സുഭാഷിതത്തില്‍ സാധാരണയായി പ്രാചീനകവികളുടെ ശ്ലോകങ്ങളായിരുന്നു. ഇതാ ആദ്യമായി ഒരു സമകാലീനകവയിത്രിയുടെ ശ്ലോകം. വാഗ്ജ്യോതി എന്ന ബ്ലോഗ് എഴുതുന്ന ജ്യോതിര്‍മയിയുടേതാണു് ഈ ശ്ലോകം.
സമത്വദര്‍ശീ തു ദിവാകരോ ഹി
തഥാ ന ഭാതീതി വദന്ത്യുലൂകാഃ
സമാനപാഠേऽപി തഥാ ഗുരൂണാം
വിഭേദതാ മീലിതലോചനാനാം
അര്‍ത്ഥം:
ദിവാകരഃ ഹി സമത്വദര്‍ശീ തു | : | സൂര്യന് എല്ലാവരെയും ഒന്നുപോലെ കാണുന്നുവെങ്കിലും |
ഉലൂകാഃ “തഥാ ന ഭാതി” ഇതി വദന്തി | : | മൂങ്ങകള്‍ “അങ്ങനെ കാണപ്പെടുന്നില്ല” എന്നു പറയുന്നു |
തഥാ | : | അതു പോലെ |
ഗുരൂണാം സമാനപാഠേ അപി | : | ഗുരുക്കന്മാര് ഒരേപോലെ പഠിപ്പിച്ചാലും |
മീലിതലോചനാനാം വിഭേദതാ | : | കണ്ണടച്ചിരുട്ടാക്കുന്നവര്‍ക്കു പക്ഷഭേദം (തോന്നും). |
“സാര്‍ പഠിപ്പിച്ചതു മനസ്സിലാകുന്നില്ല, ചിലരെ മാത്രം നന്നായി പഠിപ്പിക്കുന്നു” എന്നു കാര്യമില്ലാതെ പരാതി പറയുന്ന കുട്ടികളെപ്പറ്റി.
ഉപേന്ദ്രവജ്രയിലുള്ള ഈ ശ്ലോകത്തിന്റെ പരിഭാഷകള്‍:
- രാജേഷ് വര്‍മ്മ (ശിഖരിണി):
നിരപ്പായ്പ്പാരെല്ലാം കതിരു ചൊരിയും ഭാസ്ക്കരനിലും
തരക്കേടായ് കാണുന്നസമതയുലൂകങ്ങളതുപോല്‍
ഒരേപോല്‍ പാഠം ചൊന്നരുളിടുകിലും വേര്‍തിരിവുതാന്‍
ഗുരുക്കള്‍ക്കോരുന്നൂ മിഴികളിറുകെപ്പൂട്ടിയ ജനം - പയ്യന്‍സ് (അനുഷ്ടുപ്പ്):
സമരൂപത്തിലേവര്‍ക്കും
ഏകുന്നൂ ഗുരു വിദ്യകള്‍
പ്രകാശമെങ്ങുമേ സൂര്യന്
ഒരു പോലേകിടും വിധംകാര്യം ഗ്രഹിക്കാത്ത മൂഢര്‍
പഴിക്കും പക്ഷപാതിത
പകല്‍ കാണാത്ത കൂമന്മാര്
സൂര്യനേയെന്ന പോലവേ - ബാബു (കേക):
വിണ്ണില്‍നിന്നെല്ലാടവും വെണ്മതൂകിടുംസൂര്യന്‍
കണ്ണടച്ചുറങ്ങുന്ന കൂമനെങ്ങനെകാണും
അറിവിന് മുന്പില് മിഴിപൂട്ടിടും ശിഷ്യരയ്യോ
ഗുരുവില്‍ പക്ഷഭേദമാരോപിക്കുന്നു നിത്യം…
കൂടുതല്‍ വിവരത്തിനു കവയിത്രിയുടെ തന്നെ ഈ പോസ്റ്റു കാണുക.
