July 2006

പുഴ.കോമിലെ മകരസംക്രമഫലം – ഒരു വിശകലനം

എന്റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ പെരിങ്ങോടന്‍ (രാജ് നായര്‍) പുഴ.കോമിലെ ഡോ. കെ. ദിവാകരന്റെ പ്രവചനത്തെപ്പറ്റി ഒരു കമന്റ് ഇട്ടിരുന്നു. ഇന്നാണു് അതു മുഴുവനും വായിക്കാന്‍ കഴിഞ്ഞതു്. കുറേ പ്രവചനങ്ങളുണ്ടു്. നമുക്കു് ജനുവരിയില്‍ പ്രവചിച്ച ഇക്കൊല്ലത്തെ ഫലം ഒന്നു നോക്കാം.

(ഏതായാലും പുഴ.കോമിലെ ജ്യോതിഷത്തിന്റെ പേജില്‍ പോയാല്‍ ഈ പ്രവചനമൊക്കെ New എന്നു പറഞ്ഞാണു കാണുന്നതു്. ഓ വിവരമില്ലാത്ത കമ്പ്യൂട്ടര്‍ പോസ്റ്റു ചെയ്ത ദിവസം നോക്കിയിടുന്ന ലേബലാണല്ലോ അതു്, ജനുവരിയില്‍ത്തന്നെ പ്രവചിച്ചിരുന്നു, അല്ലേ?)

ഉള്ളതു് ഉള്ളതുപോലെ പറയണമല്ലോ. ഗണിതക്രിയകളൊക്കെ കിറുകൃത്യം. ആധുനികരീതികളാണുപയോഗിച്ചിരിക്കുന്നതെന്നു മനസ്സിലായി. കാരണം, ഞാന്‍ ഉണ്ടാക്കിയ പഞ്ചാംഗവുമായി ഒത്തുപോകുന്നുണ്ടു്.

ഇതില്‍ ഗവേഷണം നടത്തണമെന്നു് ആഗ്രഹിക്കുന്ന ആളുകള്‍ ദയവായി ആലുവയ്ക്കു വേണ്ടി ഞാന്‍ കണക്കു കൂട്ടിയ പഞ്ചാംഗം (അതു് ഇവിടെ ഉണ്ടു്.) വേറെ ഒരു വിന്‍‌ഡോയില്‍ തുറന്നു വയ്ക്കുക. ഞാന്‍ ഇനി പേജ് നമ്പര്‍ പറയുന്നതു് ആ പുസ്തകത്തില്‍ നിന്നാണു്.

നമുക്കു പ്രവചനങ്ങളിലേക്കു കടക്കാം. പൂര്‍ണ്ണമായി ശരിയായതു പച്ച നിറത്തിലും തെറ്റിയതു ചുവപ്പു നിറത്തിലും കൊടുത്തിരിക്കുന്നു. ശരിയായോ എന്നു പരിശോധിക്കേണ്ടാത്ത കാര്യങ്ങള്‍ ഈ നിറത്തിലും. ഓരോ പ്രവചനത്തിന്റെയും കാലം കഴിഞ്ഞാല്‍ ഈ നിറങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.

പുണര്‍തം നക്ഷത്രം വൈധുതനാമ നിത്യയോഗം

മകരസംക്രമം രാഷ്‌ട്രീയ പഞ്ചാംഗത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. സൂര്യന്‍ ധനുരാശിയില്‍നിന്ന്‌ മകരം രാശിയിലേക്ക്‌ സംക്രമിക്കുന്നു. സമയത്തെ ഗൃഹനിലയനുസരിച്ച്‌ ലോകത്ത്‌ 1181-ല്‍ എന്തെല്ലാം സംഭവിക്കുമെന്നത്‌ പ്രവചിക്കാം. 14-1-2006 പകല്‍ 11 മണി 54 മിനിറ്റ്‌ ഈ വര്‍ഷത്തെ മകര സംക്രമം. അതനുസരിച്ച്‌ ശനിയാഴ്‌ചയും പൗര്‍ണ്ണമി തിഥിയും പുണര്‍തം നക്ഷത്രവും സിംഹക്കരണവും ചേര്‍ന്ന ശുഭദിനേ മിഥുനകൂറില്‍ ചന്ദ്രന്‍ നിന്ന സമയം മീതെ ലഗ്നം കൊണ്ടാണ്‌ മകര സംക്രമണം സംഭവിക്കുന്നത്‌. സൂര്യന്റെ സ്ഥിതി ഒരു രാജ്യത്തെ ഭരണത്തെ സൂചിപ്പിക്കുന്നു. സൂര്യന്‍, ശനി വക്രഗതിയോടുകൂടി പൂയം നക്ഷത്രത്തില്‍ കര്‍ക്കടകം രാശിയില്‍ ചൊവ്വയുടെ യോഗത്തില്‍ സ്ഥിതി ചെയ്യുന്നു.

പേജ് 10 നോക്കുക. ഏറ്റവും മുകളില്‍ മകരസംക്രമത്തിന്റെ സമയം കൊടുത്തിട്ടുണ്ടു്. 11:53. ഒരു മിനിട്ടിന്റെ വ്യത്യാസം. ത്രൈരാശികം ചെയ്തു കണ്ടുപിടിച്ച മൂല്യം കമ്പ്യൂട്ടറില്‍ കൃത്യമായി കണക്കുകൂട്ടിയതിനോടു് ഒന്നോ രണ്ടോ മിനിട്ടു മാറുന്നതു സ്വാഭാവികം. ആ പേജില്‍ ജനുവരി 14-നു നേരേ നോക്കിയാല്‍ നക്ഷത്രവും തിഥിയും ആഴ്ചയുമൊക്കെ ശരിയാണെന്നു കാണാം. ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ, ഇതു കിറുകൃത്യം.

ആവശ്യ സാധനങ്ങള്‍ക്കു വില ക്രമാതീതമായി വര്‍ദ്ധിക്കും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഃസ്സഹമാകും. സാധനങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ വില വര്‍ദ്ധിക്കും, ഗ്യാസ്‌, ഡീസല്‍, പെട്രോള്‍ ഇവയുടെയും വില വര്‍ദ്ധിക്കും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകും. ഗ്യാസിന്‌ കൃത്രിമമായി ക്ഷാമം സൃഷ്‌ടിക്കും. അതുമൂലം പല കുഴപ്പങ്ങളും രാജ്യത്തുണ്ടാകും. സ്വര്‍ണ്ണത്തിന്റെ വില സര്‍വ്വകാല റിക്കാഡായി വര്‍ദ്ധിക്കും. സ്വര്‍ണ്ണം, വെളളി, ഭക്ഷ്യധാന്യങ്ങള്‍ ഇവയ്‌ക്ക്‌ വില വര്‍ദ്ധിക്കും. ഭരണമാറ്റം വരെ സംഭവിക്കും. ഭീകരപ്രവര്‍ത്തകര്‍ നക്സലൈറ്റുകള്‍ ഇവരുടെ പ്രവര്‍ത്തനം ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ നല്ല നിലയിലാക്കും. കാഷ്‌മീരിന്റെ അതിര്‍ത്തികളില്‍ ഭീകരപ്രവര്‍ത്തനം ശക്തിപ്രാപിക്കും.

ഇത്രയും പ്രവചിക്കാന്‍ നമുക്കു ജ്യോതിഷം വേണ്ടല്ലോ. എല്ലാക്കൊല്ലവും സംഭവിക്കുന്നതല്ലേ, ഗ്രഹങ്ങള്‍ എവിടെ നിന്നാലും? ഇതൊക്കെ ഏതു ഗ്രഹങ്ങള്‍ എവിടെയൊക്കെ നില്‍ക്കുന്നതുകൊണ്ടാണെന്നും ഏതു നിയമങ്ങള്‍ കൊണ്ടാണെന്നും പറഞ്ഞിട്ടില്ലല്ലോ. ഏതോ ഗ്രഹയോഗങ്ങള്‍ “ഗ്യാസിന്‌ കൃത്രിമമായി ക്ഷാമം സൃഷ്‌ടിക്കും..” എന്നതു വരാഹമിഹിരന്‍ പറഞ്ഞതാണോ അന്തോ മോഡേണ്‍ ഇന്റര്‍പ്രെട്ടേഷനാണോ?

വിദേശരാജ്യങ്ങളായ ഇറാന്‍, ഇറാക്ക്‌ അറേബ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ജപ്പാന്‍, കൊറിയ, ഇംഗ്ലണ്ട്‌ ഈ രാഷ്‌ട്രങ്ങളില്‍ ഭീകരര്‍ മൂലവും പ്രകൃതിക്ഷോഭങ്ങള്‍ നിമിത്തവും അനേക മരണങ്ങള്‍ 2006-ല്‍ സംഭവിക്കും.

ഇന്ത്യയില്‍ ഇപ്പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ല, ഭാഗ്യം. ബോംബെയിലെ കാര്യമോ? നമുക്കു മേല്‍പ്പറഞ്ഞ രാജ്യങ്ങളുടെ കാര്യം ഡിസംബറില്‍ ഒന്നുകൂടി നോക്കാം.

ഡാലിയേ, ഇസ്രയേലിലൊരു പ്രശ്നവുമില്ല കേട്ടോ. ഫുള്‍ പീസ്‌ഫുള്‍…

മാര്‍ച്ച്‌ 15-നു മുതല്‍ സൂര്യന്‍ രാഹുവുമായി ഒന്നിക്കുമ്പോഴും ജൂലായ്‌ 17 മുതല്‍ ആഗസ്‌റ്റ്‌ 16-വരെ ശനിയും സൂര്യനും ഒന്നിക്കുമ്പോഴും ഭരണതലത്തിലുളളവര്‍ക്ക്‌ കുഴപ്പങ്ങള്‍ ഉണ്ടാകും. കേന്ദ്രഭരണത്തിലും കുഴപ്പങ്ങള്‍ ഉണ്ടാകും. മിക്കവാറും കേന്ദ്രത്തിലെ മന്ത്രിസഭ പിരിച്ചുവിടേണ്ടിവരും. ഭരണസാരഥ്യം വഹിക്കുന്ന കൂട്ടുകക്ഷി സഭയ്‌ക്ക്‌ പതനം സംഭവിക്കും.

പേജ് 26 നോക്കുക. രാഹു മീനത്തിലാണു്. പതിനഞ്ചാം തീയതി സൂര്യനും മീനത്തിലെത്തുന്നു. അവയ്ക്കു യോഗമില്ലെന്നു ശ്രദ്ധിക്കുക. തമ്മില്‍ ഇപ്പോഴും 11 ഡിഗ്രിയുടെ വ്യത്യാസമുണ്ടു്. അവ തമ്മില്‍ യോഗമുണ്ടാകുന്നതു് മാര്‍ച്ച് 25-നാണു്. സൂര്യന്‍ മീനം 10:01, രാഹു മീനം 10:39. എന്തെങ്കിലും ഉണ്ടായതായി അറിയാമോ ഈ ദിവസം?

ഏതായാലും ഏപ്രില്‍ 14-നു സൂര്യന്‍ മീനത്തില്‍ നിന്നു മേടത്തിലേക്കു കടക്കും. അപ്പോള്‍ ഒരു കഷ്ടകാലം അങ്ങേയറ്റം മാര്‍ച്ച് 15-നും ഏപ്രില്‍ 14-നും ഇടയ്ക്കു് (മീനമാസം).

ഇനി, ശനി കര്‍ക്കടകത്തിലാണു കുറെക്കാലമായി. ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെ സൂര്യനും അവിടെയാണു്. (ഇതിനെയാണു നമ്മള്‍ കര്‍ക്കടകമാസം എന്നു വിളിക്കുന്നതു്.) ഇവയ്ക്കു തമ്മില്‍ ശരിക്കു യോഗമുണ്ടാകുന്നതു് ജൂലായ് 21-നാണു്. രണ്ടും ഏകദേശം കര്‍ക്കടകം 4 ഡിഗ്രിയില്‍.

അപ്പോള്‍ പ്രശ്നമുള്ള സമയങ്ങള്‍: (1) മാര്‍ച്ച് 15 – ഏപ്രില്‍ 13 (2) ജൂലായ് 17 – ആഗസ്റ്റ് 16. ഇതില്‍ മാര്‍ച്ച് 25, ജൂലായ് 21 എന്നീ ദിവസങ്ങളില്‍ എന്തോ വലിയ പ്രശ്നം ഉണ്ടാകാന്‍ വഴിയുണ്ടു്.

ഈ ദിവസങ്ങളില്‍ ബാക്കിയുള്ള ദിവസങ്ങളെ അപേക്ഷിച്ചു് എന്തെങ്കിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടായോ എന്നു നമുക്കു നോക്കാം വര്‍ഷാവസാനത്തില്‍.

ആഗസ്‌റ്റ്‌ 16-ന്‌ മുമ്പുവരെ കേന്ദ്രഭരണത്തില്‍ ഏറ്റവും കഷ്‌ടമായ കാലമാണ്‌. പ്രതിസന്ധികള്‍ ഒരുപാട്‌ ഉണ്ടാകും. ചരിത്ര പ്രാധാന്യമുളള പല സംഭവങ്ങളും ഇക്കാലത്ത്‌ ലോകത്ത്‌ നടക്കും. കമ്യൂണിസ്‌റ്റ്‌ ഭരണം നടത്തുന്ന ലോകരാഷ്‌ട്രങ്ങളില്‍ വന്‍തോതില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.

