പഴയതും പുതിയതും

സുഭാഷിതം

കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ ഒരു പ്രസിദ്ധശ്ലോകം:

ശ്ലോകം:

പുരാണമിത്യേവ ന സാധു സര്‍വ്വം
ന ചാപി കാവ്യം നവമിത്യവദ്യം
സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ
മൂഢഃ പരപ്രത്യയനേയബുദ്ധിഃ

അര്‍ത്ഥം:

പുരാണം ഇതി ഏവ : പഴയതായതു കൊണ്ടു മാത്രം
സർവ്വം കാവ്യം ന സാധു : എല്ലാ കാവ്യവും ശരി ആകുന്നില്ല;
നവം ഇതി (സർവ്വം) അവദ്യം അപി ന ച : പുതിയതെല്ലാം നിന്ദ്യവും അല്ല.
സന്തഃ പരീക്ഷ്യ അന്യ-തരത് ഭജന്തേ : നല്ലവർ പരീക്ഷിച്ചിട്ടു് ഏതു വേണമെന്നു തീരുമാനിക്കുന്നു;
മൂഢഃ പര-പ്രത്യയ-നേയ-ബുദ്ധിഃ : മൂഢൻ ആരെങ്കിലും പറയുന്നതനുസരിച്ചു പ്രവർത്തിക്കുന്നു.

കാളിദാസന്റെ ആദ്യത്തെ നാടകമായ മാളവികാഗ്നിമിത്രം അരങ്ങേറുന്നതിനു തൊട്ടുമുമ്പു് സൂത്രധാരൻ സഹായിയോടു പറയുന്നതാണിതു്. “പ്രസിദ്ധരായ ഭാസൻ, സൌമില്ലൻ, കവിപുത്രൻ തുടങ്ങിയവരുടെ നാടകങ്ങളുള്ളപ്പോൾ പുതിയ ആളായ കാളിദാസന്റെ നാടകം എന്തിനു കളിക്കുന്നു?” എന്ന ചോദ്യത്തിനു് ഉത്തരമായി. പഴയതു മാത്രം നല്ലതെന്നു കരുതുകയും പുതിയ കാര്യങ്ങളെ പുച്ഛത്തോടും സംശയത്തോടും കാണുകയും ചെയ്യുന്നതു് അന്നേ ഉണ്ടായിരുന്നു എന്നു സാരം.

“ജാതി ചോദിക്കരുതു്, പറയരുതു്, ചിന്തിക്കരുതു് എന്നു പറഞ്ഞ ശ്രീനാരായണഗുരുവിന്റെ ജാതിയിൽ പിറന്നവനാണു ഞാൻ” എന്നു പറയുന്നതു പോലെ, കാളിദാസന്റെ ഈ ശ്ലോകവും ഉദ്ധരിച്ചിട്ടു് “നോക്കൂ, പഴയ ശ്ലോകങ്ങളൊക്കെ എത്ര നല്ലതു്! ഇപ്പോൾ ഇങ്ങനെ വല്ലതുമുണ്ടോ?” എന്നു ചോദിക്കുന്ന വിരോധാഭാസികളും കുറവല്ല.


Old is gold എന്നതു് പല സംസ്കാരങ്ങളിലും പല ഭാഷകളിലും പ്രചരിക്കുന്ന ഒരു പഴഞ്ചൊല്ലാണു്. അതു് ഇടയ്ക്കൊക്കെ വിളിച്ചുകൂവുന്നവരും സാധാരണയാണു്. പഴയ കാലത്തു് ഇന്നത്തേതിനേക്കാൾ നല്ല പലതും ഉണ്ടായിരുന്നു എന്നും അതൊക്കെ നശിച്ചു പോയി എന്നും അവ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തേതിനേക്കാൾ വളരെ മെച്ചമായിരുന്നേനേ എന്നും വിലപിക്കുന്നവർ. സ്റ്റെതസ്കോപ്പിനെക്കാൾ കൃത്യമായി നാഡി പിടിച്ചു പൾസ് അളക്കാനും കാൽ‌വിരലിലെ ഒരു ഞരമ്പിൽ ഞെക്കി നോക്കി പാൻ‌ക്രിയാസിലെ ക്യാൻസർ കണ്ടുപിടിക്കാനും കഴിവുണ്ടായിരുന്ന വൈദ്യന്മാരെപ്പറ്റി ഐതിഹ്യമാലകൾ എഴുതുന്നവർ. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം എത്ര യോജനയാണെന്നു് നിരീക്ഷണമോ പരീക്ഷണമോ കൂടാതെ ധ്യാനം കൊണ്ടു മാത്രം കണ്ടുപിടിച്ച ഋഷിവര്യന്മാരെപ്പറ്റിയുള്ള കഥകൾ പറയുന്നവർ.

