സന്തോഷിന്റെ കുത്തും കോമയും എന്ന ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന ഒരു ആശയത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു്, അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ഒരു പേജ് തുടങ്ങി.
http://malayalam.usvishakh.net/blog/spelling-mistakes/
“ഗുരുകുലം” ബ്ലോഗിന്റെ ഇടത്തു മുകളിലായി PAGES എന്നതിനു താഴെയും ഇതു കാണാം.
അതൊരു ബ്ലോഗ്പോസ്റ്റല്ല. പേജാണു്. അക്ഷരത്തെറ്റുകള്‍ കാണുന്നതനുസരിച്ചു് അതു് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.
ടൈപ്പിംഗിലെ തെറ്റുകള്‍ മൂലവും വരമൊഴിയും കീമാനും ഉപയോഗിക്കുമ്പോള്‍ അക്ഷരം മാറിപ്പോവുകയും ചെയ്യുന്നതു മൂലമുള്ള തെറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തെറ്റായി ധരിച്ചിരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും മാത്രമേ അവിടെ കൊടുത്തിട്ടുള്ളൂ.
ബുക്ക്മാര്‍ക്ക് ചെയ്യൂ. അടുത്ത തവണ സംശയം വരുമ്പോള്‍ അവിടെ നോക്കൂ. വാക്കവിടെ ഇല്ലെങ്കില്‍ തെറ്റു തന്നെ എഴുതിയാല്‍ മിക്കവാറും അവിടെ താമസിയാതെ വരും 🙂
വിശദീകരണങ്ങള്‍ക്കൊരു കോളം കൊടുത്തിട്ടുണ്ടു്. സമയം കിട്ടുന്നതനുസരിച്ചു് അതെഴുതാം.
Umesh::ഉമേഷ് | 09-Aug-06 at 2:39 pm | Permalink
അക്ഷരത്തെറ്റുകള്ക്കൊരു പേജ്.
സിബു | 09-Aug-06 at 3:12 pm | Permalink
ഉമേഷ്, സാധാരണ വരുത്തുന്ന തെറ്റുകള്‍ മാത്രം ലിസ്റ്റില്‍ മതി. അത് കണ്ടുപിടിക്കാനും വഴിയുണ്ട്. ഗൂഗിളില്‍ ഒരു സേര്‍ച്ച് കൊടുത്താല്‍ മതി. അതില്‍ നാലഞ്ച് ഹിറ്റ് കിട്ടാത്ത വാക്കുകള്‍ ലിസ്റ്റ് ചെയ്യേണ്ട.
ഷിജു അലക്സ് | 09-Aug-06 at 3:22 pm | Permalink
ഉമേഷേട്ടാ,
ഇപ്പോള്‍ തന്നെ Tableന്റെ നീളം 3 സ്ക്രീനോളം ആയല്ലോ.
വാക്കുകള്‍ കൂടുമ്പോള്‍ Navigation ഒരു പ്രശ്നമാവുമോ.
lidiyajoy | 09-Aug-06 at 3:29 pm | Permalink
ഈ യാഥാര്ത്യം ശരിയാണൊ? അല്ലെങ്കില്‍ ഒന്ന് അപ്ഡേറ്റ് ചെയ്യണേ…
-പാര്‍വതി.
കൂമന് | 09-Aug-06 at 3:54 pm | Permalink
ഉമേഷേ..
(ഉമേഷെ-തെറ്റ്, ഉമേഷേ ശരി, ഉമേഷ്ജീ – കൂടുതല്‍ ശരി:))
യാദൃശ്ചികസംഭവം-തെറ്റ്, യാദൃച്ഛികസംഭവം-ശരി
എന്നു കാണുന്നു. ഒന്നു പിരിച്ച് വിശദീകരിക്കാമോ, ഇവിടെ? അതു പോലെ, “യാദൃച്ഛിക സംഭവം” എന്നാണോ ഇടക്കു സ്ഥലം വിടാതെയാണോ എഴുതുക? space വിടണമെന്നാണ് എന്റെ പക്ഷം.
തെറ്റുധാരണ എന്നൊരു വക ഭേദമുള്ളതായി ദാമോദരന്‍മാഷ് (എന്റെ മാഷ് :)) പറഞ്ഞതായി ഓര്‍ക്കുന്നു
Su | 09-Aug-06 at 4:59 pm | Permalink
യാഥാര്‍ത്ഥ്യം ?
Umesh::ഉമേഷ് | 09-Aug-06 at 5:10 pm | Permalink
സിബൂ,
പണ്ടു ബ്ലോഗുവാരഫലത്തിനു വേണ്ടിയെഴുതിയതില് കുറെയെണ്ണം ഉപേക്ഷിച്ചിട്ടാണു് ഇതുണ്ടാക്കിയതു്. ഇനിയും കുറയ്ക്കണം. സിബുവിന്റെ ഐഡിയ അത്യുഗ്രന്‍!
അങ്ങനെ ചെയ്യാം. നന്ദി!
പാര്‍വ്വതീ (പാര്‍വ്വതി തന്നെയോ ലിഡിയാ? ആ പേരുള്ള ഒരാളുടെ നല്ല ചില പോസ്റ്റുകള്‍ വായിച്ചതായി ഒരോര്‍മ്മ…)
യാഥാര്ത്യം തെറ്റു്. യാഥാര്‍ഥ്യം, യാഥാര്‍ത്ഥ്യം എന്നിവ ശരി.
കൂമാ,
“യദൃച്ഛ” എന്ന വാക്കില്‍ നിന്നാണു് യദൃച്ഛയാ, യാദൃച്ഛികം എന്നീ വാക്കുകള്‍ ഉണ്ടായതു്.
സമാസിച്ച പദങ്ങളെ ഒന്നുചേര്ത്തെഴുതുന്നതാണു നല്ലതെന്ന അഭിപ്രായക്കാരനാണു ഞാന്‍. പക്ഷേ ഇതില്‍ ഭിന്നാഭിപ്രായങ്ങളുണ്ടു്. ഇംഗ്ലീഷ് വ്യാപകമായതോടെ ഇംഗ്ലീഷ് രീതിയില്‍ വാക്കുകള്‍ വേര്തിരിച്ചെഴുതുന്നതു നടപ്പായി. പക്ഷേ ഇംഗ്ലീഷില്‍ സമസ്തപദങ്ങളില്ലല്ലോ.
