അധികാരവും മതവും ശാസ്ത്രവും – ഭാരതത്തിൽ

പ്രതികരണം, സംവാദം

എന്റെ “ആളു നോക്കി മാറുന്ന യോജന” എന്ന പോസ്റ്റിൽ എക്സ്, ഒടുക്കം ദേ ഇങ്ങനെയും ആയി (എന്തൊരു പേരു്! ഞാൻ ബാബൂന്നു വിളിക്കും :) ) എന്ന പേരുകളിൽ എഴുതുന്ന രണ്ടുപേരുടെ സം‌വാദം വളരെ രസകരമായി തോന്നി. അവിടെ ഒരു കമന്റായി ഇടാമെന്നു കരുതിയതു് അല്പം വലുതായിപ്പോയി. മാത്രമല്ല, ഇതിനെപ്പറ്റി എഴുതണമെന്നു കുറേക്കാലമായി വിചാരിക്കുകയും ചെയ്യുന്നു. അതിനാൽ പോസ്റ്റാക്കാമെന്നു കരുതുന്നു.

എക്സും ബാബുവും എന്റെ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളോടു പൂർണ്ണമായി യോജിക്കുന്നുണ്ടു്. വിയോജിപ്പു് ഒരു കാര്യത്തിലാണു്. എക്സ് പറഞ്ഞ ഒരു സാമാന്യവസ്തുത കുറഞ്ഞ പക്ഷം ഭാരതത്തിന്റെ കാര്യത്തിലെങ്കിലും ശരിയല്ല എന്നാണു ബാബുവിന്റെ അഭിപ്രായം. അവർ പറഞ്ഞതിന്റെ രത്നച്ചുരുക്കം താഴെ.

എക്സ്: (കമന്റ് പൂർണ്ണമായി ഇവിടെ.)

  1. സാങ്കേതികവിദ്യ പൂര്‍ണ്ണമായും അധികാരത്തിന് അടിമപ്പെട്ടിരുന്ന ഒന്നാണ്. ശാസ്ത്രത്തിന് സൈദ്ധാന്തികമായ ഒരു നിലനില്‍പ് സാധ്യമാണെന്നിരിക്കെ അതിന്റെ possession അതാത് കാലങ്ങളില്‍ നിലവിലുള്ള രാഷ്ട്രീയഘടനയെ നേരിട്ട് ചോദ്യം ചെയ്തുകൊള്ളണമെന്ന് നിര്‍ബന്ധമില്ല.
  2. മതത്തെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിന്റെ വളര്‍ച്ച, തീര്‍ത്തും സൈദ്ധാന്തികമായ തലത്തിലാണെങ്കില്‍പ്പോലും, നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നതാണ്. ശാസ്ത്രത്തിന്റെ ഓരോ മുന്നേറ്റവും മതത്തിന്റെ സൈദ്ധാന്തികശവപ്പെട്ടിയില്‍ ഒരു ആണികൂടി തറക്കുമെന്നതിനാല്‍ രാഷ്ട്രീയാധികാരം സാങ്കേതികവിദ്യയോട് ചെയ്യുന്നതിന് സമാനമായി ശാസ്ത്രത്തെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതിനുപകരം അതിന്റെ പുരോഗതിയെ തകര്‍ക്കാനാണ് മതം എല്ലാക്കാലത്തും ശ്രമിക്കുക/ശ്രമിച്ചിരുന്നത്.
  3. മതാധികാരം രാഷ്ട്രീയാധികാരത്തിനുമേല്‍ മേല്‍ക്കൈ നേടിയ കാലങ്ങളിലൊക്കെ ശാസ്ത്രത്തിന്റെ വളര്‍ച്ച മുരടിച്ചുനില്‍ക്കുന്നത് ചരിത്രത്തിലുടനീളം കാണാം.
  4. ഹിന്ദുമതം സ്വതന്ത്രചിന്തയും അന്വേഷണബുദ്ധിയും പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് കരുതണമെങ്കില്‍ ചില്ലറ ബുദ്ധിശൂന്യതയും ശുഭാപ്തിവിശ്വാസവുമൊന്നും പോരാ. അപ്പോള്‍ നമ്മള്‍ ഇന്നുകാണുന്ന പുരാതനഭാരതീയശാസ്ത്രത്തിന്റെ വികാസം ഒന്നുകില്‍ അന്നത്തെ മതത്തിന്റെ ചട്ടക്കൂടില്‍നിന്ന് സ്വതന്ത്രമായോ അല്ലെങ്കില്‍ മതാധികാരഘടനയോട് നിരന്തരം യുദ്ധം ചെയ്തോ അതില്‍ നിന്ന് സ്വയം ഒളിച്ചോ വളര്‍ന്നതായിരിക്കണം എന്ന് വേണം കരുതാന്‍.

