അമേരിക്കക്കാരേ, ഇക്കൊല്ലത്തെ ഓണം കഴിഞ്ഞുപോയി…

ഓണം, വിഷു, വിജയദശമി ഇതൊക്കെ വരുമ്പോൾ അമേരിക്കക്കാർക്കു് ആകെ ആധിയാണു്. ശരിയായ ദിവസം തന്നെ ഇവറ്റകളെ ആഘോഷിച്ചില്ലെങ്കിൽ ഫലമില്ലാതെ പോകുമെന്നാണല്ലോ വെയ്പ്. ഈ ശരിയായ ദിവസം ഏതാണെന്നു കണ്ടുപിടിക്കാൻ ചില്ലറപ്പണിയല്ല താനും.

ക്രിസ്തുമസ്സിനോടനുബന്ധിച്ചു കിട്ടുന്ന അവധിക്കു നാട്ടിൽ പോകുന്ന ആരോടെങ്കിലും പറഞ്ഞു സംഘടിപ്പിക്കുന്ന മാതൃഭൂമി കലണ്ടർ മിക്കവാറും എല്ലാ വീട്ടിലും തൂങ്ങുന്നുണ്ടാവും. ഈ സാധനത്തിൽ അവധിദിവസങ്ങളൊക്കെ അടയാളപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ, ഒരു പ്രശ്നം. ഇതൊക്കെ കേരളത്തിന്റെ സമയത്തിനും മറ്റും ഗണിച്ചുണ്ടാക്കിയവയാണു്. ഇതു തന്നെയാണോ അമേരിക്കയിൽ? ഉദാഹരണമായി, കേരളത്തിൽ വിഷു ഏപ്രിൽ 14-നാണെങ്കിൽ അമേരിക്കയിൽ ഏപ്രിൽ 14-നു തന്നെയോ അതോ ഇന്ത്യയിൽ ഏപ്രിൽ 14 ആവുന്ന സമയത്തു്, അതായതു് അമേരിക്കയിലെ ഏപ്രിൽ 13-നു വല്ലതും, ആണോ വിഷുക്കണി കാണേണ്ടതു്?

ചില ആളുകൾക്കു് ഇതൊന്നും പ്രശ്നമില്ല. മാതൃഭൂമി കലണ്ടർ അതു പോലെ പിന്തുടരും. അതിൽ 14 എന്നു പറഞ്ഞാൽ അമേരിക്കയിൽ 14-നു രാവിലെ വിഷുക്കണി കാണും. അതിൽ തിങ്കളാഴ്ച ഏഴര മുതൽ ഒമ്പതു വരെ രാഹുകാലം ആണെന്നു പറഞ്ഞാൽ അമേരിക്കയിലും ഏഴര മുതൽ ഒമ്പതു വരെ സംഭവം നോക്കും. അതിനിടയിൽ അമേരിക്കയിൽ പകൽ സമയത്തെ പ്രകാശത്തെ കൂടുതൽ ഉപയോഗപ്രദമാക്കാൻ എന്നോ മറ്റോ പറഞ്ഞുകൊണ്ടു് ഡേ ലൈറ്റ് സേവിംഗ്സ് ടൈം എന്നൊരു സാധനം വരും. അതനുസരിച്ചു് ഇന്നലെ വരെ ഏഴര ആയിരുന്ന സമയം ഇന്നു മുതൽ എട്ടരയാവും. നമ്മുടെ കക്ഷികൾക്കു പ്രശ്നമൊന്നുമില്ല. ഒബാമ പറയുന്ന സമയം അനുസരിച്ചു തന്നെ അവർ രാഹുകാലവും വിശേഷദിവസവും നോക്കും. ഇവർക്കു പൊതുവേ യാതൊരു പ്രശ്നവുമില്ല. വിജയദശമി ആഘോഷിക്കുന്നതു് ഏകാദശി കഴിയാറാകുമ്പോഴാണു് എന്ന ഒരു പ്രശ്നമേയുള്ളൂ.