ഈ വക കാര്യങ്ങൾ ചുഴിഞ്ഞുനോക്കിയാൽ ഇന്നുള്ള വിജ്ഞാനത്തെക്കാൾ കൂടിയ ഒന്നും പണ്ടുണ്ടായിരുന്നില്ല എന്നു കാണാൻ കഴിയും. കാരണം, ഇന്നത്തെ വിജ്ഞാനം പണ്ടത്തെ വിജ്ഞാനവും ചേർന്നതാണു് എന്നതു തന്നെ. (“ജിറാഫിനാണോ അതിന്റെ കഴുത്തിനാണോ നീളം കൂടുതൽ?” എന്ന ചോദ്യം കേട്ടിട്ടില്ലേ?) സാഹിത്യം, കല തുടങ്ങിയവയെപ്പറ്റി പറഞ്ഞാൽ, പണ്ടുണ്ടായിരുന്ന പലതും ഇന്നും മഹത്തായി നിൽക്കുന്നതു് അവ പഴയതായതു കൊണ്ടു മാത്രമല്ല, പണ്ടും ഇന്നും വല്ലപ്പോഴും ഉണ്ടാകുന്ന അപൂർവ്വപ്രതിഭകളുടെ സ്ഫുരണം അതിലുള്ളതു കൊണ്ടാണു്. പണ്ടു ഹോമർ ഉണ്ടായി, ഇരുപതാം നൂറ്റാണ്ടിൽ മാർകേസ് ഉണ്ടായി. ഇവ രണ്ടും മഹത്തായവ തന്നെ.

കാലം മാറുന്നതനുസരിച്ചു് അഭിരുചികളും മാറുന്നതിനാൽ പണ്ടുണ്ടായിരുന്ന പലതും പിന്നീടു് ഉണ്ടാകുന്നില്ല. പണ്ടുണ്ടായിരുന്നതു പോലെ മഹാകാവ്യങ്ങളും വമ്പൻ ഗോപുരങ്ങളും ഇന്നുണ്ടാക്കുന്നില്ല. അതേ സമയം പണ്ടില്ലായിരുന്ന അനേകം കലാസാഹിത്യസങ്കേതങ്ങളും ശാസ്ത്രകല്പനകളും ഇന്നു ലോകത്തുണ്ടാകുന്നു. പുതിയതു് എന്തുണ്ടായാലും അതു പണ്ടുണ്ടായിരുന്നു എന്നും തങ്ങളുടെ മതഗ്രന്ഥങ്ങളിൽ അതിനെപ്പറ്റി പരാമർശമുണ്ടെന്നും അവകാശവാദങ്ങളുമായി എത്തുന്നവർക്കും കുറവില്ല എന്നതു മറ്റൊരു കാര്യം.


പഴമയോടുള്ള അതിയായ ആസക്തിയുടെ മറ്റൊരു രൂപമാണു നൊസ്റ്റാൽജിയ. പഴമയ്ക്കു സ്തുതി പാടുന്നവരുടെ ചിന്താഗതികൾ പലപ്പോഴും നൊസ്റ്റാൽജിയയിലേയ്ക്കു ചുരുങ്ങുന്നതാണു കണ്ടു വരുന്നതു്.

