂരണങ്ങളൊന്നും ഓര്‍മ്മയില്ല.
- തവനൂര്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ആദ്ധ്യാത്മികമാസികയായ ധര്‍മ്മകാഹളത്തില്‍ സ്ഥിരമായി സമസ്യകള്‍ വരുമായിരുന്നു. അതു നടത്തിയിരുന്ന ശ്രീ പി. ആര്. നായര്‍ അന്തരിച്ചതോടുകൂടി മാസികയും സമസ്യയും നിന്നു.
“കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വജ്ജനം” ധര്‍മ്മകാഹളത്തില്‍ വന്നതാണു്.
- എഴുപതുകളിലും എണ്‍പതുകളിലും ഭാഷാപോഷിണിയില്‍ സമസ്യാപൂരണങ്ങളുണ്ടായിരുന്നു. മലയാളത്തിലെ ഏറ്റവും നല്ല സമസ്യാപൂരണങ്ങള്‍ വന്നിരുന്നതു് ഇവിടെയാണു്.
ഭാഷാപോഷിണിയുടെ കെട്ടും മട്ടും മാറ്റിയപ്പോള്‍ സമസ്യയെ വിട്ടു.
ഒരു ഉദാഹരണം: സ്വര്‍ല്ലോകമാവില്ലയോ? (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)- (ആരുടേതെന്നറിയില്ല)
ആവും മട്ടു പരിശ്രമിച്ചിടുകയാലീയേറ്റുമാനൂരെഴും
ദേവന് തന് മുതല്‍ കട്ട കള്ളനൊടുവില്‍ പെട്ടൂ വലയ്ക്കുള്ളിലായ്;
“ദൈവത്തിന്നൊരു കാവലെന്തി?”നിദമോര്‍ത്തീടാതെ പോലീസുകാ-
രീവണ്ണം നിജ ജോലി ചെയ്കിലിവിടം സ്വര്‍ല്ലോകമാവില്ലയോ?ഏറ്റുമാനൂര്‍ അമ്പലത്തിലെ വിഗ്രഹം സ്റ്റീഫന്‍ എന്നൊരാള്‍ മോഷ്ടിച്ചതും, അന്നു മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാര്‍ വേറൊരു സന്ദര്‍ഭത്തില്‍ “ഭഗവാനെന്തിനാ പാറാവു്?” എന്നു ചോദിച്ചതും, വിഗ്രഹം ഇളക്കാന്‍ ഉപയോഗിച്ച പാര പൊതിഞ്ഞിരുന്ന കടലാസ് നാഗര്‍കോവിലോ മറ്റോ ഉള്ള ഒരു സ്കൂള്‍വിദ്യാര്‍ത്ഥിനിയുടെ കോമ്പോസിഷന്‍ ബുക്കിലെയാണെന്നു കണ്ടുപിടിച്ചു് (ആ കുട്ടിയുടെ വിലാസം ആ കടലാസിലുണ്ടായിരുന്നു-ഒരു കത്തായിരുന്നു ആ പേജിലെ കോമ്പോസിഷന്‍) അവിടെ പോയി അന്വേഷിച്ചു് കേരളാ പോലീസ് സ്തുത്യര്‍ഹമായ രീതിയില്‍ മോഷ്ടാവിനെ പിടികൂടിയതും ആണു് ഈ ശ്ലോകത്തിന്റെ അവലംബമായ സംഭവങ്ങള്‍.
- (ആരുടേതെന്നറിയില്ല)
നാട്ടില്‍ത്തല്ലു, വഴ, ക്കഴുക്കു, ഭരണിപ്പാട്ടും, മനം നൊന്തു തന്
വീട്ടില്‍ക്കൂട്ടിനിരിപ്പവള്‍ക്കു ഹൃദയത്തീ, യെന്നതും മാത്രമോ
നോട്ടിന് പോ, ക്കഭിമാനനഷ്ട, മിവയും സൃഷ്ടിക്കുമാ മദ്യപ-
ക്കൂട്ടം മന്നില്‍ മറഞ്ഞുപോകിലിവിടം സ്വര്‍ല്ലോകമാകില്ലയോ?
- (ആരുടേതെന്നറിയില്ല)
- മംഗളം വാരികയില്‍ എണ്‍പതുകളില്‍ സമസ്യാപൂരണമുണ്ടായിരുന്നു. ഇപ്പോഴില്ല.
“കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍” എന്നതു മംഗളത്തില്‍ വന്നതാണു്.
- കേരള അക്ഷരശ്ലോകപരിഷത്തിന്റെ മുഖപത്രമായ കവനകൌതുകം സമസ്യാപൂരണങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയാണു്.
- ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധീകരിക്കുന്ന ഭക്തപ്രിയ, ഒരു കുടുംബമാസികയായ ശ്രീവിദ്യ എന്നിവയില്‍ ഇപ്പോഴും സമസ്യാപൂരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടു്.
ഇനിയുമുണ്ടു് ഒരുപാടു സമസ്യാപൂരണങ്ങളെപ്പറ്റി പറയാന്‍. വിസ്തരഭയത്താല്‍ തത്കാലം നിര്‍ത്തുന്നു. കൂടുതല്‍ ഇനി വേറേ ലേഖനങ്ങളില്‍ എഴുതാം.
ഈയിടെ തുടങ്ങിയ “ബുദ്ധിപരീക്ഷ” ബ്ലോഗില്‍ സമസ്യകളും ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി എന്തു പറയുന്നു?
