ഒരു കാലത്തെഴുതിയ കൃതികൾക്കു് പിൽക്കാലത്തു് അതിനോടു യാതൊരു ബന്ധവുമില്ലാത്ത ഒരു അർത്ഥം യാദൃച്ഛികമായി ഉണ്ടാവുന്നതു നിരീക്ഷിക്കുന്നതു രസാവഹമാണു്. ഹരിനാമകീർത്തനത്തിലെ “ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചും…” എന്ന പദ്യത്തിലെ “ഉദകപ്പോള” എന്ന വാക്കിനെ “അപ്പോളോ” എന്നായി തെറ്റിദ്ധരിച്ചു് അമേരിക്ക ആകാശത്തേയ്ക്കു വിട്ട പേടകം എന്നർത്ഥം കൊടുത്തു് ആ പദ്യത്തിന്റെ അർത്ഥം മനസ്സിലാക്കിയതും, “അങ്കുശമില്ലാത്ത ചാപല്യമേ, മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ” എന്ന ഈരടിയിലെ “അങ്കുശം” എന്ന വാക്കിനു് ചങ്ങമ്പുഴയുടെ കാലത്തു പ്രചാരത്തിലില്ലാത്ത അർദ്ധവിരാമം (comma) എന്ന അർത്ഥമെടുത്തു് അതിന്റെ ശരിയായ അർത്ഥത്തെക്കാളും സമഞ്ജസമായ ഒരു അർത്ഥം ഉണ്ടാക്കിയെടുത്തതും ഞാൻ അബദ്ധധാരണകൾ എന്ന പോസ്റ്റിൽ വിവരിച്ചിട്ടുണ്ടു്. ചരിത്രം എഴുതപ്പെടാത്ത കാലത്തെ സാഹിത്യകൃതികളെ വ്യാഖ്യാനിക്കുമ്പോൾ ഇങ്ങനെയുള്ള എത്രയെത്ര തെറ്റായ അർത്ഥങ്ങൾ ഉണ്ടാകുന്നെന്നു് ആർക്കറിയാം!
ഇതു് ഇപ്പോൾ എഴുതാൻ കാരണം കഴിഞ്ഞാഴ്ച കുറേ മലയാളിസുഹൃത്തുക്കളുമായി ഒത്തു ചേർന്നപ്പോഴുള്ള സംഭാഷണവും അതിൽ നിന്നു് എനിക്കു് ഒരു പഴയ ശ്ലോകത്തിനു് പുതിയ ഒരർത്ഥം തോന്നിയതുമാണു്.
ലോൿസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ സ്വാഭാവികമായും മലയാളികളുടെ സൌഹൃദകൂടിക്കാഴ്ചകളിൽ തിരഞ്ഞെടുപ്പു തന്നെയായിരുന്നു മുഖ്യവിഷയം.
അമേരിക്കൻ മലയാളികളിൽ ഇടത്തുപക്ഷചിന്താഗതിയുള്ളവരെ മരുന്നിനു പോലും കാണാനില്ല. കോൺഗ്രസ്സാണോ ബി. ജെ. പി. യാണോ അതോ രണ്ടുമല്ലാത്ത അരാഷ്ട്രീയമാണോ എന്നു വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത ഒരു നിലപാടാണു പൊതുവേ. അഹിന്ദുക്കളിൽ നിന്നു പോലും ശ്രീരാമസേനയെപ്പോലുള്ള സംഭവങ്ങളെപ്പറ്റി അസഹിഷ്ണുത കണ്ടിട്ടില്ല. ചിരിച്ചുതള്ളാനുള്ള വാർത്തകൾ മാത്രമാണു് നാട്ടിൽ നടക്കുന്ന പല ദുഃഖകരമായ സംഭവങ്ങളും. നാട്ടിലെ ന്യൂനപക്ഷങ്ങളുടെ നേർക്കുള്ള അക്രമം ഒരു പ്രശ്നമല്ലെങ്കിലും അമേരിക്കയിൽ വടക്കേ ഇന്ത്യക്കാരും തെലുങ്കരും മലയാളികളെ പാര വെയ്ക്കുന്നതും വെള്ളക്കാർ നീഗ്രോകളോടു പോലും കാണിക്കാത്ത വിവേചനം ഇന്ത്യാക്കാരോടു ചില സന്ദർഭങ്ങളിൽ (ഉദാഹരണമായി ഒരു കാർ ആക്സിഡന്റ് വന്നാൽ അമേരിക്കക്കാരൻ പോലീസ് അമേരിക്കക്കാരന്റെ കൂടെ മാത്രമേ നിൽക്കുകയുള്ളത്രേ!) കാണിക്കാറുള്ളതും ഒക്കെ ദൈവം മനുഷ്യരെ തുല്യരായി സൃഷ്ടിച്ചെങ്കിലും മനുഷ്യൻ മനുഷ്യനോടു കാണിക്കുന്ന അധർമ്മത്തിന്റെ ഉദാഹരണങ്ങളായി ചർച്ച ചെയ്യപ്പെടാറുണ്ടു്.
ലോൿസഭാ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചർച്ച അധികം കഴിയുന്നതിനു മുമ്പേ ശശി തരൂരിലെത്തി. ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ പാർലമെന്റിൽ എത്തേണ്ടതു കേരളത്തിന്റെ ആവശ്യമാണെന്നും (ഒരു പാർലമെന്റംഗത്തിന്റെ അടിസ്ഥാനയോഗ്യത ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യാൻ അറിവുണ്ടായിരിക്കുക എന്നതാണെന്നും, മലയാളവും കേരളവും ജനസേവനവും രാഷ്ട്രീയപരിചയവും ഒന്നും പ്രശ്നമേ അല്ല എന്നും ഉള്ള അഭിപ്രായം കേരള ഫാർമർക്കു മാത്രമല്ല എന്നു മനസ്സിലായി. അല്ലെങ്കിലും, വിമാനം ഓടിച്ചു നടന്ന രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയവരാണല്ലോ നമ്മൾ!) അദ്ദേഹത്തെ ജയിപ്പിക്കാൻ മണ്ണിനോടു സ്നേഹമുള്ള മലയാളികൾ കഷിരാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കണം എന്നും പരക്കെ അഭിപ്രായമുണ്ടായി. കേരളീയർ പൊതുവേ നിർഭാഗ്യവാന്മാരാണെന്നും നല്ല കഴിവുള്ള ആളുകൾ തിരഞ്ഞെടുപ്പിനു നിൽക്കുമ്പോൾ അവരെ ജയിപ്പിക്കാതെ പാർലമെന്റിൽ പെർഫോം ചെയ്യാൻ കഴിവില്ലാത്തവരെ ജയിപ്പിച്ചു വിടുന്നതു കൊണ്ടാണു നമുക്കു മന്ത്രിമാരെ കിട്ടാതെ കേരളത്തിന്റെ വികസനം മുരടിച്ചു പോകുന്നതെന്നും ഉള്ള അഭിപ്രായങ്ങൾ കേട്ടു. എന്തു പറഞ്ഞാലും കാര്യമില്ലാത്ത ഇടതന്മാരുടെ കാര്യം പോകട്ടേ, കോൺഗ്രസ്സും ബി. ജെ. പി. യും ഒന്നിച്ചു നിന്നു് ശശി തരൂരിനെ പാർലമെന്റിൽ എത്തിക്കാൻ ശ്രമിക്കും എന്നായിരുന്നു ആകെയുള്ള ഒരു പ്രതീക്ഷ.