തന്റെ ചെറുപ്പത്തിലേതോ ചെറുപ്പത്തിൽ ആരെങ്കിലും പറഞ്ഞുതന്നതോ ആയ കാര്യങ്ങൾ ഏറ്റവും നല്ലതു്. ഇപ്പോഴത്തേതു മോശം. തനിക്കു മുമ്പുള്ളതു പഴഞ്ചൻ – ഇതാണു് നൊസ്റ്റാൽജിയയുടെ രത്നച്ചുരുക്കം. ഇപ്പോഴത്തെ ഗിരീഷ് പുത്തഞ്ചേരി/എം. ജയചന്ദ്രൻ/എം. ജി. ശ്രീകുമാർ പാട്ടൊക്കെ തറ; എന്നാൽ പഴയ വയലാർ/ദേവരാജൻ/യേശുദാസ് പാട്ടൊക്കെ മഹത്തമം; അതേ സമയം കമുകറയുടെയും ആന്റോയുടെയും പി. ലീലയുടെയും ഒക്കെ പാട്ടു് അറുബോറു്. ഉ, ഋ എന്നിവയുടെ ചിഹ്നങ്ങൾ വേറിട്ടെഴുതുന്ന പുതിയ ലിപി മോശം; പത്തക്ഷരത്തിനു പത്തു തരം കുനിപ്പിട്ടു് ചെറിയ ഫോണ്ടിൽ ചിന്താക്കുഴപ്പമുണ്ടാക്കുന്ന പഴയ ലിപി അന്യൂനം; അതേ സമയം അക്ഷരത്തിനു മുകളിലായി ചന്ദ്രക്കല ഇടുകയും ള്ള എന്ന അക്ഷരം ണ-യുടെ താഴെ വരച്ചെഴുതുകയും ർ എന്നതിനു മുകളിൽ കുത്തിടുകയും 1, 2, 3, … എന്നീ അക്കങ്ങൾക്കു പകരം ൧, ൨, ൩, … എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നതു പഴഞ്ചൻ. അധ്യാപകൻ, വിദ്യാർഥി എന്നൊക്കെ എഴുതുന്നതു തെറ്റു്; അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നു തന്നെ എഴുതണം; അതേ സമയം മൂർഖൻ, ദീർഘം എന്നിവ എഴുപതു കൊല്ലം മുമ്പു് എഴുതിയിരുന്നതു പോലെ മൂർക്ഖൻ, ദീർഗ്ഘം എന്നു് എഴുതാനും പാടില്ല. പെൺകുട്ടികൾ ചുരീദാറും മിഡിയും ധരിക്കുന്നതു് സംസ്കാരച്യുതി; സാരിയുടുക്കുന്നതു് ആർഷസംസ്കാരം; മാറു മുതൽ കീഴോട്ടുള്ള കച്ച കെട്ടുന്നതു മോഹിനിയാട്ടത്തിനു മാത്രം. നൂഡിൽ‌സും ബേഗലുമൊക്കെ ആരോഗ്യത്തെ കെടുത്തുന്ന ചീത്ത ഭക്ഷണം; ദോശയും ഇഡ്ഡലിയും അത്യുത്തമം; കഞ്ഞിയും പുഴുക്കും കണ്ട്രികളുടെ ഭക്ഷണം. സാനിട്ടറി നാപ്കിൻ എല്ലാ വിധ അസുഖങ്ങളും ഉണ്ടാക്കുന്നതു്; പഴന്തുണി തിരുകിവെയ്ക്കുന്നതു് ആരോഗ്യകരം; നാലു ദിവസം മാറിക്കിടക്കുന്നതു് അന്ധവിശ്വാസം. ആൺ‌കുട്ടികൾ തലമുടി സ്റ്റെപ്‌കട്ടു ചെയ്യുന്നതു മോശം; തലമുടി വെട്ടുന്നതു സംസ്കാരം; കുടുമ വെയ്ക്കുന്നതു അറുബോറു്, പഴഞ്ചൻ. നൊസ്റ്റാൽജിയ എന്ന ആത്മാർത്ഥതയില്ലാത്ത പഴമപ്രേമം സടകുടഞ്ഞാടുന്നതു് ഇവിടെയൊക്കെയാണു്.

