February 2007

Indibloggies അവാര്‍ഡ് കുറുമാനു്

ഇന്‍ഡിബ്ലോഗീസ് 2006-ന്റെ ഏറ്റവും നല്ല മലയാളബ്ലോഗിനുള്ള പുരസ്കാരം കുറുമാന്റെ “കുറുമാന്റെ കഥകള്‍”ക്കു്. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 37% വോട്ടു നേടിക്കോണ്ടു് കുറുമാന്‍ തകര്‍പ്പന്‍ ജയം നേടി. ബാക്കിയുള്ളവര്‍ക്കെല്ലാം കെട്ടിവെച്ച കാശു നഷ്ടമായി 🙂

വിശദവിവരങ്ങള്‍ ഇവിടെ.

താഴെപ്പറയുന്ന ക്രമത്തിലാണു് നില.

മൊത്തം വോട്ടുകള്‍: 133

സ്ഥാനം ബ്ലോഗ് വോട്ടുകള്‍ ശതമാനം
1 കുറുമാന്റെ കഥകള്‍ 49 (36.8%)
2 ഗുരുകുലം 25 (18.8%)
3 ഇടിവാള്‍ 22 (16.5%)
4 മൊത്തം ചില്ലറ 19 (14.3%)
5 കൊടകരപുരാണം 13 (9.8%)
6 ശേഷം ചിന്ത്യം 5 (3.8%)

കുറുമാനു് അഭിനന്ദനങ്ങള്‍! കറന്റ് ബുക്സ്‌കാരേ, ഇപ്പോഴേ ബുക്കുചെയ്തോളൂ…. 🙂

(ബൂലോഗക്ലബ്ബില്‍ പോസ്റ്റു ചെയ്യാന്‍ നോക്കിയിട്ടു പറ്റിയില്ല. പുതിയ ബ്ലോഗര്‍ പ്രശ്നം. ആരെങ്കിലും അവിടെയും ദയവായി ഇടൂ…)

ബ്ലോഗ്

Comments (32)

Permalink

കവിതയും ചിഹ്നങ്ങളും

ഉമ്പാച്ചിയുടെ ആദ്യപകല്‍ എന്ന കവിതയ്ക്കു് അനംഗാരി എഴുതിയ കമന്റിനു് ഒരു പ്രതികരണം. അവിടെ ഒരു കമന്റിടാന്‍ നോക്കിയിട്ടു പറ്റാഞ്ഞിട്ടാണു് ഇവിടെ എഴുതുന്നതു്.

ദയവായി ഇതിന്റെ പ്രതികരണങ്ങള്‍ ഉമ്പാച്ചിയുടെ പോസ്റ്റില്‍ ഇടുക. ഈ പോസ്റ്റില്‍ കമന്റ് അനുവദിച്ചിട്ടില്ല.


വിപുലമായ വിഷയമായതുകൊണ്ടു് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. കവിതകളില്‍ ചിഹ്നങ്ങളിടുന്നതിനെപ്പറ്റി പത്തറുപതു കൊല്ലം മുമ്പു് കുട്ടിക്കൃഷ്ണമാരാര്‍ പറഞ്ഞതു കേള്‍ക്കുന്നതു രസാവഹമായിരിക്കും. (അവലംബം: സന്തോഷിന്റെ “കുത്തും കോമയും” എന്ന പോസ്റ്റ്‌.)

വിരാമചിഹ്നങ്ങളെസ്സംബന്ധിച്ച ഈ അധ്യായം തുടങ്ങുമ്പോള്‍, എഴുത്തച്ഛന്‍പാട്ടുപുസ്തകങ്ങളുടെ പഴയ ചില പതിപ്പുകളും മറ്റുമാണ് എന്‍റെ ഓര്‍മ്മയില്‍ വരുന്നത്: പദങ്ങള്‍ക്കിടയില്‍ ഒരകലവുമില്ലാതെ, വരിയെല്ലാം നിരത്തിച്ചേര്‍ത്തു ശീലുകള്‍ തീരുന്നേടത്തു വാക്യം വിരമിച്ചാലും ഇല്ലെങ്കിലും-പദസന്ധിയുണ്ടെങ്കില്‍ക്കൂടി-ഓരോ നക്ഷത്രപ്പുള്ളി (*) യുമിട്ട് അച്ചടിച്ചു തള്ളിയിരുന്ന ആ കോപ്പികള്‍, ആ സമ്പ്രദായം വിട്ടു പദം തിരിയ്ക്കലും വരി തിരിയ്ക്കലും ഇടയ്ക്കു ചില വിരാമചിഹ്നങ്ങള്‍ ചേര്‍ക്കലുമായി അച്ചടി പരിഷ്കരിച്ച് പരിഷ്കരിച്ച്, ഇപ്പോള്‍ കുറേ ബിന്ദു പംക്തിയും കുറേ പ്രശ്നാശ്ചര്യചിഹ്നങ്ങളും (………! ! ??) ചില നക്ഷത്രപ്പുള്ളിവരികളും, അവയ്ക്കെല്ലാമിടയില്‍ കുറേ വാക്കുകളുമായി അച്ചടിക്കപ്പെട്ടതാണ് ഒന്നാംതരം കവിത എന്ന നിലയിലെത്തിയിരിക്കുന്നു.

