July 2006

വിദ്യാധനം സര്‍വ്വധനാത് പ്രധാനം

വളരെ പ്രശസ്തമായ ഒരു ശ്ലോകം. പ്രത്യേകിച്ചു നാലാമത്തെ വരി.

ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ദ്ധത ഏവ നിത്യം
വിദ്യാധനം സര്‍വ്വധനാത് പ്രധാനം

അര്‍ത്ഥം:

ന ചോരഹാര്യം : കള്ളന്മാര്‍ മോഷ്ടിക്കില്ല
ന ച രാജഹാര്യം : രാജാവു മോഷ്ടിക്കില്ല
ന ഭ്രാതൃഭാജ്യം : സഹോദരനു ഭാഗിച്ചു കൊടുക്കേണ്ട
ന ച ഭാരകാരീ : ഒട്ടും ഭാരമില്ല
നിത്യം കൃതേ വ്യയേ വര്‍ദ്ധതേ ഏവ : എന്നും ചെലവാക്കിയാലും വര്‍ദ്ധിക്കുകയേ ഉള്ളൂ
വിദ്യാധനം സര്‍വ്വധനാത് പ്രധാനം : വിദ്യ എന്ന ധനമാണു് എല്ലാ ധനങ്ങളിലും വെച്ചു പ്രധാനം

രാജാവു നികുതി പിരിക്കുന്നതു കള്ളന്മാര്‍ ചെയ്യുന്നതുപോലെയുള്ള ഒരുതരം മോഷണമാണു് എന്നു് അന്നത്തെ കവിക്കും തോന്നിയിരുന്നു എന്നു് ഇതില്‍ നിന്നു വ്യക്തമാണു്. സാധാരണ ധനത്തിനുള്ള എല്ലാ കുഴപ്പങ്ങളും (കള്ളന്മാരുടെയും ഭരണാധികാരികളുടെയും ശല്യം, സഹോദരങ്ങള്‍ക്കു കൊടുക്കേണ്ടി വരിക) ഇല്ലാത്തതും ചെലവാക്കും തോറും കൂടിവരികയും ചെയ്യുന്ന ധനമാണു വിദ്യ എന്നര്‍ത്ഥം. സാര്‍വ്വകാലികവും സാര്‍വ്വജനീനവുമായ ആശയം.

ഇതില്‍ നിന്നു് ആശയമുള്‍ക്കൊണ്ടാണു് മഹാകവി ഉള്ളൂര്‍

കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം

എന്നെഴുതിയതു്. നേര്‍തര്‍ജ്ജമ രാജേഷോ സന്തോഷോ എഴുതും 🙂

ഈ ഗുണങ്ങളുള്ള വിദ്യ എന്ന ധനം വേണ്ടുവോളം സമ്പാദിക്കാന്‍ ഇവിടെ പോവുക.


[2006/08/01] പതിവുപോലെ രാജേഷ് വര്‍മ്മയുടെ പരിഭാഷ. ഇത്തവണ പഞ്ചചാമരത്തില്‍.

എടുത്തുകൊണ്ടു പോവുകില്ല കള്ളനും നൃപാലനും,
പകുത്തിടേണ്ട സോദരര്‍ക്കു, ഭാരമില്ല താങ്ങുവാന്‍,
കൊടുത്തുകൊണ്ടിരിക്കുകില്‍ പെരുപ്പമേറിവന്നിടും –
ധനത്തിലേറ്റമുത്തമം പഠിത്തമെന്നൊരാ ധനം

നന്ദി, രാജേഷ്!

(കണ്ണൂസിന്റെ ഒരു വിദൂരതര്‍ജ്ജമയ്ക്കു് അഞ്ചാമത്തെ കമന്റ് നോക്കുക.)

സുഭാഷിതം

Comments (21)

Permalink

ഭാരതീയഗണിതത്തിലെ തെറ്റുകള്‍

“ഗുരുകുല”ത്തിന്റെ ഭാഗമായ “ഭാരതീയഗണിതം” ബ്ലോഗില്‍ ഭാരതത്തിലെ പ്രാചീനാചാര്യന്മാരുടെ പല കണ്ടുപിടിത്തങ്ങളെപ്പറ്റിയും ഞാന്‍ പ്രതിപാദിച്ചിട്ടുണ്ടു്. ഇതില്‍ നിന്നു ഞാന്‍ പ്രാചീനഭാരതത്തിലെ വിജ്ഞാനം ആധുനികശാസ്ത്രത്തിലുള്ള വിജ്ഞാനത്തെക്കാള്‍ മികച്ചതാണു് എന്നൊരു വിശ്വാസം വെച്ചുപുലര്‍ത്തുന്ന ആളാണെന്നുള്ള ഒരു വിശ്വാസം ചില വായനക്കാര്‍ക്കിടയില്‍ പ്രബലമായിട്ടുണ്ടു്. അങ്ങനെയല്ല എന്നു മാത്രമല്ല, ആ വാദത്തെ ശക്തമായി എതിര്‍ക്കുന്ന ആളാണു ഞാന്‍ എന്നു വ്യക്തമാക്കിക്കൊള്ളട്ടേ.

വേദങ്ങളിലും പിന്നീടുണ്ടായ ആര്‍ഷഗ്രന്ഥങ്ങളിലും ലോകവിജ്ഞാനം മുഴുവനും അടങ്ങിയിരിക്കുന്നു എന്നും, പാശ്ചാത്യവും പൗരസ്ത്യവുമായ യാതൊന്നിനും അതില്‍ നിന്നു മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നുമുള്ള ഒരു വിശ്വാസം ഭാരതീയരില്‍ പലര്‍ക്കും ഉണ്ടു്. അസംഖ്യം ഇ-മെയില്‍ സന്ദേശങ്ങളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ഇതു ഭാരതീയപൈതൃകത്തെപ്പറ്റി പരിഹാസ്യമായ പ്രസ്താവനകള്‍ നിരത്തിക്കൊണ്ടു പരന്നുകിടക്കുന്നു. അടിസ്ഥാനമോ തെളിവുകളോ ഇല്ലാത്ത വെറും അവകാശവാദങ്ങള്‍ മാത്രമാണു് അവയില്‍ പലതും. “ഭാരതീയഗണിതം” അത്തരമൊരു സ്ഥലമല്ല.

പാശ്ചാത്യവും പൗരസ്ത്യവുമായ ഒട്ടനവധി കേന്ദ്രങ്ങളില്‍ നിന്നു വിജ്ഞാനമാര്‍ജ്ജിച്ചാണു് ആധുനികഗണിതശാസ്ത്രം വളര്‍ന്നതു്. അതില്‍ ഇന്നുള്ളത്രയും വിജ്ഞാനം ഈ ഒരു കേന്ദ്രത്തിനും ഒറ്റയ്ക്കു് ഇല്ല. ഭാരതത്തിനും അതു ബാധകമാണു്.

ലോകത്തില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാഞ്ഞ ചില ഭാരതീയസംഭാവനകളെ അവതരിപ്പിക്കാനാണു ഇവിടെ ശ്രമിക്കുന്നതു്. അവയില്‍ത്തന്നെ, പില്‍ക്കാലത്തെ ആരുടെയെങ്കിലും പേരില്‍ കിടക്കുന്ന സിദ്ധാന്തങ്ങളാണു് ഇവിടെ അധികം പ്രതിപാദിക്കുന്നതു്.

സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല, അവയുടെ നിഷ്പത്തിയോ (derivation) ഉപപത്തിയോ (proof) കൂടി നല്‍കാനാണു ആധുനികഗണിതശാസ്ത്രം ശ്രമിക്കുന്നതു്. ഇവയിലേതെങ്കിലുമുള്ളവയെ സിദ്ധാന്തങ്ങള്‍ (theorems) എന്നും ഇല്ലാത്തവയെ അഭ്യൂഹങ്ങള്‍ (conjectures) എന്നും വിളിക്കുന്നു. പല അഭ്യൂഹങ്ങളും പില്‍ക്കാലത്തു സിദ്ധാന്തങ്ങളായിട്ടുണ്ടു്.

പണ്ടുള്ളവര്‍ ഇതിനു പ്രാധാന്യം കൊടുത്തിരുന്നില്ല. ഭാരതീയര്‍ കണ്ടുപിടിച്ച പല സിദ്ധാന്തങ്ങളുടെയും നിഷ്പത്തിയോ ഉപപത്തിയോ അവരുടെ കൈവശമുണ്ടായിരുന്നു എന്നു വാസ്തവമാണു്. പക്ഷേ അവ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുകൊണ്ടു അവയെ അഭ്യൂഹങ്ങളില്‍ നിന്നു വേര്‍തിരിച്ചറിയുക വിഷമമാണു്.

