സുഭാഷിതം

അഹോ രൂപമഹോ സ്വരം!

അങ്ങോട്ടുമിങ്ങോട്ടും പ്രശംസിക്കുന്ന വിഡ്ഢികളെ പരിഹസിക്കുന്ന ഒരു ശ്ലോകം:

ഉഷ്ട്രാണാം ച വിവാഹേഷു
ഗീതം ഗായന്തി ഗര്‍ദ്ദഭാഃ
പരസ്പരം പ്രശംസന്തേ
അഹോ രൂപ, മഹോ സ്വരം!

അര്‍ത്ഥം:

ഉഷ്ട്രാണാം വിവാഹേഷു : ഒട്ടകങ്ങളുടെ കല്യാണത്തിനു്
ഗര്‍ദ്ദഭാഃ ഗീതം ഗായന്തി : കഴുതകള്‍ പാട്ടു പാടുന്നു
പരസ്പരം പ്രശംസന്തേ : (അവര്‍ എന്നിട്ടു്) പരസ്പരം പ്രശംസിക്കുന്നു:
“അഹോ രൂപം!” : “എന്തൊരു രൂപം! (എന്തൊരു സൌന്ദര്യം!)”
“അഹോ സ്വരം!” : “എന്തൊരു സ്വരം!”

അങ്ങോട്ടുമിങ്ങോട്ടും ആരെങ്കിലും പ്രശംസിക്കുന്നതു കാണുമ്പോള്‍ കാച്ചാല്‍ കൊള്ളാം: “അഹോ രൂപം, അഹോ സ്വരം!”

(കേള്‍ക്കുന്നവര്‍ക്കു മനസ്സിലായില്ലെങ്കില്‍ ഇതു ചൊല്ലിക്കൊള്ളൂ :-))

ഇനി വിശാലനെ അരവിന്ദനും അരവിന്ദനെ വിശാലനും പൊക്കുന്നതു കേള്‍ക്കുമ്പോള്‍ വേണം എനിക്കിതു കാച്ചാന്‍…

സുഭാഷിതം

Comments (22)

Permalink

അരസികേഷു കവിത്വനിവേദനം…

കാളിദാസന്റേതു് എന്നു പറയപ്പെടുന്ന ഒരു ശ്ലോകം:

ഇതരദോഷഫലാനി യഥേച്ഛയാ
വിതര, താനി സഹേ ചതുരാനന!
അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!

അര്‍ത്ഥം:

യഥാ ഇച്ഛയാ ഇതരദോഷഫലാനി വിതര : ഇഷ്ടം പോലെ മറ്റു ദോഷഫലങ്ങളൊക്കെ എനിക്കു തന്നുകൊള്ളൂ
താനി സഹേ : അവയെ ഞാന്‍ സഹിച്ചുകൊള്ളാം
ചതുരാനന : അല്ലയോ ബ്രഹ്മാവേ
അരസികേഷു കവിത്വനിവേദനം : അരസികന്മാരെ കവിത ചൊല്ലിക്കേള്‍പ്പിക്കുന്ന ജോലി
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ : (എന്റെ) തലയില്‍ എഴുതല്ലേ, എഴുതല്ലേ, എഴുതല്ലേ!

എല്ലാക്കാലത്തും പ്രസക്തമായ ഒരു വിലാപം!

ഈ ശ്ലോകം ചെറുപ്പത്തിലേ കേട്ടിട്ടുണ്ടായിരുന്നു. ആരുടേതെന്നു് അറിയില്ലായിരുന്നു. “ശങ്കരാഭരണം” എന്ന സിനിമയില്‍, അബദ്ധം പറഞ്ഞുവെന്നു പറഞ്ഞു് മകളെ പെണ്ണുകാണാന്‍ വന്നവനോടു ദേഷ്യപ്പെട്ടു് ഓടിച്ചു വിട്ടപ്പോള്‍ ശങ്കരശാസ്ത്രികളോടു കൂട്ടുകാരന്‍ പറയുന്നുണ്ടു്: “അരസികന്മാരെ കവിത പഠിപ്പിക്കുന്ന വിധി എന്റെ തലയില്‍ എഴുതല്ലേ, എഴുതല്ലേ എന്നു പറഞ്ഞെടാ കാളിദാസന്‍…”. അപ്പോഴാണു മൂപ്പരാണു് ഇതിന്റെയും കര്‍ത്താവെന്നു മനസ്സിലായതു്. വേറേ തെളിവൊന്നുമില്ല.

