രണ്ടുമൂന്നു വയസ്സുള്ള കുട്ടികൾ താമസിക്കുന്ന വീടുകൾ അനോണിമസ് ഓപ്ഷൻ തുറന്നു വെച്ചിരിക്കുന്ന ബ്ലോഗുകൾ പോലെയാണു്. എത്ര നന്നാക്കി വെച്ചാലും മിനിട്ടുകൾക്കുള്ളിൽ താറുമാറാകും. ബാക്കിയുള്ളവർക്കു് നാണം, മാനം, ഭയം, ഔചിത്യം, വൃത്തി, വെടിപ്പു് തുടങ്ങിയ ചില സ്വഭാവങ്ങൾ ഉണ്ടെങ്കിലും അനോണികൾക്കും കൊച്ചുകുട്ടികൾക്കും ഈ വക സംഭവങ്ങളൊന്നും ഏഴയലത്തു കൂടി പോയിട്ടില്ലാത്തതാണു കാരണം.
കുട്ടികളെക്കൊണ്ടും അനോണികളെക്കൊണ്ടും ചില ഗുണങ്ങളൊക്കെയുണ്ടു്. ബാക്കിയുള്ളവർക്കു് ഒരു പിടിയുമില്ലാത്ത ഒരുപാടു കാര്യങ്ങൾ ഇവർ കണ്ടുപിടിച്ചു തരും. എന്റെ ലാപ്ടോപ്പിൽ ഏഴോ എട്ടോ മൌസ്ക്രിയകൾ കൊണ്ടു ചെയ്യുന്ന പല കാര്യങ്ങളും ഒന്നോ രണ്ടോ കീസ്ട്രോക്കുകൾ കൊണ്ടു സാധിക്കാം എന്നു് എന്റെ മക്കൾ കാണിച്ചു തന്നിട്ടുണ്ടു്. അതിനിടെ കമ്പ്യൂട്ടറിൽ ചെന്നു രണ്ടുമൂന്നു കീ അമർത്തുന്നതു കാണാം. അതുവരെ കണ്ടിട്ടില്ലാത്ത ചില സംഭവങ്ങളൊക്കെ സംഭവിക്കുന്നതും കാണാം. “ഇതു നീ എങ്ങനെ ചെയ്തു? ഒന്നു കാണിച്ചു തരൂ…” എന്നു പറഞ്ഞാൽ അവനു് ഒരു പിടിയുമില്ല. മുണ്ടേമ്പള്ളി കൃഷ്ണമാരാർ ചെണ്ട കൊട്ടുന്നതു പോലെയാണു്. കൊട്ടുമ്പോൾ കൊട്ടുന്നു. പിന്നെ അതുപോലെ കാണിക്കാൻ നോക്കാറുമില്ല. നോക്കിയാൽ നടക്കുകയുമില്ല.
അനോണികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആരെങ്കിലും ഒരു ഉപദേശം തന്നാൽ അതിന്റെ കൂടുതൽ വിവരങ്ങൾ അയാളോടു് ഈ മെയിൽ അയച്ചു ചോദിക്കാം. അനോണിയാണെങ്കിൽ എന്തു ചെയ്യും? 11:17-നു പറഞ്ഞ അനോണി, സുനിൽ കൃഷ്ണനു മുമ്പു പറഞ്ഞ അനോണി, ചിത്രകാരനെ തെറി വിളിച്ച അനോണി എന്നൊക്കെ വിശേഷണങ്ങൾ ചേർത്തു വേണം ചോദിക്കാൻ. അതിനൊക്കെ മറുപടി കിട്ടുമെന്നോ കിട്ടിയാൽ ശരിയായ ആളിൽ നിന്നു തന്നെയാണോ എന്നോ ഒരു നിശ്ചയവുമില്ല.
എന്റെ ഇളയ സന്താനത്തിനു് വയസ്സു രണ്ടര. രണ്ടു തലമുറ മുമ്പു ജനിച്ചിരുന്നെങ്കിൽ (എന്നു വെച്ചാൽ ഏകദേശം എന്റെയൊക്കെ തലമുറ) പാമ്പു പടം പൊഴിക്കുന്നതു പോലെ ചന്തിയിലെ തൊലിയുടെ പല പടലങ്ങൾ ഇതിനകം ഊർന്നുപോയിട്ടുണ്ടാവും. അത്ര കുരുത്തക്കേടാണു്. ഇക്കാലത്തു് അതു വല്ലതും നടക്കുമോ? രാജവത് പഞ്ചവർഷാണി എന്നതു പോരാഞ്ഞു രാജവത് പതിനഞ്ചു വർഷാണി എന്ന രീതിയിലാണു പിള്ളേരെ വളർത്തുന്നതു്. വേണ്ടതെല്ലാം ചെയ്തു കൊടുക്കും. എന്തു ചെയ്താലും സഹിക്കും. അമേരിക്കയിലാണെങ്കിൽ തല്ലുന്നതു പോകട്ടേ, കുട്ടികളോടു ശബ്ദമുയർത്തി സംസാരിക്കുകയോ ബലം പ്രയോഗിച്ചു് എന്തെങ്കിലും ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ഒറ്റയ്ക്കാക്കിയിട്ടു മുന്നോട്ടു പോകുന്നതായി നടിക്കുകയോ ചെയ്താൽ കണ്ടുനിൽക്കുന്നവർ പോലീസിനെ വിളിക്കും. കുട്ടിയെ അവർ കൊണ്ടുപോകും. നമുക്കു് അമേരിക്കൻ ജെയിലിന്റെ അകം കാണാനുള്ള സുവർണ്ണാവസരവും ഉണ്ടാകും. ഗോതമ്പുണ്ട തിന്നണ്ടാ. സാൻഡ്വിച്ചാണെന്നാണു കേട്ടതു്.
വീട്ടിലുള്ള സകല ഇലക്ട്രോണിക് സാധനങ്ങളും കേടാണു്. മൊബൈൽ ഫോണിൽ ഇന്റർനെറ്റിൽ നിന്നു് ഓഡിയോ/വീഡിയോ ക്ലിപ്പുകൾ ഡൌൺലോഡു ചെയ്തു് കോണ്ടാക്റ്റ്സിൽ ഉള്ളവർക്കൊക്കെ എസ്സെമ്മെസ് അയയ്ക്കാൻ കഴിവുള്ളവനാണെങ്കിലും വീസീയാറും ട്രാഷ് കാനും തമ്മിലുള്ള വ്യത്യാസം അവനു് ഇതു വരെ അറിയില്ല. ഡിജിറ്റൽ ക്യാമറയിലെ 90% പടങ്ങളും ആളുകളുടെ കാൽവിരലുകൾ, തറയിൽ വിരിച്ചിരിക്കുന്ന പുൽപ്പായുടെ ഡിസൈനുകൾ, സോഫയുടെ കീറലുകൾ, മനുഷ്യശരീരങ്ങളുടെ മനുഷ്യന്മാർ ചിത്രീകരിക്കാൻ മടിക്കുന്ന ചില ഭാഗങ്ങളുടെ ക്ലോസപ്പുകൾ തുടങ്ങിയവയാണു്. ആദിത്യനും ശ്രീജിത്തുമൊക്കെയാണു തമ്മിൽ ഭേദം.
ചിത്രകലയാണു് അദ്ദേഹം പ്രാവീണ്യം പ്രദർശിപ്പിക്കുന്ന മറ്റൊരു മേഖല. വല്ലഭനു പുല്ലുമായുധം എന്നു പറയുന്നതു പോലെ ലോകം മുഴുവൻ അവനു കാൻവാസും വൃത്തികെട്ട സകല സാധനങ്ങളും ബ്രഷും ആണു്. വീടിന്റെ ഭിത്തി, ചേട്ടന്റെ നോട്ട്ബുക്ക്, അച്ഛന്റെ പുസ്തകങ്ങൾ, അമ്മയുടെ ചുരീദാർ തുടങ്ങി കാറിന്റെ മേൽക്കൂരയിൽ വരെ കലാസൃഷ്ടികൾ മെനഞ്ഞിട്ടുള്ള അവൻ ഭാവിയിൽ ഒരു മൈക്കൽ ആഞ്ചലോയോ പിക്കാസോയോ ആവും (പടങ്ങളുടെ സ്റ്റൈൽ കണ്ടിട്ടു് രണ്ടാമത്തേതാകാനാണു സാദ്ധ്യത.) എന്നാണു ഞങ്ങളുടെ പ്രതീക്ഷ.
സ്മര്യപുരുഷന്റെ അന്നത്തെ കാൻവാസ് എന്റെ കമ്പ്യൂട്ടർ മോണിറ്റർ ആയിരുന്നു. സാധാരണ ലാപ്ടോപ്പിലാണു പണിയെങ്കിലും, വീട്ടിലിരുന്നു ജോലി ചെയ്യേണ്ട ആവശ്യമുണ്ടായാൽ വിശാലമായി കൃത്യം നിർവ്വഹിക്കാൻ ഒടുക്കത്തെ വില കൊടുത്തു വാങ്ങിച്ച പത്തൊമ്പതിഞ്ചിന്റെ എൽ. സി. ഡി. മോണിറ്റർ. ആകെ രണ്ടു വിൻഡോയേ ഉപയോഗിക്കൂ. വെബ് ബ്രൌസിംഗ് ലാപ്ടോപ്പിലെ ഫയർഫോക്സിൽ. ഈമെയിൽ (ഓഫീസും പേഴ്സണലും), കലണ്ടർ, സിനിമ കാണൽ, പാട്ടു കേൾക്കൽ, നിഘണ്ടു നോക്കൽ, എൻസൈക്ലോപീഡിയ നോക്കൽ, ഫിനാൻസ്, ബ്ലോഗെഴുത്തു് തുടങ്ങിയ സംഗതികളെല്ലാം വെബ് ബ്രൌസറിലിലൂടെ ആയതിനാൽ (ഫയർ ഫോക്സിൽ പല ടാബുകളുള്ളതു് എന്തൊരു സുഖം!) ഒരു ഫയർ ഫോക്സ് വിൻഡോ. ഓഫീസിലെ ലിനക്സ് മെഷീനിൽ ലോഗിൻ ചെയ്ത വിൻഡോ പത്തൊമ്പതിഞ്ചിൽ. അവിടെയും ഒരു വിൻഡോ മതി. രാവിലെ ഇമാക്സ് എന്നു പറയുന്ന കുന്ത്രാണ്ടം തുറക്കും. പിന്നെ എഡിറ്റിംഗും ടെർമിനലും ഷെല്ലും മാൻപേജും ഡിഫും ഗ്രെപ്പും കുളിയും തേവാരവും എല്ലാം അതിൽത്തന്നെ. (കുറച്ചു കാലം മുമ്പു് ഈമെയിൽ, വെബ് ബ്രൌസിംഗ് തുടങ്ങിയവയും ഇമാക്സിൽത്തന്നെ ചെയ്തിരുന്നു. ഇപ്പോൾ ഏതായാലും അതില്ല.) സെറ്റപ്പ് പരമസുഖം.
ഏപ്രിലിൽ ഒന്നു വീടു മാറിയതിനു ശേഷം (പന്ത്രണ്ടു കൊല്ലത്തിനിടയിലെ പത്തൊമ്പതാമത്തെ വീടുമാറ്റം. എല്ലാം പെട്ടെന്നായിരുന്നു. ആരെയും അറിയിക്കാൻ പറ്റിയില്ല.) പത്തൊമ്പതിഞ്ചു് അധികം ഉപയോഗിക്കാതെ വെച്ചിരിക്കുകയായിരുന്നു. അപ്പോഴാണു് രണ്ടു കാലിനും ഒരു വേദന. അക്കില്ലസ് ടെൻഡനൈറ്റിസ് ആണെന്നാണു ഡോക്ടർ പറഞ്ഞതു്. ഇതിനു തന്നെയാണോ നാട്ടിൽ വാതം വാതം എന്നു പറയുന്നതു് എന്തോ? എന്തായാലും നാണക്കേടായി. ഇനി കാലിൽ ഒരു ഹെലിക്കോപ്ടർ വന്നിടിച്ചു എന്നോ മറ്റോ പറയാം. ഏതായാലും ഒരാഴ്ചത്തേയ്ക്കു നടക്കുകയും ഒന്നും ചെയ്യാതെ വിശ്രമിക്കാൻ ഡോക്ടർ വിധിച്ചു. അങ്ങനെ വീട്ടിലിരുന്നു വിശാലമായി ജോലി ചെയ്യാൻ പത്തൊമ്പതിഞ്ചിനെ പൊടി തട്ടിയെടുത്തപ്പോഴാണു് ഹൃദയഭേദകമായ ആ കാഴ്ച കണ്ടതു്.
ഒന്നാന്തരം കറുത്ത പെർമനന്റ് മാർക്കർ കൊണ്ടു് മോണിറ്ററിൽ പിക്കാസോയ്ക്കു പോലും മനസ്സിലാകാത്ത ഒരു മോഡേൺ ആർട്ട്!
മൂത്ത മകന്റെ സ്കൂൾ സാധനങ്ങളും മറ്റും വെയ്ക്കാൻ വേണ്ടി തട്ടിൻപുറത്തുള്ള (ആറ്റിക് എന്നു പറയും) ഒരു മുറി കൊടുത്തിരുന്നു. അതിന്റെ ഒരു മൂലയ്ക്കാണു് മുകളിൽ പറഞ്ഞ പത്തൊമ്പതിഞ്ചും വെച്ചിരുന്നതു്. സ്ക്രീനിനു കുഴപ്പമുണ്ടാകാതിരിക്കാൻ അതു ഭിത്തിയോടു ചേർത്തു വെച്ചിരുന്നു. മേൽപ്പടി സാധനമാണു്, അതു തിരിച്ചു വെയ്ക്കാനുള്ള ത്രാണിയില്ലെങ്കിലും മുകളിലൂടെ കമിഴ്ന്നു കിടന്നോ മറ്റോ പിക്കാസോയുടെ കാൻവാസ് ആക്കിയതു്.
ശുദ്ധജലം കൊണ്ടും സോപ്പുവെള്ളം കൊണ്ടും കമ്പ്യൂട്ടർ മോണിറ്റർ ക്ലീൻ ചെയ്യാൻ അത്യുത്തമം എന്നു കണ്ടു പണ്ടു മേടിച്ച ഒരു ദ്രാവകം കൊണ്ടും തുടച്ചു നോക്കി. പെർമനന്റ് മാർക്കറിന്റെ മാർക്ക് പൂർവ്വാധികം തിളക്കത്തോടെ അവശേഷിച്ചു.
എന്തായാലും ഇതു് എനിക്കു ഒരു വലിയ പ്രശ്നമായി. കാലു ശരിയാകുന്നതു വരെ വീട്ടിലിരുന്നു ജോലി ചെയ്യേണ്ടതാണു്. എന്റെ ഇമാക്സ് വിൻഡോ ആണെങ്കിൽ വെളുത്ത പശ്ചാത്തലത്തിൽ “ഒരു ദേശത്തിന്റെ കഥ”യിൽ ഫിറ്റർ കുഞ്ഞപ്പു പെയിന്റു ചെയ്ത വീടു പോലെ വർണ്ണശബളാഭമാണു്. കീവേർഡുകൾക്കും ഐഡന്റിഫയേഴ്സിനും കാരക്ടർ സ്ട്രിംഗ്സിനുമൊക്കെ പല പല നിറങ്ങൾ. (ഇതൊക്കെ വെറും പകിട്ടിനു വേണ്ടി മാത്രം. പ്രോഗ്രാം ചെയ്യാൻ ഈ നിറങ്ങൾ ഏതെങ്കിലും വിധത്തിൽ സഹായിക്കും എന്നു തോന്നുന്നില്ല. എന്നാലും അതൊരു ശീലമായിപ്പോയി.) ഈ നിറങ്ങളും പെർമനന്റ് മാർക്കറിന്റെ കറുത്ത നിറവും ഒക്കെക്കൂടി ആകെ ഒന്നും മനസ്സിലാകുന്നില്ല. രാജു ഇരിങ്ങലിന്റെ കവിത മാതിരി ഉണ്ടു്.
അവസാനം നാം ജീവിക്കുന്ന ലോകത്തിന്റെ രീതിയനുസരിച്ചു് സ്വയം മാറിയാലേ പുരോഗതിയുണ്ടാകൂ എന്ന മഹത്തായ സാമൂഹികശാസ്ത്രതത്ത്വം സ്വജീവിതത്തിലേക്കു പകർത്തിയാണു് ഞാൻ ഈ പ്രശ്നം പരിഹരിച്ചതു്. അതായതു്, ഇമാക്സിന്റെ പശ്ചാത്തലം കറുപ്പാക്കി. ബാക്കി നിറങ്ങളും പെർമനന്റ് മാർക്കർ പ്രശ്നമുണ്ടാക്കാത്ത വിധത്തിലാക്കി. പല കളർ സ്കീമുകൾ ശ്രമിച്ചു നോക്കാൻ color-theme എന്നൊരു പാക്കേജുള്ളതു് എന്തായാലും നന്നായി.
ഇപ്പോൾ എന്റെ ഡെസ്ക് ടോപ്പ് കരിവാരം ആചരിക്കുന്ന ബ്ലോഗു പോലെയുണ്ടു്. കറുത്ത പശ്ചാത്തലം. അതിൽ നീലയും പച്ചയും ചുവപ്പുമൊക്കെയായി കുറേ അക്ഷരങ്ങൾ. ഈ രീതിയിലുള്ള ബ്ലോഗുകൾ പോലും വായിക്കാൻ മടിയുണ്ടായിരുന്ന ആളാണു്. ജീവിതസാഹചര്യങ്ങൾ മനുഷ്യനെക്കൊണ്ടു ചെയ്യിക്കുന്ന ഓരോ കാര്യം നോക്കണേ!
രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ കറുപ്പു് ഒരു ശീലമായി. കറുപ്പിനേഴഴകു് എന്ന പാട്ടു പാടിത്തുടങ്ങി. കറുത്ത പശ്ചാത്തലമില്ലെങ്കിൽ മനുഷ്യനു് എങ്ങനെ കമ്പ്യൂട്ടറിൽ ജോലി ചെയ്യാൻ പറ്റും എന്നു് അദ്ഭുതപ്പെട്ടു തുടങ്ങി. വെളുത്ത പശ്ചാത്തലം ഉപയോഗിക്കുന്നവരെ വെറുക്കാൻ തുടങ്ങി.
അങ്ങനെയിരിക്കേ, ഒരു ദിവസം അതിരാവിലെ, “കിച്ചു ഇപ്പം പല്ലും തേച്ചിട്ടു വരാം…” എന്നു പറഞ്ഞിട്ടു് ഒറ്റപ്പോക്കു പോയ സന്തതിയെ കുറേ നേരം കഴിഞ്ഞിട്ടും കാണാഞ്ഞു ഞാൻ പുറകേ ചെന്നു നോക്കിയപ്പോഴാണു് ആ കാഴ്ച കണ്ടതു്.
മേശപ്പുറത്തു വലിഞ്ഞുകയറി മോണിറ്റർ എന്ന കാൻവാസിൽ കലാസൃഷ്ടി നടത്തുകയാണു കഥാനായകൻ. ഇത്തവണ പിക്കാസോയല്ല, വാൻ ഗോഗാണു്. നീല നിറത്തിലുള്ള ടൂത്ത് പേസ്റ്റാണു മീഡിയം.
വാൻ ഗോഗ് ജീവിച്ചിരുന്ന കാലത്തു് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു് ആരും വില കൽപ്പിച്ചിരുന്നില്ല എന്നു കേട്ടിട്ടുണ്ടു്. വലിയ കലാകാരന്മാരുടെയൊക്കെ സ്ഥിതി ഇതാണു്. പ്രത്യേകിച്ചു് അവരുടെ തന്തമാർ കലയുടെ അംശം തൊട്ടുതെറിച്ചില്ലാത്തവരായിരിക്കും. ഇവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അഭിനവ വാൻഗോഗിനെ ഞാൻ ചെവിക്കു പിടിച്ചു് മേശപ്പുറത്തു നിന്നു താഴെയിറക്കി. പൈതലിൻ ഭാവം മാറി. വദനാംബുജം വാടി. കൈതവം ഹോൾസെയിലായി കിട്ടുന്ന കണ്ണു് കണ്ണുനീർത്തടാകമായി. സപര്യ ചിത്രകലയെ വിട്ടു സംഗീതമായി. എട്ടു ദിക്കും പൊട്ടി അഷ്ടദിൿപാലകർ ഞെട്ടുന്ന രീതിയിൽ സാധകം ചെയ്തു കൊണ്ടു് അവൻ മുകളിലേക്കു് ഓടിപ്പോയി.
ഇനി ഈ ടൂത്ത്പേസ്റ്റ് എന്തൊക്കെ പ്രശ്നങ്ങളാണോ ഉണ്ടാക്കുക? ഞാൻ ഒരു കടലാസ് നനച്ചു് ഒരു മൂല തുടച്ചു. ആകെ പത. അതൊരു ഉണങ്ങിയ കടലാസു കൊണ്ടു വീണ്ടും തുടച്ചു. അഞ്ചാറു തവണ തുടച്ചപ്പോൾ പതയൊക്കെ പോയി സംഗതി ക്ലീൻ. ഒന്നു ഫ്ലോസ്സു ചെയ്താലോ എന്നു തോന്നി.
അപ്പോഴാണു ലോകത്തിലെ എട്ടാമത്തെ അദ്ഭുതം കണ്ടതു്. ടൂത്ത് പേസ്റ്റ് ഉണ്ടായിരുന്ന സ്ഥലത്തെ പെർമനന്റ് മാർക്കുകളും അപ്രത്യക്ഷമായിരിക്കുന്നു! പല്ലിലെ വൃത്തികേടുകളും പറ്റിയാൽ ഇനാമലും വരെ നിർമാർജ്ജനം ചെയ്യാൻ ഉണ്ടാക്കിയിരിക്കുന്ന സാധനമല്ലേ? അതിനു് പെർമനന്റ് മാർക്കർ വെറും തൃണം!
മോണിറ്ററിലെ പാടുകൾ കളയാൻ വഴി കിട്ടി. ഞാൻ ടൂത്ത് പേസ്റ്റെടുത്തു് മോണിറ്ററിന്റെ മറ്റേ മൂലയിൽ തേയ്ക്കാൻ തുടങ്ങി.
ടൂത്ത് പേസ്റ്റ് പല്ലു തേക്കാനുള്ളതാണെന്നും, അതു മോണിറ്ററിൽ തേക്കരുതെന്നും, നേരത്തേ പെർമനന്റ് മാർക്കർ വെച്ചു വരച്ചതു തന്നെ അച്ഛനു കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാക്കി വെച്ചു എന്നും, ടൂത്ത് പേസ്റ്റ് വെച്ചു തേച്ചാൽ മോണിട്ടർ പൊടിഞ്ഞുപോകുമെന്നും, ടൂത്ത് പേസ്റ്റില്ലാതായാൽ നമുക്കു പല്ലു തേക്കാൻ പറ്റാതെ പല്ലിനു് അസുഖം വന്നു് അതെല്ലാം കൊഴിഞ്ഞു പോകുമെന്നും, അതിനു ശേഷം ചോക്ലേറ്റ് തിന്നാൻ പറ്റില്ലെന്നും, ലോകത്തു ടൂത്ത്പേസ്റ്റില്ലാതെ ആയിരക്കണക്കിനു കുട്ടികൾ പല്ലു വേദന വന്നു മരിച്ചു പോകുന്നു എന്നും മകനെ പറഞ്ഞു മനസ്സിലാക്കിക്കൊണ്ടു് ഇറങ്ങി വന്ന സിന്ധു കണ്ടതു് ഞാൻ മോണിറ്റർ മുഴുവനും പേസ്റ്റ് വാരിപ്പൂശുന്നതാണു്.
“രാവിലെ തന്നെ ഈ ചെറുക്കനെ കരയിപ്പിച്ചിട്ടു് ഇപ്പോൾ അതു തന്നെ ചെയ്യുകയാണോ?” രാവിലത്തെ ഉറക്കം കുളമായതിന്റെ ദേഷ്യത്തിൽ തത്രഭവതി അലറി, “ഇങ്ങേരിനി എന്നാണോ ഈ കുട്ടിക്കളിയൊക്കെ വിട്ടിട്ടു് അല്പം വെളിവും പക്വതയുമൊക്കെ വരുന്നതു് ഈശ്വരാ!…”
ടൂത്ത്പേസ്റ്റിന്റെ (ഞാൻ പത്തു മിനിട്ടു മുമ്പു കണ്ടുപിടിച്ച) ഔഷധശക്തിയെപ്പറ്റി ഒരു ചെറിയ പ്രഭാഷണം നടത്തിയിട്ടേ സംഗതി ശരിയായുള്ളൂ.
എന്തെങ്കിലും പുതിയ അറിവു കിട്ടിയാൽ തുണിയില്ലാതെ റോഡിലൂടെ ഓടുന്ന ഒരു ശീലം ആർക്കിമിഡീസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞനുണ്ടായിരുന്നു. എനിക്കേതായാലും ആ സ്വഭാവമില്ലാത്തതു ഭാഗ്യം. പകരം ഞാൻ ചെയ്യാറുള്ളതു് അറിവിന്റെ ചൂടു മാറുന്നതിനു മുമ്പു തന്നെ നാട്ടുകാർക്കു പങ്കു വെയ്ക്കുകയാണു്. രണ്ടു വയസ്സിന്റെ പ്രാന്തപ്രദേശങ്ങളിൽ പ്രായമുള്ള കുട്ടികളുള്ള തന്തമാർ ചിലർ സുഹൃത്തുക്കളായുണ്ടു്. അവർക്കൊക്കെക്കൂടി ഒരു ഈമെയിൽ അയച്ചു. എന്റെ പുതിയ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങളുമായി.
അര മണിക്കൂർ കഴിയുന്നതിനു മുമ്പു തന്നെ ഒരാളുടെ മറുപടി വന്നു. “നീ ഗൂഗിൾ എന്നൊരു സാധനത്തെപ്പറ്റി കേട്ടിട്ടുണ്ടോ? അടിപൊളി സാധനമാണു്. അവിടെ ചെന്നു് How to remove permanent marker from computer monitor എന്നോ മറ്റോ എന്നു സേർച്ചു ചെയ്തു നോക്കൂ. ബിംഗ് ആയാലും മതി.”
സേർച്ചു ചെയ്തപ്പോൾ കിട്ടിയ ആദ്യത്തെ മൂന്നു സൈറ്റുകളിലും പ്രസ്തുത സംഭവത്തിനു് ടൂത്ത് പേസ്റ്റിനുള്ള കഴിവിനെപ്പറ്റിയുള്ള വിശദമായ പരാമർശം കണ്ടു. ടൂത്ത്പേസ്റ്റു കൂടാതെ റബ്ബിംഗ് ആൽക്കഹോൾ (അതൊരു ക്യൂടിപ്പിൽ പുരട്ടി തൂക്കാനാണു നിർദ്ദേശം), മാജിക് ഇറേസർ എന്നിവയും ഇതിനു ഫലപ്രദമാണത്രേ!
അടുത്ത തവണ ഗത്യന്തരമില്ലാതെ കരിവാരം ആചരിക്കാൻ തീരുമാനിക്കുന്നതിനു മുമ്പു് ഇതൊന്നു പരീക്ഷിച്ചു നോക്കൂ.
അനില്‍ | 10-Aug-09 at 3:24 pm | Permalink
നന്ദി, ഭായ്.
ഞാന്‍ ഒരു മാര്‍ക്കര്‍ പാടുമായി ഗുസ്തി പിടിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി, ഒന്ന് പരീക്ഷിക്കട്ടെ.
എന്നിട്ടെന്തായി?
എല്ലാ പെർമനന്റ് മാർക്കറിനും ടൂത്ത് പേസ്റ്റും പന്നിപ്പനിക്കു തുളസിയും അത്യുത്തമമാണെന്നു് ആയുർവേദാചാര്യന്മാർ പ്രസ്താവിച്ചിട്ടുണ്ടു്. ധൈര്യത്തോടെ ശ്രമിച്ചു നോക്കൂ.
ചാണക്യന് | 10-Aug-09 at 3:26 pm | Permalink
മകന് വിദ്വാനെങ്കില്‍ അച്ഛനെ വിദ്യ പഠിപ്പിക്കേണ്ട..:):):)
സാപ്പി | 10-Aug-09 at 3:59 pm | Permalink
നര്‍മ്മം..മനോഹരമായി..വരച്..വെചിരിക്കുന്നു…കുട്ടികളുടെവികൃതികളും…അഭിനന്ദങള്‍
ചിത്രകാരന് | 10-Aug-09 at 4:55 pm | Permalink
അതിമനോഹരമായ വിവരണം.
Abid | 10-Aug-09 at 5:23 pm | Permalink
വിവരണം മനോഹരമായി.
Anoop | 10-Aug-09 at 5:37 pm | Permalink
ഒരു കഥ എഴുതിക്കൂടെ? കിച്ചുവിന് അച്ഛന് കഥാകൃത്താണെന്ന് ഗമയില്‍ പറഞ്ഞു നടക്കാമല്ലോ? 🙂
ഒരു കഥ എഴുതി. അതോടു കൂടി വായനക്കാർ എന്റെ കഥ കഴിച്ചു. ജീവിച്ചു പോട്ടേ അനൂപേ…
cALviN::കാല്വിന് | 10-Aug-09 at 5:53 pm | Permalink
ദിവസം മുഴുവനും കറുത്ത സ്ക്രീനിൽ പച്ച അക്ഷരങ്ങൾ നോക്കി പണി എടുക്കുന്ന നമ്മളോട് തന്നെ പരാതി പറയണം. നാലു ദിവസം കറുത്ത സ്ക്രീനിൽ പണി എടുക്കുന്നതിന്റെ ബുദ്ധിമുട്ട് 🙂
ന്തായാലും കിച്ചുവായി ഉണ്ടാക്കിത്തന്ന പാട് മായ്കാൻ അവനായിത്തന്നെ വഴിയും കാണിച്ചു തന്നു. സെറണ്ടിപ്പിറ്റി സെറണ്ടിപ്പിറ്റി… 🙂
Babukalyanam | 10-Aug-09 at 6:06 pm | Permalink
“എന്നു വെച്ചാൽ ഏകദേശം എന്റെയൊക്കെ തലമുറ”!!! സത്യം…എന്റെയൊക്കെ.. മാഷിന്റെ അല്ല 😉
PS:
permanent marker കൊണ്ട് എഴുതിയതിന്റെ മുകളില്‍ സാധാരണ marker കൊണ്ട് എഴുതി ഉണങ്ങുന്നതിന് മുന്‍പ് തൂത്ത് കളഞ്ഞാല്‍ മതി.
കരീം മാഷ് | 10-Aug-09 at 6:08 pm | Permalink
രസകരമായി എഴുതി.പതിവുപോലെ ആദിത്യനും ശ്രീജിത്തിനും സുനില്‍ കൃഷ്ണനും, ചിത്രകാരനും ഒക്കെ ഓരോ തൂവല്‍ സ്പര്‍ശം കൊടുത്ത്.
രാജു ഇരിങ്ങലിനെ കണ്ടില്ലേ കരീം മാഷേ? 🙂
വാള്‍പേപ്പറായി സേവു ചെയ്ത ചിത്രത്തില്‍ ഒരു അടയാളമുള്ളതിനെ മോണിറ്ററിന്റെ കേടായി കണ്ട്
ക്ലീന്‍ ചെയ്തു മടുത്ത ഒരു അനുഭവം എനിക്കുമുണ്ട്.
Moorthy | 10-Aug-09 at 7:59 pm | Permalink
പ്രാകൃതം മായിച്ചോനേ…:)
നമിച്ചു മൂർത്തീ, നമിച്ചു… ആ പാട്ടിനും അർത്ഥമുണ്ടാക്കിക്കൊടുത്തു, അല്ലേ? 🙂
പാമരന് | 11-Aug-09 at 4:36 am | Permalink
അര-അരവിന്ദിന്റെ ഭാഷയിലെ കക്ഷത്തില്‍ കയറ്റുന്ന മഴു (ആക്സ് ഡിയോഡറന്റ്) ആയിരുന്നു ഞങ്ങളുടെ രക്ഷോപാധി. സംഗതി ആല്ക്കഹോളാണല്ലോ. 🙂
കുട്ടിച്ചാത്തന് | 11-Aug-09 at 6:19 am | Permalink
ചാത്തനേറ്:ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോഴും ബ്ലോഗുണ്ടായിനുന്നോ എന്തോ!