ശരിയായ സിദ്ധാന്തങ്ങളോടൊപ്പം തന്നെ തെറ്റായ അനവധി അഭ്യൂഹങ്ങളും ഭാരതീയഗണിതത്തിലുണ്ടു്. അവയില്‍ ചിലതു താഴെച്ചേര്‍ക്കുന്നു.

ശുദ്ധഗണിതം മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ. ഭാരതീയജ്യോതിശ്ശാസ്ത്രത്തില്‍ ഇതില്‍ കൂടുതല്‍ തെറ്റുകളുണ്ടു്.

  1. വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അനുപാതം ഒരു സ്ഥിരസംഖ്യയാണെന്നു് വളരെക്കാലം മുമ്പു തന്നെ അറിവുള്ളതാണെങ്കിലും വീരസേനന്‍ (ക്രി. പി. ഒന്‍പതാം നൂറ്റാണ്ടു്) എന്ന ഗണിതജ്ഞന്‍ ധവളടീക എന്ന പുസ്തകത്തില്‍ അങ്ങനെയല്ല എന്നു പറയുന്നു:

    വ്യാസം ഷോഡശഗുണിതം
    ഷോഡശസഹിതം ത്രിരൂപരൂപഭക്തം
    വ്യാസ ത്രിഗുണിതസഹിതം
    സൂക്ഷ്മാദപി തദ്ഭവേത് സൂക്ഷ്മം

    വ്യാസത്തെ 16 കൊണ്ടു ഗുണിച്ചിട്ടു 16 കൂട്ടി 113 (ത്രി-രൂപ-രൂപ – ഭൂതസംഖ്യ ഉപയോഗിച്ചു്) കൊണ്ടു ഹരിച്ച ഫലം വ്യാസത്തിന്റെ മൂന്നിരട്ടിയോടു കൂട്ടിയാല്‍ പരിധി സൂക്ഷ്മത്തിലും സൂക്ഷ്മമായി കിട്ടും.

    അതായതു്,

    (355/113) എന്നതു പൈയുടെ ഒരു നല്ല മൂല്യമാണു്. എങ്കിലും അനുപാതം സ്ഥിരസംഖ്യയല്ല എന്ന പ്രസ്താവം ശരിയല്ലല്ലോ.

  2. ആര്യഭടന്‍ (ക്രി. പി. അഞ്ചാം നൂറ്റാണ്ടു്) ഗോളത്തിന്റെ വ്യാപ്തത്തിനുള്ള സൂത്രവാക്യം കൊടുത്തതു തെറ്റാണു്.

    സമപരിണാഹസ്യാര്‍ദ്ധം
    വിഷ്കംഭാര്‍ദ്ധഹതമേവ വൃത്തഫലം
    തന്നിജമൂലേന ഹതം
    ഘനഗോളഫലം നിരവശേഷം

    വൃത്തപരിധിയുടെ പകുതിയെ വ്യാസത്തിന്റെ പകുതി കൊണ്ടു ഗുണിച്ചാല്‍ ക്ഷേത്രഫലം കിട്ടും. അതിനെ അതിന്റെ വര്‍ഗ്ഗമൂലം കൊണ്ടു ഗുണിച്ചാല്‍ (അതേ വ്യാസമുള്ള) ഗോളത്തിന്റെ വ്യാപ്തം കിട്ടും.

    വൃത്തഫലം കാണാനുള്ള സൂത്രവാക്യം ശരി തന്നെ.

    പക്ഷേ, ഗോളവ്യാപ്തം കിട്ടാന്‍ അതേ വ്യാസമുള്ള വൃത്തത്തിന്റെ വിസ്താരത്തെ അതിന്റെ വര്‍ഗ്ഗമൂലം കൊണ്ടു ഗുണിക്കണം എന്നുള്ളതു തെറ്റാണു്. അതായതു്,

    ഇതു് ശരിയായ വ്യാപ്തത്തേക്കാള്‍ 25% കുറവാണു്. ചില ആളുകള്‍ ആര്യഭടന്‍ പൈയുടെ മൂല്യം തെറ്റായി കണക്കാക്കി എന്നു് ഇതിനെ അടിസ്ഥാനമാക്കി പറയുന്നുണ്ടു്. അതു തെറ്റാണു്. ആര്യഭടനു് പൈയുടെ മൂല്യം നാലു ദശാംശസ്ഥാനത്തു ശരിയായി അറിയാമായിരുന്നു. (ഈ പോസ്റ്റു നോക്കുക.) ഗോളവ്യാപ്തം കണ്ടുപിടിക്കാനുള്ള ഫോര്‍മുലയാണു് ആര്യഭടനു തെറ്റിയതു്.

    ക്യൂബിനെ സംബന്ധിച്ചു് ഇതു ശരിയാണു്. ക്യൂബിന്റെ വ്യാപ്തം (x3) അതേ വശമുള്ള സമചതുരത്തിന്റെ വിസ്താരത്തെ (x2) അതിന്റെ വര്‍ഗ്ഗമൂലം (x) കൊണ്ടു ഗുണിച്ചതാണു്. അതില്‍ നിന്നു് ഈ നിയമം ആര്യഭടന്‍ തെറ്റായി അനുമാനിച്ചതാവണം എന്നു് നീലകണ്ഠന്‍ പ്രസ്താവിക്കുന്നുണ്ടു്.

    ഇതു് ഏഴു നൂറ്റാണ്ടിനുമുമ്പു് ഗ്രീസില്‍ ആര്‍ക്കിമിഡീസ് (ക്രി. മു. മൂന്നാം നൂറ്റാണ്ടു്) കൃത്യമായി പറഞ്ഞിട്ടുള്ളതാണു്. ഭാസ്കരാചാര്യര്‍ (ക്രി. പി. പന്ത്രണ്ടാം നൂറ്റാണ്ടു്) ആണു് ഭാരതത്തില്‍ ഇതു കൃത്യമായി ആദ്യം പറഞ്ഞതു്.

    വൃത്തക്ഷേത്രേ പരിധിഗുണിതവ്യാസപാദം ഫലം; തത്
    ക്ഷുണ്ണം വേദൈരുപരി പരിതഃ കന്ദുകസ്യേവ ജാലം
    ഗോളസ്യൈവം തദപി ച ഫലം പൃഷ്ഠജം; വ്യാസനിഘ്നം
    ഷഡ്‌ഭിര്‍ഭക്തം ഭവതി നിയതം ഗോളഗര്‍ഭേ ഘനാഖ്യം

    വൃത്തത്തിന്റെ പരിധിയെ വ്യാസത്തിന്റെ നാലിലൊന്നു കൊണ്ടു ഗുണിച്ചാല്‍ ക്ഷേത്രഫലം കിട്ടും. അതിനെ നാലു (വേദം = 4) കൊണ്ടു ഗുണിച്ചാല്‍ അതേ വ്യാസമുള്ള ഒരു പന്തിന്റെ ചുറ്റുമുള്ള വിസ്താരം കിട്ടും. അതിനെ വ്യാസം കൊണ്ടു ഗുണിച്ചു് ആറു കൊണ്ടു ഹരിച്ചാല്‍ വ്യാപ്തം കിട്ടും.

    അതായതു്,

    ഇതു് ഒറ്റയടിക്കു കണ്ടുപിടിക്കാനുള്ള വഴിയും ഭാസ്കരാചാര്യര്‍ കൊടുത്തിട്ടുണ്ടു്:

    ഘനീകൃതവ്യാസദലം നിജൈക
    വിംശാംശയുഗ്‌ ഗോളഫലം ഘനം സ്യാത്

    വ്യാസത്തിന്റെ ഘനത്തിന്റെ പകുതിയോടു് അതിന്റെ ഇരുപത്തിയൊന്നിലൊന്നു കൂട്ടിയാല്‍ വ്യാപ്തമാകും.

    പൈയുടെ മൂല്യം (22/7) എന്നെടുത്തുള്ള ഫോര്‍മുലയാണു് ഇതെന്നു വ്യക്തം.

  3. സമത്രികോണസ്തൂപത്തിന്റെ (tetrahedron) വ്യാപ്തം ആര്യഭടന്‍ കൊടുത്തിട്ടുള്ളതും തെറ്റാണു്.

