പഞ്ചായത്തിൽ തിരഞ്ഞെടുപ്പു പോലെയാണു ബ്ലോഗുലകത്തിൽ കവിതയുടെ പേരിൽ തല്ലു നടക്കുന്നതു്. നടക്കുമ്പോൾ പൊരിഞ്ഞ തല്ലാണു്. കഴിഞ്ഞാൽ പിന്നെ കുറേക്കാലം അനക്കമൊന്നുമില്ല. അതു കഴിഞ്ഞു് എല്ലാവരും അതു മറന്നിരിക്കുമ്പോഴാണു പിന്നെയും വരുന്നതു്.
ഒന്നു തുടങ്ങിയാലോ? കവിതയ്ക്കു വൃത്തം വേണോ, വൃത്തത്തിനു കേന്ദ്രം വേണോ, കേന്ദ്രത്തിൽ മുന്നണി വേണോ, മുന്നണിയ്ക്കു പിന്നണി വേണോ, പിന്നണിയ്ക്കു കോറസ് വേണോ എന്നിങ്ങനെ ഓഫായി ഓഫായി അവസാനം തെറിയായി, അടിയായി, ഇടിയായി, ഭീഷണിയായി, ബ്ലോഗുപൂട്ടലായി, ബ്ലോഗുതുറക്കലായി… ഒന്നും പറയണ്ടാ.
പദ്യത്തിലെഴുതിയാലേ കവിതയാവുകയുള്ളോ, പദ്യത്തിൽ എഴുതാതിരുന്നാലേ കവിതയാവുകയുള്ളോ എന്ന രണ്ടു പ്രഹേളികകൾക്കിടയിൽ കിടന്നു കറങ്ങുന്നതാണു് ഈ വാഗ്വാദങ്ങളെല്ലാം തന്നെ. പദ്യവും കവിതയും രണ്ടു സംഗതിയാണു്, അവ ഒന്നിച്ചും സംഭവിക്കാം, അല്ലാതെയും സംഭവിക്കാം എന്നു മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു. അതു ജന്മകാലം ഒരുത്തനും മനസ്സിലാവില്ല.
ഇതോടു ചേർന്നു്, മലയാള കവിതയിൽ ഇംഗ്ലീഷ് പാടുണ്ടോ, തമിഴിനെക്കാൾ നല്ലതു സംസ്കൃതമല്ലേ, ജനനേന്ദ്രിയങ്ങളെപ്പറ്റി പറയുമ്പോൾ നക്ഷത്രചിഹ്നം കൊടുക്കണോ സംസ്കൃതം ഉപയോഗിക്കണോ അതോ തമിഴു മതിയോ എന്നിങ്ങനെ പല സംഭവങ്ങളും പഞ്ചായത്തു് ഉപതിരഞ്ഞെടുപ്പു പോലെ വരാറുണ്ടു്. അവസാനം രണ്ടു മുന്നണികളും തങ്ങൾ ജയിച്ചു എന്ന അവകാശവാദവുമായി പോകുമ്പോൾ അതുവരെ അതൊക്കെ വായിച്ചു വോട്ടു ചെയ്ത പാവം ജനം തിരിച്ചുപോകും, അടുത്ത സംഭവം ഇനി എന്നു വരുമെന്നു നോക്കി.
ഇതിൽ കേൾക്കുന്ന ഒരു വാദമാണു് കഴിവുള്ളവനേ പദ്യമെഴുതാൻ പറ്റൂ, കഴിവില്ലാത്തവനാണു ഗദ്യത്തിൽ കവിതയെഴുതുന്നതെന്നു്. ഗദ്യകവിത അസ്സലായെഴുതുന്ന ലാപുടയും പ്രമോദും സനാതനനുമൊക്കെ പദ്യത്തിൽ കവിതയെഴുതിക്കാണിച്ചിട്ടും ഈ വാദത്തിനു കുറവൊന്നും വന്നിട്ടില്ല.
പത്തുമുപ്പതു കൊല്ലമായി തരക്കേടില്ലാതെ പദ്യമെഴുതുന്ന എനിക്കു് ഇതു വരെ ഒരു നാലു വരി നല്ല കവിത എഴുതാൻ കഴിഞ്ഞിട്ടില്ല എന്നതു് ഇങ്ങേയറ്റത്തെ ഉദാഹരണം.
സ്കൂളിൽ വെച്ചാണു പദ്യമെഴുത്തുകമ്പം തുടങ്ങിയതു്. കത്തുകൾ, ഡയറികൾ, ഓട്ടോഗ്രാഫുകൾ തുടങ്ങി ആശയം കിട്ടിയാൽ എന്തും പദ്യത്തിലാക്കുന്ന അഭ്യാസം തുടർന്നു തുടർന്നു് അത്യാവശ്യം പദ്യത്തിൽ വർത്തമാനം പറയാം എന്ന സ്ഥിതിയിലെത്തി. എന്നാലും എനിക്കു് ഇതു വരെ ഒരു നല്ല കവിതയെഴുതാൻ കഴിഞ്ഞിട്ടില്ല. കവിത മാത്രമല്ല, കഥയും.
ആശയം കിട്ടിയാൽ അവനെ നീറ്റായി പദ്യത്തിലാക്കുന്നതു കൊണ്ടാണു് പരിഭാഷകളിൽ കൈ വെച്ചതു്. കേട്ടാൽ മനസ്സിലാകുന്ന എല്ലാ ഭാഷകളിൽ നിന്നും എഴുതാൻ അറിയാവുന്ന എല്ലാ ഭാഷകളിലേയ്ക്കും. അങ്ങനെ How beautiful is the rain! എന്ന പാട്ടു് बरसात कितना सुन्दर है എന്നു ഹിന്ദിയിലേക്കു്. चाह नहीं मैं सुरबाला की गहनों में गूंधा जाऊं എന്ന ഹിന്ദിപ്പാട്ടു് ആശയെനിക്കില്ലമരവധുക്കൾക്കാഭരണങ്ങളിലണിയാവാൻ എന്നു മലയാളത്തിലേയ്ക്കു്. വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം എന്ന കടമ്മനിട്ടക്കവിത The moment we get like a sudden surprise, Make it meaningful, sterling and nice എന്നു് ഇംഗ്ലീഷിലേയ്ക്കു്. ഫ്രോസ്റ്റിന്റെ The woods are lovely, dark and deep എന്നതു് മനോഹരം ശ്യാമമഗാധമാണീ വനാന്തരം എന്നു മലയാളത്തിലേയ്ക്കു്, Ревет ли зверь в лесу глухом, Трубит ли рог, гремит ли гром, Поет ли дева за холмом എന്ന റഷ്യൻ വരികൾ ഇടിവെട്ടു മുഴങ്ങിടുമ്പൊഴും, വനജീവികളാര്‍ത്തിടുമ്പൊഴും, കുഴലിന് വിളി കേട്ടിടുമ്പൊഴും, കളവാണികള്‍ പാടിടുമ്പൊഴും എന്നു മലയാളത്തിലേയ്ക്കു് അങ്ങനെയങ്ങനെ. സംസ്കൃതത്തിൽ നിന്നു മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും ആക്കിയതിനു കണക്കില്ല. കുറേക്കഴിഞ്ഞപ്പോൾ ക്ഷീണിച്ചു നിർത്തി.
ഈ എഴുതിയതിൽ ഒന്നു പോലും ഗുണം പിടിച്ചില്ല എന്നതു മറ്റൊരു വസ്തുത. എല്ലാം നല്ല വൃത്തമൊത്ത പദ്യങ്ങൾ തന്നെ. പക്ഷേ കവിതയുടെ അംശം കാര്യമായി ഒന്നിലുമില്ല. വായിക്കാൻ ധൈര്യമുള്ളവർക്കു് ഇവിടെ വായിക്കാം.