മറ്റു ചിലർക്കു് ഇതു പോരാ. കൃത്യ സമയത്തു തന്നെ സംഭവം നടത്തണം. അതിനു് ഇന്ത്യയിലെ സമയത്തിനു തത്തുല്യമായ അമേരിക്കൻ സമയം കണ്ടുപിടിക്കും. അപ്പോൾ ഉള്ള പ്രശ്നമെന്താണെന്നു ചോദിച്ചാൽ, ഇന്ത്യയിൽ 14-നു രാവിലെ 6:15-നു വിഷുക്കണി കാണണം എന്നു പറഞ്ഞാൽ, അതു സാൻ ഫ്രാൻസിസ്കോയിൽ 13-നു വൈകുന്നേരം 5:45 ആണു്. വൈകുന്നേരം എന്തോന്നു വിഷുക്കണി? അപ്പോൾ 13-നു രാവിലെ കണ്ടേക്കാം എന്നു കരുതും. അപ്പോൾ മീനമാസം കഴിഞ്ഞിട്ടില്ല. അതു വേറൊരു കാര്യം.

ഇതു പോലെയുള്ള മറ്റൊരു സംഭവം പിറന്നാൾ ആഘോഷിക്കലാണു്. പിറന്നാളിന്റെ സമയത്തു തന്നെ അമ്പലത്തിൽ പോവുക, സദ്യയുണ്ണുക തുടങ്ങിയ കർമ്മങ്ങൾ ചെയ്യണം എന്നു് പലർക്കും നിർബന്ധമുണ്ടു്. അതിനു് ആ നക്ഷത്രം ഉള്ള സമയം (അതായതു്, ചന്ദ്രൻ ആ നക്ഷത്രത്തിന്റേതെന്നു പറയപ്പെടുന്ന സ്ഥാനത്തു നിൽക്കുന്ന സമയം) കണ്ടുപിടിക്കണം. അതിനു് ഇന്ത്യയിലെ സമയം കണ്ടുപിടിച്ചു് സമയവ്യത്യാസം കണക്കുകൂട്ടിയാൽ മതി.

പക്ഷേ, ഇന്ത്യയിലെ സമയം എങ്ങനെ കണ്ടുപിടിക്കും?

നാഴികവട്ടയും അടിയളക്കലും വഴി സമയം കണ്ടുപിടിക്കുന്ന വിദ്യയൊക്കെ വിട്ടിട്ടു് വാച്ചും ക്ലോക്കും ഉപയോഗിക്കുന്ന കാലം വന്നിട്ടും നമ്മുടെ കലണ്ടറുകൾ ഇപ്പോഴും ഉദയാത്പരനാഴികയിലാണു കിടന്നു കറങ്ങുന്നതു്. അതിൽ നിന്നു് നമ്മൾ സാധാരണ ഉപയോഗിക്കുന്ന സമയം കണ്ടുപിടിക്കാൻ നല്ല പണിയാണു്. ആ ദിവസത്തെ ഉദയം എപ്പോഴാണെന്നു നോക്കണം. കലണ്ടറിലെ നാഴികയിൽ കൊടുത്തിരിക്കുന്ന സമയം മണിക്കൂർ/മിനിറ്റിൽ ആക്കണം. അതു് ഉദയസമയത്തോടു കൂട്ടണം. (ഇതിനെപ്പറ്റി വിശദമായി ഞാൻ പിറന്നാളും കലണ്ടറും എന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ടു്.) ഇതു കൂടാതെയാണു് അമേരിക്കയിലെ സമയവ്യത്യാസം കൂടി നോക്കേണ്ടതു്.

കൂടാതെ, മുകളിൽ സൂചിപ്പിച്ചതു പോലെ, സമയവ്യത്യാസം മാത്രം നോക്കിയാൽ പോരാ, ആ സ്ഥലത്തെ സൂര്യോദയാസ്തമയങ്ങളും നോക്കണം. പണി വീണ്ടും ബുദ്ധിമുട്ടാകുന്നു എന്നു സാരം.