ചരിത്രപ്രാധാന്യമുള്ള സംഭവങ്ങള്‍ എന്നും നടന്നുകൊണ്ടിരിക്കുന്നു. അതു കണക്കാക്കേണ്ടാ. എന്താണു പറഞ്ഞുവരുന്നതു്? ചരിത്രപ്രാധാന്യമുള്ള സംഭവങ്ങള്‍ എല്ലാം സൂര്യനും ശനിയും ചേരുമ്പോഴാണു് എന്നാണോ? ലീഗ് ഓഫ് നേഷന്‍സ് ഉണ്ടായതു്, ഐക്യരാഷ്ട്രസംഘടന ഉണ്ടായതു്, റഷ്യ ഛിന്നഭിന്നമായതു്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതു് തുടങ്ങി കുറേ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ടല്ലോ. അവയില്‍ എത്രയെണ്ണത്തില്‍ ഇതു സംഭവിച്ചിട്ടുണ്ടു്?

കേന്ദ്ര സര്‍ക്കാര്‍ പാവങ്ങള്‍ക്കുവേണ്ടി ഒത്തിരി നിയമനിര്‍മ്മാണം നടത്തും. ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന്‌ കഴിയും.

അതു ശരി. കഷ്ടകാലത്തു് ഇതും നടക്കുമോ? ഈ സമയത്താണോ പാര്‍ലമെന്റു കൂടുന്നതു്? നേരത്തെ അറിയുന്ന കാര്യം വല്ലതുമാണോ?

മെയ്‌മാസം 24 മുതല്‍ ചൊവ്വയും ശനിയും ഒന്നിക്കും. ആ യോഗം 2006 ജൂലായ്‌ 13നു വരെ നിലനില്‍ക്കും. ഈ കാലയളവില്‍ ഭൂലോകത്ത്‌ ഏറ്റവും കുഴപ്പങ്ങളും കഷ്‌ടതയും നിറഞ്ഞ കാലമായിരിക്കും. ഭൂമിയില്‍ പതിനായിരക്കണക്കിന്‌ മനുഷ്യ ജീവന്‍ ബലിയര്‍പ്പിക്കപ്പെടും. പ്രവചനാതീതമായ ധാരാളം സംഭവങ്ങള്‍ ഭൂമിയില്‍ സംഭവിക്കും. പ്രത്യേകിച്ച്‌ ഇന്ത്യയില്‍ പല പ്രമുഖരെ നമുക്ക്‌ നഷ്‌ടമാകും. ലോക നേതാക്കളെ വെടിവെച്ചു കൊല്ലും.

പേജ് 28 കാണുക. ശനി കര്‍ക്കടകത്തിലാണെന്നു പറഞ്ഞല്ലോ. ചൊവ്വ (കുജന്‍) മെയ് 24 മുതല്‍ ജൂലായ് 13 വരെ കര്‍ക്കടകത്തിലാണു്. അതാണു പറഞ്ഞിരിക്കുന്നതു്. ഇതില്‍ ഏകദേശം ജൂണ്‍ 20-നാണു് ഏറ്റവും വലിയ പ്രശ്നം ഉണ്ടാകേണ്ടതു്. രണ്ടും 15 ഡിഗ്രിയില്‍.

പതിനായിരക്കണക്കിന്‌ എന്ന പ്രയോഗം ശ്രദ്ധിക്കുക. വരാഹമിഹിരന്‍ മഹാന്‍ തന്നെ. വെടിവെച്ചു കൊല്ലും എന്നു വരെ കൃത്യമായി പറഞ്ഞല്ലോ, വെടിമരുന്നു കണ്ടുപിടിച്ചതു കുറേക്കഴിഞ്ഞാണെങ്കിലും!

പ്രവചനാതീതമായ ധാരാളം സംഭവങ്ങള്‍ ഭൂമിയില്‍ സംഭവിക്കും. ബലേ ഭേഷ്! എന്നാല്‍ ഈ ഒരു വാക്യം മാത്രം മതിയല്ലോ. ഇതൊക്കെ എന്തിനു വലിച്ചു വാരി എഴുതണം? “നോക്കേണ്ടതിഹ സര്‍വ്വത്ര കേള്‍വിക്കുള്ളൊരു ഭംഗി താന്‍” എന്നു് അനുഷ്ടുപ്പ് വൃത്തത്തിന്റെ ലക്ഷണത്തിന്റെ അവസാനത്തില്‍ ഏ. ആര്‍. പറഞ്ഞതു പോലെയാണല്ലോ ഇതു്?

പ്രകൃതിക്ഷോഭങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നിമിത്തം അനേകമായിരം മനുഷ്യജീവനും അവരുടെ സ്വത്തുവകകളും നഷ്‌ടമാകും.

ഇന്ത്യയില്‍ ന്യൂതന ശാസ്‌ത്ര ഗവേഷണങ്ങളും പദ്ധതികളും നടപ്പില്‍ വരുത്തും. വിദേശരാജ്യങ്ങളില്‍നിന്ന്‌ വന്‍തോതില്‍ രാജ്യത്ത്‌ നിക്ഷേപം ക്ഷണിച്ചുവരുത്തും. പല രാജ്യങ്ങളുമായി ഇന്ത്യ വ്യാപാരകരാറുകളില്‍ ഒപ്പുവയ്‌ക്കും.

ദാ അതു വീണ്ടും വന്നു. പ്രകൃതിക്ഷോഭവും ഭീകരപ്രവര്‍ത്തനവും. അനേകമായിരം എന്ന പ്രയോഗം ശ്രദ്ധിക്കുക.

2006 ജൂണ്‍ മുതല്‍ സെപ്‌തംബര്‍ വരെയുളള കാലഘട്ടം ഒഴിവാക്കിയാല്‍ പല നല്ല കാര്യങ്ങളും സര്‍ക്കാരിന്‌ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുവാന്‍ കഴിയും. വനിതകള്‍ക്കുവേണ്ടി ചില നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കും. ഇന്ത്യയുടെ ആത്മചൈതന്യങ്ങള്‍ വര്‍ദ്ധിക്കും.

അതെന്തിനു് ഒഴിവാക്കണം? ഏതു ഗ്രഹയോഗമാണു് ഇതിനു കാരണം? ഈ “ഇന്ത്യയുടെ ആത്മചൈതന്യങ്ങള്‍ വര്‍ദ്ധിക്കും..” എന്നു പറഞ്ഞാല്‍ എന്താണു്?

2006 ഒക്‌ടോബര്‍ 27-ന്‌ വ്യാഴം തുലാം രാശിയില്‍ നിന്ന്‌ വൃശ്ചികം രാശിയിലും പരിവര്‍ത്തനം ചെയ്യുന്നു.

ശരിയാണു്. പേജ് 33 കാണുക. അന്നു് എന്തു സംഭവിക്കും എന്നു പറഞ്ഞില്ലല്ലോ.

ശനി ചൊവ്വയോഗം നടക്കുന്ന കാലയളവില്‍ പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങള്‍ ഉണ്ടാകും.

