May 2006

സഫലമീ യാത്ര (ആലാപനം)

പെരിങ്ങോടര്‍ക്കു കൊടുത്ത വാക്കുകളില്‍ ഒന്നു പാലിച്ചിരിക്കുന്നു. ഇതാ “സഫലമീ യാത്ര”:

download MP3

പഴയതുപോലെ ഇപ്പോള്‍ ശ്വാസം നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്നു മനസ്സിലാക്കി. എന്റെ മകന്‍ അതിനിടയില്‍ വന്നു “ഞാനും കൂടി കൂടട്ടേ, ഞാന്‍ മൃദംഗമടിക്കട്ടേ” എന്നൊക്കെ ചോദിച്ചതുകൊണ്ടു് അല്പം പതര്‍ച്ചയുമുണ്ടായി. എങ്കിലും, ചെയ്യാന്‍ പറ്റിയല്ലോ, ഭാഗ്യം!

2006/05/26:

മുകളിലുള്ള ആലാപനം അത്ര ശരിയായില്ല. അല്പം കൂടി ആര്‍ദ്രമാക്കാമായിരുന്നു എന്നാണു് അധികം പേരും അഭിപ്രായപ്പെട്ടതു്. ഇതാ അല്പം കൂടി ആര്‍ദ്രമായ ആലാപനം. ശബ്ദം കുറച്ചപ്പോള്‍ തൊണ്ട വല്ലാതെ ഇടറുന്നു.

download MP3

ആലാപനം (Recital)
ശബ്ദം (Audio)

Comments (20)

Permalink

സംന്യാസി, സന്ന്യാസി, സന്യാസി…

ദുര്‍ഗ്ഗയുടെ എന്ന പോസ്റ്റില്‍ കമന്റെഴുതുമ്പോള്‍ പ്രാപ്ര ഇങ്ങനെ ചോദിച്ചു:

ഉമേഷ്‌ജീ, ഒരു പുസ്തകത്തില്‍ സംന്യാസി എന്ന് ഉപയോഗിച്ച് കണ്ടപ്പോള്‍ ഒരു സംശയം, നമ്മളില്‍ പലരും ഉപയോഗിക്കുന്ന സന്യാസി എന്ന വാക്ക് തെറ്റാണോ എന്ന്. മാഷാണെങ്കില്‍ ഇതു രണ്ടും അല്ലാത്ത സന്ന്യാസി എന്നാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇതു മൂന്നും ശരിയായ പ്രയോഗം ആണോ?
സംസ്കൃതത്തില്‍ ‘സം’ എന്ന്‍ തുടങ്ങുന്ന വേറെയും പല വാക്കുകളും ഉള്ളത് കൊണ്ട് ആ പ്രയോഗം തെറ്റല്ലെന്നൊരു തോന്നല്‍.

അതിന്റെ ഉത്തരം ഇവിടെ എഴുതിയേക്കാം:

സം, ന്യസ്‌ എന്നീ പദങ്ങളില്‍ നിന്നുണ്ടായതുകൊണ്ടു്‌ സംന്യാസി എന്നാണു വാക്കു്‌.

വര്‍ഗ്ഗാക്ഷരങ്ങളുടെ (ക മുതല്‍ മ വരെയുള്ളവ) മുന്നില്‍ അനുസ്വാരം വന്നാല്‍ ആ വര്‍ഗ്ഗത്തിലെ അനുനാസികമായാണു്‌ ഉച്ചരിക്കുക. ഉദാഹരണത്തിനു്‌, ഗംഗ = ഗങ്ഗ, സംജാതം = സഞ്ജാതം, സംതതം = സന്തതം, അംബിക = അമ്‌ബിക എന്നിങ്ങനെ. ബാക്കിയുള്ളവയുടെ മുന്നില്‍ മലയാളികള്‍ (സംസ്കൃതത്തിലും – സംസ്കൃതവാര്‍ത്ത ശ്രദ്ധിക്കുക) ‘മ’യും ഉത്തരേന്ത്യക്കാര്‍ ‘ന’യും ഉച്ചരിക്കുന്നു. ഉദാഹരണത്തിനു്‌, സംസാരം = സമ്‌സാരം (മലയാളി), സന്‍സാര്‍ (ഹിന്ദിക്കാരന്‍).

അപ്പോള്‍ സംന്യാസി = സന്ന്യാസി എന്നു മനസ്സിലായല്ലോ. രണ്ടും ശരിയാണു്.

പിന്നെ, സന്യാസി എന്നെഴുതിയാലും നാം ഉച്ചരിക്കുന്നതു്‌ സന്ന്യാസി എന്നാണല്ലോ. (കൂട്ടക്ഷരത്തിന്റെ ആദ്യത്തെ വ്യഞ്ജനം മിക്കവാറും ഇരട്ടിക്കും.) അതുകൊണ്ടു്‌ സന്യാസി എന്നു പോരേ എന്ന വാദവുമുണ്ടു്‌. ഈ വാദത്തിന്റെ അങ്ങേയറ്റമാണു്‌ ‘ദേശാഭിമാനി’യില്‍ കാണുന്ന വാര്‍ത, പാര്‍ടി തുടങ്ങിയ വാക്കുകള്‍.

