ഉത്തമഭാര്യ
കാര്യേഷു മന്ത്രീ കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷട്‌കര്‍മ്മനാരീ കുലധര്‍മ്മപത്നീ
ആറു വിധത്തിലുള്ള സ്ത്രീ (ഷട്‌കര്‍മ്മനാരീ) ആണു കുലത്തിലെ ധര്‍മ്മപത്നി എന്നാണു പറയുന്നതു്. ഈ ആറു കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം:
- കാര്യേഷു മന്ത്രീ: കാര്യങ്ങളില്‍ മന്ത്രിയെപ്പോലെയായിരിക്കണം. കാര്യങ്ങളെപ്പറ്റി വേണ്ടതുപോലെ ആലോചിച്ചു് രാജാവിനു നല്ല ഉപദേശം കൊടുക്കുന്ന പഴയ കാലത്തെ മന്ത്രി.
- കരണേഷു ദാസീ: പ്രവൃത്തികളില്‍ ദാസിയെപ്പോലെ. വേണ്ട കാര്യങ്ങള്‍ അറിഞ്ഞും കണ്ടും ചെയ്യുന്ന കഠിനാദ്ധ്വാനിയായ ദാസി.
- രൂപേഷു ലക്ഷ്മീ: രൂപം ലക്ഷ്മീദേവിയെപ്പോലെയായിരിക്കണം. ഐശ്വര്യമുണ്ടായിരിക്കണം എന്നര്‍ത്ഥം.
- ക്ഷമയാ ധരിത്രീ: ഭൂമിയെപ്പോലെ ക്ഷമയുണ്ടായിരിക്കണം. ചവിട്ടും തുപ്പുമൊക്കെ ഏറ്റിട്ടും എല്ലാവരെയും താങ്ങുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്ന ഭൂമി.
- സ്നേഹേഷു മാതാ: സ്നേഹത്തില്‍ അമ്മയെപ്പോലെയാവണം. നിസ്വാര്‍ത്ഥമായ സ്നേഹം.
- ശയനേഷു വേശ്യാ: കിടപ്പറയില്‍ വേശ്യയെപ്പോലെയാവണം. കാമകലകളില്‍ നിഷ്ണാതയായ, പുരുഷനെ
സുഖിപ്പിക്കുക എന്ന കാര്യത്തില്‍ ഏകാഗ്രതയോടെ ശ്രദ്ധ ചെലുത്തുന്ന, പഴയ കാലത്തെ വേശ്യ.
“പൂമുഖവാതിലില്‍ സ്നേഹം വിടര്‍ത്തുന്ന…” എന്ന സിനിമാഗാനത്തിലെ
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ
എന്ന ഭാഗം എവിടെ നിന്നു കിട്ടി എന്നു് ഇപ്പോള്‍ മനസ്സിലായല്ലോ.
ഇപ്പോഴത്തെ ഭൂരിഭാഗം ഭാര്യമാര്‍ക്കും ഈ ലക്ഷണം ബാധകമാണു് എന്നു പറയാം. നോക്കുക:
- കാര്യേഷു മന്ത്രീ: കാര്യങ്ങളില്‍ മന്ത്രിയെപ്പോലെ. കാര്യം കാണാന്‍ ചിരിച്ചും തൊഴുതും കാണിക്കുകയും, പിന്നെ അടുത്ത കാര്യം വരെയും കണ്ട ഭാവം നടിക്കാതിരിക്കുകയും ചെയ്യുന്ന, ഖജനാവു കാലിയാക്കാന്‍ വിരുതേറിയ, ഇന്നത്തെ മന്ത്രി.
- കരണേഷു ദാസീ: പ്രവൃത്തികളില്‍ ദാസിയെപ്പോലെ. എന്തു ചെയ്താലും പ്രതിഫലം ചോദിക്കും. ഓണത്തിനും വിഷുവിനും വാലന്റൈന്‍ ഡേയ്ക്കുമൊക്കെ സമ്മാനങ്ങളും വേണം.
- രൂപേഷു ലക്ഷ്മീ: രൂപത്തില്‍ ലക്ഷ്മി. ഏതു ലക്ഷ്മി എന്നു ചോദിച്ചാല്‍ മതി. മീന്‍കാരി കുഞ്ഞുലക്ഷ്മിയോ, നൊസ്സിളകിയ ലക്ഷ്മിക്കുട്ടിയമ്മയോ…
- ക്ഷമയാ ധരിത്രീ: ഭൂമിയെപ്പോലെ ക്ഷമ. അതേ, സുനാമിയും ഭൂകമ്പവും അഗ്നിപര്‍വ്വതവും കത്രീനയും റീത്തയുമൊക്കെ തരുന്ന ഭൂമി തന്നെ.
- സ്നേഹേഷു മാതാ: അമ്മയെപ്പോലെ സ്നേഹം. ഈ അമ്മയെപ്പോലെ. ഈ അമ്മയെപ്പോലെയും.
- ശയനേഷു വേശ്യാ: കിടപ്പറയില്‍ വേശ്യയെപ്പോലെ. “വേഗം കാര്യം കഴിച്ചിട്ടു് എഴുനേറ്റു പോഡേ…” എന്ന മട്ടു്.
സ്ത്രീവായനക്കാര്‍ തല്ലാന്‍ വരല്ലേ… തമാശയാണേ…