February 2005

കയ്യക്ഷരമോ കൈയക്ഷരമോ?

ഹൈസ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കു്‌ എനിക്കുള്ള ഒരു സംശയമാണിതു്‌.

ഹൈസ്കൂളില്‍ മലയാളപരീക്ഷകളില്‍ തെറ്റും ശരിയും വേര്‍തിരിച്ചു കണ്ടുപിടിക്കുവാനുള്ള ഒരു ചോദ്യമുണ്ടു്‌. ഒരു വാക്കു രണ്ടു വിധത്തില്‍ തന്നിട്ടുണ്ടാവും. അവയില്‍ ശരിയേതു്‌ എന്നു നാം കണ്ടുപിടിച്ചു്‌ എഴുതണം – യാദൃശ്ചികവും യാദൃച്ഛികവും പോലെ.

ഈ വിഭാഗത്തില്‍ സാധാരണ കാണുന്ന ഒരു ചോദ്യമുണ്ടു്‌ – കൈയക്ഷരമോ കയ്യക്ഷരമോ ശരി? (കൈയെഴുത്തു്‌, കയ്യെഴുത്തു്‌ എന്നിവയും കാണാറുണ്ടു്‌). അദ്ധ്യാപകര്‍ അതിന്റെ ഉത്തരം പറഞ്ഞുതന്നിട്ടുമുണ്ടു്‌ – കൈയക്ഷരം ശരി, കയ്യക്ഷരം തെറ്റു്‌.

എന്തുകൊണ്ടു്‌ എന്നു ചോദിച്ചാല്‍ മിക്കവാറും “അതങ്ങനെയാണു്‌” എന്നാവും ഉത്തരം കിട്ടുക. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ഒരു അദ്ധ്യാപിക കേരളപാണിനീയത്തിലെ പൂര്‍വ്വം താലവ്യമാണെങ്കില്‍ യകാരമതിലേല്‍ക്കണം എന്ന പരാമര്‍ശം കാണിച്ചുതന്നു.

പക്ഷേ, സ്വരം പരമായാല്‍ ‘ഐ’യ്ക്കു ‘അയ്‌’ ആദേശം വരികയില്ലേ എന്നായിരുന്നു എന്റെ സംശയം. ഉദാഹരണങ്ങള്‍:


ഐ + ആയിരം = അയ്യായിരം
ഐ + അമ്പന്‍ = അയ്യമ്പന്‍
തൈ + ആയ = തയ്യായ
കൈ + ആല്‍ = കയ്യാല്‍
കൈ + ആല = കയ്യാല

ഐയമ്പന്‍, തൈയായ, കൈയാല്‍ എന്നും കണ്ടിട്ടുണ്ടെങ്കിലും ഐയായിരം, കൈയാല എന്നൊന്നും എഴുതിക്കണ്ടിട്ടില്ല.

ഉള്ളൂരിന്റെ ഉമാകേരളത്തിലെ ഈ ശ്ലോകം ഈ നിയമത്തെ സാധൂകരിക്കുന്നു.


തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
കയ്യാലണപ്പവനു കാമിതമാക നല്‍കാന്‍
അയ്യായിരം കുല കുലയ്പൊരു തെങ്ങുകള്‍ക്കു-
മിയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

ഇങ്ങനെയൊക്കെയായിട്ടും കയ്യക്ഷരത്തിനും കയ്യെഴുത്തിനും എന്താണു്‌ ഇത്ര കുഴപ്പം?

ഈ രണ്ടു പ്രയോഗങ്ങളും ശരിയാണെന്നാണു്‌ എനിക്കു തോന്നിയതു്‌. ഒരു പരീക്ഷയ്ക്കു്‌ ഉദാഹരണസഹിതം ഞാന്‍ എഴുതുകയും ചെയ്തു. മാര്‍ക്കു കിട്ടിയില്ല എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

നിങ്ങളുടെ അഭിപ്രായം?

