ഭാരതീയജ്ഞാനം-ചില ചിന്തകള്‍

പ്രതികരണം, സംവാദം

ചിത്രകാരന്റെ ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ? എന്ന പോസ്റ്റില്‍ വന്ന ചില കമന്റുകള്‍ക്കുള്ള പ്രതികരണമായി നവംബര്‍ 25 മുതല്‍ 28 വരെ എഴുതിയതാണു് ഈ പോസ്റ്റിന്റെ സിംഹഭാഗവും. ഇതില്‍ പ്രതിപാദിച്ചിരുന്ന ഒരു വാദം പിന്നീടു് രാമായണവും വിമാനവും എന്ന പേരില്‍ ഞാന്‍ ഒരു പോസ്റ്റാക്കി. ഇതിലെ മറ്റു ചില വാദങ്ങള്‍ ചേര്‍ത്തു് ഒരു പോസ്റ്റാക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും അതു് എങ്ങുമെത്തിയില്ല. ഇതുവരെ എഴുതിയതു് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നു. അല്ലെങ്കില്‍ ഇതിന്റെ പ്രസക്തി നഷ്ടപ്പെട്ടുപോകും.

ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നു:

  1. ഇതു് ചിത്രകാരന്റെ പോസ്റ്റിന്റെ ആസ്വാദനമല്ല. സെന്‍‌സേഷണല്‍ വിഷയങ്ങള്‍ എന്തെങ്കിലും എടുത്തു് ആധികാരതയോ ആവശ്യമായ പഠനമോ ഇല്ലാതെ എന്തെങ്കിലും എഴുതിവിടുന്ന ചിത്രകാരന്റെ പോസ്റ്റുകളില്‍ ഒന്നുപോലും നിലവാരമുള്ളതായി എനിക്കു തോന്നിയിട്ടില്ല. പലതും നല്ല സംവാദങ്ങള്‍ക്കു വഴിയൊരുക്കി എന്നതൊഴിച്ചാല്‍ ഇതുവരെ എന്തെങ്കിലും ഗുണം അദ്ദേഹത്തിന്റെ എഴുത്തില്‍ (പോസ്റ്റായാലും കമന്റായാലും) ഉണ്ടെന്നു് എനിക്കു തോന്നിയിട്ടില്ല. ആ പോസ്റ്റ് അതിനൊരു അപവാദമല്ല.
  2. ചിത്രകാരന്റെ പോസ്റ്റിന്റെ വിഷയമോ (“ശബരിമല ബുദ്ധവിഹാരമോ?”) സംവാദങ്ങളില്‍ ഉരുത്തിരിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട വിഷയമോ (“ഐ. ടി. മേഖലയും ദളിതരും”) അല്ല എന്റെ ഈ പോസ്റ്റിന്റെ പ്രതിപാദ്യം. സംവാദത്തില്‍ത്തന്നെ ഉരുത്തിരിഞ്ഞതും ഞാന്‍ മറ്റു പലയിടത്തും പറഞ്ഞുകൊണ്ടിരിക്കുന്നതും ആയ മറ്റൊരു വിഷയമാണു്.
  3. ഈ പോസ്റ്റ് പൂര്‍ണ്ണമല്ല. എഴുതണമെന്നുള്ളതു മുഴുവന്‍ എഴുതാന്‍ കഴിഞ്ഞിട്ടില്ല. അപൂര്‍ണ്ണത ഇല്ലായ്മയെക്കാള്‍ മെച്ചമാണല്ലോ എന്നു കരുതി പ്രസിദ്ധീകരിക്കുന്നു. സംവാദങ്ങള്‍ ഇതിനെ പൂര്‍ണ്ണമാക്കും എന്നു പ്രതീക്ഷിക്കുന്നു.

പൊതുവാളന്‍ എഴുതുന്നു:

ഉത്തരാധുനിക ശാസ്ത്രയുഗത്തില്‍ കണ്ടെത്തലുകളുടെ മൊത്ത അവകാശികളായ പടിഞ്ഞാറന്‍ ലോകം അവരുടെ നൂതന സമ്പ്രദായങ്ങളെല്ലാം മാറ്റിവെച്ച്‌ ഭാരതത്തിന്റെ ഋഷീശ്വരന്‍‌മാര്‍ കണ്ടെടുത്ത ആയുര്‍വേദവും യോഗമര്‍ഗവും ദത്തെടുത്ത്‌ അവരുടേതാക്കുകയാണ്.

നമ്മുടെ നാട്ടില്‍ നിന്നു കുരുമുളകും കോഹിനൂര്‍ രത്നവും മറ്റും അടിച്ചുമാറ്റിയതു പോലെ (ഇതില്‍ പലതും അടിച്ചുമാറ്റിയതല്ല, പരവതാനികളും ആയുധങ്ങളും മറ്റും തന്നിട്ടു ക്രയവിക്രയം നടത്തിയതാണെന്നതു മറ്റൊരു കാര്യം) നമ്മുടെ താളിയോലഗ്രന്ഥങ്ങളും അറബികള്‍ തൊട്ടുള്ളവര്‍ ഇവിടെനിന്നു പൊക്കിയിട്ടുണ്ടു്‌. ഇതിനു പലതിനും തിരിച്ചു വിലയും നല്‍കിയിട്ടുണ്ടു്‌. ചിലപ്പോള്‍ പണമായി. ചിലപ്പോള്‍ ആയുധശക്തി ഉപയോഗിച്ചു കൊള്ളയടിച്ചു്‌. ഇങ്ങനെയുള്ള ക്രയവിക്രയവും കൊള്ളയടികളും ചരിത്രത്തിന്റെ ഭാഗമാണു്‌. പളപളപ്പിനു പകരമായി ദ്രവിച്ച താളിയോലകള്‍ എടുത്തുകൊടുത്ത ജന്മിമാര്‍ വിസ്മൃതരായപ്പോള്‍ അയല്‍രാജ്യത്തെ ഒതുക്കാനായി വിദേശികള്‍ക്കു കോട്ട കെട്ടാന്‍ അനുവാദം കൊടുത്ത രാജാക്കന്മാര്‍ ചരിത്രത്തിന്റെ സുവര്‍ണ്ണലിപികളില്‍ വിളങ്ങുന്നു എന്നു മാത്രമേ വ്യത്യാസമുള്ളൂ.