അങ്ങനെയിരിക്കുമ്പോഴാണു ബ്ലോഗിലെത്തിയതു്. ഇവിടെ പദ്യത്തിൽ കവിതയെഴുതുന്നവരെ മഷിയിട്ടു നോക്കിയാലും കാണാൻ ബുദ്ധിമുട്ടാണു്. കുറേ ശ്ലോകരോഗികൾ അവിടെയുമിവിടെയും ചില കാർട്ടൂൺ ശ്ലോകങ്ങൾ എഴുതിയിരിക്കുന്നതൊഴിച്ചാൽ പദ്യകവിതകൾ എന്ന സാധനം തന്നെ വിരളം. എങ്കിലും കവിതയുടെ കാര്യത്തിൽ ബൂലോഗം സമ്പന്നമായിരുന്നു. അലമ്പു കവിതകൾ ധാരാളമുണ്ടായിരുന്നെങ്കിലും നല്ല പല കവികളും കവിതകളും അവിടെ ഉണ്ടായിരുന്നു. അവിടെയും വൃത്തമില്ലായ്മയുടെ പ്രശ്നങ്ങളെപ്പറ്റിയും ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയും അശ്ലീലവാക്കുകൾക്കു് പഴയ കവികൾ ചെയ്തിരുന്നതു പോലെ നക്ഷത്രചിഹ്നങ്ങൾ ഇടണം എന്ന ആവശ്യങ്ങളുമായും ധാരാളം ബഹളങ്ങൾ ഇടയ്ക്കിടെ കേട്ടിരുന്നു.
അങ്ങനെയാണു് ഗദ്യകവിതകളെ പദ്യത്തിലേയ്ക്കു് പരിഭാഷപ്പെടുത്താനുള്ള ഒരു പരീക്ഷണം ലോകത്താദ്യമായി ഞാൻ നടത്തിയതു്. (അതിനു മുമ്പു് ചങ്ങമ്പുഴയുടെ “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി…” എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയെ സച്ചിദാനന്ദൻ മലയാളത്തിലാക്കിയതു് എന്നൊരു തമാശ മാത്രമേ കണ്ടിരുന്നുള്ളൂ.)
ലാപുടയുടെ ചിഹ്നങ്ങൾ എന്ന കവിത ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേർന്ന ഉപജാതിയിൽ തർജ്ജമ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ ശ്രമത്തിനു് വായനക്കാരെല്ലാം കൂടി ഓടിച്ചിട്ടു തല്ലി. ലാപുടയുടെ കവിതയ്ക്കു വൃത്തത്തിന്റെ ചട്ടക്കൂടു് യാതൊരു ഭംഗിയും കൊടുത്തില്ല എന്നു മാത്രമല്ല, കവിതയ്ക്കുണ്ടായിരുന്ന മുറുക്കം നഷ്ടപ്പെടുകയും ചെയ്തു. കവിതയിലെ പല ആശയങ്ങളും (ചോദ്യചിഹ്നത്തിന്റെ ഒലിക്കൽ ഉദാഹരണം) വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ഒഴിവാകുകയും ചെയ്തു.
രണ്ടാമതായി, ശ്രീജിത്തിന്റെ മരണം എന്ന കവിത. ഇവിടെ സ്ഥിതി നേരേ വിപരീതമായിരുന്നു. വൃത്തത്തിലൊതുങ്ങിയതോടെ കവിത അല്പം മെച്ചപ്പെട്ടു. വൃത്തത്തിലെഴുതാൻ ശ്രമിച്ചിട്ടു് ഇല്ലത്തു നിന്നിറങ്ങിയിട്ടു് അമ്മാത്തെത്താത്ത സ്ഥിതിയിലായിരുന്നു ആ കവിത. അതു കൊണ്ടു തന്നെ, വൃത്തം അതിനു് ഭംഗി കൂട്ടുകയാണു ചെയ്തതു്.
അടുത്തതു് ഇഞ്ചിപ്പെണ്ണിന്റെ ബ്യൂട്ടിപാർലർ എന്ന കവിതയെയാണു കൈ വെച്ചതു്. ഇവിടെ അല്പം വ്യത്യാസമുണ്ടായി. ഇഞ്ചിപ്പെണ്ണിന്റെ കവിതയ്ക്കു് അനുഷ്ടുപ്പുവൃത്തത്തിൽ ഒരല്പം കൂടി ഒതുക്കമുണ്ടായെങ്കിലും മൂലകവിതയെക്കാൾ അല്പം പോലും മെച്ചമായില്ല. പദ്യത്തിലോ ഗദ്യത്തിലോ എഴുതാൻ പറ്റിയ ഒരു കവിതയായിരുന്നു അതു്. രണ്ടിനും അതാതിന്റെ ഭംഗി ഉണ്ടായിരുന്നു.
ഗദ്യത്തെ പദ്യമാക്കുന്ന പരീക്ഷണങ്ങൾ ഞാൻ അവിടെ നിർത്തി. പരീക്ഷണത്തിൽ നിന്നുള്ള നിഗമനങ്ങളും മറ്റും ചേർത്തു് “പദ്യവും കവിതയും” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയതു് ഇതു വരെ തീർന്നുമില്ല.
കുറേക്കാലമായി ഈ അസുഖമൊന്നുമില്ലാതെ ഇരിക്കുമ്പോഴാണു് പാക്കരന്റെ പൊട്ടസ്ലേറ്റിൽ ശ്രീഹരിയുടെ ചോദ്യക്കടലാസിൽ നിന്നു്
മനസ്സിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്ത്താന്മാര് ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?
എന്ന ഉത്തരാധുനികകവിത പൊക്കിയെടുത്തു് അവലോകനം ചെയ്തു് ആസ്വദിക്കുന്നതു കണ്ടതു്. സകലമാന കൺട്രോളും വിട്ടു. ആധുനികനെ വസന്തതിലകത്തിലാക്കി ദ്വിതീയാക്ഷരപ്രാസവും ചേർത്തു് ഈ കമന്റ് ഇട്ടു. അതു് ഇവിടെ വരുന്ന വായനക്കാരുടെ സൌകര്യാർത്ഥം താഴെച്ചേർക്കുന്നു:
കോർത്താരു വെച്ചു മമ ചിത്തമതിൽ സുമത്തിൻ
സത്താർന്ന മാല? കലമാൻ, ഉത പുഷ്പമത്സ്യം?
സുൽത്താരൊടൊത്തിരി വിമാനമെടുത്തു പത്രം
എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?
അർത്ഥം:
- കോർത്താരു് എന്നു വെച്ചാൽ അമ്മ്യാരു്, നമ്പ്യാരു്, നങ്ങ്യാരു് എന്നൊക്കെ പറയുന്നതു പോലെയുള്ള ജാതിപ്പേരൊന്നുമല്ല. കോർത്തു് + ആരു്. ആരു കോർത്തു എന്നർത്ഥം.
- മമ = എന്റെ. ചത്ത മതിലും ചീത്ത മതിലും ഒന്നുമല്ല. ചിത്തമതിൽ. ചിത്തം + അതിൽ. ചിത്തം = മനസ്സു്. അതിൽ എന്നതു ചുമ്മാ. ചിത്തത്തിൽ എന്നു പദ്യത്തിൽ പറഞ്ഞാൽ വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ചിത്തമതിൽ. മഹാകവി സന്തോഷിന്റെ ഒരു ശ്ലോകത്തിൽത്തന്നെ ചോറതു്, കാര്യമതു്, കൂട്ടിയതു്, മാറിയതു്, മില്ലിയതു് എന്നു് അഞ്ചു് അതുകളെ ചേർത്ത നൂറുശ്ലോകവും ആധുനികകവി പ്രമോദിന്റെ അതു്, ഇതു്, അങ്ങു്, ഇങ്ങു് ഒക്കെ നിറഞ്ഞ ത്രിശ്ലോകിയും ഇവിടെ സ്മരണീയം. എന്റെ മനസ്സിൽ എന്നർത്ഥം.
- സുമത്തിൻ സത്താർന്ന മാല = പൂമാല. സുമം = പൂവു്. സത്തു പ്രാസത്തിനു്. കലമാൻ = കലമാൻ. കലൈമാൻ എന്നു തമിഴു്. മണിച്ചി വൃത്തത്തിലൊതുങ്ങുന്നില്ല.
- ഉത = അതോ എന്നതിന്റെ സംസ്കൃതം. “ഉത ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ” എന്നു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. കലമാൻ ഉത പുഷ്പമത്സ്യം എന്നു വെച്ചാൽ കലമാനോ പൂമീനോ എന്നർത്ഥം.