    ത്രിഭുജസ്യ ഫലശരീരം
    സമദലകോടീഭുജാര്‍ദ്ധസംവര്‍ഗ്ഗഃ
    ഊര്‍ദ്ധ്വഭുജാതര്‍ത്സവര്‍ഗ്ഗാര്‍ദ്ധ
    സ ഘനഃ ഷഡശ്രിരിതി

    ത്രിഭുജത്തിന്റെ ക്ഷേത്രഫലം ഒരു വശത്തിന്റെയും അതിന്റെ കോടിയുടെ (altitude) പകുതിയുടെയും ഗുണനഫലമാണു്. അതിനെ ഉയരം കൊണ്ടു ഗുണിച്ചതിന്റെ പകുതിയാണു് ആറു വശമുള്ള സമരൂപത്തിന്റെ വ്യാപ്തം.

    ത്രിഭുജത്തിന്റെ ക്ഷേത്രഫലത്തിന്റെ സൂത്രവാക്യം ശരിയാണു്. (ഇതു വേദകാലത്തു തന്നെ അറിവുള്ളതാണു് – ശുല്‍ബസൂത്രങ്ങളില്‍ ഇതു പരാമര്‍ശിച്ചിട്ടുണ്ടു്) പക്ഷേ ടെട്രാഹീഡ്രന്റെ വ്യാപ്തത്തിന്റേതു തെറ്റാണു്. ത്രിഭുജത്തിന്റെ ക്ഷേത്രഫലത്തെ ഉയരം കൊണ്ടു ഗുണിച്ചതിന്റെ മൂന്നിലൊന്നാണു വ്യാപ്തം. (ഇതു് എല്ലാ സ്തൂപങ്ങള്‍ക്കും ബാധകമാണു്.)

  4. ഒരു വൃത്തത്തില്‍ അന്തര്‍ലേഖനം ചെയ്യാവുന്ന ത്രികോണം, സമചതുരം തുടങ്ങിയവയുടെ വശത്തിന്റെ നീളം ഭാസ്കരാചാര്യര്‍ (ക്രി. പി. പന്ത്രണ്ടാം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:

    ത്രിദ്വങ്കാഗ്നിനഭശ്ചന്ദ്രൈ-
    സ്ത്രിബാണാഷ്ടയുഗാഷ്ടഭിഃ
    വേദാഗ്നിബാണഖാശ്വൈവ
    ഖഖാഭ്രാഭ്രരസൈഃ ക്രമാത്

    ബാണേഷുനഖബാണൈശ്ച
    ദ്വിദ്വിനന്ദേഷുസാഗരൈഃ
    കുരാമദശവേദൈശ്ച
    വൃത്തേ വ്യാസസമാഹതേ

    ഖഖഖാഭ്രാര്‍ക്കസംഭക്തേ
    ലഭ്യന്തേ ക്രമശോ ഭുജാഃ
    വൃത്താന്തത്ര്യസ്രപൂര്‍വ്വാണാം
    നവാസ്രാന്തം പൃഥക് പൃഥക്

    വൃത്തവ്യാസത്തെ 103923, 84853, 70534, 60000, 52055, 45922, 41031 എന്നിവ കൊണ്ടു ഗുണിച്ചു് 120000 കൊണ്ടു ഹരിച്ചാല്‍ വൃത്തത്തിനുള്ളില്‍ അന്തര്‍ലേഖനം ചെയ്തിരിക്കുന്ന മൂന്നു മുതല്‍ ഒന്‍‌പതു വരെ വശങ്ങളുള്ള സമബഹുഭുജങ്ങളുടെ വശങ്ങള്‍ ക്രമത്തില്‍ കിട്ടും.

    ഭൂതസംഖ്യ ഉപയോഗിച്ചാണു സംഖ്യകള്‍ പറഞ്ഞിരിക്കുന്നതു്. ഖം = അഭ്രം = നഭ = ആകാശം = 0, കു = ഭൂമി = 1, ചന്ദ്ര = 1, ദ്വി = 2, ത്രി = 3, അഗ്നി = 3, രാമന്‍ (പരശു, ശ്രീ, ബലഭദ്ര) = 3, യുഗം = 4, വേദം = 4, സാഗരം = കടല്‍ = 4, ബാണം = ഇഷു = അമ്പു് = 5, രസം = 6, അശ്വം = കുതിര = 7, അഷ്ട = 8, നന്ദ = 9, ദശ = 10, നഖം = 20 എന്നിവ ഉപയോഗിച്ചിരിക്കുന്നു. വലത്തു നിന്നു് ഇടത്തോട്ടു വായിക്കണം എന്നോര്‍ക്കുക.

    ത്രി-ദ്വി-അങ്ക-അഗ്നി-നഭ-ചന്ദ്ര = 1-0-3-9-2-3
    ത്രി-ബാണ-അഷ്ട-യുഗ-അഷ്ട = 8-4-8-5-3
    വേദ-അഗ്നി-ബാണ-ഖ-അശ്വ = 7-0-5-3-4
    ഖ-ഖ-ഖ-അഭ്ര-അഭ്ര-രസ = 6-0-0-0-0
    ബാണ-ഇഷു-നഖ-ബാണ = 5-20-5-5
    ദ്വി-ദ്വി-നന്ദ-ഇഷു-സാഗര = 4-5-9-2-2
    കു-രാമ-ദശ-വേദ = 4-10-3-1

    ഇതനുസരിച്ചു് വ്യാസം 120000 ആയ വൃത്തത്തില്‍ ഉള്‍ക്കൊള്ളുന്ന 3, 4, 5, 6, 7, 8, 9 എന്നീ വശങ്ങളുള്ള സമബഹുഭുജങ്ങളുടെ വശത്തിന്റെ നീളങ്ങള്‍ യഥാക്രമം 103923, 84853, 70534, 60000, 52055, 45922, 41031 ആണു്.

    വ്യാസം d ആയ ഒരു വൃത്തത്തില്‍ n വശങ്ങളുള്ള ഒരു സമബഹുഭുജം അന്തര്‍ലേഖനം ചെയ്താല്‍ അതിന്റെ വശത്തിന്റെ നീളം ത്രികോണമിതി ഉപയോഗിച്ചു്

    ആണെന്നു കണ്ടുപിടിക്കാന്‍ എളുപ്പമാണു്. അതനുസരിച്ചുള്ള മൂല്യങ്ങള്‍ താഴെക്കൊടുക്കുന്നു.

    വശങ്ങളുടെ ഒരു വശത്തിന്റെ നീളം
    എണ്ണം ആധുനികഗണിതം ഭാസ്കരാചാര്യര്‍
    3 103923.0485 103923
    4 84852.8137 84853
    5 70534.2303 70534
    6 60000.0000 60000
    7 52066.0487 52055
    8 45922.0119 45922
    9 41042.4172 41031

    ഇവയില്‍ 7, 9 എന്നിവയൊഴികെയുള്ളവ ശരിയാണു്. (എന്തുകൊണ്ടു് ഇവ രണ്ടും തെറ്റി എന്നതിനെപ്പറ്റി മറ്റൊരു പോസ്റ്റില്‍.) 7, 9 എന്നിവയുടെ മൂല്യങ്ങള്‍ക്കു നല്ല വ്യത്യാസമുണ്ടു്.

ഇതു ക്രിസ്തുവിനു ശേഷം നാലഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷമുള്ള കാര്യം. വേദകാലത്തുള്ള വിജ്ഞാനം ഇതിലും ശുഷ്കമാണു്. അന്നുള്ള വിജ്ഞാനത്തില്‍ മികവു കാട്ടിയിരുന്നു എന്നതു സത്യം. എങ്കിലും വേദഗണിതത്തില്‍ (Vedic Mathematics) ആധുനികഗണിതത്തിലുള്ള പല സിദ്ധാന്തങ്ങളെയും പറ്റി പ്രതിപാദിച്ചിരുന്നു എന്നു പറയുന്നതു പൊള്ളയായ അവകാശവാദമാണു്. ശുല്‍ബസൂത്രങ്ങളിലെ (ഇവയാണു ലോകത്തിലെ ആദ്യത്തെ ഗണിതശാസ്ത്രഗ്രന്ഥങ്ങള്‍) മഹത്തായ ഗണിതതത്ത്വങ്ങള്‍ – ഇതില്‍ നാം ഇന്നു പിഥഗോറസ് സിദ്ധാന്തം (Pythagorus theorem) എന്നു വിളിക്കുന്ന തത്ത്വവും ഉള്‍പ്പെടും – ഒഴിച്ചു നിര്‍ത്തിയാല്‍ വേദഗണിതത്തെപ്പറ്റി ഇന്നു പ്രചരിക്കുന്ന പല അവകാശവാദങ്ങളും അബദ്ധപ്പഞ്ചാംഗങ്ങളാണു്. അതിനെപ്പറ്റി വിശദമായ ഒരു ലേഖനം പിന്നീടു്.

ഭാരതീയഗണിതം (Indian Mathematics)

Comments (12)

Permalink

വരന്‍ എങ്ങനെയുള്ളവനാകണം?

ഒരു പെണ്‍കുട്ടിക്കു വരനെ തെരഞ്ഞെടുക്കുമ്പോള്‍ ഓരോരുത്തരും എന്താണു് ആഗ്രഹിക്കുന്നതെന്നു് ഒരു പ്രാചീനകവി പറഞ്ഞതു്:

ശ്രുതമിച്ഛന്തി പിതരഃ
ധനമിച്ഛന്തി മാതരഃ
ബാന്ധവാഃ കുലമിച്ഛന്തി
രൂപമിച്ഛന്തി കന്യകാഃ

അര്‍ത്ഥം:

പിതരഃ ശ്രുതം ഇച്ഛന്തി : അച്ഛന്മാര്‍ പേരു കേട്ടവനെ ആഗ്രഹിക്കുന്നു
മാതരഃ ധനം ഇച്ഛന്തി : അമ്മമാര്‍ പണമുള്ളവനെ ആഗ്രഹിക്കുന്നു
ബാന്ധവാഃ കുലം ഇച്ഛന്തി : ബന്ധുക്കള്‍ കുടുംബക്കാരനെ ആഗ്രഹിക്കുന്നു
കന്യകാഃ രൂപം ഇച്ഛന്തി : പെണ്‍കുട്ടികള്‍ സൌന്ദര്യമുള്ളവനെ ആഗ്രഹിക്കുന്നു.

കീര്‍ത്തിയുള്ളവരെയാണു് അച്ഛന്മാര്‍ നോക്കുന്നതു്. ആര്‍ക്കു കല്യാണം കഴിച്ചു കൊടുത്തു എന്നു് അഭിമാനത്തോടെ പറയണം. ഇന്നും അതു തന്നെ.
പണമുള്ളവരെയാണു് അമ്മമാര്‍ക്കു പഥ്യം. മകള്‍ ഭര്‍ത്തൃഗൃഹത്തില്‍ പോയി കഷ്ടപ്പെടാന്‍ ഇടവരരുതു്. ഇന്നും അങ്ങനെ തന്നെ.
ബന്ധുക്കള്‍ക്കു ബന്ധുബലമാണു പ്രധാനം. നല്ല നിലയിലുള്ള ബന്ധുക്കളെ കിട്ടിയാല്‍ അതിന്റേതായ പ്രയോജനമുണ്ടല്ലോ. ഇന്നും വ്യത്യാസമില്ല.

ഇതൊക്കെ ശരിയായിട്ടും നാലാമത്തെ കാര്യത്തില്‍ സംസ്കൃതകവിക്കു വലിയ തെറ്റു പറ്റിപ്പോയി എന്നു കരുതണം ഇടിവാളിന്റെ ബ്ലോഗില്‍ എല്‍‌ജിയും ആദിത്യനും തമ്മില്‍ നടത്തുന്ന സംഘട്ടനം കണ്ടാല്‍. അങ്ങേര്‍ പറഞ്ഞതു പെണ്‍‌കുട്ടികള്‍ സൌന്ദര്യം മാത്രമേ നോക്കുള്ളൂ എന്നാണു്. പെണ്‍‌കുട്ടികള്‍ക്കു് ആഗ്രഹം മറ്റു പലതുമാണത്രേ! “ഛീ, പോടീ പുല്ലേ” എന്നു പറയുന്ന ആണുങ്ങളെയാണത്രേ ഇപ്പോഴത്തെ പെണ്‍‌കുട്ടികള്‍ക്കു പഥ്യം!

ഏതായാലും, കാലം മാറിപ്പോയി എന്നു പലപ്പോഴും തോന്നാറുണ്ടു്. എന്റെ ഒരു സുഹൃത്തുണ്ടു്. മദ്യപിക്കില്ല. പുകവലിക്കില്ല. ഒരു ദുശ്ശീലവുമില്ല. ദേഷ്യപ്പെടില്ല. ജോലിയോടു് അതിയായ ആസക്തിയുമില്ല. ചുരുക്കം പറഞ്ഞാല്‍ സന്തോഷിന്റെ എല്ലാ ഭര്‍ത്തൃലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരുവന്‍. പക്ഷേ, ഭാര്യ അസംതൃപ്ത. വിരുന്നുകാര്‍ വരുമ്പോള്‍ ഭര്‍ത്താവു കമ്പനിക്കു മദ്യപിക്കുന്നില്ല, തനിക്കിഷ്ടമായ സിഗരറ്റ്‌മണം ഭര്‍ത്താവിനില്ല, കല്യാണത്തിനു ശേഷം അമേരിക്കയ്ക്കു പോയാല്‍ ഭര്‍ത്താവിനോടൊപ്പം ബിയറടിക്കുകയും നൈറ്റ്‌ക്ലബ്ബുകളില്‍ പോകുകയും ചെയ്യാം എന്നു കരുതിയതു വെറുതെയായി, ഭര്‍ത്താവിനു പഴയ പ്രണയബന്ധങ്ങളെപ്പറ്റി പറയാന്‍ ഒന്നുമില്ല എന്നിങ്ങനെ തികച്ചും അസംതൃപ്തമായ ജീവിതം. മോഡേണ്‍ പെണ്‍‌കുട്ടികളുടെ ഉത്തമഭര്‍ത്തൃസങ്കല്പം ഒരുപാടു മാറിപ്പോയിരിക്കുന്നു എന്നു മനസ്സിലായി.

പുരുഷന്മാര്‍ക്കു വലിയ വ്യത്യാസമൊന്നുമില്ലെന്നു തോന്നുന്നു. നോട്ടം സൌന്ദര്യം മാത്രം. അല്ലേ?


രാജേഷ് വര്‍മ്മയുടെ പരിഭാഷ (വസന്തമാലിക):

മണവാളനു കേളിയച്ഛനെങ്കില്‍
പണമാണമ്മ കൊതിച്ചിടുന്നതേറ്റം
തറവാടിനു മേന്മ വേണമുറ്റോര്‍-
ക്കുരുവം നല്ലവനെക്കൊതിപ്പു പെണ്ണാള്‍

നന്ദി, രാജേഷ്!

സുഭാഷിതം

Comments (37)

Permalink

പല്ലും നാക്കും

വാഗ്‌ജ്യോതിയിലെ ജിഹ്വേ പ്രമാണം ജാനീഹി… എന്ന ശ്ലോകം കണ്ടപ്പോള്‍ ഓര്‍മ്മവന്നതു്:

ഇതി പ്രാര്‍ത്ഥയതേ ദന്തോ
ഹേ ജിഹ്വേ! ബഹു മാ വദ
ത്വയാऽപരാധേ തു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ.

അര്‍ത്ഥം:

ദന്തഃ ഇതി പ്രാര്‍ത്ഥയതേ : പല്ലു് ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു:
ഹേ ജിഹ്വേ! : അല്ലയോ നാക്കേ!
മാ വദ ബഹു : അധികം സംസാരിക്കരുതു്
ത്വയാ കൃതേ അപരാധേ : നീ ചെയ്യുന്ന അപരാധത്തിനു്
മമ സ്ഥാനഭ്രംശഃ ഭവേത് : എനിക്കാണു സ്ഥാനഭ്രംശം വരുന്നതു്.

വേണ്ടാത്തതു പറഞ്ഞാല്‍ പല്ലു് ആരെങ്കിലും അടിച്ചു തെറിപ്പിക്കും എന്നര്‍ത്ഥം.


പരിഭാഷകള്‍:

  1. രാജേഷ് വര്‍മ്മ (ദോധകം):
    പല്ലുകള്‍ നാവൊടു ചൊല്ലുകയായ്‌, “നീ
    തെല്ലുകുറച്ചുരിയാടുക തോഴാ
    വല്ലതുമൊക്കെ വിളിച്ചു പറഞ്ഞാല്‍
    തല്ലുകളേറ്റു കൊഴിഞ്ഞിടുമെങ്ങള്‍”
  2. ഉമേഷ് നായര്‍ (അനുഷ്ടുപ്പ്):
    പല്ലു ചൊല്ലുന്നു നാവോടായ്‌:
    “വല്ലാതൊന്നുമുരയ്ക്കൊലാ
    തെല്ലു കൂടുതല്‍ നീ ചൊന്നാല്‍
    പൊല്ലാപ്പാകുമെനിക്കെടോ”
  3. കുട്ടപ്പായി ചെറുപ്പത്തില്‍ പഠിച്ച ഒരു ശ്ലോകം (അനുഷ്ടുപ്പ്) അയച്ചു തന്നു.
    ചൊല്ലുന്നു പല്ലു, “ഹേ! നാവേ
    ചൊല്ലൊല്ലേറെയൊരിക്കലും
    നിന്റെ കുറ്റത്തിനെപ്പോഴും
    സ്ഥാനഭ്രംശമെനിക്കെടൊ”.
  4. സന്തോഷിന്റെ സര്‍പ്പിണി(പാന)യിലുള്ള പരിഭാഷ ഇവിടെ.

