സമസ്യ: …എനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ? (കുറേ ആര്‍. ഇ. സി. സ്മരണകളും)

നര്‍മ്മം, ശ്ലോകങ്ങള്‍ (My slokams), സമസ്യാപൂരണം, സ്മരണകള്‍

സമസ്യ:

– – – – – – – – – – –
– – – – – – – – – – –
– – – – – – – – – – –
– – – എനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?

വൃത്തം:

വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – -).


ഈ സമസ്യയുടെ കര്‍ത്താവു് ഞാന്‍ തന്നെ. എണ്‍പതുകളില്‍ കോഴിക്കോടു് ആര്‍. ഇ. സി.-യില്‍ പഠിച്ചിരുന്ന കാലത്തു നടത്തിയിരുന്ന “മന്ഥര” എന്ന ഹാസ്യ-കയ്യെഴുത്തുമാസികയില്‍ പ്രസിദ്ധീകരിച്ചതു്. സമസ്യയും പലരുടെ പേരില്‍ എഴുതിച്ചേര്‍ത്ത പൂരണങ്ങളും ഞാന്‍ തന്നെ എഴുതിയതായിരുന്നു.

ഈ പൂരണങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞാലേ മനസ്സിലാവൂ. അതിനാല്‍ അതും താഴെച്ചേര്‍ക്കുന്നു.

 1. ഞങ്ങള്‍ ഏഴാം സെമസ്റ്ററില്‍ (അവസാനവര്‍ഷം) പഠിക്കുമ്പോള്‍ ഞങ്ങളെ ഇലക്‍ട്രോണിക്സ് പഠിപ്പിക്കാന്‍ വന്നതു് അവിടെത്തന്നെ എം. ടെക്കിനു പഠിക്കുന്ന ഒരു ചേച്ചിയായിരുന്നു. (അന്നു് അങ്ങനെ പി.ജി.-യ്ക്കു പഠിക്കുന്നവര്‍ക്കു ചില ചെറിയ ക്ലാസ്സുകള്‍ എടുക്കാന്‍ അവസരം കൊടുക്കുമായിരുന്നു.) ഈ ചേച്ചി ഞങ്ങളുടെ ക്ലാസ്സിലുള്ള പെണ്‍‌കുട്ടികളുടെ സുഹൃത്തും അതിലൊരാളുടെ റൂം‌മേറ്റും ആയിരുന്നു. കൂടാതെ അവര്‍ പ്രോജക്റ്റു ചെയ്യാന്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ വന്നു “മെഴുക്കസ്യാ” എന്നിരിക്കുമ്പോള്‍ ഞാനുള്‍പ്പെടെ പലരും പ്രോഗ്രാം എഴുതാനും കമ്പൈല്‍ ചെയ്യാനും മറ്റും സഹായിച്ചിരുന്നു. ചുരുക്കം പറഞ്ഞാല്‍, ആര്‍ക്കും അവരെ ഒരു വിലയും ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. അതിനാല്‍ ക്ലാസ്സില്‍ ആകെ ബഹളമായിരുന്നു. ടീച്ചര്‍ ക്ലാസ്സില്‍ കാതോഡിനെയും ആനോഡിനെയും പറ്റി പഠിപ്പിക്കും; കുട്ടികള്‍ പുറകിലത്തെ ബെഞ്ചിലിരുന്നു് “കാതോടു കാതോരം…” എന്ന പാട്ടു പാടും.

  കുറെക്കഴിഞ്ഞപ്പോള്‍ ടീച്ചര്‍ക്കു മതിയായി. ഡിപ്പാര്‍ട്ട്മെന്റ് തലവനോടു പരാതി പറയുക, ക്ലാസ്സില്‍ ദേഷ്യപ്പെടുക, കരച്ചില്‍ വരുക അങ്ങനെ ആകെ ബഹളമായി. ഇതിന്റെ ഇടയില്‍ പെട്ടു് ചെയ്തുകൊണ്ടിരുന്ന തീസിസ് മുമ്പോട്ടു പോകുന്നില്ല എന്ന ടെന്‍ഷനും. കുറെക്കഴിഞ്ഞു് അവര്‍ ഞങ്ങളെ പഠിപ്പിക്കുന്നതു നിര്‍ത്തി.

  ഈ ടീച്ചര്‍ എഴുതുന്നതായാണു് ഈ പൂരണം:

  ധാരാളമേറ്റു പരിഹാസ, മതാണു നേട്ടം!
  വാരാശി പോലൊരു തിസീസു കിടപ്പു മുന്നില്‍,
  തീരാത്ത വേദന ചെവി, ക്കൊരു ടീച്ചറായി-
  ച്ചേരാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

 2. ഒരു പഞ്ചപാവമായ ഒരുത്തനുണ്ടായിരുന്നു. പഠിക്കാന്‍ തരക്കേടില്ല. രാഷ്ട്രീയമില്ല. യാതൊരു വിധ അലമ്പിനുമില്ല. സുന്ദരന്‍. സുശീലന്‍.