അക്ഷരശ്ലോകം ഗ്രൂപ്പിനു വേണ്ടി ശ്ലോകങ്ങള്‍ ശേഖരിക്കുമ്പോള്‍ സംസ്കൃത-മലയാളശ്ലോകങ്ങളില്‍ അര്‍ത്ഥം വ്യക്തമാകത്തക്കവിധത്തില്‍ ചിഹ്നങ്ങള്‍ ചേര്‍ക്കുന്ന ഒരു പരിഷ്കാരം ഞാന്‍ കൊണ്ടുവന്നിരുന്നു. ഇതിനെ പലരും ചോദ്യം ചെയ്തിരുന്നു. അങ്ങനെ ഇതുവരെ കണ്ടിട്ടില്ല എന്നതാണു കാരണം.

അപരിചിതത്വം (unfamiliarity) ആണു് പലപ്പോഴും ഇത്തരം വിവാദങ്ങള്‍ക്കു കാരണം. സാഹിത്യത്തിന്റെ നിര്‍വ്വചനം തന്നെ മാറിക്കൊണ്ടിരിക്കുന്നു. ദേവരാജന്‍ മാസ്റ്റര്‍ ഈ അടുത്ത കാലത്തു സംഗീതം നല്‍കിയ പാട്ടുകള്‍ പലതും ഹിറ്റായില്ലല്ലോ. പാട്ടുകളെ സംബന്ധിച്ചും ഗുണത്തെക്കാളേറേ നൊസ്റ്റാള്‍ജിയയാണു് ആളുകളെ അതിനോടു് അടുപ്പിക്കുന്നതെന്നു തോന്നുന്നു. അതുപോലെ വായനയുടെ ആദ്യഘട്ടത്തില്‍ നമുക്കു പരിചിതമാകുന്ന ഘടനയും സങ്കേതങ്ങളും ആ സാഹിത്യത്തിന്റെ നിര്‍വ്വചനമായി നാം ഉറപ്പിക്കുന്നതും ഇതിനു കാരണമാകുന്നു.

എന്നു പറഞ്ഞതുകൊണ്ടു് എന്തെഴുതിയാലും കവിതയായി എന്നര്‍ത്ഥമില്ല.

ഉമ്പാച്ചിയുടെ കവിത ഇഷ്ടമായി. എങ്കിലും ഉദാത്തം, പ്രതിഭയുടെ അനര്‍ഗ്ഗളപ്രവാഹം എന്നൊക്കെ ഇതിനെ പറയുന്നതു് അബദ്ധമാണു് എന്നും ഞാന്‍ കരുതുന്നു.

പ്രതികരണം

Comments Off on കവിതയും ചിഹ്നങ്ങളും

Permalink

ഒരു പ്രണയഗീതം

ഈ പ്രണയദിനത്തില്‍ പത്തു കൊല്ലം മുമ്പു ഞാനെഴുതിയ ഒരു പ്രണയകവിത (rhyme എന്നു വിളിക്കുകയാണു ഭേദം) പ്രസിദ്ധീകരിക്കട്ടേ.

They say many a…


They say many a door
    Is there wide apart ;
But I found only one
    Which is through your heart.

They say many a music
    Will hold me for long ;
But I would be deaf
    Without your song.

They say many a dazzling
    Thing is around ;
But apart from your smile
    None I have found.

They say many a light
    Will guide me in the haze ;
But I found only two
    Which are under your brows.

They say many a dream
    Is worth for a view ;
But for me all are full of
    You, only you !

English

Comments (22)

Permalink

ഇഞ്ചിപ്പെണ്ണിന്റെ “ബ്യൂട്ടിപാര്‍ലര്‍” എന്ന കവിതയുടെ മൊഴിമാറ്റം

ഇഞ്ചിപ്പെണ്ണിന്റെ “ബ്യൂട്ടിപാര്‍ലര്‍” എന്ന കവിതയുടെ (“പാര്‍ലറുകള്‍” എന്നതല്ലേ ഒന്നുകൂടി നല്ല ശീര്‍ഷകം?) പദ്യപരിഭാഷ:

ചില്ലിട്ട ചുമരില്‍ ചാരി,
മുഖകാന്തി വളര്‍ത്തുവാന്‍
അക്ഷമര്‍ കാത്തിരിക്കുന്നൂ
പല രൂപത്തിലുള്ളവര്‍

(തടിച്ചവര്‍, മെലിഞ്ഞോര്‍, മെയ്
വെളുത്തോര്‍, വെള്ള പൂശിയോര്‍)