വ്യാകരണം (Grammar)

Comments (3)

Permalink

സ്വന്തം തെറ്റു്‌

വിശേഷണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ ഏതിനെയാണു വിശേഷിപ്പിക്കുന്നതു്‌ എന്നതില്‍ സംശയമുണ്ടാകാതെ ഉപയോഗിക്കണമെന്നു്‌ എ. ആര്‍. രാജരാജവര്‍മ്മ പലയിടത്തു പറഞ്ഞിട്ടുണ്ടു്‌. അങ്ങനെ സംശയമുണ്ടാക്കുകയാണെങ്കില്‍ അതു്‌ ഒരു കാവ്യദോഷമാണെന്നും അദ്ദേഹം ഭാഷാഭൂഷണത്തില്‍ ഉദാഹരണസഹിതം പ്രസ്താവിച്ചിട്ടുണ്ടു്‌.

ഈ ദോഷത്തിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം എ.ആര്‍.-ന്റെ തന്നെയായിട്ടുണ്ടെന്നതു്‌ വിചിത്രം തന്നെ. അദ്ദേഹത്തിന്റെ കുമാരസംഭവം തര്‍ജ്ജമയില്‍ “പുഷ്പം പ്രവാളാപഹിതം…” എന്ന കാളിദാസശ്ലോകത്തിന്റെ തര്‍ജ്ജമയായ ചുവടെച്ചേര്‍ക്കുന്ന ശ്ലോകമാണു്‌ ഞാന്‍ ഉദ്ദേശിച്ചതു്‌.


ചേലൊത്ത പുഷ്പമൊരു ചെന്തളിരില്‍പ്പതിച്ചാല്‍
അല്ലെങ്കില്‍ മുത്തുമണി നല്‍പ്പവിഴത്തില്‍ വച്ചാല്‍
തൊണ്ടിപ്പഴത്തിനെതിരാം മദിരാക്ഷി തന്റെ
ചുണ്ടില്‍പ്പരക്കുമൊരു പുഞ്ചിരിയോടെതിര്‍ക്കും.

ഈ ശ്ലോകത്തില്‍ “തൊണ്ടിപ്പഴത്തിനെതിരായതു്‌” എന്താണു്‌? മദിരാക്ഷിയോ ചുണ്ടോ പുഞ്ചിരിയോ? (ചുണ്ടാണു കവി ഉദ്ദേശിച്ചതു്‌)

ചുഴിഞ്ഞുനോക്കല്‍
വ്യാകരണം (Grammar)

Comments (5)

Permalink

ഹൃദയമുരളി (Sujatha)

If you ask me which one I consider as the most beautiful and touching poem I ever read, I will definitely vote this short poem:


The music of silence
Entered my heart
And made seven holes
To make it a flute

This was written by a gifted girl named Sujatha, a few months before her death by heart disease. I don’t know whether her disease was due to holes in the heart though…

ഞാനിതിനെ തര്‍ജ്ജമ ചെയ്യാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടു്‌. ഒന്നും ഈ കവിതയുടെ നൂറിലൊന്നു വികാരം പോലും ഉണ്ടാക്കിയില്ല. ഒരു വിഫലശ്രമം (1984) താഴെച്ചേര്‍ക്കുന്നു:


ഈ നിശ്ശബ്ദത – ഉണ്ടിതിന്നൊരു നറും സംഗീതം – ഇന്നെന്റെയീ
ഗാനത്തിന്നു വിതുമ്പി നിന്ന ഹൃദയം തന്നില്‍ക്കടന്നിട്ടിതാ
ഞാനോരാതെ, യതിന്റെയുള്ളിലതുലം ദ്വാരങ്ങളേഴെണ്ണമി-
ട്ടാനന്ദാമൃതമേകിടുന്ന മുരളീനാദത്തെയുണ്ടാക്കി ഹാ! 