ബാബു: (കമന്റ് പൂർണ്ണമായി ഇവിടെ. ഞാൻ അല്പം മാറ്റിയിട്ടുണ്ടു്.)

  1. മതവും ശാസ്ത്രവും കലകളും ഒരുപോലെ ഒരേ അധികാരഘടനയെ പണിതുയര്‍ത്തുന്ന ഘടകങ്ങളായിരുന്ന ഒരു കാലത്തെക്കുറിച്ചാണ് എക്സ് സംസാരിക്കുന്നതു്. അതുകൊണ്ടാണ് ഇന്ന് പള്ളിയും അമ്പലവും ഇരുട്ടില്‍ തപ്പുന്നതുകണ്ടിട്ട് മതം എന്നും ശാസ്ത്രത്തിന് എതിരുനിന്നു എന്ന് എളുപ്പത്തില്‍ തീരുമാനിക്കുന്നതും.
  2. പൂര്‍വികര്‍ക്ക് ആരാധനയും അഭ്യാസവും സാധനയും ഒരു ജീവിതം തന്നെയായിരുന്നു. അതില്‍ നാസ്തികര്‍പോലും ഉള്‍പെട്ടുമിരുന്നു.

മതം, ശാസ്ത്രം, അധികാരം, ടെക്നോളജി എന്നിവയുടെ ബന്ധത്തെപ്പറ്റി എക്സ് പറയുന്നതു ശരിയാണു്, സാമാന്യമായി. ക്രിസ്ത്യൻ, ഇസ്ലാമിക് പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. പക്ഷേ, ഭാരതീയപശ്ചാത്തലത്തിൽ അല്പം വ്യത്യാസമുണ്ടു്.

മറ്റു മതക്കാരെപ്പോലെ ഹിന്ദുക്കൾക്കു് (ഹിന്ദുക്കൾ എന്നൊരു വിഭാഗം തന്നെ വളരെക്കാലം കഴിഞ്ഞാണുണ്ടായതു്. അതിനു മുമ്പു ശൈവരും വൈഷ്ണവരും തുടങ്ങി പല ദൈവങ്ങളെ സ്തുതിക്കുന്ന പല വിഭാഗങ്ങളായിരുന്നു.) വ്യക്തമായ ഒരു മതഗ്രന്ഥമില്ലായിരുന്നു. അതിനാൽ അതില്പറയുന്ന എല്ലാം ശരിയാണെന്നു തെളിയിക്കാനും അതിൻപ്രകാരം ശാസ്ത്രത്തെ വളച്ചൊടിക്കാനും ആരും ഒരുമ്പെട്ടില്ല. (അപവാദങ്ങൾ ഉണ്ടു്. പക്ഷേ അത്ര തീക്ഷ്ണമല്ല.) അതിനാൽ ശാസ്ത്രം വളരുന്നതിനു് മതം ഒരു പ്രശ്നമായിരുന്നില്ല. മാത്രമല്ല, ഓരോ ശാസ്ത്രവികാസത്തിനുമനുസരിച്ചു മതത്തിലെ നിർ‌വ്വചനങ്ങൾ മാറ്റാനും അവർക്കു മടിയുണ്ടായിരുന്നില്ല.