ഇതു കേട്ടപ്പോൾ എനിക്കു് പഴയ ഒരു ശ്ലോകം ഓർമ്മ വന്നു. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകത്തിലെ “നാംഭോജായ ശശീ ന ചാപി ശശിനേ…” എന്ന ശ്ലോകത്തിനു് (ഈ ശ്ലോകം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. കയ്യിലുള്ള പുസ്തകങ്ങളിലും കാണുന്നില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി പറഞ്ഞുതരൂ!) കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ പരിഭാഷ. വൃത്തം കുസുമമഞ്ജരി.
താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ പ്രേമ, മെന്നതു നിമിത്തമേതുമൊരു ചേതമില്ലതിനു രണ്ടിനും സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍ കാമമിന്നതുളവായിടായ്കിലയശസ്സതീവ നിയതിക്കു താന്‍! |
|
download MP3 |
പകൽ മാത്രം വിടരുന്ന താമര സൂര്യന്റെ ഭാര്യയാണെന്നും അവൾ ചന്ദ്രന്റെ ശത്രുവാണെന്നും ആണു് കവിസങ്കേതം. (ചന്ദ്രൻ പകലും ഉദിക്കും എന്നും പക്ഷേ സൂര്യന്റെ പ്രകാശത്തിൽ അസ്തപ്രജ്ഞനായി ഇരിക്കുകയാണെന്നും ഉള്ള ശാസ്ത്രസത്യം അവിടെ നിൽക്കട്ടേ.) അവർക്കു തമ്മിൽ യാതൊരു ഇടപാടുമില്ല. അതുകൊണ്ടു് രണ്ടു പേർക്കും ഒരു ചേതവുമില്ല. എങ്കിലും രണ്ടു കൂട്ടർക്കും വളരെയധികം സൌന്ദര്യമുണ്ടു് (അഭിരാമരാമവരു…). അവർ ചേരേണ്ടവർ തന്നെയാണു്. അങ്ങനെ ചേർന്നില്ലെങ്കിൽ അതു വിധിയുടെ പേരുദോഷം എന്നു മാത്രം പറഞ്ഞാൽ മതി. അവർ ചേർന്നിരുന്നെങ്കിൽ എന്നാണു കവിയുടെ ആഗ്രഹം എന്നർത്ഥം.
താമരയും ശശിയും തമ്മിലുള്ള ബന്ധത്തിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുന്ന ഈ ശ്ലോകത്തിനു് യാദൃച്ഛികമായെങ്കിലും (ചന്ദ്രനു വേറേ പല പര്യായങ്ങളുണ്ടെങ്കിലും കുസുമമഞ്ജരി കേരളവർമ്മയെക്കൊണ്ടു് “ശശി” എന്നു തന്നെ എഴുതിച്ചല്ലോ!) ഇങ്ങനെയൊരു വ്യാഖ്യാനം ഉണ്ടാകാൻ സാധിക്കുന്നതു രസകരമാണു്. ഈ വിധത്തിൽ ആലോചിച്ചാൽ ഈ ശ്ലോകം ഇങ്ങനെ ആരെങ്കിലും മാറ്റിയെഴുതുന്നതാണു നല്ലതെന്നു തോന്നി.
താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ പ്രേമ, മെന്നതു നിമിത്തമേറുമൊരു ചേതമുണ്ടതിനു രണ്ടിനും സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍ – വാമപക്ഷമടി തെറ്റുവാൻ, ഒരുമയോടെ പള്ളികളുടയ്ക്കുവാൻ! |
|
download MP3 |
ഇതെഴുതിക്കഴിഞ്ഞപ്പോഴാണു് തൊമ്മൻ കാണിച്ചു തന്ന (അമേരിക്കൻ മലയാളിക്കു ശശി തരൂരിനോടു് ഒരു ചായ്വുണ്ടെന്നു് തൊമ്മൻ പരോക്ഷമായി പറഞ്ഞുവെയ്ക്കുന്നുമുണ്ടു്) ഈ ലിങ്ക് കണ്ടതു്. അതുപോലെ ബി. ജെ. പി. ക്കു വോട്ടു ചെയ്യാനും, ശശി തരൂരിനെ ജയിപ്പിക്കാനും ഒരേ ബ്ലോഗ് തന്നെ ആഹ്വാനം ചെയ്യുന്നതും.
അയല്ക്കാരന് | 20-Apr-09 at 1:11 am | Permalink
ശശി തരൂര്‍ ജയിക്കുകയാണെങ്കില്‍ അതിന് പ്രധാനകാരണം ‘വാമപക്ഷമടി’തന്നെയായിരിക്കും. വലതു കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യാന്‍ വാമപക്ഷം മടി കാണിച്ചു എന്നാണ് കേള്‍ക്കുന്നത്.
അതു കലക്കി അയൽക്കാരാ. വാമപക്ഷം + അടി എന്നതിനെ വാമപക്ഷ + മടി എന്നു മാറ്റി പുതിയൊരർത്ഥം. ഈ പോസ്റ്റിന്റെ വിഷയത്തിനു യോജിച്ചതു തന്നെ. നന്ദി.