Umesh::ഉമേഷ് | 09-Aug-06 at 9:58 pm | Permalink
ആദ്യമായി ഒരു ബ്ലോഗറുടെ ശ്ലോകം സുഭാഷിതത്തില്‍ – ജ്യോതിര്‍മയിയുടെ ഒരു ശ്ലോകം.
Deepak Chandran | 09-Aug-06 at 11:16 pm | Permalink
ഉമേഷേട്ടാ…
വള്ളം കളിയൊക്കെ വരികയല്ലേ? നതോന്നതയെപറ്റിയും വഞ്ചിപ്പാട്ടിനെപറ്റിയും എന്തെങ്കിലും ഉണ്ടേ ഞങ്ങള്‍ക്ക് പറഞ്ഞുതരാന്‍.
wakaari | 10-Aug-06 at 1:45 am | Permalink
അദ്ധ്യാപകരെ കുറ്റം പറയുന്ന ധാരാളം പേരേ കണ്ടിട്ടുണ്ട്. പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ല, ഉത്തരവാദിത്ത ബോധമില്ല, പക്ഷപാതം തുടങ്ങിയവ. പക്ഷേ കുറ്റം പറയുന്നവര്‍ അവരുടെ ഏതെല്ലാം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുണ്ടെന്ന് ചോദിച്ചാല്‍… പഠിക്കേണ്ട കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ടോ മുതലായവ.
യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് വരുന്നവര്‍ പോലും പറയുന്ന പരാതിയാണ് സാര്‍ ക്ലാസ്സില്‍ വരുന്നില്ല, ക്ലാസ്സെടുക്കുന്നില്ല എന്നൊക്കെ. പക്ഷേ സാര്‍ ക്ലാസ്സില്‍ വരുന്നില്ലെങ്കില്‍ ആദ്യം ചെയ്യുന്നത് അടുത്ത ഐസീയെച്ചില് പോയി ചായയടിയും കത്തിവെപ്പുമാണ്. അല്ലെങ്കില്‍ സില്മ. അതുമല്ലെങ്കില്‍ ഉറക്കം. ലൈബ്രറിയൊക്കെ മലര്‍ക്കെ തുറന്നിട്ട് ആളുവാ, ആളുവാ എന്നും പറഞ്ഞ് വിളിയാണ്. പക്ഷേ തിരിഞ്ഞുനോക്കില്ല. എന്നും വേണമെന്നില്ല. ചിലപ്പോഴെങ്കിലും സാര്‍ വരാത്ത ക്ലാസ്സില്‍ പഠിപ്പിക്കേണ്ട വിഷയം ലൈബ്രറിയില്‍ പോയി ഒന്ന് വായിച്ച് നോക്കി മനസ്സിലായില്ലെങ്കില്‍ സാറിന്റെ റൂമില്‍ ചെന്ന് സാറിനോട് സംശയം ചോദിച്ചാല്‍ ചിലപ്പോള്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്നതിനെക്കാളും വ്യക്തമായി സാര്‍ പറഞ്ഞുതരും. അതിനൊന്ന് മിനക്കെടുക പോലും ചെയ്യാതെ സാറിനെ കുറ്റം പറയും.
ബിരുദാനന്തര ബിരുദ പഠനത്തിനു പോലും സാര്‍ ക്ലാസ്സില്‍ വന്ന് നോട്ട് തരണമെന്നുള്ളതാണ് പലരുടേയും ആവശ്യം. തന്നെ പഠിക്കണെമെന്നും സംശയമുണ്ടെങ്കില്‍ സാറിനെ സമീപിക്കണമെന്നും അവിടേയും ആര്‍ക്കും വലിയ താത്പര്യമൊന്നുമില്ല. സ്കൂള്‍ തൊട്ട് ശീലിച്ചു വന്ന നോട്ട് പഠന പരിപാടിയുടെ ഫലമാണ് നോട്ടില്ലെങ്കില്‍ പഠിക്കില്ല എന്നുള്ള മുദ്രാവാക്യം.
