നല്ല കവിതകള്‍ കാണുമ്പോള്‍ പരിഭാഷപ്പെടുത്താന്‍ തോന്നുക എന്നതു് എനിക്കു പണ്ടു തൊട്ടേയുള്ള ഒരു അസുഖമാണു്. (ഇവിടെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്.) ലാപുടയുടെ ഓരോ കവിത വായിക്കുമ്പോഴും ഇതു തോന്നിയിരുന്നു. ഇംഗ്ലീഷിലാക്കാനാണു തോന്നിയിരുന്നതു്.
അദ്ദേഹത്തിന്റെ പുതിയ കവിതയായ “ചിഹ്നങ്ങള്‍” വായിച്ചപ്പോള്‍ അതു മലയാളത്തില്‍ തന്നെ “പരിഭാഷ”പ്പെടുത്തിയാലോ എന്നു തോന്നി. അതേ ഭാഷയില്‍ മാറ്റിയെഴുതുന്നതിനെ പരിഭാഷ എന്നു വിളിക്കാമോ എന്നറിയില്ല. വേണമെങ്കില്‍ “പദ്യപരിഭാഷ” എന്നു വിളിക്കാമെന്നു തോന്നുന്നു.
ലാപുട ദയവായി ക്ഷമിക്കുക. താങ്കളുടെ മനോഹരമായ ഗദ്യകവിതയ്ക്കു് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയില്‍ വികലമായ ഒരു പദ്യപരിഭാഷ.
കുനിഞ്ഞിരിപ്പൂ ത്രപയോടെ ചോദ്യ- ചിഹ്നം മുഖം താഴ്ത്തി വളഞ്ഞുകുത്തി; പിറുപ്പുമല്ലാത്തതുമിന്നു ചോദ്യ- മാക്കുന്ന സങ്കോചമതിന്നു കാണും! എഴുത്തു തീരാത്തൊരു വിസ്മയങ്ങള്‍, ഗര്‍ഭത്തിലെക്കുഞ്ഞു കണക്കു ശാന്ത- ഭാരിച്ച ഭൂതത്തിനെ വാച്യമാക്കി- പറഞ്ഞിടാനാവുകയില്ല “യൊന്നും |
ഒറ്റ എഴുത്തില്‍ എഴുതിയതാണു്. ഇനിയും നന്നാക്കാമെന്നു തോന്നുന്നു. ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്. പ്രത്യേകിച്ചു നാലാം പദ്യത്തില്‍.
ലാപുടയുടെ പോസ്റ്റില്‍ നളന് ഇട്ട ഈ കമന്റിലുള്ള ആശയത്തിന്റെ പരിഭാഷ:
മുടിഞ്ഞുപോകേണ്ട വിചാരധാര ചികഞ്ഞെടുക്കുന്നൊരു മൌഢ്യമാകെ കണ്ടിട്ടു പേടിച്ചു ചുരുങ്ങിയില്ലാ- താകുന്നുവോ പൂര്‍ണ്ണവിരാമചിഹ്നം? |
Umesh::ഉമേഷ് | 19-Dec-06 at 4:23 pm | Permalink
ഒരു പുതിയ പരീക്ഷണം. ലാപുഡയുടെ ഒരു ഗദ്യകവിതയുടെ പദ്യപരിഭാഷ.
su | 19-Dec-06 at 4:24 pm | Permalink
നന്നായിട്ടുണ്ട് 🙂
vishnuprasadwayand | 19-Dec-06 at 4:57 pm | Permalink
ഉമേഷേട്ടാ, വെരി വെരി സോറി.ഇത് മോഹന്‍ലാലിന്റെ ഡയലോഗ് എം.എസ് തൃപ്പൂണിത്തറ പറഞ്ഞാല്‍ എങ്ങനെയിരിക്കും എന്ന് മിമിക്രിക്കാര് കാണിക്കുന്നത് പോലെയായി…:))ഉമേഷേട്ടാ,തമാശയാണേ….നന്നായിട്ടുണ്ട്.
സങ്കുചിതന് | 19-Dec-06 at 6:46 pm | Permalink
ഉമേഷേട്ടാ,
താങ്കള്‍ ചെയ്യുന്നത് തീര്‍ച്ചയായും ഗ്രേറ്റ് തിങ്ങ്. മലയാളാത്തില്‍ നിന്ന് മലയാളാത്തിലേക്ക്…. എനിക്കിഷ്ട്മായി, എന്റെ എല്ലാ വിധ പിന്തുണയും.