- സുൽത്താർ = സുൽത്താൻ എന്നതിന്റെ ബഹുവചനം. സുൽത്താന്മാർ എന്നതു വൃത്തത്തിലൊതുങ്ങില്ല. ഒത്തിരി = ഒരുപാടു് എന്ന അർത്ഥമല്ല, ഒത്തു് ഇരിക്കാൻ എന്നർത്ഥം. വിമാനമെടുത്തു പത്രം എന്നതു് “വിമാനപത്രം എടുത്തു” എന്നന്വയിക്കണം. അതായതു്, വിമാനമാകുന്ന പത്രം, ചിറകു് (അലങ്കാരം രൂപകം) എടുത്തു് എന്നർത്ഥം.
- ഹന്ത, ഹഹ = വൃത്തം തികയ്ക്കാൻ കയറ്റിയതു്. എത്തുന്നതു കണ്ടപ്പോൾ ഉള്ള ആഹ്ലാദപ്രകടനം.
- കാ എന്നു വെച്ചാൽ സംസ്കൃതത്തിൽ ആരു് (ഏതവൾ?) എന്നർത്ഥം. “കാ ത്വം ബാലേ?” എന്നു കാളിദാസൻ. ച എന്നു വെച്ചാൽ and എന്നും. ബീവി ച ഹൂറി കാ കാ = ബീവിയും ഹൂറിയും ആരാണു്, ആരാണു് എന്നു കവി സന്ദേഹിക്കുന്നു. (അലങ്കാരം സസന്ദേഹം).
ആരാ പറഞ്ഞതു് അർത്ഥത്തിനു കോട്ടം വരാതെ ആധുനികനെ വൃത്തത്തിലാക്കാൻ കഴിയില്ല എന്നു്?
അനുബന്ധം:
പദ്യമെഴുതുന്നതു് ഒരു ക്രാഫ്റ്റാണു്. വളരെയധികം പദ്യങ്ങൾ വായിച്ചു്, മനസ്സിൽ ചൊല്ലി നോക്കി, കുറേ ഉണ്ടാക്കി നോക്കി തഴക്കം വന്നാലേ നല്ല പദ്യമെഴുതാൻ പറ്റൂ. കൂടാതെ പര്യായങ്ങളും ഇതരപ്രയോഗങ്ങളും അറിയണം ഒരു ആശയത്തെ വൃത്തത്തിൽ ഒതുക്കാൻ. വൃത്തസഹായി പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു് ഇന്നു് പലർക്കും നന്നായി പദ്യമെഴുതാൻ കഴിയുന്നുണ്ടു്. ഭാവിയിൽ ഒരു മലയാളം ഓൺലൈൻ നിഘണ്ടു, വൃത്തസഹായി എന്നിവ ഉപയോഗിച്ചു് ഗദ്യത്തെ പദ്യമാക്കുന്ന ഒരു സോഫ്റ്റ്വെയർ ആരെങ്കിലും എഴുതില്ല എന്നു് ആരു കണ്ടു?
ഗദ്യമെഴുതുന്നതും ഒരു ക്രാഫ്റ്റാണു് – പലപ്പോഴും പദ്യമെഴുതുന്നതിലും ശ്രമകരമായതു്. പ്രാസത്തിന്റെയും താളത്തിന്റെയും പകിട്ടുകളില്ലാതെ ഉള്ളടക്കത്തിന്റെ കരുത്തു കൊണ്ടു മാത്രം പിടിച്ചു നിൽക്കണം. ഒരു സന്ദർഭത്തിനു് ഏറ്റവും അനുയോജ്യമായ വാക്കുകൾ കണ്ടുപിടിക്കണം. അതു കാച്ചിക്കുറുക്കി അവതരിപ്പിക്കണം. ഇവിടെയും വായിച്ചു പരിചയം തന്നെ വേണം.
കവിതയെഴുതുന്നതു് ഒരു കലയാണു്. അനുഭവങ്ങളും അനുഭവങ്ങളെ വിശകലനം ചെയ്യാനും അതു് മറ്റുള്ളവർക്കു് അനുഭവവേദ്യമാക്കാനും ഉള്ള കഴിവുമാണു് കവിതയിൽ വെളിവാകുന്നതു്.
ക്രാഫ്റ്റും കലയും ചേരുമ്പോഴാണു് ഒരു കലാസൃഷ്ടി ഉണ്ടാവുന്നതു്. ശില്പകല, ചിത്രകല തുടങ്ങിയ ഇതരകലകളിലും അതു കാണാം. പലപ്പോഴും ഒന്നു വളരെ നന്നായാൽ മറ്റേതു് അല്പം മോശമായാലും ആകെക്കൂടി സൃഷ്ടി നന്നായെന്നു തോന്നും. പ്രാസസുന്ദരവും നിരർത്ഥകവുമായ പദ്യങ്ങളും ഒരു ചട്ടവട്ടവും പാലിക്കാതെ ഹൃദയത്തിൽ നിന്നും പുറത്തു വരുന്ന പ്രസംഗങ്ങളും പലപ്പോഴും കവിതയെന്ന വിധത്തിൽ നന്നാകുന്നതു് അതു കൊണ്ടാണു്.
അർത്ഥവും ആശയവും ചോർന്നു പോകാതെ തന്നെ കവിതകൾ വൃത്തത്തിൽ എഴുതുന്ന ധാരാളം കവികൾ ഉണ്ടായിട്ടുണ്ടു്. ഉത്തമകവിതയുടെ നിർവ്വചനം കാലക്രമേണ മാറിക്കൊണ്ടിരുന്നു എന്നു മാത്രം. ശ്ലോകങ്ങളെ മാത്രം നല്ല കവിതയായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ കവിതകളെ അവയുടെ വൃത്തങ്ങൾ വൃത്തമഞ്ജരിയിൽ ഇല്ലാത്തതിനാൽ “പാട്ടു്” എന്നു വിളിച്ചിട്ടുണ്ടു് മഹാകവി ഉള്ളൂർ. പിന്നീടു ഭാഷാവൃത്തങ്ങൾ മലയാളികൾക്കു പ്രിയങ്കരങ്ങളായി. പ്രസിദ്ധവൃത്തങ്ങൾ വിട്ടു് ഉറച്ച താളത്തിന്റെ വക്താക്കളായ കടമ്മനിട്ട, കക്കാടു്, അയ്യപ്പപ്പണിക്കർ തുടങ്ങിയവരെയും, വൃത്തവും താളവും വിട്ടു് മുറുക്കത്തിന്റെ ബലത്തിൽ കവിതയെഴുതിയ കുഞ്ഞുണ്ണിയെയും മലയാളി അംഗീകരിച്ചു. ഇപ്പോൾ ഗദ്യകവിതകളും മലയാളികൾക്കു പ്രിയങ്കരം തന്നെ. അതിനർത്ഥം ശ്ലോകവും കിളിപ്പാട്ടും താളങ്ങളും തിരസ്കരിക്കപ്പെട്ടിരിക്കുന്നു എന്നല്ല. കവിതയുടെ സാദ്ധ്യതകൾ വർദ്ധിക്കുന്നു എന്നു മാത്രമാണു്.
കവിതയുടെ പ്രതിപാദനത്തെപ്പറ്റിയുള്ള അഭിപ്രായത്തിലും ഈ വിധത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടു്. ആശാന്റെ വീണപൂവു് വായിച്ചിട്ടു് മഹാകവി ഉള്ളൂർ എഴുതി: “ഇപ്പോൾ ഒരാൾ വീണ പൂവിനെപ്പറ്റി എഴുതി. ഇനിയൊരാൾ കീറത്തലയണയെപ്പറ്റിയും വേറേ ഒരാൾ ഉണക്കച്ചാണകത്തെപ്പറ്റിയും എഴുതും…” (“വിജ്ഞാനദീപിക”യിൽ ഉള്ള ഒരു ലേഖനത്തിൽ നിന്നു്. ഓർമ്മയിൽ നിന്നു് എഴുതുന്നതു്.) കാലം കഴിഞ്ഞപ്പോൾ കീറത്തലയണയെപ്പറ്റി വള്ളത്തോൾ എഴുതി. (ഒരു ചവറു കവിത.) ഉള്ളൂർ തന്നെ തുമ്പപ്പൂവിനെപ്പറ്റി എഴുതി. ശ്ലോകം മാത്രമെഴുതിയിരുന്ന ഉള്ളൂർ തന്നെ പിന്നീടു് ഭാഷാവൃത്തങ്ങളും “ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…” എന്നും മറ്റും വൃത്തമഞ്ജരിയിലില്ലാത്ത താളങ്ങളും ഉപയോഗിച്ചതും ഇവിടെ ഓർക്കാം.