എന്നെ “ഉമേഷെ” എന്നു തെറ്റായി സംബോധന ചെയ്യുന്നവരില്‍ പെരിങ്ങോടന്, ഏവൂരാന് തുടങ്ങിയ പുലികളും ഉള്‍പ്പെടും. “മാന്യരെ” എന്നു തെറ്റായല്ലാതെ “മാന്യരേ” എന്നു ശരിയായിട്ടു് ഏതെങ്കിലും കല്യാണത്തിന്റെ ക്ഷണക്കത്തില്‍ കാണാറുണ്ടോ? (അതിനിപ്പോള്‍ ആരാണു മലയാളത്തില്‍ ക്ഷണക്കത്തടിക്കുന്നതു്?) എന്റെ കല്യാണത്തിന്റെ ക്ഷണക്കത്തടിച്ചപ്പോള് ഞാനും പ്രസ്സുകാരനും തമ്മില്‍ മുട്ടന്‍ അടി നടന്നു ഇതിനെച്ചൊല്ലി. എന്റെ അച്ഛനും മറുപക്ഷത്തായിരുന്നു. അവസാനം എന്റെ അമ്മ (അമ്മ മലയാളാദ്ധ്യാപികയായിരുന്നു) കൂടി എന്റെ പക്ഷം പിടിച്ചതോടുകൂടി ഒത്തുതീര്‍പ്പായി.
ശ്രീജിത്ത് കെ | 09-Aug-06 at 5:11 pm | Permalink
ഉമേഷേട്ടാ, അവിടെ കമന്റിടാന്‍ കഴിയില്ലല്ലോ, അപ്പോള്‍ സംശയം ചോദിക്കാനും എന്തെങ്കിലും പുതുതായി ചേര്‍ക്കാന്‍ പറയാനും എന്താ വഴി?
എനിക്കെപ്പോഴും തെറ്റിപ്പോകുന്ന ഒന്നാണ് കൂലംകശമായ – കൂലംകഷമായ. ഇതും കൂടെ അവിടെ ചേര്‍ക്കാന്‍ അപേക്ഷ.
Umesh::ഉമേഷ് | 09-Aug-06 at 5:14 pm | Permalink
തെറ്റുധാരണ എന്നതു തെറ്റെന്നു പറഞ്ഞുകൂടാ. തെറ്റായ ധാരണ എന്നര്‍ത്ഥത്തില്‍. തെറ്റായി ധരിക്കുക എന്ന ക്രിയയാണു `തെറ്റിദ്ധരിക്കുക’. അതില്‍ നിന്നുണ്ടാകുന്ന നാമരൂപമാണു ‘തെറ്റിദ്ധാരണ”.
ശ്രീജിത്ത് കെ | 09-Aug-06 at 5:14 pm | Permalink
അക്ഷരത്തെറ്റു പേജിലെ തെറ്റുകള്‍ അക്ഷരമാല ക്രമത്തില്‍ അടുക്കിയിരുന്നെങ്കില് നന്നായിരുന്നു.
Umesh::ഉമേഷ് | 09-Aug-06 at 5:15 pm | Permalink
ശ്രീജിത്തേ,
കൂലംകഷമാണു ശരി. അര്‍ത്ഥം അറിയാമോ?
അവിടെ കമന്റിടാന്‍ സംവിധാനം ഉണ്ടാക്കാമോ എന്നു ന്നോക്കാം.
Umesh::ഉമേഷ് | 09-Aug-06 at 5:16 pm | Permalink
അവ അക്ഷരമാലാക്രമത്തിലല്ലേ? ആക്കാനാണുദ്ദേശിച്ചതു്. അല്ലെങ്കില്‍ തിരുത്താം.
തെറ്റിന്റെ അക്ഷരമാലാക്രമത്തിലോ ശരിയുടെ അക്ഷരമാലാക്രമത്തിലോ?
മന്‍ജിത് | 09-Aug-06 at 5:17 pm | Permalink
പീഢനം -> പീഡനം
വിധ്യാര്‍ത്ഥി -> വിദ്യാര്‍ത്ഥി
ഇവകൂടെ ചേര്‍ത്താല്‍ കൊള്ളാം ഉമേഷ് ജീ. പീഢനംകൊണ്ടു സഹികെട്ടിരിക്കയാണ് 😉
ശ്രീജിത്ത് കെ | 09-Aug-06 at 5:19 pm | Permalink
അതു ശരി. അങ്ങോട്ട് ഒരു ചോദ്യം ചോദിച്ചാല്‍ ഉമേഷേട്ടന് തിരിച്ചു ചോദിക്കുമോ? എന്നാല്‍ ഞാന്‍ സുല്ലിട്ടു.
കൂലംകഷത്തിന് മറ്റൊരു വാക്ക് പറയാന്‍ കിട്ടുന്നില്ല. അതിനാല്‍ അര്‍ത്ഥം പറയുന്നില്ല. വളരെ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന തരത്തിലുള്ള ചര്‍ച്ച എന്ന് പറയാമോ?
Umesh::ഉമേഷ് | 09-Aug-06 at 5:26 pm | Permalink
ഇതുപോലെയുള്ള കുറേ വാക്കുകള്‍ കൂടി അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ചേര്‍ക്കാം മന്‍ജിത്തേ. പീഡനവും ചൂഡാമണിയുമൊക്കെ ആളുകള്‍ ആവശ്യമില്ലാതെ ഢ ആക്കുന്ന വാക്കുകളാണു്.
തെറ്റിപ്പോയല്ലോ ശ്രീജിത്തേ. വിഷമിക്കണ്ടാ. ഭൂരിപക്ഷം ആളുകളും അര്ത്ഥമറിയാതെയാണു് ആ വാക്കുപയോഗിക്കുന്നതു്. “കരകവിഞ്ഞ” എന്നാണു് അര്‍ത്ഥം. കൂലം എന്നു വെച്ചാല്‍ തീരം, അതിരു് എന്നൊക്കെ അര്‍ത്ഥം. “കൂലംകഷകുതൂഹലം” എന്നു കുചേലവൃത്തം വഞ്ചിപ്പാട്ടിലുണ്ടു്. കരകവിഞ്ഞ ആഹ്ലാദം എന്നര്‍ത്ഥം.
“ഞാന്‍ കൂലംകഷമായി ചിന്തിച്ചു” എന്നു് ആളുകള്‍ പറയുന്നതു കേട്ടിട്ടുണ്ടു്. “ഞാന്‍ അതിരുകടന്നു ചിന്തിച്ചു” എന്നാണോ ഉദ്ദേശിച്ചതു്, ദൈവത്തിനറിയാം 🙂
ചിലര്‍ അതിനെ “ഒന്നുകൂടി സംസ്കൃതമാക്കി“ കൂലംകഷായമായി എന്നും പറയുന്നതു കേട്ടിട്ടുണ്ടു്.
ശ്രീജിത്ത് കെ | 09-Aug-06 at 5:27 pm | Permalink
ശരിയാണല്ലോ, അക്ഷരമാല ക്രമത്തില്‍ തന്നെ തെറ്റുകള്‍ അടുക്കിയിരിക്കുന്നത്. ആദ്യം നോക്കിയപ്പോള്‍ എന്നില്‍ കുട്ടിച്ചാത്തന് കൂടിയിരുന്നു എന്നാണ് തോന്നുന്നത്. അതോ ഇനി കണ്ണ് ഡോക്റ്ററെ കാണാന്‍ സമയമായോ?