Does anyone know any other poem by Sujatha? She had written poems in English and Malayalam. I was a small boy when I heard about her death and this poem.

2005/11/17:

ഇതിന്റെ ഞാന്‍ ചെയ്ത മറ്റു ചില പരിഭാഷകള്‍ കൂടി കാണണമെന്നു പലരും ആവശ്യപ്പെട്ടു. ഓര്‍മ്മയുള്ള രണ്ടെണ്ണം താഴെച്ചേര്‍ക്കുന്നു:

1.


മൌനസംഗീതമിന്നെന്റെ
ഹൃത്തില്‍ താമസമാക്കിയോ
ഏഴു ദ്വാരങ്ങളിട്ടിട്ടൊ-
രോടപ്പുല്‍ക്കുഴലാക്കുവാന്‍?
 

2.


മധുരമൊഴി തൂകിടും നിശ്ശബ്ദതയ്ക്കെന്റെ
ഹൃദയമൊരു സംഗീതഗേഹമായ്‌ത്തീരവേ
സുഷിരമതിലേഴെണ്ണമിട്ടുവോ, രമ്യമാം
കളമുരളിയാക്കിക്കലാശം മുഴക്കുവാന്‍?
 

കൂടുതല്‍ പരിഭാഷകള്‍ക്കു്‌ സുനിലിന്റെ വായനശാലയിലെ ഈ ലേഖനവും അതിന്റെ പിന്മൊഴികളും വായിക്കുക.

2006/03/27:
“വായനശാല”യിലെ പരിഭാഷാമത്സരത്തിനു വേണ്ടി ഞാന്‍ മറ്റൊരു പരിഭാഷയും കൂടി എഴുതിയിരുന്നു. അതു താഴെച്ചേര്‍ക്കുന്നു:


ഒരുപാടു സംഗീതമിയലുന്ന മൌനമെന്‍
ഹൃദയത്തിലേറിത്തുളച്ചൂ
സുഷിരങ്ങളേഴെണ്ണ, മതിനെയെന്നിട്ടൊരു
മുരളികയാക്കിച്ചമച്ചൂ

 

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (8)

Permalink

ഉണരുക! (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ റുബായിയാത്തിലെ ആദ്യത്തെ പദ്യത്തിന്റെ പരിഭാഷ (1981):


കമ്പം കൈവിട്ടുണരുക, നിശാവേദിയില്‍ നിന്നുമായ്‌ തന്‍
മുമ്പില്‍ക്കാണായിടുമൊരുഡുവൃന്ദത്തെയോടിച്ചതിന്‍ തന്‍
പിമ്പേ പായിച്ചിരവിനെയുമാ വിണ്ണില്‍ നിന്നും, കരത്താ-
ലമ്പെയ്യുന്നൂ നൃപഭവനശൃംഗത്തിലാദിത്യദേവന്‍!

മൂലകവിത:


WAKE! For the Sun, who scatter’d into flight
The Stars before him from the Field of Night,
Drives Night along with them from Heav’n, and strikes
The Sultan’s Turret with a Shaft of Light.

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (0)

Permalink

പാപം (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ ഒരു ചതുഷ്പദിയുടെ പരിഭാഷ (2005):

എന്നെബ്ഭൂമിയിലെന്തിനിങ്ങനെ വൃഥാ തള്ളീട്ടു, ഞാന്‍ പോയിടും
പന്ഥാവില്‍ കുഴികുത്തി, മുള്ളുകള്‍ വിത, ച്ചോടിച്ചിടുന്നൂ ഭവാന്‍?
ഇന്നെന്‍ കാലിടറി, പ്പതിച്ചു കുഴിയില്‍, മുള്ളേറ്റു രക്തം വമി-
ച്ചെന്നാ, ലായതുമെന്റെ പാപഫലമാണെന്നോതുമോ ദൈവമേ?

