സമസ്യ: തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?

സമസ്യാപൂരണം

കവിയും ബാലസാഹിത്യകാരനും അക്ഷരശ്ലോകവിദഗ്ദ്ധനും ഭാഗവതപണ്ഡിതനുമായ ബാലേന്ദു (ശ്രീ കെ. സി. ചന്ദ്രശേഖരന്‍ നായര്‍) അദ്ദേഹം പണ്ടു ജനയുഗത്തില്‍ കണ്ട ഒരു സമസ്യ അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പിലേയ്ക്കു സ്വന്തം പൂരണത്തോടൊപ്പം അയച്ചിരുന്നു. അതു് ഇവിടെ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം സദയം സമ്മതിച്ചിട്ടുണ്ടു്. കുറേക്കാലമായി മുടങ്ങിക്കിടന്നിരുന്ന സമസ്യാപൂരണപംക്തി പുനരാരംഭിക്കുന്നു.

സമസ്യ:

– – – – – – – – – – –
– – – – – – – – – – –
– – – – – – – – – – –
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?

വൃത്തം:

വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – -). ഈ പോസ്റ്റും കാണുക.

ബാലേന്ദുവിന്റെ പൂരണം:

നല്ലോണമുണ്ടു മഴ, ഭൂമി കൃഷിക്കു കേമം,
ചൊല്ലാര്‍ന്ന കാര്‍ഷികപരമ്പര നല്ലവണ്ണം;
ഇല്ലാത്തതൊന്നു പണി ചെയ്‌വതിനുള്ളൊരുക്കം
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?


പൂരണങ്ങള്‍ ദയവായി കമന്റായി ചേര്‍ക്കുക. ഒരാള്‍ക്കു` എത്ര പൂരണങ്ങള്‍‍ വേണമെങ്കിലും അയയ്ക്കാം. വൃത്തം തെറ്റാത്തവയും (തെറ്റിയാല്‍ നമുക്കു കമന്റുകളിലൂടെ നേരെയാക്കാം) ആശയം യോജിക്കുന്നവയുമായ പൂരണങ്ങള്‍ ഞാന്‍ വേറൊരു പോസ്റ്റില്‍ ചേര്‍ക്കാം. മുമ്പു പ്രസിദ്ധീകരിച്ച പൂരണങ്ങളുടെ ആശയം കഴിയുന്നത്ര അപഹരിക്കാതിരിക്കാന്‍ ശ്രമിക്കുക.


ഇതിനു മുമ്പു പ്രസിദ്ധീകരിച്ച സമസ്യകള്‍: