2008-ലെ കലണ്ടറും കുറേ അലപ്രകളും

കലണ്ടര്‍ (Calendar), നര്‍മ്മം

കഴിഞ്ഞ കൊല്ലം ചെയ്ത പോലെ ഈക്കൊല്ലവും പഞ്ചാംഗം പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ കൊല്ലം വായനക്കാരുടെ അപേക്ഷപ്രകാരം വിവിധ സ്ഥലങ്ങള്‍ക്കു വേണ്ടി പഞ്ചാംഗം ഉണ്ടാക്കിയിരുന്നു. ആ സ്ഥലങ്ങള്‍ക്കെല്ലാം ഈക്കൊല്ലവും പഞ്ചാംഗങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടു്. കൂടുതല്‍ സ്ഥലങ്ങള്‍ക്കു വേണമെങ്കില്‍ ഈ പോസ്റ്റിനൊരു കമന്റിടുകയോ എനിക്കൊരു ഈ-മെയില്‍ അയയ്ക്കുകയോ ചെയ്യുക.

പഞ്ചാംഗം ഈ ബ്ലോഗിന്റെ സൈഡ്‌ബാറില്‍ മലയാളം കലണ്ടര്‍/പഞ്ചാംഗം എന്ന ലിങ്കില്‍ നിന്നു PDF ഫോര്‍മാറ്റില്‍ ഡൌണ്‍‌ലോഡ് ചെയ്യാം. ഇതിനുപയോഗിച്ച തിയറി അവിടെത്തന്നെയുള്ള ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.


അടിയ്ക്കടി ലഭിക്കുന്ന പ്രശ്നങ്ങള്‍ (അലപ്ര) [Frequently Asked Questions]

കഴിഞ്ഞ കൊല്ലം ഈ പഞ്ചാംഗം പ്രസിദ്ധീകരിച്ചപ്പോള്‍ വായനക്കാര്‍ ചോദിച്ചതും ഇനി ചോദിക്കാന്‍ ഇടയുള്ളതുമായ പ്രധാന ചോദ്യങ്ങളും അവയുടെ മറുപടികളുമാണു് താഴെ.

  1. ഇതൊരു പഞ്ചാംഗമാണോ?
    തിഥി, നക്ഷത്രം, വാരം, യോഗം, കരണം എന്നിവ അടങ്ങിയതാണു പഞ്ചാംഗം. ഇതില്‍ ആദ്യത്തേതു മൂന്നുമുണ്ടു്. അവസാനത്തേതു രണ്ടുമില്ല. അതിനാല്‍ ഇതിനെ പഞ്ചാംഗം എന്നു പറഞ്ഞുകൂടാ. എങ്കിലും ഇതിലുള്ള വിവരങ്ങളില്‍ നിന്നു യോഗവും കരണവും കണ്ടുപിടിക്കാനുള്ള വഴി കേരളപഞ്ചാംഗഗണനം (പേജ് 5, 9, 10) എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ടു്.

  2. ഇതൊരു കലണ്ടറാണോ?
    തീയതികളും മറ്റു വിവരങ്ങളും കൃത്യമായി കൊടുത്തിട്ടുള്ളതുകൊണ്ടു് (A calendar is a system of organizing days for a socially, religious, commercially, or administratively useful purpose എന്നു വിക്കിപീഡിയ.) ഇതൊരു കലണ്ടറാണെന്നു പറയാം. എന്നാല്‍ വര്‍ണ്ണശബളമായ ചിത്രങ്ങളോടു കൂടിയോ അല്ലാതയോ ഓരോ മാസത്തെയും ആഴ്ച തിരിച്ചു പട്ടികയാക്കി കാണിച്ചു ഭിത്തിയില്‍ തൂങ്ങുന്ന സാധനം എന്ന അര്‍ത്ഥത്തില്‍ ഇതു കലണ്ടറല്ല.

  3. ഈ കുന്ത്രാണ്ടം ഉണ്ടാക്കാന്‍ എന്താണു പ്രചോദനം?
    കലണ്ടര്‍, ആഴ്ച, തീയതി, നക്ഷത്രം, തിഥി തുടങ്ങിയവ പണ്ടേ എനിക്കു താത്പര്യമുള്ള വിഷയങ്ങളായിരുന്നു. അമേരിക്കയില്‍ വെച്ചു് പിറന്നാള്‍ എന്നാഘോഷിക്കണം, ഇവിടെ ജനിക്കുന്ന കുട്ടിയുടെ നക്ഷത്രമെന്താണു്, രാഹുകാലം എപ്പോള്‍ നോക്കണം, ഷഷ്ഠി, പ്രദോഷം തുടങ്ങിയ വ്രതങ്ങള്‍ എന്നാണു നോക്കേണ്ടതു് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞുകൊടുക്കുന്നതിനോടൊപ്പം മാതൃഭൂമി കലണ്ടര്‍ നോക്കി ഈ സമയങ്ങള്‍ എങ്ങനെ അമേരിക്കന്‍ സമയത്തിലേക്കു മാറ്റി ഇവ കണ്ടുപിടിക്കും എന്നു മനുഷ്യര്‍ക്കു പറഞ്ഞുകൊടുത്തതൊക്കെ അവര്‍ ഒരു ചെവിയിലൂടെ അകത്തേയ്ക്കെടുത്തു് മറുചെവിയിലൂടെ പുറത്തേയ്ക്കു കളഞ്ഞു് അടുത്ത തവണയും അതേ ചോദ്യവുമായി വരുന്നതില്‍ മനം നൊന്തു് എല്ലാവര്‍ക്കുമായി ഉണ്ടാക്കിയതാണു് ഇതു്.

    ആദ്യം ഇംഗ്ലീഷിലായിരുന്നു. മലയാളത്തിലാക്കാന്‍ പ്രചോദനം രാജേഷ് വര്‍മ്മയാണു്. ശ്രീ എ. ജെ. അലക്സ് സരോവര്‍ പോര്‍ട്ടലില്‍ ഇട്ടിരുന്ന LaTeX മലയാളം പാക്കേജ് ഉപയോഗിച്ചു മലയാളം ഉണ്ടാക്കുന്ന ഒരു വിദ്യ അറിയാമായിരുന്നു. വരമൊഴിയെയും ബ്ലോഗുകളെയും യൂണിക്കോഡിനെയും ഒക്കെ പരിചയപ്പെടുന്നതിനു മുമ്പാണു സംഭവം. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ നിന്നു LaTeX സോഴ്സ് ഉണ്ടാക്കാന്‍ പറ്റുമെന്നതിനാല്‍ ഇതിനെ ഒരു പ്രോഗ്രാമിലൊതുക്കാനും പറ്റി.