സുഭാഷിതം

Comments (29)

Permalink

മര്‍ക്കടസ്യ സുരാപാനം…

കമന്റുകളില്‍ പല തവണ പരാമര്‍ശിക്കപ്പെട്ട ഒരു ശ്ലോകം. ഇവിടെക്കിടക്കട്ടേ.

മര്‍ക്കടസ്യ സുരാപാനം
മദ്ധ്യേ വൃശ്ചികദംശനം
തന്മദ്ധ്യേ ഭൂതസഞ്ചാരം
കിം ബ്രൂമോ വൈകൃതം സഖേ?

അര്‍ത്ഥം:

സഖേ, : സുഹൃത്തേ,
മര്‍ക്കടസ്യ : കുരങ്ങന്റെ
സുരാപാനം : കള്ളുകുടി
മദ്ധ്യേ വൃശ്ചികദംശനം : (അതു പോരാഞ്ഞു) മൂട്ടില്‍ തേളു കുത്തിയതു്
തന്മദ്ധ്യേ ഭൂതസഞ്ചാരം : (അതും പോരാഞ്ഞു) ബാധ കൂടിയതു്
വൈകൃതം കിം ബ്രൂമഃ : കോലാഹലം എന്തു പറയാന്‍?

സ്വതേ തന്നെ ബഹളക്കാരനായ കുരങ്ങന്‍ കള്ളുകുടിച്ചാല്‍ എങ്ങനെയിരിക്കും? പോരാത്തതിനു മൂട്ടില്‍ തേളു കുത്തിയാലോ? അതും പോരാത്തതിനു അവനെ ഭൂതം ബാധിച്ചാലോ?

ഒരു നിവൃത്തിയുമില്ലാത്ത ബഹളത്തിനെ പരാമര്‍ശിക്കാന്‍ സാധാരണയായി പറയുന്ന ശ്ലോകം. തങ്ങളുടെ ക്ലാസ്സിനെപ്പറ്റി ഇതു പറയാത്ത മലയാളാദ്ധ്യാപകര്‍ കുറയും.


എന്റെ തന്നെ ഒരു പരിഭാഷ:

കള്ളു മോന്തും കുരങ്ങന്റെ
മൂട്ടില്‍ തേളു കടിച്ചതും
ബാധ കൂടിയതും പാര്‍ത്താല്‍
എന്തു വൈകൃതമെന്‍ സഖേ?

സുഭാഷിതം

Comments (55)

Permalink

തേളും ബ്ലോഗറും

സുഭാഷിതത്തിലെ വിചിത്രമായ വധം എന്ന ലേഖനം എഴുതിയപ്പോള്‍ ഈ ശ്ലോകത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ശ്ലോകം മുഴുവന്‍ അറിയില്ലായിരുന്നു. അക്ഷരശ്ലോകഗ്രൂപ്പില്‍ നിന്നു തപ്പിയെടുക്കേണ്ടി വന്നു.

നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം എന്ന കാവ്യത്തിലുള്ളതാണു് ഈ ശ്ലോകം.

കീടഃ കശ്ചന വൃശ്ചികഃ, കിയദയം പ്രാണീ, കിയച്ചേഷ്ടതേ,
കോ ഭാരോ ഹനനേऽസ്യ, ജീവതി സ വാ കാലം കിയന്തഃ പുനഃ
നാമ്‌നാപ്യസ്യ കിയദ്‌ ബിഭേതി ജനതാ ദൂരേ കിയദ്‌ ധാവതി
കിം ബ്രൂമോ ഗരളസ്യ ദുര്‍വ്വിഷഹതാം പുച്ഛാഗ്രശൂകസ്പൃശഃ?

അര്‍ത്ഥം:

വൃശ്ചികഃ കശ്ചന കീടഃ : തേള്‍ വെറുമൊരു കീടം മാത്രമാണു്
അയം പ്രാണീ കിയത് : അതു് എന്തൊരു ചെറിയ പ്രാണിയാണു്?
കിയത് ചേഷ്ടതേ : അതു് എന്തു ചെയ്യും?
അസ്യ ഹനനേ കഃ ഭാരഃ : അതിനെ കൊല്ലാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
സ കിയന്തം കാലം ജീവതി? : എത്ര കാലം അതു ജീവിച്ചിരിക്കും?
പുനഃ : പിന്നെ (എന്നാലും),
ജനതാ അസ്യ നാമ്നാ അപി കിയത് ബിഭേതി : ജനത്തിനു് അതിന്റെ പേരു കേട്ടാല്‍ എന്തൊരു പേടിയാണു്?
കിയത് ദൂരേ ധാവതി : (കണ്ടാല്‍) എന്തൊരു ഓട്ടമാണു്?
പുച്ഛാഗ്രശൂകസ്പൃശഃ ഗരളസ്യ : വാലിന്റെ അറ്റത്തെ മുനയിലുള്ള വിഷത്തിന്റെ
ദുര്‍വിഷഹതാം കിം ബ്രൂമഃ? : തീക്ഷ്ണതയെപ്പറ്റി എന്തു പറയാന്‍!

ഇവിടെ പറയുന്നതു തേളിനെപ്പറ്റിയാണെങ്കിലും വിവക്ഷ അതല്ലെന്നു വ്യക്തമാണു്. തേളിന്റെ വാല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നതു് ഏഷണിക്കാരന്റെ നാക്കാണു്. യാതൊരു വിധത്തിലുള്ള കഴിവുമില്ലാത്തവനായാലും ഏഷണിക്കാരനെ ആളുകള്‍ പേടിക്കുന്നു.

ഇങ്ങനെ പറയേണ്ട കാര്യം പറയാതെ മറ്റൊരു കാര്യം വ്യംഗ്യമായി പറയുന്നതിനെ കുവലയാനന്ദം എന്ന അലങ്കാരശാസ്ത്രഗ്രന്ഥം എഴുതിയ അപ്പയ്യദീക്ഷിതര്‍ അന്യാപദേശം എന്നു വിളിക്കുന്നു. ഭാഷാഭൂഷണത്തില്‍ ഏ. ആര്‍. രാജരാജവര്‍മ്മ ഇതിനെ അപ്രസ്തുതപ്രശംസ എന്ന അലങ്കാരത്തിന്റെ ഒരു വകഭേദമായി മാത്രമേ കരുതുന്നുള്ളൂ.

അന്യാപദേശരീതിയിലുള്ള ശ്ലോകങ്ങളുടെ സമാഹാരങ്ങളായ കാവ്യങ്ങള്‍ സംസ്കൃതത്തില്‍ ധാരാളമുണ്ടു്. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം അതിലൊന്നാണു്.

“വാല്‍” എന്നതിനു പകരം “ബ്ലോഗ്” എന്നോ “പത്രം” എന്നൊന്നു് ആലോചിച്ചുനോക്കൂ. ഇതു വളരെ പ്രസക്തമല്ലേ? യാതൊരു കഴിവുമില്ലാത്തവനും ഒരു ബ്ലോഗ്/പത്രം കൈവശമുണ്ടെങ്കില്‍ എന്തും എഴുതിക്കൂട്ടി ആളുകള്‍ പേടിക്കുന്നവന്‍/ള്‍ ആകാമല്ലോ? (ആരെയും ഉദ്ദേശിച്ചിട്ടില്ല എന്നൊരു മുന്‍‌കൂര്‍ ജാമ്യമെടുക്കുകയാണു് :-)).


അന്യാപദേശശതകത്തിലെ ഞാന്‍ കണ്ടിട്ടുള്ള ശ്ലോകങ്ങളെല്ലാം ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തിലാണു്. ആ കാവ്യത്തെ കുസുമമഞ്ജരീവൃത്തത്തില്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. കേരളവര്‍മ്മയുടെ ഏറ്റവും നല്ല പരിഭാഷയാണതു്. സംസ്കൃതപക്ഷപാതിത്വം കൂടുതലുണ്ടായിരുന്ന അദ്ദേഹം അതു വിട്ടു് നല്ല മലയാളത്തില്‍ നന്നായി എഴുതിയ പുസ്തകമാണിതു്. ദ്വിതീയാക്ഷരപ്രാസവാദത്തിനു ശേഷമായതുകൊണ്ടു് ഇതിലെ ശ്ലോകങ്ങള്‍ക്കെല്ലാം നല്ല സജാതീയദ്വിതീയാക്ഷരപ്രാസവുമുണ്ടു്.