(പുതിയ ഉദാഹരണങ്ങള്‍ പറഞ്ഞുതരുകയും ഉള്ളവയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്ത ജ്യോതിര്‍മയി, ഡോ. പണിക്കര്‍, സിദ്ധാര്ത്ഥന്, പുള്ളി എന്നിവര്‍ക്കു നന്ദി.)
ഉമേഷ്::Umesh | 06-Oct-06 at 10:50 pm | Permalink
അരവിന്ദന്റെ ഈ കമന്റും ബാബുരാജിന്റെ ഈ കമന്റും വായിച്ച കാലം തൊട്ടേ എഴുതാന്‍ തുടങ്ങിയ പോസ്റ്റാണിതു്. എഴുതിയ ഭാഗം പോസ്റ്റു ചെയ്യുന്നു.
സംസ്കൃതത്തിലെയും മലയാളത്തിലെയും സമസ്യാപൂരണങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ലേഖനമാണിതു്. പല തരത്തിലുള്ള സമസ്യകളെ ഉദാഹരണസഹിതം വിവരിക്കണമെന്നായിരുന്നു ആഗ്രഹം. വിചാരിച്ചതു മുഴുവന്‍ നടന്നില്ല.
രാജ് നായര്‍ | 07-Oct-06 at 6:10 am | Permalink
“വീരമര്‍ക്കടകമ്പിതാ” കാക്കശ്ശേരിയുടേതല്ലേ? ഉദ്ദണ്ഡശാസ്ത്രികള്‍ സൃഷ്ടിച്ച സമസ്യ, ഭട്ടതിരി പൂരിപ്പിച്ചു എന്നിങ്ങനെയാണെന്റെ ഓര്‍മ്മ.
സതീഷ് | 07-Oct-06 at 7:32 am | Permalink
“കട്ടക്കയം ക്രൈസ്തവകാളിദാസന്‍!“ എഴുതിയത് കേരളവര്‍മ്മ വലിയകോയിത്തമ്പുരാനാണോ ഉമേഷേട്ടാ?
പസില്‍ ബ്ലോഗില്‍ സമസ്യ ഇടുന്നതിനോട് ഞാന്‍ എതിരാണേ! 🙂
കലേഷ് | 07-Oct-06 at 12:00 pm | Permalink
ഉമേഷേട്ടാ, രസികന്‍ പോസ്റ്റ്!
ഒപ്പം തന്നെ വിജ്ഞാനപ്രദവും!
ഇങ്ങനെഴുതാന്‍ ബൂലോഗത്തില്‍ വേറാരുണ്ട്?!
jyothirmayi | 07-Oct-06 at 12:42 pm | Permalink
നല്ല ലേഖനം. മുഴുവന്‍ വായിക്കാന്‍ ഒരു മൂന്നുനാലു സിറ്റിംഗ് വേണ്ടിവരും:-)
വിസ്തരിച്ചുവായിച്ച് പിന്നെ പ്രതികരിയ്ക്കാം. ഒരൊറ്റകാര്യം ഇപ്പോള്‍ പറയട്ടെ-
എളുപ്പമുള്ള സമസ്യകള്‍ തരുമോ മാഷേ? എന്നാല്‍ ഞാനും ചേരാം, സമസ്യാപൂരണത്തിന്. ‘ബുദ്ധിപരീക്ഷ’ തുടങ്ങിയിട്ടുണ്ടോ? അതെപ്പോ? ഇടയ്ക്കിടക്ക് പരീക്ഷാഫലം പ്രസിദ്ധീകരിയ്ക്കില്ലെങ്കില് ധൈ… ര്യ…മായിച്ചേരാം:-)
കവനകൌതുകം സമസ്യാപൂരണം പ്രസിദ്ധീകരിക്കുന്നതറിയില്ല. ‘ഭക്തപ്രിയ’ എന്ന മാസിക(ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധീകരിക്കുന്നത്)സമസ്യകള്‍ ലക്കം തോറും ഇടാറുണ്ടെന്നറിയാം. പിന്നെ മറ്റുപ്രസിദ്ധീകരണങ്ങളും ഉണ്ടായിരിയ്ക്കണം, ഞങ്ങളുടെ കുടുംബമാസികയായ ‘ശ്രീവിദ്യ’പോലെ.
Umesh::ഉമേഷ് | 07-Oct-06 at 3:18 pm | Permalink
സമസ്യകളുടെ ബ്രായ്ക്കറ്റില്‍ അതാതിന്റെ വൃത്തം സൂചിപ്പിച്ചു. ആ വൃത്തത്തെപ്പറ്റി വിക്കിപീഡിയയില്‍ ലേഖനമുണ്ടെങ്കില്‍ അതിലേക്കൊരു ലിങ്കും കൊടുത്തിട്ടുണ്ടു്.
രാജ്,
കാക്കശ്ശേരി ആണെന്നുറപ്പാണോ? ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ കാക്കശ്ശേരിയെപ്പറ്റിയുള്ള ഭാഗത്തു് ഇതു വായിച്ച ഓര്‍മ്മയില്ല. ഹൈസ്കൂളില്‍ വെച്ചു് ഒരു അദ്ധ്യാപകന് പറഞ്ഞാണു് ഞാന്‍ ഇതു കേട്ടതു്.
സതീഷ്,
അറിയില്ല. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ പൊതുവേ ഇങ്ങനെ പരിഹസിക്കുന്ന ആളല്ല. വെണ്മണികളോ, ഒടുവിലോ, ശീവൊള്ളിയോ മറ്റോ ആയിരിക്കും.