    പിന്നെ, ബ്ലോഗു തുടങ്ങിയപ്പോള്‍ എല്ലാക്കൊല്ലവും ഇതു പ്രസിദ്ധീകരിക്കാനും തുടങ്ങി.

  4. 10 മുതല്‍ 21 വരെയുള്ള പേജുകളില്‍ ഉള്ള പട്ടികകള്‍ എങ്ങനെയാണു് ഉപയോഗിക്കുക?
    ആദ്യത്തെ മൂന്നു കോളങ്ങളില്‍ ഇംഗ്ലീഷ്, മലയാളം, ശകവര്‍ഷത്തീയതികളെ സൂചിപ്പിക്കുന്നു. പിന്നെ ആഴ്ച. അടുത്ത രണ്ടു കോളങ്ങളില്‍ നക്ഷത്രവും തിഥിയും. പിന്നെ ഉദയവും അസ്തമയവും. അതിനു ശേഷം രാഹുകാലം.

    പട്ടികയ്ക്കു താഴെ ഏകാദശി, പ്രദോഷം, ഷഷ്ഠി എന്നീ വ്രതങ്ങളുടെ ദിവസങ്ങള്‍ കൊടുത്തിരിക്കുന്നു. മുകളില്‍ മാസങ്ങള്‍, സംക്രമസമയം തുടങ്ങിയ വിവരങ്ങളും.

    C

  5. 10 മുതല്‍ 21 വരെയുള്ള പേജുകളില്‍ ഉള്ള പട്ടികകള്‍ ഉപയോഗിച്ചു നക്ഷത്രവും തിഥിയും എങ്ങനെ കണ്ടുപിടിക്കും?
    ഒരു നക്ഷത്രത്തില്‍ നിന്നു മറ്റൊന്നിലേക്കു മാറുന്നതു ദിവസത്തിനിടയിലായിരിക്കും. അതുകൊണ്ടു് രണ്ടും ഇടയില്‍ / ഇട്ടു കാണിച്ചിരിക്കുന്നു. ആദ്യത്തേതില്‍ നിന്നു രണ്ടാമത്തേതിലേക്കു മാറുന്ന സമയവും കാണിച്ചിട്ടുണ്ടാവും. ഒരു ദിവസത്തില്‍ ഒന്നിലധികം തവണ മാറുന്നുണ്ടെങ്കില്‍ രണ്ടു വരികളിലായി കൊടുത്തിട്ടുണ്ടാവും.

    സൂര്യോദയസമയത്തെ നക്ഷത്രവും തിഥിയും കട്ടിയുള്ള അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു. ഇതു മാത്രമേ സാധാരണ കലണ്ടറുകള്‍/പഞ്ചാംഗങ്ങള്‍ കൊടുക്കാറുള്ളൂ.

    ഉദാഹരണമായി കോഴിക്കോട്ടെ പഞ്ചാംഗത്തില്‍ 2008 ജനുവരി 4 നോക്കുക. (പേജ് 10, പട്ടിക 1 2.1.) 2008 ജനുവരി 4. 1183 ധനു 19. 1929 പൌഷം 14. വെള്ളിയാഴ്ച. സൂര്യോദയത്തിനു നക്ഷത്രം വിശാഖം. ഉച്ചയ്ക്കു 2:23-നു വിശാഖത്തില്‍ നിന്നു് അനിഴമാകും. സൂര്യോദയത്തിനു തിഥി കറുത്ത പക്ഷത്തിലെ ഏകാദശി. രാവിലെ 10:06-നു ദ്വാദശിയാകും. സൂര്യോദയം 6:50-നു്. അസ്തമയം 6:12-നു്. രാഹുകാലം 11:06 മുതല്‍ 12:31 വരെ.

  6. വെള്ളിയാഴ്ച രാഹുകാലം രാവിലെ പത്തര മുതല്‍ പന്ത്രണ്ടു വരെ എന്നാണല്ലോ മാതൃഭൂമി കലണ്ടറില്‍.
    സൂര്യന്‍ ആറു മണിക്കുദിച്ചു് ആറു മണിക്കസ്തമിച്ചാല്‍ പത്തര മുതല്‍ പന്ത്രണ്ടു വരെയാണു്. ഉദയാസ്തമയങ്ങള്‍ അനുസരിച്ചു് കാലങ്ങളും മാറും. ഈ ദിവസം 6:50-നു് ഉദിച്ചു് 6:12-നു് അസ്തമിക്കുന്നതുകൊണ്ടു കാലങ്ങളും അതിനനുസരിച്ചു മാറും. വിശദവിവരങ്ങള്‍ കേരളപഞ്ചാംഗഗണനം എന്ന പുസ്തകത്തില്‍ പതിനൊന്നാം പേജിലുണ്ടു്. മറ്റു സ്ഥലങ്ങളില്‍ ഇതു വ്യത്യസ്തമായിരിക്കും.

  7. ഈ രാഹുകാലം എന്നൊക്കെ പറയുന്നതു് അന്ധവിശ്വാസമല്ലേ? പിന്നെ എന്തിനാണു് അതല്ല ഇതാണു ശരി എന്നു പറയുന്നതു്?
    രാഹുകാലം അന്ധവിശ്വാസമല്ല. അതൊരു സമയനിര്‍ണ്ണയോപാധിയാണു്. രാഹുകാലം തുടങ്ങിയ കാലങ്ങള്‍ നോക്കി ചെയ്യുന്ന പ്രവൃത്തികള്‍ക്കു ഗുണദോഷങ്ങള്‍ ഉണ്ടു് എന്നു പറയുന്നതാണു് അന്ധവിശ്വാസം.

    ജ്യോതിഷം എന്ന “ശാസ്ത്ര”ത്തെ ശരിയെന്നു കരുതുന്നവരും ഇതൊന്നും ശരിയായി കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും കാണിക്കാറില്ലെന്നും, ശരാശരി മാത്രം കാണിച്ചാലും ഈ വ്യത്യാസത്തിന്റെ വിശദവിവരങ്ങള്‍ വ്യക്തമാക്കാറില്ല എന്നും വ്യക്തമാക്കാന്‍ കൂടിയാണു് ഇതിവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്.

  8. ഇതില്‍ രാഹുകാലമേ ഉള്ളല്ലോ. ഗുളികകാലം, യമകണ്ടകകാലം തുടങ്ങിയവ എങ്ങനെ കണ്ടുപിടിക്കും?
    കേരളപഞ്ചാംഗഗണനം എന്ന പുസ്തകത്തില്‍ പതിനൊന്നാം പേജു നോക്കി ഉദയാസ്തമയങ്ങളില്‍ നിന്നു കണക്കുകൂട്ടുക.