മേലാകെപ്പൊടിയും പറ്റി,
തോളെല്ലില്‍ കുഴി വീണവള്‍
കീറിപ്പറിഞ്ഞ വസ്ത്രത്തില്‍
വാതില്‍ക്കല്‍ വന്നു നില്‍ക്കവേ,

അന്തം വിട്ടു ചുവപ്പാര്‍ന്നു
മുഖങ്ങള്‍ ഭീതി തേടവേ,
“വൃത്തിയാക്കുന്ന പെണ്ണാണെ”-
ന്നാരോ ചൊന്നതു കേള്‍ക്കവേ,

ആശ്വസിച്ചു പിന്തിരിഞ്ഞൂ
പല രൂപത്തിലുള്ളവര്‍-
തടിച്ചവര്‍, മെലിഞ്ഞോര്‍, മെയ്
വെളുത്തോര്‍, വെള്ള പൂശിയോര്‍…


ഓലമേഞ്ഞോരു ഷാപ്പിന്റെ
മറ പറ്റി, മിനുങ്ങുവാന്‍
അക്ഷമര്‍ കാത്തിരിക്കുന്നൂ
പല രൂപത്തിലുള്ളവര്‍

(പല്ലുന്തിയോര്‍, കണ്‍ കുഴിഞ്ഞോര്‍
കുറ്റിരോമം നിറഞ്ഞവര്‍)

അലക്കിത്തേച്ച തൂവെള്ള-
വസ്ത്രം, പൗഡറുമുള്ളൊരാള്‍
കാറു നിര്‍ത്തിയിറങ്ങീട്ടു
വാതില്‍ക്കല്‍ വന്നു നില്‍ക്കവേ,

അന്തം വിട്ടാശ്വസിച്ചാര്‍ത്തു
മുഖങ്ങള്‍ ചിരി തേടവേ,
“കറി വാങ്ങാന്‍ വന്നതാണെ”-
ന്നാരോ ചൊന്നതു കേള്‍ക്കവേ,

നിരാശരായ്‌ പിന്തിരിഞ്ഞൂ
പല രൂപത്തിലുള്ളവര്‍
പല്ലുന്തിയോര്‍, കണ്‍ കുഴിഞ്ഞോര്‍
കുറ്റിരോമം നിറഞ്ഞവര്‍…


ഇഞ്ചിപ്പെണ്ണിന്റെ മൂലകവിത താഴെച്ചേര്‍ക്കുന്നു:

ചില്ലിട്ട ചുമരില്‍ ചാരി,
മുഖം മിനുക്കുവാനനവധി പേര്‍
തടിച്ചും മെലിഞ്ഞും കറുത്തും വെളുത്തും,
സൌന്ദര്യം കാക്കുവാന്‍ അക്ഷമയോടവര്‍!

പൊടിയുടെ നിറം പറ്റി,
പിഞ്ചി പഴകിയ സാ‍രി വലിച്ചു ചുറ്റി,
തോളെല്ലില്‍ കുഴിവുമായ്,
വാതില്‍ക്കലൊരു മുഖം

പകച്ച മുഖങ്ങള്‍ ചുവന്നു ചുളുങ്ങും മുന്‍പേ,
ഇവിടേക്കല്ല, ഇത് തറ തുടക്കുവാന്‍ വന്നവള്‍
ബ്യൂട്ടീഷന്റെ വാക്കുകള്‍ കേട്ടാശ്വാസം മുഖങ്ങളില്‍;
സൌന്ദര്യത്തിനായ് കാത്തിരിപ്പു തുടര്‍ന്നവര്‍
‌‌‌‌‌‌‌‌

ഓലമേഞ്ഞ ഷാപ്പിന്‍ മറ പറ്റി,
ഒന്ന് മിനുങ്ങുവാനനധിപേര്‍
കണ്ണു കുഴിഞ്ഞും പല്ലുന്തിയും കുറ്റിരോമവുമായി,
സന്തോഷം പങ്കിടാന്‍ അക്ഷമരായവര്‍!

തൂവെള്ള മുണ്ടും കുപ്പായവും
പൌഡറിന്‍ വാസനയും;
ചുവന്നു തുടുത്തൊരു മുഖവുമായ്
കാറൊന്ന് നിറുത്തി ഷാപ്പിന്‍ മുന്നിലൊരാള്‍

അടക്കിപിടിച്ച ചിരികള്‍ പുറത്ത് വരും മുന്‍പേ
ഇവിടേക്കല്ല, ഇത് കറി വാങ്ങുവാന്‍ വന്നൊരാള്‍
കണാരേട്ടന്റെ പറച്ചിലില്‍ നിരാശാമൂകം മുഖങ്ങള്‍;
സന്തോഷം പങ്കിടാന്‍ കാത്തിരിക്കുന്നവര്‍!

പരിഭാഷകള്‍ (Translations)

Comments (13)

Permalink