ജ്യോതീ,
ആ മാസികകളുടെ പേരും ഇടാം. കവനകൌതുകത്തില്‍ ഇപ്പോള്‍ സമസ്യാപൂരണം ഇല്ലേ?
കലേഷ്,
നന്ദി.
Rajesh R Varma | 07-Oct-06 at 10:08 pm | Permalink
ഉമേഷ്,
ഇപ്പോഴാണു വായിച്ചത്. ലേഖനം സമഗ്രമായിട്ടുണ്ട്. വളരെ ഇഷ്ടമായി, പ്രത്യേകിച്ച് എന്റെ ശ്ലോകങ്ങള്‍ കൊടുത്തിരിക്കുന്ന ഭാഗം 😉
ഭാഷാപോഷിണി പൈങ്കിളിയായിപ്പോയി എന്ന അഭിപ്രായത്തോടു യോജിക്കാന്‍ കഴിയുന്നില്ല. ഇന്നു മലയാളത്തിലുള്ള മികച്ച ആനുകാലികങ്ങളിലൊന്നാണത്. ഒരു പക്ഷേ, നല്ല സമസ്യാപൂരണങ്ങള്‍ കിട്ടാത്തതുകൊണ്ടായിരിക്കാം ആ പംക്തി നിര്‍ത്തിയത്. പദ്യത്തിലെഴുതാന്‍ പോലും താത്പര്യമുള്ള കവികള്‍ തീരെക്കുറവല്ലേ ഇന്ന്?
ദിവാസ്വപ്നം | 08-Oct-06 at 12:31 am | Permalink
രാജേഷ് വര്‍മ്മയുടെ കമന്റ് കണ്ടിട്ടാണീ ലേഖനം വായിച്ചത്. മുഴുവനും വായിച്ചു തീര്‍ത്തു. നന്നായി ഇഷ്ടപ്പെട്ടു.
സമസ്യകളും പൂരണവും ആയി കൊടുത്തിരിക്കുന്നതുകൊണ്ടായിരിക്കാം നിര്‍ത്താതെ മുഴുവന്‍ വായിച്ചത്. ഏതായാലും, ലേഖനം വളരെ രസകരമായി.
ഇത്രയും നീണ്ട പോസ്റ്റ്, അതും തുടക്കത്തില്‍ തന്നെ സംസ്കൃതശ്ലോകങ്ങള്‍ എഴുതിയിട്ടും, ഒരു ഭാഗത്തും നിര്‍ത്താതെ വായിച്ച് തീര്‍ത്തു എന്ന് അഭിമാനത്തോടെ പറയട്ടെ. നീണ്ട പോസ്റ്റുകള്‍ – തമാശയായാല്‍ പോലും – പിന്നത്തേയ്ക്ക് മാറ്റി വയ്ക്കുന്ന ഞാനാണ് !
വിധിവശാല്‍ ഒന്നു രണ്ടു മാസം സംസ്കൃതം ക്ലാസ്സില്‍ ഇരുന്നു എന്നതല്ലാതെ സംസ്കൃതവുമായി ഒരു സമ്പര്‍ക്കവും ഇല്ലാത്ത എന്നെപ്പോലൊരാള്‍ക്ക് പോലും ഇഷ്ടപ്പെടുന്ന രീതിയില്‍ ഇത് എഴുതിയ ഉമേഷ്ജിയെ സമ്മതിച്ചിരിക്കുന്നു.
പണ്ട്, യാഹൂ അക്ഷരശ്ലോകഗ്രൂപ്പിലെ ശ്ലോകങ്ങള്‍ സമാഹരിച്ച്, ഉമേഷ്ജി ഒരു പി.ഡി.എഫ്. ഉണ്ടാക്കിയത് കണ്ട് ഞാന്‍ ഒന്നു സാഷ്ടാംഗം വീണിരുന്നു. ആ കിടപ്പില്‍ നിന്ന് എഴുന്നേല്ക്കാന് തോന്നുന്നില്ല 🙂
സസ്നേഹം,
ദിവാസ്വപ്നം | 08-Oct-06 at 12:40 am | Permalink
പിന്മൊഴിയില്, ‘ഉമേഷ്ജി’ എന്ന് വരുന്നതിന് പകരം, ജിയുടെ സ്ഥാനത്ത് മൂന്ന് കട്ടകളും ഒരു ചെറുവട്ടവുമാണല്ലോ വരുന്നത്… അതെന്താ അങ്ങനെ
കര്‍ത്താവാണേ, ഞാന്‍ ‘ഉമേഷ്ജീ‘ന്ന് തന്നെയാണെഴുതീത് കേട്ടോ
🙂
പുള്ളി | 08-Oct-06 at 2:20 am | Permalink
ഉമേഷ്ജീ അത്യുഗ്രന്‍,വീരമര്‍ക്കട കമ്പിതാ ഇന്‍ഡ്യഹെറിറ്റേജ് സൈറ്റില്‍ വായിച്ചിട്ട് ഗുളുഗുഗ്ഗുളു ഗുഗ്ഗുളു കൂടി എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോഴിതാ ഇനിയൊന്നു ബാക്കിയില്ലാത്ത വിധം ഒരുമാതിരി പ്രസിദ്ധ സമസ്യകളൊക്കെ തന്നെ ഇവിടെ വിശദീകരിച്ചിരിക്കുന്നു.
എന്നല്ള് ഒന്നു കൂടി…
“ഇളയതാളു മഹാരസികന്‍ സഖേ..” എന്നു അവസാന വരി.