സാധാരണയായി, കൂട്ടക്ഷരങ്ങളുള്ളിടത്തു്‌ ഉച്ചാരണം കൊണ്ടു മാത്രമല്ല, ഘടന കൊണ്ടും ദ്വിത്വമുണ്ടെങ്കില്‍ ഇരട്ടിച്ചു തന്നെ എഴുതാറുണ്ടു്‌. അങ്ങനെ സന്ന്യാസി, തത്ത്വം, മഹത്ത്വം തുടങ്ങിയവ ഇരട്ടിച്ചെഴുതുന്നു. (കവിത്വത്തിനും ദ്വിത്വത്തിനും ഇതു വേണ്ട.)

പിന്നെ, സന്യാസി, തത്വം, മഹത്വം എന്നിങ്ങനെ ധാരാളം എഴുതിക്കാണാറുണ്ടു്‌. അച്ചു ലാഭിക്കാന്‍ അച്ചടിക്കാര്‍ നടപ്പാക്കിയ വഴി. സിബുവിന്റെയും രാജേഷിന്റെയും acceptance theory അനുസരിച്ചു്‌ അവയും ശരിയാണു്‌. പക്ഷേ മറ്റവയാണു ശരിയെന്നു പറയാനാണു്‌ എനിക്കിഷ്ടം.

വ്യാകരണം (Grammar)

Comments (30)

Permalink

കഷ്ടം ഗൃഹസ്ഥാശ്രമം!

അക്ഷരശ്ലോകസദസ്സിനു വേണ്ടി എഴുതിയ മറ്റൊരു ശ്ലോകം:


കേഴും കുട്ടികള്‍, വൃത്തികെട്ട തൊടിയും, ചോരുന്ന മ, ച്ചെപ്പൊഴും
വാഴും മൂട്ടകളുള്ള ശയ്യ, പുക മൂടീടുന്ന വീട്ടിന്നകം,
പോഴത്തം പറയുന്ന ഭാര്യ, കലിയാല്‍ തുള്ളുന്ന കാന്തന്‍, തണു-
പ്പാഴും വെള്ളമഹോ കുളിപ്പതിനു – ഹാ കഷ്ടം ഗൃഹസ്ഥാശ്രമം!

ഇതു്‌ താഴെക്കൊടുക്കുന്ന സംസ്കൃതശ്ലോകത്തിന്റെ പരിഭാഷയാണു്‌.


ക്രോശന്തഃ ശിശവഃ, സവാരിസദനം, പങ്കാവൃതം ചാങ്കണം,
ശയ്യാ ദംശവതീ ച രൂക്ഷമശനം, ധൂമേന പൂര്‍ണ്ണം ഗൃഹം,
ഭാര്യാ നിഷ്ഠുരഭാഷിണീ, പ്രഭുരപി ക്രോധേന പൂര്‍ണ്ണഃ സദാ
സ്നാനം ശീതളവാരിണാഹി സതതം — ധിഗ്‌ ധിഗ്‌ ഗൃഹസ്ഥാശ്രമം!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (11)

Permalink

കല്യാണം പഞ്ചേന്ദ്രിയാകര്‍ഷണം!

കലേഷിന്റെ കല്യാണമൊക്കെ പൊടിപൊടിക്കാന്‍ പോവുകയാണല്ലോ. ലൈവ്‌ അപ്ഡേറ്റും കിട്ടുന്നുണ്ടു്‌. ഇതുപോലെ ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഒരു വിവാഹം ചാള്‍സ്‌ – ഡയാന സംഭവത്തിനു ശേഷം ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.

നാട്ടിലെ വിവാഹത്തെപ്പറ്റി പറഞ്ഞപ്പോള്‍ പണ്ടു്‌ അക്ഷരശ്ലോകസദസ്സില്‍ “ഛ” എന്ന അക്ഷരം വന്നപ്പോള്‍ എഴുതിയ ഈ ശ്ലോകം ഓര്‍മ്മവന്നു.


ഛായാഗ്രാഹകപൃഷ്ഠദര്‍ശന, മലര്‍ച്ചെണ്ടിന്റെ ചീയും മണം,
തീയൊക്കും വെയിലത്തു മേനികള്‍ വിയര്‍ത്തീടുന്നതില്‍ സ്പര്‍ശനം,
മായം ചേര്‍ത്തൊരു ഭക്ഷണം, ചെകിടടച്ചീടും വിധം ഭാഷണം,
നായന്മാര്‍ക്കു വിവാഹഘോഷണ, മഹോ! പഞ്ചേന്ദ്രിയാകര്‍ഷണം!

“നായന്മാര്‍ക്കു്‌” എന്നതു ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ചേര്‍ത്തതാണു്‌. എല്ലാവരുടെയും കല്യാണം കണക്കു തന്നെ.

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (3)

Permalink