കൂട്ടത്തിൽ പറയട്ടേ. ഞാൻ നൊസ്റ്റാൽജിയയോടു വിരോധമുള്ള ആളല്ല. ബ്ലോഗിൽ വരുന്ന ഓർമ്മകുറിപ്പുകൾ എനിക്കു വളരെ ഇഷ്ടപ്പെട്ടവയാണു്. നൊസ്റ്റാൽജിയയുടെ അസുഖം സാമാന്യം നന്നായിത്തന്നെ ഉള്ള ഒരാളാണു ഞാൻ. നൊസ്റ്റാൽജിയ കടും‌പിടിത്തമാവുകയും പിന്നെ സംസ്കാരത്തിന്റെ നിർവ്വചനം ആകുകയും ചെയ്യുന്നതിനെയാണു ഞാൻ വിമർശിക്കുന്നതു്.

പഴമയോടുള്ള ഈ പ്രേമത്തിനു മറ്റൊരു കാരണവും ഉണ്ടു്. അസൂയയും അസഹിഷ്ണുതയും. അച്ഛന്റെ മുമ്പിൽ ഇരിക്കാൻ ധൈര്യമില്ലാത്ത മകനു് തന്റെ മകൻ തന്റെ മുന്നിൽ ഇരിക്കുന്നതു സഹിക്കുന്നില്ല. കുടുമ മുറിച്ചു് തലമുടി ക്രോപ്പു ചെയ്യാൻ ചെറുപ്പത്തിൽ ആഗ്രഹിച്ചിട്ടു കഴിയാഞ്ഞ അച്ഛനു് ക്രോപ്പു ചെയ്യാതെ മുടി നീട്ടിവളർത്തുന്ന മകനെ അംഗീകരിക്കാൻ പറ്റുന്നില്ല. തങ്ങൾ സങ്കൽ‌പ്പിക്കുക പോലും ചെയ്യാത്ത വിഷയങ്ങളെപ്പറ്റി പുതിയ ബ്ലോഗേഴ്സ് എഴുതുകയും അവർക്കു വായനക്കാർ ഉണ്ടാവുകയും ചെയ്യുന്നതു പഴയ ബ്ലോഗേഴ്സിനു പിടിക്കുന്നില്ല. ശാസ്ത്രീയസംഗീതത്തെ വിട്ടുള്ള കൊട്ടിപ്പാട്ടിനു് ആസ്വാദകർ കൂടുന്നതു ശാസ്ത്രീയസംഗീതം പഠിക്കാൻ വർഷങ്ങൾ ചെലവഴിച്ച പഴമക്കാർക്കും പിടിക്കുന്നില്ല.


സാഹിത്യത്തിലും സംസ്കാരത്തിലും ഈ നൊസ്റ്റാൽജിയയാണു പഴമയുടെ വചനമായി പത്തി വിടർത്തുന്നതു്. ഈ നൊസ്റ്റാൽജിയയുടെ രണ്ടു മുഖങ്ങളെ വികടശിരോമണിയുടെ പണ്ടൊക്കെ എന്തേർന്നു! എന്ന പോസ്റ്റും കുട്ട്യേടത്തിയുടെ ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ്‌ ? എന്ന പോസ്റ്റും കാട്ടിത്തരുന്നു. വികടശിരോമണി ഈ നൊസ്റ്റാൽജിയഭ്രമക്കാരെ നിശിതമായി വിമർശിക്കുമ്പോൾ കുട്ട്യേടത്തി നർമ്മം ചാലിച്ചു് ബ്ലോഗിന്റെ പശ്ചാത്തലത്തിൽ നൊസ്റ്റാൽജിയഭ്രമക്കാരെ ചെറുതായി ഒന്നു കൊട്ടുന്നു.

വികടശിരോമണി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ചിന്താഗതിയുമുണ്ടു്. തങ്ങളുടെ ചെറുപ്പത്തിൽ നിന്നു് ഇപ്പോൾ ഉണ്ടായ ധർമ്മച്യുതി. ഇതു തലമുറകളായി കേൾക്കുന്ന കാര്യമാണു്. അടുത്ത തലമുറ വഴിതെറ്റിപ്പോകുന്നു എന്നതു്. തങ്ങളുടെ നാളുകളിലെ ധാർമ്മികത അതിവിശിഷ്ടമായിരുന്നു, ഇപ്പോൾ എല്ലാം പോയി എന്ന വിലാപം. കേട്ടാൽത്തോന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലാണു് ഈ സാംസ്കാരികച്യുതി മൊത്തം കൂടി ഉണ്ടായതെന്നു്! മഹാഭാരതം എന്ന മഹാഭാരതം (sic!) എഴുതിക്കഴിഞ്ഞിട്ടു് വ്യാസൻ വിലപിക്കുന്നതു കേൾക്കുക:

ഊർദ്ധ്വബാഹൂർവിരൌമ്യേഷ ന ച കശ്ചിച്ഛൃണോമി മേ
ധർമ്മാദർത്ഥശ്ച കാമശ്ച, സ ധർമ്മഃ കിം ന സേവ്യതേ?