(ആ പറഞ്ഞ സംഭവം ഉള്ളതു തന്നെയാണോ? ആണെങ്കിൽ കഷ്ടം!)
ശ്രീഹരി::Sreehari | 20-Apr-09 at 2:29 am | Permalink
അത് ശരി അത്രക്കായോ? എന്നാല്‍ എന്റെ വകയും ഇരിക്കട്ടെ ഒരു വ്യാഖ്യാനം
സംസ്കൃതം അറിയാതോണ്ട് ഒരു ഗസലിനെയാണ് വ്യാഖ്യാനിക്കുന്നത്.
തിരുവനന്തപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വോട്ട് ചോദിക്കാന്‍ എത്തുമ്പോള്‍ ബി.ജെ.പി ക്കാരന് പാടുന്നതാണിത്
कल चौदवी की रात थी
കഴിഞ്ഞത് പതിനാലാം ലോകസഭ ഇലക്ഷന് ആയിരുന്നു ( ഇത് പതിനഞ്ചാം ഇലക്ഷന് എന്ന് വ്യഗ്യം )
शब् भर रहा चर्चा तेरा
സഭയില്‍ എത്തേണ്ടത് നീ (രാമചന്ദ്രന് നായര്‍ ) ആണെന്ന് ആയിരുന്നു എല്ലാവരും ചര്‍ച്ച ചെയ്തിരുന്നത്
कुछ ने कहा ये चाँद हे
എന്നാല്‍ ചിലര്‍ പറഞ്ഞു ചന്ദ്രന് (ശശി തരൂര്‍) ആണ് എത്തേണ്ടത് എന്ന്.
कुछ ने कहा चेहरा तेरा
എന്നാല്‍ നിനക്ക് ആണ് ഒരു നല്ല മുഖം ഉള്ളത് എന്ന് ചിലര്‍ പറഞ്ഞു
हम भी वहिं मौजूद थे
ഞാനും അക്കൂട്ടത്തില്‍ (ചര്‍ച്ച നടക്കുന്ന സ്ഥലത്ത്) ഉണ്ടായിരുന്നു..
हम से भी सब पुछा किये
എന്നോടും എല്ലാവരും ചോദിച്ചു
हम हस दिए हम चुप रहे
ഞാന്‍ ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു …
मंज़ूर था पर्दा तेरा
ഉള്ളിലൂടെ വോട്ടു മറിക്കുന്നതിന് സമ്മതം ആയിരുന്നു എനിക്ക്
इस शहर में किस्से मिले
ഈ നഗരത്തില്‍ കൂടുതല്‍ വോട്ട് ആര്‍ക്കു കിട്ടും ?
हमसे थो छूटे महफिलें
എന്തായാലും ഞങ്ങള്‍ (ബി.ജെ. പി) സഭ മിസ് ചെയ്യും എന്ന് ഉറപ്പു ആണ് )
हर शकस तेरा नाम ले
അത് കൊണ്ട് എല്ലാരും നിന്റെ (രാമചന്ദ്രന്റെ ) പേര് പറഞ്ഞാലും ഞങ്ങള്‍ തരൂരിന് ചെയ്യും
हर शकस दीवाना तेरा
അവര്‍ക്ക് വട്ടായത് കൊണ്ടാണ് നീ ജയിക്കും എന്നു പറയുന്നത് ( വോട്ട് വിറ്റ കാര്യം അവര്‍ക്ക് അറിയിലല്ലോ) 🙂
ഞാന്‍ ഈ ഏരിയയില്‍ ഇല്ല…. 😉
—
—
ശ്രീഹരി::Sreehari
nalanz | 20-Apr-09 at 4:13 am | Permalink
ഒന്നും പറയാനില്ലെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു വരുത്തണമല്ലോ അതുകോണ്ട്…ദ്ദാ പറയുന്നു..
താമരയ്ക്കു ചിലപ്പോള്‍ ശശിയോടുമുണ്ടാവും, ചെലപ്പോള്‍ അരിവാള്‍ ചന്ദ്രികയോടും പ്രേമമുണ്ടാവും ഹല്ല പിന്നെ. 🙂
ഒവ്വ ഒവ്വേ, അങ്ങു ചെന്നേച്ചാൽ മതി!
ആ “അരിവാൾ ചന്ദ്രിക” പ്രയോഗം ഇഷ്ടപ്പെട്ടു.
P.C.MADHURAJ | 20-Apr-09 at 4:16 am | Permalink
ഉമേഷ്,
ഇതിനു മുൻപത്തെ പോസ്റ്റിൽ ഇടതുപക്ഷത്തിനു വോട്ടുചെയ്യണമെന്നതിന്റെ കാരണങ്ങൾ അക്ക(വെടിയുണ്ട)മിട്ടു നിരത്തിയതിന്റെ ഇംഗ്ലീഷ് പരിഭാഷയുണ്ടോ? എവിടെ കിട്ടും? (എന്റെ ചില സുഹൃത്തുക്കളെ സ്വാധീനിച്ച് വോട്ടുചെയ്യിപ്പിക്കാൻ ഉപയോഗിക്കാനാണ്.)
ഇല്ല. മലയാളത്തിലുള്ള ഒരു ബുള്ളറ്റിനിൽ നിന്നാണു് ടെക്സ്റ്റ്. ശ്ലോകം വേണമെങ്കിൽ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിത്തരാം.
P.C.MADHURAJ | 20-Apr-09 at 4:20 am | Permalink
ഇനി, അഥവാഅറ്റില്ലെങ്കിൽ, താങ്കളുടെ പോസ്റ്റ് മുഴുവനായി ഇംഗ്ലീഷിലേക്കു മാറ്റി എന്റെ ചില സുഹൃത്തുക്കൾക്കു വിതരണം ചെയ്യുന്നതിൽ വിരോധമുണ്ടോ?
ഒരു വിരോധവുമില്ല. എവിടെ നിന്നാണെന്നുള്ള വിവരം (ടെക്സ്റ്റ് PAG ബുള്ളറ്റിൻ, പടം പരാജിതൻ, ശ്ലോകം ഞാൻ) കൂടി ഉൾക്കൊള്ളിക്കണം എന്നു മാത്രം.