Adithyan | 11-Aug-09 at 6:43 am | Permalink
പണ്ടത്തെ “വീസീയാറില് നിന്ന് ചാടി വാഷിംഗ് മെഷീനിന്റെ മോളില്ക്കൂടി കളര്‍ ടീവിയില്‍ ലാന്‍ഡ് ചെയ്യുന്ന എലിയുടെ” ലേറ്റസ്റ്റ് വേര്ഷനാണല്ലേ ഈമാക്സില്‍ കൂടി കുളി തേവാരവും പത്തമ്പത്തിഞ്ച് മോണിറ്ററും? 😉
അതേതു കഥ ആദിത്യാ? തെളിച്ചു പറയൂ. ഏതു് എലി? ആരുടെ എലി?
ബുഹഹഹ
എന്റെ കൂടെയും ഒണ്ട് ലോമാക്സ്സിലും പയര്ഫോക്സിലും ഒക്കെ പിറന്നു വീണ ചില താന്തോന്നികള്‍. ലവന്മാരടെ ഒക്കെ ഭാവം കണ്ടാല്‍ തോന്നും ഈ പറയുന്ന സംഭവത്തിക്കൂടെ അല്ലാതെ എന്തേലും ഒക്കെ സാധിക്കുന്നത് ലവന്റെ ഒക്കെ അന്തസിനു കുറവാണെന്ന്.
ബുഹഹഹഹ…
Rare Rose | 11-Aug-09 at 7:02 am | Permalink
കല്‍ക്കി മാഷേ കരിവാരാഘോഷവും,വെള്ള പൂശലും..ഒടുക്കം പുത്രന് തന്നെ എല്ലാം ശുഭമാക്കിയവസാനിപ്പിച്ചല്ലേ..:)
Baiju Elikkattoor | 11-Aug-09 at 7:05 am | Permalink
perunthachanum makanum! 🙂
Ajeesh mathew | 11-Aug-09 at 7:44 am | Permalink
എല്ലാ മഹത്തായ കണ്ടുപിടുത്തങ്ങളുടെ പുറകിലും ഒരു യാദ്രിശ്ചികത ഉണ്ട് എന്നുള്ള സത്യത്തിനു ഒരു അടിവരയിടല്‍ കൂടി, എന്തായാലും ഉമേഷ്ജി വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍ .
ഞാന്‍||njaan | 11-Aug-09 at 7:51 am | Permalink
ഏത് ടൂത്ത്പേസ്റ്റ് വേണം എന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ. അതായത് ക്ലോസപ്പും കോള്‍ഗേറ്റും അതിലെ കോണ്സ്റ്റിറ്റുവെന്റ്സിന്റെ കാര്യത്തില്‍ വ്യത്യ്സ്തമാണല്ലോ…. അതേ പോലെ തന്നെ ഉള്ളില്‍ ചില്ലുപൊടി പോലത്തെ സാധനങ്ങള്‍ ഇട്ട് വരുന്ന ടൂത്ത്പേസ്റ്റ്. എന്റെ ഒരു ലോജിക് വെച്ച് നോക്കിയിട്ട് വെള്ള കോള്‍ഗേറ്റോ പെപ്സൊഡെന്റോ ആയിരിക്കും ബെസ്റ്റ്.
സംഭവം Crest ആയിരുന്നു. ഉള്ളിൽ ചില്ലുപൊടി ഉള്ളതു തന്നെ. പല പേസ്റ്റുകൾ ഉപയോഗിച്ചു പരീക്ഷിക്കാനുള്ള ശാസ്ത്രകുതുകമൊന്നും എനിക്കില്ലെന്നു കൂട്ടിക്കോളൂ. വിശാഖിനു സയൻസ് പ്രോജക്ടിനു് ഒന്നും കിട്ടിയില്ലെങ്കിൽ ശ്രമിച്ചു നോക്കാം.
ഓ. ടോ. പണ്ടു് ഏതോ ഒരു ബ്ലോഗിൽ വന്നിൽ ഒരു സംഭാഷണം:
ഇഞ്ചി: “ഒരേ പേസ്റ്റു തന്നെ എന്നും ഉപയോഗിക്കുന്നതാണു പല്ലിന്റെ ആരോഗ്യത്തിനു നല്ലതു് എന്നു പറയുന്നതു ശരിയാണോ?”
വക്കാരി: “ഏയ് അല്ല. എക്സ്പയറി ഡേറ്റു കഴിയുമ്പോൾ വേറേ പേസ്റ്റ് ഉപയോഗിക്കണം…”
സുനിൽ കൃഷ്ണൻ | 11-Aug-09 at 7:57 am | Permalink
ഉമേഷ്ജീ,
നല്ല രസികൻ വിവരണം.ഇതു തന്നെയാണു ഇവിടെ ചെന്നൈയിൽ എന്റെ വീട്ടിലും.കമ്പ്യൂട്ടർ മോനിട്ടറിൽ അധികം പണിതില്ലെങ്കിലും ടി.വി വിട്ടില്ല.അതു മുഴുവൻ ഇപ്പോൾ “കുഞ്ഞാപ്പുവിന്റെ പെയിന്റിംഗ് പോലെയാണ്.പിന്നെ വീടിന്റെ ഭിത്തികൾ മുഴുവൻ ആദ്യമുണ്ടായിരുന്ന നിറം ഏതാണെന്ന് തിരിച്ചറിയാനാവാത്ത വിധത്തിലും.”രാജാ രവി വർമ്മയും” ഇങ്ങനെ ഒക്കെ ആയിരുന്നു എന്നു കേട്ടിട്ടുള്ളതുകൊണ്ടും സമാധാനപരമായ കുടുംബ ജീവിതത്തിൽ തൽപ്പരനായതുകൊണ്ടും ഭിത്തി ഞാൻ അവൾക്ക് വിട്ടു കൊടുത്തിരിയ്ക്കുകയാണ്.
പിന്നെ, ടൂത്ത് പേസ്റ്റിന്റെ കാര്യം.സംഗതി സത്യം.അതിലുള്ള നോൺ അയോണിക് സർഫാക്ടന്റ്(non ionic surfactant)ആണു ഈ നിറങ്ങളെ മായ്ചു കളയുന്നത്.
അതു ശരി, അപ്പോൾ അതാണു കാര്യം, അല്ലേ? വിവരത്തിനു നന്ദി.
ഓ.ടോ: എന്റെ സുഹൃത്തേ , ഒരു കമന്റിടണമെങ്കിൽ എത്ര കടമ്പകൾ കടക്കണം.പേര്,ഇ.മെയിൽ , അവസാനം സെക്യൂരിറ്റി കോഡ്…ഹോ…!
അതു ശരി. അപ്പോൾ ഈ വഴി വരവൊന്നുമില്ല, അല്ലേ?
കമന്റിടാൻ ലോഗിൻ ചെയ്യാനുള്ള സംവിധാനം മനഃപൂർവ്വം ചെയ്തിട്ടില്ല. ഇതെങ്കിലും ചെയ്തില്ലെങ്കിൽ സ്പാമരനാം പാട്ടുകാർ വരിവരിയായി എത്തും. അതു കൊണ്ടാ…
ദേവന് | 11-Aug-09 at 9:42 am | Permalink
Moorthy | 10-Aug-09 at 7:59 pm >>പ്രാകൃതം മായിച്ചോനേ…:)
ഹെന്റമ്മോ! ഇതാണണ്ണാ കമന്റ്
(പോസ്റ്റിനു കമന്റ് ഇടും മുന്നേ കമന്റിനിടാന് തോന്നി.)
യാരിദ്|~|Yarid | 11-Aug-09 at 4:29 pm | Permalink
രാജു ഇരിങ്ങലിനു അതിന്റിടയിൽ കൂടി ഒരു കൊട്ടു കൂടി കൊടുത്തു അല്ലെ..;)
Ashly A K | 12-Aug-09 at 5:07 am | Permalink
Nice narration, liked it so much !!!