(ഞാൻ രണ്ടു കയ്യും പൊക്കിപ്പിടിച്ചു പറയുന്നു, ആരും ഞാൻ പറയുന്നതു കേൾക്കുന്നില്ല. ധർമ്മത്തിൽ നിന്നാണു് അർത്ഥവും കാമവും പുഷ്ടിപ്പെടുന്നതു്. ആ ധർമ്മത്തെ എന്തുകൊണ്ടു് ആളുകൾ സേവിക്കുന്നില്ല?)

ധർമ്മച്യുതി സംഭവിക്കുന്നു എന്ന സംഭവം ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ല, അയ്യായിരം കൊല്ലം മുമ്പേ ഉണ്ടായിരുന്നു എന്നു സാരം.


ഈ ശ്ലോകത്തിനു് ഏ. ആർ. രാജരാജവർമ്മയുടെ പരിഭാഷ:

നന്നല്ല കാവ്യമഖിലം പഴതെന്നു വെച്ചി-
ട്ടൊന്നോടെ നിന്ദിതവുമല്ല നവത്വമൂലം;
വിജ്ഞൻ വിചാരണ കഴിഞ്ഞു തിരഞ്ഞെടുക്കും;
അജ്ഞന്നു വല്ലവരുമോതുവതാം പ്രമാണം.

പത്തുമുപ്പതു കൊല്ലം മുമ്പുണ്ടായിരുന്ന പരിഭാഷാഭ്രമത്തിൽ ഞാൻ പരിഭാഷപ്പെടുത്തിയതു്:

എല്ലാം മികച്ച കൃതിയല്ല പഴഞ്ചനായാൽ;
വല്ലാത്തതല്ല പുതുതായതു കൊണ്ടുമൊന്നും.
നല്ലോർ ശരിക്കു ചികയും, ശരി കണ്ടെടുക്കും;
വല്ലോരുമോതുവതു മൂഢനു വേദവാക്യം.


ശ്ലോകങ്ങളെയും മറ്റും ഭാഗികമായി മാത്രം ഉദ്ധരിച്ചു് അർത്ഥം വളച്ചൊടിക്കുന്നതിന്റെ അസാംഗത്യത്തെപ്പറ്റി മുമ്പു് സ്ത്രീണാം ച ചിത്തം, പുരുഷസ്യ ഭാഗ്യം, ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നിവയെ ഉദാഹരിച്ചു ഞാൻ പറഞ്ഞിട്ടുണ്ടു്. ഈ ശ്ലോകത്തിനും ആ ഗതികേടു പറ്റിയിട്ടുണ്ടു്. “പുരാണമിത്യേവ ന സാധു സര്‍വ്വം…” എന്നു മാത്രം പറഞ്ഞാൽ പുരാണമൊന്നും ശരിയല്ല എന്ന അർത്ഥം വേണമെങ്കിൽ പറയാം. ചില ഹിന്ദുമതഗ്രന്ഥങ്ങളെ പുരാണങ്ങൾ എന്നു വിളിക്കുന്നതു കൊണ്ടു് അവയൊന്നും ശരിയല്ല എന്ന തെറ്റായ ഒരർത്ഥം ഈ ശ്ലോകത്തിനു പറയുന്നതു് ഈയിടെ ഒരു വിക്കിപീഡിയ സംവാദത്തിൽ കണ്ടു.

പാവം കാളിദാസൻ! പുരാണങ്ങളൊന്നും ശരിയല്ല എന്ന പ്രസ്താവനയുടെ പിതൃത്വവും അങ്ങേരുടെ തലയിൽ!