ചെറുപ്പം മുതല്‍ ശീലിച്ചില്ലെങ്കില്‍ തനിയെ പഠിക്കാനുള്ള കഴിവ് കിട്ടില്ല. കുറഞ്ഞ പക്ഷം ഡിഗ്രി മുതലെങ്കിലും തനിയെ പഠിക്കാനുള്ള ഒരു ശീലം ഉണ്ടാക്കിയെടുക്കണം. അല്ലെങ്കില്‍ ലൈബ്രറിയില്‍ പോയി ഒരു ബുക്ക് തിരയുന്നത് എങ്ങിനെയെന്ന് കൂടി (എന്നെപ്പോലുള്ളവര്‍ക്ക്) അറിയാന്‍ വയ്യാതാകും. പരീക്ഷയ്ക്ക് വേണ്ടി മാത്രം പഠിക്കാതെ സബ്ജക്റ്റില്‍ ഒരു താത്പര്യം ഉണ്ടാക്കിയെടുത്ത് അതിനെപ്പറ്റി കൂടുതല്‍ കൂടുതല്‍ അറിയാനാണ് ശ്രമിക്കേണ്ടത്. അപ്പോള്‍ തീര്‍ച്ചയായും അദ്ധ്യാപകരുമായുള്ള ഇന്ററാക്ഷന് ഉണ്ടാവും. സംശയങ്ങളുണ്ടാവും. അവരോട് അതൊക്കെ ചോദിക്കും. അവര്‍ക്കും താത്പര്യം വരും. പഠനം ആസ്വാദ്യകരമാകും. പക്ഷേ പലപ്പോഴും കണ്ടുവരുന്നത് എന്ത് ബ്രാഞ്ചായാലും എല്ലാവരും മെക്കാനിക്കലാണ്. മെക്കാനിക്കലായ ഒരു പഠനം.
wakaari | 10-Aug-06 at 1:52 am | Permalink
മുകളില്‍ പറഞ്ഞത് അങ്ങിനെ ചെയ്യുന്ന, അങ്ങിനെ മാത്രം ചെയ്യുന്ന ന്യൂനപക്ഷത്തെ ഉദ്ദേശിച്ച് മാത്രം കേട്ടോ. ജനറലൈസ് ചെയ്തതല്ലേ (ഞാന്‍ തന്നെയായിരുന്നു മനസ്സില്‍!).
ഉമേഷ്ജി, ഓഫിനു മാഫ് 🙂
Adithyan | 10-Aug-06 at 1:52 am | Permalink
വക്കാരി എന്റെ കണ്ണൂ തുറപ്പിച്ചു… എനിക്കു പഠിക്കണം 🙂
നളന് | 10-Aug-06 at 3:05 am | Permalink
വക്കാരി 🙂 , പഠിക്കുന്നത് മാര്‍ക്കിനുവേണ്ടിയും ജോലിക്കുവേണ്ടിയുമാകുമ്പോള് ഇങ്ങനല്ലാതെങ്ങനെ വരാനാണു്
wakaari | 10-Aug-06 at 3:23 am | Permalink
ആദിത്യാ രണ്ടു കണ്ണും തുറന്നോ അതോ ഒരു കണ്ണ് മാത്രമേ തുറന്നിട്ടുള്ളോ 🙂
നളനണ്ണാ, സംഗതി ശരിയാണ്. പക്ഷേ ബിരുദാനന്തര ബിരുദപഠനങ്ങളിലെങ്കിലും മാര്‍ക്കിനു വേണ്ടി മാത്രം പഠിക്കാതെ അറിയാനും മനസ്സിലാക്കാനും വേണ്ടിയുള്ള പഠനം കൂടി വേണമെന്ന് തോന്നുന്നു. ആസ്വദിക്കാതെ ചെയ്യുന്ന എന്തും ആസ്വദിക്കാന്‍ പറ്റില്ലെന്നാണല്ലോ 🙂