മേല്‍ക്കൊടുത്ത ശ്ലോകത്തിനു കേരളവര്‍മ്മയുടെ പരിഭാഷ താഴെച്ചേര്‍ക്കുന്നു..

തേളു തുച്ഛമൊരു കീടകം; പരമിതെന്തുചെയ്യു? മൊരെറുമ്പിനെ-
ക്കാളുമില്ല പണി കൊല്ലുവാനിതിനെ, വാഴുമെത്രയിതു വാഴ്കിലും?
ആളുകള്‍ക്കു പുനരെന്തുപേടി? യവര്‍ പേരുകേട്ടുമുടനോടിടും;
കാളുമുഗ്രവിഷമുള്ള വാല്‍മുനയതിന്റെ തീവ്രത കഥിപ്പതോ!

(രാജേഷ് വര്‍മ്മയ്ക്കു തത്കാലം പണിയില്ല. മറ്റൊരു വര്‍മ്മ നൂറു കൊല്ലം മുമ്പേ അതു ചെയ്തു :-))


[2006/07/22]: ഈ ശ്ലോകത്തിനു ടി. എം. വി. (ടി. എം. വാസുദേവന്‍ നമ്പൂതിരിപ്പാടു്) ചെയ്ത പരിഭാഷ രാജേഷ് വര്‍മ്മ അയച്ചുതന്നതു്:

തേളു തുച്ഛമൊരു കീടമെങ്കിലും
ചൂളുമാരുമവനാഞ്ഞെതിര്‍ക്കുകില്‍
കാലദണ്ഡസമമായ വാലിലെ-
ക്കാളകൂടവിഷമോര്‍ത്തു ഭീതിയാല്‍.

നന്ദി, രാജേഷ്!

സുഭാഷിതം

Comments (34)

Permalink

വിചിത്രമായ വധം

ഏഷണിക്കാരെപ്പറ്റി:

അഹോ ഖലഭുജംഗസ്യ
വിചിത്രോऽയം വധക്രമഃ
കര്‍ണ്ണേ ലഗതി ചൈകസ്യ
പ്രാണൈരന്യോ വിയുജ്യതേ

അര്‍ത്ഥം:

അഹോ! : ഭയങ്കരം തന്നെ
ഖല-ഭുജംഗസ്യ : ഏഷണിക്കാരന്‍ എന്ന പാമ്പിന്റെ
അയം വധക്രമഃ വിചിത്രഃ : ഈ വിചിത്രമായ കൊലയുടെ രീതി!
ഏകസ്യ കര്‍ണ്ണേ ലഗതി ച : ഒരുത്തന്റെ ചെവിയില്‍ കടിക്കും,
അന്യഃ പ്രാണൈഃ വിയുജ്യതേ : വേറൊരുത്തന്‍ പ്രാണന്‍ വെടിയും

ഒരാളോടു് മറ്റൊരാളെപ്പറ്റി ഏഷണി പറഞ്ഞു കുത്തിത്തിരിപ്പു നടത്തിയാല്‍ പ്രശ്നം ആ “മറ്റൊരാള്‍ക്കു്” ആണല്ലോ. ദേവന്റെ പാരയെ പാരുങ്കളേ, വക്കാരിയുടെ സ്നേഹപ്പാര എന്നിവയും വായിക്കുക. അവന്‍ താ‍ന്‍ ഇവന്‍!

ഖലന്‍ (ഖലഃ) എന്ന വാക്കിനു മലയാളത്തില്‍ ദുഷ്ടന്‍ എന്നാണു സാധാരണ ഉദ്ദേശിക്കുന്നതെങ്കിലും (“ധീരന്‍” എന്നാണു തന്റെ അച്ഛന്‍ വിചാരിച്ചിരുന്നതെന്നു് ഈ. വി. കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ടു്. “നമ്മുടെ വീട്ടില്‍ നല്ല ഖലന്മാര്‍ ഉണ്ടാകണം” എന്നോ മറ്റോ അങ്ങേര്‍ പറഞ്ഞിട്ടുണ്ടത്രേ!) ഏഷണിക്കാരന്‍ എന്ന അര്‍ത്ഥമാണു സംസ്കൃതത്തില്‍. (ഇയാളെപ്പറ്റി “കീടഃ കശ്ചന വൃശ്ചികഃ” എന്നൊരു ശ്ലോകമുണ്ടു് അന്യാപദേശശതകത്തില്‍. അതു് സുഭാഷിതത്തില്‍ അടുത്ത ശ്ലോകം.)


ഇതിനു ഞാന്‍ രണ്ടു പരിഭാഷകള്‍ കേട്ടിട്ടുണ്ടു് (രാജേഷ് വര്‍മ്മയ്ക്കു നമുക്കൊരു ഡേ ഓഫ് കൊടുക്കാം :-))

  1. ഏ. ആര്‍. രാജരാജവര്‍മ്മ:
    ഏഷണിക്കാരനാം പാമ്പിന്‍
    വിഷം വിഷമമെത്രയും
    കടിക്കുമൊരുവന്‍ കാതില്‍
    മുടിയും മറ്റൊരാളുടന്‍

    ഏ. ആര്‍. ഭാഷാഭൂഷണത്തില്‍ വിഷമം എന്ന അലങ്കാരത്തിന്റെ ഉദാഹരണമായി കൊടുത്ത ഒരു പദ്യം. ഇതിന്റെ തര്‍ജ്ജമയാണെന്നു തോന്നുന്നു.

  2. മഹാകവി ഉള്ളൂര്‍:
    ഖലന്റെ രസനപ്പാമ്പു
    കാട്ടും ചേഷ്ടിതനദ്ഭുതം!
    അന്യന്റെ കര്‍ണ്ണം ദംശിക്കു-
    മന്യന്‍ പ്രാണവിഹീനനാം

    ഉള്ളൂര്‍ സംസ്കൃതത്തില്‍ നിന്നും മറ്റും ഒരുപാടു സൂക്തികള്‍ തര്‍ജ്ജമ ചെയ്തും സ്വന്തം കൃതികള്‍ കൂട്ടിച്ചേര്‍ത്തും അനുഷ്ടുപ്പ് വൃത്തത്തില്‍ ഒരു കൃതി എഴുതിയിട്ടുണ്ടു്. “കൊണ്ടുപോകില്ല ചോരന്മാര്‍…” തുടങ്ങിയവയും അതിലാണു്. “മണിമാല” എന്നാണെന്നു തോന്നുന്നു പേരു്. ഉള്ളൂര്‍ക്കൃതികള്‍ കൈവശമുള്ളവര്‍ ദയവായി പരിശോധിക്കുക. ആ പുസ്തകത്തിലെയാണു് ഇതു്.

    [2008/04/26]: പുസ്തകം ദീപാവലി ആണെന്നു മധുരാജ് പറഞ്ഞു തന്നു. മധുരാജിനു നന്ദി.

    ഇതു തീര്‍ച്ചയായും പ്രസ്തുതശ്ലോകത്തിന്റെ തര്‍ജ്ജമ തന്നെ.


[2006/07/22]: ഈ ശ്ലോകത്തിനു കെ. സി. കേശവപിള്ള ചെയ്ത പരിഭാഷ രാജേഷ് വര്‍മ്മ അയച്ചുതന്നതു്:

ദുഷ്ടനാകുന്ന സര്‍പ്പത്തിന്‍
വധമെത്രയുമദ്ഭുതം!
കടിക്കുന്നേകകര്‍ണ്ണത്തില്‍;
മരിക്കുന്നന്യനഞ്ജസാ.

നന്ദി, രാജേഷ്!


[2008/04/26]: പി. സി. മധുരാജിന്റെ പരിഭാഷ:

ഒരാളെക്കൊല്ലുവാന്‍ കാതില്‍-
ക്കടിയ്ക്കും മറ്റൊരാളുടെ;
വിഷവാനേഷണിക്കാര-
നാളെക്കൊല്ലുവതത്ഭുതം!

നന്ദി, മധുരാജ്!

സുഭാഷിതം

Comments (24)

Permalink

വാണീ വ്യാകരണേന…

വക്കാരിയുടെ ഒരു പോസ്റ്റില്‍ കമന്റിട്ടപ്പോള്‍ ഓര്‍മ്മ വന്നതു്. ഏതു പുസ്തകത്തിലേതെന്നോര്‍മ്മയില്ല. പഞ്ചതന്ത്രമാകാനാണു സാദ്ധ്യത. അതോ ഭര്‍ത്തൃഹരിയുടേതോ?