എനിയ്ക്ക് അതിന്റെ മൂന്നമത്തെ വരി മാത്രമേ ഓര്‍മ്മയുള്ളൂ…
പുളിയൊഴിച്ചു കറിയ്ക്ക് വിശേഷമാ-
ണിളയതാളു് മഹാ രസികന്‍ സഖേ..
jyothirmayi | 08-Oct-06 at 2:30 am | Permalink
ഈ ലേഖനം വായിച്ചപ്പോള്‍ ആദ്യം എനിയ്ക്കുതോന്നിയത് ‘സമഗ്രം’ എന്ന വാക്കുതന്നെയാണ്.
മുഴുവന്‍ ഒറ്റയടിയ്ക്കുവായിക്കാന് തക്കവണ്ണം ഒഴുക്കോടെത്തന്നെയാണെഴുത്ത്. പക്ഷേ ചില വ്യക്തിപരമായ കാരണങ്ങളാല്‍ എനിയ്ക്ക്
ഒരു സിറ്റിംഗില്‍ അഞ്ചുമിനുട്ടിലധികം ബ്ലോഗാന്‍ കഴിയാറില്ല, ഈയിടെയായി.
ഉമേഷ്ജീ, കവനകൌതുകത്തെ സംബന്ധിച്ചകാര്യം ഞാന്‍ ഒന്നുകൂടി നോക്കി, കണ്‍ഫേര്‍ം ചെയ്യാം, അടുത്ത സിറ്റിംഗില്‍:-(
Umesh::ഉമേഷ് | 08-Oct-06 at 5:08 am | Permalink
പുള്ളീ,
ഇതല്ലേ ആ ശ്ലോകം?
കുളവരമ്പില്‍ മുളച്ചുവളര്‍ന്നതും
വളരെ നീണ്ടു വെളുത്തു തടിച്ചതും
പുളിയൊഴിച്ചു കറിക്കുവിശേഷമാം
ഇളയ താളു മഹാരസികന്‍ സഖേ!
“ഇളയതു് ആളു്” എന്ന സമസ്യാകാരന്റെ പ്രയോഗത്തെ “ഇളയ താളു്” എന്നു മാറ്റിയിരിക്കുന്നു പൂരണകാരന്.
അരവിന്ദ് | 08-Oct-06 at 6:21 am | Permalink
ഈ ഒരൊറ്റ പോസ്റ്റ് മതി ബൂലോഗത്തില്‍ ഉമേഷ്ജിയുടെ വില മനസ്സിലാവാന്‍. വേറെ ആരുണ്ട് ഇങ്ങനെയെഴുതാന്‍? എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു! ഇതൊരു അപൂര്‍വ്വ കഴിവാണ്.ബൂലോഗത്തിന്റെ ഭാഗ്യമാണ്.
എന്നെപ്പോലെയുള്ള പൊട്ടന്മാര്ക്ക് വരെ മനസ്സിലാവും വിധം ലളിതമായി സരസമായി പറഞ്ഞിരിക്കുന്നു! പണ്ട് ഒട്ടും മുഷിപ്പിക്കാതെ, ബെല്ലടിക്കുമ്പോള്‍ ഹയ്യോ നാശം പീരിയഡ് കഴിഞ്ഞോ എന്ന് തോന്നിപ്പിച്ചിരുന്ന ചില അദ്ധ്യാപകരുടെ ക്ലാസ് പോലെയാണ് ഈ പോസ്റ്റ്. തീര്‍ന്നപ്പോള്‍ ശരിക്കും വിഷമം തോന്നി. ഉമേഷ്ജി, ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നാലും പറയുന്നു, വളരെ നന്ദി. 🙂 എന്റെ നമസ്കാരം.
ബുദ്ധിപരീക്ഷയില്‍ ഇടാവുന്നത് തന്നെയാണ് ഇവ. പക്ഷേ ശ്ലോകവും കവിതയും ചട്ടക്കൂടുകളും അറിയുന്നവര്‍ക്കല്ലേ ഇവയില്‍ പെരുമാറാന്‍ കഴിയൂ? എന്നാലും ഞാനൊക്കെ വായിച്ച് നിര്‍വൃതി അടഞ്ഞോളാം.
ആറ് സമുദ്രത്തിന്റെ പര്യായങ്ങള്‍ പറഞ്ഞ സമസ്യക്ക് അപ്പോ തോന്നിയ പൂരണം ..ഐഡിയാ മാത്രം.
മലയാളം ടീച്ചര്‍ അവസാനത്തെ ആറ് മലയാളം ആന്സ്വര് പേപ്പര്‍ നോക്കുമ്പോ സമുദ്രത്തിന് പര്യായം ഒരോന്നിലും
അംഭോദിര്‍ജ്ജലധിഃ പയോധിരുദധിര്‍വ്വാരാന്നിധിര്‍വാരിധിഃ !
മണ്മറഞ്ഞ കവികളുടെ ശവകുടീരങ്ങളില്‍ എന്താ ഒരിളക്കം ആവോ? 😉
സിദ്ധാര്ത്ഥന് | 08-Oct-06 at 7:10 am | Permalink
ചെറുപ്പകാലത്തു തനൂരുഹങ്ങള്‍
കറുത്തതായാലതിലര്ദ്ധമിപ്പോള്
വെളുത്തതോര്‍ത്താലിനി മേലിതെല്ലാം
വെളുത്തുപോമെന്നിഹ തോന്നിടുന്നു
എന്നതുപോലെയെങ്ങാണ്ടോആണുമേഷേ ആ സമസ്യാപൂരണം. ഐതീഹ്യമാല കൈയിലുള്ളവരാരും വന്നില്ലെങ്കില്‍ ഇതു തന്നെ കറക്റ്റ്.;)
കളക്ഷന്‍ കൊള്ളാമെന്നു ശ്ലോകിപുലികളുപറഞ്ഞസ്ഥിതിക്കു് അതു് അങ്ങനെ തന്നെ.