രാജ് | 19-Dec-06 at 7:51 pm | Permalink
എന്തൊക്കെയോ കുറേ കളഞ്ഞുപോയ പോലുണ്ട് ഉമേഷ്ജി. ഇംഗ്ലീഷിലൊന്നു ശ്രമിക്കൂ, കുറേകൂടി നന്നായി ചെയ്യാനായേക്കും.
wakaari | 19-Dec-06 at 8:25 pm | Permalink
പൂര്‍ണ്ണവിരാമം ഏറ്റവും ഇഷ്ടപ്പെട്ടു.
യാത്രാമൊഴി | 20-Dec-06 at 12:55 am | Permalink
ഉമേഷ്ജി,
“ചിഹ്നങ്ങളെ” വൃത്തത്തിലാക്കിയതിന്റെ കൈത്തഴക്കം അപാരം.
പക്ഷെ…
സ്വഛമായി ഒഴുകിയിരുന്ന ഒരു പുഴയെ അണകെട്ടി തടഞ്ഞു നിര്‍ത്തിയതുപോലെ,
“ചിഹ്നങ്ങളില്‍“ സ്വതന്ത്രമായി സംവേദിച്ചിരുന്ന വാക്കുകളും, ആശയങ്ങളും വൃത്തത്തിനുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടുന്നതുപോലെ ഒരു തോന്നല്‍.
ലാപുട | 20-Dec-06 at 1:05 am | Permalink
ഉമേഷേട്ടാ ഇതെനിക്ക് ഇഷ്ടമായി..
കോമയുടെ ഭാഗത്തിന്റെ വിവര്‍ത്തനമാണ് കൂടുതല്‍ ഇഷ്ടമായത്..
നന്ദി.
ലാപുട | 20-Dec-06 at 1:08 am | Permalink
ഒരു കാര്യം വിട്ടു…
‘ലാപുഡ’അല്ല ‘ലാപുട’ എന്നാണ് ഞാന്‍ എഴുതാറ്.:)
qw_er_ty
ശ്രീജിത്ത് കെ | 20-Dec-06 at 2:22 am | Permalink
ഒരേ അര്‍ത്ഥത്തില്‍ രണ്ട് കവിത കിട്ടിയാല്‍ താരതമ്യം ചെയ്യാന്‍ എളുപ്പമാണ് 😉 രണ്ടും ഇഷ്ടമായി, രണ്ടു തരം ഇഷ്ടം.
ഒരു നിര്‍ദ്ദേശം തരാം, പറ്റുമോ എന്ന് നോക്കണം. ഓരോ ഖണ്ഡികയും ഓരോ ചിഹ്നത്തിനെപ്പറ്റിയാണല്ലോ. അപ്പോള്‍ ആ ഖണ്ഡികയില്‍ ആ ചിഹ്നം മാത്രം ആക്കാന്‍ പറ്റേണ്ടതല്ലേ. ശ്രമിക്കും എന്ന് കരുതുന്നു.
മറ്റൊന്ന്, കോമ എന്നതിന് തുല്യമായ മലയാളം വാക്കില്ലേ? അതോ കോമ മലയാളമാണോ?
Adithyan | 20-Dec-06 at 4:25 am | Permalink
മാനം മര്യാദയ്ക്ക് കവിത എഴുതുന്നോരെ അപമാനിക്കുന്നോ?