ഇവിടെ ചില കാര്യങ്ങള്‍ ഓര്‍ക്കാനുണ്ടു്‌:

  • കോഹിനൂര്‍ രത്നവും മയൂരസിംഹാസനവുമൊക്കെ ഇന്ത്യന്‍ മണ്ണിന്‍ മുളച്ചതല്ലാത്തതുപോലെ (അവ ഇവിടെ വന്നതിന്റെ പിന്നിലും ഇങ്ങനെയുള്ള ക്രയവിക്രയങ്ങളും കൊള്ളയടികളും ഉണ്ടു്‌) ഈ വിജ്ഞാനവും പൂര്‍ണ്ണമായി ഭാരതത്തിന്റേതല്ല. പ്രാചീനഭാരതത്തില്‍ മറ്റു രാജ്യങ്ങളുമായി വിജ്ഞാനം പങ്കുവെയ്ക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ എടുക്കും എന്നു മാത്രം. ഇവിടെ നിന്നു്‌ വിജ്ഞാനം അടിച്ചുമാറ്റിയ വണിക്കുകള്‍ തന്നെയാണു്‌ പലപ്പോഴും മറ്റു രാജ്യങ്ങളിലെ വിജ്ഞാനവും വസ്തുക്കളും ഇവിടെ എത്തിച്ചതും. ഭാരതത്തിലെ ആള്‍ജിബ്ര മറ്റു രാജ്യങ്ങളിലെത്തിയതുപോലെ ഗ്രീസിലെ ജ്യോമട്രി ഭാരതത്തിലും എത്തിയിട്ടുണ്ടു്‌. ബാബിലോണിയക്കാര്‍ തുടങ്ങി വെച്ചതും പിന്നെ നശിച്ചതുമായ place holder symbol തിയറി (ഇതു് വളരെ ഗണിതശാസ്ത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തമായ പൂജ്യം/place value system കണ്ടുപിടിക്കാന്‍ ഭാരതീയര്‍ക്കു പ്രചോദനമായിട്ടുണ്ടു്‌) മറ്റൊരുദാഹരണം.
  • വിദേശികള്‍ തട്ടിക്കൊണ്ടുപോയ കാര്യങ്ങള്‍ മാത്രമേ ഭാരതത്തിന്റേതായി അറിയപ്പെടുന്നുള്ളൂ. ഗണിതശാസ്ത്രത്തില്‍ ആര്യഭടന്‍, ബ്രഹ്മഗുപ്തന്‍, ഭാസ്കരന്‍ II എന്നു മൂന്നു പേരുകള്‍ മാത്രമേ ഗണിതചരിത്രപുസ്തകങ്ങളില്‍ കാണൂ. ശ്രീപതിയും വടേശ്വരനും മാധവനും പരമേശ്വരനും നീലകണ്ഠസോമയാജിയും പുതുമന സോമയാജിയുമൊക്കെ ലോകര്‍ക്കറിയാത്ത ഗണിതജ്ഞരാണു്‌. കാരണം, ഇവരുടെ പുസ്തകങ്ങള്‍ വിദേശികള്‍ക്കു്‌ അപ്രാപ്യമായി ഭാരതത്തിലെ ജന്മികളുടെ പത്തായത്തിലെ താളിയോലകളായി ജീര്‍ണ്ണിച്ചുകിടന്നു. സായിപ്പു കൊണ്ടുപോയവ പ്രസിദ്ധമാണു്‌. അവയെ അവലംബിച്ചും അവയെ സായിപ്പു കട്ടുകൊണ്ടുപോയി എന്നു വിലപിച്ചും നാം പുസ്തകങ്ങള്‍ എഴുതിക്കൂട്ടുന്നു. (ഞാനും വ്യത്യസ്തനല്ല.)

    ക്രി. പി. എട്ടാം നൂറ്റാണ്ടില്‍ കനകന്‍ എന്നൊരു ജ്യോതിശ്ശാസ്ത്രജ്ഞന്‍ അറേബിയയിലെ ഖലീഫയായിരുന്ന അല്‍-മന്‍സൂറിന്റെ സഭയിലെ അംഗമായി. അദ്ദേഹത്തിന്റെ കയ്യില്‍ ആര്യഭടന്റെയും ബ്രഹ്മഗുപ്തന്റെയും ഗ്രന്ഥങ്ങളും സൂര്യസിദ്ധാന്തം തുടങ്ങിയ സിദ്ധാന്തങ്ങളും അടങ്ങിയ ഒരു ചെറിയ പുസ്തകശേഖരം ഉണ്ടായിരുന്നു. അവയിലെ ഗണിതശാസ്ത്രം കണ്ടു വിസ്മയിച്ച ഖലീഫ അവയെ അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ ഏര്‍പ്പാടു ചെയ്തു. Great Sindhind (മഹാസിദ്ധാന്തം-അറബി പേരു് എനിക്കറിയില്ല) എന്നാണു് ആ പരിഭാഷ അറിയപ്പെടുന്നതു്. ഈ പുസ്തകമാണു് ഭാരതീയഗണിതം പാശ്ചാത്യര്‍ക്കു പ്രാപ്യമാക്കിത്തീര്‍ത്തതു്.

    പിന്നീടു് ഇതുപോലെയുള്ള ഒരു‍ ശ്രമം നടക്കാന്‍ ആയിരത്തിലധികം കൊല്ലം കഴിയേണ്ടിവന്നു. കോള്‍ബ്രൂക്ക് തുടങ്ങിയവര്‍ ഭാസ്കരാചാര്യരുടെയും മറ്റും കൃതികള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചപ്പോള്‍.

    പൂജ്യത്തിനു ശേഷം ഒന്നും ഉണ്ടാകാത്തതല്ല, ഉണ്ടായതൊക്കെ പത്തായപ്പുരകളില്‍ ജീര്‍ണ്ണിച്ചുപോയതാണു്. ഈയിടെ ഒരു അമേരിക്കന്‍ ഗൃഹത്തില്‍ ഒരു താളിയോലഗ്രന്ഥം കണ്ടു. എന്താണെന്നു് ആര്‍ക്കും ഒരു പിടിയുമില്ല. ചോദിച്ചപ്പോള്‍ വീടിന്റെ ഐശ്വര്യത്തിനു വേണ്ടിയാണെന്നു പറഞ്ഞു. വീട്ടില്‍ ഗ്രന്ഥം വേണമെന്നു് ആരോ പറഞ്ഞിട്ടുണ്ടത്രേ! ഒരു വീടിന്റെ ഐശ്വര്യത്തിനു് അവിടെ പുസ്തകങ്ങള്‍ ഉണ്ടായിരിക്കണം എന്നു പറഞ്ഞ പ്രാചീനാചാര്യന്റെ വാക്കുകളെ താളിയോലഗ്രന്ഥം എന്നു മനസ്സിലാക്കിയതിനെപ്പറ്റി എന്തു പറയാന്‍! ഇവ വായിക്കാന്‍ കഴിയുന്ന ഗവേഷകരുടെ പക്കല്‍ ഏല്‍പ്പിക്കാതെ ഐശ്വര്യത്തിനു വേണ്ടി പല വീടുകളിലും ഗര്‍ദ്ദഭം ചുമക്കുന്ന കുങ്കുമം പോലെ ഇരിക്കുന്നുണ്ടാവും. നമ്മുടെ വിദ്യയെ അര്‍ഹിക്കുന്ന ആദരവു നല്‍കി പ്രസിദ്ധീകരിച്ച പാശ്ചാത്യരല്ല, മ്ലേച്ഛന്മാര്‍ തൊടരുതു് എന്നു പറഞ്ഞു് ആറടി മണ്ണില്‍ കുഴിച്ചു താഴ്ത്തിയ നമ്മള്‍ തന്നെയാണു കുറ്റക്കാര്‍.