ധനേഷ് | 20-Apr-09 at 5:59 am | Permalink
താങ്കളുടെ കഴിഞ്ഞപോസ്റ്റ് എന്റെ ശ്രദ്ധയില്‍ പെടേണ്ടിയിരുന്നില്ല എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോകുന്നു!
(കഴിഞ്ഞ പോസ്റ്റ് വായിച്ച് പലരും അഭിപ്രായപ്പെട്ടതുപോലെ അതുവേണ്ടായിരുന്നു എന്നുതന്നെയാണ് എനിക്കും തോന്നിയത്.)
അതു വായിച്ചതുകൊണ്ട്, ഈ പോസ്റ്റ് ഒരു മുന്‍വിധിയോടെയല്ലാതെ കാണാനോ, മുന്‍പ് താങ്കള്‍ ഇതേ പോസ്റ്റ് ഇട്ടിരുന്നെങ്കില്‍ ആസ്വദിക്കുമായിരുന്നപോലെ ആസ്വദിക്കാനോ കഴിയുന്നില്ല.
ഇതൊരു തര്‍ക്കത്തിനുവേണ്ടി എഴുതുന്ന കമന്റല്ല. കഴിഞ്ഞ പോസ്റ്റിലെ കമന്റുകള്‍ക്ക് താങ്കളുടെ മറുപടികള്‍ വായിച്ചിരുന്നു. എല്ലാം അംഗീകരിക്കുകയും ചെയ്യുന്നു.
എങ്കിലും…
ഉത്തരം തന്നാൽ ഉപകാരമായിരുന്നു. “നിഷ്പക്ഷരായ ബ്ലോഗ് വായനക്കാരുടെ ദാർശനികവ്യഥകൾ – പ്രക്രിയയും ഉത്പന്നവും” എന്നൊരു പ്രബന്ധമെഴുതാനാണു് 🙂
ശ്രീഹരി::Sreehari | 20-Apr-09 at 6:13 am | Permalink
പ്രിയ ഉമേഷ്,
ഗുരുകുലത്തിലെ അക്ഷരശ്ലോകങ്ങളും സംസ്കൃത സാഹിത്യ ചിന്തകളും സമസ്യാപൂരണങ്ങളും സ്ഥിരമായി ആസ്വദിച്ചിരുന്ന വായനക്കാരനായിരുന്നു ഞാന്‍ … ഈ പോസ്റ്റ് വായിച്ച ശേഷം അതെല്ലാം ശരിയായിരുന്നോ എന്ന് സംശയം തോന്നിപ്പോകുന്നു…
എല്ലാം താങ്കള്‍ ഇടതുപക്ഷചായ്വൊടേ എഴുതിയതല്ലേ?
ഇത്രയും കാലം ഞാന്‍ വിചാരിച്ചിരുന്നത് താങ്കള്‍ ഒരു ബി.ജെ.പി കാരനായിരിക്കും എന്നാണ്. എന്നാല്‍ സംസ്കൃതിയുടെ പേരും പറഞ്ഞു നടത്തുന്ന ഫ്രാഡ് വേലകള്‍ താങ്കള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തെറ്റു പറ്റിയതാണ് എന്ന് മനസിലായി..
എങ്കിലും താങ്കള്‍ അറ്റ്ലീസ്റ്റ് കോണ്‍ഗ്രസ് ആവുമെന്നാണ് കരുതിയത്… അതല്ലെങ്കില്‍ അഭിപ്രായം ഇല്ലാത്ത നിര്ഗുണപരബ്രഹ്മമാണെന്ന് ( നിരാകാരം ഏതായാലും അല്ല, ആ വീഡിയോ ഞാന്‍ കണ്ടൂ – അക്ഷരശ്ലോകം )
ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം എഴുതിയത് കണ്ട് താങ്കള്‍ ഒരു കമ്യൂണിസ്റ്റ് വിരോധിയാവും എന്ന് തെറ്റിദ്ധരിച്ചത് എന്റെ വലിയ പിഴ….
ഇനി മുതല്‍ താങ്കള്‍ ഗണിതം, സംസ്കൃതം ഇത്യാദികളെ മുന്‍നിര്‍ത്തിയുള്ള പോസ്റ്റുകള്‍ ഇടാന്‍ പാടില്ലാത്തത് ആകുന്നു … ഇട്ടാല്‍ തന്നെ ഞാന്‍ വായിക്കില്ല…. ഒന്നുകില്‍ ഈ രണ്ട് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുക..അല്ലെങ്കില്‍ ബ്ലോഗിംഗ് നിര്‍ത്തുക.. താങ്കള്‍ക്ക് ഏതു വഴിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസ് മന്ത്രിസഭ അനുവദിക്കുന്നുണ്ട്..
സ്മരണയോടെ
ഒരു നിഷ്പക്ഷന്‍…
എന്റെ ഇഷ്ടപ്രകാരം രണ്ടു വ്യത്യസ്തവഴികളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു തന്ന നിഷ്പക്ഷന്റെയും കോൺഗ്രസ് മന്ത്രിസഭയുടെയും മഹാമനസ്കതയ്ക്കു മുന്നിൽ സാഷ്ടാംഗപ്രണാമം!
അനോണിയോസ്ആന്റോണിയോസ് | 20-Apr-09 at 6:41 am | Permalink
ശശിക്കു കളങ്കമുണ്ടെന്നും കവി പാടിയത് ഗൂഢാര്ത്ഥത്തോടെ ആണോ ഇനി?
രാധേയന് | 20-Apr-09 at 7:28 am | Permalink
പണ്ട് ഞാന്‍ 10ല്‍ പഠിക്കുന്ന കാലത്ത് നാട്ടിലെ ഒരു സമുദായ സ്നേഹിയായ ചേട്ടന് അടുത്ത് വിളിച്ചിട്ട് പറഞ്ഞു-നീ ഇങ്ങനെ മേത്തപിള്ളേരുടെ കൂടെ ഇങ്ങനെ കളിച്ച് നടക്കരുത്.നിന്നെ കുറിച്ച് ഞങ്ങള്‍ക്ക് (അതാരാണാവോ)ഒരുപാട് പ്രതീക്ഷയുള്ളതാണ്.
ഞാന്‍ ചോദിച്ചു-എന്നോട് ചോദിക്കാതെ എന്നെ കുറിച്ച് പ്രതീക്ഷ വെക്കാന്‍ ചേട്ടനോട് ആര് പറഞ്ഞു.