നാഗോ ഭാതി മദേന, ഖം ജലധരൈഃ, പൂര്‍ണ്ണേന്ദുനാ ശര്‍വ്വരീ,
ശീലേന പ്രമദാ, ജവേന തുരഗോ, നിത്യോത്സവൈര്‍ മന്ദിരം,
വാണീ വ്യാകരണേന, ഹംസമിഥുനൈര്‍ നദ്യഃ, സഭാ പണ്ഡിതൈ,-
സ്സത്പുത്രേണ കുലം, നൃപേണ വസുധാ, ലോകത്രയം ഭാനുനാ.

അര്‍ത്ഥം:

നാഗഃ മദേന : ആന മദം കൊണ്ടും
ഖം ജലധരൈഃ : ആകാശം മേഘങ്ങളെക്കൊണ്ടും
ശര്‍വ്വരീ പൂര്‍ണ്ണേന്ദുനാ : രാത്രി പൂര്‍ണ്ണചന്ദ്രനെക്കൊണ്ടും
പ്രമദാ ശീലേന : സുന്ദരി നല്ല സ്വഭാവം കൊണ്ടും
തുരഗഃ ജവേന : കുതിര വേഗം കൊണ്ടും
മന്ദിരം നിത്യോത്സവൈഃ : ക്ഷേത്രം എന്നുമുള്ള ഉത്സവങ്ങളെക്കൊണ്ടും
വാണീ വ്യാകരണേന : വാക്കു് വ്യാകരണശുദ്ധി കൊണ്ടും
നദ്യഃ ഹംസമിഥുനൈഃ : നദികള്‍ ഇണയരയന്നങ്ങളെക്കൊണ്ടും
സഭാ പണ്ഡിതൈഃ : സദസ്സു പണ്ഡിതരെക്കൊണ്ടും
കുലം സത്പുത്രേണ : വംശം നല്ല മക്കളെക്കൊണ്ടും
വസുധാ നൃപേണ : ഭൂമി രാജാക്കന്മാരെക്കൊണ്ടും
ലോകത്രയം ഭാനുനാ : മൂന്നു ലോകങ്ങളും സൂര്യനെക്കൊണ്ടും
ഭാതി : ശോഭിക്കുന്നു.

സുന്ദരിക്കു നല്ല സ്വഭാവം വേണമെന്നും, വാക്കിനു വ്യാകരണശുദ്ധി വേണമെന്നും പ്രത്യേകവിവക്ഷ. ഇന്നത്തെക്കാലത്തു് ഇതൊക്കെ വിലപ്പോകുമോ എന്തോ? “ആശയസമ്പാദനം മാത്രമല്ലേ ഭാഷയുടെ ലക്ഷ്യം? കമ്പ്യൂട്ടര്‍ ഭാഷകളെപ്പോലെ കമ്പൈല്‍ ചെയ്യുന്നതെന്തും നല്ല ഭാഷ…” എന്ന അഭിപ്രായം രൂഢമൂലമായിക്കൊണ്ടിരിക്കുന്നു.

“വസുധാ നൃപേണ” എന്നതിനു് “രാജ്യം നല്ല ഭരണകര്‍ത്താക്കളെക്കൊണ്ടു്” എന്നര്‍ത്ഥം പറഞ്ഞാല്‍ ഈ ശ്ലോകം ഇന്നും പ്രസക്തം.

(രാജേഷേ, പരിഭാഷ….)


ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ ശ്ലോകത്തെ എന്റെ അപേക്ഷപ്രകാരം വളരെക്കുറഞ്ഞ സമയം കൊണ്ടു രാജേഷ് വര്‍മ്മ സ്രഗ്ദ്ധരയില്‍ ഭംഗിയായി പരിഭാഷപ്പെടുത്തി.

കൊമ്പന്‍ ചീര്‍ക്കും മദത്താല്‍, മുകിലൊടു ഗഗനം, രാത്രി പൂര്‍ണ്ണേന്ദുവാലും,
പൈമ്പാല്‍ വാക്കാള്‍ ഗുണത്താല്‍, ജവമൊടു ഹയവും, മേളയാലമ്പലങ്ങള്‍,
ഹംസദ്വന്ദ്വത്തൊടാറും, കവിയൊടു സഭയും, വാണി വാക്‍ചിന്തയാലും,
മാണ്‍പാളുന്നൂഴി രാട്ടാ,ലുലകുകളിനനാല്‍, വീടു സത്പുത്രരാലും

നന്ദി, രാജേഷ്!

സുഭാഷിതം

Comments (22)

Permalink

സൂകരപ്രസവം

നിലവാരമില്ലാത്ത കൃതികള്‍ എഴുതിക്കൂട്ടുന്നവരെ പരിഹസിക്കുന്ന ഒരു ശ്ലോകം. എണ്ണത്തിലല്ല ഗുണത്തിലാണു കാര്യം എന്നു പറയുന്നു.

സൂതേ സൂകരയുവതീ
സുതശതമത്യന്തദുര്‍ഭഗം ഝടിതി
കരിണീ ചിരേണ സൂതേ
സകലമഹീപാലലാളിതം കളഭം

അര്‍ത്ഥം:

സൂകരയുവതീ : പെണ്‍‌പന്നി
അത്യന്തദുര്‍ഭഗം സുതശതം : എരണം കെട്ട നൂ‍റു കുഞ്ഞുങ്ങളെ
ഝടിതി സൂതേ : പെട്ടെന്നു പ്രസവിക്കുന്നു
കരിണീ : പിടിയാനയാകട്ടേ
സകലമഹീപാലലാളിതം കളഭം : എല്ലാ രാജാക്കന്മാരും ലാളിക്കുന്ന ആനക്കുട്ടിയെ
ചിരേണ സൂതേ : വല്ലപ്പോഴും മാത്രം പ്രസവിക്കുന്നു.

എണ്ണത്തിലല്ല, ഗുണത്തിലാണു കാര്യമെന്നര്‍ത്ഥം. നൂറു പോസ്റ്റെഴുതുന്നതിലും നൂറു കമന്റു കിട്ടുന്നതിലും ഇതൊക്കെ റെക്കോര്‍ഡ് സമയത്തു ചെയ്യുന്നതിലുമല്ല കാര്യം. ഗുണമുള്ള ഒന്നോ രണ്ടോ പോസ്റ്റ് വല്ലപ്പോഴുമെഴുതുന്നതാണു്.

ഏവൂരാന്റെ കഥകള്‍ പോലെ. കല്ലേച്ചിയുടെ ലേഖനങ്ങള്‍ പോലെ. കണ്ണൂസിന്റെ കമന്റുകള്‍ പോലെ.


[2006/07/19] ഈ ശ്ലോകത്തിനു രാജേഷ് വര്‍മ്മയുടെ മലയാളപരിഭാഷ:

എണ്ണം പെരുത്തിട്ടഴകറ്റ മക്കളെ-
ത്തിണ്ണം പെറും പന്നി തടസ്സമെന്നിയേ
മന്നോര്‍ക്കുമാരോമനയായ കുട്ടിയെ-
പ്പെണ്ണാന പെറ്റീടുമനേകനാളിനാല്‍

നന്ദി, രാജേഷ്!

സുഭാഷിതം

Comments (85)

Permalink

നൂറടിക്കുമ്പോള്‍…

ഇതു് ഗുരുകുലത്തിലെ നൂറ്റൊന്നാമത്തെ പോസ്റ്റാണു്.

2006 ഫെബ്രുവരിയിലാണു “ഗുരുകുലം” തുടങ്ങിയതു്. പ്രധാനമായും വ്യാകരണലേഖനങ്ങള്‍ അടങ്ങിയ ഉമേഷിന്റെ മലയാളം ബ്ലോഗ്‌, ശരിയും തെറ്റും, പരിഭാഷകള്‍ അടങ്ങിയ ഉമേഷിന്റെ പരിഭാഷകള്‍ എന്നീ ബ്ലോഗ്സ്പോട്ട്‌ ബ്ലോഗുകളിലെയും, ഭാരതീയഗണിതം എന്ന വേര്‍ഡ്പ്രെസ്സ്‌ ബ്ലോഗിലെയും 48 പോസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തു് സ്വന്തമായി ഒരു സര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വേര്‍ഡ്പ്രെസ്സ്‌ ബ്ലോഗില്‍.

ഒരു വര്‍ഷത്തില്‍ 48 പോസ്റ്റുകള്‍. അതു കഴിഞ്ഞു് അഞ്ചു മാസത്തിനുള്ളില്‍ 52 പോസ്റ്റുകള്‍!