Dr.N.S.Panicker | 08-Oct-06 at 7:53 am | Permalink
സിദ്ധാര്ധാ
“ചെറുപ്പകാലത്തു——–
കറുത്തിരുന്നായതിലര്‍ദ്ധമിപ്പോള്‍—”
ഇതാണ് ശരിയായ പാഠം
Umesh, baalE thava mukhaambhOje—
is it not “neelamindeevaradwayam” rather tha axirindeevara- take care of grammer also
You should have published this earlier so that i could work on something else
Regards
Panicker
jyothirmayi | 08-Oct-06 at 10:38 am | Permalink
ഉമേഷ്ജീ,
ലിങ്കുകൊടുത്ത കമന്റുവഴിപോയപ്പോള് ഒരു സ്വകാര്യം കേട്ടൂലോ, “ഉപമാ കാളിദാസസ്യ” എന്ന ഒരു ലേഖനം എഴുതാമെന്ന്:-)
എഴുതിക്കഴിഞ്ഞുവോ? കാത്തിരിയ്ക്കട്ടെ? ഞാനൊരുവിധം വായിച്ചുപഠിയ്ക്കുന്നുണ്ട്. എന്നാലും സമഗ്രമായ ഒരു നിരീക്ഷണം താങ്കളുടെ ലേഖനത്തില്‍ നിന്നും കിട്ടുമെന്നുറപ്പുണ്ട്.
******************************
“ബാലേ! തവമുഖാംഭോജാ-
ദക്ഷിരിന്ദീവരദ്വയം”-
“മുഖാംഭോജാത് അക്ഷിഃ ഇന്ദീവരദ്വയം” എന്നതിl വ്യാകരണപ്പിശകുണ്ടെങ്കില് പണിക്കര്സാറോ ഉമേഷ്ജീയോ പറഞ്ഞുതരുമോ?
അക്ഷി എന്നത് നകാരാന്ത നപുംസകപദമാണ്. അക്ഷി-അക്ഷിണീ-അക്ഷീണി എന്ന് പ്രഥമായിലെ രൂപങ്ങള്‍. അപ്പോള്‍ അക്ഷിഃ?
ഇന്ദീവരം= കരിങ്കൂവളപ്പൂവ് ( നീലത്താമര എന്നും )
ഇന്ദീവരദ്വയം എന്നത് രണ്ട് ഇന്ദീവരങ്ങളെ സൂചിപ്പിയ്ക്കുന്നുണ്ടെങ്കിലും പദം ഏകവചനമാണ്. ജോടി/ഇരട്ട എന്ന പദം പോലെ. ‘ദ്വൌ ഹസ്തൌ സ്തഃ’ എന്ന് ദ്വിവചനത്തിലും ‘ഹസ്തദ്വയം അസ്തി’ എന്ന് ഏകവചനത്തിലും പറയാം എന്നാണെന്റെ അറിവ്.
Umesh::ഉമേഷ് | 08-Oct-06 at 3:01 pm | Permalink
“ചെറുപ്പകാലത്തു…” എന്ന ശ്ലോകം പറഞ്ഞു തന്ന സിദ്ധാര്‍ത്ഥനും തിരുത്തിത്തന്ന ഡോ. പണിക്കര്‍ക്കും നന്ദി. അതു പോസ്റ്റില്‍ ചേര്‍ക്കാം.
ജ്യോതീ, പണിക്കര്‍ മാഷേ,
“കുസുമേ കുസുമോത്പത്തി…” എന്ന ശ്ലോകം ചെറുപ്പത്തില്‍ ഒരു സാര്‍ പറഞ്ഞു തന്ന ഓര്‍മ്മയാണു്. ഉച്ചയ്ക്കു് ഉണ്ണാന്‍ വീട്ടില്‍ പോകുന്നതു് ആ സാറും ഞാനും കൂടിയായിരുന്നു. “വീരമര്‍ക്കടകമ്പിതാ”യും അങ്ങനെ കിട്ടിയതാണു്. സാര്‍ പറഞ്ഞതിലോ ഞാന്‍ കേട്ടതിലോ ഓര്ത്തെഴുതിയതിലോ തെറ്റു വന്നിട്ടുണ്ടാവാം. “അക്ഷിഃ” എന്നതിവിടെ തെറ്റാണു്, അല്ലേ?
എന്റെ കയ്യിലുള്ള പുസ്തകങ്ങളിലെല്ലാം നോക്കി. ഒരെണ്ണത്തില്‍ ഇതു കണ്ടു. അതില്‍ ഇങ്ങനെയാണു്:
കുസുമേ കുസുമോത്പത്തി
ശ്രൂയതേ ന ച ദൃശ്യതേ
ബാലേ, തവ മുഖാംഭോജേ
കഥമിന്ദീവരദ്വയം?
ഇതു് എല്ലാറ്റിലും നല്ല വേര്‍ഷന്‍ ആയി തോന്നി. എന്തു പറയുന്നു?
