ശ്രീജിത്ത് എഴുതിയ “മരണം” എന്ന കവിത വായിച്ചപ്പോള്‍ നാലു മുക്തകങ്ങള്‍ വായിക്കുന്ന സുഖം കിട്ടി. അവയെ ശ്ലോകങ്ങളായി മാറ്റിയെഴുതിയാലോ എന്ന തോന്നലിന്റെ ഫലമാണു് ഇതു്.
ലാപുടയുടെ കവിതയെ പദ്യത്തിലാക്കിയതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല. അതു വളരെ മോശമായിരുന്നു. അതിനെക്കാള്‍ കൊള്ളാം ഇതു് എന്നാണു് എന്നിലെ വിമര്‍ശകന്‍ പറയുന്നതു്.
ശ്രീജിത്തിന്റെ ആശീര്‍വാദത്തോടെ, പദ്യപരിഭാഷകള്‍ താഴെ. മൂലകവിതയില്‍ അദ്ദേഹത്തിനു് ഉള്‍ക്കൊള്ളിക്കാന്‍ പറ്റാത്ത (ചട്ടക്കൂടിന്റെ പ്രശ്നം ശ്രീജിത്തിനും ഉണ്ടായിരുന്നു എന്നു സാരം) ആശയങ്ങളും കൂടി ഉള്‍ക്കൊള്ളിക്കണം എന്നും ചില ഭാഗങ്ങള്‍ ഒന്നു കൂടി വ്യക്തമാക്കണം എന്നുമുള്ള നിര്‍ദ്ദേശമനുസരിച്ചു് ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്.
(മുക്തകങ്ങളല്ലേ, നാലും നാലു വൃത്തമായ്ക്കോട്ടേ എന്നും കരുതി 🙂 )
അമ്മയ്ക്കു് (കുസുമമഞ്ജരി)
ഉമ്മ വെച്ചു, മടിയില്‍ക്കിടത്തി, യലിവാര്‍ന്നു തന്റെ മുലയൂട്ടവേ
“അമ്മ”യെന്ന പദമാദ്യമന്‍പൊടു പറഞ്ഞ, തന്റെ തണലാകുവാന്‍
സമ്മതിച്ച, നിജരക്തജന്യനിവനെന്റെ വായ്ക്കരിയിടേണ്ടയാള്‍
ഉണ്മ വിട്ടിതു വിധം കിടന്നിടുവതമ്മയെങ്ങനെ സഹിച്ചിടും?
സഹോദരനു് (സ്രഗ്ദ്ധര)
കൂടെച്ചാടിക്കളിക്കാന്‍, ഇടയിലടി പിടിക്കാന്‍, പിണങ്ങാ, നിണങ്ങി-
ക്കൂടാന്‍, ചിത്തം തുറക്കാന്‍, ചുമലൊരഭയമായ് നല്‍കുവാന്‍, ചേര്‍ന്നുറങ്ങാന്‍,
പാടാന്‍ സന്മാര്‍ഗ്ഗ, മെന്നിട്ടതിനു പരിഭവം കേള്‍ക്കുവാന്‍, വന്‍ പ്രതാപം
നേടുമ്പോള്‍ ധന്യനാവാ, നിവനു പകരമായ്‌ക്കാണുവാ, നാരെനിക്കു്?
ഭാര്യയ്ക്കു് (പഞ്ചചാമരം)
കരം ഗ്രഹിച്ചു മാനസത്തിലന്‍പു കൊണ്ടു മൂടിയോന്‍,
കിനാക്ക, ളാശ, ദുഃഖമെന്നില്‍ നിന്നു നെഞ്ചിലേറ്റിയോന്‍,
സഖാവു, പുത്ര, നച്ഛനെന്നു സര്‍വ്വമായി ജീവിതം
സനാഥമാക്കിയോന്‍, പ്രിയന്‍-പിരിഞ്ഞിടുന്നതെങ്ങനെ?
മകനു് (ശാര്‍ദ്ദൂലവിക്രീഡിതം)
താങ്ങായും, തണലായു, മെന്നുമുപദേശാനുഗ്രഹം വിദ്യയും
വാങ്ങാനും, വഴിയായ്, കരുത്തു വഴിയും സാഹായ്യമായ്, ജ്ഞാനമായ്,
പാങ്ങായും, ധനമായു, മെന്നുമണയാനത്താണിയായ്, ജീവിതം
നീങ്ങാന്‍ മാതൃക താതനേകിന സുഖം പുത്രന്നു മറ്റെന്തിനി?
