ഇഞ്ചിപ്പെണ്ണിന്റെ “ബ്യൂട്ടിപാര്‍ലര്‍” എന്ന കവിതയുടെ മൊഴിമാറ്റം

പരിഭാഷകള്‍ (Translations)

ഇഞ്ചിപ്പെണ്ണിന്റെ “ബ്യൂട്ടിപാര്‍ലര്‍” എന്ന കവിതയുടെ (“പാര്‍ലറുകള്‍” എന്നതല്ലേ ഒന്നുകൂടി നല്ല ശീര്‍ഷകം?) പദ്യപരിഭാഷ:

ചില്ലിട്ട ചുമരില്‍ ചാരി,
മുഖകാന്തി വളര്‍ത്തുവാന്‍
അക്ഷമര്‍ കാത്തിരിക്കുന്നൂ
പല രൂപത്തിലുള്ളവര്‍

(തടിച്ചവര്‍, മെലിഞ്ഞോര്‍, മെയ്
വെളുത്തോര്‍, വെള്ള പൂശിയോര്‍)

മേലാകെപ്പൊടിയും പറ്റി,
തോളെല്ലില്‍ കുഴി വീണവള്‍
കീറിപ്പറിഞ്ഞ വസ്ത്രത്തില്‍
വാതില്‍ക്കല്‍ വന്നു നില്‍ക്കവേ,

അന്തം വിട്ടു ചുവപ്പാര്‍ന്നു
മുഖങ്ങള്‍ ഭീതി തേടവേ,
“വൃത്തിയാക്കുന്ന പെണ്ണാണെ”-
ന്നാരോ ചൊന്നതു കേള്‍ക്കവേ,

ആശ്വസിച്ചു പിന്തിരിഞ്ഞൂ
പല രൂപത്തിലുള്ളവര്‍-
തടിച്ചവര്‍, മെലിഞ്ഞോര്‍, മെയ്
വെളുത്തോര്‍, വെള്ള പൂശിയോര്‍…


ഓലമേഞ്ഞോരു ഷാപ്പിന്റെ
മറ പറ്റി, മിനുങ്ങുവാന്‍
അക്ഷമര്‍ കാത്തിരിക്കുന്നൂ
പല രൂപത്തിലുള്ളവര്‍

(പല്ലുന്തിയോര്‍, കണ്‍ കുഴിഞ്ഞോര്‍
കുറ്റിരോമം നിറഞ്ഞവര്‍)

അലക്കിത്തേച്ച തൂവെള്ള-
വസ്ത്രം, പൗഡറുമുള്ളൊരാള്‍
കാറു നിര്‍ത്തിയിറങ്ങീട്ടു
വാതില്‍ക്കല്‍ വന്നു നില്‍ക്കവേ,

അന്തം വിട്ടാശ്വസിച്ചാര്‍ത്തു
മുഖങ്ങള്‍ ചിരി തേടവേ,
“കറി വാങ്ങാന്‍ വന്നതാണെ”-
ന്നാരോ ചൊന്നതു കേള്‍ക്കവേ,

നിരാശരായ്‌ പിന്തിരിഞ്ഞൂ
പല രൂപത്തിലുള്ളവര്‍
പല്ലുന്തിയോര്‍, കണ്‍ കുഴിഞ്ഞോര്‍
കുറ്റിരോമം നിറഞ്ഞവര്‍…


ഇഞ്ചിപ്പെണ്ണിന്റെ മൂലകവിത താഴെച്ചേര്‍ക്കുന്നു:

ചില്ലിട്ട ചുമരില്‍ ചാരി,
മുഖം മിനുക്കുവാനനവധി പേര്‍
തടിച്ചും മെലിഞ്ഞും കറുത്തും വെളുത്തും,
സൌന്ദര്യം കാക്കുവാന്‍ അക്ഷമയോടവര്‍!

പൊടിയുടെ നിറം പറ്റി,
പിഞ്ചി പഴകിയ സാ‍രി വലിച്ചു ചുറ്റി,
തോളെല്ലില്‍ കുഴിവുമായ്,
വാതില്‍ക്കലൊരു മുഖം

പകച്ച മുഖങ്ങള്‍ ചുവന്നു ചുളുങ്ങും മുന്‍പേ,
ഇവിടേക്കല്ല, ഇത് തറ തുടക്കുവാന്‍ വന്നവള്‍
ബ്യൂട്ടീഷന്റെ വാക്കുകള്‍ കേട്ടാശ്വാസം മുഖങ്ങളില്‍;
സൌന്ദര്യത്തിനായ് കാത്തിരിപ്പു തുടര്‍ന്നവര്‍
‌‌‌‌‌‌‌‌

ഓലമേഞ്ഞ ഷാപ്പിന്‍ മറ പറ്റി,
ഒന്ന് മിനുങ്ങുവാനനധിപേര്‍
കണ്ണു കുഴിഞ്ഞും പല്ലുന്തിയും കുറ്റിരോമവുമായി,
സന്തോഷം പങ്കിടാന്‍ അക്ഷമരായവര്‍!

തൂവെള്ള മുണ്ടും കുപ്പായവും
പൌഡറിന്‍ വാസനയും;
ചുവന്നു തുടുത്തൊരു മുഖവുമായ്
കാറൊന്ന് നിറുത്തി ഷാപ്പിന്‍ മുന്നിലൊരാള്‍

അടക്കിപിടിച്ച ചിരികള്‍ പുറത്ത് വരും മുന്‍പേ
ഇവിടേക്കല്ല, ഇത് കറി വാങ്ങുവാന്‍ വന്നൊരാള്‍
കണാരേട്ടന്റെ പറച്ചിലില്‍ നിരാശാമൂകം മുഖങ്ങള്‍;
സന്തോഷം പങ്കിടാന്‍ കാത്തിരിക്കുന്നവര്‍!