മൂലഭദ്ര

ഭാരതീയഗണിതം (Indian Mathematics)

ഗൂഢലേഖനശാസ്ത്രത്തിലെ ഒരു രീതിയാണു് അക്ഷരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിക്കുന്നതു്. അതിന്റെ ഒരു ലളിതമായ രീതിയാണു് ROT13.

A മുതല്‍ M വരെയുള്ള അക്ഷരങ്ങള്‍ക്കു പകരം യഥാക്രമം N മുതല്‍ Z വരെയുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുകയാണു് ഇതിന്റെ രീതി. BAR എന്നതു ONE എന്നാകും, ONE എന്നതു BAR എന്നും. കൂടുതല്‍ വിവരങ്ങള്‍ക്കു് ROT13 എന്ന വിക്കിപീഡിയ ലേഖനം നോക്കുക.

ഇതിനോടു സദൃശമായ പലതും കേരളത്തിലുണ്ടായിരുന്നു. അതില്‍ പ്രമുഖമാണു മൂലഭദ്ര. ഒളിവില്‍ നടക്കുന്ന കാലത്തു്, ശത്രുവേതു് മിത്രമേതു് എന്നറിയാത്ത ഘട്ടത്തില്‍, തന്ത്രപ്രധാനമായ കാര്യങ്ങള്‍ സംസാരിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവും രാമയ്യന്‍ ദളവയും കൂടി ഉണ്ടാക്കിയ ഭാഷ.

ഇംഗ്ലീഷുകാരുടെ ROT13 പോലെ തന്നെ അക്ഷരങ്ങളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിച്ചുള്ള രീതിയാണു മൂലഭദ്രയ്ക്കു്. മൂലഭദ്രയുടെ ഫുള്‍ സ്പെസിഫിക്കേഷന്‍ താഴെച്ചേര്‍ക്കുന്നു:

അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണോ തപോ നമഃ
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള റഴ റ്റന

അതായതു്, താഴെപ്പറയുന്ന അക്ഷരങ്ങളെ പരസ്പരം മാറ്റി ഉപയോഗിക്കുക.

അ – ക
(അതുപോലെ ആ – കാ, ഇ – കി എന്നിങ്ങനെയും. ഇനി വരുന്ന അക്ഷരങ്ങള്‍ക്കും ഇതു ബാധകമാണു്.)

ഖ – ഗ
ഘ – ങ

ച – ട
ഛ – ഠ
ജ – ഡ
ഝ – ഢ
ഞ – ണ

ത – പ
ഥ – ഫ
ദ – ബ
ധ – ഭ
ന – മ

യ ‌- ശ
ര – ഷ
ല – സ
വ – ഹ
ക്ഷ – ള
റ – ഴ
റ്റ (എന്റെ എന്നതിലെ എന്‍ കഴിഞ്ഞാലുള്ളതു്) – (നനഞ്ഞു എന്നതിലെ രണ്ടാമത്തെ അക്ഷരം)

ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  1. അന്നു് ‘ക്ഷ’യെ അക്ഷരമാലയിലെ ഒരു അക്ഷരമായി കരുതിയിരുന്നു. അതൊരു കൂട്ടക്ഷരമായി ഉച്ചരിക്കാതെ നാടന്മാര്‍ ഉച്ചരിക്കുന്നതുപോലെ ഉച്ചരിക്കുക. ഏതാണ്ടൊരു ‘ട്ഷ’ പോലെ. കൂട്ടക്ഷരമായ ‘ക്ഷ’ ‘ള്ള’യുടേത്താണു്.
  2. ലിപിയില്ലെങ്കിലും റ്റയെയും യെയും പ്രത്യേകം പരിഗണിച്ചിരിക്കുന്നതു നോക്കുക. ഇന്നു യൂണിക്കോഡിന്റെ കാലത്തുപോലും മനുഷ്യര്‍ക്കു ബുദ്ധി നേരേ ആയിട്ടില്ല.
  3. മൂലഭദ്ര(മൂലഭദ്ര(X)) = X എന്ന നിയമം ഇവിടെയും ബാധകമാണു്.

ചില കൂട്ടക്ഷരങ്ങള്‍ നല്ല ഭംഗിയില്‍ വരും.

ഞ്ച – ണ്ട
മ്പ – ന്ത

തുടങ്ങി.

ഇനി നമുക്കു് ഉദാഹരണങ്ങളിലേക്കു കടക്കാം.

കല – അസ (തിരിച്ചും അങ്ങനെയാണെന്നു പറയേണ്ടല്ലോ)
മനോരമ ആഴ്ചപ്പതിപ്പു് – നറ്റോഷന കാര്‍ട്ടത്തപിത്തു്
തെന്നുന്നു – പെമ്മുമ്മു

ഇനി, ചില വാക്കുകളുടെ മേല്‍ മൂലഭദ്ര നടത്തിയാലും അര്‍ത്ഥമുള്ള വാക്കുകള്‍ കിട്ടും. ഉദാഹരണത്തിനു്,