അടികള്‍ വരട്ടേ. ഞാന്‍ മുതുകത്തു പാള വെച്ചു കെട്ടിയിട്ടുണ്ടു് 🙂
ശ്രീജിത്തിന്റെ മൂലകവിത താഴെ:
അമ്മയ്ക്കു്
തന്‍മടിയിലെടുത്തു വളര്‍ത്തിയ, സ്നേഹത്തിന്‍ പാലാല്‍ ഊട്ടിയ,
ആദ്യമായി അമ്മേയെന്നു വിളിച്ച, തനിക്ക് തണലാകാനാശിച്ച,
തന്റെ തന്‍ ചോരയോടുന്ന, തന്റെ കര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്ന,
തന്‍പൊന്നോമനപ്പുത്രന്റെ വേര്‍പാടില്‍പ്പരം വേദന എന്തുണ്ടു്!
സഹോദരനു്
കൂടെക്കളിക്കുവാന്‍, ഇടയ്ക്കിടയ്ക്കടികൂടുവാന്‍, പിണങ്ങാന്‍ പിന്നെ ഇണങ്ങാന്‍
തന്‍ മനസ്സ് തുറക്കുവാന്‍, തോളത്ത് തലചായ്ക്കുവാന്‍, കെട്ടിപ്പിടിച്ചുറങ്ങാന്‍,
എന്നും കൂട്ടായിരിക്കാന്‍, സന്‍മാര്‍ഗ്ഗം കാണിക്കാന്‍, അതിനായി ചൊടിക്കാന്‍,
തന്നിലുമുയരാന്‍, തനിക്കു പകരമാകാന്‍; പ്രാണനെ പിരിഞ്ഞാലും അവനോടാകുമോ!
ഭാര്യയ്ക്കു്
കരം ഗ്രഹിച്ചു മനസ്സില്‍ സ്വീകരിച്ചു തന്നെ സ്നേഹത്താല്‍ മൂടിയ,
തന്റെ ആശകള്‍, സ്വപ്നങ്ങള്‍, ദുഃഖങ്ങള്‍ എല്ലാം തന്റേതുപോലാക്കിയ,
സുഹൃത്തും പിതാവും മകനും എല്ലാമായ് തന്‍ ജീവിതം സഫലമാക്കിയ,
തന്‍ പ്രാണനാഥന്റെ വേര്‍പാടു താങ്ങുവാന്‍ കഴിയുമോ!
മകനു്
താങ്ങായും തണലായും, ഉപദേശമായും അനുഗ്രഹമായും
മാര്‍ഗ്ഗമായും കരുത്തായും വിദ്യയായും സഹായമായും,
അറിവായും ധനമായും സര്‍വ്വോപരി സംരക്ഷണമായും
ആ പിതാവ് തരേണ്ടുന്ന സന്തോഷമാകാന്‍ മറ്റെന്തിനു കഴിയും!
Umesh::ഉമേഷ് | 06-Jan-07 at 3:28 am | Permalink
മണ്ടന്റെ മണ്ടയ്ക്കിട്ടൊരു മണ്ടത്തരം.
ശ്രീജിത്ത് എഴുതിയ “മരണം” എന്ന കവിതയുടെ ശ്ലോകപരിഭാഷ.
പൊതുവാളന്‍ | 06-Jan-07 at 8:01 am | Permalink
മണ്ടന്റെ മണ്ടയ്ക്കിട്ടൊരു മണ്ടത്തരം.
ഉമേഷേട്ടാ ,
വളരെ നന്നായിട്ടുണ്ട്. വൃത്തത്തിന്റെ ചട്ടക്കൂട് എത്രമാത്രം വായനാസുഖം തരുന്നു എന്നു മനസ്സിലായി രണ്ടും ഒരുമിച്ചു വായിച്ചപ്പോള്‍. മൂലകൃതിയോടു 100% നീതി പുലര്‍ത്തിയിട്ടുണ്ട് മൊഴിമാറ്റം നടത്തുമ്പോള്‍
ശ്രീജിത്ത് മണ്ടത്തരങ്ങള്‍ വിളമ്പിത്തന്ന് ഇതുവരെയും നമ്മളെയൊക്കെ മണ്ടന്മാരാക്കുകയായിരുന്നു എന്നു കൂടി മനസ്സിലായി ഇതു വായിച്ചപ്പോള്‍>
കുറുമാന് | 06-Jan-07 at 8:38 am | Permalink
ശ്രീജിത്തിന്റെ കവിത മുന്‍പ് വായിച്ചിരുന്നില്ല. ഇപ്പോഴാ വായിച്ചത്. നന്നായിരിക്കുന്നു. ഉമേഷ്ജിയുടെ ശ്ലോകങ്ങളും അതി മനോഹരം. രണ്ടു പേര്‍ക്കും ആശംസകള്‍
jyo | 06-Jan-07 at 5:12 pm | Permalink
ശ്രീജിത്തേ, വളരെ നന്നായിരിയ്ക്കുന്നു. നഷ്ടപ്പെടുന്നതിനുമുന്പേ ഈ സ്വത്തുക്കളുടെ വില മനസ്സിലാക്കാനായെങ്കില് എത്ര നന്നായിരുന്നു അല്ലേ? അനുമോദനങ്ങള്‍, ശ്രീജിത്തിന്.