ഇനി ഞാന്‍ ഒക്കെ എന്ത് വിശ്വസിച്ച് കവിത എഴുതും? ഉമേഷേട്ടനെങ്ങാന് അതിന്റെ പാരഡി എഴുതി കുളമാക്കിയാലോ
Viswaprabha വിശ്വം | 20-Dec-06 at 5:10 am | Permalink
“ചിഹ്നങ്ങളുപയോഗിക്കും ക്രിയതാനതു ചിഹ്നനം
അങ്കുശം ബിന്ദുവും കോഷ്ഠം രോധിനീ,കാകു, ഭിത്തിക
വലയം ശൃംഖലാരേഖ വിക്ഷേപണ്യദ്ഭൂതാത്മകം
പ്രശ്ലേഷം പിന്നെ വിശ്ലേഷം ഉദ്ധാരണി തഥാപരം
ചിഹ്നങ്ങള്‍ പതിമൂന്നത്രേ ഭാഷയില്‍ ‘രാജ’സമ്മതം”
, അങ്കുശം (അല്പവിരാമം)- Comma
? കാകു (ചോദ്യചിഹ്നം) – Interrogation Mark
. ബിന്ദു (പൂര്‍ണ്ണ വിരാമം/ കുത്ത്)- Full Stop
[] കോഷ്ഠം – Square bracket
“” or “” – ഉദ്ധരണി – Quotation Mark
: ഭിത്തിക (അപൂര്‍ണ്ണ വിരാമം)- colon
; രോധിനി (അര്‍ദ്ധവിരാമം) Semi-colon
! വിക്ഷേപണി (ആശ്ചര്യചിഹ്നം) – Exclamation Mark
– ശൃംഖല Hyphen
– രേഖ Dash
ऽ പ്രശ്ലേഷം (അവഗ്രാഹം) The ‘f’ sign
‘ or ` വിശ്ലേഷം (Apostrophe)
() വലയം – Bracket
തല്ക്കാലം ഇത്രയും. ബാക്കി പിന്നെ.
രാജീവ് | 20-Dec-06 at 3:18 pm | Permalink
നന്നായിരിക്കുന്നു ഉമേഷേട്ടാ 🙂
ഗദ്യ കവിതകളെ “പദ്യപരിഭാഷ“ ചെയ്യുന്നത് ഇതോടെ നിര്ത്തിയേക്കല്ലെ. തുടരുക. ഇതെല്ലാവര്‍ക്കും കഴിയുന്നതല്ല.
-രാജീവ്.
സന്തോഷ് | 20-Dec-06 at 5:48 pm | Permalink
നല്ല സംരംഭം തന്നെ. ഇനി ചിത്രരചന മാത്രമേ “സൃഷ്ടി”കളില്‍ സേയ്ഫ് ആയുള്ളൂ. അല്ലാത്തതിലെല്ലാം ഉമേഷ് കൈവയ്ക്കും:)
ലാപുട | 21-Dec-06 at 4:28 am | Permalink
ഉമേഷേട്ടാ..നളന്റെ കമന്റിനെപ്പറ്റി ഞാന്‍ അവിടെ പറഞ്ഞത് കണ്ടുകാണുമല്ലോ? അതിലെനിക്ക് വായിക്കാന്‍ പറ്റിയ political implication ആണ് ഏറെ പ്രസക്തമായി തോന്നിയത്. ഉമേഷേട്ടന്റെ വിവര്‍ത്തനത്തിനും നല്ല മുറുക്കമുണ്ട്.നളന്റെ ആശയത്തിന്റെ ഗഹനതയെ താങ്കള്‍ നന്നായി പദ്യവത്കരിച്ചിരിക്കുന്നു..
Umesh::ഉമേഷ് | 29-Dec-06 at 2:31 am | Permalink
ലാപുടയുടെ (എന്താ ലാപുടേ ഈ വാക്കിന്റെ അര്‍ത്ഥം? കൊറിയന്‍ ഭാഷയാണോ?) കവിതയെ കൊന്നു കൊലവിളിച്ചതിന്റെ അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.
ഏറ്റവും അദ്ഭുതപ്പെടുത്തിയതു ലാപുടയാണു്. “ഈ പ്രാവശ്യത്തേക്കു ക്ഷമിച്ചിരിക്കുന്നു. ഇനി ഇമ്മാതിരി അഭ്യാസവും കൊണ്ടു് ഈ വഴി വന്നാല്‍ വിവരമറിയും. പോസ്റ്റു ഡിലീറ്റു ചെയ്തിട്ടു പോടേ…” എന്നൊരു പ്രതികരണമാണു പ്രതീക്ഷിച്ചതു്. അതു കിട്ടിയില്ലെന്നു മാത്രമല്ല, അതിലെ ഒന്നു രണ്ടു പദ്യങ്ങള്‍ ഇഷ്ടപ്പെട്ടു എന്നും പറയുന്നു. എനിക്കൊന്നും മനസ്സിലാവുന്നില്ല. ലാപുടയ്ക്കു നന്ദി.