  9. 24-ാ‍ം പേജു മുതല്‍ 35-ാ‍ം പേജു വരെയുള്ള പട്ടികകള്‍ എങ്ങനെ ഉപയോഗിക്കാം?
    ഓരോ ദിവസവും തുടങ്ങുമ്പോഴുള്ള (അര്‍ദ്ധരാത്രി) ഗ്രഹസ്ഫുടമാണു് അതിലുള്ളതു്. ഉദാഹരണമായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം 2008 ജനുവരി 1-നു മുമ്പുള്ള അര്‍ദ്ധരാത്രിയ്ക്കു സൂര്യന്‍ ധനു 15:43, ചന്ദ്രന്‍ കന്നി 20:34, ചൊവ്വ മിഥുനം 5:58, ബുധന്‍ ധനു 23:56, വ്യാഴം ധനു 9:4, ശുക്രന്‍ വൃശ്ചികം 7:16, ശനി ചിങ്ങം 14:36, രാഹു കുംഭം 6:22, കേതു ചിങ്ങം 6:22.

    C

  10. കുജന്‍, ശനി, രാഹു, കേതു എന്നിവയുടെ സ്ഫുടം കട്ടിയുള്ള അക്ഷരത്തിലാണല്ലോ.
    അവ വക്രം (retrograde) ആണെന്നാണു് അര്‍ത്ഥം. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ അവ പുറകോട്ടു പോകുന്നതായി തോന്നുന്നു എന്നര്‍ത്ഥം. ഇതെന്തുകൊണ്ടാണെന്നു് (സൂര്യനെ ചുറ്റി ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതുകൊണ്ടു്) പണ്ടുള്ളവര്‍ക്കു് അറിയാന്‍ പാടില്ലാത്തതിനാല്‍ അധിവൃത്തങ്ങളുടെ ഒരു തിയറി ഉണ്ടാക്കുകയും വക്രനായാല്‍ ഒരു ഗ്രഹത്തിന്റെ ബലം വിപരീതമാകുകയോ കുറയുകയോ ചെയ്യുമെന്നും പറഞ്ഞു.

    സൂര്യനും ചന്ദ്രനും ഒരിക്കലും വക്രമാവില്ല. (കാരണം നമുക്കറിയാം. സൂര്യനെ ഭൂമിയും ഭൂമിയെ ചന്ദ്രനും ഒരേ ദിശയില്‍ത്തന്നെ ചുറ്റുന്നു.) സൂര്യ-ചന്ദ്രപഥങ്ങളുടെ സംഗമബിന്ദുക്കള്‍ എപ്പോഴും പുറകോട്ടു പോകുന്നതു കൊണ്ടു് രാഹുവും കേതുവും എപ്പോഴും വക്രന്മാരാണു്. ബാക്കി എല്ലാ ഗ്രഹങ്ങളും വക്രമാവാം. ഇതൊക്കെ ജ്യോതിഷപുസ്തകങ്ങളില്‍ പ്രത്യേകനിയമങ്ങളായി കൊടുത്തിട്ടുണ്ടു്. ചില “കാരണങ്ങളും” പറഞ്ഞിട്ടുണ്ടു്.

  11. അര്‍ദ്ധരാത്രിയല്ലാത്ത സമയത്തിന്റെ സ്ഫുടം എങ്ങനെ കണ്ടുപിടിക്കും?
    Linear interpolation ഉപയോഗിക്കുക. ഇതില്‍ കൂടുതല്‍ granularity കൊടുക്കാന്‍ നിവൃത്തിയില്ല. പഞ്ചാംഗങ്ങളില്‍ 10 ദിവസങ്ങളിലൊരിക്കല്‍ ഉള്ള സ്ഫുടമേ ഉള്ളൂ എന്നും ഓര്‍ക്കുക.

  12. യുറാനസ്, നെപ്റ്റ്യൂണ്‍, പ്ലൂട്ടോ എന്നിവ കാണുന്നില്ലല്ലോ? 🙂
    36-ാ‍ം പേജില്‍ അതുമുണ്ടു്. മാസത്തില്‍ രണ്ടു പ്രാവശ്യമേ ഉള്ളൂ എന്നു മാത്രം. ആര്‍ക്കെങ്കിലും വേണമെങ്കില്‍ എടുക്കാം 🙂

  13. എന്താണു ലഗ്നം? 38 മുതല്‍ 49 വരെയുള്ള പേജുകളിലെ ടേബിളുകള്‍ എന്തിനാണു്?
    ഒരു സ്ഥലത്തിന്റെ കൃത്യം കിഴക്കുഭാഗത്തു് ഒരു പ്രത്യേക സമയത്തു് ഉള്ള രാശിയാണു ലഗ്നം (Ascendant). രാശി എന്നതുകൊണ്ടു് ഒരു ബിന്ദുവിനെ അടിസ്ഥാനമാക്കിയുള്ള ആംഗിള്‍ എന്നു കരുതിയാല്‍ മതി. ഇതു് ഓരോ സ്ഥലത്തിനും (ഒരേ ടൈം സോണിലുള്ളവയ്ക്കും) വ്യത്യസ്തമായിരിക്കും.

    ഇതു ജ്യോതിഷത്തില്‍ മാത്രമുപയോഗിക്കുന്ന ഒരു കാര്യമാണു്. സാധാരണ ആവശ്യമുള്ളതല്ല.

  14. ഇവയിലെ ആദ്യത്തെ സെറ്റ് ടേബിളുകളേ സാധാരണ ആവശ്യമുള്ളൂ. ഇതു മൂന്നു ഡോക്യുമെന്റ് ആയി പ്രസിദ്ധീകരിച്ചുകൂടേ? എല്ലാം കൂടി പ്രിന്റ് ചെയ്യണ്ടല്ലോ.
    അക്രോബാറ്റ് റീഡറില്‍ പറയുന്ന പേജുകള്‍ മാത്രം പ്രിന്റു ചെയ്യാനുള്ള വകുപ്പുണ്ടല്ലോ.

    ടേബിളുകള്‍ പുനഃക്രമീകരിക്കണമെന്നു് ആഗ്രഹമുണ്ടു്. ഒരേ ടൈം സോണിലുള്ളവയ്ക്കു പൊതുവായുള്ളതു വേറെയും വ്യത്യസ്തമായതു വേറെയും എന്നിങ്ങനെ. മുസ്ലീം നമസ്കാരസമയം തുടങ്ങിയവയും അതിനോടൊപ്പം ചേര്‍ക്കാം.