അതു പോലെയല്ലേ ഉമേഷണ്ണനെ കുറിച്ച്
എന്തെന്ത് മോഹങ്ങളായിരുന്നു
എന്ത് പ്രതീക്ഷകളായിരുന്നു.
കളഞ്ഞില്ലേ കഞ്ഞിക്കലം
ചങ്കിൽ കൊള്ളുന്ന വർത്തമാനം പറഞ്ഞു് അതൊക്കെ ഓർമ്മിപ്പിക്കാതെ രാധേയാ. ഞാനിനി ആർക്കു വേണ്ടി ബ്ലോഗെഴുതണം. സ്വന്തം ആത്മാവു നഷ്ടപ്പെടുത്തിയിട്ടു് ഈ ലോകം മൊത്തം കിട്ടിയിട്ടു് എന്തു കാര്യം?
മാരാര്‍ | 20-Apr-09 at 7:53 am | Permalink
കഴിഞ്ഞ പോസ്റ്റ് വായിക്കാന്‍ വൈകിയതു കൊണ്ട് കമന്റും ഇട്ടില്ല. ഇപ്പോളും ചിലരുടെ സങ്കടം കഴിയാത്തതു കാണുമ്പോള്‍ ചിരി വരുന്നു. ഒരാള്‍ സ്വന്തം നിലപാട് വ്യക്തമാക്കിയതില്‍ എന്താ ഇത്ര പ്രശ്നം? ഒരാളുടെ രഷ്ട്രീയാഭിമുഖ്യം നോക്കിയാണോ അയാളുടേ മറ്റു വിഷയങ്ങളിലുള്ള പോസ്റ്റുകളും വായിക്കുന്നത്? ഇങ്ങനെയാണെങ്കില്‍ ഇനി എല്ലാ ബ്ലൊഗ്ഗന്മാരും സ്വന്തം ബ്ലൊഗിനു മുകളില്‍ ഒരു വിഡ്ജെറ്റ് ചേര്‍ക്കുക “ നിയമ പ്രകാരമുള്ള മുന്നറിയിപ്പ്. ഈ ബ്ലൊഗര്‍ ഒരു സിപിഎം/കോണ്‍ഗ്രസ്സ്/ബിജെപി/ബിഎസ്പി അനുഭാവിയാണ് . ഇതുമായി യോജിക്കാത്തവര്‍ പ്രവേശിക്കരുത് “ Enter Exit എന്ന രണ്ടു ബട്ടണ്‍സും കൊടുക്കുക
എല്ലാ ബ്ലോഗിലും നടന്ന വാഗ്വാദങ്ങള്‍ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. ബൂലോകത്ത് “നിഷ്പക്ഷന്‍“ എന്നുള്ളതിന്റെ അര്‍ത്ഥം ഒന്നുകില്‍ കോണ്‍ഗ്രസ്സ് അല്ലെങ്കില്‍ ബിജെപി
ചിന്തിച്ചാല്‍ ബൂലോകത്തു മാത്രമല്ല ഭൂലോകത്തും “എല്ലാ പാര്‍ട്ടികളും ഒരുപോലെ “ എന്ന അരാഷ്ട്രീയ പ്രചരണങ്ങള്‍ സഹായിക്കുന്നത് വലതു പക്ഷത്തെ തന്നെയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയമില്ലാത്ത കോളേജുകളില്‍ മത സംഘടനകളാണ് പിടി മുറുക്കുന്നതും.
“മാരാരേ, തവ ദാസോऽഹം, വാരി യസ്യ ജടാസ്ഥലേ…” എന്നു തോലകവിയെപ്പോലെ പറയാനേ തത്ക്കാലം കഴിയൂ!
മാരാര്‍ | 20-Apr-09 at 7:57 am | Permalink
ശ്രീഹരിയുടെ രണ്ടു കമന്റും കലക്കി 🙂
suraj | 20-Apr-09 at 8:41 am | Permalink
ശശി ഇത്തവണ കരകേറീല്ലെങ്കില് അടുത്തതവണ താമരയില്‍ വരുമെന്നുറപ്പാണ്. നിലപാടുകള്‍ വച്ചുനോക്കുമ്പോള്‍ താമരതന്നെയാണ് ആ അണ്ണനു നന്നായി ചേരുന്നതും.
മാരാരേ,
ആ വിഡ്ജറ്റിന്റെ ഐഡിയ കൊള്ളാം :)) പ്രശാന്ത് ജി പറഞ്ഞപോലെ “നിന്നെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇല്ലാതാക്കീല്ലേ”ന്നൊരു പരാതിയൊഴിവാക്കാല്ലൊ.
ഏതു പ്രശാന്ത്ജി? എപ്പോൾ പറഞ്ഞു? ഒന്നും പിടി കിട്ടുന്നില്ലല്ലോ…
അനോണിയോസ്ആന്റോണിയോസ് | 20-Apr-09 at 8:45 am | Permalink
“നിന്നെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇല്ലാതാക്കീല്ലേ”
മാരാരേ, അതെന്നെ ഉദ്ദേശിച്ചാണോ, എന്നെത്തന്നെ ഉദ്ദേശിച്ചാണോ, എന്നെമാത്രം ഉദ്ദേശിച്ചാണോ?
ദാ അന്തോണി പറയുന്നു മാരാരാണെന്നു്. ആരു് ആരോടു് എപ്പോൾ പറഞ്ഞു എന്നു പറഞ്ഞു് ഇതിനൊരു പരിഹാരമുണ്ടാക്കിത്തരൂ പ്ലീസ്!
Pramod.KM | 20-Apr-09 at 7:18 pm | Permalink
നീലലീലകളിലേര്പ്പെടും വശപിശയ്ക്കു നല്ലൊരു മിടുക്കനാം
നീലലോഹിതനു ശേഷിയില്ലിഹ! പരാജയപ്രകൃതി! വാസ്തവം.
താമരക്കു ശശിയോടു കാമമതു തോന്നിയെങ്കിലുമിലക്ഷനില്‍
രാമചന്ദ്രനെ മറിച്ചിടാന്‍ കഴിയുകില്ലയെന്നതൊരു വസ്തുത.
അടിപൊളി! ആശ്ചര്യചിഹ്നത്തിനു “ശ്രീ” എന്നും അർത്ഥമുണ്ടോ?
