1986-ലാണു് ഞാന്‍ കക്കാടിന്റെ “സഫലമീ യാത്ര” വായിക്കുന്നതു്. ഇത്രയേറെ ഹൃദയത്തെ മഥിച്ച ഒരു കവിത അക്കാലത്തെങ്ങും വായിച്ചിരുന്നില്ല. ഒന്നു രണ്ടു ദിവസം കൊണ്ടു കവിത മുഴുവനും ഹൃദിസ്ഥമായി. കവിത ചൊല്ലാന്‍ പറ്റിയ വേദികളിലൊക്കെ അതു ചൊല്ലി. കേട്ട പലരെയും കരയിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം കക്കാടു മരിച്ചു. തീയതി ഓര്‍മ്മയില്ല. തിരുവാതിരയ്ക്കു് കുറേ നാള് മുമ്പാണെന്നു മാത്രമോര്‍മ്മയുണ്ടു്. രാത്രി ഉറങ്ങാന്‍ കഴിയാതെ ഇരിക്കുമ്പോള്‍, ആ പുസ്തകത്തില്‍ത്തന്നെ ഈ വരികള്‍ കുറിച്ചുവച്ചു. ഈ കവിത ആരുടെയെങ്കിലും പക്കലുണ്ടോ എന്ന പെരിങ്ങോടന്റെ ചോദ്യത്തിനുത്തരം കൊടുക്കാനായി പഴയ പുസ്തകം തപ്പിയെടുത്തപ്പോള്‍ ഇതു വീണ്ടും കിട്ടി. പെരിങ്ങോടന്റെ പ്രേരണയനുസരിച്ചു് അതു് എഡിറ്റുചെയാതെ ഇവിടെച്ചേര്‍ക്കുന്നു.
ഈ കവിത(?)യില്‍ കക്കാടിന്റെ “സഫലമീ യാത്ര”യുടെയും, ഒ. എന്‍. വി. യുടെ “ഭൂമിക്കു് ഒരു ചരമഗീത”ത്തിന്റെയും, അയ്യപ്പപ്പണിക്കരുടെ “കാടെവിടെ മക്കളേ”യുടെയും പ്രേതങ്ങളല്ലാതെ മൌലികമായ ഒന്നും കാണാഞ്ഞതുകൊണ്ടു് ഇതുവരെ ഇതു് ആരെയും കാണിച്ചിട്ടില്ല. ആദ്യമായി കാണിക്കുന്നതു നിങ്ങളെ. എന്തും എഴുതിവിടാനുള്ള വേദിയാണല്ലോ ബ്ലോഗ്!
(വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു് ഇതെഴുതുമ്പോള്‍ ഭാവിയില്‍ പോര്‍വിമാനങ്ങളുടെയും മിസൈലുകളുടെയും നാട്ടില്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യേണ്ടി വരുമെന്നു സ്വപ്നത്തില്‍പ്പോലും കരുതിയില്ല. അതും ഒരു നിയോഗമാവാം.)
ആതിര വരും മുമ്പു നീ പോയി, ധനുമാസ-
രാവുകളിലാര്‍ദ്രയെക്കണ്ടറിയുന്നവരാരുണ്ടു്?
കൈകോര്‍ത്തെതിരേല്‍ക്കുവാനുള്ളൊരാകാംക്ഷയാര്‍ക്കുണ്ടു്?
ശാന്തനായ്, സൌമ്യനായ് നീയെതിരേറ്റു നിന്നാതിരയെ, നിന്നോടു
കൂടിയൊരു നല്ലൂന്നുവടിയായി നിന്നീക്കൊടും യാത്ര സഫലമാക്കീടാന്‍,
വരും കാലമെല്ലാത്തിരുവോണവും വിഷുവും വര്‍ഷവും
തരുവും സുമവും ഫലങ്ങളും
ഊഴമിട്ടൂഴമിട്ടണയവേ,
ശാന്തനായ്, സൌമ്യനായ് നിന്നവയെല്ലാമെതിരേറ്റൊരാതിരയ്ക്കായ് കാത്തു നില്ക്കാന് കൊതിക്കുന്നു ഞാന്‍…
സഫലമാകാം നിന്റെ യാത്ര, പക്ഷേയിതിനെ
വിഫലമെന്നനുനിമിഷമോര്‍ക്കുന്ന ഞങ്ങള്‍ക്കു,
വിഫലമെന്നനുനിമിഷമറിയുന്ന ഞങ്ങള്‍ക്കു,
വിഷുവെവിടെ, യാതിരയുമോണവും വര്‍ഷവും
തളിര്‍പൂക്കള്‍ കായ്കളും തടിനികളുമെവിടെ?