പണിക്കര്‍ മാഷേ,
മാഷ്ടെ കഴിഞ്ഞ കുറേ പോസ്റ്റുകള്‍ വായിച്ചിരുന്നില്ല. മറ്റു പോസ്റ്റുകള്‍ അധികം വായിക്കാന്‍ ഇപ്പോള്‍ സമയം കിട്ടുന്നില്ല. ജ്യോതിയുടെയും അവസാനത്തെ രണ്ടു പോസ്റ്റുകള്‍ വായിച്ചിട്ടില്ല. പൂര്‍ത്തിയാകാത്ത സ്വന്തം പോസ്റ്റുകളൊക്കെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണു്. ഓഗസ്റ്റില്‍ എഴുതിത്തുടങ്ങിയതാണു് ഈ ലേഖനം. (ജ്യോതീ, “ഉപമാ കാളിദാസസ്യ” എഴുതിത്തുടങ്ങിയിട്ടുണ്ടു്. എങ്ങുമെത്തിയില്ല.)
നമ്മള് രണ്ടുപേരും എഴുതിയാല്‍ എങ്ങനെ ഒരാളുടെ ശ്രമം വ്യര്‍ത്ഥമാകും? രണ്ടുപേരും രണ്ടു വിധത്തിലാണല്ലോ എഴുതുന്നതു്. എത്രയോ പേര് എഴുതിയിട്ടുള്ള കാര്യങ്ങളാണു് ഇതൊക്കെ?
മാഷ്ടെ പോസ്റ്റുകളൊക്കെ വായിച്ചു. ചില സംശയങ്ങള്‍:
“വീരമര്‍ക്കടകമ്പിതാ” എന്നതു വിഃ + രമാ + … എന്നല്ലേ മുറിക്കേണ്ടതു്? മാഷ് വീ + രമാ + … എന്നാണു മുറിച്ചിരിക്കുന്നതു്. “വീ” എന്ന വാക്കിനു പക്ഷി എന്നര്‍ത്ഥമുണ്ടോ?
“ഭോജനം ദേഹി…” എന്ന ശ്ലോകത്തില്‍ “മാഹിഷം” എന്നല്ലേ വേണ്ടതു്, “മാഹിഷഃ” എന്നതിനു പകരം? “മാഹിഷം” എന്നതിനു് “എരുമയുടെ” എന്നാണു ഞാന്‍ ധരിച്ചിരുന്നതു്. വേറേ എന്തെങ്കിലുമുണ്ടോ? “മാഹിഷമായ” എന്ന അര്‍ത്ഥം മാഷ് കൊടുത്തിരിക്കുന്നതുകൊണ്ടു ചോദിച്ചതാണു്.
മാഷ്ടെ പോസ്റ്റുകളില്‍ എന്റെ ചില പരാമര്‍ശങ്ങളെ പരാമര്‍ശിച്ചതു കണ്ടു. അവയ്ക്കു മറുപടി പിന്നീടു പറയാം. ചില വിഷയങ്ങളില്‍ നമുക്കു വിഭിന്ന കാഴ്ചപ്പാടുകളാണെന്നു തോന്നുന്നു. അതും നല്ലതാണല്ലോ.
അരവിന്ദാ,
നന്ദി. “അംഭോധിര്ജ്ജലധി..”യുടെ പൂരണത്തിനുള്ള ആശയം കൊള്ളാം. അതു പോലെ ഇതിലെ “ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ” എന്ന സമസ്യ (“ക്രുദ്ധാമുവാച…” എന്ന ശ്ലോകം കാണുക) പണ്ടു സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു ഞാന്‍ പൂരിപ്പിച്ചതു് ഇങ്ങനെ:
അദ്ധ്യാപകോऽസ്തി മമ പണ്ഡിതസാര്വ്വഭൌമോ
ജിഹ്വാ പ്രവര്ത്തതി സദാ വികടാ ഹി യസ്യ
അസ്മാനുവാച സ ഗതേ ദിവസേ-“പുരാ സ്യാത്
ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ”
എപ്പോഴും നാക്കു പിഴച്ചിരുന്ന ഒരു അദ്ധ്യാപകന് തെറ്റിച്ചു പറഞ്ഞതാണു് അങ്ങനെ എന്നര്‍ത്ഥം. “— എന്നു വാക്യത്തില്‍ പ്രയോഗിക്കാന്‍ സാറു പറഞ്ഞു” എന്നു വാക്യത്തില്‍ പ്രയോഗിക്കുന്നതു പോലെ. നമ്മളെക്കോണ്ടു് ഇതൊക്കെയേ പറ്റൂ 🙂
(സംസ്കൃതം കുറെയൊക്കെ മനസ്സിലാക്കാന്‍ പറ്റുമെങ്കിലും എഴുതാന്‍ ഇന്നും വിവരമില്ല. മേല്‍ക്കൊടുത്ത ശ്ലോകത്തിലെ സംസ്കൃതം ശരിയാണോ ജ്യോതീ?)
jyothirmayi | 09-Oct-06 at 12:16 pm | Permalink
ഉമേഷ്ജീ,
“ബാലേ തവ… കഥമിന്ദീവരദ്വയം” എന്നതാണ് ഞാന്‍ കേട്ടിട്ടുള്ള പാഠം.
**************************
കവനകൌതുകത്തിന്റെ മേല്‍നോട്ടത്തില്‍ സമസ്യാപൂരണം നടത്തുന്നില്ല, അഥവാ മാസികയില്‍ കാണാറില്ല.