പിറന്നാൾ, ഓണം, ശിവരാത്രി, ഏകാദശി, ഷഷ്ഠി, പ്രദോഷം തുടങ്ങിയ വിശേഷദിവസങ്ങൾ (ഇവയിൽ ചിലതു് അല്പം സങ്കീർണമാണു്. ഉദാഹരണമായി, പ്രദോഷം കണ്ടുപിടിക്കുന്നതു് അന്നേ ദിവസത്തെ സൂര്യാസ്തമയത്തിനുള്ള തിഥി നോക്കിയാണു്. വിശദവിവരങ്ങൾ ഈ പുസ്തകത്തിൽ 12 മുതൽ 14 വരെയുള്ള പേജുകളിൽ കാണാം.) എന്നാണു നോക്കേണ്ടതെന്നറിയാൻ ആളുകൾ സ്ഥിരമായി എന്നെ സമീപിക്കുമായിരുന്നു. ഓരോ തവണയും ഇതൊക്കെ കണക്കുകൂട്ടി നോക്കാനുള്ള ബുദ്ധിമുട്ടു് ഒഴിവാക്കാനായി ഒരു കമ്പ്യൂട്ടർ പ്രോഗ്രാം എഴുതാൻ തീരുമാനിച്ചതിന്റെ ഫലമാണു് 2006 മുതൽ പ്രസിദ്ധീകരിക്കുന്ന മലയാളം കലണ്ടർ. വായനക്കാരുടെ ആവശ്യപ്രകാരം ലോകത്തിന്റെ പലയിടത്തുമുള്ള 40 സ്ഥലങ്ങളുടെ കലണ്ടറുകൾ എല്ലാ ജനുവരിയിലും ഇവിടെ പ്രസിദ്ധീകരിക്കുന്നു.

നേരത്തേ ഇതിനു വേണ്ടി ഒരു പോസ്റ്റ് എഴുതുമായിരുന്നു. (2007, 2008, 2009, 2010, 2011, 2012 എന്നിവ കാണുക.) ഇക്കൊല്ലം മുതൽ ഇങ്ങനെ പോസ്റ്റ് എഴുതണ്ട എന്നു തീരുമാനിച്ചെങ്കിലും കലണ്ടർ പ്രസിദ്ധീകരിച്ചിരുന്നു.


ഇങ്ങനെ എന്റെ കലണ്ടർ ഉപയോഗിക്കുന്ന മനീറ്റ എന്ന തരുണീരത്നം ഇന്നലെ എന്നെ വിളിച്ചു: “ഉമേഷ് ചേട്ടാ, ചേട്ടന്റെ കലണ്ടറിൽ ഒരു ബഗ്…”

ഈ മനീറ്റ ആളു പുലിയാണു്. ഗൂഗിൾ വെബ് സേർച്ചിനെ അടിമുടി ടെസ്റ്റു ചെയ്തു ബഗ്ഗുകൾ കണ്ടുപിടിക്കലാണു ജോലി. ലക്ഷക്കണക്കിനു് ആളുകൾ വിശ്വാസത്തോടെ ഉപയോഗിക്കുന്ന ഗൂഗിൾ വെബ് സേർച്ചിൽ സ്ഥിരമായി ബഗ്ഗുകൾ കണ്ടുപിടിച്ചു് റിപ്പോർട്ട് ചെയ്തു് അവയെ ഫിക്സു ചെയ്യിക്കുന്ന ഭീകരി. ഗൂഗിളിനെ ടെസ്റ്റു ചെയ്തു ചെയ്തു് ആയമ്മയ്ക്കു് ഇപ്പോൾ കാണുന്നതിലെല്ലാം ബഗ്ഗാണു്. അങ്ങനെയുള്ള ആൾ എന്റെ കലണ്ടറിൽ ബഗ്ഗുണ്ടെന്നു പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി. ലക്ഷക്കണക്കിനില്ലെങ്കിലും ആയിരക്കണക്കിനു് ആളുകൾ (ഭീഷണിപ്പെടുത്തിയാൽ ഇനിയും കുറയ്ക്കാം) ഉപയോഗിക്കുന്നതാണല്ലോ എന്റെ കലണ്ടർ. കഴിഞ്ഞ നാലഞ്ചു കൊല്ലമായി ഞാനായി ഒരു ബഗ്ഗും ഫിക്സു ചെയ്തിട്ടും ഇല്ല. സംഭ്രമം ഉള്ളിലൊതുക്കി എന്താണു ബഗ് എന്നു ഞാൻ ആരാഞ്ഞു.