2004 അവസാനത്തില്‍ ഞാനും രാജേഷ്‌ വര്‍മ്മയും കൂടി തുടങ്ങിവെച്ച അക്ഷരശ്ലോകഗ്രൂപ്പില്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതു നന്നായിരിക്കും എന്നു് Kerala blog roll നടത്തുന്ന മനോജ്‌ പറഞ്ഞതനുസരിച്ചാണു് ഞാന്‍ ആദ്യമായി ബ്ലോഗിംഗ്‌ തുടങ്ങിയതു് – 2005 ജനുവരി 17-നു് aksharaslokam.blogspot.com-ല്‍. അന്നു് ബൂലോഗത്തില്‍ പുലികള്‍ ഇറങ്ങിത്തുടങ്ങിയിട്ടില്ല. പെരിങ്ങോടനും സിബുവും ഏവൂരാനും സൂവും വിശ്വവുമുണ്ടു്. റീഡിഫില്‍ രേഷ്മയും എം. എസ്. എന്‍-ല്‍ കെവിനും. പിന്നെ രാത്രിഞ്ചരന്‍, ക്ഷുരകന്‍ എന്നിങ്ങനെ ഇപ്പോള്‍ അന്യം നിന്നു പോയ ചില സ്പിഷീസുകളും.

രണ്ടു ദിവസങ്ങള്‍ കൊണ്ടു കുറേ ശ്ലോകങ്ങളിട്ടപ്പോള്‍, സ്വന്തമായി എന്തെങ്കിലും എഴുതണമെന്നു തോന്നി. സച്ചിദാനന്ദനു പന്തളം കേരളവര്‍മ്മ പുരസ്കാരം കിട്ടിയതിനെപ്പറ്റിയുള്ള ഒരു സര്‍ക്കാസ്റ്റിക്‌ പോസ്റ്റിലാണു തുടക്കം. പിന്നെ വ്യാകരണലേഖനങ്ങള്‍ കുറേ എഴുതി. അതധികവും തെറ്റു ചൂണ്ടിക്കാണിക്കുന്നവയായതുകൊണ്ടു് ശരിയും തെറ്റും (rightnwrong.blogspot.com)എന്ന പുതിയ ബ്ലോഗ്‌ തുടങ്ങി. പഴയ കുറേ പരിഭാഷകളെടുത്തു് ഉമേഷിന്റെ പരിഭാഷകള്‍ (umeshtranslations.blogspot.com) എന്ന ബ്ലോഗില്‍ ഇട്ടു.

മുകളില്‍ പരാമര്‍ശിച്ച സാധനങ്ങള്‍ ഇട്ടുകഴിഞ്ഞു ഞാന്‍ പോലും വായിച്ചിട്ടില്ല. പ്രത്യേകിച്ചു് ആ പരിഭാഷകള്‍. ബ്ലോഗറിനും വേര്‍ഡ്പ്രെസ്സിനും ഭാരമായി അവ ഇങ്ങനെ കിടക്കുന്നു.

ബൂലോഗത്തിലെ മിക്ക ആളുകളുടെയും പ്രചോദനം പെരിങ്ങോടനാണെന്നു കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഫെര്‍മയുടെ അവസാനത്തെ തിയൊറം എന്ന പോസ്റ്റില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു ഭാരതീയഗണിതം എന്ന വേര്‍ഡ്പ്രെസ്സ്‌.കോം ബ്ലോഗ്‌ തുടങ്ങി. അതില്‍ ഗണിതം എഴുതാന്‍ വഴിയൊന്നും കാണാഞ്ഞപ്പോഴാണു സ്വന്തമായി ഒരു സര്‍വറില്‍ വന്‍സെറ്റപ്പുമായി ഒരു ബ്ലോഗു തുടങ്ങണമെന്നു തോന്നിയതു്. മുകളില്‍പ്പറഞ്ഞ ബ്ലോഗുകളില്‍ നിന്നു കുറേ പോസ്റ്റുകള്‍ തപ്പിയെടുത്തു അതങ്ങു തുടങ്ങി. പിന്നീടൊന്നും ഓര്‍മ്മയില്ല 🙂

ഭാരതീയഗണിതം അതേ പേരില്‍ ഒരു കാറ്റഗറിയായി ഇവിടെ.

പല ബ്ലോഗുകളിലായിക്കിടന്ന പോസ്റ്റുകള്‍ ഇപ്പോള്‍ ഒരു ബ്ലോഗില്‍ പല കാറ്റഗറിയായിക്കിടക്കുന്നു. പഴയ വീഞ്ഞു്, പുതിയ കുപ്പി. കയ്പ്പും ചവര്‍പ്പും ഇത്തിരി കൂടിയോ എന്നു സംശയം!

സ്വന്തമായി എഴുതിയ ചില ശ്ലോകങ്ങളും പ്രസിദ്ധീകരിച്ചു. പരിഭാഷകളുടെ ഗതി തന്നെ അവയ്ക്കും!

പെരിങ്ങോടന്‍ പിന്നെയും വിട്ടില്ല. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരമാണു് ഒരു ഓഡിയോ ബ്ലോഗ്‌ തുടങ്ങിയതു്. അതില്‍ കവിതകള്‍ ചൊല്ലിയതു ബൂലോഗചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതപ്പെട്ടിരിക്കുന്നു. അതിനിടയില്‍ എന്റെ മകന്‍ വിശാഖ്‌ ഉണ്ടായിരുന്നതുകൊണ്ടു തത്ക്കാലം രക്ഷപ്പേട്ടെന്നു പറയാം. പെരിങ്ങോടന്റെ തന്നെ അപേക്ഷപ്രകാരം തുടങ്ങിയ ഛന്ദശ്ശാസ്ത്രം ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയുമില്ല എന്ന പരുവത്തില്‍ നില്‍ക്കുന്നു.

അല്‍പം സമയം വീണുകിട്ടുമ്പോള്‍ എന്തെങ്കിലുമെഴുതാന്‍ കയ്യില്‍ കോപ്പില്ലെന്നുള്ള സത്യം എന്നെ അലട്ടിക്കൊണ്ടിരുന്നു. എഴുതുന്നതെല്ലാം കുറേ തയ്യാറെടുപ്പാവശ്യമായ കാര്യങ്ങളായിരുന്നു. അതിനു വേണ്ടി തുടങ്ങിയതാണു സുഭാഷിതം. ഒരു പോസ്റ്റിനും പതിനഞ്ചു മിനിട്ടില്‍ കൂടുതല്‍ ചെലവാക്കിയിട്ടില്ല. എങ്കിലും അതാണു് ഏറ്റവും വിജയിച്ചതു്. ഉത്തമഭാര്യാലക്ഷണത്തെപ്പറ്റിയുള്ള പോസ്റ്റ്‌ കമന്റുകളില്‍ ഹാഫ് സെഞ്ച്വറിയടിക്കുകയും നാലുപേരെ – എല്‍. ജി., വഴിപോക്കന്‍, സന്തോഷ്‌, രാജേഷ്‌ എന്നിവരെ – ശ്ലോകങ്ങളെഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നു പറഞ്ഞാല്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ.

ഏറ്റവുമവസാനം ജ്യോതിഷത്തിലാണു് അഭ്യാസം. ഇപ്പോഴാണു മനുഷ്യര്‍ ഞാനെഴുതുന്നതു വായിക്കാന്‍ തുടങ്ങിയതു് എന്നു തോന്നുന്നു. (അതോ വക്കാരിയുടെ കമന്റുകള്‍ വായിക്കാനാണോ അവിടെ ഒരു ആള്‍ക്കൂട്ടം?). ആദ്യമായി (മിക്കവാറും അവസാനമായും) എന്റെ ഒരു പോസ്റ്റിനു നൂറു കമന്റുകളും കിട്ടി. അതോടുകൂടി ഞാന്‍ കുട്ട്യേടത്തിയുടെ ശിഷ്യനായി.

ശിഷ്ടമുള്ള സമയം കമന്റുകളിട്ടും ഓഫ്‌ടോപ്പിക്കടിച്ചും ഇങ്ങനെ കഴിച്ചുകൂട്ടുന്നു.

ഗുരുകുലത്തിലെ പോസ്റ്റുകള്‍ കാറ്റഗറി തിരിച്ചു് ഇവിടെ.

ഇത്തരം ബോറന്‍ പോസ്റ്റുകള്‍ നൂറെണ്ണമായെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്നെ സഹിക്കുന്ന എല്ലാവര്‍ക്കും നന്ദി. ഇവിടെ വരെ എഴുതാന്‍ പ്രേരിപ്പിച്ച പെരിങ്ങോടനും വിശ്വത്തിനും സിബുവിനും പ്രത്യേകം നന്ദി.

പലവക (General)

Comments (231)

Permalink