Umesh::ഉമേഷ് | 09-Aug-06 at 5:28 pm | Permalink
അക്ഷരമാലാക്രമം തെറ്റിച്ചതു് ആകെ സൃഷ്ടാവു് മാത്രമേ കണ്ടുള്ളൂ ശ്രീജിത്തേ. വേറേ വല്ലതുമുണ്ടോ?
ശ്രീജിത്ത് കെ | 09-Aug-06 at 5:32 pm | Permalink
അതിരു കടന്നത് എന്നാവുമോ അപ്പോള്‍ കൂലംകഷത്തിന്റെ അര്‍ത്ഥം? നിറഞ്ഞ് നില്‍ക്കുന്നത് എന്നും ആവാമല്ലോ. കൂലംകഷമായ ചര്‍ച്ച എന്ന് പറഞ്ഞാല്‍, ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെപ്പറ്റിയുമുള്ള ചര്‍ച്ച എന്നാവാം അല്ലേ. ഇത് ഉമേഷേട്ടന് ശരിയാണെന്ന് പറഞ്ഞാന്‍ ഞാളെ ഇവിടെ ഞാന്‍ എല്ലാവക്കും പാര്‍ട്ടി കൊടുക്കും.
Umesh::ഉമേഷ് | 09-Aug-06 at 5:38 pm | Permalink
അതിരു നിറഞ്ഞു നില്ക്കുന്നതു് എന്നതു ശരിയാണു്. ശ്രീജിത്ത് പറഞ്ഞതു ശരി.
(പിള്ളേരേ, പാര്‍ട്ടി മേടിച്ചോ. നാളെ ഞാന്‍ തിരുത്തു കൊടുക്കാം. ശ്രീജിത്തിനു് അടുത്ത മണ്ടത്തരങ്ങളില്‍ എഴുതാന്‍ ഒരു വിഷയവുമായി!)
“കഷം” എന്ന വാക്കിന്റെ അര്‍ത്ഥം എനിക്കു നോക്കേണ്ടിയിരിക്കുന്നു. ഒരു ദിവസം തരൂ. അതിനിടയില്‍ പാര്‍ട്ടി കൊടുക്കുന്നതുകൊണ്ടു വിരോധമില്ല. “അന്നദാനം മഹാദാനം” എന്നല്ലേ കുറുമാന്റെ അയ്യര്‍ പറഞ്ഞിരിക്കുന്നതു് 🙂
Adithyan | 09-Aug-06 at 5:45 pm | Permalink
തെറ്റിയതിനു പാപപരിഹാരമായി ഇവിടെ ഉമേഷ്ജി നമ്മക്ക് ഒരു പാര്‍ട്ടി തരുന്നതിനെപ്പറ്റി എന്തു പറയുന്നു? 😀
കൂമന് | 09-Aug-06 at 5:48 pm | Permalink
മന്‍ജിത്തേ, ‘പ്രിയപ്പെട്ട വിധ്യാര്ത്ഥികളേ, ബഹുമാനപ്പെട്ട അദ്യാപകരേ’ എന്നൊക്കെ കാമ്പസുകളില്‍ നേതാക്കളുടെ പ്രസംഗങ്ങള്‍ ധാരാളം കേള്‍ക്കാം.
ഉമേഷ്: പ്രമാദം എന്ന വാക്ക് അത്തരത്തില്‍ തെറ്റായി ഉപയോഗിക്കപ്പെടുന്നു. പ്രമാദം എന്നാല്‍ തെറ്റ് എന്നല്ലേ. പ്രമാദമായ കേസ് എന്നൊക്കെ പറഞ്ഞാല്‍ എന്താണാവോ അര്‍ത്ഥം? ‘അമ്മക്ക്’ എന്നതോ ‘അമ്മയ്ക്ക്’ എന്നതോ ശരി?പത്രങ്ങളില്‍ പ്രശ്നബാധിതമായ നിയോ.മണ്ഡലങ്ങളെ ‘പ്രശ്നമണ്ഡലങ്ങള്‍’ എന്നൊക്കെ പറഞ്ഞതു കണ്ട് ഏതോ ലേഖകന്‍ ‘സംശയ മണ്ഡലം’ എന്ന് കളിയാക്കി കണ്ടു. (വിജയി ആര് എന്നു സംശയമുള്ള മണ്ഡലം)
പശ: എന്തായാലും താങ്കളുടെ ഈ പോസ്റ്റ് എനിക്ക് ‘ക്ഷ’ പിടിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വലിയ വിവരമൊന്നും വേണ്ടല്ലോ.
Umesh::ഉമേഷ് | 09-Aug-06 at 5:56 pm | Permalink
കൂമാ,
പ്രമാദം (തെറ്റു്), മേധാവി (ബുദ്ധിയുള്ളവന്), അതിശയം (കവിയുന്നതു്) തുടങ്ങിയവ മലയാളത്തില്‍ അര്‍ത്ഥഭേദം വന്ന വാക്കുകളാണു്. തെറ്റായി അര്‍ത്ഥഭേദം വന്നതാണു്. പക്ഷേ തെറ്റായ രൂപത്തിനാണു കൂടുതല്‍ പ്രചാരം. തെറ്റാണെന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. പക്ഷേ വാദിച്ചു വാദിച്ചു സിബുവിന്റെയും രാജേഷിന്റെയും acceptance theory-യോടേറ്റുമുട്ടി ചിറകൊടിഞ്ഞ ഒരു പാവമാണു ഞാന്‍. ഇതിനെപ്പറ്റി “എനിക്കറിയില്ല” എന്നാണു് എന്റെ ഇപ്പോഴത്തെ ഉത്തരം.
പാര്‍ട്ടി എപ്പോ വേണമെങ്കിലും തരാം ആദിത്യാ. പോര്‍ട്ട്ലാന്‍ഡിലേക്കു വരൂ. ഫുള്‍ ചെലവും (ഫുള്ളിനുള്ള ചെലവു മാത്രമല്ല) എന്റെ വക.
കൂമന് | 09-Aug-06 at 6:09 pm | Permalink
അതോ ഇനി പ്രമാദത്തിന് തമിഴില്‍ നിന്നോ മറ്റോ അര്‍ഥം കിട്ടിയതാകുമോ? “മുത്തുലക്ഷ്മീ നീ റൊമ്പ പ്രമാദമാ പാടീട്ടാങ്കെ.” എന്ന അയ്യര്ത്തമിഴിലില് നിന്നോ മറ്റോ? 🙂
ബിന്ദു | 09-Aug-06 at 6:29 pm | Permalink
എന്തൊരു ധൈര്യം ഉമേഷ്ജിക്ക്, ആദിയോടു ഫുള്‍ ചിലവെടുക്കാമെന്നു പറയുന്നു. 🙂 എല്ലാര്ക്കും ബാധകമാണോ ഉമേഷ്ജീ???(എയര്‍ ടികറ്റും ഇതില്‍ പെടുമോ ആവോ? )
Umesh::ഉമേഷ് | 09-Aug-06 at 6:42 pm | Permalink
എപ്പോഴും സ്വാഗതം, ബിന്ദൂ. പ്ലെയിന്‍ ടിക്കറ്റു സ്വന്തം കയ്യില്‍ നിന്നെടുക്കണം. ബാക്കി ചെലവെല്ലാം ഞങ്ങള്‍. ഞങ്ങള്‍ മൂന്നുപേരും ആരെങ്കിലും വീട്ടില്‍ വരാന്‍ വളരെ ഇഷ്ടമുള്ളവരാണു്. ആരെങ്കിലും വരുന്നുണ്ടെങ്കില്‍ ബാക്കി പരിപാടിയൊക്കെ ക്യാന്‍സല്‍ ചെയ്യും.