  15. നക്ഷത്രവും മറ്റും മാറുന്ന സമയം സാധാരണ കലാണ്ടറുകളില്‍ കാണുന്നതില്‍ നിന്നു വ്യത്യാസമുണ്ടല്ലോ, ഞാന്‍ കോഴിക്കോട്ടേ പഞ്ചാംഗം നോക്കിയിട്ടും?
    സാധാരണ കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും ഉദയാല്‍പ്പരനാഴികയാണു കൊടുക്കുക. അതായതു്, സൂര്യോദയത്തിനു ശേഷം എത്ര നാഴിക (1 നാഴിക = 24 മിനിട്ടു് = 60 വിനാഴിക) കഴിഞ്ഞാണെന്നു്.

    ഉദാഹരണമായി, 2008 ജനുവരി 2-നു കോഴിക്കോട്ടു് ഉദയം 6:49-നാണു്. ചിത്തിര നക്ഷത്രം ചോതിയാകുന്നതു് 8:26-നാണു്-അതായതു് ഉദയം കഴിഞ്ഞു് 97 മിനിറ്റ് കഴിഞ്ഞു്, അതായതു് 97/24 = 4.041666… നാഴിക കഴിഞ്ഞു്. അതായതു് 4 നാഴിക 2.5 വിനാഴിക കഴിഞ്ഞു്. കലണ്ടറുകളില്‍ 4:2 എന്നോ 4:3 എന്നോ കാണാം.

    സൂര്യോദയത്തിനു നാഴികവട്ട സജ്ജീകരിച്ചു് അതിനെ നോക്കി സമയം കണ്ടുപിടിക്കുന്ന രീതി ഇപ്പോഴും തുടരുന്നതു് എന്തിനാണെന്നറിയില്ല. കലണ്ടറിലെ സമയം കണ്ടുപിടിക്കാന്‍ ആളുകള്‍ക്കു് ഇപ്പോള്‍ അന്നത്തെ സൂര്യോദയം കണ്ടുപിടിച്ചു് അതു കുറച്ചു് മണിക്കൂര്‍/മിനിട്ടു് ആക്കണം.

  16. ചില ജ്യോതിഷകാര്യങ്ങള്‍ക്കു് ഉദയാല്‍പ്പരനാഴിക തന്നെ വേണമെന്നു കേള്‍ക്കുന്നല്ല്ലോ.
    ലഗ്നം കണ്ടുപിടിക്കാനുള്ള ഭാരതീയരീതിയ്ക്കാണു് അതു വേണ്ടതു്. ഈ പഞ്ചാംഗത്തില്‍ ലഗ്നത്തിനു വേറേ പട്ടികകളുണ്ടു്. ഇനി ഉദയാല്‍പ്പരനാഴിക കണ്ടുപിടിക്കണമെങ്കില്‍ത്തന്നെ മുകളില്‍ കൊടുത്തിരിക്കുന്ന രീതിയില്‍ കണക്കു കൂട്ടി കണ്ടുപിടിക്കാം.

  17. ജ്യോതിഷത്തിനു ശാസ്ത്രീയാടിസ്ഥാനമുണ്ടോ?
    ശാസ്ത്രീയമായ പഠനങ്ങള്‍ കാണിക്കുന്നതു സംഭാവ്യതാശാസ്ത്രം തരുന്നതില്‍ കൂടുതല്‍ ഫലമൊന്നും ജ്യോതിഷത്തിന്റെ പ്രവചനങ്ങള്‍ക്കില്ല എന്നാണു്. അതിനാല്‍ ശാസ്ത്രീയാടിസ്ഥാനം ഇല്ലെന്നു തന്നെ പറയേണ്ടി വരും.

  18. എന്റെ സ്ഥലത്തിന്റെ പഞ്ചാംഗം ഈ ലിസ്റ്റിലില്ലല്ലോ. എന്തു ചെയ്യും?
    അടുത്തുള്ളതും അതേ ടൈം‌സോണിലുള്ളതുമായ ഏതെങ്കിലും സ്ഥലത്തിന്റെ പഞ്ചാംഗം കൊണ്ടു് തത്ക്കാലം അഡ്‌ജസ്റ്റു ചെയ്യൂ. കോഴിക്കോട്ടോ കോട്ടയത്തോ ഗണിച്ച കലണ്ടര്‍ കൊണ്ടു മലയാളികള്‍ മുഴുവന്‍ അഡ്ജസ്റ്റു ചെയ്യുന്നില്ലേ?

    അതു പോരാ എന്നുണ്ടെങ്കില്‍ ഏതു സ്ഥലത്തിന്റെ പഞ്ചാംഗം വേണമെന്നു കാണിച്ചു് ഒരു കമന്റിടുക. ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ ഒരു മെയിലയച്ചാലും മതി.

  19. ഭൂമിയിലുള്ള ഏതു സ്ഥലത്തിന്റെയും പഞ്ചാംഗം ഗണിക്കാന്‍ പറ്റുമോ?
    പറ്റില്ല. ഇതിലെ പലതും കണ്ടുപിടിക്കുന്നതിനു് ആ ദിവസത്തെ സൂര്യോദയാസ്തമയങ്ങള്‍ ആവശ്യമാണു്. ആറുമാസത്തേയ്ക്കു സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത ആര്‍ട്ടിക് സര്‍ക്കിളിനു വടക്കുള്ളതോ അന്റാര്‍ട്ടിക് സര്‍ക്കിളിനു തെക്കുള്ളതോ ആയ സ്ഥലങ്ങള്‍ക്കു് ഈ ക്രിയകള്‍ എങ്ങനെ ചെയ്യും എന്നു് എനിക്കറിയില്ല.

    നോര്‍വ്വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, റഷ്യ, അമേരിക്ക (അലാസ്ക സ്റ്റേറ്റ്), കാനഡ, ഗ്രീന്‍‌ലാന്‍ഡ്, ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ മാത്രമേ ആര്‍ട്ടിക് സര്‍ക്കിളിന്റെ വടക്കു മനുഷ്യവാസമുള്ളൂ. അന്റാര്‍ട്ടിക് സര്‍ക്കിളിനു തെക്കു് അന്റാര്‍ട്ടിക്ക മാത്രമേ ഉള്ളൂ.

  20. ഞാന്‍ ഫിന്‍ലാന്‍ഡില്‍ താമസിക്കുന്ന ഒരു ബ്ലോഗസഹോദരനാണു്. എനിക്കിവിടെ ആറു മാസം പകലും ആറു മാസം രാത്രിയുമാണു്. എന്റെ പ്രിയപ്പെട്ട ബ്ലോഗസഹോദരനു പിറന്നാള്‍ ആശംസകള്‍ ഫോണില്‍ വിളിച്ചു് അര്‍പ്പിക്കുന്നതെങ്ങനെയെന്നു പറഞ്ഞുതരാമോ?
    ആര്‍ട്ടിക് സര്‍ക്കിളിനു തെക്കുള്ള ഹെല്സിങ്കിയിലെ പഞ്ചാംഗം വേണമെങ്കില്‍ ഉണ്ടാക്കിത്തരാം. അല്ലെങ്കില്‍ അതേ ടൈം‌സോണിലുള്ള ഏതെങ്കിലും പഞ്ചാംഗം നോക്കി പിറന്നാളിന്റെ തീയതി കണ്ടുപിടിച്ചു വിളിച്ചാല്‍ മതി.