അതായതു് മെയ് 24 മുതല്‍ ജൂലായ് 13 വരെ. ജൂണ്‍ 20-നു് ഏറ്റവും അടുത്തു വരുന്നു. അല്ലാ, എന്തു സംഭവമാണു മനുഷ്യന്‍ പ്രതീക്ഷിച്ചിട്ടു മാത്രം ബാക്കി സമയത്തു് ഉണ്ടാകുന്നതു്?

2006 ഒക്‌ടോബര്‍ രാഹു മീനം രാശിയില്‍ നിന്ന്‌ കുംഭത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നു.

ശരിയാണു്. 13-നു്. പേജ് 33 കാണുക.

2006 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ സര്‍ക്കാരിന്‌ തലവേദനയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

ബാക്കി സമയത്തു യാതൊരു തലവേദനയുമില്ല. കൊള്ളാം. ഏതു ഗ്രഹയോഗം കൊണ്ടെന്നു പറഞ്ഞില്ല.

കേരളത്തില്‍ 2006-ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ രൂപീകരിക്കും.

ഇതു നിരീശ്വരവാദികള്‍ വരെ പ്രവചിച്ചതാണല്ലോ. “കമ്യൂണിസ്റ്റ് മന്ത്രിസഭ” എന്നു് അവര്‍ പറഞ്ഞില്ല. അപ്പോള്‍ കമ്യൂണിസ്റ്റുകാരല്ലാത്ത ആരും മന്ത്രിസഭയിലില്ല, അല്ലേ? ഇതൊക്കെ ആരുടെ ഗ്രഹനില നോക്കി, ഏതു നിയമം ഉപയോഗിച്ചു പറയുന്നു?

ഡി.ഐ.സി വലിയ ശക്തിയായി ഭരണത്തില്‍ പ്രവേശിക്കും.

കരുണാകരന്റെയോ മുരളിയുടെയോ ഗ്രഹനില പരിശോധിച്ചതു തെറ്റിപ്പോയിരിക്കും. ജനുവരിയിലെ നില വെച്ചു് അങ്ങനെയാണു തോന്നിയതു്, അല്ലേ?

ഇന്ന്‌ ഭരിക്കുന്ന കക്ഷി പ്രതിപക്ഷത്ത്‌ നിലയുറപ്പിക്കും.

ആവര്‍ത്തനം. ഇടത്തുപക്ഷം ഭരണത്തില്‍ കയറിയെന്നു പറഞ്ഞാല്‍ മറ്റവര്‍ പ്രതിപക്ഷത്താണെന്നു പറയാനും ഗ്രഹനില നോക്കണോ?

രാഹുവിന്റെ പരിവര്‍ത്തനം വീണ്ടും നിത്യോപയോഗ സാധനങ്ങള്‍ക്കും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കും.

വെറുതേ എന്തിനു രാഹുവിനെ കുറ്റം പറയുന്നു? എന്തു് എവിടെ നില്‍ക്കുമ്പോള്‍ വില കൂടില്ല എന്നൊന്നു പറഞ്ഞുതരൂ.

സൂര്യഗ്രഹണം 29 മാര്‍ച്ച്‌ 2006 ബുധനാഴ്‌ച സംഭവിക്കും. പകല്‍ 5 മണി 2 മിനിട്ടു മുതല്‍ 5.45 പി.എം.വരെ തെക്കേ ഇന്ത്യയില്‍ ഇത്‌ ദൃശ്യമല്ല. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാണ്‌. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഭൂമി കുലുക്കും ഉണ്ടാകും. രണ്ടാമത്തെ സൂര്യഗ്രഹണം 2006 സെപ്‌തംബര്‍ 22-ന്‌ പകല്‍ 5.15 മുതല്‍ തുടങ്ങും. ഉത്രം നക്ഷത്രത്തില്‍ കന്നിരാശിയില്‍ ഈ സമയത്ത്‌ ചൊവ്വയും ബുധനും സൂര്യനോട്‌ ചേര്‍ന്ന്‌ കന്നിരാശിയില്‍ സഞ്ചരിക്കുന്നു.

100 ശതമാനം ശരി. ഗ്രീനിച്ചിലുള്ള അണ്ണന്മാര്‍ ആരാണെന്നാ വിചാരം? എത്ര കൃത്യമായി പ്രവചിച്ചിരിക്കുന്നു? ജ്യോതിഷം ശരിയാണെന്നതിനു് ഇതില്‍ കൂടുതല്‍ എന്തു തെളിവാണു വേണ്ടതു്?

ബൃഹദ്‌സംഹിതയില്‍ പറയുന്നതനുസരിച്ച്‌ ഗംഗയുടെയും യമുനയുടെയും സരയുനദികളുടെയും തീരത്തുളള രാജ്യങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.

അവിടൊക്കെ ഇപ്പോള്‍ ഒരു രാജ്യമേ ഉള്ളൂ – ഇന്ത്യ. അറിഞ്ഞില്ലേ? ഗ്രഹണം നടക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നാണു്? ഞാഞ്ഞൂലുകള്‍ തല പൊക്കുമെന്നോ? ഇതും നമുക്കു കാത്തിരുന്നു കാണാം.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭരണാധികാരികള്‍ക്കും സൈന്യാധിപന്‍മാര്‍ക്കും ഈ ഗ്രഹണം ദോഷഫലങ്ങളെ ഉണ്ടാക്കും.

ഹാവൂ, രക്ഷപ്പെട്ടു. എല്‍‌ജിയും ഹന്നമോളും ജോര്‍ജ് ബുഷുമൊക്കെ പേടിച്ചാല്‍ മതി.

ചന്ദ്രഗ്രഹണം, 2006 സെപ്തംബര്‍ 7-ാ‍ം തീയതി സംഭവിക്കുന്നത്‌ രാത്രി 12.23 മുതല്‍ സംഭവിക്കും. ഇന്ത്യയില്‍ ദൃശ്യമാണ്‌. 29 മാര്‍ച്ച്‌ നടക്കുന്ന സൂര്യഗ്രഹണം ഇടവം, മിഥുനം, തുലാം, മകരം കൂറുകള്‍ക്ക്‌ ഗുണഫലങ്ങളെ ചെയ്യും.

ദോഷം പറയരുതല്ലോ. ഈ ഗ്രഹണമൊക്കെ കിറുകൃത്യം സമയത്തു തന്നെ നടന്നു/നടക്കും. മൊത്തം ആളുകളില്‍ മൂന്നിനൊന്നിനു സന്തോഷം കിട്ടുകയും ചെയ്തു!.


അവസാനമായി, ഇതില്‍ നിന്നു് നാം ഒരു നിഗമനത്തിലും എത്തുന്നില്ല. ജ്യോതിഷം ശരിയാണെന്നോ തെറ്റാണെന്നോ ഇതില്‍ നിന്നു തെളിയുന്നില്ല. ഈ ജ്യോത്സന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റി എന്നും, ചിലതു കാത്തിരുന്നു കാണണം എന്നും ചിലതു വളരെ അസ്പഷ്ടമാണെന്നും മാത്രം അര്‍ത്ഥം…

…എന്നു വക്കാരി പറഞ്ഞേക്കും 🙂

ബാക്കി നിങ്ങള്‍ ആലോചിച്ചു തീരുമാനിച്ചുകൊള്ളൂ.