  ആയിടയ്ക്കു് “ആന്റി-പൊളിറ്റിക്സ്‌” എന്നൊരു പാര്‍ട്ടി തുടങ്ങി. രാഷ്ട്രീയമില്ലാത്തവരുടെ പാര്‍ട്ടി എന്നര്‍ത്ഥം. അവര്‍ ഇവനെപ്പിടിച്ചു് തെരഞ്ഞെടുപ്പിനു നിര്‍ത്തി. എട്ടുനിലയില്‍ പൊട്ടി. കാശു കുറേ പോയി. ജയിച്ച എസ്‌. എഫ്‌. ഐ.-ക്കാര്‍ ഇവന്മാരെ എടുത്തു തല്ലി. ഇവന്മാരും തല്ലി. കേസായി, എന്‍ക്വയറിയായി, സസ്‌പെന്‍ഷനായി, വീട്ടില്‍ നിന്നു് അച്ഛനെ വിളിച്ചുകൊണ്ടു വരലായി. ഇതിലൊക്കെ ഈ പാവവും ഉള്‍പ്പെട്ടു.

  ഇവന്‍ എഴുതുന്നതായാണു് ഈ പൂരണം:

  തത്ക്കാലമുള്ള പണമൊക്കെ നശിച്ചു; തല്ലു,
  വക്കാണ, മെന്‍‌ക്വയറി, കേസ്സുകള്‍, മാനനഷ്ടം,
  ദുഷ്കാലവൈഭവ-മിലക്‍ഷനു കേറിയൊന്നു
  നില്‍ക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

 3. ഞങ്ങള്‍ ഒരു സ്റ്റഡീലീവ്‌ കാലത്തു കാര്യമായി ഒന്നും ചെയ്യാനില്ലാതെ കോളേജില്‍ തേരാപ്പാരാ നടക്കുന്നു. അപ്പോഴാണു് ഒരു കൂട്ടുകാരന്റെ ചേട്ടന്റെ കല്യാണം വന്നതു്. അടുത്തു തന്നെയുള്ള തിരുവമ്പാടിയിലാണു കല്യാണം. എല്ലാവരും പോയി. ആര്‍ക്കും വാഹനമില്ലെങ്കിലും എങ്ങനെയെങ്കിലും പോയി. ബസ്സ്‌, കാര്‍, ജീപ്പ്, ബൈക്ക്‌ എന്നിങ്ങനെ പല വിധത്തിലും. (ഞാന്‍ ബസ്സിലാണു പോയതു്.) കല്യാണം അടിച്ചുപൊളിച്ചു. ഭക്ഷണത്തിനു് ഒരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല. “മാഷേ, എന്തൊരു പിശുക്കാ ഇതു്, ഒരു രണ്ടു മൂന്നു ചിക്കന്‍ കഷണം കൂടി തന്നേ. ദാ ഇവനു് ഒരു രണ്ടു പഴവും…” എന്നിങ്ങനെ പറഞ്ഞു് വിശദമായി, പല തവണ ഏമ്പക്കം വിട്ടു്, വിയര്‍ത്തു് അദ്ധ്വാനം ചെയ്തു് ഭക്ഷിച്ചു. ബാക്കി എല്ലാവരും കൂടി തിന്നതിനേക്കാള്‍ കൂടുതല്‍ ആറീസിയില്‍ നിന്നു വന്ന പിള്ളേര്‍ തിന്നു എന്നാണു പിന്നീടു കേട്ടതു്.

  അന്നു കല്യാണം കഴിച്ച ആള്‍ എഴുതുന്നതായാണു് ഈ പൂരണം:

  മുട്ടാളരെത്ര ശകടങ്ങളിലായി വന്നു
  മൃഷ്ടാന്നഭോജനമടിച്ചു തിരിച്ചു പോയി!
  കുട്ടന്റെ കോഴ്സു കഴിയുന്നതു മുമ്പു പെണ്ണു
  കെട്ടാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

 4. ക്ലെപ്റ്റോമാനിയ ചെറിയ തോതിലുണ്ടായിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു ഞങ്ങള്‍ക്കു്. പോകുന്നിടത്തെല്ലാം എന്തെങ്കിലും അടിച്ചുമാറ്റും. സ്റ്റഡി ടൂറിനു പോകുമ്പോഴാണു് ഇതു് അധികം. വഴിയിലുള്ള കടകളില്‍ നിന്നും മറ്റും വിദഗ്ദ്ധമായി സാധനങ്ങള്‍ അടിച്ചുമാറ്റും.