എന്തായാലും കിച്ചു തെന്നെ വഴിയും കാണിച്ചു തനല്ലോ.
കുഞ്ഞപ്പു പെയിന്റിംഗ് വായിച്ചപ്പോള്‍ ആ ബുക്ക് വീണ്ടും വായിക്കാന്‍ തോനുന്നു. പണ്ട് വായിച്ചു തലയും കുത്തി നിന്നതാ
visalamanaskan | 12-Aug-09 at 7:42 am | Permalink
‘എല്ലാം മായും.. മായും‘ എന്ന് ബാബയില്‍ രജനീകാന്ത് ചുമ്മാതാണോ പാടിയെ?
സംഭവം നിര്‍ത്തി പൊരിച്ചു. 🙂
“Moorthy | 10-Aug-09 at 7:59 pm >>പ്രാകൃതം മായിച്ചോനേ…:) “ ഇതിനൊരു കയ്യടി കൊടുക്കാതിരിക്ക വയ്യ.
ബിനോയ് | 12-Aug-09 at 10:00 am | Permalink
മക്കളോട് കുറച്ചുകൂടി ബഹുമാനമാകാം എന്ന് മനസ്സിലായില്ലേ ഉമേഷ്ജീ :)))
കരിങ്കല്ല് | 12-Aug-09 at 6:36 pm | Permalink
അങ്ങനെയൊക്കെ വിദ്യകളുണ്ടല്ലേ…
ബൈ ദ വേ…. ഈമാക്സാണല്ലേ… ഒരെട്ടു കൊല്ലമായി ഞാന്‍ വിമ്മിഷ്ടപ്പെടുന്നു (100%) 😉
ഹഹഹ, ആ “വിമ്മിഷ്ടപ്പെട്ടു” കലക്കി.
ഇതാ ഇപ്പൊ ഈമാക്സൊന്നു പൊടി തട്ടിയെടുത്താലോന്നൊരാലോചന.
muralee mukundan | 13-Aug-09 at 12:07 pm | Permalink
വത്യസ്തമായ പോസ്റ്റ്..
ആശംസകള്‍..
Aravind | 13-Aug-09 at 12:57 pm | Permalink
നല്ല രസികന്‍ വിവരണം ഉമേഷ്ജീ…കുലുങ്ങി ചിരിച്ചു! (ഇരിക്കുന്ന ചെയ്യറിന്റെ ഒരു വീല്‍ പോയതാ)
എങ്കിലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. ഞാന്‍ മാത്രമല്ലല്ലോ ഇങ്ങനെ കുഞ്ഞുങ്ങളുടെ കൈയ്യില്‍ നിന്ന് പീഢനമേറ്റ് വേദനിക്കുന്ന പിതാവ് എന്നോര്‍ത്ത്.
അച്യുതനും വയസ്സ് രണ്ട് കഴിഞ്ഞതേയുള്ളൂ. കിച്ചുവിനെ പോലെ അച്ചുവിനും വര വീക്കെനെസ്സ് ആണ്. വീടിന്റെ ഭിത്തി നല്ല വെള്ള പെയിന്റ് ആയിരുന്നു. ഇപ്പോള്‍ വളരെ വര്‍ണ്ണശബളമാണ്. ഇന്നലെ കൂടി നെടുവീര്‍പ്പിട്ടുകൊണ്ട് ചുമരിലേക്ക് നോക്കി ഞാന്‍ ശ്രീമതിയോട് പറഞ്ഞു “നമ്മടെ വീട്ടിലേ ഇതൊക്കെ നടക്കൂ” എന്ന്. ഇപ്പോള്‍ എന്തോ ഒരാശ്വാസം.
അല്ല അച്ചുവിനെ കുറ്റം പറയാന്‍ പറ്റില്ല..ഒരോ പ്രാവശ്യവും ഷോപ്പിംഗിനു പോകുമ്പോള്‍ ഞാന്‍ മാര്‍ക്കറോ കളറോ എന്തെങ്കിലും വാങ്ങും. പേപ്പറും ഒരു വൈറ്റ് ബോര്‍ഡും വരെ വാങ്ങി കൊടുത്തു. പേപ്പറില്‍ കുത്തി വരച്ചു തള്ളുന്നത് കണ്ടാല്‍ നമ്മുടെ കണ്ണു തള്ളും. പേപ്പര്‍ സപ്ലൈ ചെയ്യാന്‍ ഒരു വനം നട്ടു പിടിപ്പിക്കേണ്ടി വരും. അതു കൊണ്ട് ചെറിയ ഒരു വൈറ്റ് ബോര്‍ഡ് വാങ്ങി. അതിന്റെ വെളുത്ത പുറത്ത് മാത്രം അച്ചു വരക്കില്ല. തിരിച്ചിട്ട് പിന്നിലെ കാര്ബോര്ഡില് ആണു വര. അപ്പോള്‍ കുറേ കാര്പ്പെറ്റിലും ആകും. ഒത്തിരി ആലോചിച്ചിട്ടാണ് അതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയത്. വെളുത്ത പുറത്ത് വരക്കുന്ന ഉദാത്ത കുത്തി വരകള്‍ കൈയ്യൊന്നു തൊട്ടാല്‍ പോലും മാഞ്ഞു പോകുമല്ലോ.
അതൊക്കെ പോകട്ടെ, സോഫയുടെ കാര്യമാണ് ഏറ്റവും പരിതാപകരം.
ഒരു ലക്ഷത്തിനടുത്ത് (രൂപാ മൂല്യത്തില്‍, അല്പം പൊങ്ങച്ചം ഇരിക്കട്ടെ) വിലയുള്ള ലതര്‍ സോഫയാണ്. നല്ല ക്രീം നിറവും. നമ്മടെ തമനു പണ്ട് ഞാന്‍ പോസ്റ്റിയ ഒരു ഫോട്ടോയില്‍ ആ സോഫയുടെ മൂല കണ്ടിട്ട് ഹോ എന്നാ സോഫയാ എന്നു പറഞ്ഞ സാധനമാണ് (ങ്ഹാ!). ശ്രീമതിയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ വാങ്ങിയതാണ്. പണ്ടൊക്കെ വീട്ടില്‍ പ്ലാറ്റിക് മെടഞ്ഞ, ഇരുന്നാല്‍ മൂട് തറയില്‍ മുട്ടുന്ന വിധം ഉള്ള ഇരുമ്പ് കസേരയേ ഉണ്ടായിരുന്നുള്ളൂ…ഒരു പൊട്ടത്തരത്തിന് ലെതറ് വാങ്ങി..ഇനി പറഞ്ഞിട്ടെന്ത് കാര്യം.
ഏതായാലും ഇപ്പോള്‍ ക്രീം കളര്‍ മാറി വേറെ പല കളറാണ്. കൈവയ്കുന്നിടത്ത് പച്ച, മൂടിരിക്കുന്നിടത്ത് കറപ്പ് (ആരെങ്കിലും ഇരുന്ന് പുകച്ചതാണോ എന്ന് വരെ വിചാരിക്കാം!), തല വയ്കുന്നിടത്ത് പിങ്ക്..എല്ലാം അച്ചുവിന്റെ കുത്തിവരകള്‍ മായ്കാന്‍ ശ്രമിച്ച് നിറം പടര്ന്നുണ്ടായത്. പോരാഞ്ഞ് ഈ ഇടക്ക് അമ്മ തലയില്‍ ഡൈ തേച്ച് വന്ന് ഒറ്റയിരുത്തം. അധികം പരിക്കില്ലാതെ ഇരുന്ന ഒരു സീറ്റിന്റെ തല ഉയരം നിറം മാറി കിട്ടി. ഞാനോര്‍ത്തു..ഇനി അമ്മയായിട്ടെന്തിനാ..വയസ്സരും കുഞ്ഞുങ്ങളെ പോലെ എന്നല്ലേ..ആനന്ദിക്കട്ടെ.