ജ്യോത്സ്യം
പ്രവചനങ്ങള്‍

Comments (68)

Permalink

പഞ്ചാംഗഗണനം

എന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ചതിനു ശേഷം പഞ്ചാംഗത്തിലെ വിവരങ്ങള്‍ കണ്ടുപിടിക്കാനുള്ള തിയറി അല്പം കൂടി വിശദമായി എഴുതണമെന്നു് ഒന്നുരണ്ടു പേര്‍ അപേക്ഷിച്ചിരുന്നു. അല്‍ഗരിതങ്ങള്‍ മുഴുവനും എഴുതാന്‍ സമയമെടുക്കും. തത്കാലം, എന്റെ കൈവശം ഇതുവരെ എഴുതിവെച്ചിട്ടുള്ളവ ഞാന്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടു്.

ഞാന്‍ എല്ലാക്കൊല്ലവും തയ്യാറാക്കുന്ന കേരളപഞ്ചാംഗത്തിനു വേണ്ടി തയ്യാറാക്കിയ കേരളപഞ്ചാംഗഗണനം എന്ന ലേഖനം (PDF) ഇവിടെ.

ഇതനുസരിച്ചു് ആലുവാ, ടോക്കിയോ, ദുബായ്, ന്യൂ യോര്‍ക്ക്, പോര്‍ട്ട്‌ലാന്‍ഡ് എന്നീ സ്ഥലങ്ങള്‍ക്കു വേണ്ടി കണക്കുകൂട്ടിയ 2006-ലെ പഞ്ചാംഗങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ടു്.

തെറ്റുകള്‍ കാണുന്നതു ദയവായി ചൂണ്ടിക്കാണിക്കുക. Algorithms പിന്നീടു പ്രസിദ്ധീകരിക്കാം. മറ്റു സ്ഥലങ്ങള്‍ക്കു വേണ്ടിയുള്ള പഞ്ചാംഗങ്ങളും ആവശ്യക്കാരുണ്ടെങ്കില്‍ ഇവിടെത്തന്നെ ഇടാം.

എല്‍‌ജീ, പ്രാപ്ര, ഇപ്പോള്‍ മുഴുവന്‍ തിയറിയും ആയില്ലേ? 🙂

കലണ്ടര്‍ (Calendar)
ജ്യോത്സ്യം

Comments (12)

Permalink

ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്?

ഇന്ദുലേഖ ബ്ലോഗില്‍ കാട്ടുമാടം നാരായണന്റെ മന്ത്രവാദവും മനശ്ശാസ്ത്രവും എന്ന പുസ്തകത്തെപ്പറ്റി കൊടുത്ത പോസ്റ്റിനുള്ള പ്രതികരണമാണിതു്‌:

ശാസ്ത്രമോ വിശ്വാസമോ അന്ധവിശ്വാസമോ ആയിക്കൊള്ളട്ടേ. ഇങ്ങനെയുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനോടു് എനിക്കു യോജിപ്പാണു്. വസ്തുനിഷ്ഠമായിരിക്കണം എന്നു മാത്രം. നമ്മുടെ നാട്ടിലുള്ള പല അറിവുകളെപ്പറ്റിയും അറിയാന്‍ ഇവ സഹായിക്കും. പലതും ശരിയാവാം. പലതും തെറ്റാവാം. പലതും സംസ്കാരത്തിന്റെ ഭാഗമാവാം. ഇന്നത്തെ നിയമങ്ങളുമായി യോജിച്ചുപോകുന്നില്ല എന്ന കാരണം കൊണ്ടു മനുസ്മൃതിയെപ്പോലെയുള്ള പുസ്തകങ്ങള്‍ കത്തിക്കണമെന്നു പറയുന്നതു പരമാബദ്ധമാണു്. ജ്യോതിഷത്തെപ്പറ്റിയും മന്ത്രവാദത്തെയും മറ്റും പറ്റി ഇനിയും ഇങ്ങനെ പുസ്തകങ്ങളുണ്ടാവട്ടേ.

ജ്യോത്സ്യന്മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിവിധികളും മന്ത്രവാദങ്ങളും പൂജകളും കൊണ്ടു കാലയാപനം നടത്തിയ ആളായതുകൊണ്ടു ശ്രീ നാരായണന്‍ ജ്യോത്സ്യത്തിനനുകൂലമായിപ്പറഞ്ഞതിനു തെറ്റില്ല. അദ്ദേഹം ഉന്നയിച്ച ഉദാഹരണങ്ങളും വാദങ്ങളും അംഗീകരിക്കുന്നു. ഏതൊരു ജ്യോതിഷവിശ്വാസിയ്ക്കും ആഹ്ലാദം നല്‍കുന്ന അനുഭവകഥകളാണു്‌ അവ.

എനിക്കു പറയാനുള്ളതു്‌ അതിലെ ശാസ്ത്രത്തെപ്പറ്റിയുള്ള പരാമര്‍ശമാണു്‌. ലേഖകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:

ഒരു ദൂരദര്‍ശിനിയുടെ സഹായം പോലുമില്ലാതെ അടുത്ത നൂറു കൊല്ലക്കാലത്തെ സൂര്യോദയവും അസ്തമയവും വേലിയേറ്റവും ഇറക്കവും, സൂര്യചന്ദ്രഗ്രഹണങ്ങളും നാമമാത്രപോലും തെറ്റാതെ പ്രവചിക്കാന്‍ കഴിയുന്ന ഈ അദ്ഭുതത്തെ ആദരവോടെ നോക്കിനിക്കാനേ എനിക്കു പറ്റൂ.

അതായതു്‌, ജ്യോത്സ്യന്മാര്‍ക്കു്‌ ഈ വക കുന്ത്രാണ്ടങ്ങളൊന്നുമില്ലാതെ മേല്‍പ്പറഞ്ഞവയൊക്കെ കണക്കുകൂട്ടി കണ്ടുപിടിക്കാന്‍ കഴിയുമെന്നു്‌. ഉവ്വുവ്വേ!

ഇനി എന്താണു സംഭവിക്കുന്നതെന്നു പറയാം.