ലോകസാഹിത്യത്തിൽ കവിതയ്ക്കു വന്ന പരിണാമങ്ങൾ മാത്രമേ മലയാളത്തിലും സംഭവിച്ചിട്ടുള്ളൂ. അതു് ആരോഗ്യകരമായ മാറ്റമാണെന്നും കവിത വളരുകയാണെന്നും നമുക്കു് ആശിക്കാം. ഷേയ്ക്ക്സ്പിയറും ഷെല്ലിയും കാളിദാസനും കടമ്മനിട്ടയും ഒന്നും ഒരിക്കലും വിസ്മൃതരാവില്ല എന്നും.
Shlokesh varma | 04-May-09 at 9:43 am | Permalink
avide itta comment: radhodhatha vrutham:)
ഹാ! മനസ്സിലൊരു പുഷ്പമാലയെ
ആരുതാനതു കൊരുത്തുവെച്ചതാര്
ആ മണിച്ചികലമാനതോ പുമീന്‍?
ദാ വരുന്നത വിമാനമേറിയാള്
സുല്‍ സുലൂ സുലുസു സുല്‍ സുലുത്തര് ഹാ
ഒത്തുവൊത്തൊരുമയോടിരിക്കുവാന്
ബീവിയാരിതിലെ ഹൂറിയാരുതാന്?
ആരുവാണഹഹ ആരുവാണഹാ
————————-
notes: സുല്‍ സുലൂ സുലുസു സുല്‍ സുലുത്തര് = ‘sree sree ravishankar’ ennokke pole bahumaanam koodiyaal sulthaanmaare vilikkunnath.
ആരുവാണഹഹ ആരുവാണഹാ= aahlaada prakadanam thanne..
അല്ലാ, ശ്ലോകേഷ് വർമ്മ ഇവിടെയും എത്തിയോ? ആ ഒരു കുറവു കൂടെ ഉണ്ടായിരുന്നു. വണക്കം, വണക്കം…
Aravind | 04-May-09 at 9:46 am | Permalink
“ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ”
നമിച്ച്.
mov | 04-May-09 at 9:59 am | Permalink
മനസ്സിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്ത്താന്മാര് ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?
ഈ പദ്യത്തിനെ ഞാന്‍ അര്ത്ഥസ്ഫുടതയോടെയുള്ള ഒരു കവിതയാക്കുന്നു.
മനസ്സില്‍ പൂമാല വെച്ചു കൊരുത്തു-
പൂമീനേ പിടിച്ചു
മണിച്ചിക്കലത്തില് വെച്ച മാന്‍ ആരു?
വരനുണ്ടേ വിമാനം-
ചിറകില്‍ വരെ സുല്ത്താന്മാര്
ഒത്തൊരുമയോടെ ചിരിക്കുന്നു.
അവരില്‍ ഹൂ ഈസ് റീ? ആരാണാ ബീവി?
ഇതിൽ അവസാനത്തെ വരിയിലേ കവിതയുള്ളൂ. ബാക്കിയെല്ലാം ട്രാഷ് ആണു്. (കട: എം. കൃഷ്ണൻ നായർ) 🙂
Rare Rose | 04-May-09 at 10:16 am | Permalink
ഒരായിരം വട്ടം നമിച്ചു…ആധുനിക വസന്തതിലക ദ്വിതീയാക്ഷരപ്രാസ ശ്ലോകം കണ്ടു അന്തം വിട്ടു പോയി..കൂടെ കണ്ട കമന്റ് ശ്ലോകങ്ങളും കൂടിയായപ്പോള്‍ പറയാനില്ല..:)
uppai | 04-May-09 at 11:42 am | Permalink
അവസാന വരി കലക്കി.
ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ
“വെന്ത കപ്പ ഭയങ്കര ചൂടാ ബാപ്പാ”
എന്നു അത് വായിലിട്ടപ്പം പറഞ്ഞതാവാനാണ് വഴി.
ഹഹഹഹ…
ഇതു പഴയ ഉപ്പായിമാപ്ല തന്നെയാണോ? ഈ കമന്റ് ഇട്ട ആൾ?
joju | 04-May-09 at 12:09 pm | Permalink
പണ്ടു നാലാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ഓ.എന്‍.വി ജീവിച്ചിരിയ്ക്കുന്നതായറിയാം, കടമ്മനിട്ടയും. അതുകൊണ്ട് കവികള്‍ എന്നതു സിംഹവാലന്‍ കുരങ്ങുപോലെ വംശനാശം സംഭവിച്ചുകൊന്ടിരിയ്ക്കുന്ന ഒരു സാധനമാണ് എന്നാണ് ധരിച്ചിരുന്നത്. ജീവിച്ചിരിയ്ക്കുന്ന മലയാള കവികള്‍ -1) ഓ.എന്‍.വി 2) കടമ്മനിട്ട. അതു നാലാംക്ലാസില്‍.
ഏഴിലോ ആറിലോ പഠിയ്ക്കുമ്പോള്‍ കലോസ്തവത്തില്‍ കൂട്ടുകാരനാണു വന്നുപറഞ്ഞത് അവിടെയൊരു ചേട്ടന് ഇരുന്നു കവിതയെഴുതുന്നു എന്ന്. എന്നാലൊന്നു കണ്ടു കളയാം എന്നു കരുതിയാണ് അവിടെ ചെന്നത്. കവിതയെഴുത്തു മത്സരമാണ്, വളരെക്കുറച്ച് ആളുകളേയുള്ളൂ. പേപ്പറിന്റെ മുകളില്‍ വലതുവശത്തായി കേക എന്നെഴുതി താഴെ എന്തൊക്കെയോ കുത്തിക്കുറിച്ചിരുന്നു. അന്നാണ് കവിതയെഴുതുന്ന ഒരു ജീവിയെ നേരില്‍ കാണുന്നത്.
എട്ടാം ക്ലാസിലാണു വൃത്തം പഠിയ്ക്കാന്‍ തുടങ്ങുന്നത്. പ്രൈമറിയില്‍ ടീച്ചര്മാര് താളത്തില്‍ പാടിപ്പഠിപ്പിച്ചിരുന്നതുകൊണ്ട് ഭാഷാവൃത്തങ്ങള്‍ മനസിലാക്കാന്‍ പ്രയാസമുണ്ടായില്ല. സംസ്കൃതവൃത്തങ്ങള്‍ ഇപ്പോഴും കണക്കാ…മന്ദക്രാന്ദായും പന്ചചാമരവും ഒഴിച്ച്. എല്ലാത്തിനും ഒരു മാതിരി താളമാണന്നേ…
എന്തായാലും എട്ടാംക്ലാസില്‍ വച്ചുതന്നെ ഭാഷാവൃത്തത്തില്‍ അത്യാവശ്യം എഴുതാം എന്ന സ്ഥിതിയായി. വൃത്തം ഒന്നും നോക്കുന്നില്ലെങ്കിലും ഇപ്പൊഴും താളത്തില്‍ എഴുതാറുണ്ട്- അത് ഇവിടെ.
http://jona123.blogspot.com/
ഇതാണോ കവിത, ഇതും കവിതയാണോ എന്നൊന്നും ചോദിയ്ക്കേണ്ട. എനിക്കിങ്ങനെയൊക്കെ എഴുതാനേ പറ്റൂ. ഒരു മുന്‍കൂര്‍ ജാമ്യമായി അതുകൊന്ട് പേരു “കവിതപോലെ…” എന്നു കൊടുത്തു. വെറുതെ എന്തിനാ ഒരു തര്‍ക്കം.