മൂലകവിത:

Oh Thou, who didst with pitfall and with gin
Beset the Road I was to wander in,
Thou wilt not with Predestined Evil round
Enmesh, and then impute my Fall to Sin!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (1)

Permalink

എന്റെ സ്വര്‍ഗ്ഗം (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ പ്രസിദ്ധമായ ചതുഷ്പദിയുടെ പരിഭാഷ (1984):


സുരുചിരലഘുകാവ്യം, കാനനച്ഛായ, പാത്രം
നിറയെ മധു, കഴിക്കാനിത്തിരിബ്ഭക്ഷണം കേള്‍
അരികില്‍ മധുരഗാനം പാടുവാനോമനേ നീ!
സുരപുരിയിവനെന്നാല്‍ കാനനം പോലുമാഹാ!

മൂലകവിത: (Fitzgerald Translation)


A book of verses underneath the bough,
A jug of wine, a loaf of bread, and thou
Beside me singing in the winderness,
Oh, the Wilderness were paradise enough!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (1)

Permalink

സ്മരണ (Vassily Zhukhovky)

റഷ്യന്‍ കവിയായിരുന്ന വാസിലി ഷുക്കൊവ്സ്കി(Vassily Zhukhovsky)യുടെ ഒരു കൊച്ചു കവിതയുടെ വലിച്ചുനീട്ടിയ പരിഭാഷ (1986):


ഭുവനത്തെയാനന്ദപൂര്‍ണ്ണമാക്കാ-
നൊരു ജീവിതം മൊത്തമാഗ്രഹിച്ച
പ്രിയരാം സതീര്‍ത്ഥ്യരെപ്പിന്നെയേതോ
നിമിഷത്തില്‍ ദുഃഖത്തൊടോര്‍ത്തിടുമ്പോള്‍
അഴലാര്‍ന്നു ചൊല്ലായ്ക: “മത്സഖാക്കള്‍
മൃതരായി, വിട്ടുപോയ്‌” എന്നു നിങ്ങള്‍;
പറയേണം നന്ദിയോടിപ്രകാരം:
“അവര്‍ വാണു നമ്മളൊത്തിത്ര നാളും!”

ഇതിന്റെ മൂലകവിത (Воспоминание – 1818):


О милых спутниках, которые наш свет
Своим сопутствием для нас животворили,
    Не говори с тоской: их нет;
    Но с благодарностию: были.

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (2)

Permalink

സുഹൃത്തു്‌ (സുഗതകുമാരി)

സുഗതകുമാരിയുടെ ഒരു കവിതയുടെ അവസാനം:


നിഷ്ഫലമല്ലീ ജന്‍മം – തോഴ,
നിനക്കായ്‌ പാടുമ്പോള്‍,
നിഷ്ഫലമല്ലീ ഗാനം, നീയിതു
മൂളി നടക്കുമ്പോള്‍…

സുഗതകുമാരിയുടെ ആ കവിത എനിക്കു്‌ അത്ര ഇഷ്ടമല്ല. എങ്കിലും, ഈ നാലു വരി അതീവ ഹൃദ്യമായി തോന്നിയിട്ടുണ്ടു്‌. ഏറ്റവും കവിത തുളുമ്പുന്ന വരികളായി ഞാന്‍ കരുതുന്ന ചില കാവ്യങ്ങളില്‍ ഒന്നു്‌.

My translation (1984) (“തോഴ” എന്നതിനെ “തോഴി” എന്നാക്കിയാല്‍) :


My life is not in vain, my friend,
When I sing for thee;
My song is not waste, when it lends
Thy lovely lips a glee!

പരിഭാഷകള്‍ (Translations)

Comments (2)

Permalink

എന്താണു കവിത? (അഥവാ തര്‍ജ്ജമയുടെ മനശ്ശാസ്ത്രം)

എന്താണു കവിത?