കൂട്ടുകാരന്|Friend | 20-Apr-09 at 9:01 pm | Permalink
“ഗുരുകുലം” എന്ന ഈ ബ്ലോഗിന്റെ പേര് മാറാന്‍ പോകുന്നു. നിങ്ങള്‍ക്ക് പേര് നിര്‍ദേശിക്കാനുള്ള അവസരം ഇവിടെ ഉമേഷ്ജി തരുന്നു. അദ്ദേഹം തന്നെ തിരഞ്ഞെടുത്ത കുറെ പേരുകള്‍ താഴെ ചേര്‍ക്കുന്നു. കൂടാതെ നിങ്ങള്‍ക്കും നിര്‍ദേശിക്കാം. നല്ല പേര് നിര്ടെഷിക്കുന്നവര്ക്ക് ഒരു ബക്കറ്റ് കടല്‍ വെള്ളം തരുന്നതായിരിക്കും.
പേരുകള്‍ ഇവയാണ്.
ലാവ്ലിന് കുലം
കൈരളീ കുലം
ഗോര്‍ബച്ചേവ് കുലം
മാര്‍ക്സ് കുലം
മദനി കുലം
മൂന്നാം മുന്നണി കുലം
കാരറ്റ് കുലം
അച്ചു കുലം
പിനങ്ങോടര് കുലം
എനിക്കു വേണ്ടി ഇത്രയും ബുദ്ധിമുട്ടിയ കൂട്ടുകാരനു നന്ദി. താങ്കളോടു ഞാൻ കടപ്പെട്ടിരിക്കുന്നു. കാരണം താങ്കൾ താഴെപ്പറയുന്നവയൊന്നും സജസ്റ്റ് ചെയ്തില്ലല്ലോ. അതെങ്ങാനും ആരെങ്കിലും വോട്ടു ചെയ്തെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ?
ഗാന്ധികുലം (ശരിക്കു പറഞ്ഞാൽ ഗന്ധികുലം)
നെഹ്രുകുലം
ത്രിശൂലകുലം
ഹിന്ദുകുലം
ചാണ്ടികുലം
ശശികുലം
മോഡികുലം
വീരപ്പകുലം (സോറി, ഇതായാലും സാരമില്ല, മറ്റേതൊന്നും ആകാതിരുന്നാൽ മതി)
Zebu Bull | 20-Apr-09 at 10:04 pm | Permalink
എല്ലാ ബ്ലോഗിലും നടന്ന വാഗ്വാദങ്ങള്‍ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. ബൂലോകത്ത് “നിഷ്പക്ഷന്‍“ എന്നുള്ളതിന്റെ അര്‍ത്ഥം ഒന്നുകില്‍ കോണ്‍ഗ്രസ്സ് അല്ലെങ്കില്‍ ബിജെപി.
🙂 മാരാര്‍ എത്ര കൃത്യമായിട്ടു നിഷ്പക്ഷതയെ നിര്‍വ്വചിച്ചു. ഒരു കാര്യം കൂടിയേ അറിയാനുള്ളൂ – ഒരു “കോണ്‍ഗ്രസ്സ് നിഷ്പക്ഷനാവണോ”, അതോ “ബിജെപി നിഷ്പക്ഷനാ”വണോ എന്നത് ടി നിഷ്പക്ഷനു തന്നെ തെരഞ്ഞെടുക്കാവുന്ന കാര്യമാണോ, അതോ…
ഞാന്‍ നിഷ്പക്ഷന്‍ (കോ), നിഷ്പക്ഷന്‍ (ബി) ഇതിലേതാകണമെന്ന് ഇതു വരെ തീരുമാനിച്ചുകഴിഞ്ഞിട്ടില്ല, ഏതായാലും 😉
[ബൂലോകത്ത് ഒരു എസ് യു സി ഐ നിഷ്പക്ഷനുമുണ്ട് – വക്കാരി ;)]
ചിന്തിച്ചാല്‍ ബൂലോകത്തു മാത്രമല്ല ഭൂലോകത്തും “എല്ലാ പാര്‍ട്ടികളും ഒരുപോലെ “ എന്ന അരാഷ്ട്രീയ പ്രചരണങ്ങള്‍ സഹായിക്കുന്നത് വലതു പക്ഷത്തെ തന്നെയാണ്.
ഈ വാചകം മാരാര്‍ ഉദ്ദേശിച്ചതിലും ശക്തമാണ്.
അതായത്, “എല്ലാ പാര്‍ട്ടികളും ഒരുപോലെ” എന്നു പറയുന്നവരുടെ എണ്ണം കൂടുമ്പോള്‍ ഇടതിന്റെ ശക്തി കുറയുന്നു => പാര്‍ട്ടികളുടെ തനിനിറം കാണുമ്പോള്‍ മോഹഭംഗം വരുന്നവരുടെ എണ്ണം കൂടുതല്‍ വലതിനെ അപേക്ഷിച്ച് ഇടതിലാണ് => അണികളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ഇടതിനു പലപ്പോഴും കഴിയാറില്ല. ഇതാണുദ്ദേശിച്ചതെങ്കില് ഞാനും ശരി വെയ്ക്കുന്നു.
ഇഞ്ചിപ്പെണ്ണ് | 21-Apr-09 at 2:15 am | Permalink
>>അല്ലെങ്കിലും, വിമാനം ഓടിച്ചു നടന്ന രാജീവ് ഗാന്ധിയെ >>പ്രധാനമന്ത്രിയാക്കിയവരാണല്ലോ നമ്മൾ!