ലാപുടയുടെ കവിത പലതും ഒന്നും മനസിലാവാറില്ല. പ്രമോദിന്റെ ചില കവിതകള്‍ വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ ഉമ്പാച്ചിയുടെ ചില പ്രയോഗങ്ങളും ചില വിഷയങ്ങളും. എങ്കിലും കവിതകളുടെ സ്ഥിരം വായനക്കാരനൊന്നുമല്ല.
ജോജുവിന്റെ കമന്റുകൾ മാത്രമേ വായിച്ചിരുന്നുള്ളൂ. കവിയാണെന്നു` അറിഞ്ഞിരുന്നില്ല. സന്തോഷം!
സംസ്കൃതവൃത്തങ്ങളും പല താളത്തിൽ സുന്ദരമായി ഉണ്ടു്. അദ്ധ്യാപകരും ചില അക്ഷരശ്ലോകക്കാരും മറ്റും അവയെ ഒരേ രീതിയിൽ ചൊല്ലുന്നതാണു് ജോജുവിനു് അങ്ങനെ തോന്നാൻ കാരണം. സംസ്കൃതവൃത്തങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റുകൾ ഇടണമെന്നു പ്ലാനുണ്ടായിരുന്നു. വസന്തതിലകം എന്ന ഒറ്റപ്പോസ്റ്റോടെ അതു നിന്നു പോയി. പന്ത്രണ്ടിൽ എത്തി നിൽക്കുന്ന വിക്രീഡിതം എന്ന പോസ്റ്റിൽ ശാർദ്ദൂലവിക്രീഡിതത്തിനെപ്പറ്റിയും കുറെയൊക്കെ പറയുന്നുണ്ടു്.
P.C.MADHURAJ | 04-May-09 at 2:33 pm | Permalink
നഗ്നത മറക്കാൻ ഒരു സഫാരി സ്യൂട്ടുടുത്തു എന്നാരും പറയാറില്ലല്ലോ. വിശപ്പടക്കാൻ വേണ്ടി പാലട കഴിച്ചു എന്നും.
കാലത്തിന്റെ വൻപ്രവാഹത്തിൽ ഒലിച്ചുപോകാതെ ഓർമ്മയുടെ പാറയിടുക്കുകളിൽ വേരിറക്കി,കുറച്ചുകാലംകൂടി നിവർന്നുനിൽക്കാനുള്ള വഴിയായിരിക്കണം, ആ മഹാകാലത്തിന്റെ ചെറിയ അംശങ്ങളെക്കൊണ്ടുള്ള താളക്കളി.
ഓരോ കാലക്കഷണത്തിനും ഒരു ക്ഌപ്തമാനം ശബ്ദംവീതിച്ചു വെച്ചുള്ള താളക്രമം.
വിശന്നു ചാകാതിരിക്കാൻ റൊട്ടി മതി. പക്ഷേ ജീവിക്കാൻ അതു മതിയോ?
എല്ലാവരും റ്റെക്സ്റ്റൈൽ ദിസൈനറാവണ്ടല്ലോ?
കവിത എന്തെന്നു പഠിപ്പിക്കാൻ പറ്റുമോ? ക്രാഫ്റ്റ്? അതും ആസ്വദിക്കാമെന്നല്ലാതെ യഥേഛയാ കയ്യില്വരുത്തുന്നവർ വിരളം.
ശ്ലോകം ചൊല്ലുന്നവർക്കല്ലേ പ്രാസത്തിന്റെ സുഖം അറിയൂ? അതുണ്ടാക്കാൻ എന്തെങ്കിലും ബലികൊടുക്കുന്നുണ്ടോ എന്നതു വേറെക്കാര്യം. ടാജ് മഹലിന്റെ ഭങ്ഗി ആസ്വദിക്കുമ്പോൾ അതിന്റെ ശിൽപ്പിയുടെ കൈ വെട്ടിയിട്ടുണ്ടോ എന്നതും മറ്റും ആലോചിക്കണോ?
പുതിയതോ,പഴയവയുടെ രൂപാന്തരങ്ങളോ ആയ വൃത്തങ്ങളിലും കവിത എഴുതുന്നവരുണ്ട്.ഞാൻ കഴിഞ്ഞവർഷം വായിച്ച ഏറ്റവും നല്ല കവിത (ഉദ്യോഗസ്ഥ)നതോന്നതയുടെ ഒന്നാമത്തെ വരിയുടെ മാത്രാക്രമത്തിൽ വാക്കടുക്കി വച്ചതാണ്.എട്ടക്ഷരം വീതമുള്ള വരികളായി എഴുതിയിരുന്നു.കവിതയെഴുതിയത് ഒരു‘ലോപ’- തൂലികാനാമമാവാം.( ഒരാസ്വാദനമെഴുതി ബ്ലോഗിലിടണമെന്നുണ്ട്- മുഴുവൻ വരികളുമോർമ്മ വരുന്നില്ല).
“വാക്കിന്റെ വക്കിനു വാക്കു വച്ചു“ കഴിഞ്ഞാൽ “ഒരുളിനടത്തൽ“ വേണം. (വീക്കേജി). അതിനു ക്ഷമയില്ലാതെ വരുമ്പോഴാണ് നിരർഥകപദംകൊണ്ട് വൃത്തമൊപ്പിച്ചുവെന്നുമ്മറ്റുമുള്ള പരാതിക്കിടവരുന്നത്. എന്താ, ശരിയല്ലേ?
ശരിയാണു്. പദ്യത്തിലെഴുതുന്നവർ ഈ ഉരുളിനടത്തൽ നടത്തണം. എന്നാൽ ഭംഗിയാവും.
cALviN::കാല്വിന് | 04-May-09 at 2:45 pm | Permalink
കൊള്ളാം വസന്തതിലകം ഹന്ത ഹ ഹ ഹൂറി കാ കാ 🙂
എന്നു മനസില്‍ തട്ടി അഭിനന്ദിക്കുമ്പോള്‍ തന്നെ ചില വിയോജനക്കുറിപ്പുകള്‍ ഇവിടെ എഴുതാതിരിക്കാന്‍ സാധിക്കുന്നില്ല്ല….
സംസ്കൃതത്തില്‍ എഴുതിയതു കൊണ്ട് താങ്കളുടെ രഹസ്യ അജണ്ടകള്‍ ഞങ്ങള്‍ക്കു തിരിച്ചറിയാന്‍ സാധിക്കില്ല എന്നാണോ കരുതിയിരിക്കുന്നത്? താങ്കള്‍ക്ക് തെറ്റി ഗുരോ താങ്കള്‍ക്ക് തെറ്റി…
“കോർത്താരു വെച്ചു മമ ചിത്തമതിൽ സുമത്തിൻ
സത്താർന്ന മാല? കലമാൻ, ഉത പുഷ്പമത്സ്യം?
സുൽത്താരൊടൊത്തിരി വിമാനമെടുത്തു പത്രം
എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?”
ഇതില്‍ ആദ്യത്തെ രണ്ട് വരികള്‍ റഷ്യന്‍ ഭാഷയിലായതിനാല്‍ ഏറെയൊന്നും മനസിലായില്ലെങ്കിലും രണ്ടാമത്തെ രണ്ടു വരികളിലെ അര്‍ഥം ഞങ്ങള്‍ മനസിലാക്കിയിരിക്കുന്നു….
“സുൽത്താരൊടൊത്തിരി വി മാനമെടുത്തു പത്രം”
അതായത് :-
സുൽത്താരൊടൊത്തിരി -സുല്ത്താന്മാടൊത്തിരുന്നു
വി – വേദി പങ്കിട്ടെന്നും (വി എന്നത് വേദിയുടെ ഷോര്‍ട് ഫോം അല്ലേ?)
മാനമെടുത്ത – മാനഹത്യ
പത്രം – ചില മലയാളം പത്രങ്ങള്‍
എത്തുന്നു ഹന്ത… – ഹന്ത എന്നത് തന്ത എന്നതിന്റെ ലോപിച്ച രൂപമാവണം.