  • “കൊണ്ടുപോകില്ല ചോരന്മാര്‍, കൊടുക്കും തോറുമേകിടും” എന്നാണു കവി പാടിയിരിക്കുന്നതു്‌. കട്ടുകൊണ്ടു പോയാലും അതു വിദ്യയല്ലേ? കൂടുതല്‍ ആളുകളുടെ കയ്യിലെത്തുന്നതു നല്ലതല്ലേ? അല്ലെങ്കിലും അറിവിനു സ്രഷ്ടാവില്ല, വാഹകരേ ഉള്ളൂ.
  • ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ കേള്‍ക്കുന്ന ഒരു വാക്കാണു്‌ “പാശ്ചാത്യര്‍” എന്നതു്‌. എന്താണതിനര്‍ത്ഥം? ഇംഗ്ലണ്ട്‌, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്‌, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ ചില കാര്യങ്ങള്‍ ഇന്ത്യയ്ക്കു മുന്നേ ഗ്രീസിലും ബാബിലോണിയയിലും ഉണ്ടായിരുന്നു എന്നു പറയുന്നതു്‌ അവരുടെ പക്ഷപാതിത്വമാണെന്നു പറയുന്നതിന്റെ പൊരുളെന്താണു്‌?

    ഭാരതത്തിലെ ജ്ഞാനത്തെപ്പറ്റി വിദേശികള്‍ അറിയുന്നില്ലെങ്കില്‍ കുറ്റക്കാര്‍ നാം തെന്നെയാണു്‌. നമ്മളില്‍ അറിയാവുന്നവര്‍ അതു വസ്തുനിഷ്ഠമായി പ്രസിദ്ധീകരിക്കണം. അല്ലാതെ അനേകം ആശ്ചര്യചിഹ്നങ്ങള്‍ ഇട്ടു്‌ സ്പാം ഇ-മെയിലുകള്‍ അയച്ചാല്‍ പോരാ.

    വസ്തുനിഷ്ഠമായി ഭാരതീയജ്ഞാനത്തെപ്പറ്റി പ്രസിദ്ധീകരിക്കുന്നവരും ഉണ്ടു്‌-“ആര്‍ഷജ്ഞാന”ത്തെപ്പറ്റി വികാരം കൊള്ളാതെ തന്നെ. ബി. ദത്തയും എ. എന്‍. സിംഗും ചേര്‍ന്നെഴുതിയ History of Hindu Mathematics ഒരുദാഹരണം. പാശ്ചാത്യരും പൌരസ്ത്യരുമായ പണ്ഡിതര്‍ ഇതിലെ വസ്തുതകളെ മാനിക്കുന്നു.


ചിത്രകാരന്‍ പറയുന്നു:

ശ്രീ ശങ്കരാചാര്യരെക്കുറിച്ചോ വേറെ ഏതെങ്കിലും ഭിക്ഷക്കാരനെക്കുറിച്ചോ (മഹാബലിയില്‍ നിന്നും മലയാളികളുടെ ആത്‌മാഭിമാനം ഭിക്ഷയായി വാങ്ങിയ വാമനന്‍ഭട്ടതിരിപ്പാട്‌) ചിത്രകാരന്‍ പോസ്‌റ്റില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും ശ്രീ ശങ്കരന്‍ ആക്രമിക്കപ്പെടുന്നു എന്ന തരത്തില്‍ കമന്റിയിരിക്കുന്നു…കഷ്ടം!!! യഥാര്‍ത്ഥത്തില്‍ ക്ഷൌരക്കാരന്‍ പരശുരാമന്‍ ഭട്ടതിരിപ്പാട്‌ ആയുധമെടുത്തു തന്നെ ബ്രാഹ്‌മണ ഹിന്ദുമതം അടിച്ചേല്‍പ്പിച്ച കഥ സൌകര്യം പോലെ ഇവര്‍ മറന്നുപോകുന്നു.
ദൈവത്തിന്റെ അച്ചനായി ചമഞ്ഞിരിക്കുന്ന എല്ലാ തന്ത്രിമാരെയും ക്ഷേത്രങ്ങളില്‍നിന്നും പുറത്താക്കാത്തപക്ഷം ബ്രാഹ്മണ്യം നാമറിയാതെതന്നെ വീണ്ടും നമ്മെ വിഴുങ്ങും.

ഇവിടെ ചിത്രകാരന്‍ തന്നെയല്ലേ വര്‍ഗ്ഗീയവാദിയും വികാരഭരിതനും ആ‍കുന്നതു്? വാമനനെ തെണ്ടി എന്നു വിളിച്ചതു സമ്മതിക്കാം. പരശുരാമനെ “ക്ഷൌരക്കാരന്‍” എന്നു വിളിച്ചതിന്റെ യുക്തിയെന്തു്?


ചന്ത്രക്കാരന്‍ പറയുന്നു:

ചിലപ്പോള്‍ പറയേണ്ടത്‌ പറയാതിരിക്കാറുണ്ടെങ്കിലും താങ്കള്‍ (ഉമേഷ്) പറയേണ്ടാത്തത്‌ പറയാറില്ല.

പറയേണ്ടതു്‌, പറയേണ്ടാത്തതു്‌ എന്നതു്‌ ആപേക്ഷികമല്ലേ? ഓരോ വ്യക്തിയ്ക്കും ഓരോ കാര്യത്തിലായിരിക്കും കൂടുതല്‍ താത്‌പര്യം.

പറയേണ്ടതു പലപ്പോഴും പറയാത്തതു സമയക്കുറവു മൂലമാണു്‌. ആദ്യമേ പറയാന്‍ വേണ്ട സമയം മനസ്സിലൊന്നു കണക്കു കൂട്ടി നോക്കും. വലുതെന്നു തോന്നിയാല്‍ വേണ്ടെന്നു വെയ്ക്കും. അതുപോലെ എന്നെക്കാള്‍ നന്നായി എന്റെ അഭിപ്രായം പറയുന്നവര്‍ സംവാദത്തിലുണ്ടെങ്കിലും ഞാന്‍ മൌനം പാലിക്കും. ആശയങ്ങളല്ലേ പ്രധാനം, പറയുന്ന വ്യക്തികളല്ലല്ലോ.