രാജീവ് ഗാന്ധി വിമാനം ഓടിച്ചിരുന്നു എന്നത് ശരി തന്നെ. 80-കളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 81‘ല്‍ അമേത്തിയില്‍ നിന്ന് മത്സരിച്ച് എണ്പതു ശതമാനത്തിലധികം വോട്ടില്‍ ജയിക്കുകയും ചെയ്തിരുന്നു. 77ല്‍ എമര്‍ജന്‍സി കാരണം സഞ്ജയ് ഗാന്ധിക്ക് നഷ്ടെപ്പെട്ടിരുന്ന അമേത്തി, 80ന്റെ തുടക്കത്തില്‍ സഞ്ജയ് ഗാന്ധി തിരിച്ച് പിടിച്ചിരുന്നു. അതിനു ശേഷം ആറു മാസത്തിനുള്ളില്‍ മരണപ്പെടുകയും പിന്നീട് രാജീവ് ഗാന്ധി മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ് നാലു വര്‍ഷത്തിനുശേഷം 84-ല്‍ ആണ് ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നത്. പ്രധാനമന്ത്രിയാവുന്നതിനു മുന്‍പുള്ള നാലു വര്‍ഷത്തില്‍ അമേത്തിയിലെ എം.പിയായ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹഹഹ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പ്രധാനമന്ത്രിയാവാൻ രാഷ്ട്രീയമില്ലാതിരുന്ന ഒരാൾക്കു വെറും നാലു കൊല്ലം മതിയോ ഇഞ്ചിപ്പെണ്ണേ? അതും പ്രധാനമന്ത്രിയാവാൻ പൊക്കിക്കൊണ്ടു വന്ന മകൻ മരിച്ചപ്പോൾ പ്രധാനമന്ത്രികുലം നിന്നു പോവാൻ മര്യാദയ്ക്കു ജീവിച്ചു പോന്നിരുന്ന മറ്റേ മകനെ അമ്മ പിടിച്ചുകൊണ്ടു വന്നു കൂടെ കൊണ്ടുനടന്നു നേടിക്കൊടുത്ത രാഷ്ട്രീയപരിചയം. നെഹ്രുവും ഇങ്ങനെ തന്നെയാണു് ഇന്ദിരയെ രാഷ്ട്രീയത്തിലിറക്കിയതു്. പക്ഷേ, ഇന്ദിര ഇതിലും കൂടുതൽ രാഷ്ട്രീയത്തിലുണ്ടായിരുന്നതിനു ശേഷമാണു പ്രധാനമന്ത്രിയായതു്.
ഇനി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യനാളുകളിൽ ഉണ്ടായിരുന്ന പുകിലുകളൊന്നും ഇഞ്ചിയ്ക്കു് ഓർമ്മയുണ്ടാവില്ല. വിക്കിപീഡിയയിലും ഉണ്ടാവില്ല. രാജീവിനു പരിചയമില്ലാത്തതിനാൽ കൂടെയുണ്ടായിരുന്ന ഉപജാപകവൃന്ദം കോൺഗ്രസ്സിനെയും ഭരണത്തെയും ഒരു വഴിക്കാക്കി. രാജീവ് ഗാന്ധി ബുദ്ധിമാനായിരുന്നതു കൊണ്ടു് പിന്നെ ഒരു നല്ല അഴിച്ചുപണി നടത്തിയാണു് കുറേയൊക്കെ അതു നേരെയാക്കിയതു്.
അതിനേക്കാൾ ഭീകരമായ ഒന്നു് ലാലുപ്രസാദിന്റെ ഭാര്യയുടെ കാര്യത്തിൽ പിന്നീടു നാം കണ്ടു. അടുക്കളയ്ക്കു വെളിയിൽ ലോകം കണ്ടിട്ടില്ലാത്ത ഒരുത്തിയെ ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രിയാക്കിയതു്.
രാഷ്ട്രീയപരിചയമില്ലാത്ത പലരെയും സ്ഥാനാർത്ഥികളാക്കിയ ചരിത്രം നമ്മുടെ പാർട്ടികൾക്കുണ്ടു്. അങ്ങനെയാണല്ലോ പരിചയം വരുന്നതു്. പക്ഷേ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആക്കുക എന്നു വെച്ചാൽ?
പതിനൊന്നു കൊല്ലം സജീവരാഷ്ട്രീയത്തിലുണ്ടായിരുന്ന ബാരക്ക് ഒബാമയെ “രാഷ്ട്രീയ-ഭരണ-പരിചയമില്ലാത്തവൻ” എന്നു മക്കൈൻ കളിയാക്കിയിരുന്നതു് ഓർമ്മയില്ലേ?
മാരാര്‍ | 21-Apr-09 at 2:36 am | Permalink
മാണിക്കന്ജി.. 🙂
നിഷ്പക്ഷത എന്നതിനെ നിര്‍വചിച്ചതല്ല. ബൂലോകത്ത് കണ്ട trend വലതുപക്ഷ പാര്‍ട്ടികളെ ഉള്ളില്‍ അനുകൂലിക്കുന്നുണ്ടെങ്കിലും പരസ്യമായി സപ്പോര്‍ട്ട് ചെയ്യാന്‍ മടിയുള്ളവന് നിഷ്പക്ഷന്റെ വേഷം കെട്ടുന്നതാണ്.
ഭൂലൊകത്തും അങ്ങിനെതന്നെ.. മറ്റുള്ളവരെ പറ്റി നല്ലതു പറയാന്‍ കഴിയാത്തതു കൊണ്ടാണ് “എല്ലാ പാര്‍ട്ടികളും ഒരു പോലെ” എന്ന പ്രചരണം നടത്തുന്നത്
മോഹഭംഗം വരുന്നവരുടെ എണ്ണം കൂടുതല്‍ വലതിനെ അപേക്ഷിച്ച് ഇടതിലാണ് എന്നു മാണിക്കന് പറഞ്ഞത് ഞാനും സമ്മതിക്കുന്നു. മോഹമുള്ളിടത്തല്ലേ മോഹഭംഗവുമുള്ളൂ
ഉമേഷ്ജീ.. “ഗുരു” എന്ന വാക്കിന് ആറെസ്സെസ്സ്കാര് patent എടുത്ത കാര്യം അറിഞ്ഞില്ലേ. ഇനി അതുപയോഗിക്കരുത് 🙂
marykutty | 21-Apr-09 at 4:48 am | Permalink
ഉമേഷ് ചേട്ടാ, കേരള ഫാര്‍മര്‍ ശശി തരൂരിനെ കുറിച്ചാണ് എഴുതിയത് എന്ന് എനിക്ക് തോന്നിയില്ല…ഞാന്‍ ഫാര്‍മറുടെ ബ്ലോഗ് ആദ്യമായി വായിക്കുകയാണ്, ഈ പോസ്റ്റ് അല്ലാതെ വേറെ പോസ്റ്റ് ഒന്നും വായിച്ചിട്ടുമില്ല..
അവിടെ കമ്മന്റുകള്‍ എല്ലാം തന്നെ ആ ബ്ലോഗ്ഗര്‍ ശശി തരൂരിനെ പറ്റി പറഞ്ഞു എന്ന നിലയിലാണ് കണ്ടത്..