  1. എല്ലാ വര്‍ഷവും, ഇംഗ്ലണ്ടിലെ ഗ്രീനിച്ചില്‍, ആധുനികശാസ്ത്രസിദ്ധാന്തങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചു്‌ ഗ്രഹങ്ങളുടെ ഒരു കൊല്ലത്തെ സ്ഥാനങ്ങള്‍ കണ്ടുപിടിച്ചു്‌ ഒരു അല്‍മനാക്‌ പ്രസിദ്ധീകരിക്കുന്നു. ഇതാണു്‌ പല രാജ്യങ്ങളിലെയും അല്‍മനാക്കുകളുടെയും പഞ്ചാംഗങ്ങളുടെയും റെഫറന്‍സ്‌. GMT-യില്‍ ഓരോ ദിവസവും തുടങ്ങുമ്പോള്‍ (അതായതു്‌ അര്‍ദ്ധരാത്രിയ്ക്കു്‌) ഗ്രഹങ്ങളുടെ പല കോ-ഓര്‍ഡിനേറ്റുകളും ഈ പുസ്തകത്തില്‍ കാണാം. ഇവയില്‍ geocentric longitude മാത്രമേ ജ്യോത്സ്യന്മാര്‍ക്കു്‌ ആവശ്യമുള്ളൂ. അതിനെ അവര്‍ “സ്ഫുടം” എന്നു വിളിക്കുന്നു.
  2. കല്‍ക്കട്ടയില്‍, ഭാരത സര്‍ക്കാര്‍ നടത്തുന്ന Positional Astronomy Centre എന്ന സ്ഥാപനമുണ്ടു്‌, അവര്‍ എല്ലാക്കൊല്ലവും ഒരു Indian Astronomical Almanac പുറത്തിറക്കുന്നു. എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്കുള്ള ഗ്രഹസ്ഫുടങ്ങള്‍ അതില്‍ കാണാം.

    എന്തിനു്‌ ഈ ഒന്നുമല്ലാത്ത അഞ്ചരമണി സ്വീകരിച്ചു എന്നു്‌ എനിക്കു വളരെക്കാലം സംശയമുണ്ടായിരുന്നു. സൂര്യോദയമാകാന്‍ വഴിയില്ല. അതു സാധാരണയായി ആറു മണിക്കാണല്ലോ. പിന്നെ മനസ്സിലായി. GMT അര്‍ദ്ധരാത്രിയാവുമ്പോള്‍ IST രാവിലെ അഞ്ചര. അപ്പോള്‍ ബിലാത്തിയിലെ അല്‍മനാക്‌ ഒരു വ്യത്യാസവും കൂടാതെ നേരെ എടുക്കാം. കണക്കു കൂട്ടി ബുദ്ധിമുട്ടേണ്ടാ!

    കണക്കുകൂട്ടേണ്ടാ എന്നതു്‌ അത്ര ശരിയല്ല. താഴെപ്പറയുന്ന കണക്കുകളുണ്ടു്‌.

    • ഭാരതീയജ്യോതിശാസ്ത്രവും പാശ്ചാത്യജ്യോതിശാസ്ത്രവും തമ്മില്‍ ഒരു വ്യത്യാസമുണ്ടു്‌. പാശ്ചാത്യര്‍ First Point of Aries-നെ അവലംബിച്ചുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുമ്പോള്‍, ഭാരതീയര്‍ ചിത്തിരനക്ഷത്രത്തെ (ഇതിലും അഭിപ്രായവ്യത്യാസമുണ്ടു്‌) അടിസ്ഥാനമാക്കിയാണു കണക്കാക്കുന്നതു്‌. അതിനാല്‍ ഇവ തമ്മില്‍ 23 ഡിഗ്രിയില്‍ കൂടുതല്‍ വ്യത്യാസമുണ്ടു്‌. (മാതൃഭൂമിക്കെവിടെയാണു തെറ്റു പറ്റിയതു് എന്ന പോസ്റ്റില്‍ ഇതിനെപ്പറ്റി വിശദമായി പറയുന്നുണ്ടു്‌.) പാശ്ചാത്യരുടെ ഗണനത്തെ ഭാരതീയര്‍ “സായനസ്ഫുടം” എന്നു പറയുന്നു. ഭാരതീയരുടേതു്‌ “നിരയനസ്ഫുടം” എന്നും. തമ്മിലുള്ള വ്യത്യാസത്തെ “അയനാംശം” എന്നും.

      ഓരോ ദിവസത്തെയും അയനാംശം കണ്ടുപിടിച്ചു്‌ അതു്‌ ബിലാത്തിക്കാര്‍ കൊടുത്ത മൂല്യത്തില്‍ നിന്നു്‌ കുറച്ചു്‌ എഴുതണം. അതു്‌ ഒരു കണക്കുകൂട്ടല്‍.

    • ഭാരതീയര്‍ക്കു കൂടുതല്‍ താത്പര്യമുള്ള നക്ഷത്രം, തിഥി തുടങ്ങിയവ കണക്കുകൂട്ടണം. ഇതു വളരെ എളുപ്പമാണു്‌. ചന്ദ്രന്റെ നിരയനസ്ഫുടമെടുക്കുക. ഇരുപത്തേഴു കൊണ്ടു ഹരിക്കുക. അതിലെ ഓരോ ഭാഗത്തെയും അശ്വതി തുടങ്ങി ഓരോ നക്ഷത്രത്തിന്റെ പേരു വിളിക്കുക. ഇനി സൂര്യന്റെയും ചന്ദ്രന്റെയും സ്ഫുടങ്ങളുടെ വ്യത്യാസം കണ്ടുപിടിച്ചു മുപ്പതു കൊണ്ടു ഹരിക്കുക. ഓരോന്നിനെയും പ്രഥമ, ദ്വിതീയ തുടങ്ങിയ പേരിട്ടു വിളിക്കുക (രണ്ടു പക്ഷത്തിലും 15 തിഥി വീതം ആകെ 30). ഈ തിഥിയെയോരോന്നിനെയും രണ്ടായി മുറിച്ചു്‌ ഓരോന്നിനും പേരിട്ടാല്‍ കരണമായി. സൂര്യന്റെയും ചന്ദ്രന്റെയും സ്ഫുടങ്ങള്‍ കൂട്ടി 27 കൊണ്ടു ഹരിച്ചാല്‍ നിത്യയോഗവുമായി. അങ്ങനെ പഞ്ചാംഗത്തിന്റെ അഞ്ചു കാര്യങ്ങളുമായി.
    • കൂടാതെ, ചില ഇന്ത്യന്‍ വിശേഷദിവസങ്ങളും കണ്ടുപിടിക്കും. അവ മുകളില്‍ കിട്ടിയ വിവരങ്ങളില്‍ നിന്നു കിട്ടും.
  3. ഇനി, നമ്മുടെ കേരളത്തില്‍ പഞ്ചാംഗം, കലണ്ടര്‍ തുടങ്ങിയവ ഉണ്ടാക്കുന്ന ആളുകള്‍ എന്തു ചെയ്യുന്നു? അവര്‍ കല്‍ക്കട്ടക്കാരുടെ പഞ്ചാംഗത്തെ തപ്പിയെടുക്കുന്നു. (അല്ല പിന്നെ! ആര്‍ക്കു കഴിയും അയനാംശം കണ്ടുപിടിക്കാനും കുറയ്ക്കാനുമൊക്കെ!) സകലമാന സാധനങ്ങളും അവിടെയുണ്ടു്‌. ഇനി പഞ്ചാംഗം ഏതു സ്ഥലത്താണെന്നു വെച്ചാല്‍ അവിടത്തെ ഒരു കൊല്ലത്തെ ഉദയം കണ്ടുപിടിക്കുന്നു. (കണ്ടുപിടിക്കുകയൊന്നും വേണ്ടാ, അതൊക്കെ മറ്റു പലയിടത്തു നിന്നും കിട്ടും) ഓരോ നക്ഷത്രവും തിഥിയും തുടങ്ങുന്നതു്‌ സൂര്യന്‍ ഉദിച്ചതിനു ശേഷം എത്ര സമയത്തിനു ശേഷമാണെന്നു കണ്ടുപിടിക്കുക. അതിനെ നാഴികവിനാഴികളാക്കുക. (ഒരു നാഴിക 24 മിനിട്ട്‌. അറുപതു വിനാഴിക ഒരു നാഴിക) സമയമറിയാന്‍ ക്ലോക്കും വാച്ചും ഉപയോഗിക്കുന്ന ഇക്കാലത്തു്‌ ഈ ഉദയാല്‍പ്പരനാഴിക കലണ്ടറില്‍ കൊടുത്തിട്ടു്‌ എന്തു കാര്യമെന്നു്‌ എനിക്കു്‌ ഒരു പിടിയുമില്ല.