    സൂര്യോദയത്തിനു് നക്ഷത്രം വരുന്ന ദിവസമാണു് പിറന്നാളായി ആഘോഷിക്കുന്നതു്. ഈ പഞ്ചാംഗത്തില്‍ അതു കട്ടിയുള്ള അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു.

    പിന്നെ, തലയില്‍ ഒരു രോമമെങ്കിലുമുള്ളവരുടെ മാത്രമേ പിറന്നാള്‍ ആഘോഷിക്കാറുള്ളൂ 🙂

  21. ഞാന്‍ ഇന്ത്യ, ജപ്പാന്‍, യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു ജിടെന്‍ഷാ അഥവാ സൈക്കിളില്‍ പര്യടനം നടത്തുന്ന ഒരു സഞ്ചാരിയാണു്. ഞാന്‍ ഇപ്പോള്‍ എവിടെയാണെന്നു പറയാന്‍ എനിക്കു മനസ്സില്ല. എനിക്കു ഷഷ്ഠി, ഏകാദശി തുടങ്ങിയ വ്രതങ്ങള്‍ അനുഷ്ഠിക്കാന്‍ ഏതു പഞ്ചാംഗമാണു നോക്കേണ്ടതു്?
    യാത്ര ചെയ്യുമ്പോള്‍ വ്രതം നോക്കാന്‍ പഞ്ചാംഗം നോക്കണ്ടാ സഞ്ചാരീ. എവിടെയാണെന്നു പറയാന്‍ മനസ്സില്ലെങ്കില്‍ ഈ ചോദ്യത്തിനു് ഉത്തരം പറയാന്‍ എനിക്കും മനസ്സില്ല.

  22. ഇന്ത്യ, അമേരിക്ക, ഉഗാണ്ടാ, കൊളംബിയ, ഇറ്റലി, അന്റാര്‍ട്ടിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ഓരോ ആഴ്ചയും മാറിമാറി താമസിക്കുന്ന ഒരു ക്രിസ്ത്യാനിപ്പെണ്ണാണു ഞാന്‍. ഓരോ ആഴ്ചയിലും പേരും മാറ്റാറുണ്ടു്. എല്ലാ ക്ഷാരബുധനും, ദുഃഖവെള്ളിയാഴ്ചയ്ക്കും ക്രിസ്തുമസ്സിനും ഞാന്‍ ഓരോ ബ്ലോഗ് ഡിലീറ്റ് ചെയ്തു ബലിയര്‍പ്പിക്കാറുണ്ടു്. ഈ ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ ഏതു പഞ്ചാംഗമാണു നോക്കേണ്ടതു്?
    ക്രിസ്തുമസ് എല്ലാക്കൊല്ലവും എല്ലാ പഞ്ചാംഗത്തിലും ഡിസംബര്‍ 25 ആണു്. ബാക്കിയുള്ളവ മാറും. എങ്കിലും ഒരു പ്രത്യേക വര്‍ഷത്തില്‍ അവയെല്ലാം നിശ്ചിതതീയതിയിലായിരിക്കും. അതുകൊണ്ടു് ഏതെങ്കിലും പഞ്ചാംഗം നോക്കിയാല്‍ മതി.
    എവിടെയായാലും 2008-ല്‍ ക്ഷാരബുധന്‍ ഫെബ്രുവരി 6, ദുഃഖവെള്ളിയാഴ്ച മാര്‍ച്ച് 21, ക്രിസ്തുമസ് ഡിസംബര്‍ 25. ഈ തീയതികളില്‍ ബ്ലോഗ് ഡിലീറ്റ് ചെയ്തുകൊള്ളൂ.

  23. ഇതു മൊത്തം തെറ്റാണു ചേട്ട. ക്രിസ്തുമസ് ഡിസംബര്‍ 25 അല്ല. ഗാന്ധിജയന്തി വിശേഷദിവസമായി കാണിക്കാന്‍ തക്ക മഹാത്മാവല്ല ഗാന്ധി. അമേരിക്കാ‍ാ‍ാ‍ാ‍ായിലെ താങ്ക്സ് ഗിവിംഗുമൊക്കെ മലയാളം പഞ്ചാങ്കത്തില്‍ എന്തരു കാട്ടണതു്?
    പോപ്പുലറായ കുറച്ചു വിശേഷദിവസങ്ങളാണു് ഇതിലുള്ളതു്. സമഗ്രമെന്നു് അവകാശപ്പെടുന്നില്ല. പല വിശേഷദിവസങ്ങളും ശരിയായ ദിവസത്തിലല്ല ആഘോഷിക്കുന്നതെന്നറിയാം. എങ്കിലും പൊതുവേ ഉപയോഗിച്ചു വരുന്ന തീയതികളാണു് ഇതില്‍ കാണുക.

    ഇതിന്റെ വലിയൊരു പങ്ക് ഉപഭോക്താക്കള്‍ അമേരിക്കയിലുള്ളവരാണു്. അതുകൊണ്ടാണു് അമേരിക്കന്‍ വിശേഷദിവസങ്ങളും ഉള്‍ക്കൊള്ളിച്ചതു്.

  24. ഇതു മൊത്തം ആസ്കി ഫോണ്ടാണല്ലോ. ഈ മല്ല്ലുക്കളോടു പറഞ്ഞു മടുത്തു. എത്ര പറഞ്ഞാലും നീയൊന്നും യൂണിക്കോട് ഉപയോഗിക്കുകയില്ല എന്നുറച്ചിരിക്കുകയാണോ? നിന്നെയൊക്കെ വേലിപ്പത്തലൂരി മുക്കാലിയില്‍ കെട്ടി അടിക്കണം.
    യൂണിക്കോഡിനെപ്പറ്റി അറിയാത്ത കാലത്തു് ഉണ്ടാക്കിയതാണിതു്. PDF-ല്‍ യൂണിക്കോഡ് അല്പം ബുദ്ധിമുട്ടുമാണു്. ഈയിടെ ഒരു ലാറ്റക് മലയാളം/ഒമേഗ പാക്കേജ് http://malayalam.sarovar.org/-ല്‍ കണ്ടു. അതു് ഉപയോഗിച്ചു തുടങ്ങുന്നതേ ഉള്ളൂ. അതു ശരിയായി ഉപയോഗിക്കാന്‍ പഠിച്ചാല്‍ ഇതും യൂണിക്കോഡിലാക്കാം.