വേഗമാകട്ടേ. പോര്ട്ട്ലാന്ഡില് ഒരു മാസം കൂടി കഴിഞ്ഞാല്‍ മഴ തുടങ്ങും.
സന്തോഷ് | 09-Aug-06 at 6:59 pm | Permalink
ഓഫീസില്‍ പോകുന്നതും ക്യാന്‍സല്‍ ചെയ്യുമോ? 🙂
ഞാനാണെങ്കില്‍ അവധിയൊക്കെയെടുത്ത് ഇവിടെ വെറുതെയിരിക്കയാണ്…
Umesh::ഉമേഷ് | 09-Aug-06 at 7:00 pm | Permalink
ശ്രീജിത്തേ, ഞാന്‍ പറഞ്ഞതു തന്നെ ശരി. “കര കവിയുന്ന”എന്നാണു കൂലംകഷത്തിന്റെ അര്‍ത്ഥം. “പുര നിറഞ്ഞു നില്ക്കുന്നതു്” എന്നല്ല. ശ്രീജിത്ത് വീട്ടില്‍ ചെന്നു പറഞ്ഞേക്കരുതു് “കൂലംകഷനായ എന്നെ…” എന്നൊന്നും, സംഗതി ശരിയാണെങ്കിലും!
വരമൊഴി സൈറ്റിലെ നിഘണ്ടു നോക്കി ഇതു പറഞ്ഞുതന്ന രാജേഷ് വര്‍മ്മയ്ക്കു നന്ദി.
Umesh::ഉമേഷ് | 09-Aug-06 at 7:05 pm | Permalink
ഓഫീസില്‍ പോക്കു മാത്രം ക്യാന്‍സല്‍ ചെയ്യാന്‍ പറ്റൂല 🙁
ഇങ്ങു പോരൂ സന്തോഷേ. ഞാന്‍ “വര്‍ക്കിംഗ് ഫ്രം ഹോം” ആക്കാം. പകുതി പണി സന്തോഷ് ചെയ്തു തന്നാല്‍ മതി. ഞാന്‍ എഴുതുന്ന ഡോക്യുമെന്റിലെ കുത്തും കോമയുമൊക്കെ ശരിയാക്കുക, C++ പ്രോഗ്രാമിന്റെ error ഒക്കെ തിരുത്തി കമ്പൈല്‍ ചെയ്യുമാറാക്കുക, പോയിന്റര്‍ NULL ആകുന്നതെവിടെയെന്നു ഡീബഗ്ഗു ചെയ്തു ചെയ്തു കണ്ടുപിടിക്കുക തുടങ്ങിയവ സന്തോഷിനു ചെയ്യാനേ ഉള്ളൂ 🙂
തരികിട | 09-Aug-06 at 7:12 pm | Permalink
ഉമേഷ്ജീ,
വളരെ നന്നായി. എന്നെപ്പോലുള്ള (മലയാളം ശരിക്കറിയാന്‍ പാടില്ലാത്ത) ഒരുപാട് പേര്‍ക്ക് ഇത് വലിയ അനുഗ്രഹമാവും; തീര്‍ച്ച.
—————-
എനിക്കൊരു ചെറിയ അഭിപ്രായമുണ്ടായിരുന്നു. തെറ്റ്, ശരി എന്നീ കോളങ്ങള്‍ക്കു ശേഷം വരമൊഴി എന്ന ഒരു കോളംകൂടിയായാല് വളരേ നന്നായേനേ…
വിശ്വപ്രഭ Viswaprab | 09-Aug-06 at 7:16 pm | Permalink
കഷതി എന്നാല്‍ ഉരയുക, ചൊറിയുക, മാന്തുക, തേഞ്ഞുകളയുക (scrape) എന്നൊക്കെയര്‍ത്ഥം. അതങ്ങനെ കൂടിക്കൂടി തകര്‍ത്തുകളയുക എന്നുവരെ ആവാം.
കഷ്ടം, കഷ്ടി ഇവയൊക്കെ ഈ വാക്കില്നിന്നുതന്നെ.
കൂലംകഷം / കൂലങ്കഷം എന്നാല്‍ ഓരത്തെ തേഞ്ഞുതേഞ്ഞില്ലാതാക്കുന്ന വിധമുള്ള ഒഴുക്ക്, നദി എന്നൊക്കെ.
പ്രമാദം എന്നാല്‍ (ലഹരിമൂലമോ ഭ്രാന്തുകൊണ്ടോ) അശ്രദ്ധയാല്‍ വരുന്ന തെറ്റ് , stupid crime എന്നൊക്കെയാണ് സാധാരണ പ്രചാരത്തിലുള്ള അര്‍ത്ഥം. എന്നിരുന്നാലും ലഹരിപിടിപ്പിക്കുന്ന
(intoxicable / sensational) എന്ന അര്‍ത്ഥത്തിലാവണം ആദ്യകാലം മുതല്‍ കൊലക്കേസുകളും മറ്റും പ്രമാദമായിത്തീര്ന്നിരുന്നത്.
Umesh::ഉമേഷ് | 09-Aug-06 at 7:27 pm | Permalink
വളരെ നന്ദി, വിശ്വം.
പ്രമാദത്തിനുള്ള വിശദീകരണവും കൊള്ളാം. കൂമാ, എല്ലാം ക്ലിയറായില്ലേ?
കൂമന് | 09-Aug-06 at 7:47 pm | Permalink
നന്ദി വിശ്വം. കലക്കന്‍ വിശദീകരണം. ഇപ്പോള്‍ എല്ലാം ക്ലിയര്‍
ബിന്ദു | 09-Aug-06 at 7:53 pm | Permalink
നന്ദി ഉമേഷ്ജി. അയല്‍വക്കത്തെ ഒരു ഉരുള ചോറ്… കളയാന്‍ പറ്റില്ല. 🙂
lapuda | 10-Aug-06 at 4:17 am | Permalink
ഉമേഷേട്ടാ,
നൈതികത, പരിപ്രേക്ഷ്യം എന്നീ വാക്കുകളുടെ ശരിയായ അര്‍ത്ഥം പറഞ്ഞു തരാമോ ?