ഉപരിപഠനം കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ചെയ്യുന്നതിലുള്ള വ്യത്യാസം ഇവിടെയാണ്. പല കോളേജുകളിലും യെമ്മെസ്സീ യെമ്മേയമ്മേ പോലും, നോട്ടുകള്‍ കൊടുത്തുള്ള അദ്ധ്യാപന രീതിയാണ്. അതേ സമയം യൂണിവേഴ്സിറ്റികളില്‍ പൊതുവായ രീതി അതല്ല. അതുകൊണ്ടാണെന്ന് തോന്നുന്നു, യു.ജി.സി, സീയെസ്സൈയ്യാര്, നെറ്റ് പരീക്ഷകള്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നവര്‍ക്ക് ഒന്നുകൂടി എളുപ്പത്തില്‍ പാസ്സാകാന്‍ സാധിക്കുന്നത്. അതേ സമയം ഡിഗ്രി കഴിഞ്ഞ് എവിടെ യെമ്മെസ്സിക്കോ മറ്റോ പോകണം എന്ന് ചോദിച്ചാല്‍ പല മാനേജ്മെന്റ് കോളേജുകാരും പറയും, യൂണിവേഴ്സിറ്റിയില്‍ പോകരുത്, അവിടെ പോയാല്‍ മാര്‍ക്ക് കിട്ടില്ല എന്ന്. പക്ഷേ അവിടെനിന്ന് കിട്ടുന്ന പ്രധാനപ്പെട്ട ഒരു കാര്യം സബ്ജക്റ്റിലുള്ള അറിവാണ്. ഇതിന് അപവാദമായിട്ടുള്ള കോളേജുകളും ഉണ്ട് കേട്ടോ(എന്റെ ഒരു നിരീക്ഷണം മാത്രം).
Jyothirmayi | 10-Aug-06 at 5:42 am | Permalink
ഉമേഷ്,
ശ്ലോകത്തിന്റെ പേരിലും സ്വന്തം പേരിലും ഹൃദയപൂര്‍വം നന്ദി നന്ദി!!
പിന്നെ, തീര്‍ച്ചയായും ഇതൊരു അദ്ധ്യാപികയുടെ പരിദേവനമല്ല. ഞാന്‍ ഒരു അദ്ധ്യാപികയായി അഭിനയിക്കുന്നുണ്ടെങ്കിലും എന്റെ മനസ്സില്‍ ഞാനിപ്പോഴും ഒരു വിദ്യാര്‍ഥിനിയാണ് (still a college going..:-))
വിദ്യാര്‍ഥികള്‍ക്കുള്ള സന്ദേശമാണിത്.
വക്കാരി ആ സന്ദേശം ഒന്നുകൂടി വ്യക്തമായി പറഞ്ഞുതന്നു. നന്ദി വക്കാരീ.
സുഭാഷിതം എന്നുവെച്ചാല്‍ എന്തെങ്കിലും ഗുണപാഠം, സന്ദേശം ഉള്ക്കൊള്ളുന്നതാവണ്ടേ. ഒരദ്ധ്യാപികയുടെ പരിദേവനം സുഭാഷിതമാവാന് വയ്യ എന്നാണെന്റെ അഭിപ്രായം.
ഒരദ്ധ്യാപകന് തന്റെ ശിഷ്യര്‍ക്കു വേണ്ടവിധം കാര്യങ്ങള്‍ മനസ്സിലാവുന്നില്ല എന്നു ബോധ്യപ്പെട്ടാല്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ ചിന്തിച്ചു കണ്ടെത്തണം. അതിനുപകരം എന്റെ ശ്ലോകം ചൊല്ലിയാല്‍ അതു സുഭാഷിതമാവില്ല, മുടന്തന്‍ ന്യായമാവാനേ തരമുള്ളൂ.ഇതു അദ്ധ്യാപകര്‍ക്കുള്ള ആശ്വാസവചനമല്ല.
ഉമേഷ്ജീ, എല്ലാവാചകത്തിലും “:-))” ചേര്‍ത്തുവായിക്കണം. അല്ലെങ്കില്‍ ഞാന്‍ പരിഭവിച്ചതാണെന്നുതാങ്കള്ക്കു തോന്നും.
വീണ്ടും നന്ദി.