“ഇക്കൊല്ലം ഓണം എന്നാണു് എന്നു നോക്കിയതാ. സെപ്റ്റംബർ 15-നാണെന്നും അല്ല 16-നാണെന്നും ഇവിടെ ഭയങ്കര തർക്കം. ഉമേഷ് ചേട്ടന്റെ കലണ്ടറിൽ നോക്കിയാൽ ശരിക്കറിയാം എന്നു പറഞ്ഞ ഞാൻ ഇപ്പോൾ ശശിയായി. അതിൽ ഓഗസ്റ്റ് 19 എന്നു കണ്ടു. ബെസ്റ്റ്!”

ഇവിടെ പരാമർശിച്ചിരിക്കുന്നതു് 2013-ൽ ക്യൂപ്പർട്ടിനോയ്ക്കു വേണ്ടി ഞാൻ തയ്യാറാക്കിയ കലണ്ടറിനെയാണു്. അതിലെ ഇരുപത്തിരണ്ടാം പേജിൽ വിശേഷദിവസങ്ങൾ ലിസ്റ്റു ചെയ്തിരിക്കുന്നിടത്തു് ഓണം ഓഗസ്റ്റ് 19-നു് എന്നു കാണുന്നു.

ഞാൻ ഉടനെ തൃശ്ശൂരിന്റെ കലണ്ടർ എടുത്തു നോക്കി. അതിൽ തിരുവോണം സെപ്റ്റംബർ 16-നു് എന്നു തന്നെ കണ്ടു. ഇതെന്താ അമേരിക്കയിൽ ഇങ്ങനെ?

രണ്ടു കലണ്ടറിലെയും ഓഗസ്റ്റ് (പേജ് 17), സെപ്റ്റംബർ (പേജ് 18) മാസങ്ങളുടെ പേജുകളിൽ കൊടുത്തിരിക്കുന്ന വിശദവിവരങ്ങൾ നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി. എനിക്കോ എന്റെ കലണ്ടർ പ്രോഗ്രാമിനോ തെറ്റു പറ്റിയിട്ടില്ല. അമേരിക്കയിലെ ഓണം ഓഗസ്റ്റ് 19-നു കഴിഞ്ഞു പോയിരിക്കുന്നു!

മനീറ്റയെ ഇതൊന്നു പറഞ്ഞു മനസ്സിലാക്കാൻ അല്പം പണിപ്പെട്ടു. ഒരു ഓണം മിസ്സായതിന്റെ ദുഃഖം മനീറ്റയുടെ ശബ്ദത്തിലുണ്ടായിരുന്നു.


എന്താണു് പ്രശ്നം എന്നു നോക്കാം.

ഈക്കൊല്ലം സൂര്യൻ കർക്കടകത്തിൽ നിന്നു ചിങ്ങത്തിലേക്കു കടക്കുന്നതു് ഇന്ത്യൻ സമയം 2013 ഓഗസ്റ്റ് 17-നു മുമ്പുള്ള അർദ്ധരാത്രിക്കു തൊട്ടു പിമ്പാണു് (12:03AM). അതിനാൽ ചിങ്ങം തുടങ്ങുന്നതു് ഓഗസ്റ്റ് 17-നാണു്. അതു പോലെ ചിങ്ങത്തിൽ നിന്നു കന്നിയിലേക്കു കടക്കുന്നതു് സെപ്റ്റംബർ 16 കഴിഞ്ഞുള്ള അർദ്ധരാത്രിക്കു തൊട്ടു മുമ്പാണു് (11:59PM). അതിനാൽ കന്നിമാസം തുടങ്ങുന്നതു് സെപറ്റംബർ 17-നാണു്. അതായതു് ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 16 വരെയാണു് ചിങ്ങമാസം.

ഈ കാലയളവിൽ തിരുവോണം (ചന്ദ്രന്റെ സ്ഫുടം 280 ഡിഗ്രിക്കും 293 ഡിഗ്രി 20 മിനിറ്റിനും ഇടയിൽ വരുന്ന സമയം) രണ്ടു തവണ വരും.