ഇത്തിരിവെട്ടം | 10-Aug-06 at 4:35 am | Permalink
ഉമേഷ്ജി,
കുഞ്ഞുകുട്ടി പരദീനങ്ങളാണൊ അതൊ പരാധീനങ്ങളോ..
കണ്ണൂസ് | 10-Aug-06 at 4:47 am | Permalink
ഉമേഷേ, ഒരു സംശയം – കഷണം, ഖണ്ഡം അല്ലേ, ഘണ്ഡം അല്ലല്ലോ?
Umesh::ഉമേഷ് | 10-Aug-06 at 6:00 am | Permalink
ലാപുഡേ,
നൈതികത അറിയില്ല. നിത്യം എന്ന അര്‍ത്ഥത്തില്‍ നൈതികം എന്നു പറയുമായിരിക്കും. അപ്പോള്‍ നൈതികത എന്നു വെച്ചാല്‍ regularity എന്നായിരിക്കും. അറിയില്ല.
പരിപ്രേക്ഷ്യം എന്നു വെച്ചാല്‍ ചുഴിഞ്ഞു നോക്കപ്പെടുന്നതു്, വിശകലനം ചെയ്യപ്പെടുന്നതു്, കാതലായതു് എന്നൊക്കെയാണു് അര്ത്ഥമെന്നാണു് എന്റെ അറിവു്.
ഇത്തിരി വെട്ടമേ, പരാധീനങ്ങള്‍. പരനു് അധീനമായതു് എന്നര്‍ത്ഥം.
ഖണ്ഡം തന്നെ കണ്ണൂസേ. “കണ്ടം” എന്നു മലയാളത്തില്‍ തദ്ഭവം.
ഇത്തിരിവെട്ടം | 10-Aug-06 at 6:05 am | Permalink
ഉമേഷേട്ടാ.. നന്ദി..
കുറുനരി | 10-Aug-06 at 6:51 am | Permalink
ഉമേഷ് ഉറങ്ങുകയാവും അല്ലേ?
നരിയില്ലാത്ത നേരം നോക്കി കുറുനരി കടന്നുവരുമ്പോലെ ഞാന്‍ ഒന്ന് ഇടപെടട്ടെ?
1. രണ്ടു വ്യത്യസ്ത വാക്കുകളുണ്ട്: പ്രേഷണം,പ്രേക്ഷണം.
ഇഷ് ധാതുവില്‍ നിന്നും
പ്രേഷ് : (പ്രെസ്സു (press!)ചെയ്യുക, ചുറ്റിലും(വ്യാപകമായി) സമ്മര്‍ദ്ദം ചെലുത്തുക, ആരെയെങ്കിലും വരാന്‍ വേണ്ടി ദൂതനെ അയക്കുക, അയക്കുക, അറിയുവാന്‍ വേണ്ടി അന്വേഷിക്കുക.
പ്രേഷണം: ആ ക്രിയ
പ്രേഷിതം: അയച്ചിട്ടുള്ളത്.
പ്രേഷ്യം, പ്രേഷിതവ്യം : അയക്കേണ്ടത്, വിളംബരം പോലുള്ള രേഖകള്‍, കത്ത്…
പരി-പ്രേഷ്യം: ചുറ്റുപാടും അയക്കേണ്ടത്. broadcast ചെയ്യേണ്ടത്, ചെയ്തിട്ടുള്ളത്.
സംപ്രേഷണം: സമമായി(സമഗ്രമായി,കൂട്ടായി) അയക്കുന്ന രീതി, broadcasting
അതിനാല്‍ സംപ്രേക്ഷണം എന്ന വാക്ക് broadcasting എന്ന അര്‍ത്ഥത്തില്‍ തെറ്റ്!
സംപ്രേഷണം ശരി.
ക്ഷേപ് എന്നൊരു ധാതുവും ഉണ്ട് ഏതാണ്ട് ഇതേ അര്‍ത്ഥത്തില്‍. ക്ഷേപണം, പ്രക്ഷേപണം.
ഇക്ഷ് ആണ് കാണുന്ന/ നോക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട ധാതു.
അക്ഷം,ഇക്ഷു, axis, ഈക്ഷ, വീക്ഷണം, പ്രേക്ഷണം, പ്രേക്ഷകന്, പരീക്ഷണം,പരീക്ഷ, നിരീക്ഷണം, പ്രതീക്ഷ, പ്രത്യക്ഷം, പ്രേക്ഷാഗൃഹം(View House, മാടം) , വീക്ഷാഗോപുരം(Watch Tower)….
പരിപ്രേക്ഷ്യം : ചുറ്റുനിന്നും കാണാവുന്നത്, ചുറ്റുപാടുനിന്നും കണ്ടിട്ടുള്ളത്, without much scrutiny or introspection.
2. നൈത്യം, നൈത്യകം എന്നാല്‍ എന്നും മുടങ്ങാതെ ചെയ്യേണ്ടത്. നൈമിത്തികം എന്നാല്‍ ഒരിക്കല്‍ ഉണ്ടാവാന്‍ മതി. നിവേദ്യങ്ങള്‍ നൈത്യകങ്ങളാണ്. പാട്ടു പഠിക്കുന്നവര്‍ നിത്യം സാധകം ചെയ്യണം.
നൈത്യകം എന്ന നാമത്തിന്റെ ഗുണത്തിനെ നൈതികത എന്നു വിളിക്കാമോ? ഉമേഷോ മറ്റോ പറയട്ടെ.
3. കഷണം എന്ന വാക്ക് മുന്‍പറഞ്ഞ ‘കഷ്’ ധാതുവില്‍ നിന്നു തന്നെ വന്നിട്ടുള്ളതാണെന്നു തോന്നുന്നു. അങ്ങനെയാണെങ്കില്‍ സാമ്പാറിനും അവിയലിനും എന്നതിനേക്കാള്‍ തോരനും ഉപ്പേരിക്കുമാണ് കഷണങ്ങള്‍ കൂടുതല്‍ യോജിക്കുക!
പക്ഷേ മലയാളത്തിലല്ലാതെ ഈ വാക്ക് ആരെങ്കിലും കണ്ടിട്ടുണ്ടോ?
ഇതൊക്കെ ഇവിടെ കുറിച്ചിടുന്നത് ഉമേഷും മറ്റും നോക്കി എന്റെ കൂടി തെറ്റുകള്‍ തിരുത്തിത്തരാനാണ്.
-ഒരു കുറുനരി
കുറുനരി | 10-Aug-06 at 6:53 am | Permalink
അയ്യോ, അതിനിടയ്ക്ക് ഉമേഷേട്ടന് ഞെട്ടിയെണീറ്റു മറുപടി പറഞ്ഞ് വീണ്ടും കിടന്നുറങ്ങിയത് അറിഞ്ഞില്ല!