******************************
ഒരു സമസ്യ തരൂ… ഇല്ലെങ്കില്‍ ഞാനൊരു സമസ്യ സൃഷ്ടിയ്ക്കും:-)
Umesh::ഉമേഷ് | 09-Oct-06 at 1:23 pm | Permalink
സിദ്ധാര്ത്ഥന്, പുള്ളി എന്നിവര്‍ അയച്ചു തന്ന ശ്ലോകങ്ങള്‍ ചേര്‍ത്തു. “കുസുമേ കുസുമോത്പത്തി…” എന്ന ശ്ലോകം ഡോ. പണിക്കര്‍, ജ്യോതി എന്നിവര്‍ പറഞ്ഞതനുസരിച്ചു തിരുത്തി. ജ്യോതി പറഞ്ഞതനുസരിച്ചു കവനകൌതുകം,ഭക്തപ്രിയ,ശ്രീവിദ്യ എന്നൈവയെപ്പറ്റി പരാമര്‍ശിച്ചു.
രാജേഷിന്റെ അഭിപ്രായം മാനിക്കുന്നു. തിരുത്തിയിട്ടുണ്ടു്. ഭാഷാപോഷിണിയുടെ പഴയ രൂപത്തില്‍ നിന്നു പുതിയ രൂപത്തിലേക്കുള്ള മാറ്റം ഒരു “പൈങ്കിളി”മാറ്റമായി അന്നു തോന്നിയിരുന്നു. ശ്ലോകമെഴുതാന്‍ ആളെക്കിട്ടാഞ്ഞല്ല. നിര്‍ത്തുമ്പോഴും മുപ്പതോളം നല്ല പൂരണങ്ങള്‍ ഓരോ ലക്കത്തിലുമുണ്ടായിരുന്നു.
എല്ലാവര്ക്കും നന്ദി.
jyothirmayi | 09-Oct-06 at 1:49 pm | Permalink
“പാനേന നൂനം സ്തുതിമാവഹന്തി!” (പാനം കൊണ്ട് സ്തുത്യര്‍ഹരാവുന്നുവല്ലോ) ഇതൊരു സമസ്യയാണെങ്കില്‍…
പൂരണം…
(pre-view vENamaayirunnoo, linku chathiykkuO aavO) umEshjee, eeyoru vikr^thikooTi kshamiykkoo…
പച്ചാളം | 09-Oct-06 at 2:09 pm | Permalink
ഉമേഷേട്ടാ ഞാനിതൊക്കെ ഇപ്പോഴാ വായിക്കുന്നേ, വലിയ അറിവൊന്നുമില്ലെങ്കിലും കുറച്ചൊക്കെ മനസ്സിലായി!
സിബു | 09-Oct-06 at 11:51 pm | Permalink
ഉമേഷേ, ഈ ലേഖനത്തെ തിരഞ്ഞെടുത്തലേഖനമായി പോര്‍ട്ടലില്‍ ഇട്ടിട്ടുണ്ടേ…
Umesh::ഉമേഷ് | 07-Feb-07 at 4:35 pm | Permalink
“കൂറും നന്മയുമേറിടും…” എന്ന ശ്ലോകത്തിന്റെ അര്‍ത്ഥം ശ്രീ എ. ആര്. ശ്രീകൃഷ്ണന് ഒരു ഇ-മെയിലിലൂടെ പറഞ്ഞു തന്നതു് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ടു്. ശ്രീകൃഷ്ണനു നന്ദി.
prasanth | 12-Jun-07 at 5:29 am | Permalink
Good article. i have took a printout (all posts) and kept as reference.
good work. continue
shankaran | 30-Oct-09 at 5:36 pm | Permalink
“പിപീലികാ ചുംബതി ചന്ദ്രബിംബം” എന്നതിനോട് സാമ്യമുള്ള ഒരു സമസ്യാപൂരണം കാവ്യകണ്ഠ ഗണപതിശാസ്ത്രികള്‍ എഴുതിയിട്ടുള്ളതായി വായിച്ചിട്ടുണ്ട്. അത് താഴെ ചേര്‍ക്കുന്നു.
സതീവിയോഗേന വിഷണ്ണചേതസഃ
പ്രഭോ ശയാനസ്യ ഹിമാലയേ ഗിരൗ
ശിവസ്യ ചൂഡാകലിതം സുധാശയാ
പിപീലികാ ചുംബതി ചന്ദ്രമണ്ഡലം
സതീദേവിയുടെ വിയോഗത്തില്‍ ദുഃഖിതനായി ഹിമാലയപര്‍വ്വതത്തില്‍ നിലത്തു കിടന്ന
ശിവന്റെ ശിരസ്സിലെ ചന്ദ്രബിംബത്തെക്കണ്ട് അമൃതാണെന്ന് ധരിച്ച് ഉറുമ്പ് ചുംബിക്കുന്നു.
(രമണാശ്രമത്തില്‍ നിന്നു പ്രസിദ്ധീകരിച്ച BHAGAVAN AND NAYANA എന്ന പുസ്തകത്തില്‍ നിന്ന്)
V.B.Rajan | 27-May-10 at 11:52 am | Permalink
തിക്കുറിശ്ശി സുകുമാരന്‍ നായര്‍ താന്‍ പൂരിപ്പിച്ച ഒരു സമസ്യയെക്കുറിച്ച് ഒരഭിമുഖത്തില്‍ പറഞതായോര്ക്കുന്നു. അദ്ദേഹം ഫുഡബാള് കളിച്ച് തളര്‍ന്നു വിശ്രമിക്കുമ്പോള്‍ ആരോ പൂരിപ്പിക്കാന്‍ നല്‍കിയതാണ് ഈ സമസ്യ:
“പന്തു കൊണ്ടെന്‍ ഹൃദയം മുറിഞ്ഞുപോയി”
ഇത് അദ്ദേഹം വളരെ രസകരമായി പൂരിപ്പിച്ചു.