തമാശയാണെങ്കിലും അതില്‍ നിന്നും ഒരു സന്ദേശം നമുക്കു കിട്ടുമെങ്കില്‍ അതിനെ സുഭാഷിതം എന്നു പറയാം. അങ്ങനെയല്ലേ, ഉമേഷേ ഞാന്‍ തോറ്റു! എനിയ്ക്കിങ്ങന്യേ പറയാനറിയൂ.
(ശ്ശെടാ, എനിയ്ക്കു ഭയങ്കര തിരക്കാണെന്നു പറഞ്ഞില്ലേ. നിങ്ങളുടെ ഭാഗ്യം. അല്ലെങ്കില്‍ ഞാന്‍ ഇനിയും നീട്ടിവലിച്ച് ആകെ കണ്ഫ്യൂഷനാക്കുമായിരുന്നു:-))
venu | 10-Aug-06 at 6:56 am | Permalink
ഗുരുപാദാനുരാഗര്ക്കന് ഉദിക്കുംസമയം വരെ
വിദ്യയാകുന്ന നളിനി വിലസ്സുന്നില്ല തെല്ലുമേ.
അതും കൂമന്മാര് അറിയുന്നില്ല.
Jyothirmayi | 10-Aug-06 at 8:29 am | Permalink
“ഗുരുപാദാനുരാഗര്ക്കന് ഉദിക്കുംസമയം വരെ
വിദ്യയാകുന്ന നളിനി വിടരുന്നില്ല തെല്ലുമേ.”
വേണുജീ
ഹായ്! “വിടരട്ടങ്ങനെ വിടരട്ടേ
കവിതത്താമര വിടരട്ടെ!!”
കൂമനും കുറുമനും കുറുമീം പരിഭവിക്കാതിരുന്നാല് മതിയായിരുന്നു:-)
താര | 10-Aug-06 at 8:59 am | Permalink
ഉമേഷ്ജീ, ജ്യോതിടീച്ചറേ…എനിക്കൊരുപാടിഷ്ടായി ഈ ശ്ലോകം.
ചെറുപ്പം മുതലേ പഠിപ്പിച്ച് പഠിക്കുക എന്നൊരു ശീലം ഉണ്ടായിരുന്നത് കാരണം പഠനം അത്ര ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. പൂവും പുല്ലും മരവും കസേരകളും ബുക്കുകള്തന്നെയും എന്റെ ശിഷ്യരായിരുന്നു. അതു കൊണ്ട് തന്നെ ഭാവിയില്‍ ഒരു ടീച്ചറായിത്തീര്ന്നപ്പൊ അതിരറ്റ് സന്തോഷിച്ചു. പക്ഷെ ഒന്ന് ഞാന്‍ മനസ്സിലാക്കിയത്, ‘പഠിപ്പിക്കുന്ന രീതി‘, അത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വളരെ ലളിതമായിട്ടും അല്പം നര്മ്മരസത്തോടും കൂടി പഠിപ്പിച്ചാല്‍ ഏത് കൂമനും കുറച്ച് നേരമെങ്കിലും ശ്രദ്ധയോടെ ഇരിക്കും എന്ന് എനിക്ക് തോന്നുന്നു. ഗുരു അതി ബുദ്ധിമാനാണെങ്കിലും പറഞ്ഞ് കൊടുക്കുന്നത് കഠിനമായിട്ടാണെങ്കില് കുട്ടികള്‍ക്ക് തീര്‍ച്ചയായും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവും.
പിന്നെ വക്കാരി പറഞ്ഞ പോലെ, തനിയെ പഠിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ശരിയിലേക്കെത്താനുള്ള പല വഴികള്‍ പറഞ്ഞു കൊടുക്കുന്ന വഴികാട്ടിയായി ഗുരുവിനെ കാണുക. പക്ഷെ തനിക്ക് ചേരുന്ന ശരിയായ വഴി കണ്ടുപിടിക്കേണ്ട ചുമതല വിദ്യാര്‍ത്ഥിക്ക് തന്നെയാണ്. അങ്ങനെ തന്നെ ചെറുപ്പം മുതലേ കുട്ടികളെ പറഞ്ഞു മനസ്സിലാക്കിയാല്‍ ഇങ്ങനത്തെ കുറെ പ്രശ്നങ്ങള്‍ ഒഴിവാക്കാം എന്ന് തോന്നുന്നു….പക്ഷെ എത്രത്തോളം നടക്കുമോ ആവോ??:)
peringz | 10-Aug-06 at 11:12 am | Permalink
വക്കാരി എന്റെയും കണ്ണുതുറപ്പിച്ചു. പക്ഷെ പഠിക്കേണ്ട കാലത്തു ചെയ്യാതിരുന്ന റിസേര്‍ച്ചും, സംവാദവും, വായനയുമെല്ലാം ഇടകലര്‍ത്തി ഇന്നു സ്വയം പഠിക്കുന്നു.