ഇന്നവയൊക്കെ മരവിച്ചു പോയൊരിച്ചിത്തത്തിലെന്നോ മറഞ്ഞടിഞ്ഞോരു കബന്ധങ്ങള്‍ മാത്രമാം;
ഇരുപത്തിയൊന്നാം ശതാബ്ദത്തിലേക്കോടിയണയുന്ന മന്നിന്റെ മുന്‍കാലചരിതത്തിലെച്ചില മങ്ങിമറഞ്ഞ ദുരൂഹദുര്‍ഗ്രാഹ്യശിലാശാസനങ്ങളാം;
കുളിരെങ്ങു പോയെന്നറിയാത്തൊരാതിരയും,
അലര്‍കളെക്കണി കണ്ടിടാത്തതാമാവണിയും,
അവനിയെ മഴയാല്‍ മുടിക്കുന്ന മകരവും,
ശുനകരൊറ്റയ്ക്കു കൊയ്തീടുന്ന കന്നിയും,
പഴമൊക്കെയോര്‍മ്മയായ് മാറിയ മേടവും,
ചുടുവെയിലില്‍ ദാഹജലമരുളാത്തൊരിടവവും,
പരിചിതമായിക്കഴിഞ്ഞിന്നു ഞങ്ങള്‍ക്കു
മിഴി പാര്‍ത്തു കാത്തിരിക്കുന്നതാ “കമ്പ്യൂട്ട”-
റരുളും മനോജ്ഞമാം “സോഷ്യലിസ”ത്തിനാം;
ചെവിയോര്‍ത്തു കാത്തിരിക്കുന്നതാപ്പോര്‍വിമാനങ്ങളുടെ,
കത്തിജ്വലിക്കും മിസൈലിന്റെ മധുരനാദത്തിനാം.
സഫലമല്ലീ യാത്ര, യനുനിമിഷമേറുമസംതൃപ്തി ഞങ്ങളുടെ-
യകതാരിനെക്കാര്‍ന്നു തിന്നുന്നു നിത്യവും.
സഫലമാവില്ലൊരു നാളുമീ യാത്ര, യീ
ധരയിലിനിയും – പ്രളയമുണ്ടാകണം, സകലമൊഴിയണം, പഴയതാമാലില പോലും നശിക്കണം –
പിന്നൊരു നൂതനഭൂമിയുമാകാശവും പിറന്നീടണം –
ഇനിയുമേതെങ്കിലും യാത്ര സഫലമായ്ത്തീരുവാന്‍!
(എഴുതിയതു്: 1987-ലോ 1988-ലോ)
2006 മാര്‍ച്ച് 4:
വിശ്വത്തിന്റെ കുറിപ്പില്‍ നിന്നു് കക്കാടിന്റെ മരണം 1987 ജനുവരി ആറിനാണെന്നു മനസ്സിലായി. ധനുമാസത്തിലെ തിരുവാതിരയ്ക്കു് ഏഴു ദിവസം മുമ്പു്. അപ്പോള്‍ ഞാന്‍ ഇതു് എഴുതിയതു് 1987 ജനുവരി ഏഴാം തീയതി കഴിഞ്ഞുള്ള രാത്രിയിലാവണം. നന്ദി, വിശ്വം!
Su | 03-Mar-06 at 7:20 am | Permalink
🙂 നന്നായിട്ടുണ്ടല്ലോ.
Marthyan | 03-Mar-06 at 9:34 pm | Permalink
ഉമേഷ്
പെരിങ്ങൊടന്റെ ബ്ലോഗിലൂടെ സഞ്ചരിച്ച് ഇവിടെ എത്തി, വായിച്ചു, ഇഷ്ടപ്പെട്ടു.
സഫലമീ യാത്ര ഒന്ന് ചൊല്ലി കേള്‍ക്കണമല്ലോ.
സിബു | 04-Mar-06 at 1:07 am | Permalink
കാരണമറിയില്ല; “പഴയതാമാലില പോലും നശിക്കണം“ ഇഷ്ടമായി…
ഉമേഷ് | 04-Mar-06 at 1:23 am | Permalink
നന്ദി, സൂ.
മര്‍ത്യാ, പാടി റെക്കോര്‍ഡു ചെയ്യുന്ന ടെക്നോളജി ഒന്നു മനസ്സിലാകട്ടേ. ഇവിടെത്തന്നെ ഇടാം. കുറേ ശ്ലോകങ്ങളും, വൃത്തങ്ങളെപ്പറ്റിയുള്ള ഒരു ക്ലാസ്സും – അങ്ങനെ പലതും ചെയ്യാനുണ്ടു്. ഒരു കാസറ്റില്‍ റെക്കോര്‍ഡു ചെയ്തു് കാസറ്റ്പ്ലെയറിന്റെ out കമ്പ്യൂട്ടറിന്റെ in-ല്‍ കൊടുത്തു് എടുത്താല്‍ മതിയോ? വീട്ടിലൊരു വിന്‍ഡോസ് 2000 ആണു്.
കക്കാടിനെ കണ്ടിട്ടില്ല മര്‍ത്യാ. അദ്ദേഹത്തിന്റെ അനുസ്മരണയ്ക്കു് കോഴിക്കോടു നടത്തിയ സമ്മേളനത്തില്‍ പോയിരുന്നു. ഞാനന്നു് REC-യില്‍ പഠിക്കുന്നു.