കാടെവിടെ മക്കളേ? ഓടട്ടെ…
അരവിന്ദന് | 10-Aug-06 at 7:09 am | Permalink
സൂപ്പര്‍…മാതൃഭൂമിയിലെ ചൊവ്വാദോഷം പോലെ…
നല്ല സംരംഭം…:-)
lapuda | 10-Aug-06 at 8:14 am | Permalink
ഉമേഷേട്ടാ, കുറുനരീ, നന്ദി…
ഇപ്പോള്‍ വേറൊരു തോന്നല്‍…നൈതികം, നൈതികത എന്നിവയ്ക്ക് ‘നീതി‘-യുമായി ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടോ….?
നൈതിക മൂല്യം എന്നൊക്കെ എവിടെയോ വായിച്ചിട്ടുണ്ട്…
ഇഞ്ചിപ്പെണ്ണ് | 11-Aug-06 at 12:14 am | Permalink
കോളാംബി -> കോളാമ്പി
ഉമേഷേട്ടാ, ഞാന്‍ കരുതിയത് ഈ ‘ഇംബി’ എന്നിടുന്നത് പുതിയ ലിപിയാണ് എന്നാണ്…
‘മ്പി’ പഴയ ലിപിയും. അപ്പൊ അല്ലെ?
Umesh::ഉമേഷ് | 11-Aug-06 at 12:34 am | Permalink
പരിപ്രേക്ഷ്യത്തിനു കുറുനരിയുടെ വിശദീകരണം ഒന്നുകൂടി നന്നായിത്തോന്നുന്നു. ചുഴിഞ്ഞു നോക്കുന്നതിനേക്കാള്‍ നല്ലതു ചുറ്റും നിന്നു നോക്കുന്നതാണെന്നു തോന്നുന്നു, ചുഴിഞ്ഞു നോക്കിയാല്‍.
ലാപുഡ പറഞ്ഞതുപോലെ നീതിയില്‍ നിന്നു നൈതികം ഉണ്ടാകാമല്ലോ. അപ്പോള്‍ നീതിയുക്തത എന്നായിരിക്കും അര്‍ത്ഥം.
അരവിന്ദാ, ചൊവ്വദോഷം എന്നു മതി. പക്ഷേ, ചൊവ്വാദോഷം എന്നാണു് എല്ലാവരും പറയുന്നതു്. ഞാനൊരിക്കല്‍ ഇതു പറഞ്ഞു മാതൃഭൂമിക്കെഴുതിയിരുന്നു. ഞാന്‍ പറഞ്ഞതു ശരിയാണെന്നു പറഞ്ഞു് അവര്‍ എഴുതിയിരുന്നു, എന്റെ പേരു പറഞ്ഞില്ലെങ്കിലും.
ചൊവ്വ ഒരു മലയാളവാക്കാണു്. സംസ്കൃതരീതിയില്‍ ചൊവ്വാ എന്നു പറയേണ്ട. വായനശീലം വേറേ ഒരു ഉദാഹരണം.
അതു രണ്ടും രണ്ടാണു് ഇഞ്ചിപ്പെണ്ണേ. പിന്നെ ബ്ലോഗുകളില്‍ കാണുന്ന ലിപിയെ പുതിയ ലിപി എന്നു വിളിക്കാമെങ്കില്‍…
lapuda | 11-Aug-06 at 2:16 am | Permalink
ഉമേഷേട്ടാ,
പ്രകൃത്യവബോധം= പ്രകൃതിയെക്കുറിച്ചുള്ള അവബോധം.
ഇതു ശരിയാണോ ?
കൂമന് | 11-Aug-06 at 2:32 am | Permalink
നൈതികത എന്നാല്‍ സമകാലീനത എന്നാണ് അര്‍ഥമെന്നു കരുതിയിരുന്നത്. നൈതിക മൂല്യം എന്നാല്‍ ഈ കലഘട്ടത്തിലെ മൂല്യം എന്നും. മറ്റൊരു അര്ത്ഥഭേദമാണല്ലോ ഇവിടെ കാണുന്നത്.
പാര്‍വതി | 09-Oct-06 at 1:17 pm | Permalink
അക്ഷര തെറ്റുകളുടെ പേജില്‍ കമന്റിനുള്ള ഓപ്ഷന് ഇല്ലല്ലോ.അതുണ്ടായിരുന്നെങ്കില്‍ സംശയം തോന്നുന്ന വാക്കുകള്‍ അവിടെ എഴുതാമായിരുന്നു.
-പാര്‍വതി.
Umesh::ഉമേഷ് | 09-Oct-06 at 1:30 pm | Permalink
പാര്‍വ്വതീ,
ഈ പോസ്റ്റില്‍ കമന്റിട്ടാല്‍ മതി. പേജില്‍ നിന്നു് ഒരു ലിങ്ക് ഇങ്ങോട്ടു കൊടുത്തിട്ടുണ്ടു്.
പേജില്‍ കമന്റിടാനുള്ള ഓപ്ഷന് കൊടുത്തിരുന്നു. ഞാനുപയോഗിക്കുന്ന ടെമ്പ്ലേറ്റില്‍ അതു ഡിസേബ്ള്‍ഡ് ആണെന്നു തോന്നുന്നു.
കരീം മാഷ് | 09-Oct-06 at 1:37 pm | Permalink
താഴെ പറയുന്ന വാക്കുകളില്‍ ഏതാണു ശരി ഉമേഷ്ജി.
ആത്മാഹൂതി – ആത്മാഹുതി
ആസ്വാദ്യകരം – ആസ്വാദ്യം
ഇല്ലങ്കില്‍ – ഇല്ലെങ്കില്‍
ആഢംഭരം – ആഡംബരം
അസ്ഥിവാരം – അസ്തിവാരം
അസ്തമനം – അസ്തമയം
കയ്യെഴുത്ത് – കൈയെഴുത്ത്
ഇവ പലപ്പോഴും ശങ്ക തോന്നുന്നതിനാല്‍ പര്യായങ്ങള്‍ ആണു ഉപയോഗിക്കാര്.
ഉമേഷ്::Umesh | 09-Oct-06 at 5:28 pm | Permalink
കരീം മാഷിന്റെ ചോദ്യങ്ങള്‍ക്കുത്തരം:
ആത്മാഹൂതി – ആത്മാഹുതി : ആത്മാഹുതി
ആസ്വാദ്യകരം – ആസ്വാദ്യം : (രണ്ടും ശരി. ആസ്വദിക്കത്തക്കതു് ആസ്വാദ്യം. ആസ്വാദ്യമാക്കുന്നതു് ആസ്വാദ്യകരം.)
ഇല്ലങ്കില്‍ – ഇല്ലെങ്കില്‍ : ഇല്ലെങ്കില്‍ (ഇല്ല + എങ്കില്‍)
ആഢംഭരം – ആഡംബരം : ആഡംബരം
അസ്ഥിവാരം – അസ്തിവാരം : അസ്തിവാരം
അസ്തമനം – അസ്തമയം : അസ്തമയം (ഇതിന്റെ കാര്യത്തില്‍ തര്ക്കമുണ്ടു്-അസ്തമനവും ശരിയാണെന്നു പറയുന്നവരുണ്ടു്. എന്തായാലും അസ്തമയം ശരി തന്നെ.)