ഈ ചോദ്യത്തിനു്‌ സാഹിത്യശാസ്ത്രത്തിലെ പല മഹാന്‍മാരും പല ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്‌. സഹൃദയര്‍, ചമത്ക്കാരം, അലങ്കാരം, ധ്വനി, പദ്യം, സായുജ്യം തുടങ്ങി പല വാക്കുകളും ഉള്‍പ്പെടുന്ന നിര്‍വ്വചനങ്ങള്‍.

ഏതാണ്ടു പതിന്നാലു വയസ്സു പ്രായമുണ്ടായിരുന്നപ്പോള്‍ എനിക്കൊരു നിര്‍വ്വചനം തോന്നി:

എന്തെങ്കിലും വായിച്ചാല്‍ തര്‍ജ്ജമ ചെയ്യണമെന്നു തോന്നുമോ അതാണു കവിത.

തര്‍ജ്ജമ ചെയ്യല്‍ ഒരു തരം മോഷണമാണു്‌. മറ്റൊരാളുടേതായ സുന്ദരമായ വസ്തു ഏതെങ്കിലും വിധത്തില്‍ സ്വന്തമാക്കി ആനന്ദിക്കുന്ന ഒരു പ്രക്രിയ. മഹത്തായ ആശയങ്ങള്‍ സ്വന്തം തൂലികയിലൂടെ പുറത്തുവരുമ്പോള്‍ ഒരു സുഖം. ഒരു പക്ഷേ ഇതു്‌ ഒരു മാനസികവൈകൃതമാവാം.

പതിമൂന്നു മുതല്‍ ഇരുപത്തിനാലു വരെ വയസ്സു പ്രായമുണ്ടായിരുന്നപ്പോള്‍ ഞാന്‍ ഒരുപാടു കവിതകള്‍ തര്‍ജ്ജമ ചെയ്തിരുന്നു. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, സംസ്കൃതം, റഷ്യന്‍ എന്നീ ഭാഷകളില്‍ നിന്നു മലയാളം, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലേക്കു്‌. ഇവയില്‍ ഏതാണ്ടു നാല്‍പ്പതോളം റഷ്യന്‍ കവിതകളുടെയും നൂറില്‍പ്പരം സംസ്കൃതശ്ലോകങ്ങളുടെയും Omar Khayyam-ന്റെ Rubaiyat-ലെ (Fitzgerald Translation) എല്ലാ ശ്ലോകങ്ങളുടെയും മലയാളപരിഭാഷകളും, ചില മലയാളകവിതാശകലങ്ങളുടെ ഇംഗ്ലീഷ്‌ പരിഭാഷകളും ഉള്‍പ്പെടുന്നു.

ഇവയില്‍ ഒന്നും നന്നായിട്ടില്ല. ഒന്നും എനിക്കു്‌ ഇഷ്ടപ്പെട്ടിട്ടുമില്ല. ഇവയെ മൂലകവിതകളോടു ചേര്‍ത്തു വായിക്കുമ്പോള്‍ എല്ലാം നശിപ്പിക്കണമെന്നു തോന്നും. ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. മിക്കതും മറ്റാരും കണ്ടിട്ടുമില്ല. ഒന്നും സൂക്ഷിച്ചുവെച്ചിട്ടുമില്ല. എങ്കിലും പലതും ഓര്‍മ്മയുണ്ടു്‌.

ഓര്‍മ്മയുള്ളതൊക്കെ ഈ ബ്ലോഗില്‍ Translations എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ പോവുകയാണു്‌. ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുകയാണെങ്കില്‍ ആകട്ടെ.

പറ്റുമെങ്കില്‍ ഒറിജിനലുകളും പ്രസിദ്ധീകരിക്കും. റഷ്യന്‍ ഭാഷ unicode-ല്‍ പ്രസിദ്ധീകരിക്കാനുള്ള എന്തെങ്കിലും വിദ്യ ആര്‍ക്കെങ്കിലും അറിയാമോ?

പരിഭാഷകള്‍ (Translations)
പലവക (General)

Comments (4)

Permalink