  • ഓഗസ്റ്റ് 19-നു 4:10PM മുതൽ ഓഗസ്റ്റ് 20 1:42PM വരെ.
  • സെപ്റ്റംബർ 16 12:24AM മുതൽ 10:33PM വരെ.

സൂര്യോദയത്തിനു തിരുവോണം നക്ഷത്രം വരുന്ന ദിവസമാണു് ഓണമായി ആഘോഷിക്കുന്നതു്. അതനുസരിച്ചു് ഓഗസ്റ്റ് 20-നും സെപ്റ്റംബർ 16-നും ഓണമാണു്. ചിങ്ങമാസത്തിൽ രണ്ടു ദിവസം തിരുവോണം വന്നാൽ രണ്ടാമത്തേതിനാണു് ആഘോഷം. അതിനാൽ സെപ്റ്റംബർ 16-നാണു് ഓണാഘോഷം. തിരുവോണം കഴിഞ്ഞു് അധികം കഴിയുന്നതിനു മുമ്പു് ചിങ്ങമാസവും കഴിയും. അതിനാൽ അതു കഴിഞ്ഞുള്ള അവിട്ടവും ഉത്തൃട്ടാതിയുമൊക്കെ കന്നിമാസത്തിലാണു്.

അമേരിക്കയിലെ കാര്യം അല്പം വ്യത്യസ്തമാണു്. ഇതേ സംഗതികൾ പടിഞ്ഞാറെ തീരത്തുള്ള ക്യൂപ്പർട്ടിനോയിലെ സ്ഥിതി ഇങ്ങനെയാണു്.

ചിങ്ങസംക്രമം ഓഗസ്റ്റ് 16 11:33AM-നു്. (IST-യുമായുള്ള വ്യത്യാസം കൃത്യം പതിമൂന്നര മണിക്കൂർ ആണെന്നു ശ്രദ്ധിക്കുക.) കന്നിസംക്രമം സെപ്റ്റംബർ 16 11:30AM. അതിനാൽ ചിങ്ങമാസം ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെ. (സംക്രമം പകലിന്റെ 60%-നു മുമ്പാണെങ്കിൽ ആ ദിവസവും ശേഷമാണെങ്കിൽ പിറ്റേ ദിവസവുമാണു് മാസം തുടങ്ങുക. ഇവിടെ രണ്ടു ദിവസവും സംക്രമത്തിന്റെ അന്നു തന്നെയാണു മാസപ്പിറവി.)

തിരുവോണം വരുന്ന രണ്ടു ദിവസങ്ങൾ:

  • ഓഗസ്റ്റ് 19-നു 3:40AM മുതൽ ഓഗസ്റ്റ് 20 1:12AM വരെ.
  • സെപ്റ്റംബർ 15-നു 11:54AM മുതൽ സെപ്റ്റംബർ 16 10:03AM വരെ.

അതായതു് സൂര്യോദയത്തിനു തിരുവോണം വരുന്ന രണ്ടു ദിവസങ്ങൾ ഓഗസ്റ്റ് 19, സെപ്റ്റംബർ 16 എന്നിവയാണു്. ഇവയിൽ രണ്ടാമത്തേതു കന്നിമാസത്തിലാണു്. അതിനാൽ അതു തിരുവോണം അല്ല.


ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയിൽ (അമേരിക്കയിൽ എല്ലായിടത്തും ഇതു തന്നെ സ്ഥിതി. ക്യൂപ്പർട്ടിനോയിൽ നിന്നു് 0 മുതൽ 4 മണിക്കൂർ വരെ മാറും എന്നേ ഉള്ളൂ) ഓഗസ്റ്റ് 19-നായിരുന്നു 2013-ലെ ഓണം. ആരും ഇതറിഞ്ഞ ലക്ഷണമൊന്നുമില്ല. നാട്ടിലെ ഓണദിവസം വേണോ അതോ അതിന്റെ തലേ ദിവസം വേണോ എന്നു പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണു് എല്ലാവരും.

അല്ലാ, ഇപ്പോൾ കന്നിമാസത്തിൽ ഓണം ആഘോഷിച്ചാൽ എന്താ കുഴപ്പം?