കയ്യെഴുത്ത് – കൈയെഴുത്ത് : അദ്ധ്യാപകര്‍ പറയുന്നതു് കൈയെഴുത്ത് ആണു ശരിയെന്നാണു്. എനിക്കിതില്‍ എതിരഭിപ്രായമുണ്ടു്. ഈ പോസ്റ്റു വായിക്കുക.
കുടുംബംകലക്കി | 17-Apr-07 at 11:12 am | Permalink
Krishnan എന്നത് അഞ്ജലി ഓള്‍ഡ് ലിപിയില്‍ ശരിയായി എഴുതുവാന്‍ കഴിയുന്നില്ല. ‘r’ വഴങ്ങുന്നില്ല.
മൂര്‍ത്തി | 30-Apr-07 at 12:52 pm | Permalink
kr^shNan എന്നു ടൈപ് ചെയ്താല്‍ ശരിയാവേണ്ടതാണ്..
കുടുംബംകലക്കി | 02-May-07 at 10:04 am | Permalink
മൂര്‍ത്തി, അങ്ങേയ്ക്കു വളരെ നന്ദി.
Baiju Sadasivan | 21-Jan-08 at 3:53 am | Permalink
ഒരു സംശയം – ‘ആപാദചൂഡം’ അതോ ‘ആപാദചൂഢം’ ഏതാണ് ശരി?
Umesh:ഉമേഷ് | 27-Jan-08 at 3:31 pm | Permalink
ബൈജു,
ആപാദചൂഡം, ചൂഡാമണി തുടങ്ങിയവയില്‍ ഡ മതി. മൂഢന്, ലീഢം, രൂഢം തുടങ്ങി വളരെക്കുറച്ചു വാക്കുകളേ ഢ ഉള്ളതുള്ളൂ.
ജയകൃഷ്ണന് കാവാലം | 08-Jan-09 at 8:40 am | Permalink
സൃഷ്ടാവ് എന്നത് ഉമേഷേട്ടന് ലിസ്റ്റ് ചെയ്തിരിക്കുന്നതു തിരിഞ്ഞു എന്നൊരു സംശയം.
പിന്നെ സ്ഥിരമായി മലയാളി പ്രയോഗിക്കുന്ന ഒന്നാണ് ‘ഹാര്‍ദ്ദവം’ അതു കൂടി ചേര്‍ക്കുമെന്നു വിശ്വസിക്കുന്നു.
ജാള്യത എന്ന പദം ഞാന്‍ ശരിയെന്നു കരുതി ഉപയോഗിച്ചിരുന്ന ഒന്നാണ്. തിരുത്തിയതിനു നന്ദി.
ഈ ബ്ലോഗ് വളരെ ഉപയോഗപ്രദമാകുന്നുണ്ട്. ആസ്വാദ്യവും. ആശംസകള്‍
സ്നേഹപൂര്‍വം
Umesh | 08-Jan-09 at 3:38 pm | Permalink
ജയകൃഷ്ണന്,
സ്രഷ്ടാവു തന്നെ ശരി, സൃഷ്ടാവല്ല.
കുറേക്കാലമായി ഈ പേജ് അപ്ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നില്ല. ഇനി ചെയ്യാം.
നന്ദി.
(ഹാര്ദ്ദവത്തെപ്പറ്റി ഇവിടെ എഴുതിയിരുന്നതു വായിച്ചോ?)
marykutty | 05-Mar-09 at 8:29 am | Permalink
അര്‍ഥം അര്‍ത്ഥം
അര്‍ത്ഥന അര്‍ഥന
അര്‍ദ്ധം അര്്ധം
ഇതില്‍ ഇതാണ് ശരി?
marykutty | 05-Mar-09 at 8:32 am | Permalink
track.
Vadakkoodan | 06-Mar-09 at 9:03 am | Permalink
ലീഢം എന്നാലെന്താ?
marykutty | 06-Mar-09 at 9:20 am | Permalink
“അരിതംഖാദിതം പീതം ലീഢം കുത്രവിപച്യതേ
ഏതത്വാംധീര! പൃച്ഛാമസ്തന്ന ആചക്ഷ്വ ബുദ്ധിമാന്
ചതുര്വ്വിധാഹാരങ്ങളില് ഒന്നു എന്ന് വ്യവക്ഷ..
തെറ്റാണെങ്കില്‍ ഞാന്‍ ഓടി.
marykutty | 06-Mar-09 at 9:23 am | Permalink
വാരി തിന്നുന്നവ, ചവച്ചു തിന്നുന്നവ,കുടിക്കുന്നവ, നക്കി തിന്നുന്നവ- ഇതാണു ചതുര് വിധാഹാരങ്ങള്. അപ്പോള്‍ ലീഢം എന്നാല്‍…
കരിങ്കല്ല് | 23-Mar-09 at 10:49 pm | Permalink
ഉമേഷ്,
പത്രവാര്‍ത്തകളില്‍ പ്രചരണവും പ്രചാരണവും തെറ്റിക്കൊടുക്കുന്നുണ്ടോ എന്നൊരു സംശയം.
1. പാര്‍ട്ടികള്‍ പ്രചാരണം ചെയ്യുന്നു. (പ്രചരിപ്പിക്കുന്നു)
2. വാര്‍തതകള്‍ പ്രചരിക്കുന്നു.
ഇങ്ങനെയല്ലേ വേണ്ടതു്.
ഒരു കുഞ്ഞു കണ്‍ഫ്യൂഷ്യസ് ആയി ഞാന്‍.
നിരക്ഷരന് | 15-Apr-09 at 6:43 am | Permalink
ഗുരവേ നമഃ – ശരിയുടെ കോളത്തില്‍.
ഗുരുവേ നമഃ – തെറ്റിന്റെ കോളത്തില്‍.
അത് അപ്രകാരം തന്നെയാണോ ഉമേഷ് ജീ?
ഗുരവേ നമഃ എന്ന് ആദ്യായിട്ട് കേള്‍ക്കുന്നതുകൊണ്ട് ഞാന്‍ ആകെ കണ്ഫ്യൂഷനിലാ 🙂 ഒരു വിശദീകരിക്കണേ സൌകര്യം കിട്ടുന്നതുപോലെ.
sonu | 08-Apr-10 at 5:45 am | Permalink
ഉമേഷേട്ടാ,
തെറ്റിധരിക്കരുതു/തെറ്റിദ്ധരിക്കരുതു്
തെറ്റിദ്ധരിക്കരുത് ത് പോരേ? തു് ആവശ്യമുണ്ടോ?
അതുപോലെ യൌവനം/യൗവനം സൌഭാഗ്യവതീ/സൗഭാഗ്യവതീ
ഏതാണ് ശരി?