ഹ ഹ -ചിരിക്കുന്നു
ചുരുക്കിപ്പറഞ്ഞാല്‍ മദനിയുടെ (പൊന്നാനി സുല്‍ത്താന്‍ ) കൂടെ വേദി പങ്കിട്ടെന്നും പറഞ്ഞു മാനഹത്യ നടത്തുന്ന പത്രം എത്തുമ്പോള്‍ മാനേജിംഗ് എഡിറ്ററുടെ തന്തക്ക് വിളിച്ചു ചിരിക്കുന്നു .. എന്നിട്ടവസാനം ഭഗവാനേ കാറല്‍ മാര്‍ക്സേ കാത്തോളണേ ( കാ കാ) എന്ന് പറഞ്ഞു സമാധാനിക്കുന്നു….
ഞങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്ക്കാര് സദാ ജാഗരൂകരായി ബൂലോഗത്തെ സശ്രദ്ധം വീക്ഷിക്കുമ്പോള്‍ ഇത്തരം കുല്സിതശ്രമങ്ങള് ആരുടേയും കണ്ണില്‍പ്പെടാതെ രക്ഷപ്പെടും എന്നാണോ ധരിച്ചിരിക്കുന്നത്?
സ്മൈലി ഇടുന്നില്ല…
ഭീകരം! ആ പാക്കരന്റെ കയ്യിൽ കിട്ടിയാൽ ഇതിനു വേറേ എന്തൊക്കെ അർത്ഥം ഉണ്ടാവുമോ എന്തോ!
പപ്പൂസ് | 04-May-09 at 3:25 pm | Permalink
ഹ ഹ! സൂപ്പര്‍! ഒത്തിരിയും വിമാനമെടുത്ത പത്രവും കണ്ടതോടെ പൊട്ടിത്തെറിക്കാതിരിക്കാനാവുന്നില്ലാ!!! ശ്ലഥകാകളിയുടെ രണ്ടാം കാലിലെ രണ്ടു വിരലു മുറിച്ച് മഞ്ജരിയെക്കിടത്തി ഒരു കളി ഞാനും കളിച്ചു!
ചിത്തത്തിലീവിധം പൂക്കള്‍ കൊരുത്തിട്ടോ-
രുത്തമമാല പണിഞ്ഞതാര്?
മച്ചിക്കലമാനോ കൊച്ചരിപ്പൂമീനോ
ഉച്ചിയില്‍ സന്ദേഹം മൊട്ടിടുന്നൂ.
മേലേ വിമാനത്തിന് പൂഞ്ചിറകില്‍ കേറി
ചേലോടെ വന്ന വരവു കണ്ടോ,
സുല്ത്താനോടൊത്തു രമിച്ചിരിക്കാന് വന്ന
ബീവിയാരാണിതിലാരു ഹൂറി?
മച്ചിക്കലമാന് – ആരു പറഞ്ഞു മണിച്ചി വൃത്തത്തിലൊതുങ്ങില്ലാന്ന്? മണിച്ചിയിലെ ’ണി’യെ ലോപിപ്പിച്ച് വലിയ അര്‍ത്ഥവ്യത്യാസം വരാതെ വൃത്തത്തിലാക്കിയതു കണ്ടോ? കണ്ടോ കണ്ടോ?
കൊച്ചരിപ്പൂമീന് – പൂമീനെന്നു പറഞ്ഞെങ്കിലും ഏതു പൂവാണെന്ന് പറഞ്ഞിട്ടില്ല. റോസും ഓര്‍ക്കിഡും ആന്തൂറിയവും ചെമ്പരത്തിയുമൊക്കെ ആവാമെങ്കിലും വൃത്തത്തില്‍ വിതറാന്‍ നല്ലത് അരിപ്പൂവു തന്നെ. പൂക്കളമിട്ടിട്ടുള്ള ആര്‍ക്കും സന്ദേഹമുണ്ടാവില്ല.
സുല്ത്താനോടൊത്തു രമിച്ചിരിക്കാന് – ഒത്തൊരുമിച്ചിരിക്കാന്‍ എന്നതിനെ കൃത്യമായി വിഗ്രഹിച്ചപ്പം കിടിലന്‍ വിഗ്രഹമായി മാറിയതു കണ്ടോ? കണ്ടോ കണ്ടോ? 😉
അവസാന വരികളില്‍ പ്രാസം പുരട്ടാന്‍ പറ്റിയില്ല. നിര്‍ബന്ധമാണെങ്കില്‍ ബീവിയെ ’ബീലി’യോ ഹൂറിയെ ’ഹൂലി’യോ ആക്കേണ്ടി വരും. ആ സാഹസത്തിനു ഞാനില്ലേ… :-)) അല്ലെങ്കില്‍ അണ്ണനൊരു കൈ കാണിച്ചു താ…
അടിപൊളി അഡിദാസ്, പപ്പൂസേ! മഞ്ജരിയിൽ ചെറുശ്ശേരിയും തോറ്റു പോകുമല്ലോ….
Pramod.KM | 04-May-09 at 3:26 pm | Permalink
🙂
പൂമാല്യം മനസില്ക്കൊരുത്തതെവനോ? ആര്ക്കാണറിഞ്ഞീടുക
പൂമീനോ മണിപോലെ ശബ്ദമെഴുമാ മാനോ? പറഞ്ഞീടുക
കേമന്മാര്! വരണൂ വിമാനമതിലായ് സുല്ത്താന്ഗണത്തോടുകൂ-
ടാമഗ്നം മരുവേണ്ട ബീവിയെവളോ? ആ ഹൂറിയാരാവുക
🙂
പാവം, നല്ല കവിയായിരുന്നു. ഇപ്പോൾ ശ്ലോകരോഗിയായി 🙂
Pramod.KM | 04-May-09 at 3:29 pm | Permalink
ഒരിക്കലെങ്കിലും അന്ത്യാക്ഷരപ്രാസവും പയറ്റിനോക്കണമല്ലോ:)
പപ്പൂസ് | 04-May-09 at 3:30 pm | Permalink
പിന്നെ, ഉപ്പായിയും കൊറേ ചിരിപ്പിച്ചു… വെന്ത ചൂടന്‍ കപ്പ വായിലിട്ട ആ സീനും കൂടെ ആലോചിക്കുമ്പോ… ഹ ഹ!!
ശ്രീഹരി::Sreehari | 04-May-09 at 3:33 pm | Permalink
ഉപ്പായി കലക്കി എന്നു പറയാന്‍ വിട്ടു 🙂
Thomas | 04-May-09 at 4:20 pm | Permalink
ഇതു കലക്കി മാഷേ , അന്ത ‘ഹന്ത’ ക്ക് ഇന്ത പാട്ടു
ചിത്തേ പുഷ്പ ഹാരമോ –
നിത്ഥം കൊരുത്തിതേവന്
ചാരുനേത്രമോ മത്സ്യമോ
ആഗതാ വിമാനപര്ണേ
ആഴിയാരൊത്തിരിക്കുവാന്
ആരിതില്‍ വധു ബീവിയും
ഇതു് അതിഭീകരമായിപ്പൊയല്ലോ. അപ്പോൾ ഞാൻ മുകളിൽ എഴുതിയതിനേക്കാൾ ചളമാക്കിയും ഇതെഴുതാം അല്ലേ? “ആഗതാ വിമാനപർണ്ണേ…” ഹോ, എനിക്കു വയ്യ 🙂
Umesh: ഉമേഷ് | 04-May-09 at 5:02 pm | Permalink
മധുരാജിന്റെ കമന്റ് വായിച്ചപ്പോഴാണു് ഈ പോസ്റ്റിൽ എഴുതാൻ ഉദ്ദേശിച്ചിരുന്ന ഒരു ഖണ്ഡം എഴുതാൻ മറന്നു പോയി എന്നോർത്തതു്. അതു് അനുബന്ധമായി ചേർത്തിട്ടുണ്ടു്.