  (അതു താമസിയാതെ മറ്റാരെങ്കിലും അവന്റെ കയ്യില്‍ നിന്നു് അടിച്ചുമാറ്റും. അതിനവനു സങ്കടമില്ല. സാധനങ്ങള്‍ക്കായല്ല, അതു് അടിച്ചുമാറ്റുന്ന ത്രില്ലിനായിരുന്നു അവനതു ചെയ്തിരുന്നതു്.)

  ഒരിക്കല്‍ ആളുകള്‍ പറഞ്ഞു പിരി കയറ്റി ഒരു ബെറ്റു വെച്ചു് അവന്‍ ഒരു സാഹസത്തിനു മുതിര്‍ന്നു.

  അടുത്തുള്ള ഫോട്ടോ സ്റ്റുഡിയോയുടെ മേശപ്പുറത്തുള്ള ചില്ലിനു കീഴില്‍ ധാരാളം ഫോട്ടോകളുണ്ടായിരുന്നു. അതിന്റെ കൃത്യം നടുക്കായി ഞങ്ങളുടെയൊക്കെ ഒരു സ്വപ്നസുന്ദരിയുടെ ഫോട്ടോ സ്ഥിതി ചെയ്തിരുന്നു. സ്വപ്നസുന്ദരി എന്നു പറഞ്ഞാല്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന ജാതി പെണ്ണു് എന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. കൊളേജിനടുത്തുള്ള ഒരു വീട്ടില്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന സുന്ദരി. അവളുടെ ആരോ ആണു് ഈ സ്റ്റുഡിയോ നടത്തുന്നതു്.

  എന്തും എവിടെനിന്നും അടിച്ചുമാറ്റും എന്നു വീമ്പിളക്കിയ നമ്മുടെ കഥാനായകനെ ഒരു ബെറ്റിന്റെ പുറത്തു് ഞങ്ങള്‍ സ്റ്റുഡിയോയിലേക്കു വിട്ടു. ഈ ഫോട്ടോ പൊക്കണം. അതാണു മിഷന്‍ ഇമ്പോസ്സിബിള്‍.

  അവനതു ചെയ്തു. സ്റ്റുഡിയോ ഉടമ തൊണ്ടിയോടെ പിടികൂടി. തല്ലു കിട്ടിയില്ലെങ്കിലും അതിനടുത്തു പലതും കിട്ടി. നാട്ടുകാര്‍ മൊത്തം അറിഞ്ഞു. (അറിയാത്തവരെ ഞാന്‍ ഈ സമസ്യാപൂരണം വഴി അറിയിച്ചു.) അങ്ങനെ ഒരു ദിവസം കൊണ്ടു് അദ്ദേഹം കോളേജിലാകെ പ്രശസ്തനായി.

  ഇദ്ദേഹം എഴുതുന്നതായാണു് ഈ പൂരണം:

  കക്കാനെനിക്കു വലുതായ പടുത്വമുണ്ടെ-
  ന്നിക്കാലമേവരുമുരയ്പതു കേള്‍ക്കയാലേ
  മുക്കാല്‍ പണത്തിനൊരു പന്തയമായി ഫോട്ടോ
  പൊക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?


നിങ്ങളുടെ പൂരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. ഞാന്‍ ചെയ്തതുപോലെ വേണമെങ്കില്‍ വേറേ ആരെങ്കിലും എഴുതുന്നതായും എഴുതാം. വ്യക്തിഹത്യ പാടില്ല.

ഇതിന്റെ വൃത്തം വസന്തതിലകം. വളരെ എളുപ്പം എഴുതാവുന്ന ഒരു വൃത്തമാണു്. ഇതിനെപ്പറ്റി വിശദമായി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ടു്. വൃത്തം തെറ്റാതെ എഴുതുക. തെറ്റിയാല്‍ മറ്റാരെങ്കിലും ദയവായി ശരിയാക്കിക്കൊടുക്കുക. നല്ല പൂരണങ്ങള്‍ ഇവിടെ എടുത്തു പ്രസിദ്ധീകരിക്കും. ചീത്ത പൂരണങ്ങള്‍ ഉള്ള കമന്റുകള്‍ ഡിലീറ്റ്‌ ചെയ്യും.

ഗുരുകുലത്തിലെ മൂന്നാമത്തെ സമസ്യാപൂരണത്തിലേക്കു് എല്ലാവര്‍ക്കും സ്വാഗതം. മുമ്പു നടന്ന സമസ്യാപൂരണങ്ങള്‍ ഇവിടെ വായിക്കാം.