ഏറ്റവും ഭയങ്കരം റ്റ്യൂബ് പേന വെച്ചുള്ള കുത്തി വരയാണ്. എത്ര ഭയങ്കരമായി തേച്ചാലും പോകില്ല. കടയില്‍ പോകുമ്പോള്‍ സാധനങ്ങളുടെ ലിസ്റ്റ് എഴുതാന്‍ എടുക്കുന്നതാണ്. ഓര്‍ക്കാതെ അവിടെ വയ്കും. പിന്നെ കാണില്ല. അച്ചു നേരെ എടുത്തു കൊണ്ടു പോയി സോഫയില്‍ കവിതയെഴുതും.
ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഹെയര്‍ സ്പ്രേ ബെസ്റ്റ് ആണെന്ന് കണ്ടു. പക്ഷേ വീട്ടില്‍ ഹെയര്‍ സ്പ്രേ ഇല്ല. കക്ഷം സ്പ്രേ മതിയോ ആവോ. അല്പം നെയില്‍ പോളിഷ് റിമൂവര്‍ എടുത്ത് കൊണ്ട് വന്ന് തേച്ചു നോക്കി. മഷി പോകും,പക്ഷേ ലെതറൂം അലിഞ്ഞ് പോകും. അതു കൊണ്ട് നിര്‍ത്തി.
വയറിളക്കം പിടിച്ചവനു നടു വെട്ടി ഇരിക്കാനും മേല എന്ന അവസ്ഥയില്‍ ആയി അച്ചുവിന് ഒരു ഷൂ വാങ്ങി കൊടുത്തപ്പോള്‍. റീബോക്. ഉഗ്രന്‍ സോള്‍ ആണ്. ഒരു തൊഴി കിട്ടിയാല്‍ കിട്ടിയ പോലെ ഇരിക്കും. പക്ഷേ അതല്ല പ്രശ്നം..ഓടി വന്ന് സോഫയിലേക്ക് ഒരു ഡൈവാണ്. പിന്നെ കയറി നിന്ന് ജംപിങ്ങ് കാസില്‍! രണ്ടിടത്ത് ചെറിയ കീറലുകള്‍ കണ്ടപ്പോഴേ റീബോക്കിന്റെ സോള്‍ ക്വാളിറ്റി ശരിക്കും മനസ്സിലായുള്ളൂ.
കഴിഞ്ഞ ആഴ്ച അച്ചു റ്റി വി റീമോട്ടെടുത്ത് വലിച്ചെറിഞ്ഞു സോഫക്കടിയില്‍ കയറി പോയി. അതെടുക്കാന്‍ സോഫ മാറ്റിയപ്പോഴാണ് കണ്ടത്..ഒരു സൈഡില്‍ നല്ല ഒരു നീളന്‍ കീറല്‍. അന്വേഷിച്ചപ്പോള്‍ പ്രതി മെയിഡാണെന്ന് മനസ്സിലായി. മഷി തുടക്കാന്‍ ശ്രമിച്ച് ഒരു സൈഡില്‍ ഉരച്ചപ്പോള്‍ ഈ സൈഡ് മേശയുടെ സൈഡീല്‍ കൊണ്ട് അറിയാതെ കീറിയതാണെത്രേ. എന്റെ നെഞ്ചത്തോട്ട് കയറിയിരുന്ന് ഉരക്കെടീ എന്ന് പറയാന്‍ തോന്നിയതായിരുന്നു..പിന്നെ ശ്രീമതി കേട്ടാല്‍ എന്തു വിചാരിക്കും എന്നു കരുതി പറഞ്ഞില്ല.
കാറിലും വരച്ചു പഠിക്കാം എന്നവന് ഇതു വരെ കത്തിയിട്ടില്ല. ഇനി എന്നാണാവോ കാറ് കെ.എസ്.അര്.ട്ടി.സി ബസ്സ് പോലെ ആവുന്നത്.
കിച്ചു എങ്ങനെ ഭയങ്കര വയലന്റ് ആണോ? അച്ചുവിനെ കൊണ്ട് ഒരു രക്ഷയുമില്ല. ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ അടി കിട്ടി മുഖം വീങ്ങി. അവന്റെ അസ്ഥാനത്തുള്ള ഇടി കാരണം ഇനി എനിക്ക് ഒരു കുഞ്ഞുണ്ടാകുമോ എന്നു വരെ എനിക്ക് ചിലപ്പോള്‍ സംശയമാണ് (touch wood). അവനെ ബേസ് ബോള്‍ പഠിപ്പിക്കാം എന്നു കരുതി ഒരു ബാറ്റ് വാങ്ങി കൊണ്ടു വന്നു. പലപ്പോഴും എന്നെ ഓടിച്ചിട്ടാണ് അതു വെച്ച് അടി. തിരിച്ച് രണ്ടെണ്ണം കൊടുക്കാന്‍ പറ്റ്വോ? അടിച്ച് മതിയായാല്‍ കണ്ണു പൂട്ടി ഒരൊറ്റ ഏറാണ്..അതു താഴെ വീണ് ഒന്നും പൊട്ടാതിരിക്കാന്‍ പിന്നെ ഞാന്‍ പിടിക്കാന്‍ ഓടണം. രണ്ട് സ്പോഞ്ചിന്റെ വാള് വാങ്ങിയെങ്കിലും അത് വെച്ച് എനിക്കിട്ട് പെരുക്കാന്‍ ഒരു സുഖമില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു, മൈന്‍ഡില്ല. വേദന അഭിനയിക്കാന്‍ ഞാന്‍ പണ്ടെ വീക്കാ.
ഏതായാലും കൊള്ളാം. I am enjoying it, I am sure you too are. 🙂
പറഞ്ഞു കേട്ടിടത്തോളം അച്ചുവിന്റെയും അച്ചുവിന്റെ അമ്മൂമ്മയുടെയും (വയസ്സുകാലത്തും ഡൈ ചെയ്താണോ നടപ്പു്?) ഏഴയലത്തു വരില്ല കിച്ചു എന്നു തോന്നുന്നു. അരവിന്ദന്റെ ഭാര്യയെ സമ്മതിക്കണം!
ഇതൊരു പോസ്റ്റാക്കിക്കൂടേ അരവിന്ദാ?
cALviN::കാല്വിന് | 13-Aug-09 at 2:38 pm | Permalink
അരവിന്ദ് ഉമേഷ് പ്രഭൃതികളെ,
“നിന്നെപ്പോലൊരു ആൺകുട്ടി എന്നെങ്കിലും നിനക്കും ഉണ്ടാകും“ എന്ന് വീട്ടുകാർ പ്രാർഥിച്ചിരുന്നോ? ഒന്നു ഓർത്ത് നോക്കിക്കേ ?
😀
ദൈവം | 15-Aug-09 at 5:41 am | Permalink
ജീവിതസാഹചര്യങ്ങൾ മനുഷ്യനെക്കൊണ്ടു ചെയ്യിക്കുന്ന ഓരോരോ കാര്യങ്ങൾ!
കലേഷ് | 16-Aug-09 at 9:39 am | Permalink
ഉമേഷേട്ടന്റെയും അരവിന്ദന്റെയും രസികന്‍ വിവരണങ്ങള്‍!
സത്യം പറഞ്ഞാല്‍ എനിക്ക് ആശ്വാസം തോന്നുന്നു…
Jayarajan | 17-Aug-09 at 3:22 am | Permalink
ഹ ഹ രസികന്‍! 🙂
Adithyan | 17-Aug-09 at 11:55 am | Permalink
കരിങ്കല്ലേ, വിഷ്ടപ്പെട്ടു കഴിഞ്ഞാണോ വിമ്മിഷ്ടപ്പെട്ടു തുടങ്ങിയതു? 🙂
ഹഹഹ, ആ “വിഷ്ടപ്പെട്ടു” കലക്കി.
Umesh:ഉമേഷ് | 17-Aug-09 at 2:29 pm | Permalink
കമന്റിട്ട എല്ലാവർക്കും നന്ദി. രണ്ടു മൂന്നു ദിവസമായി ഇവിടെ വരാനൊന്നും സാധിച്ചില്ല. അഞ്ചാറു പേർക്കു് അവിടെത്തന്നെ മറുപടി ഇട്ടിട്ടുണ്ടു്.