വിക്രമാദിത്യസദസ്സിലും അരസികന്മാര്‍ ഉണ്ടായിരുന്നിരിക്കണം!

സുഭാഷിതം

Comments (5)

Permalink

ഉത്തമഭാര്യ (വീണ്ടും)

ഉത്തമഭാര്യയെ നിര്‍വ്വചിച്ച കാര്യേഷു മന്ത്രീ… എന്ന ശ്ലോകത്തിനു ലഭിച്ച കമന്റുകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു്, ഈ വിഷയത്തില്‍ കാളിദാസനു പറയാനുള്ളതെന്താണെന്നു നോക്കാം.

സന്ദര്‍ഭം: “ദാ ഇപ്പോ വന്നേക്കാം…” എന്നു പറഞ്ഞു സ്ഥലം വിട്ട ദുഷ്യന്തനെ നോക്കിയിരുന്നു നോക്കിയിരുന്നു മടുത്ത, ഗര്‍ഭിണിയായ ശകുന്തളയെ രണ്ടു മുനികുമാരന്മാരുടെയും ഒരു താപസിയുടെയും കൂടെ ദുഷ്യന്തന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ കണ്വന്‍ ഒരുങ്ങുന്നു. ആ സമയത്തു്, ഭര്‍ത്തൃഗൃഹത്തില്‍ ചെന്നാല്‍ എങ്ങനെ പെരുമാറണമെന്നു് ഉപദേശിക്കുന്ന ശ്ലോകമാണിതു്:

ശുശ്രൂഷസ്വ ഗുരൂന്‍, കുരു പ്രിയസഖീവൃത്തിം സപത്നീജനേ
ഭര്‍ത്തുര്‍വിപ്രകൃതാപി രോഷണതയാ മാ സ്മ പ്രതീപം ഗമഃ
ഭൂയിഷ്ഠം ഭവ ദക്ഷിണാ പരിജനേ, ഭാഗ്യേഷ്വനുത്സേകിനീ,
യാന്ത്യേവം ഗൃഹിണീപദം യുവതയോ, വാമാ കുലസ്യാധയഃ

  • ഗുരൂന്‍ ശുശ്രൂഷസ്വ : ഗുരുക്കളെ (പ്രായമായവരെ) ശുശ്രൂഷിക്കുക
  • സപത്നീജനേ പ്രിയസഖീവൃത്തിം കുരു : സപത്നികളോടു കൂട്ടുകാരിയെപ്പോലെ പെരുമാറുക
  • ഭര്‍ത്തുഃ വിപ്രകൃതാ അപി രോഷണതയാ മാ പ്രതീപം ഗമ സ്മ : ഭര്‍ത്താവു് ഇഷ്ടക്കേടു കാണിച്ചാലും ദേഷ്യം കൊണ്ടു് അയാള്‍ക്കെതിരായി ഒന്നും ചെയ്യരുതു്
  • പരിജനേ ഭൂയിഷ്ഠം ദക്ഷിണാ ഭവ : വേലക്കാരോടു് കരുണയുള്ളവളായിരിക്കുക
  • ഭാഗ്യേഷു അനുത്സേകിനീ (ഭവ) : ഭാഗ്യങ്ങളില്‍ അഹങ്കരിക്കാതിരിക്കുക
  • ഏവം യുവതയഃ ഗൃഹിണീപദം യാന്തി : ഇങ്ങനെ യുവതികള്‍ വീട്ടമ്മമാരാകുന്നു
  • വാമാഃ കുലസ്യ ആധയഃ : അല്ലാത്തവര്‍ വംശത്തിന്റെ ആധികളാണു്.