സന്തോഷ് | 04-May-09 at 5:08 pm | Permalink
നൂറു ശ്ലോകത്തില്‍ അഞ്ചു് ‘അതു്’ ഉണ്ടെന്നു് ഇപ്പോഴാണല്ലോ ശ്രദ്ധിച്ച + അതു്. 🙂
വല്യമ്മായി | 04-May-09 at 6:03 pm | Permalink
ശബ്ദബന്ധത്തെകുറിച്ചുള്ള ചില നിബന്ധനകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ കാവ്യത്തിനു ഭംഗി കൂടുമായിരുന്നു എന്ന് ‘നളിനി’യുടെ അവതാരികയില്‍ ഏ.ആര്.രാജരാജവര്‍മ്മ.ആ ന്യൂനത സമ്മതിക്കുന്നു എന്ന കുമാരാനാശാനന്റെ ആമുഖവും ഓര്‍ത്തു അവസാന ഖണ്ഡിക വായിച്ചപ്പോള്‍.
അതു ദ്വിതീയാക്ഷരപ്രാസത്തെപ്പറ്റിയാണു്. പ്രാസവാദം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്താണു് ആശാൻ നളിനി എഴുതുന്നതു്. വളരെ ബുദ്ധിമുട്ടിയാണു് ആശാൻ അതിൽ മുഴുവനും പ്രാസം കൊണ്ടുവരുന്നതു്.
Thomas | 04-May-09 at 6:09 pm | Permalink
ഞാന്‍ മുന്‍പിട്ട കമന്റില്‍ അച്ചടി പിശാശുണ്ട് .(ഹാരമൊ ) . ഇവിടെ മാറ്റുന്നു .
ആഗതാ /ആഗതേ –ഇതില്‍ ഏതാനു സംസ്കൃതവശാല് ശരി ഉമേഷ്ജി ?
ചിത്തേ പുഷ്പ ഹാരമൊ –
നിത്ഥം കൊരുത്തിതേവന്
ചാരുനേത്രമോ മത്സ്യമോ
ആഗതാ വിമാനപര്ണേ
ആഴിയാരൊത്തിരിക്കുവാന്
ആരിതില്‍ വധു ബീവിയും
Zebu Bull | 04-May-09 at 6:36 pm | Permalink
കുറച്ചു പ്രകൃതിവര്ണ്ണനയൊക്കെച്ചേര്ത്തു മഹാകാവ്യമാക്കാമെന്നു വച്ചു:
“ഏകം സുമത്തിനാലാരു ചമച്ചിതാ-
ണീഹാര, മിന്നെനിക്കാരു തന്നു?
രത്നഖചിതയായ് കാനനവീഥിയില്‍
വെട്ടിത്തിളങ്ങും ഹരിണമാണോ?
വാരിജങ്ങള്‍ വിളയാടുമിപ്പൊയ്കയില്
ഓരിയിടും ഝഷകന്യകയോ?
നീലഗഗനത്തില്‍ നീന്തുന്ന നൗകതന്‍
ലോലമാം പക്ഷങ്ങള്‍ തന്‍മുകളില്‍
ഉത്തുംഗമാം തലപ്പാവുകള്‍ ചൂടിയോര്‍
കുത്തിയിരിക്കുന്നു സുല്ത്താനുകള്
ആയവര്‍ തന്റെ നടുവിലിരിക്കുവാന്
ആഗതയാകുന്നതാരിവള് ഹാ
ബീവിയോ, ഹൂറിയോ, ദേവസദസ്സിലെ
കോവിദയാകിയൊരുര്വ്വശിയോ?”
[ടിപ്പണി (ഒറിജിനല്‍ പദ്യത്തിന്റെ):
ഒരുപൂമാല – ഒരു പൂ കൊണ്ടു തീര്‍ത്ത മാല
മണിച്ചിക്കലമാന്‍ – മണികള്‍ (രത്നങ്ങള്‍) ധരിച്ച ഒരുതരം മാന്‍
പൂമീന്‍ – “പൂ” എന്ന് ഓരിയിടുന്ന ഒരുതരം വിശേഷമത്സ്യം]
ഓരിയിടുന്ന ഝഷകന്യകയും കോവിദയാകിയ ഉർവ്വശിയും – നല്ല ഭാവിയുണ്ടു്!
cALviN::കാല്വിന് | 04-May-09 at 6:48 pm | Permalink
@Zebu Bull,
ഇതിനെ കാളഗാഥ എന്നു വിളിക്കാം ല്ലേ?
മണ്ടന്‍ | 04-May-09 at 8:21 pm | Permalink
യെവന്മാരെന്നാ അലക്കാ അലക്കുന്നെ! എന്റെ ഈശോയെ!
{കാല്വിന് കുട്ടാ, അല്‍പ്പം കവിത്വം ചേര്ത്തെഴുതു മോനെ ‘കാളഗാഥ’യൊക്കെ. -:(
വല്ല ‘ഋഷഭകൂജനം’ എന്നൊ ‘മുക്രഗീതകം’ എന്നൊ “മൂരിഓരി’ എന്നൊ ഒക്കെ കാവ്യഭംഗി ചേര്‍ത്ത് എഴുതിയാല്‍ എന്നാ പോലീസ് പിടിക്കുമോ?
അല്ലെങ്കി ചുരുങ്ങിയത് കാളക്കവിതയ്ക്ക് (http://en.wikipedia.org/wiki/Oxymoron)‘ഓക്സിമോറോണ്’(കടപ്പാടി ഗുപ്തകവി)എന്നെങ്കിലും പേര് വിളിക്കാരുന്നു!എന്നാ പറയാനാ!}
അയല്ക്കാരന് | 05-May-09 at 3:23 am | Permalink
കവിതയുടെ അനിയത്തിപോലും അടുത്തൂടെ പോയിട്ടില്ല. പദ്യം പോയിട്ട് കണ്ണെഴുതാന്‍ കൂടെ അറിയില്ല. ശാസ്ത്രീയമായി മലയാളം പഠിക്കാന്‍ അവസരം സിദ്ധിക്കാതെ പോയതുകൊണ്ട് വൃത്തവും ചതുരവുമൊക്കെ കണക്കുക്ലാസ്സിലൊതുങ്ങി. അഡ്മിന് റൈറ്റുള്ള ഒരു കമ്പ്യൂട്ടര്‍ ഓഫീസില്‍ സ്വന്തമായിട്ടില്ലാത്തതുകൊണ്ട് സുഷേണന്റെ വൃത്തസഹായിയും സ്വാഹാ. പിന്നെ നമുക്ക് പറ്റുന്നത് ഈ ടൈപ്പ് സംഗതികള്‍ മാത്രം. ഗമകം കഴിഞ്ഞുവരുന്ന സ്വരസ്ഥാനങ്ങള്‍ പിന്നെയെപ്പോഴെങ്കിലും ഫിറ്റ് ചെയ്യണം.
മനസ്സിന്റെ കോണില്‍ ഞാനിന്നുഴിഞ്ഞിട്ട പുഷ്പമാല്യം
കനവില്കൊരുത്തുതന്ന കണ്ണനെവിടെപ്പോയീ
നഭസ്സിന്റെ നെഞ്ചില്‍ മേഘത്തിരയിട്ട പൊന്വിമാനം
കടവിലടുത്തപ്പോള്‍ ദേവനരികെയായീ
മഹസ്സിന്റെനാളില് കുംഭം കഴിഞ്ഞെത്തും ഗ്രീഷ്മമീനം
കരളില്‍ നടനമാടി ഹരിണസുഭഗനായീ
സദസ്സിന്റെ ഹൃത്തില്‍ നൃപചിഹ്നമിട്ട സപ്രമഞ്ചം
കസവിന് ശീലമൂടി രാജര്ക്കിരിക്കുവനായ്
രജസ്സിന്റെ ചിറകുകള് കാറ്റിലലവിട്ട പൊന്‍പരാഗം
കവിളില്‍ പതിച്ച പാരി ദേവകന്യയായ്
കവികളൊക്കെ കൈവിട്ടു പോയല്ലോ… ഒറിജിനൽ എഴുതിയ ഗിരീഷ് പുത്തൻചേരിയും മിക്സു ചെയ്ത ശ്രീഹരിയും കെട്ടിത്തൂങ്ങിച്ചത്തോ?
ആര്യന് | 05-May-09 at 8:03 am | Permalink
ങ്ഹും!
കലക്കീരിക്ക്ണു.