ഉമേഷ്ജീ, എല്ലാബ്ലോഗിലും കയറിയിറങ്ങി, കുറച്ചുകൂടി ശ്ലോകങ്ങള്‍ എഴുതിയിരുന്നുവെങ്കില്……….. എനിയ്ക്ക് യാഹൂ സദസ്സില്‍ എന്നും ശ്ലോകം ചൊല്ലാമായിരുന്നൂ…:))
ഇഷ്ടമായി.
ഏവൂരാന് | 06-Jan-07 at 5:58 pm | Permalink
തേച്ചു മിനുക്കിയാല്‍ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍ ബൂലോകമേ,
താഴ്ന്നു കിടക്കുന്നു നിന്നഗാഥ കുഷ്ടിയില്..
— ഇനിയുള്ള വരികളോര്‍മ്മയില്ല..:( ഇത്രയും തന്നെ ശരിയാണോന്നും അറിയില്ല.. 🙁
തേച്ചു മിനുക്കാന്‍ ഉമേശഗുരുക്കള് വേണമെന്നു മാത്രം..! 🙂
ഏവൂരാന് | 06-Jan-07 at 6:00 pm | Permalink
അയ്യോ അഗാഥമല്ല, അഗാധം — ഡീപ്പ് .. 😀
വേണു | 06-Jan-07 at 6:19 pm | Permalink
ജീവിതം
നീങ്ങാന്‍ മാതൃക താതനേകിന സുഖം പുത്രന്നു മറ്റെന്തിനി?
കവിത, അതെ ആ മൊഴിമാറ്റം ഹൃദ്യം മനോഹരം. എനിക്കൊരപേക്ഷ്യുണ്ടു്.ഈ തലക്കെട്ടു് എന്നെ വേദനിപ്പിക്കുന്നു. ഒന്നുകില്‍ ശ്രീജിത്തിന്റെ കവിത.അല്ലെങ്കില്‍ മരണം എന്ന കവിത അങ്ങനെ ആയിരുന്നെങ്കില്‍ എന്നു് ഈ തലക്കെട്ടു കണ്ടതിനു ശേഷം എനിക്കു തോന്നിക്കൊണ്ടിരിക്കുന്നു.
മിടുക്കന് | 08-Jan-07 at 6:14 am | Permalink
ഇന്നിപ്പൊള്‍, എന്നെ പോലെ ഏതു അലവലാതിക്കും വായില്‍ തൊന്നിയത് വിളിച്ചു പറഞ്ഞാല്‍ അതു നാളെ ബൂലൊകത്തില്‍ കവിതയായി പുനര്‍ജനിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ അതിനു കാരണം ഈ ഉമേഷണ്ണന്‍ മാത്രമാണ്..
നാളെ എന്റെ വട്ടുകള്‍ കവിതയായി ആരെങ്കിലും വായിച്ചാല്‍..
അതിനുത്തരവാദി.. ഞാന്‍ ആയിരിക്കില്ല.. അതു പൂര്‍ണമായും ഉമേഷണ്ണന്‍ മാത്രമായിരിക്കും…
(ഓ.ടൊ.. ഉമേഷ്ജി കൊതിയാവുന്നു ഒരു കവിത എഴുതാന്‍.. 🙂
മുല്ലപ്പൂ | 08-Jan-07 at 6:14 am | Permalink
ശ്രീജിയുടെ കവിത ആദ്യമേ വായിച്ചിരുന്നു. അതിനെ തേച്ചുമിനുക്കിയപ്പോള്‍ പത്തര മാറ്റ്.
neermathalam | 08-Jan-07 at 9:59 am | Permalink
offtopic:
njan umeshjiyodu onnum parayanilla…
engine…eee..mandoosine..valamittu valarthiyalo..?
mandatharam..marannu…sreejith kaviyayal ulla..
avastha enikku alochikkane vayya…
pinne vrittatil akkiyathine kurichu…parayan ulla arivo vivaramoo elya,Ennu munkur jaamyam eduthu kondu parangotte…
1.Baryakku…Sreejith’s poem is much ahead than than umeshjis…(because..I feel here method killed the emotion.)
2.Makanu…Umeshji..adipoli….nalla vayanasugam…
when compared to mandoos…version