ഇഞ്ചി – കിണ്ടി
ഇഞ്ചിനീരന്‍ – കിണ്ടിമീശന്‍ (ഇതു പറഞ്ഞുതന്ന അനോണിമൌസിനു നന്ദി)
ഉഷ – കുര
അമ്മേ – കന്നേ (അമ്മയെ ഞാന്‍ ചെറുപ്പത്തില്‍ ഇങ്ങനെ വിളിക്കുമായിരുന്നു. ചേച്ചിയെ കുരട്ടേട്ടി എന്നും.)
അറത്തു് – കഴപ്പു്
കോഴ – ഓറ

എങ്കിലും ചൊറിച്ചുമല്ലല്‍ പോലെ രണ്ടു വിധത്തിലും പൂര്‍ണ്ണ അര്‍ത്ഥമുള്ള വാക്യങ്ങള്‍ മൂലഭദ്രയില്‍ വിരളമാണു്. അസഭ്യവും ഉണ്ടാകാമെങ്കിലും ചൊറിച്ചുമല്ലല്‍ പോലെ ഇല്ല്ല.

പറയാനുള്ള കോഡുഭാഷയാണു മൂലഭദ്ര. എഴുതുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടു്. “ക്ക” എഴുതുന്നതാണു് ഒരു പ്രശ്നം.

ക്ക = അ് അ
ക്കു = ഉ് ഉ

എന്നിങ്ങനെ. വരമൊഴി, കീമാന്‍, യൂണിക്കോഡ് സ്റ്റാന്ദേര്‍ഡ് തുടങ്ങിയവ മാറ്റിയെഴുതേണ്ടി വരും രണ്ടു സ്വരങ്ങളെ ചന്ദ്രക്കലയിട്ടു യോജിപ്പിച്ചാല്‍ ഒന്നാക്കാതെ സൂചിപ്പിക്കാന്‍ 🙂

സി. വി. രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവല്‍ വായിച്ചിട്ടുള്ളവര്‍ക്കു് ഓര്‍മ്മയുണ്ടാവും മാങ്കോയിക്കല്‍ക്കുറുപ്പിന്റെ വീട്ടില്‍ വെച്ചു് മാര്‍ത്താണ്ഡവര്‍മ്മയും പരമേശ്വരന്‍ പിള്ളയും കൂടി ഇതു സംസാരിക്കുന്നതു്.

– ടപിഉ് ഉനോ?
– ലൂള്ളിഅ അഞം.
– തസ്നറ്റാധതുഷപ്പു് കിപ്ഴ ഭൃപിശിസ് കാക്ഷ് കശട്ടപു് കെമ്പിറ്റു്?

എന്നു വെച്ചാല്‍,

– ചതിക്കുമോ?
– സൂക്ഷിക്കണം.
– പത്മനാഭപുരത്തു് ഇത്ര ധൃതിയില്‍ ആള്‍ അയച്ചതു് എന്തിനു്? (ത്മ എന്നതു് ല്മ എന്നാണു് ഉച്ചരിച്ചതു്)

ഇനി നമുക്കു മൂലഭദ്രയില്‍ സംസാരിക്കാം. ഇതിനെ ആദ്യം ആരു മനസ്സിലാക്കും എന്നു നോക്കട്ടേ. ആദ്യം കിട്ടുന്നവര്‍ കമന്റായി ഇടുക.

കീ സേഗറ്റപ്പിറ്റെ കേപു ആന്നഖഴിശിസിചഞനെമ്മു ലന്യശനാശിഷുമ്മു. ധാഷപീശഖഞിപപ്പിസ്പ്പറ്റെ കിചാന്. കെമ്പാശാലുന് ഖൂഝസേഗറ്റയാപ്ഴപ്പിറ്റു ഏഷക്ഷപ്പിറ്റ്നെ ലന്ഢാഹറ്റശസ്സേ!

കാ എഹിറ്റ് കിപു ഹസ്സപുന് കഞ്ചാസ് തഷസ്ത്തേഷിറ്റെറുപിശതോസെ കിപിറ്റുന് കെറുതുന് കൊഷു ത്ഴോഖ്‌ഷാന്. കെറ്റ്നന്നേ!


കുറിപ്പുകള്‍:

  1. ഇതു ഞാന്‍ വായിച്ചതു് ഈ. വി. കൃഷ്ണപിള്ളയുടെ ജീവിതസ്മരണകള്‍ എന്ന ആത്മകഥയിലാണു്. അതില്‍ രാമഡായി എന്ന കൂടുതല്‍ സങ്കീര്‍ണ്ണമായ ഭാഷയെപ്പറ്റിയും പറയുന്നുണ്ടു്. “അസ്പാ കദാ ഗഡാ ജസ്താ…” എന്നു പോകുന്നു അതിന്റെ ലക്ഷണം. അ-പ, ക-ദ, ഗ-ഡ, ജ-ത എന്നു് നല്ല കോമ്പ്ലിക്കേറ്റഡ് ആയിത്തന്നെ. കൂടുതല്‍ എന്‍ക്രിപ്ഷന്‍ വേണ്ടവര്‍ക്കു് അതു് ഉപയോഗിക്കാം.
  2. ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ മൂലഭദ്രയെപ്പറ്റി പറയുമ്പോള്‍ അല്പം കൂടി സങ്കീര്‍ണ്ണമാണു ലക്ഷണം. അതു് ആരെങ്കിലും ഉപയോഗിച്ചതായി കണ്ടിട്ടില്ല.