ആ “സപത്നികളോടു്” എന്നതിനെ “ഭര്‍ത്താവിന്റെ കൂട്ടുകാരികളോടും സഹപ്രവര്‍ത്തകകളോടും” എന്നു മാറ്റിയാല്‍ ഇക്കാലത്തും ഈ ശ്ലോകം പ്രസക്തമാണെന്നു തോന്നുന്നു. “ഭര്‍ത്താവു് ഇഷ്ടക്കേടു കാണിച്ചാലും ദേഷ്യം കൊണ്ടു് അയാള്‍ക്കെതിരായി ഒന്നും ചെയ്യരുതു്” എന്നതു് ഇപ്പോള്‍ എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയുമോ എന്നു സംശയമാണു്. എങ്കിലും അങ്ങനെയാണല്ലോ ഇപ്പോഴും മിക്ക അച്ഛനമ്മമാരും പറയുന്നതു്.

ഇന്റര്‍നെറ്റിലെ അക്ഷരശ്ലോകസദസ്സില്‍ ഇതിന്റെ മൂന്നു പരിഭാഷകള്‍ ചൊല്ലിയിരുന്നു. താഴെ വായിക്കാം:

വരട്ടേ, ഇതിനും പാരഡികളും ഭര്‍ത്തൃലക്ഷണങ്ങളും മറ്റും….

സുഭാഷിതം

Comments (3)

Permalink

സ്ത്രീണാം ച ചിത്തം…

“സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം” എന്നു കേള്‍ക്കാത്തവര്‍ കുറവായിരിക്കും. “സ്ത്രീയുടെ മനസ്സാണു പുരുഷന്റെ ഭാഗ്യം” എന്ന അര്‍ത്ഥത്തിലാണു് ഇതു പലപ്പോഴും ഉപയോഗിച്ചു കണ്ടിട്ടുള്ളതു്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ അര്‍ത്ഥത്തിലല്ല അതു് എഴുതപ്പെട്ടതു്. ശ്ലോകം ഇതാണു്:


അശ്വപ്ലവഞ്ചാംബുദഗര്‍ജ്ജിതം ച
സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം
അവര്‍ഷണം ചാപ്യതിവര്‍ഷണം ച
ദേവോ ന ജാനാതി കുതോ മനുഷ്യഃ

(അശ്വ-പ്ലവം ച അംബുദ-ഗര്‍ജ്ജനം ച സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം അവര്‍ഷണം ച അപി അതി-വര്‍ഷണം ച ദേവഃ ന ജാനാതി കുതഃ മനുഷ്യഃ)

ദൈവത്തിനു പോലും അറിയാത്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ് തരുന്ന ശ്ലോകമാണിതു്. താഴെപ്പറയുന്നവയാണവ:

  • അശ്വപ്ലവം : കുതിര എപ്പോള്‍ ഓടുമെന്നതു്.
  • അംബുദഗര്‍ജ്ജനം : എപ്പോള്‍ ഇടി മുഴങ്ങുമെന്നതു്.
  • സ്ത്രീണാം ചിത്തം : സ്ത്രീകളുടെ മനസ്സു്.
  • പുരുഷസ്യ ഭാഗ്യം : പുരുഷന്റെ ഭാഗ്യം
  • അവര്‍ഷണം : മഴ പെയ്യാതിരിക്കുന്നതു്. (അതായതു്, എപ്പോള്‍ വരള്‍ച്ച ഉണ്ടാവുമെന്നു്)
  • അതിവര്‍ഷണം :എപ്പോള്‍ അമിതമായ മഴ ഉണ്ടാവുമെന്നു്.