സിബൂ. പ്രളയം വന്നാലും, അതിലൊരു ആലില ഉണ്ടാവുമെന്നും, അതില്‍ മഹാവിഷ്ണു ശിശുരൂപിയായി സ്ഥിതി ചെയ്യുമെന്നും, അതില്‍ നിന്നു് അടുത്ത പ്രപഞ്ചം ഉണ്ടാവുമെന്നും ഭാഗവതം പറയുന്നു. അങ്ങനെ ഉണ്ടായാല്‍ അതും ഇതുപോലെ ആവില്ലേ? അതാണു് ആ ആലില പോലും നശിക്കണം എന്നു പറഞ്ഞതു്.
ഉമര്‍ ഖയ്യാമിന്റെ ഈ പദ്യത്തോടു കടപ്പാടു്.
Viswaprabha വിശ്വപ്രഭ | 04-Mar-06 at 4:40 am | Permalink
നോവിന്റെ മധുപാത്രം
പെരിങ്ങോടന് | 04-Mar-06 at 6:50 am | Permalink
ഉമേഷെ,
കമ്പ്യൂട്ടര്‍ ഉപയോഗിച്ചു റിക്കോര്‍ഡിങ്ങിനും ഈ സൈറ്റിലെ സോഫ്റ്റ്വെയര് ഉപയോഗിച്ചു നോക്കുക: http://audacity.sourceforge.net/ എസ്.എഫില്‍ കാണുമ്പോഴെ ഊഹിക്കാമല്ലോ, ലിനക്സിലും/*നിക്സിലും സംഗതി ഓടുന്നതാണു്.
Sunil | 14-Mar-06 at 3:40 pm | Permalink
ഉമേഷ്, ഓഡാസിറ്റി ഒരു നല്ല സോഫ്റ്റ്വെയറാണ്. ഞാനും വിന്ദോസ് 2000 ഇല് അതുപയോഗിച്ചു രെക്കോഡ് ചെയ്യാറുണ്ട്.
കക്കാടിന് വയലാറ് അവാര്‍ഡ് കിട്ടിയതിന് അനുമോദിക്കാന്‍ ഒരു സമ്മേളനം ഉണ്ടായി പെരിന്തല്‍മണ്ണയില്‍.ഞാനും അതിന് പോയിരുന്നു. അദ്ദേഹം തന്നെ ചൊല്ലിയത് കേട്ട് വികാരഭരിതനായി നിന്ന്ഉപോയി ഉമേഷേ. നല്ല ഘനമുള്ള ശബ്ദം. അസുഖം (കാന്‍സര്‍ തൊണ്ടയില്െന്നാണ് എന്റെ ഓര്‍മ്മ)അത്ര ശല്യപ്പെടുത്തിയിരുന്നില്ല അക്കാലങളില്!അതൊ അവ്അസ്നകാലമായിരുന്നോ ഓര്‍മ്മയില്ല. ആദ്യമായും അവസാനമായും ഞാന്‍ കണ്ടത് ഓര്‍മ്മയുണ്ട്. പ്ന്നീറ്റ് “കാട്ടുപോത്ത്” കോളേജില്‍ പഠിക്കേണ്ടതായും വന്നു.
ഞാനിതൊക്കെ ഇപ്പോഴാണ് കാണണത് ട്ടൊ.
ഉമേഷ് | Umesh | 14-Mar-06 at 5:30 pm | Permalink
ഓഡാസിറ്റി ഉപയോഗിച്ചുതുടങ്ങി. ഒരു മൈക്കും വാങ്ങി. ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ല. ജാഗ്രതൈ!
നന്ദി, പെരിങ്ങോടനും സുനിലിനും.
പെരിങ്ങോടന് | 25-Mar-06 at 7:01 pm | Permalink
അതേയ്, ഓരോന്നൊക്കെ എഴുതിവച്ച് ആളെ പറ്റിക്കാമെന്നു കരുതേണ്ടാ, ചില വാഗ്ദാനങ്ങളൊക്കെ ഞങ്ങള്‍ക്കു തന്നിട്ടുണ്ടെന്നു് ഓര്‍മ്മിക്കുക. മൈക്കും ഓഡാസിറ്റിയുമൊക്കെ ആയ സ്ഥിതിക്ക് റെക്കോര്‍ഡിങ് തുടങ്ങാം 🙂
ഉമേഷ് | 25-Mar-06 at 8:01 pm | Permalink
ക്ഷമിക്കൂ പെരിങ്ങോടരേ. ഉടനെ ചെയ്യുന്നതാണു്. 🙂
cALviN::കാല്വിന് | 26-May-09 at 2:51 am | Permalink
ഉടനേ ചെയ്യും എന്നൊക്കെ പറഞ്ഞിട്ട് എവിടെ? കേൾക്കാനില്ലല്ലോ?
Umesh:ഉമേഷ് | 26-May-09 at 3:00 am | Permalink
ഇതൊന്നും കേട്ടിട്ടില്ലേ കാൽജയാ?