    പിന്നെ, രാഹുകാലം, ഗുളികകാലം, യമകണ്ടകകാലം തുടങ്ങിയവ. ഇവ അന്നന്നത്തെ ദിവസദൈര്‍ഘ്യം നോക്കി വേണം കണക്കുകൂട്ടാന്‍ എന്നാണു തിയറി. അതൊക്കെ കാറ്റില്‍ പറത്തി, തിങ്കളാഴ്ച ഏഴര മുതല്‍ ഒമ്പതു വരെ രാഹു എന്നിങ്ങനെ അച്ചടിച്ചുവെച്ചിരിക്കുന്ന പട്ടിക ചേര്‍ക്കുക. മുസ്ലീം നമസ്കാരസമയം ഇസ്ലാമിക്‌ പണ്ഡിതര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്തിനിന്നു്‌ അടിച്ചുമാറ്റുക. എല്ലാ ദിവസത്തെയും വേണ്ട. പത്തോ പതിനഞ്ചോ ദിവസത്തിലൊരിക്കല്‍ മാത്രമുള്ളതു മതി.

    ഇനി സൂര്യന്‍ ഓരോ മാസത്തിലും കടക്കുന്ന സമയം നോക്കിയിട്ടു്‌ (അതു കല്‍ക്കട്ടക്കാര്‍ പറഞ്ഞിട്ടുണ്ടാവും) ഓരോ മലയാളമാസത്തിന്റെയും ഒന്നാം തീയതി എന്നാണെന്നു കണ്ടുപിടിക്കുക. (ഇവിടെയാണു്‌ ശരിക്കും അടി നടക്കുക. മാതൃഭൂമിയും മനോരമയും തമ്മില്‍ കുറെക്കാലമായി ഇറാനും ഇറാക്കും പോലെ തല്ലിക്കൊണ്ടിരിക്കുന്നു. ഇക്കൊല്ലവുമുണ്ടായിരുന്നു വിഷുവിനു്‌.) ഒന്നാം തീയതി കിട്ടിയാല്‍ ആ മാസത്തെ മറ്റു ദിവസങ്ങള്‍ എല്ലാം ഈസി.

    പ്രധാന പണി ഇനി കിടക്കുന്നതേ ഉള്ളൂ. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവം, ആറാട്ടു്‌, പെരുന്നാള്‍ തുടങ്ങിയവ ഏതു മാസം ഏതു ദിവസം ആണെന്നു നോക്കി അതൊക്കെ രേഖപ്പെടുത്തുക.

ഇങ്ങനെയാണു പഞ്ചാംഗം ഉണ്ടാക്കുന്നതു്‌. ഇവിടെ എവിടെയാണു ഭാരതീയജ്യോതിശ്ശാസ്ത്രത്തെ ഉപയോഗിക്കുന്നതു്‌?

ഭാരതീയജ്യോതിശ്ശാസ്ത്രത്തില്‍ ഇതൊന്നും ഇല്ലെന്നല്ല. ഉണ്ടു്‌. ആര്യഭടീയം, സൂര്യസിദ്ധാന്തം, വടേശ്വരസംഹിത, തന്ത്രസംഗ്രഹം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇവ എങ്ങനെ കണ്ടുപിടിക്കും എന്നു വിശദമായി പറഞ്ഞിട്ടുണ്ടു്‌. സായനം കണ്ടുപിടിച്ചു കുറയ്ക്കാതെ തന്നെ. പക്ഷേ അവയൊക്കെ കാലഹരണപ്പെട്ടുപോയിരിക്കുന്നു. സൂര്യന്റെയും മറ്റും വ്യാസം (ഗ്രഹണം കണ്ടുപിടിക്കാന്‍), ഭൂമിയില്‍ നിന്നു്‌ അവയിലേക്കുള്ള ദൂരം, ഭൂമിക്കു ചുറ്റും ഈ ഗോളങ്ങളുടെ ഭ്രമണപഥം (എല്ലാം വൃത്തങ്ങളും ഉപവൃത്തങ്ങളുമായാണു്‌ കണക്കുകൂട്ടല്‍. ക്രിസ്തുവിനോടടുത്തു്‌ ടോളമി ആവിഷ്കരിച്ച തിയറി) എന്നിവയെപ്പറ്റിയുള്ള പ്രാചീനഭാരതീയരുടെ അറിവില്‍ നിന്നു നാം വളരെ മുന്നോട്ടു പോയിരിക്കുന്നു. ഈ ഗ്രന്ഥങ്ങള്‍ അനുസരിച്ചു ഗ്രഹണം കണ്ടുപിടിച്ചാല്‍ ഇപ്പോള്‍ ഒന്നുരണ്ടു ദിവസത്തെയെങ്കിലും വ്യത്യാസമുണ്ടാവും. അതിനു്‌ ഇപ്പോഴത്തെ തിയറി ഉപയോഗിച്ചേ മതിയാവൂ.

ഇതാണു സത്യം. ഇനി ഇവ കണക്കുകൂട്ടാന്‍ ജ്യോത്സ്യം പഠിക്കുകയുമൊന്നും വേണ്ടാ. Astronomyയുടെ ഒരു പുസ്തകവും, ഫിസിക്സിലും കണക്കിലും സാമാന്യജ്ഞാനവും ഒരു സയന്റിഫിക്‌ കാല്‍ക്കുലേറ്ററും (കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ വളരെ നല്ലതു്‌) ഉണ്ടെങ്കില്‍ ആര്‍ക്കും കണ്ടുപിടിക്കാവുന്നതേയുള്ളൂ.