(ഇതു് ഒന്നര മാസം മുമ്പെഴുതിയതാണു്. അതിനു ശേഷം ചന്ത്രക്കാരന്‍ എഴുതിയ “ഉമേഷിനു സ്നേഹപൂര്‍വ്വം” എന്ന പോസ്റ്റു വായിച്ചതിനു ശേഷം അദ്ദേഹം ഉദ്ദേശിച്ചതു് എന്താണെന്നു കൂടുതല്‍ വ്യക്തമായി.)


ചന്ത്രക്കാരന്‍ പറയുന്നു:

വെറും ഡോക്യുമെന്റേഷന്‍, അതും ഈ ജ്ഞാനശാഖകള്‍ ഉരുത്തിരിയുന്നതില്‍ മിക്കവാറും ഒരു പങ്കുമില്ലാത്ത സംസ്കൃതത്തില്‍, ഉണ്ടാക്കിവച്ചതൊഴിച്ചാല്‍ ഇന്ത്യന്‍ സവര്‍ണ്ണന്‍ കാര്യമായ എന്തെങ്കില്‍ സംഭാവന്‍ നല്‍കിയിട്ടുണ്ടോ നമ്മുടെ ജ്ഞാനശാഖകള്‍ക്ക്‌? സ്വാതന്ത്ര്യസമരത്തോടുകൂടി അറിവാണ്‌ ഭാവിയിലെ അധികാരം എന്നു ബോദ്ധ്യപ്പെട്ടപ്പോളല്ലേ ആഢ്യഹിന്തു ജ്ഞാനമേഖലകളില്‍ കൈവക്കുന്നത്‌.

വിയോജിപ്പുണ്ടു്. പിന്നീടു വ്യക്തമാക്കാം. “വെറും ഡോക്യുമെന്റേഷന്‍…” എന്ന അഭിപ്രായത്തോടും യോജിപ്പില്ല. കുറേ ആളുകളില്‍ ഒതുങ്ങി നിന്നു നശിച്ചുപോകേണ്ട വിദ്യയെ കാലാതിശായിയാക്കുന്നതാണു ഡോക്യുമെന്റേഷന്‍. സംസ്കൃതത്തിനു് ഈ മേഖലയില്‍ മറ്റു ഭാഷകളെക്കാള്‍ അന്നു കൂടുതല്‍ ഗുണങ്ങളും ഉണ്ടായിരുന്നു.


ഒരു Anonymous പറയുന്നു:

saasthav the son of sivan and vishnumaya is verymuch mentioned in kamparamayana and bhagavatham in more than one places, if you take these as part of “Hindu” Purana.

കമ്പരും എഴുത്തച്ഛനുമൊക്കെ വളരെ പിന്നീടുണ്ടായവരല്ലേ-പുരാണത്തിന്റെ ഭാഗമായി കരുതാന്‍ പറ്റുമോ? ശാസ്താവു് എന്ന സങ്കല്പത്തിനു് അയ്യപ്പനെക്കാള്‍ പഴക്കമുണ്ടു്. എങ്കിലും ഇന്ദ്രന്‍, അഗ്നി, വരുണന്‍, യമന്‍, ത്രിമൂര്‍ത്തികള്‍, വിഷ്ണുവിന്റെ അവതാരങ്ങള്‍ തുടങ്ങിയവരെ പ്രതിപാദിക്കുന്ന കാലത്തു് ശാസ്താവിന്റെ കഥ പ്രചാരത്തില്‍ ‍വന്നിട്ടില്ല.

ഭാഗവതത്തില്‍ ശാസ്തൃകഥയുണ്ടെന്നു് അറിയില്ലായിരുന്നു. ഏതായാലും ഇന്നു നാം കാണുന്ന ഭാഗവതത്തിന്റെ രചന ക്രി. പി. ഏഴാം നൂറ്റാണ്ടിനു ശേഷമാണെന്നു് പണ്ഡിതര്‍ അംഗീകരിച്ചിട്ടുള്ള കാര്യമാണു്. വ്യാസന്‍ എഴുതി എന്നു പറയപ്പെടുന്ന ഭാഗവതപുരാണമല്ല അതു്.

അനോണി തുടര്‍ന്നെഴുതുന്നു:

Buddhism was a propagandist religion and except for the withdrwan saints seeking enlightenment and the huge settlements that were buddist colleges, monks always had their vihars built in towns and crowded places, so as to facilitate familiarization of their religion to the masses. I have never seen an exception. Do you think they would have made a vihara in an unhabitated place like Sabarimala? Highly unlikely that they were trying to convert the scanty tribal population. Buddists targeted people above a certain level of development, in India and elsewhere and no tribal settlement was ever converted, but flourishing kingdoms were.

ശരിയാണു്. മറ്റെല്ലാ മതങ്ങളെയും പോലെതന്നെ, ബുദ്ധമതവും പ്രചാരണത്തിനാണു് വിഹാരങ്ങള്‍ കെട്ടിപ്പൊക്കിയതു്. അവ ജനവാസമുള്ള സ്ഥലങ്ങളിലായിരുന്നു താനും. പക്ഷേ പില്‍ക്കാലത്തു് അനുയായികള്‍ ആരാധനയ്ക്കായി അമ്പലങ്ങള്‍ പണിയാന്‍ തുടങ്ങി. അവര്‍ക്കു മതപ്രചാരണം അല്ലായിരുന്നു ലക്ഷ്യം. തങ്ങളുടെ സ്ഥലത്തു് ആരാധനാസ്ഥലം വേണം. അത്ര തന്നെ. ഷിര്‍ദ്ദി സായിബാബയുടെ മന്ദിരങ്ങളും മറ്റും ആള്‍ത്താമസം അധികമില്ലാത്തിടത്തും കാണുന്നുണ്ടല്ലോ.

ഇന്നത്തെ കാലത്തു് ഇവ പണിയുന്നതു മതപ്രചാരണത്തിനല്ല-കാണിക്കയായി പണം കിട്ടാനാണു് എന്നതു മറ്റൊരു കാര്യം. അപ്പോള്‍ അതും ജനവാസമുള്ള സ്ഥലങ്ങളിലാകുന്നു. മാര്‍ഗ്ഗം ലക്ഷ്യത്തെയും സാധൂകരിക്കാമല്ലോ!

Like you said, story of Ayyappan (not Sastha) started coming into picture around 175 to 200 years back. Budhism was long dead before that. If it was a modernized Vihar, what was it for almost a thousand years?

അങ്ങനെയാണോ ഞാന്‍ പറഞ്ഞതു്? ശാസ്താവിനെപ്പറ്റി സംസ്കൃതത്തില്‍ സ്തോത്രങ്ങളുണ്ടായതു് അപ്പോഴാണെന്നല്ലേ പറഞ്ഞുള്ളൂ? പുരാണപ്രഥിതമാണെങ്കില്‍ ശാസ്തൃസ്തോത്രങ്ങളും ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരുടെ സ്തോത്രങ്ങള്‍ പോലെ ഉണ്ടാകേണ്ടതല്ലേ എന്നായിരുന്നു ചോദ്യം.