P.C.MADHURAJ | 18-Aug-09 at 5:49 pm | Permalink
“തായാട്ടു കാട്ടുന്ന ശിശുക്കളെത്താന്‍
താഡിച്ചു ശിക്ഷിച്ചു വളര്‍ത്തിടേണം “എന്നു ശ്ലോകവും ചൊല്ലി ഇനി മകനെ ഉരലിലൊന്നും കെട്ടിയിടരുതേ .
അനോണിമസ് ഓപ്ഷനുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ കമന്റ് അയാളുടെ പേരില്‍ ഇടുമായിരുന്നു!
പിന്നെയേ,
“കമന്റിടാൻ ലോഗിൻ ചെയ്യാനുള്ള സംവിധാനം മനഃപൂർവ്വം ചെയ്തിട്ടില്ല. ഇതെങ്കിലും ചെയ്തില്ലെങ്കിൽ സ്പാമരനാം പാട്ടുകാർ വരിവരിയായി എത്തും. അതു കൊണ്ടാ… ” എന്നെഴുതിയതില്‍ “അതു” എന്നു കഴിഞ്ഞ് സ്പേസ് വേണ്ട!
“കൊണ്ടാ” എന്നു പറഞ്ഞാല്‍ കൊണ്ടുവാ എന്നാണര്‍ഥം ചിലേടം.
കുറെക്കാലമായി കണ്ടിട്ട്. കമണ്ടി മണ്ടാം.
ഇടിവാള്‍ | 19-Aug-09 at 2:42 pm | Permalink
പോസ്റ്റ് കലക്കി. പോസ്റ്റിന്റെ പേരു കൊളക്കി (കൊളമാക്കീന്ന്)
കബി ഗുശി കബി ഗം നെ കെ-3-ജി ആക്ക്യ പോലെ AKKT എന്നു വല്ലോം ആക്ക് 🙂
Joshy | 23-Aug-09 at 5:39 pm | Permalink
1. ബ്ലോഗ് ഫോളോ ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? പുതിയ പോസ്റ്റു വന്നിട്ട് കണ്ടതു ഇന്നാണ്. കുറഞ്ഞതു ഫോളോ ചെയ്യുന്നവർക്കോക്കെ ഒരു ഈ-മെയിൽ അറിയിപ്പെങ്കിലും കിട്ടിയിരുന്നെങ്കിൽ, അതിനൊരർത്ഥമുണ്ടായേനേ..
2. മാർക്കറൊക്കെ സാരമില്ല, പേസ്റ്റിട്ടായാലും മായിക്കാം…ബോൾപോയന്റുപേനകൊണ്ടുള്ള കലാവിരുതാണിവിടെ. അതും ചുവരിൽ. അത്രേം ഭാഗത്തു കുഴിയും മഷിയും..പെയിന്റ് ചെയ്താൽ പോലും മാർക്ക് കിടക്കും. എന്താ ചെയ്ക !
3. മാർക്കർ മായിക്കുവാൻ ആൽക്കഹോൾ ബെയിസ്ഡ് റിമൂവേർസ് ആണ് സുരക്ഷിതം. അതു സാധാരണ പ്രതലങ്ങളെ നശിപ്പിക്കില്ല. അസെറ്റോൺ (acetone) നന്നായി സ്റ്റെയിൻ മായിക്കുമെങ്കിലും ചില പ്രതലങ്ങളെ അതു കേടാക്കും (വെളുക്കാൻ തേച്ചതു പാണ്ടാവും എന്നർത്ഥം). ആൽക്കഹോളിൽ തന്നെ ഐസൊപ്രൊപനോൾ ആണ് അത്യുത്തമം (മിക്കവാറും വാണിജ്യാടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റെയിൻ റിമൂവറുകളുടെ ഒരു പ്രധാനഘടകം ആണിതു്; നേരത്തെ പറഞ്ഞ റബ്ബിങ്ങ് ആൽകഹോളിന്റെ പ്രധാന ഘടകവും ഇതു തന്നെ). കമ്പ്യൂട്ടർ, സെൽഫോൺ തുടങ്ങി ഇലക്ട്രോണിക് സാധനങ്ങൾ ക്ലീൻ ചെയ്യാനും ഐസോപ്രൊപനോൾ നല്ലതാണ്.
evuraan | 24-Aug-09 at 9:17 pm | Permalink
രസകരം. (ഇന്നാണു കണ്ടത്)
ഒരു ചെറിയ കറക്ഷന് വേണ്ടി വരും:
മൊബൈൽ ഫോണിൽ ഇന്റർനെറ്റിൽ നിന്നു് ഓഡിയോ/വീഡിയോ ക്ലിപ്പുകൾ ഡൌൺലോഡു ചെയ്തു് കോണ്ടാക്റ്റ്സിൽ ഉള്ളവർക്കൊക്കെ എസ്സെമ്മെസ് അയയ്ക്കാൻ –
u cant send out clips, pics et al with sms – images, audio, video, rich text etc wont go thru sms – images, audio, video, rich text are sent thru MMS.
നിഷ്കളങ്കന് | 31-Aug-09 at 5:22 pm | Permalink
ഉമേഷ്
സുന്ദരന്‍ പോസ്റ്റ്. ഒരേയൊരു മകളുള്ളത് ഇതേപോലോരോന്ന് കാണിക്കുമ്പോള്‍ ക്ഷമകെട്ട് ഒരലര്‍ച്ച അലറുകയാണ് പത്തൊന്‍പതാമത്തെ അടവ്. ടിപ്പിന് നന്ദി.
മര്ത്ത്യന് | 13-Sep-09 at 3:09 pm | Permalink
നന്നായിരിക്കുന്നു; നമ്മുടെ ഗവേഷണ ബുദ്ധി ഗൂഗിളില്‍ മുട്ടി നില്ക്കുമ്പോള് കുട്ടികളിലെ വികൃതികളില്‍ പോലും ആവിഷ്കാരത്തിന്റെ പടവുകള്‍ തേടണം
അതുല്യ | 17-Sep-09 at 1:23 pm | Permalink
ഉമേശേ, എനിക്ക് തോന്നുന്നു, ഫ്ലാറ്റില്‍ വളരുന്ന കുരുന്നുകളാണു വീടുകള്‍ക്കുള്ളില്‍ തന്നെ തല്ലു കൊള്ളിത്തരം കാട്ടൂന്നത്. തൊടിയും പറമ്പും പറമ്പിന്റെ അകത്ത് തന്നെ മറ്റ് ബന്ധു വീടുകളും ഒക്കെ ഉള്ള വീട്ടിലെ കുട്ടികള്‍ വീട്ടിലെ സാധനങ്ങള്‍ തല്ലി പൊട്ടിയ്ക്കുന്നത് കുറവല്ലേ? പറമ്പില്‍ കളിച്ച് മദിച്ച് അവശരായി വീട്ടിലെത്തുമ്പോള്‍ കിടന്നുറങ്ങുന്നത് മാത്രമാണു കാണാറ്.
ചെറിയ കുരുന്നുകള്‍ – ചെറിയ കുറുമ്പുകള്‍
വലിയ ചെക്കന്മാര് (15-20) – വലിയ പേടിപ്പിയ്ക്കുന്ന കുറുമ്പുകള്‍ – ഫോണ്‍ വേണം, ബൈക്ക് വേണം, കൊടൈക്കനാലില്‍ പോണം, കമ്പയിന് സ്റ്റഡീ, രാത്രി മുഴുവന്‍ HBO സിനിമകള്‍, ഉറക്കം മതിയാവാതെ കോളേജില്‍ പോവുക, പൈസയുണ്ടല്ലോ, മേടിച്ച് തന്നാലെന്താ? അഡിഡാസ് ഷൂ മാത്രമാണു നല്ലത്…….. അതും ഉമേഷ്ജിയ്ക്ക് രണ്ട് ആണ്‍കുട്ടികള്‍ ……………ഹ ഹ ഹ ….. ബുഹാഹാആ….
Biby | 20-Sep-09 at 5:07 am | Permalink
Dear Umesh P Nair
Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali’s or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://malayalam.usvishakh.net/blog/
we’ll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we’ll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Maths Blog Team | 24-Sep-09 at 2:10 am | Permalink
Dear umeshji…,
Pls send ur e-mail id to our gmail id ‘mathsekm’
we want ur support.