വിദ്യാധനം സര്‍വ്വധനാത് പ്രധാനം

സുഭാഷിതം

വളരെ പ്രശസ്തമായ ഒരു ശ്ലോകം. പ്രത്യേകിച്ചു നാലാമത്തെ വരി.

ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ദ്ധത ഏവ നിത്യം
വിദ്യാധനം സര്‍വ്വധനാത് പ്രധാനം

അര്‍ത്ഥം:

ന ചോരഹാര്യം : കള്ളന്മാര്‍ മോഷ്ടിക്കില്ല
ന ച രാജഹാര്യം : രാജാവു മോഷ്ടിക്കില്ല
ന ഭ്രാതൃഭാജ്യം : സഹോദരനു ഭാഗിച്ചു കൊടുക്കേണ്ട
ന ച ഭാരകാരീ : ഒട്ടും ഭാരമില്ല
നിത്യം കൃതേ വ്യയേ വര്‍ദ്ധതേ ഏവ : എന്നും ചെലവാക്കിയാലും വര്‍ദ്ധിക്കുകയേ ഉള്ളൂ
വിദ്യാധനം സര്‍വ്വധനാത് പ്രധാനം : വിദ്യ എന്ന ധനമാണു് എല്ലാ ധനങ്ങളിലും വെച്ചു പ്രധാനം

രാജാവു നികുതി പിരിക്കുന്നതു കള്ളന്മാര്‍ ചെയ്യുന്നതുപോലെയുള്ള ഒരുതരം മോഷണമാണു് എന്നു് അന്നത്തെ കവിക്കും തോന്നിയിരുന്നു എന്നു് ഇതില്‍ നിന്നു വ്യക്തമാണു്. സാധാരണ ധനത്തിനുള്ള എല്ലാ കുഴപ്പങ്ങളും (കള്ളന്മാരുടെയും ഭരണാധികാരികളുടെയും ശല്യം, സഹോദരങ്ങള്‍ക്കു കൊടുക്കേണ്ടി വരിക) ഇല്ലാത്തതും ചെലവാക്കും തോറും കൂടിവരികയും ചെയ്യുന്ന ധനമാണു വിദ്യ എന്നര്‍ത്ഥം. സാര്‍വ്വകാലികവും സാര്‍വ്വജനീനവുമായ ആശയം.

ഇതില്‍ നിന്നു് ആശയമുള്‍ക്കൊണ്ടാണു് മഹാകവി ഉള്ളൂര്‍

കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം

എന്നെഴുതിയതു്. നേര്‍തര്‍ജ്ജമ രാജേഷോ സന്തോഷോ എഴുതും 🙂

ഈ ഗുണങ്ങളുള്ള വിദ്യ എന്ന ധനം വേണ്ടുവോളം സമ്പാദിക്കാന്‍ ഇവിടെ പോവുക.


[2006/08/01] പതിവുപോലെ രാജേഷ് വര്‍മ്മയുടെ പരിഭാഷ. ഇത്തവണ പഞ്ചചാമരത്തില്‍.

എടുത്തുകൊണ്ടു പോവുകില്ല കള്ളനും നൃപാലനും,
പകുത്തിടേണ്ട സോദരര്‍ക്കു, ഭാരമില്ല താങ്ങുവാന്‍,
കൊടുത്തുകൊണ്ടിരിക്കുകില്‍ പെരുപ്പമേറിവന്നിടും –
ധനത്തിലേറ്റമുത്തമം പഠിത്തമെന്നൊരാ ധനം

നന്ദി, രാജേഷ്!

(കണ്ണൂസിന്റെ ഒരു വിദൂരതര്‍ജ്ജമയ്ക്കു് അഞ്ചാമത്തെ കമന്റ് നോക്കുക.)