നിരക്ഷരന് | 13-Apr-10 at 4:55 am | Permalink
അദ്ധ്യാപകന് , മാദ്ധ്യമം, ആഴ്ച്ച, എന്നീ വാക്കുകള്‍ കൂടെ ഉള്‍പ്പെടുത്താമോ ഉമേഷ്ജീ ?
അധ്യാപകന് , മാധ്യമം, ആഴ്ച എന്നും കാണാറുണ്ട്. 4 ദിവസം മുന്നേ ഒരു അദ്ധ്യാപകനുമായി ഇക്കാര്യത്തില്‍ തര്‍ക്കിക്കേണ്ടിയും വന്നു.
മുകളിലുള്ള കമന്റുകള്‍ ഒന്നും വായിച്ചിട്ടില്ല. ഇതേ വിഷയം അതില്‍ ഏതിലെങ്കിലും കമന്റില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ദയവായി ഈ കമന്റ് ഇഗ്നോര്‍ ചെയ്യുക.
Resmi | 27-Apr-10 at 3:51 am | Permalink
ഇത് അക്ഷരത്തെറ്റിനെക്കുറിച്ചുള്ള സംശയം അല്ല. പരിഭാഷ ആണ്, ഇവിടെയാണോ ചോദിക്കേണ്ടത് എന്നറിയില്ല.
stochastic-ന്റെ മലയാളം എന്താണ്? ഞാന്‍ stochastic resonance നെക്കുറിച്ച് മലയാളത്തില്‍ എഴുതണം എന്നു വിചാരിക്കുന്നു. resonance നെ അനുരണനം എന്നാണു പറയുന്നെതെന്നു പണ്ട് പഠിച്ചിട്ടുണ്ട്. random എന്നാല്‍ ക്രമരാഹിത്യം എന്നാണു മലയാളം പഠിച്ച ഒരു സുഹൃത്ത് പറഞ്ഞത്.ശരിയാണോ?
V | 27-Apr-10 at 4:10 am | Permalink
Stochastic എന്നതിനു് അനഭ്യൂഹകരം എന്നോ അപ്രവചനീയം എന്നോ തർജ്ജമ ചെയ്യാം എന്നു തോന്നുന്നു.
A stochastic function is a function that cannot be predicted in advance due to its nature of randomness at any given state from its immediately preceding state but can be analyzed statistically or probabilistically after its occurrence.
Stochastic Resonance = അപ്രവചനീയാനുരണനം
Resmi | 07-Apr-11 at 12:17 pm | Permalink
നിഷ്പക്ഷം ആണോ, നിക്ഷ്പക്ഷം ആണോ ശരി?
നിരക്ഷരൻ | 07-Apr-11 at 12:32 pm | Permalink
എന്റെ ഒരു ചോദ്യത്തിന് ഇപ്പോഴും മറുപടിയൊന്നും കിട്ടിയില്ല 🙁
Umesh:ഉമേഷ് | 07-Apr-11 at 2:32 pm | Permalink
@രശ്മി,
നിഷ്പക്ഷം ആണു ശരി. നിസ്(നിര്) എന്ന ഉപസർഗ്ഗത്തോടു കൂടി പക്ഷം ചേരുന്നതു്. പിന്നാലെ പ ആയതിനാൽ സ എന്ന അക്ഷരം ഷ ആകുന്നു.
@നിരക്ഷരൻ,
രണ്ടും ശരിയാണു്. അധ്യാപകൻ, മാധ്യമം എന്നു് എഴുതുന്നതു ധാരാളം. ഉച്ചാരണത്തിൽ ഉള്ള ദ്വിത്വം (ഇതു് മൂർഖൻ/മൂർക്ഖൻ, ദീർഘം/ദീർഗ്ഘം തുടങ്ങിയവയിലും ഉണ്ടു്. അവയിലുള്ള ഇരട്ടിപ്പു് നമ്മൾ 60 കൊല്ലം മുമ്പേ നിർത്തി.) എഴുതണമെന്നില്ല. മറ്റു ഭാഷക്കാർ ഈ ഇരട്ടിപ്പു് എഴുതാറില്ല. മലയാളികൾ എഴുതാറുണ്ടായിരുന്നു. അതുകൊണ്ടു് അദ്ധ്യാപകൻ, മാദ്ധ്യമം, മൂർക്ഖൻ, ദീർഗ്ഘം, ചക്ക്രം, പൃത്ഥ്വി തുടങ്ങിയവയും മലയാളത്തിൽ തെറ്റല്ല. ചിലതൊക്കെ സാധാരണ ഉപയോഗിക്കാത്തതിനാൽ കാണാൻ വിചിത്രമായി തോന്നും എന്നു മാത്രം.
ഞാൻ ബ്ലോഗെഴുതിത്തുടങ്ങിയതിൽപ്പിന്നെ ആളുകൾ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യമാണു് ഇതു്. അതിനാൽ ഇതിനെപ്പറ്റി ഒരു പോസ്റ്റെഴുതിത്തുടങ്ങിയിരുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു നിരക്ഷരനു് അന്നു മറുപടി തരാഞ്ഞതു്. പിന്നെ മറന്നുപോയി. ക്ഷമിക്കുക.
Resmi | 14-Apr-11 at 1:21 pm | Permalink
നന്ദി.
കാല്വിന് | 04-Nov-14 at 4:50 pm | Permalink
മേഘല – മേഖല. ഇതൊന്നുള്പ്പെടുത്തണം
soumya | 13-Aug-15 at 5:37 am | Permalink
വൈവിദ്ധ്യം എന്ന പദം തനിച്ച് നില്ക്കുമ്പോള് ദ്ധ എന്ന അക്ഷരം ഉപയോഗിക്കുകയും മറ്റെന്തിങ്കിലിനോടും ചേര്‍ന്നുവരുമ്പോള്‍ വൈവിധ്യങ്ങള്‍, വൈവിധ്യവത്കരിക്കുക എന്നിങ്ങനെ ‘ധ്യ’ ചേര്‍ന്നും കാണുന്നു. ശബ്ദതാരാവലി നോക്കുക. ഇതില്‍ ഏത് ശരി? ഇങ്ങനെ മാറ്റം വരുന്നതിന്റെ വ്യാകരണനിയമം എന്ത്?
nilina | 07-Dec-16 at 7:31 am | Permalink
നിസ്+കാമം=നിഷ്കാമം Is it right?
Anilkumar | 30-Nov-18 at 7:15 am | Permalink
ഇപ്പോളും , ഇപ്പോഴും ഏതാ ശരി ?
Sheela M Varghese | 11-Jul-19 at 10:56 am | Permalink
കൂലംകഷമാണോ കൂലംകക്ഷമാണോ ശരിയായ പദം.
Umesh | 11-Jul-19 at 2:53 pm | Permalink
കൂലംകഷം. അതിരു കടക്കുന്നത് എന്നർത്ഥം.