  25. ബാംഗ്ലൂരില്‍ നിന്നും അമേരിക്കയിലെ മിനസോട്ടയിലേക്കു കുടിയേറിപ്പാര്‍ത്ത ഒരു രണ്ടക്ക-ഐക്യു ബ്ലോഗറാ‍ണു ഞാന്‍. ഞാന്‍ എവിടെപ്പോയാലും അവിടെ അത്യാഹിതം സംഭവിക്കും. ഒരു പാലത്തിന്റെ പടമെടുത്താ‍ല്‍ അതു പൊളിയും. വെക്കേഷനു പോകുന്ന സ്ഥലത്തു തീപിടിത്തമുണ്ടാവും. യാത്ര തുടങ്ങുമ്പോള്‍ രാഹുകാലം നോക്കാത്തതുകൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു് എന്നു് ബാംഗ്ലൂരുള്ള ഒരു മുന്‍ കമ്യൂണിസ്റ്റ് നേതാവു പറഞ്ഞു. ഇതു ശരിയാണോ?
    ശരിയല്ല. രാഹുകാലം നോക്കുന്നതു് ഒരു അന്ധവിശ്വാസമാണു്. അതു നോക്കുന്നതുകൊണ്ടോ നോക്കാത്തതു കൊണ്ടോ ഒരു വ്യത്യാസവും ഉണ്ടാവുകയില്ല.

  26. രാഹുകാലം, ഗ്രഹസ്ഫുടങ്ങള്‍, ലഗ്നം ഇവയൊക്കെ കൊടുക്കുന്നതുകൊണ്ടു് താങ്കള്‍ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ?
    ഞാന്‍ ഇവയുടെ സമയം കണക്കുകൂട്ടി കൊടുക്കുക മാത്രമാണു ചെയ്യുന്നതു്. അല്ലാതെ ആ സമയങ്ങള്‍ക്കു് എന്തെങ്കിലും പ്രത്യേകതയുണ്ടെന്നോ ആ സമയത്തു ചെയ്യുന്ന കാര്യങ്ങള്‍ക്കു ഗുണമോ ദോഷമോ ഉണ്ടാകും എന്നോ പറയുന്നില്ല. എന്നു മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ വെറും അന്ധവിശ്വാസമാണെന്ന അഭിപ്രായക്കാരനാണു ഞാന്‍.

    ഞാന്‍ ഇതു പ്രസിദ്ധീകരിക്കുന്നതിനു പല കാരണങ്ങളുണ്ടു്:

    1. മലയാളികളുടെ പല വിശേഷദിവസങ്ങളും (ഓണം, വിഷു, ഈസ്റ്റര്‍ തുടങ്ങിയവ) കണ്ടുപിടിക്കുന്നതു ശ്രമകരമാണു്. ഇവയില്‍ പലതും മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നെങ്കിലും മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാണു്. അവ ആചരിക്കുന്നവര്‍ക്കു്, പ്രത്യേകിച്ചു വിദേശത്തുള്ളവര്‍ക്കു്, ചിന്താക്കുഴപ്പമില്ലാതെ അവരവരുടെ സമയത്തില്‍ അവയെ കാണിക്കുന്നതു പ്രയോജനപ്രദമാകും എന്നു കരുതി.
    2. ജ്യോതിഷപ്രവചനങ്ങള്‍ തെറ്റുമ്പോള്‍ പലപ്പോഴും കണക്കുകൂട്ടലുകള്‍ തെറ്റിയതുകൊണ്ടാണു് അങ്ങനെ സംഭവിച്ചതു് എന്നൊരു വാദം കേള്‍ക്കാറുണ്ടു്. അത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായ കണക്കുകൂട്ടലുകള്‍ പരിശോധിക്കാനുള്ള ഒരു സംവിധാനം ഇതു നല്‍കുന്നു. ആധുനികജ്യോതിശ്ശാസ്ത്രം (astronomy) ഉപയോഗിച്ചു ഗ്രഹങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതിനോടൊപ്പം ഭാരതീയജ്യോതിഷത്തിലെ നക്ഷത്രം, തിഥി, ലഗ്നം തുടങ്ങിയവയും കൃത്യമായി കണ്ടുപിടിക്കുന്നു. ജ്യോത്സ്യന്മാര്‍ സാധാരണയായി ഉപയോഗിക്കുന്ന ത്രൈരാശികം (linear interpolation) എന്ന ഏകദേശക്കണക്കിനു പകരം സൂക്ഷ്മമായ iterative algorithms ഉപയോഗിച്ചാണു് സങ്കീര്‍ണ്ണമായ ഗണിതക്രിയകള്‍ ചെയ്യുന്നതു്.
    3. കലണ്ടറുകളില്‍ കാണുന്ന ഉദയാല്‍പ്പരനാഴികയ്ക്കു പകരം ഇന്നു പ്രചാരത്തിലുള്ള ഘടികാരസമയം തന്നെ കാണിക്കുക. Day light savings ഉള്ള സ്ഥലങ്ങളില്‍ അതും കണക്കിലെടുക്കുക.
    4. വ്രതങ്ങളും മറ്റും നോക്കുന്ന വിശ്വാസികള്‍ക്കു് നാട്ടിലെ കലണ്ടറില്‍ നിന്നു സമയം സംസ്കരിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു്‌ ഒഴിവാക്കാന്‍ ഒരു വഴി.

    ഇവയാണു്, ഇവ മാത്രമാണു്, ഇതിന്റെ ഉദ്ദേശ്യം. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനല്ല, എതിര്‍ക്കാ‍ന്‍ തന്നെയാണു് എന്റെ ശ്രമം.