സങ്കുചിതന്റെ കമന്റും അദ്ഭുതപ്പെടുത്തി. അതോ അതൊരു പരിഹാസമായിരുന്നോ? ഏയ്, അങ്ങനെയാകാന്‍ വഴിയില്ല…
പെരിങ്ങോടന്, യാത്രാമൊഴി തുടങ്ങിയവരെപ്പോലെ തന്നെ, എനിക്കും ഈ പരിഭാഷ ഇഷ്ടമായില്ല. വൃത്തത്തിന്റെ ചട്ടക്കൂടിലൊതുക്കിയപ്പോള് ആശയം നഷ്ടപ്പെട്ടതു മാത്രമല്ല (ഉദാഹരണത്തിനു്, ആശ്ചര്യചിഹ്നം ഉരുകി ഇറ്റിറ്റു വീഴുന്നതു വിട്ടുപോയതു ശ്രദ്ധിക്കുക.), ഘടനയിലെ വ്യത്യാസം കവിതയുടെ ആത്മാവിനെ നശിപ്പിച്ചു എന്നു തോന്നുന്നു. വൃത്തത്തിലുള്ള കവിതകളെ ഗദ്യത്തില്‍ തര്‍ജ്ജമ ചെയ്താല്‍ ബോറാകുന്നതു പോലെ (ചങ്ങമ്പുഴയുടെ ഒരു കവിത ആരോ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയതിനെ സച്ചിദാനന്ദന് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതു് എന്നു പറഞ്ഞു് ആരോ എഴുതിയ ഒരു പരിഹാസകവനം ഓര്‍മ്മ വരുന്നു) ഗദ്യകവിതകളെ പദ്യത്തില്‍ പരിഭാഷപ്പെടുത്തിയാലും പരമബോറാകും എന്നു മനസ്സിലായി. താളമില്ലാത്ത കവിതകള്‍ക്കും അതിന്റേതായ ഒരു മുറുക്കം (ഈ വാക്കിനു ലാപുടയോടു കടപ്പാടു്) ഉണ്ടു്. ഈ മുറുക്കം-വൃത്തമുണ്ടെങ്കിലും ഇല്ലെങ്കിലും-കവിതയുടെ ഭംഗിയുടെ ഒരു ഭാഗമാണു്. അതു തെറ്റിയാല്‍ ബോറാകും. ഇപ്പോഴാണു് എനിക്കിതു മനസ്സിലായതു്. ആ വിധത്തില്‍ നോക്കിയാല്‍ ഇതെഴുതിയതില്‍ എനിക്കു സന്തോഷമേ ഉള്ളൂ.
വിഷ്ണുവിന്റെ ഉപമ ഇഷ്ടപ്പെട്ടു. “മമ്മൂട്ടിയുടെ ഡയലോഗ് മാമുക്കോയ പറയുന്നതുപോലെ” എന്നും പറയാം 🙂
ശ്രീജിത്തു പറഞ്ഞതു ശ്രമിക്കാം. പക്ഷേ, അതൊക്കെ വെറും അഭ്യാസം മാത്രമാണു്. കവിതയല്ല. ലാപുടയുടെ കവിതയോടു വേണോ ഈ അതിക്രമം?
“കോമ” മലയാളമല്ല. (അല്ലാ, ഈ ചോദ്യവും ചോദിച്ചതു ശ്രീജിത്തു തന്നെയാണല്ലോ. കോമപ്രിയനാണല്ലേ?) അല്പവിരാമം, അങ്കുശം എന്നൊക്കെയാണു മലയാളം. (വിശ്വം, എന്തിനാ ആ പാവത്തിനെ പേടിപ്പിക്കുന്നതു്?)
ആദിത്യോ, അങ്ങനെയെങ്കിലും നീ കവിതയെഴുതാതിരുന്നാല് ഞാന്‍ കൃതാര്ത്ഥന്. നിന്റെ കഥ കൊണ്ടു മാത്രം ഞങ്ങളുടെയൊക്കെ കഥ കഴിഞ്ഞിരിക്കുകയാണു് 🙂
സൂ, വക്കാരീ, രാജീവ്, സന്തോഷ്,
നന്ദി.