ഒരുദാഹരണം പറയാം:

പുരാണമനുസരിച്ചു് പരന്നു കിടക്കുന്നതും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായ ഒരു സാധനമാണു ഭൂമി. അതിന്റെ എട്ടു ദിക്കുകളും താങ്ങാൻ അഷ്ടദിഗ്ഗജങ്ങളും മറ്റുമുണ്ടു്. ഈ ഭൂമിയുടെ കൃത്യം നടുക്കു ഹിമാലയപർ‌വ്വതം സ്ഥിതി ചെയ്യുന്നു. അതിലെ ഒരു കൊടുമുടിയായ മഹാമേരുവിന്റെ മുകളിലാണു സ്വർഗ്ഗം. ദേവന്മാർ അവിടെയാണു താമസം. സൂര്യചന്ദ്രന്മാർ മേരുവിനെ പ്രദക്ഷിണം ചെയ്യുന്നു. ഭൂമിയുടെ കീഴിൽ കടലിനും താഴെയാണു പാതാളം. അസുരന്മാർ അവിടെയാണു്.

ഭൂമിയുടെ ഗോളാകൃതിയെപ്പറ്റിയും വലിപ്പത്തെപ്പറ്റിയും അതു സ്വയം ചുറ്റിത്തിരിയുന്നതു കൊണ്ടാണു രാത്രിയും പകലും ഉണ്ടാകുന്നതെന്നും മനസ്സിലാക്കിയ ആര്യഭടൻ ഈ മിത്തിനെ ഒന്നു ചെറുതായി മാറ്റി. അതനുസരിച്ചു്, പുരാണത്തിലെ ഭൂമി കര കൂടുതലുള്ള ഉത്തരാർദ്ധഗോളമായി. ഭൂമിയുടെ കീഴിലുള്ള കടൽ, കടൽ കൂടുതലുള്ള ദക്ഷിണാർദ്ധഗോളമായി. (ദക്ഷിണാർദ്ധഗോളത്തിലെ കരകളെപ്പറ്റി ആര്യഭടന്റെ കാലത്തു് അറിവുണ്ടായിരുന്നില്ല.) ഭൂമിയുടെ (അതായതു് ഉത്തരാർദ്ധഗോളത്തിന്റെ) കൃത്യം മദ്ധ്യത്തിലാണു് (അതായതു്, ഉത്തരധ്രുവത്തിൽ) മഹാമേരു. (ഒരു യോജന ഉയരമുണ്ടു് അതിനു്. എന്നു വെച്ചാൽ എവറസ്റ്റിനേക്കാൾ ഉയരം.) സൂര്യചന്ദ്രന്മാർ അതിനെ ചുറ്റുന്നു എന്നതു് ശരിയായല്ലോ. (23 ഡിഗ്രി ചരിവുണ്ടു്. അതവിടെ നിൽക്കട്ടേ.) ഭൂമിക്കു താഴെ വെള്ളം. ദക്ഷിണാർദ്ധഗോളം. അതിനും താഴെ, മേരുവിന്റെ നേരേ എതിരേ, പാതാളം. അതായതു്, ഇന്നത്തെ അന്റാർട്ടിക്കയാണു പാതാളം. (ആർഷഭാരതസംസ്കാരതീവ്രവാദികൾ ഇതു ചിന്തിച്ചിട്ടില്ല. അല്ലെങ്കിൽ ആര്യഭടൻ അന്റാർട്ടിക്ക കണ്ടുപിടിച്ചു എന്നു പറഞ്ഞേനേ!) ദേവന്മാരും അസുരന്മാരും മറ്റേ ആളുകൾ തല കീഴായി നിൽക്കുന്നു എന്നു കരുതുന്നു എന്നും പറഞ്ഞുവെച്ചിട്ടുണ്ടു് ആര്യഭടൻ! മിത്തിനെ എത്ര ഭംഗിയായി നേരെയാക്കി എന്നു നോക്കൂ!

ആര്യഭടനെ ആരും ദൈവനിഷേധിയാക്കിയില്ല. നേരേ മറിച്ചു്, പുരാണത്തിനു് അങ്ങനെയൊരു ഭാഷ്യം കൊടുത്തതിനു് ആദരിക്കുകയാണു ചെയ്തതു്. മറ്റൊരു കാരണം, മതവുമായി ബന്ധപ്പെട്ട ജ്ഞാനവും ശാസ്ത്രവുമായി ബന്ധപ്പെട്ട ജ്ഞാനവും ഒരേ വർഗ്ഗമാണു കൈകാര്യം ചെയ്തിരുന്നതു്. ജ്യോതിഷവും തർക്കവും വ്യാകരണവും എല്ലാം ശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. അതിനാൽ ബ്രൂണോയ്ക്കും ഗലീലിയോയ്ക്കും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ഭാരതത്തിലെ ശാസ്ത്രജ്ഞന്മാർക്കു് അനുഭവിക്കേണ്ടി വന്നില്ല.