വിശ്വാസം കുറെക്കാലം നിന്നു കഴിയുമ്പോഴാണു സ്തോത്രങ്ങള്‍ പ്രചാരത്തിലാകുന്നതു്. ജീവിച്ചിരിക്കുമ്പോള്‍ സ്തോത്രങ്ങള്‍ പ്രചരിക്കുന്നതു് ഇരുപതാം നൂറ്റാണ്ടു മുതലുള്ള ദൈവങ്ങളുടെ ഭാഗ്യമാണെന്നു തോന്നുന്നു 🙂

Lot of local greatpersons or for a names purpose, saintly figures were “placed” in temples as dieties. Isnt it fairly possible that some son of Pandalam family was a saintly figure to whom family built a temple on the spot he attained his samadhi, like any other muthappan temple or yakshi temple and unlike them the learned king of pandalam introduced the best prayer practices known to him across religions?

ശരിയാണു്. ഇതു തന്നെയാണു പല പണ്ഡിതരുടെയും അഭിപ്രായം. പന്തളം രാജാവിന്റെ വളര്‍ത്തുമകനായ അയ്യപ്പന്‍ സ്ഥാപിച്ച ബുദ്ധ/ശാസ്താ ക്ഷേത്രമാണു ശബരിമല എന്നു്.

Can I e-mail you few more matters?

Sure. എന്റെ ഇ-മെയില്‍ ഐഡി എന്റെ ബ്ലോഗിന്റെ About പേജിലുണ്ടു്.


പൊതുവാളന്‍ വീണ്ടും പറയുന്നു:

മറ്റെല്ലാ മതങ്ങള്‍ക്കും പ്രാമാണിക ഗന്ഥങ്ങളുള്ളപ്പോള്‍ അങ്ങനെയൊന്നില്ലാത്ത ഹിന്ദു മതത്തെക്കുറിച്ച്‌ കുരുടന്‍‌മാര്‍ ആനയെക്കണ്ടതു പോ‍ലെ പലരും പലരീതിയില്‍ മനസ്സിലാക്കിയതിനാലാണ് ഈ തര്‍ക്കവിതര്‍ക്കങ്ങളെല്ലാം എന്നു തോന്നുന്നു.ഹിന്ദുവിനെക്കുറിച്ചു പറയുമ്പോള്‍ ആരും തന്നെ പുരാണങ്ങളും,ഇതിഹാസങ്ങളും കഴിഞ്ഞ്‌ പുറകിലോട്ട്‌ പോയിക്കണ്ടില്ല. എന്തേ അതിനും മുന്‍പെഴുതിയ കൃതികള്‍ നമുക്കില്ലേ?.
അവയിലൊക്കെ എന്താണുള്ളതെന്നു മനസ്സിലാക്കാന്‍ പോലും സന്മനസ്സു കാണിക്കാതെയാണ് ,പില്‍ക്കാലത്ത്‌ സംഭവിച്ചിട്ടുണ്ടാകാവുന്ന കാര്യങ്ങള്‍ മാത്രം പൊക്കിപ്പിടിച്ച്‌ നമ്മള്‍ നമ്മളെത്തന്നെ താറടിച്ചുകൊണ്ടിരിക്കുന്നത്‌.

ഇതു് ഏതൊക്കെ കൃതികളാണെന്നും അവയില്‍ എന്തൊക്കെയുണ്ടെന്നും വസ്തുനിഷ്ഠമായി എഴുതൂ പൊതുവാളാ. അതിനു സംസ്കൃതം പഠിക്കണമെങ്കില്‍ പഠിക്കൂ. അതു വലിയ കീറാമുട്ടിയൊന്നുമല്ല. അല്ലെങ്കില്‍ നല്ല പരിഭാഷകളും വ്യാഖ്യാനങ്ങളും വായിച്ചു മനസ്സിലാക്കൂ. ഇങ്ങനെ എന്താണെന്നു വ്യക്തമായി മനസ്സിലാക്കാതെയും മനസ്സിലാക്കാന്‍ ശ്രമിക്കാതെയും “വളാവളാ” പറയുന്നതു നമ്മളെ അപഹാസ്യരാക്കുകയേ ഉള്ളൂ.

എനിക്കു വളരെയധികം എതിര്‍പ്പുള്ള ഒരു ഉപമയാണു്‌ കുരുടന്മാര്‍ കണ്ട ആനയുടേതു്‌. തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു്‌ ചെയ്യാവുന്നതില്‍ ഏറ്റവും നല്ല പഠനങ്ങള്‍ നടത്തിയ നാലു പേരെ അവരുടെ അംഗവൈകല്യത്തിന്റെ പേരില്‍ പരിഹസിക്കുന്നതാണു്‌ നാം ഇവിടെ കാണുന്നതു്‌. പലപ്പോഴും ഈ ഉപമ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളില്‍ കാഴ്ചശക്തിയുണ്ടായിരുന്നവരെ കുരുടന്മാരാക്കിയവര്‍ തന്നെയാണു്‌ അവരുടെ അന്ധതയെ പിന്നീടു പരിഹസിക്കുന്നതു്‌ എന്നതാണു കൂടുതല്‍ വേദനാജനകം.

ആനയെ കണ്ട കുരുടന്മാര്‍ എന്റെ മാതൃകാപുരുഷന്മാരാണു്‌. അവര്‍ക്കു കഴിയുന്ന സ്പര്‍ശനം എന്ന കഴിവുപയോഗിച്ചു്‌ ആനയെപ്പറ്റി കിട്ടാവുന്ന ഏറ്റവും മികച്ച വിവരം തന്ന അവര്‍ “ആന എന്നതു കൊമ്പും തുമ്പിക്കൈയുമുള്ള ഒരു കറുത്ത മൃഗമാണു്‌” എന്നു്‌ ഉരുവിട്ടു പഠിക്കുന്നവരേക്കാള്‍ മികച്ചവരാണു്‌.

ലോകത്തിലെ എല്ലാ വിജ്ഞാനവും-അതു വേദാന്തമോ ആപേക്ഷികതാസിദ്ധാന്തമോ ആയിക്കോട്ടേ-കുരുടന്മാര്‍ ആനയെക്കാണുന്നതു പോലെയാണു്‌. പൂര്‍ണ്ണജ്ഞാനം ആര്‍ക്കുമില്ല. അതുകൊണ്ടു തന്നെയാണല്ലോ പല മതങ്ങളും സാക്ഷാത്‌കാരത്തിനു പല വഴികള്‍ പറയുന്നതും, പല ശാസ്ത്രശാഖകളും (അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ എന്നിവ ഉദാഹരണം.) പരസ്പരവിരുദ്ധമായ സിദ്ധാന്തങ്ങള്‍ രോഗകാരണമായി പറയുന്നതും പല പ്രത്യയശാസ്ത്രങ്ങളും ലോകനന്മയെ പല തരത്തില്‍ നിര്‍വ്വചിക്കുന്നതും. എന്നിട്ടു്‌ ആ കുരുടന്മാരെപ്പോലെ തന്നെ മോക്ഷം എന്തെന്നും രോഗം എന്തെന്നും സമൂഹനന്മ എന്തെന്നും തര്‍ക്കിച്ചു കലഹിച്ചുകൊണ്ടിരിക്കുന്നു!