ചന്തയിലെ തിരക്കില്‍ നടക്കുമ്പോള്‍ ഒരു സുന്ദരിയുടെ മുലപന്തുകൊണ്ട് ഹൃദയം മുറിഞ്ഞുപോയി എന്നാണ് അദ്ദേഹം പൂരിപ്പിച്ചത്. പൂരണം മുഴുവന്‍ ഓര്‍മ്മയില്ല.
Alex | 07-Sep-11 at 2:57 pm | Permalink
malayalikalkku aayi oru manglish website.
http://www.themanglish.com/
Ningalkku vendathu ellam ivide undu. Sandarshikkuuu innu thanne!!
HARIPRASAD | 14-Jan-12 at 5:03 pm | Permalink
സമസ്യതന് കാലമഹോ കഴിഞ്ഞെ-
ന്നോതുന്നു കേചില്‍ കഴിവറ്റകൂട്ടര്
ഹാ! ബ്ലോഗിലങ്ങിങ്ങഥ കണ്ടിടുന്ന
സമസ്യയും പൂരണവും മനോജ്ഞം.
എന്റെ വക ഒരു സമസ്യ നല്കുന്നു. ഒരു കൈ നോക്കിയാലും…
പൊട്ടക്കുളത്തിലൊരു കുട്ടിയിരട്ടപെറ്റു. (വസന്തതിലകം)
S Shivaprasad | 10-Feb-17 at 7:03 am | Permalink
ഗിരയേ ടപി പതന്തിഃ എന്നത് ഒരു സരസൻ പൂരിപ്പിച്ചത് താഴെഃ –
കിം കാരണം സ്തനദ്വന്തം
പതിതം ബ്രൂഹി തേ പ്രിയേ
പശ്യാധഃ ഖനനേ മൂർഖഃ
ഗിരയേ ടപി പതന്തിഃ
*****
“രാമായണം കഥ തുടങ്ങണമെങ്കിൽ” എന്നതിന് തിക്കുറിശ്ശി സരസമായ ഒരു പൂരണം തന്നിരുന്നു. ഓർക്കുന്നില്ല. അറിയാവുന്നവർ അറിയിക്കണേ.
Rajeevan.D.K. | 20-Sep-18 at 10:25 am | Permalink
കുസുമേ കുസുമോത്പത്തി
ശ്രൂയതേ ന ച ദൃശ്യതേ
ബാലേ, തവ മുഖാംഭോജേ
ദൃശ്യമിന്ദീവരദ്വയം
NNMenon | 06-Jan-19 at 12:21 pm | Permalink
ഞാൻ ഒരു പ്രാചീന കവിത ആസ്വാദകനാണ്. അങ്ങയുടെ മൊബൈൽ നമ്പർ അയച്ചുതരാൻ അഭ്യർത്ഥിക്കുന്നു….. എന്റെ നമ്പർ 9847034862.
ശ്രീലേഖ | 19-Jun-19 at 2:26 am | Permalink
നന്നായിരിയ്ക്കുണു…. അഭിനന്ദനങ്ങൾ… എന്റെ അമ്മ ഇങ്ങനെ ഓരോന്ന് ചൊല്ലുകയും പറയുകയും ചെയ്യുമായിരുന്നു… വാമൊഴി.. എവിടുന്നെന്ന് അറിയില്ല.. എഴുതിവെക്കാൻ മറന്നു …അമ്മ പോയി.. ഇനി ഇതെല്ലാം ഒരിക്കലും കേൾക്കില്ലല്ലോ എന്ന് നിനച്ചിരിക്കുമ്പോൾ ഇത് കണ്ടു.. വളരെ സന്തോഷം.. ഞാൻ ഇടയ്ക്ക് വിഷമിക്കുന്നത് കണ്ട് അമ്മ കാണിച്ചതാ.. ഇന്നലെ സ്വപ്നത്തിലും വന്നു… കട്ടക്കയം ക്രൈസ്തവ കാളിദാസൻ എന്നതിന്റെ മൂന്നാം വരി അമ്മ പറയണത്േ കേട്ടത്..” കുട്ടിയ്ക്ക് തേങ്ങാമുറി പൂർണ്ണചന്ദ്രൻ “ന്നാണ്.. ഒരു എഴുത്തശ്ശൻ മാഷ ടെ പറച്ചിലായിട്ടാ അമ്മ പറഞ്ഞേര്ന്നെ.. സന്തോഷം..
Sk | 31-Jul-19 at 1:23 pm | Permalink
Very educative endeavor. Continue to sustain the spirit so that next generation benefit.
Best wishes.
SK
രവീന്ദ്ര വർമ്മ | 14-Jul-20 at 4:39 pm | Permalink
‘കഖഗഘ’ എന്നൊരു സമസ്യയും കാളിദാസൻ്റേതായി കേട്ടിട്ടുണ്ട്.ഐതിഹ്യമാലയാണോ എന്നോർമ്മയില്ല.
കാ ത്വം ബാലേ? കാഞ്ചന മാലാ
കസ്യാ: പുത്രീ? കനകലതായാ:
കിം വാ (തേ) ഹസ്തേ? താലീ പത്രം
കാ വാ രേഖാ? കഖഗഘ
ഇതിലൊരു പ്രശ്നമുള്ളത് പൂർവ്വാർദ്ധം 9 അക്ഷരം വീതവും, ഉത്തരാർദ്ധം അനുഷ്ടുപ്പ് പോലെയുമാണ്. അതെന്തുകൊണ്ടെന്നറിയില്ല.