താമരയും ശശിയും
ഒരു കാലത്തെഴുതിയ കൃതികൾക്കു് പിൽക്കാലത്തു് അതിനോടു യാതൊരു ബന്ധവുമില്ലാത്ത ഒരു അർത്ഥം യാദൃച്ഛികമായി ഉണ്ടാവുന്നതു നിരീക്ഷിക്കുന്നതു രസാവഹമാണു്. ഹരിനാമകീർത്തനത്തിലെ “ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചും…” എന്ന പദ്യത്തിലെ “ഉദകപ്പോള” എന്ന വാക്കിനെ “അപ്പോളോ” എന്നായി തെറ്റിദ്ധരിച്ചു് അമേരിക്ക ആകാശത്തേയ്ക്കു വിട്ട പേടകം എന്നർത്ഥം കൊടുത്തു് ആ പദ്യത്തിന്റെ അർത്ഥം മനസ്സിലാക്കിയതും, “അങ്കുശമില്ലാത്ത ചാപല്യമേ, മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ” എന്ന ഈരടിയിലെ “അങ്കുശം” എന്ന വാക്കിനു് ചങ്ങമ്പുഴയുടെ കാലത്തു പ്രചാരത്തിലില്ലാത്ത അർദ്ധവിരാമം (comma) എന്ന അർത്ഥമെടുത്തു് അതിന്റെ ശരിയായ അർത്ഥത്തെക്കാളും സമഞ്ജസമായ ഒരു അർത്ഥം ഉണ്ടാക്കിയെടുത്തതും ഞാൻ അബദ്ധധാരണകൾ എന്ന പോസ്റ്റിൽ വിവരിച്ചിട്ടുണ്ടു്. ചരിത്രം എഴുതപ്പെടാത്ത കാലത്തെ സാഹിത്യകൃതികളെ വ്യാഖ്യാനിക്കുമ്പോൾ ഇങ്ങനെയുള്ള എത്രയെത്ര തെറ്റായ അർത്ഥങ്ങൾ ഉണ്ടാകുന്നെന്നു് ആർക്കറിയാം!
ഇതു് ഇപ്പോൾ എഴുതാൻ കാരണം കഴിഞ്ഞാഴ്ച കുറേ മലയാളിസുഹൃത്തുക്കളുമായി ഒത്തു ചേർന്നപ്പോഴുള്ള സംഭാഷണവും അതിൽ നിന്നു് എനിക്കു് ഒരു പഴയ ശ്ലോകത്തിനു് പുതിയ ഒരർത്ഥം തോന്നിയതുമാണു്.
ലോൿസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ സ്വാഭാവികമായും മലയാളികളുടെ സൌഹൃദകൂടിക്കാഴ്ചകളിൽ തിരഞ്ഞെടുപ്പു തന്നെയായിരുന്നു മുഖ്യവിഷയം.
അമേരിക്കൻ മലയാളികളിൽ ഇടത്തുപക്ഷചിന്താഗതിയുള്ളവരെ മരുന്നിനു പോലും കാണാനില്ല. കോൺഗ്രസ്സാണോ ബി. ജെ. പി. യാണോ അതോ രണ്ടുമല്ലാത്ത അരാഷ്ട്രീയമാണോ എന്നു വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത ഒരു നിലപാടാണു പൊതുവേ. അഹിന്ദുക്കളിൽ നിന്നു പോലും ശ്രീരാമസേനയെപ്പോലുള്ള സംഭവങ്ങളെപ്പറ്റി അസഹിഷ്ണുത കണ്ടിട്ടില്ല. ചിരിച്ചുതള്ളാനുള്ള വാർത്തകൾ മാത്രമാണു് നാട്ടിൽ നടക്കുന്ന പല ദുഃഖകരമായ സംഭവങ്ങളും. നാട്ടിലെ ന്യൂനപക്ഷങ്ങളുടെ നേർക്കുള്ള അക്രമം ഒരു പ്രശ്നമല്ലെങ്കിലും അമേരിക്കയിൽ വടക്കേ ഇന്ത്യക്കാരും തെലുങ്കരും മലയാളികളെ പാര വെയ്ക്കുന്നതും വെള്ളക്കാർ നീഗ്രോകളോടു പോലും കാണിക്കാത്ത വിവേചനം ഇന്ത്യാക്കാരോടു ചില സന്ദർഭങ്ങളിൽ (ഉദാഹരണമായി ഒരു കാർ ആക്സിഡന്റ് വന്നാൽ അമേരിക്കക്കാരൻ പോലീസ് അമേരിക്കക്കാരന്റെ കൂടെ മാത്രമേ നിൽക്കുകയുള്ളത്രേ!) കാണിക്കാറുള്ളതും ഒക്കെ ദൈവം മനുഷ്യരെ തുല്യരായി സൃഷ്ടിച്ചെങ്കിലും മനുഷ്യൻ മനുഷ്യനോടു കാണിക്കുന്ന അധർമ്മത്തിന്റെ ഉദാഹരണങ്ങളായി ചർച്ച ചെയ്യപ്പെടാറുണ്ടു്.