(ഇതൊരു പ്രത്യേക പോസ്റ്റാക്കണമെന്നു കരുതിയതാണു്‌. പോട്ടേ, ഇനിയും ചെയ്യാമല്ലോ.)

പലരും പറയുന്നത്‌ കേട്ടു,പൂജ്യം മാത്രമാണ് ലോകത്തിന് ഭാരതത്തിന്റെ സംഭാവന എന്ന്‌. ഉത്തരാധുനിക ശാസ്ത്രയുഗത്തില്‍ കണ്ടെത്തലുകളുടെ മൊത്ത അവകാശികളായ പടിഞ്ഞാറന്‍ ലോകം അവരുടെ നൂതന സമ്പ്രദായങ്ങളെല്ലാം മാറ്റിവെച്ച്‌ ഭാരതത്തിന്റെ ഋഷീശ്വരന്‍‌മാര്‍ കണ്ടെടുത്ത ആയുര്‍വേദവും യോഗമര്‍ഗവും ദത്തെടുത്ത്‌ അവരുടേതാക്കുകയാണ്.തലമുറകള്‍ കൈമാറിക്കിട്ടിയ നമ്മുടെ ബൌദ്ധികസ്വത്തുക്കള്‍ ചോര്‍ത്തിയെടുത്ത്‌ പേറ്റന്റ്‌ നേടി അത് വീണ്ടും നമുക്ക്‌ വിറ്റ്‌ കാശാക്കാമെന്ന്‌ മോഹിക്കുനുണ്ടെങ്കില്‍ അതിന്‌ ചില മേന്മകളുണ്ടായിരിക്കും എന്നെങ്കിലും നിങ്ങള്‍ സമ്മതിക്കുമോ?. എങ്കില്‍ അവയൊക്കെ ആര്‍ക്കവകാശപ്പെട്ടതാണെന്നൊന്ന് പറഞ്ഞു തരാമോ?.
പല തരം പ്രചരണങ്ങള്‍ നടത്തി നമ്മുടെ പൈതൃകഭാഷയില്‍ നിന്നു പോലും നമ്മെ അകറ്റി ഇവിടെ നിന്നും വിജ്ഞാന നിധികളായ താളിയോലകള്‍ കടത്തിക്കൊണ്ടുപോയി , അവ പഠിക്കുകയും തുടര്‍ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത്‌ ആരാണെന്നു നിങ്ങള്‍ക്കറിയാമോ?.

ഇതിന്റെ മറുപടി ഞാന്‍ മുകളില്‍ പറഞ്ഞുകഴിഞ്ഞു. വിദ്യ എന്നതു്‌ ഒരാളുടെയും തറവാട്ടുസ്വത്തല്ല എന്ന അറിവു കിട്ടിയില്ലെങ്കില്‍ വിദ്യ കൊണ്ടെന്തു പ്രയോജനം?

പാശ്ചാത്യര്‍ കണ്ടെത്തിയതായ എല്ലാ അത്യന്താധുനിക കണ്ടെത്തലുകളുടെയും ആദ്യകിരണങ്ങള്‍ (ഇമാജിനേഷന്‍)ഹിന്ദുവിന്റെ തലയ്ക്കടിക്കാന്‍ നിങ്ങളെല്ലാം ഉപയോഗിക്കുന്ന പുരാണേതിഹാസങ്ങളില്‍ നമുക്ക്‌ കാണാനാകും.
വിമാനം മുതല്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്ന ക്ലോണിങ്‌ വരെ ഒത്തിരി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും.

വിമാനത്തെപ്പറ്റി ഞാന്‍ “രാമായണവും വിമാനവും” എന്ന ലേഖനത്തില്‍ പറഞ്ഞുകഴിഞ്ഞു.

ഇതു വായിച്ചപ്പോള്‍ പുരാണത്തില്‍ ക്ലോണിംഗ്‌ എവിടെ പറഞ്ഞിരിക്കുന്നു എന്നു മനസ്സിലായിരുന്നില്ല. രാവണന്‍ അപഹരിക്കുന്നതിനു മുമ്പു്‌ സീതയെ ക്ലോണ്‍ ചെയ്തു്‌ മായാസീത എന്നൊരാളെ ഉണ്ടാക്കിയ കഥ എഴുത്തച്ഛന്‍ പറഞ്ഞിരിക്കുന്നതു്‌ (സീതയുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കാനുള്ള മറ്റൊരു സദാചാരശ്രമം) ആണുദ്ദേശിച്ചതു്‌ എന്നാണു കരുതിയതു്‌. എന്റെ പോസ്റ്റില്‍ പൊതുവാളന്‍ തന്നെയിട്ട ഈ കമന്റില്‍ നിന്നാണു്‌ കൌരവരുടെ ജനനമാണു്‌ അദ്ദേഹം ഉദ്ദേശിച്ചതു്‌ എന്നു മനസ്സിലായതു്‌.

ജീവശാസ്ത്രത്തില്‍ എന്റെ അറിവു്‌ തുലോം പരിമിതമാണു്‌. അറിവുള്ളവര്‍ പറഞ്ഞുതരട്ടേ. ഗാന്ധാരിക്കു സംഭവിച്ചതു്‌ അസൂയ മൂലം വയറ്റിലിടിച്ചതുകൊണ്ടു ഗര്‍ഭച്ഛിദ്രം സംഭവിച്ചപ്പോള്‍ ആ ഭ്രൂണത്തെ പല കഷണങ്ങളാക്കി സൂക്ഷിക്കുക വഴി പല 101 കുട്ടികളുണ്ടായതാണു്‌. ഇതാണോ ക്ലോണിംഗ്‌?

മൂന്നു ദശാബ്ദത്തിനു മുമ്പു് ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ ഉണ്ടാക്കിയപ്പോള്‍ ഇതുപോലെ ഒരു വാദം കേട്ടിരുന്നു. “എന്തരു് ടെസ്റ്റ് റ്റ്യൂബ്, നമ്മടെ പുരാണങ്ങളില്‍ പണ്ടേ ഉണ്ടല്ലു്…” എന്ന മട്ടില്‍. ഇതിനു് ആലംബമായ പല കഥകളുമുണ്ടു പുരാണത്തില്‍.