  27. അഗ്രഹാരത്തില്‍ ജനിച്ചു് ഇപ്പോഴും പൂജ, കൂടോത്രം, ജ്യോതിഷം, മന്ത്രവാദം എന്നിവ നിത്യേന ചെയ്യുന്ന ഒരു മൂത്ത കമ്മ്യൂണിസ്റ്റ് യുക്തിവാദിനിയാണു ഞാന്‍. എല്ലാ മലയാളമാസം ഒന്നാം തീയതിയും ഞാന്‍ മാര്‍ക്സ്, എംഗത്സ്, ലെനിന്‍, ചെ ഗുവര, ഇ. എം. എസ്. തുടങ്ങിയവരുടെ ആത്മാവിനു നിത്യശാന്തി കിട്ടാന്‍ പൊങ്കാലയിടാറുണ്ടു്. പക്ഷേ, നാട്ടിലെ കലണ്ടറില്‍ കാണുന്ന ദിവസമല്ല ഈ പഞ്ചാംഗത്തില്‍ ഒന്നാം തീയതി. ഏതു ദിവസമാണു ഞാന്‍ ഉപയോഗിക്കേണ്ടതു്?
    സൂര്യന്‍ ഒരു രാശി(മാസം)യില്‍ നിന്നു് അടുത്ത രാശിയിലേക്കു മാറുന്ന നിമിഷം (സംക്രമം) ഒരു പകലിന്റെ അഞ്ചില്‍ മൂന്നു ഭാഗം കഴിയുന്നതിനു മുമ്പാണെങ്കില്‍ അതേ ദിവസവും, ശേഷമാണെങ്കില്‍ പിറ്റേ ദിവസവും ആണു് രണ്ടാമത്തെ മാസത്തിലെ ഒന്നാം തീയതി എന്നാണു കണക്കു്. (വടക്കേ മലബാര്‍ കണക്കനുസരിച്ചു് എപ്പോഴും പിറ്റേ ദിവസമാണു് ഒന്നാം തീയതി. അതു് ഇവിടെ കൊടുത്തിട്ടില്ല. മാതൃഭൂമി കലണ്ടറില്‍ അതുണ്ടു്.) എന്റെ പഞ്ചാംഗത്തില്‍ അതാതു സ്ഥലത്തെ ഉദയം നോക്കിയിട്ടു് ഞാന്‍ ഈ നിയമം ഉപയോഗിച്ചു് ഒന്നാം തീയതി കണ്ടുപിടിക്കുന്നു. ഇതു നാട്ടിലെ കലണ്ടറുമായി ഗ്രിഗോറിയന്‍ കലണ്ടറിലെ തീയതിയില്‍ വ്യത്യാസമുണ്ടാവാം.

    ഇങ്ങനെ തന്നെ വേണോ കൊല്ലവര്‍ഷകലണ്ടര്‍ തയ്യാറാക്കാന്‍, അതോ കേരളത്തിലെ ഏതെങ്കിലും സ്ഥലത്തെ അടിസ്ഥാനമാക്കി വേണോ എന്നതിനെപ്പറ്റി ആരും ആധികാരികമായി എഴുതിയിട്ടില്ല. അതിനാല്‍ ഞാന്‍ എനിക്കു ശാസ്ത്രീയമെന്നു തോന്നിയ ഈ രീതി ഉപയോഗിക്കുന്നു.

  28. ഇതില്‍ ബക്രീദ്, റംസാന്‍ തുടങ്ങിയ മുസ്ലീം വിശേഷദിവസങ്ങള്‍ ഇല്ലല്ലോ. ഹിജ്ര വര്‍ഷത്തീയതിയും ഇല്ല.
    ഇസ്ലാമിക് കലണ്ടറിന്റെ കണക്കുകൂട്ടലുകള്‍ കൈവശമുണ്ടെങ്കിലും ഇതു വരെ അതു് ഈ കലണ്ടറില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടില്ല. താമസിയാതെ ചേര്‍ക്കാം എന്നു കരുതുന്നു.

  29. രാഹുകാലം പോലെയുള്ള അന്ധവിശ്വാസങ്ങള്‍ ഒഴിവാക്കി മുസ്ലീം നമസ്കാരസമയങ്ങള്‍ ചേര്‍ത്തുകൂടേ?
    രാഹുകാലവും മുസ്ലീം നമസ്കാരസമയവും ഒരുപോലെ തന്നെയുള്ള ആചാരങ്ങളാണു്. രണ്ടും കണ്ടുപിടിക്കുന്നതില്‍ സാമ്യവുമുണ്ടു്. ഓരോ ദിവസത്തിന്റെയും മുസ്ലീം നമസ്കാരസമയവും ചേര്‍ക്കാന്‍ ഉദ്ദേശ്യമുണ്ടു്. പക്ഷേ, ഉയര്‍ന്ന അക്ഷാംശം ഉള്ളിടത്തെ കണക്കുകൂട്ടലില്‍ ഇസ്ലാമിക് പണ്ഡിതന്മാര്‍ക്കു ഭിന്നാഭിപ്രായമുണ്ടു്. അതുപോലെ ചില നിസ്കാരസമയം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ രണ്ടു വിധത്തിലാണു കണക്കുകൂട്ടുന്നതു്. ഏറ്റവും ശരിയായ തിയറി കിട്ടിയാല്‍ അതും ചേര്‍ക്കാം. ഇതുവരെ എനിക്കറിയാവുന്ന കാര്യങ്ങള്‍ ഇവിടെ ഉണ്ടു്.

  30. കേരളത്തിലെ അഞ്ചു സ്ഥലങ്ങളിലെ പഞ്ചാംഗമുണ്ടെങ്കിലും കൊല്ലവര്‍ഷം തുടങ്ങിയ കൊല്ലം നഗരത്തിന്റെ പഞ്ചാംഗമില്ല. ഇതിനെതിരേ മുഖ്യമന്ത്രിയ്ക്കു് ഒരു നിവേദനം സമര്‍പ്പിക്കുകയും ഒരു സെക്രട്ടേറിയേറ്റ് ധര്‍ണ്ണ സംഘടിപ്പിക്കുകയും ചെയ്താലോ എന്നു കരുതുകയാണു്.
    വായനക്കാര്‍ ആവശ്യപ്പെട്ട സ്ഥലങ്ങളിലെ പഞ്ചാംഗങ്ങളാണു് ഇവ. അല്ലാതെ സ്ഥലങ്ങളുടെ പ്രാധാന്യം നോക്കിയുള്ളതല്ല. കൊല്ലത്തിന്റെയോ മറ്റേതെങ്കിലും സ്ഥലത്തിന്റെയോ പഞ്ചാംഗം വേണമെങ്കില്‍ അറിയിക്കുക.

  31. പഴയ പഞ്ചാംഗത്തിന്റെ രീതിയിലുള്ള പട്ടികകള്‍ക്കു പകരം ആധുനികകലണ്ടറുകളുടെ രീതിയില്‍ ആഴ്ച തിരിച്ചു് പ്രസിദ്ധീകരിക്കാമോ?
    ഇതിനുപയോഗിക്കുന്ന ലൈബ്രറിയുപയോഗിച്ചു് (ലൈബ്രറി എന്താണെന്നറിയാന്‍ അരവിന്ദന്റെ വികടസരസ്വതി എന്ന കൃതി വായിക്കുക) അതും ഉണ്ടാക്കാന്‍ പറ്റും. കുറച്ചു പണിയുണ്ടെന്നു മാത്രം. ആര്‍ക്കെങ്കിലും താത്പര്യമുണ്ടെങ്കില്‍ അറിയിക്കുക.