ഇനി നമ്മുടെ ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്താണെന്നു നോക്കാം. മുകളില്‍ മൂന്നാമതു പറഞ്ഞ പഞ്ചാംഗം എടുക്കും. നോക്കേണ്ട ദിവസത്തെ ഗ്രഹനില വരയ്ക്കും. കൃത്യ സമയത്തെ ഗ്രഹനില അറിയാന്‍ (പഞ്ചാംഗത്തില്‍ ഓരോ ദിവസത്തിലെയും ചിലതില്‍ പത്തു ദിവസത്തിലൊരിക്കലെയും സ്ഫുടങ്ങളേ ഉള്ളല്ലോ) ഉള്ള വിലകളൊക്കെ വെച്ചു് ത്രൈരാശികം എന്നു വിളിക്കുന്ന linear interpolation ചെയ്യും. (പല ജ്യോത്സ്യന്മാരും ഇതു ചെയ്യാറില്ല. തലേന്നത്തെയോ പിറ്റേന്നത്തെയോ സ്ഫുടം എടുക്കും. കണക്കുകൂട്ടാന്‍ അറിഞ്ഞിട്ടു വേണ്ടേ?) ഗ്രഹങ്ങളുടെ സഞ്ചാരം linear അല്ല. എങ്കിലും ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ ഇന്റര്‍പൊളേഷന്‍? അങ്ങനെ കിട്ടുന്ന സ്ഫുടങ്ങള്‍ ഗ്രഹനിലയോടുകൂടി എഴുതും. അവയെ ഒമ്പതുകൊണ്ടു ഹരിച്ചു നവാംശങ്ങള്‍ കണ്ടുപിടിച്ചു് അതുമെഴുതും. എന്നിട്ടു് ഇവയെല്ലാം കൂടി വെച്ചു് അറിയാവുന്ന തിയറി ഉപയോഗിച്ചു് യോഗങ്ങളൊക്കെ കണ്ടുപിടിച്ചു് ഭാവിഫലങ്ങള്‍ പ്രവചിക്കും. വിംശോത്തരിദശ, ഗോചരം (transit) തുടങ്ങിയ മറ്റു ചില ടെക്‍നിക്കുകളും ഉപയോഗിക്കാറുണ്ടു്. (അവയെപ്പറ്റി പിന്നീടു്.) ഇതില്‍ ഗണിതശാസ്ത്രമോ ജ്യോതിശ്ശാസ്ത്രമോ ഏഴയലത്തുപോലും വരുന്നില്ല. മുകള്‍പ്പറഞ്ഞ പല പടവുകള്‍ കടന്നു വരുമ്പോഴുള്ള പിശകുകള്‍ കൂടിച്ചേര്‍ന്നു് ജ്യോതിഷത്തിന്റെ തിയറി അനുസരിച്ചുപോലും പരമാബദ്ധമായ ജാതകമാണു് അവസാനം കിട്ടുക.

ശ്രീ നാരായണന്‍ ഇങ്ങനെയും പറയുന്നുണ്ടു്:

പന്ത്രണ്ടു സ്ഥാനങ്ങള്‍ക്കും വ്യക്തമായ കാരകത്വമുണ്ടു്. ലഗ്നഭാവമായ (ഒരു വ്യക്തി ജനിക്കുന്ന സമയം കണക്കാക്കിയാണു് അതു നിശ്ചയിക്കുക. കവടി നിരത്തി രാശി വെയ്ക്കുമ്പോഴും കിട്ടുക ലഗ്നം തന്നെ.)….

ഇതിന്റെ അര്‍ത്ഥം മുകളില്‍ പറഞ്ഞതുപോലെ കണക്കുകൂട്ടി കണ്ടുപിടിക്കുന്ന ഗ്രഹനിലയും മറ്റു വിവരങ്ങളും കവടി നിരത്തിയും കണ്ടുപിടിക്കാമെന്നാണു്. ഇതു സത്യവിരുദ്ധമാണു്. ഗ്രഹനില വരച്ചിട്ടു് അതില്‍ കവടി വിതറി ചില രീതികള്‍ ഉപയോഗിച്ചു് ഗ്രഹസ്ഥിതി കണ്ടുപിടിക്കുന്ന രീതിയാണു കവടി നിരത്തല്‍. ഈ ഗ്രഹസ്ഥിതിയും വന്ന ആളിന്റെ ജനനസമയത്തെ ഗ്രഹസ്ഥിതിയും തമ്മില്‍ ഒരു ബന്ധവുമില്ല. (ഒരു പ്രത്യേക സമയത്തെ ഗ്രഹസ്ഥിതി കണക്കു കൂട്ടാതെ കവടി നിരത്തി ആര്‍ക്കെങ്കിലും കണ്ടുപിടിക്കാം എന്നു് അവകാശവാദമുണ്ടെങ്കില്‍ ദയവായി എന്നെ അറിയിക്കുക.) വേണ്ട ഗ്രഹസ്ഥിതിക്കു പകരം കവടി നിരത്തിക്കിട്ടുന്ന ഗ്രഹസ്ഥിതി ഉപയോഗിച്ചു ഫലം പറയുന്ന രീതിയാണു് ഇവിടെ ഉപയോഗിക്കുന്നതു്. ഇതു മറ്റേതിനെക്കാള്‍ എളുപ്പമാണു്. കണക്കുകൂട്ടേണ്ട, പഞ്ചാംഗം നോക്കേണ്ട, ത്രൈരാശികം ചെയ്യേണ്ട, എന്തു സുഖം!

ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ മനുഷ്യന്റെ സ്വഭാവത്തെ ബാധിക്കുന്നു എന്ന “ശാസ്ത്ര“തത്ത്വം നമുക്കു് അംഗീകരിച്ചുകൊടുക്കാം. പക്ഷേ ഗ്രഹസ്ഥിതിയുമായി യാതൊരു ബന്ധവുമില്ലാത്ത, എണ്ണിപ്പെറുക്കിവെച്ച കവടിയുടെ എണ്ണത്തെ മാത്രം അടിസ്ഥാനമാക്കിയ ഇതു് എങ്ങനെയാണു് മനുഷ്യന്റെ ഭാവിയെയും സ്വഭാവത്തെയും ബാധിക്കുക?

ജ്യോതിഷം ഒരു വിശ്വാസമാണു്. ആ വിശ്വാസത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. വിശ്വാസങ്ങള്‍ക്കും ജീവിതഗതിയില്‍ വലിയ സ്വാധീനമുണ്ടു്. അവയില്‍ എത്രത്തോളം ശാസ്ത്രമുണ്ടെന്നുള്ള കാര്യത്തെ മാത്രമേ ഞാന്‍ വിമര്‍ശിക്കുന്നുള്ളൂ.

ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സ് എന്ന നിലയ്ക്കു് ജ്യോതിഷത്തിനു പ്രസക്തിയുണ്ടു്. പാകപ്പിഴകളുമുണ്ടു്. അതു് അടുത്ത ലേഖനത്തില്‍.

കലണ്ടര്‍ (Calendar)
ജ്യോത്സ്യം

Comments (113)

Permalink