  1. ഘൃതാചി എന്ന അപ്സരസ്സിന്റെ നഗ്നത കണ്ടപ്പോള്‍ ഭരദ്വാജമുനിയ്ക്കു സ്ഖലിച്ച ശുക്ലം ഒരു മുളങ്കുഴലിലാക്കി സൂക്ഷിച്ചതില്‍ നിന്നാണു ദ്രോണര്‍ ഉണ്ടായതു്‌.
  2. ജാനപതി എന്ന അപ്സരസ്സു മൂലം ശരദ്വാന്‍ എന്ന മുനിയ്ക്കും ഇതേ അനുഭവമുണ്ടായതില്‍ നിന്നാണു കൃപന്റെയും കൃപിയുടെയും ജനനം. മുളങ്കുഴലിനു പകരം വില്ലിലാണു വീണതെന്നും ശുക്ലം രണ്ടായി വിഭജിച്ചു പോയതുകൊണ്ടു രണ്ടു കുട്ടികള്‍ ഉണ്ടായി എന്നുമാണു ഭാഷ്യം.
  3. കാട്ടിലകപ്പെട്ട ഉപരിചരവസു തന്റെ ഭാര്യയ്ക്കു വേണ്ടി തന്റെ ശുക്ലമെടുത്തു്‌ ഒരു പരുന്തു വഴി കൊട്ടാരത്തിലേക്കയച്ചതു വഴിയ്ക്കു്‌ മറ്റൊരു പരുന്തുമായുള്ള വഴക്കില്‍ വെള്ളത്തില്‍ വീണതു്‌ ഒരു മീന്‍ തിന്നുകയും ഒരു മുക്കുവന്‍ ആ മീനിനെ പിടിച്ചു മുറിച്ചു നോക്കിയപ്പോള്‍ രണ്ടു കുട്ടികളെ കിട്ടി എന്നും ഒരു കഥയുണ്ടു്‌. അതിലെ പെണ്‍കുട്ടിയാണു വ്യാസമാതാവായ സത്യവതി.
  4. മിത്രന്‍ എന്ന ദേവന്റെ കൂടെ രമിക്കുന്ന ഉര്‍വ്വശിയെ കണ്ടിട്ടു വരുണന്‍ എന്ന ദേവനു സ്ഖലിച്ച ശുക്ലവും മിത്രന്റെ ശുക്ലം ഉര്‍വ്വശിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു താഴെ വീണതും കൂടി ഒരു കുടത്തില്‍ അടച്ചതു്‌ അവസാനം അഗസ്ത്യനും വസിഷ്ഠനുമായി എന്നു്‌ മറ്റൊരു കഥ. ഇവരെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ്‌ ഇരട്ടകളായി കരുതുന്നു.

ഈ കഥകളില്‍ നിന്നു്‌ ഒരു കാര്യം വ്യക്തമാണു്‌. അന്നത്തെ ശാസ്ത്രജ്ഞാനമനുസരിച്ചു്‌ പുരുഷശുക്ലം മാത്രം മതി കുഞ്ഞുണ്ടാവാന്‍. സ്ത്രീയുടെ അണ്ഡം എന്നൊരു സാധനം ആവശ്യമില്ല. ഗര്‍ഭപാത്രം ഒരു ടെസ്റ്റ്‌ ട്യൂബു മാത്രം. (അവസാനത്തെ കഥയില്‍ മാത്രം ഒരു സ്ത്രീയുടെ അണ്ഡവും ഉള്‍പ്പെട്ടേക്കാം.) ഇന്നത്തെ ശാസ്ത്രം ഇത്രത്തോളം വളര്‍ന്നിട്ടില്ല. നമുക്കു്‌ ഒന്നുരണ്ടു നൂറ്റാണ്ടുകൂടി കാത്തിരിക്കാം. അണ്ഡവുമായി കൂടിച്ചേരാതെ പുംബീജത്തില്‍ നിന്നു തന്നെ ഭ്രൂണമുണ്ടാക്കുന്ന വിദ്യ ശാസ്ത്രം കണ്ടുപിടിച്ചേക്കാം. അപ്പോള്‍ ഈ കഥ ഉദ്ധരിക്കുന്നതാവും ഉചിതം!


കണ്ണൂസ് പറയുന്നു:

ഇന്ന്, ഒരു മതേതര റിപ്പബ്ലിക്കില്‍ പാര്‍ശ്വവത്‌കരണങ്ങളും അനീതികളും നടക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യുന്നത്‌ മനസ്സിലാക്കാം. പക്ഷേ, കാട്ടുനീതി നടപ്പായിരുന്ന കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ കാലത്ത്‌ ബ്രാഹ്‌മണ്യം കുറെ ഭിക്ഷുക്കളെ ഓടിച്ച്‌ ഒരമ്പലം പിടിച്ചെടുത്ത ചരിത്രം, ഇന്നത്തെ വര്‍ത്തമാനത്തിന്റെ കൂടെ കൂട്ടിവായിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ എനിക്ക്‌ ഓര്‍മ്മ വരുന്നത്‌ ബാബര്‍ ഒരു ക്ഷേത്രം തകര്‍ത്ത്‌ പള്ളി പണിഞ്ഞ കാര്യം പറഞ്ഞു നടക്കുന്ന അതേ മുഖങ്ങളാണ്‌.

പൂര്‍ണ്ണമായും യോജിക്കുന്നു. ഇവിടെ മാത്രമല്ല, ഇതിനു പിമ്പേ വന്ന ശ്രീ ശ്രീ രവിശങ്കറിനെപ്പറ്റിയുള്ള ലേഖനത്തെപ്പറ്റിയുള്ള സംവാദത്തിലും ഞാന്‍ പൂര്‍ണ്ണമായി കണ്ണൂസിനോടൊപ്പമാണു്.


പൊതുവാളന്‍ വീണ്ടും പറയുന്നു:

ഒരു രുദ്രമന്ത്രത്തില്‍ സൂര്യനെ നമസ്ക്കരിക്കുന്ന സായണാചാര്യന്‍ ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരം കൃത്യമായി കണക്കാക്കി ഇത്ര സമയം കൊണ്ട്‌ ഭൂമിയിലേക്ക്‌ നിന്റെ രശ്മി പതിപ്പിക്കുന്ന സൂര്യദേവാ നിനക്ക്‌ നമസ്ക്കാരം എന്നുപറയുന്നുണ്ട്‌ എന്നെവിടെയോ കേട്ടതായി ഓര്‍ക്കുന്നു ഞാന്‍.

എവിടെയാണു്‌, എങ്ങനെയാണു്‌ ഇതെന്നു കണ്ടുപിടിച്ചു പറയൂ പൊതുവാളാ. എന്റെ അറിവില്‍ ഒരുപാടു കാലം കൊണ്ടാണു ഭാരതീയശാസ്ത്രജ്ഞര്‍ സൂര്യനും ഭൂമിയ്ക്കും ഇടയിലുള്ള ദൂരം ഏറെക്കുറെ കൃത്യമായി (ഭ്രമണപഥം ദീര്‍ഘവൃത്തമായതുകൊണ്ടു്‌ അതു മാറുകയും ചെയ്യും) കണ്ടുപിടിച്ചതു്‌.