ലോൿസഭാ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചർച്ച അധികം കഴിയുന്നതിനു മുമ്പേ ശശി തരൂരിലെത്തി. ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ പാർലമെന്റിൽ എത്തേണ്ടതു കേരളത്തിന്റെ ആവശ്യമാണെന്നും (ഒരു പാർലമെന്റംഗത്തിന്റെ അടിസ്ഥാനയോഗ്യത ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യാൻ അറിവുണ്ടായിരിക്കുക എന്നതാണെന്നും, മലയാളവും കേരളവും ജനസേവനവും രാഷ്ട്രീയപരിചയവും ഒന്നും പ്രശ്നമേ അല്ല എന്നും ഉള്ള അഭിപ്രായം കേരള ഫാർമർക്കു മാത്രമല്ല എന്നു മനസ്സിലായി. അല്ലെങ്കിലും, വിമാനം ഓടിച്ചു നടന്ന രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയവരാണല്ലോ നമ്മൾ!) അദ്ദേഹത്തെ ജയിപ്പിക്കാൻ മണ്ണിനോടു സ്നേഹമുള്ള മലയാളികൾ കഷിരാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കണം എന്നും പരക്കെ അഭിപ്രായമുണ്ടായി. കേരളീയർ പൊതുവേ നിർഭാഗ്യവാന്മാരാണെന്നും നല്ല കഴിവുള്ള ആളുകൾ തിരഞ്ഞെടുപ്പിനു നിൽക്കുമ്പോൾ അവരെ ജയിപ്പിക്കാതെ പാർലമെന്റിൽ പെർഫോം ചെയ്യാൻ കഴിവില്ലാത്തവരെ ജയിപ്പിച്ചു വിടുന്നതു കൊണ്ടാണു നമുക്കു മന്ത്രിമാരെ കിട്ടാതെ കേരളത്തിന്റെ വികസനം മുരടിച്ചു പോകുന്നതെന്നും ഉള്ള അഭിപ്രായങ്ങൾ കേട്ടു. എന്തു പറഞ്ഞാലും കാര്യമില്ലാത്ത ഇടതന്മാരുടെ കാര്യം പോകട്ടേ, കോൺഗ്രസ്സും ബി. ജെ. പി. യും ഒന്നിച്ചു നിന്നു് ശശി തരൂരിനെ പാർലമെന്റിൽ എത്തിക്കാൻ ശ്രമിക്കും എന്നായിരുന്നു ആകെയുള്ള ഒരു പ്രതീക്ഷ.
ഇതു കേട്ടപ്പോൾ എനിക്കു് പഴയ ഒരു ശ്ലോകം ഓർമ്മ വന്നു. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകത്തിലെ “നാംഭോജായ ശശീ ന ചാപി ശശിനേ…” എന്ന ശ്ലോകത്തിനു് (ഈ ശ്ലോകം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. കയ്യിലുള്ള പുസ്തകങ്ങളിലും കാണുന്നില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി പറഞ്ഞുതരൂ!) കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ പരിഭാഷ. വൃത്തം കുസുമമഞ്ജരി.
താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ പ്രേമ, മെന്നതു നിമിത്തമേതുമൊരു ചേതമില്ലതിനു രണ്ടിനും സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍ കാമമിന്നതുളവായിടായ്കിലയശസ്സതീവ നിയതിക്കു താന്‍! |
|
download MP3 |
പകൽ മാത്രം വിടരുന്ന താമര സൂര്യന്റെ ഭാര്യയാണെന്നും അവൾ ചന്ദ്രന്റെ ശത്രുവാണെന്നും ആണു് കവിസങ്കേതം. (ചന്ദ്രൻ പകലും ഉദിക്കും എന്നും പക്ഷേ സൂര്യന്റെ പ്രകാശത്തിൽ അസ്തപ്രജ്ഞനായി ഇരിക്കുകയാണെന്നും ഉള്ള ശാസ്ത്രസത്യം അവിടെ നിൽക്കട്ടേ.) അവർക്കു തമ്മിൽ യാതൊരു ഇടപാടുമില്ല. അതുകൊണ്ടു് രണ്ടു പേർക്കും ഒരു ചേതവുമില്ല. എങ്കിലും രണ്ടു കൂട്ടർക്കും വളരെയധികം സൌന്ദര്യമുണ്ടു് (അഭിരാമരാമവരു…). അവർ ചേരേണ്ടവർ തന്നെയാണു്. അങ്ങനെ ചേർന്നില്ലെങ്കിൽ അതു വിധിയുടെ പേരുദോഷം എന്നു മാത്രം പറഞ്ഞാൽ മതി. അവർ ചേർന്നിരുന്നെങ്കിൽ എന്നാണു കവിയുടെ ആഗ്രഹം എന്നർത്ഥം.
താമരയും ശശിയും തമ്മിലുള്ള ബന്ധത്തിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുന്ന ഈ ശ്ലോകത്തിനു് യാദൃച്ഛികമായെങ്കിലും (ചന്ദ്രനു വേറേ പല പര്യായങ്ങളുണ്ടെങ്കിലും കുസുമമഞ്ജരി കേരളവർമ്മയെക്കൊണ്ടു് “ശശി” എന്നു തന്നെ എഴുതിച്ചല്ലോ!) ഇങ്ങനെയൊരു വ്യാഖ്യാനം ഉണ്ടാകാൻ സാധിക്കുന്നതു രസകരമാണു്. ഈ വിധത്തിൽ ആലോചിച്ചാൽ ഈ ശ്ലോകം ഇങ്ങനെ ആരെങ്കിലും മാറ്റിയെഴുതുന്നതാണു നല്ലതെന്നു തോന്നി.
താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ പ്രേമ, മെന്നതു നിമിത്തമേറുമൊരു ചേതമുണ്ടതിനു രണ്ടിനും സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍ – വാമപക്ഷമടി തെറ്റുവാൻ, ഒരുമയോടെ പള്ളികളുടയ്ക്കുവാൻ! |
|
download MP3 |
ഇതെഴുതിക്കഴിഞ്ഞപ്പോഴാണു് തൊമ്മൻ കാണിച്ചു തന്ന (അമേരിക്കൻ മലയാളിക്കു ശശി തരൂരിനോടു് ഒരു ചായ്‌വുണ്ടെന്നു് തൊമ്മൻ പരോക്ഷമായി പറഞ്ഞുവെയ്ക്കുന്നുമുണ്ടു്) ഈ ലിങ്ക് കണ്ടതു്. അതുപോലെ ബി. ജെ. പി. ക്കു വോട്ടു ചെയ്യാനും, ശശി തരൂരിനെ ജയിപ്പിക്കാനും ഒരേ ബ്ലോഗ് തന്നെ ആഹ്വാനം ചെയ്യുന്നതും.