സെന്റ്.തോമസ് കോളേജിന്റെ ലൈബ്രറിയില്‍ തമാശയ്ക്കുപോലും കയറി നോക്കാത്ത ഒരുവന് 🙁
[താരയെപ്പോലെ എന്റെ ചെറിയമ്മയുടെ മക്കള്‍ക്കും ശിഷ്യകളായി ചുമരലമാരയുടെ പകുതി തുറന്ന ഒരു പാളിയും അയയില്‍ തുവരാനിട്ട ഒന്നുരണ്ടു ഉടുപ്പുകളുമായിരുന്നു – ഭയങ്കര അടിയായിരുന്നു ക്ലാസ്സില്‍ 😉 എന്തായാലും പെണ്‍കുട്ടികള്‍ക്കേ ഈ ശീലമുള്ളുവെന്നു തോന്നുന്നു]
payyans | 10-Aug-06 at 1:45 pm | Permalink
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമ
ചുമ്മാ ഒരു ട്രാന്‍സ്ളേഷന്‍ കെടക്കട്ട്
അറിവിന് വജ്രസൂചിയാല്‍
അജ്ഞാനത്തിമിരം മാറ്റി
കണ് തുറപ്പിക്കുമാചാര്യ
ന്നായേകുന്നു വന്ദനം
Umesh::ഉമേഷ് | 10-Aug-06 at 2:59 pm | Permalink
ജ്യോതീ,
“അദ്ധ്യാപികയുടെ പരിവേദനം” എന്നതു മാറ്റിയിട്ടുണ്ടു്. നന്ദി.
വക്കാരീ,
നമുക്കിതൊരു സംയുക്തസംരംഭമാക്കിയാലോ? ശ്ലോകവും അര്‍ത്ഥവും ഞാനെഴുതും. വിശദീകരണം വക്കാരിയും (താരയെയും കൂട്ടാം). എപ്പടി?
പ്രീഡിഗ്രി വരെ സ്പൂണ്‍ ഫീഡിംഗ് ആയിരുന്നു. എഞ്ചിനീയറിംഗിനു ബുഫേ ആയിരുന്നു. വിശപ്പില്ലാഞ്ഞതു കൊണ്ടു കഴിക്കാന്‍ തോന്നിയില്ല. ബിരുദാനന്തരബിരുദപഠനം ഭാഗ്യത്തിനു തരക്കേടില്ലാത്ത ഭക്ഷണമായിരുന്നു. പഠിക്കാന്‍ ഒരുപാടു് അവസരം കിട്ടി. എങ്കിലും ശരിക്കു് പഠിക്കാന്‍ വേണ്ടിയുള്ള പഠനം ആസ്വദിച്ചതു് അമേരിക്കയില്‍ വന്നു് ചില ക്ലാസ്സുകള്‍ എടുത്തപ്പോഴാണു്. മാര്‍ക്കു കിട്ടണമെന്നുള്ള ലക്ഷ്യം വിട്ടതുകൊണ്ടാവാം.
വേണു ചൊല്ലിയ ശ്ലോകം സ്വന്തമാണോ? എവിടെയോ കേട്ട ഒരോര്‍മ്മ.