ദൂരം പറയുന്നതു വല്ല യോജനയിലോ മറ്റോ ആയിരിക്കും. അങ്ങനെയാണെങ്കില്‍ ആ യൂണിറ്റ്‌ എത്ര കിലോമീറ്റര്‍ ആണെന്നും ഒന്നു കണ്ടുപിടിച്ചു തരണം. റെഫറന്‍സോടുകൂടി. ഇപ്പോഴത്തെ വിലയെ ആ വില കൊണ്ടു ഹരിച്ച ഫലം പോരാ.

പല കാലങ്ങളിലായി ഭാരതീയജ്യോതിശ്ശാസ്ത്രജ്ഞര്‍ പറഞ്ഞ വിലകള്‍ വേണമെങ്കില്‍ ഞാന്‍ കണ്ടുപിടിച്ചു തരാം.

അതു ശരിയാണോ, തെറ്റാണോ എന്നു കൃത്യമായി പറയണമെങ്കില്‍ അതു വായിച്ചു മനസ്സിലാക്കാന്‍ എനിക്കു കഴിയണം ,അതിനു ഞാന്‍ സംസ്കൃതം പഠിച്ചിട്ടില്ല.പണ്ടൊരു പക്ഷെ സാധാരണക്കാരനപ്രാപ്യമായിരുന്നിരിക്കാം സംസ്ക്കൃതഭാഷയും വേദങ്ങളുമൊക്കെ. ഇന്നു സാധ്യമെങ്കിലും അജ്ഞത മൂലം ആരും അതിനെക്കുറിച്ചു ചിന്തിക്കുന്നില്ല.

ആരെയാണു്‌ ഇവിടെ കുറ്റം പറയുന്നതു്‌? “ഞാന്‍ അങ്ങോട്ടു പോകുമ്പോള്‍ ഒരുത്തന്‍ വയ്യാതെ ചാവാറായി വഴിയരികില്‍ കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ തിരികെ വരുമ്പോഴും അയാള്‍ അവിടെയുണ്ടായിരുന്നു. ഈ ലോകം ഇത്ര കരുണയില്ലാത്തതായിപ്പോയല്ലോ” എന്നു വിലപിച്ച ഒരു ഉപദേശിയെ ഓര്‍മ്മ വരുന്നു.

ഭൌതികശാസ്ത്രം ഭൂമി ഉരുണ്ടതാണെന്നു വിളിച്ചുപറയുന്നതിനും ആയിരത്താണ്ടുകള്‍ക്കു മുന്‍പ്‌ ഭാരതീയനായ ഒരാള്‍ അങ്ങനെയൊന്നു കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതറിയാനും അഭിമാനിക്കാനും നമുക്കര്‍ഹതയുണ്ട്‌.

തീര്‍ച്ചയായും ഉണ്ടു്. പക്ഷേ അതു കണ്ടെത്തണം. കാളയെ കുതിരയാക്കുന്ന വിദ്യ കാട്ടാതെ തെളിയിക്കുകയും വേണം. ശരിയെങ്കില്‍ അഭിമാനിക്കുക. അല്ലെങ്കില്‍ വേറേ ആരെങ്കിലും ക്രെഡിറ്റു കൊണ്ടുപോകട്ടേ.


പൊതുവാളന്‍ വീണ്ടും പറയുന്നു:

കുറച്ചുകൂടി വിശാലമായി ചിന്തിച്ചാല്‍ ഈ ലോകത്തുള്ള എല്ലാവരുടെയും പൈതൃകം ഒന്നു തന്നെ.
അങ്ങനെ കരുതി ജീവിച്ച ഒരു ജനത നമുക്കെല്ലാവര്‍ക്കുമായി ബാക്കിവെച്ച വിജ്ഞാനഭണ്ഡാരങ്ങളാണ് വേദങ്ങളും ഉപനിഷത്തുകളും മറ്റും.

ഇങ്ങനെ ചിന്തിച്ചാല്‍ പിന്നെ ആരു ക്രെഡിറ്റു കൊണ്ടുപോയി എന്നു വിഷമിക്കണ്ടല്ലോ. അതോ എല്ലാം കഴിഞ്ഞു്‌ അവസാനം പറയാനുള്ള മഹദ്വചനം മാത്രമാണോ ഈ ലോകമേ തറവാടു്‌ വാദം? ഇതു്‌ ആദ്യമേ ചിന്തിച്ചാല്‍ പ്രശ്നമില്ലല്ലോ.


ചിത്രകാരന്‍ പറയുന്നു:

ഉപനിഷത്തുക്കാളോടും മറ്റുമുള്ള നിയപാട്‌: രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ച്യുയിഗം ചവക്കുന്നതുകൊണ്ട്‌ സ്വന്തം ഉമിനീരിലുപരി ഒന്നും ലഭിക്കാത്ത വൃഥാവ്യായാമമാണ്‌ .

ദാ ഇതിന്റെ മറ്റേയറ്റം. ഈ രണ്ടു കൂട്ടരില്‍ ആരാണു കൂടുതല്‍ അന്ധവിശ്വാസി എന്നു പറയുക വിഷമം. അമ്മയെ വ്യഭിചരിക്കരുതു്‌ എന്നുള്ളതു്‌ അതിനും മുമ്പുള്ള ഒരു ആചാരമാണല്ലോ ചിത്രകാരാ. (വായനക്കാര്‍ ക്ഷമിക്കുക. ചൈനക്കാരോടു സംവദിക്കുമ്പോള്‍ ചൈനീസില്‍ സംസാരിക്കുന്നതല്ലേ അതിന്റെ ഒരു ശരി?) പഴയതായതിനാല്‍ ചവച്ചുതുപ്പാം, അല്ലേ?

പഴയതായാലും പുതിയതായാലും, എന്റെ അച്ഛന്‍ പറഞ്ഞതായാലും എന്റെ ശത്രുവിന്റെ അച്ഛന്‍ പറഞ്ഞതായാലും നല്ല കാര്യങ്ങള്‍ ഉള്ളതു്‌ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതല്ലേ ഉചിതം? പുതിയ ച്യൂയിംഗം ചവച്ചുതുപ്പിയിട്ടു്‌ ചിലപ്പോള്‍ നമ്മള്‍ പഴയ അച്ചാര്‍ തൊട്ടുനക്കാറില്ലേ?


ഒരു പോസ്റ്റിനുള്ള ആശയമായി. ടൈറ്റില്‍: “രണ്ടു തരം അന്ധവിശ്വാസികള്‍”. ഉടനേ പ്രതീക്ഷിക്കാം.