ബിനോയ് | 06-May-09 at 9:32 am | Permalink
കംഗാരു വംശത്തില്പെട്ട കോര്‍ത്താരു എന്ന ജീവിയുടെ പ്ലീങ്ങ വേവിച്ച സത്തും ഉണക്കമല്‍സ്യവും വിവിധയിനം പുഷ്പങ്ങളും ചേരുവയാക്കിയ ഏതോ വിശേഷവിഭവത്തിന്റെ റെസിപ്പിയാണ് ആദ്യ രണ്ടുവരികളില്‍ ഗുരു ഉവാചിയത് എന്നു മനസ്സിലായിരുന്നു. പക്ഷേ കാല്വിന് പറഞ്ഞപ്പോഴഅണ് തങ്കളുടെ ഗൂഢതാത്പര്യങ്ങള്‍ തിരിച്ചറിഞ്ഞത്. പണ്ടെ ഞങ്ങള്‍ക്ക് ബള്‍ബ് കത്താന്‍ കുറച്ച് സമയമെടുക്കും. ആ കുറവ് തീര്‍ക്കാനാണ് പെടലിക്കുമുകളില് ബുദ്ധിയുള്ള ഇമ്മാതിരി പിള്ളേര്‍ക്ക് കൊട്ടേഷന്‍ കൊടുത്ത് മുക്കിനു മുക്കിന് കാവലേല്‍പ്പിച്ചിരിക്കുന്നത്.
ഉമേഷ്ജീ നമിച്ചു.
ഉപ്പായിയോട് ഞാന്‍ തോറ്റ് വേലിചാടി ഓടി 🙂
ഒറ്റ വരി എഴുതി ഉസ്താദായ ഉപ്പായിയാണു താരം 🙂
Muralee..Mukundan | 06-May-09 at 5:42 pm | Permalink
പദ്യത്തിന്റെയും,കവിതയുടേയും-വ്രിത്തതാളപ്രാസമേളങ്ങൾ- അവലോകനം നടത്തിയത് വളരെ നന്നായിട്ടുണ്ട്…
ആരൊക്കെയാണ് ഇപ്പൊൾ ഈ നിയമാവലി നോക്കി കുത്തിയിരുന്ന് ഇത് എഴുതുന്നത്? എത്രപേർ വായിക്കും? അർഥം മനസ്സിലാക്കി ഉരുവിടും?
Zebu Bull | 06-May-09 at 7:04 pm | Permalink
ഈ പാട്ടില്‍ എനിക്കു മനസ്സിലാവാത്ത പ്രയോഗം “മണിച്ചിക്കലമാന്‍” എന്നതാണ്. “മണിച്ചി” എന്നത് സ്ത്രീലിംഗവും, “കലമാന്‍” എന്നത് പുല്ലിംഗവുമാണെന്നാണ് എന്റെ ധാരണ. കലമാന്‍, പേടമാന് എന്നല്ലേ യഥാക്രമം ആണ്-, പെണ് മാനുകളെ വിശേഷിപ്പിക്കുന്നത്?
“മണിച്ചി” എന്നത് “രത്നങ്ങളണിഞ്ഞത്” എന്ന അര്‍ത്ഥത്തിലാണ് രചയിതാവ്/പാട്ടെഴുത്തുതൊഴിലാളി പ്രയോഗിച്ചിരിക്കുന്നതെന്നു കരുതുന്നു. രത്നങ്ങളണിഞ്ഞ മാനുകള്‍ മലയാളത്തില്‍ ആദ്യമായല്ല ഉണ്ടാവുന്നത്.
“ഭര്‍ത്താവേ കണ്ടീലയോ കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം രത്നഭൂഷിതമിദം” എന്ന് എഴുത്തച്ഛന് “പാല് നുരനുരയും” അദ്ധ്യാത്മരാമായണത്തില്‍.
അപ്പോള്‍ മാന്‍ കലയോ പേടയോ എന്നതാണ് കാതലായ പ്രശ്നം. കലമാനാണു രത്നധാരിയെങ്കില് എന്തുകൊണ്ട് അതിനെ “മണിച്ചന്” എന്നു രചയിതാവ് വിളിച്ചില്ല? ഒരു പ്രമുഖ വ്യാജമദ്യനിര്മ്മാതാവിന്റെ പേരിനോടു സാമ്യമുള്ളതിനാലാണോ?
ഇനി പേടമാനാണു രത്നം ചൂടിയിരുന്നതെങ്കില്‍ എന്തുകൊണ്ട് “കലമാന്‍” എന്നതിനെ വിളിച്ചു? പാട്ടിലും സൂചിതമായത് ഒരു സ്ത്രീകഥാപാത്രമായതിനാല് ഈ മൃഗം ഒരു പേടയാവാനാണു സാദ്ധ്യതയും.
ചുരുക്കത്തില്‍, “മാന്‍” എന്ന ലളിതപദത്തിനു ഗമപോരെന്നുകരുതി അതിനെ ഒരു “കലമാനാ”ക്കിയതാവണം രചയിതാവ് എന്ന് എനിക്കു തോന്നുന്നു. ബോണസ്സായി, താളവും ഒത്തുവന്നു. ഒരു വെടിക്കു രണ്ടു കലമാന്‍!
ശ്രീഹരി::Sreehari | 06-May-09 at 7:50 pm | Permalink
ഉപ്പായിടെ പഴെ കമന്റ് ഇപ്പളാ കാണൂന്നത്.
അതിന് എന്റെ വക ഒരു മുഴുത്ത വെന്ത കപ്പേം ചായേം…. 🙂
cALviN::കാല്വിന് | 07-May-09 at 1:44 am | Permalink
സെബു ബുളിന്റെ അതേ സംശയം പാട്ടു കേട്ട നാള് മുതലേ മനസില്‍ കിടപ്പുണ്ട്… അന്നത് ഇവിടെ ഇട്ടിരുന്നു… പാട്ടെഴുത്തുകാരുടെ ഒരു കാര്യം
അയല്ക്കാരന് | 07-May-09 at 3:17 am | Permalink
കലമാന്‍ ആണും പെണ്ണുമാവാം. സാംബാര്‍ എന്നിംഗ്ലീഷുകാരു വിളിക്കണ സംഭവം തന്നെയല്ലേ കലമാന്‍. (കലമാന്‍, പുള്ളിമാന്‍, കേഴമാന് എന്ന് മൂന്നു ടൈപ്പ് മാനുകളാണ് കേരളത്തിലുള്ളതെന്ന് സദാശിവന് സാറിന്റെയൊ മറ്റൊ പുസ്തകത്തില്‍ വായിച്ചൊരോര്മ്മ. വനവാരം ക്വിസ്സുകളില്‍ പങ്കെടുത്തിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞു, ഓര്‍മ്മയൊക്കെ പൊടി പിടിച്ചതാണ്)
പേടമാന് എന്നത് പെണ്മാനുകള്ക്കുള്ള പേരാണെന്ന് കരുതുന്നു.
Zebu Bull | 07-May-09 at 4:11 pm | Permalink
മലയാളത്തിലെ “മ്ളാവ്” ആണ് ഹിന്ദിയിലെ “സാംബാര്‍”. ഈ പേജില്‍ മറ്റു മാനുകളുടെ മലയാളം പേരുകളുമുണ്ട്.
അയല്ക്കാരന് | 07-May-09 at 11:38 pm | Permalink
ഇന്ത ലിങ്ക് പാറുങ്കോ, കലമാന്‍ എന്നു വിളിക്കപ്പെടുന്ന കക്ഷി തന്നെ മ്ളാവും. തോരനും ഉപ്പേരിയും പോലെ, തേങ്ങയും നാളികേരവും പോലെ പോലെ ഒന്ന്. സദാശിവന് സാറിന്റെ പുസ്തകം വായിച്ച് നെറ്റിലിട്ടവര്ക്ക് നന്ദിനിപ്പശു
http://ml.pandapedia.com/wiki/%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D
Zebu Bull::മാണിക്കന് | 08-May-09 at 8:28 pm | Permalink
ഞാന്‍ ആയുധം വച്ചു കീഴടങ്ങി 🙂
wakaari | 11-May-09 at 5:31 pm | Permalink
സാമ്പാര്‍ ദോ ഇവിടെ
http://nilavathekozhi.blogspot.com/2006/01/blog-post.html