മറ്റൊന്നു്, വിമർശനത്തിൽ ഊന്നിത്തന്നെയാണു് ഭാരതീയശാസ്ത്രം വികസിച്ചതു്. ആര്യഭടന്റെ തിയറികളെ ഭാസ്കരൻ ഒന്നാമൻ ശരി വെച്ചപ്പോൾ അദ്ദേഹത്തിന്റെ സമകാലീനനായിരുന്ന ബ്രഹ്മഗുപ്തൻ നിശിതമായി വിമർശിച്ചു. (ഒരു പ്രത്യേകപോസ്റ്റിനു വകുപ്പുണ്ടു് ഇതു്.) ബ്രഹ്മഗുപ്തൻ മാത്രമല്ല, ഭാരതീയജ്യോജ്യോത്സ്യത്തിന്റെ പിതാവായി അറിയപ്പെടുന്ന വരാഹമിഹിരനും, ബ്രഹ്മഗുപ്തനെ പിന്തുടർന്ന ഭാസ്കരൻ രണ്ടാമനും ആര്യഭടനെ ചോദ്യം ചെയ്തിട്ടുണ്ടു്. ഇങ്ങനെ ആരോഗ്യകരമായ സം‌വാദങ്ങളിൽക്കൂടിയാണു് ഭാരതീയശാസ്ത്രം വളർന്നതു്.

ഗണിതത്തിൽ മാത്രമല്ല. സാക്ഷാൽ പരമശിവൻ പ്രത്യക്ഷനായി പറഞ്ഞുകൊടുത്തു എന്നാണു് പാണിനിയുടെ വ്യാകരണത്തെപ്പറ്റിയുള്ള ഐതിഹ്യം. വിശ്വാസ്യത കൂട്ടാൻ വേണ്ടി ദൈവം പ്രത്യക്ഷനാകുന്ന കഥ പല ശാസ്ത്രത്തിന്റെയും കൂടെ ഉണ്ടു്. പാണിനിയുടെ വ്യാകരണത്തിലെ പല നിയമങ്ങളെയും പിന്നീടു കാത്യായനൻ എതിർത്തു. പതഞ്ജലി അനുകൂലിക്കുകയും ചെയ്തു. കാത്യായനനെക്കൂടാതെ നമ്മുടെ മേല്പത്തൂർ നാരായണഭട്ടതിരി വരെ പലരും പാണിനിയുടെ നിയമങ്ങളെ തിരുത്തിയിട്ടുണ്ടു്. ഇവരെയാരെയും പരമശിവനെ നിഷേധിച്ചവർ എന്നു വിളിച്ചിട്ടില്ല. കാരണം, എല്ലാ സ്തുതികളുടെയും അവസാനം ഇതു ചൊല്ലിയാൽ ധനം, ശത്രുസംഹാരം, മോക്ഷം തുടങ്ങിയവ കിട്ടുമെന്നും മറ്റും ഉള്ളതും മിക്കവാറും എല്ലാ ശാസ്ത്രവും ഏതെങ്കിലും ദേവൻ പറഞ്ഞതാണെന്നു ഐതിഹ്യമുള്ളതും ഒരല്പം ഉപ്പു കൂട്ടി വേണം അകത്താക്കാൻ എന്നു ഭാരതീയർക്കറിയാമായിരുന്നു. ഇവയൊന്നും ഒരു മതഗ്രന്ഥത്തെയും തള്ളിപ്പറഞ്ഞതായി കരുതപ്പെട്ടില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെ ആ സംസ്കൃതവാക്യങ്ങൾക്കു് പുതിയ വ്യാഖ്യാനം ചമച്ചു നേരെയാക്കാനും അവർക്കു കഴിഞ്ഞിരുന്നു. ശാസ്ത്രത്തിനെ മതം കൂച്ചുവിലങ്ങിട്ടില്ല എന്നു വേണം കരുതാൻ, കുറേക്കാലമെങ്കിലും.