പയ്യന്‍സേ, ഇതും ഞാന്‍ സുഭാഷിതത്തില്‍ ഇട്ടോട്ടേ? തര്‍ജ്ജമയില്‍ അനുഷ്ടുപ്പ് ചെറുതായി തെറ്റിയിട്ടിട്ടുണ്ടു്. അനുഷ്ടുപ്പില്‍ 5, 6, 7 അക്ഷരങ്ങള്‍ രണ്ടും നാലും വരികളില്‍ ലഘു, ഗുരു, ലഘു എന്നു വരണം. ഒന്നും മൂന്നും വരികളില്‍ 5, 6, 7 അക്ഷരങ്ങള്‍ (ലഘു, ഗുരു, ലഘു) എന്നോ (ലഘു, ലഘു, ഗുരു) എന്നോ വരരുതു്. ചൊല്ലിനോക്കിയാല്‍ പ്രശ്നം മനസ്സിലാകും. പരിഭാഷയിലെ ഒന്നും രണ്ടും വരികള്‍ മറിച്ചിടുകയും നാലാമത്തെ വരിയില്‍ ഒരക്ഷരം കൂടി ചേര്‍ക്കുകയും ചെയ്താല്‍ ശരിയാകും.
വേറെയുമുണ്ടു് അനുഷ്ടുപ്പിന്റെ വിശേഷങ്ങള്‍. വിശദമായി “ഛന്ദശ്ശാസ്ത്ര”ത്തിലെഴുതാം.
ദീപക്,
വഞ്ചിപ്പാട്ടു് എളുപ്പമാണു്. 16, 13 അക്ഷരം വീതമുള്ള വരികള്‍ ഒന്നിടവിട്ടു ചേര്‍ക്കുക. എട്ടാം അക്ഷരത്തില്‍ മുറിയുക. പാടുമ്പോള്‍ നീട്ടുക. എഴുതാന്‍ ഏറ്റവും എളുപ്പമുള്ള വൃത്തമാണു്. ചുമ്മാതാണോ ഞാന്‍ പരിഭാഷപ്പെടുത്താന്‍ ഇവിടെയും ഇവിടെയും അതുപയോഗിച്ചതു്? 🙂
താരേ, പെരിങ്ങോടാ, നളോ 🙂
ആദിത്യന്റെ കണ്ണു തുറന്നല്ലോ. അതു കേട്ടാല്‍ മതി 🙂
(എല്ലാരുടെയും കണ്ണുതുറപ്പിക്കുന്ന ആദിത്യന്റെ പേരു് ഇവനു് ആരിട്ടോ എന്തോ? :-))
wakaari | 10-Aug-06 at 3:03 pm | Permalink
“എല്ലാരുടെയും കണ്ണുതുറപ്പിക്കുന്ന ആദിത്യന്റെ പേരു് ഇവനു് ആരിട്ടോ എന്തോ?”
പാവം ആദിത്യന് 🙂
Adithyan | 10-Aug-06 at 3:28 pm | Permalink
എന്നെ അങ്ങോട്ടു കൊല്ല് 😀
=))
venu | 10-Aug-06 at 5:02 pm | Permalink
ഉമേഷ്ജി,(ആദ്യത്തേതില്‍ ഒത്തിരി അക്ഷരപ്പിശാചുക്കള്‍)
വരികള്‍ ഉള്ളൂരിന്റെയാണെന്നു തോന്നുന്നു.മലയാളത്തില്‍ മിടുക്കനായ ശിഷ്യനു ലക്ഷ്മി റ്റീച്ചര്‍ കൊടുത്ത സുഭാഷിതങ്ങളില്‍ നിന്നൊന്നു ഓര്‍മയില്‍ നിന്നെഴുതിയതാണു.
ജ്യോതി റ്റീച്ചറേ,
വിലസ്സുകയും വിടരുകയും ഒരേ അര്‍ഥം അല്ലേ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ,
കുറുമിയ്ക്കു ഉമെഷ്ജിയുടെ സുഭാഷിതങ്ങള്‍ ഇഷ്ടമാണു. ഓര്‍മയ്ക്കായി എഴുതാന്‍ ഞാന്‍ കുറുമി ഉറങ്ങാന്‍ കണ്ണിലെണ്ണയുമൊഴിച്ചുറങ്ങാതെ ഇരിക്കുന്നു.
വേണു.