  32. ഇതു് ഗ്നു ലൈസന്‍സ് ഉപയോഗിച്ചു് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആക്കിക്കൂടേ?
    ആക്കണം. അതിനു മുമ്പു് കോഡ് ഒന്നു നേരേ ചൊവ്വേ ആക്കണം. മലയാളം ലാറ്റക് മാത്രം ഉണ്ടാക്കുന്ന API മാറ്റി ഏതു ഫോര്‍മാറ്റിലും customized ആയി ഔട്ട്‌പുട്ട് ഉണ്ടാക്കാവുന്ന രീതിയില്‍ മാറ്റിയെഴുതണം. അത്രയും ചെയ്തു കഴിഞ്ഞാല്‍ സ്വതന്ത്ര സോഫ്റ്റ്വെയറായി പ്രസിദ്ധീകരിക്കും.

  33. കേരളീയപഞ്ചാംഗഗണനത്തിനുള്ള algorithms ഒരു ബ്ലോഗ് പോസ്റ്റോ PDF പുസ്തകമോ ആയി പ്രസിദ്ധീകരിച്ചുകൂടേ?
    ആഗ്രഹമുണ്ടു്. കുറെയൊക്കെ എഴുതി വെച്ചിട്ടുമുണ്ടു്. പൂര്‍ത്തിയാക്കാന്‍ പറ്റുമോ എന്നു നോക്കട്ടേ.

  34. ഇതില്‍ മാതൃഭൂമിയും മനോരമയും മറ്റും പ്രസിദ്ധീകരിക്കുന്ന കലണ്ടറുകളിലെ എല്ലാ വിവരങ്ങളും ഉണ്ടോ? അവയ്ക്കു പകരം ഇതുപയോഗിച്ചാല്‍ മതിയോ?
    ഇല്ല, പോരാ. അവയില്‍ പല ദേവാലയങ്ങളിലെയും ഉത്സവങ്ങള്‍, പല ആചാരങ്ങളുടെയും തീയതികള്‍, നേതാക്കന്മാരുടെയും മറ്റും ജനന/മരണത്തീയതികള്‍ തുടങ്ങി ധാരാളം വിശേഷദിവസങ്ങള്‍ ചേര്‍ത്തിട്ടുണ്ടു്. പിന്നെ തീവണ്ടിസമയം, STD കോഡുകള്‍ തുടങ്ങിയ വിവരങ്ങളും. അവയൊന്നും ഇതിലില്ല. കൂടാതെ അവയുടെ ഫോര്‍മാറ്റ് അല്പം കൂടി സൌകര്യപ്രദമാണെന്നു മിക്കവരും പറയുന്നു.

    അതേ സമയം, ഇതില്‍ നാളും മറ്റും മാറുന്ന സമയം ഘടികാരസമയമായി കൊടുത്തിരിക്കുന്നതു കൂടുതല്‍ സൌകര്യമാണെന്നു പറയുന്നവരുമുണ്ടു്.

  35. ഇതില്‍ മാതൃഭൂമിയും ഗുരുവായൂര്‍ ദേവസ്വവും മറ്റും പ്രസിദ്ധീകരിക്കുന്ന പഞ്ചാംഗങ്ങളിലെ എല്ലാ വിവരങ്ങളും ഉണ്ടോ? അവയ്ക്കു പകരം ഇതുപയോഗിച്ചാല്‍ മതിയോ?
    ഇല്ല, പോരാ. അവയില്‍ പല തരം മുഹൂര്‍ത്തങ്ങള്‍, വ്രതങ്ങള്‍, വിശേഷദിവസങ്ങള്‍ തുടങ്ങിയവയും ചേര്‍ത്തിട്ടുണ്ടു്. കൂടാതെ ഹസ്തരേഖാശാസ്ത്രം, പക്ഷിശാസ്ത്രം, സീതാചക്രം, സുബ്രഹ്മണ്യചക്രം, ദശാചക്രം, ഓരോ നക്ഷത്രത്തിന്റെയും ദേവന്‍, വൃക്ഷം തുടങ്ങിയ വിവരങ്ങള്‍, ഭാവി പ്രവചിക്കാനുള്ള പല വഴികള്‍, വിവാഹപ്പൊരുത്തം തുടങ്ങിയ പല കാര്യങ്ങളുമുണ്ടു്. അവ ഇതിലില്ല.

  36. കേരളം: 50 വിശേഷദിവസങ്ങള്‍ എന്നൊരു പരമ്പര എഴുതിവരുകയാണു ഞാന്‍. എഴുതണമെന്നുള്ള പല വിശേഷദിവസങ്ങളും ഇതിലില്ല. അവ ഉള്‍ക്കൊള്ളിക്കാന്‍ എന്താണു വഴി?
    അവയുടെ നിര്‍വ്വചനങ്ങള്‍ (ഉദാ: മീനമാസത്തിലെ അവസാനത്തെ ഭരണിനക്ഷത്രം) അയച്ചുതരുക. ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.

  37. സീയെസ് ഇവിടെ പറഞ്ഞ പ്രശ്നം പരിഹരിച്ചോ?
    ഇല്ല. ഇതുവരെ അതു നോക്കാന്‍ സമയം കിട്ടിയില്ല.

  38. 38 മുതല്‍ 45 വരെയുള്ള പേജുകളിലുള്ള ലഗ്നപ്പട്ടികകളില്‍ ചിലതിന്റെ അവസാനത്തെ കോളത്തിനു് ആവശ്യമില്ലാത്ത വീതിയുണ്ടല്ലോ.
    അതൊരു ബഗ്ഗാണു്. ലാറ്റക് ടേബിള്‍ സെല്ലുകള്‍ക്കു വീതീ നിശ്ചയിക്കുന്നതു് ആ കോളത്തിലെ ഏറ്റവും നീളമുള്ള സ്ട്രിംഗിന്റെ നീളം അനുസരിച്ചാണു്. ഗ്ലിഫ്-ബേസ്ഡ് ആയ ഈ രീതിയില്‍ മലയാളം വാക്കുകളുടെ നീളം ശരിക്കു് ഊഹിക്കാന്‍ വരുന്ന പാകപ്പിഴയാണതു്.

    സെല്ലുകള്‍ക്കു ഫിക്സ്ഡ് വിഡ്ത്ത് കൊടുത്തു് ഇതു പരിഹരിക്കാം. പതുക്കെ ചെയ്യാം.

  39. ഇങ്ങനെയുള്ള പ്രവൃത്തികള്‍ വഴി താ‍ങ്കള്‍ പ്രതിലോമചിന്തകള്‍ക്കു വളം വെച്ചു കൊടുക്കുന്നു എന്നല്ലേ ചന്ത്രക്കാറന്‍ ഇവിടെ പറഞ്ഞതു്?
    അതേ. അതു കൊണ്ടു തന്നെയാണു് ഈ അലപ്ര ഇന്നു് ഇവിടെ എഴുതിയതും. ചന്ത്രക്കാറനു നന്ദി.