വ്യത്യാസം ആദ്യമായി ഉണ്ടാവുന്നതു് ബുദ്ധമതത്തിന്റെയും മറ്റും വരവോടെ സനാതനധർമ്മം ശിഥിലമാകും എന്ന ഭയം ഉണ്ടായപ്പോഴാണു്. ഹിന്ദുമതത്തിന്റെ ഏകീകരണം തുടങ്ങിയതും ഈക്കാലത്താണു്. മനുസ്മൃതി തുടങ്ങിയ നിയമാവലികളിൽ തുടങ്ങി ശങ്കരാചാര്യർ മറ്റു മതക്കാരെ വാദത്തിൽ അടിച്ചിരുത്തിയതു വഴി ഭക്തിപ്രസ്ഥാനത്തിൽ അതു് എത്തിച്ചേർന്നു. ബ്രാഹ്മണർ ചെയ്യേണ്ടതു ശാസ്ത്രമല്ല, മതവുമായി ബന്ധപ്പെട്ട പൂജാദികാര്യങ്ങളാണു് എന്ന ബോധം വന്നപ്പോൾ ശാസ്ത്രത്തിന്റെ മുക്കും മൂലയും തംബ് റൂളുകളായി ആശാരിക്കും കണിയാനും മറ്റും പകർന്നുകൊടുത്തു. എങ്കിലും പുതിയ പഠനങ്ങൾ വലിയ ആളുകളുടെ പത്തായപ്പുരകൾ വിട്ടു പുറത്തു പോയില്ല. മാധവനെയും പരമേശ്വരനെയും മറ്റും ലോകമറിഞ്ഞതു് വിദേശികൾ വന്നു് ഇതൊക്കെ കവർന്നപ്പോഴാണു്.

പ്രാചീനഗ്രന്ഥങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം ആധുനികകാലത്തു തുടങ്ങിയതു് ആര്യസമാജസ്ഥാപകൻ ദയാനന്ദസരസ്വതിയാണെന്നു തോന്നുന്നു. “വേദങ്ങളിലേക്കു മടങ്ങുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. പരമേശ്വരനു ശേഷം, ഒരു ശ്രീനിവാസരാമാനുജനെയും ബോസിനെയും സി. വി. രാമനെയും ഒഴിച്ചു നിർത്തിയാൽ, ഭാരതത്തിനു് ഒരു മികച്ച ശാസ്ത്രസംഭാവന പോലും നൽകാൻ പറ്റിയില്ല എന്ന അപകർഷതാബോധത്തിൽ നിന്നാണു് ഇരുപതാം നൂറ്റാണ്ടിൽ വേദങ്ങളിലും മറ്റും ശാസ്ത്രം തിരയാൻ തുടങ്ങി മുസ്ലീം, ക്രിസ്ത്യൻ മൗലികവാദികളുടെ പുറകേ ഒരു കൂട്ടം ഹിന്ദുക്കളും പോകാൻ തുടങ്ങിയതു്. ഗലീലിയോയെയും ഡാർ‌വിനെയും അംഗീകരിച്ചു കത്തോലിക്കാസഭ മുന്നോട്ടു പോയപ്പോൾ അത്രയും കാലം പുരോഗമനവാദികളായിരുന്ന ഭാരതീയർ പിന്നോക്കം പോകാൻ തുടങ്ങി.

എല്ലാം മതങ്ങളെയും സാമാന്യവത്കരിച്ചുകൊണ്ടുള്ള എക്സിന്റെ വാദത്തിൽ നിന്നു തുടങ്ങി സംഭവങ്ങളുടെ കാലം പരിഗണിച്ചാൽ ചില അപവാദങ്ങൾ കാണാം എന്നു പറഞ്ഞ ബാബുവിന്റെ വാദത്തിലേക്കു് അല്പദൂരം അടുക്കുവാനാണു് എനിക്കു താത്പര്യം.

(ഈ പോസ്റ്റു മൂലം പഴയ പോസ്റ്റിലെ സം‌വാദം നിർത്തേണ്ട കാര്യമില്ല. അവിടെത്തന്നെ തുടർന്നോളൂ. ഇതിനെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ഇവിടെയും എഴുതുക.)