ഇഞ്ചിപ്പെണ്ണ് | 22-Apr-09 at 1:04 pm | Permalink
രാഷ്ട്രീയ പരിചയമുള്ള രാഷ്ട്രീയത്തില്‍ ഒരുപാടു പരിചയമുണ്ടായിട്ടും പലരും ചെയ്തു കൂട്ടുന്നതും ഒക്കെ വെച്ച് നോക്കുമ്പോള്‍ നാലു വര്‍ഷം മതിയോ എന്നൊക്കെ ചോദിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. അതൊക്കെ ഓരോരുത്തരുടെ വെറും പൊളിറ്റിക്കല്‍ അഭിപ്രായങ്ങള്‍ മാത്രം. ഞാന്‍ അതിനെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല.
വിമാനം ഓടിച്ചുകൊണ്ട് നടന്നിരുന്നയാള്‍ പെട്ടെന്ന് പ്രധാനമന്ത്രി എന്ന സ്ഥിരം കേള്‍ക്കാറുള്ള ഒരു പല്ലവിക്കായിരുന്നു എന്റെ ഉത്തരം. അത് അങ്ങിനെ മിക്കവരും പറയുന്നതാണ്. സഞ്ജയ് ഗാന്ധി മരിച്ചപ്പോള്‍ ഇന്ദിരാഗാന്ധി ഓടിച്ചെന്ന് താക്കോല്‍ തപ്പി മട്ടിലുള്ളത്. രാജീവ് ഗാന്ധി വിമാനം ഇടിച്ചിറക്കിയല്ല രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്, അതിനു മുന്‍പ് എം.പിയും ഇന്ദിരാഗാന്ധിയുടെ പൊളിറ്റിക്കല്‍ അഡ്വൈസറും രാഷ്റ്റ്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ടായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ ഗൌരിയമ്മയെപ്പോലും എടുക്കാതെ, ഇപ്പോള്‍ ബ്രിന്ദാ കാരാട്ടിനെ മാത്രം ആദ്യമായി ഒരു സ്ത്രീയെ പോളിറ്റ് ബ്യൂറോയില്‍ കയറ്റിയത് കാരാട്ടിന്റെ ഭാര്യ ആയതുകൊണ്ട് എന്ന് ആരെങ്കിലും പറയുന്നതില്‍ ശരികേടുണ്ട്. അതുപോലെ തന്നെ ഇതും പറഞ്ഞുള്ളൂ.
wakaari | 26-Apr-09 at 7:00 pm | Permalink
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പ്രധാനമന്ത്രിയാവാൻ രാഷ്ട്രീയമില്ലാതിരിക്കുന്ന ഒരാള്‍ക്ക് വേണ്ട “വെറും” കൊല്ലങ്ങള്‍ മിനിമം എത്രയായിരിക്കണം ഉമേഷ്ജീ?
“അഹിന്ദുക്കളിൽ നിന്നു പോലും ശ്രീരാമസേനയെപ്പോലുള്ള സംഭവങ്ങളെപ്പറ്റി അസഹിഷ്ണുത കണ്ടിട്ടില്ല“-
നമുക്കൊന്ന് എലാബറേറ്റിയാലോ? അതായത് ശ്രീരാമസേനക്കാരുടെ പ്രവര്‍ത്തികള്‍ക്ക് നേരെയുള്ള അസഹിഷ്ണുതയെ പൊതുവെ രണ്ടായി തിരിക്കാം:
1. ഹിന്ദുക്കളുടെ അസഹിഷ്ണുത
2. അഹിന്ദുക്കളുടെ അസഹിഷ്ണുത
ശ്രീരാമസേനക്കാരുടെ പ്രവര്‍ത്തികളോടുള്ള ഹിന്ദുക്കളുടെ അസഹിഷ്ണുത എങ്ങിനെയൊക്കെയായിരിക്കും?
ശ്രീരാമസേനക്കാരുടെ പ്രവര്‍ത്തികളോടുള്ള അഹിന്ദുക്കളുടെ അസഹിഷ്ണുത എങ്ങിനെയൊക്കെയായിരിക്കും?
ശ്രീരാമസേനക്കാരുടെ പ്രവര്‍ത്തികളോടുള്ള ഹിന്ദുക്കളുടെ അസഹിഷ്ണുത ശ്രീരാമസേനക്കാരുടെ പ്രവര്‍ത്തികളോടുള്ള അഹിന്ദുക്കളുടെ അസഹിഷ്ണുതയുമായി എങ്ങിനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കും?
അവസാനം:
അസഹിഷ്നുതയ്ക്ക് മതമുണ്ടോ?
മതമുള്ള അസഹിഷ്ണുത
മതമില്ലാത്ത അസഹിഷ്ണുത…
joju | 04-May-09 at 1:23 pm | Permalink
“മലയാളവും കേരളവും ജനസേവനവും രാഷ്ട്രീയപരിചയവും ഒന്നും പ്രശ്നമേ അല്ല എന്നും ഉള്ള അഭിപ്രായം കേരള ഫാർമർക്കു മാത്രമല്ല എന്നു മനസ്സിലായി”
ഇവിടെ പറയുന്നതു രാഷ്ട്രീയമോ എന്നു തീര്‍ച്ചയില്ല. എങ്കിലും ചില പ്രയോഗങ്ങള്‍ പ്രതികരണമര്ഹിയ്ക്കുന്നു എന്നതുപോലെ തോന്നുന്നു.
കേരളത്തില്‍ പൊതുവെ അംഗീകയ്ക്കപ്പെട്ട മന്ത്രിയായിരുന്നു ഗണേഷ് കുമാര്‍. ബാലകൃഷ്ണപിള്ള എന്ന പേരുകേട്ടാല്‍ കാര്‍ക്കിച്ചു തുപ്പുന്നവര്‍ പോലും ഗണേഷ് കുമാറിനെ മാനിച്ചു. എന്തു പരിചയമാണ് ഗണേഷ് കുമാറിനുണ്ടായിരുന്നത്? വര്‍ഷങ്ങളുടെ പരിചയമുള്ള ബാലകൃഷ്ണപിള്ളയോ ഗണേഷ് കുമാറോ ആരാണു ഭേദം?