ഇത്രയും കാര്യം ദൈവത്തിനു പോലും അറിയില്ല (ദേവോ ന ജാനാതി), പിന്നെ മനുഷ്യന്റെ കാര്യം പറയേണ്ടതില്ലല്ലോ (മനുഷ്യഃ കുതഃ) എന്നു വക്കാരിയുടെ അര്‍ത്ഥാപത്തിയതോ പിന്നെച്ചൊല്ലാനില്ലെന്ന യുക്തിയാം.

“ദേവനു പോലും അറിയില്ല” എന്നു പറഞ്ഞെങ്കിലും സ്ത്രീകളുടെ മനസ്സു് ദേവരാഗത്തിനറിയാമെന്നാണു മൂപ്പര്‍ അവകാശപ്പെടുന്നതു്. കുട്ട്യേടത്തിക്കും അറിയാമത്രേ. ഇടി മുഴക്കം, മഴ പെയ്യല്‍, പെയ്യാതിരിക്കല്‍ ഇവയൊക്കെ ഇപ്പോള്‍ കാലാവസ്ഥാനിരീക്ഷകര്‍ ഒട്ടുക്കു കൃത്യമായിത്തന്നെ പറയുന്നുണ്ടു്. (സിയാറ്റലിലുള്ളവര്‍ക്കു് എപ്പോള്‍ മഴ പെയ്യുമെന്നും സൌദി അറേബ്യയിലുള്ളവര്‍ക്കു് എപ്പോള്‍ പെയ്യില്ല എന്നും കൃത്യമായി അറിയാം.) പുരുഷന്റെ ഭാഗ്യം കൈനോട്ടക്കാരന്‍ പറഞ്ഞുതരും. കുതിരയുടെ കാര്യം മാത്രം എനിക്കു വലിയ പിടിയില്ല.

സുഭാഷിതം

Comments (16)

Permalink

ഉത്തമഭാര്യ

ഉത്തമഭാര്യയുടെ ലക്ഷണം. ഒരു പഴയ സംസ്കൃതശ്ലോകം:


കാര്യേഷു മന്ത്രീ കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷട്‌കര്‍മ്മനാരീ കുലധര്‍മ്മപത്നീ

ആറു വിധത്തിലുള്ള സ്ത്രീ (ഷട്‌കര്‍മ്മനാരീ) ആണു കുലത്തിലെ ധര്‍മ്മപത്നി എന്നാണു പറയുന്നതു്‌. ഈ ആറു കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം:

  • കാര്യേഷു മന്ത്രീ: കാര്യങ്ങളില്‍ മന്ത്രിയെപ്പോലെയായിരിക്കണം. കാര്യങ്ങളെപ്പറ്റി വേണ്ടതുപോലെ ആലോചിച്ചു്‌ രാജാവിനു നല്ല ഉപദേശം കൊടുക്കുന്ന പഴയ കാലത്തെ മന്ത്രി.
  • കരണേഷു ദാസീ: പ്രവൃത്തികളില്‍ ദാസിയെപ്പോലെ. വേണ്ട കാര്യങ്ങള്‍ അറിഞ്ഞും കണ്ടും ചെയ്യുന്ന കഠിനാദ്ധ്വാനിയായ ദാസി.
  • രൂപേഷു ലക്ഷ്മീ: രൂപം ലക്ഷ്മീദേവിയെപ്പോലെയായിരിക്കണം. ഐശ്വര്യമുണ്ടായിരിക്കണം എന്നര്‍ത്ഥം.
  • ക്ഷമയാ ധരിത്രീ: ഭൂമിയെപ്പോലെ ക്ഷമയുണ്ടായിരിക്കണം. ചവിട്ടും തുപ്പുമൊക്കെ ഏറ്റിട്ടും എല്ലാവരെയും താങ്ങുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്ന ഭൂമി.
  • സ്നേഹേഷു മാതാ: സ്നേഹത്തില്‍ അമ്മയെപ്പോലെയാവണം. നിസ്വാര്‍ത്ഥമായ സ്നേഹം.
  • ശയനേഷു വേശ്യാ: കിടപ്പറയില്‍ വേശ്യയെപ്പോലെയാവണം. കാമകലകളില്‍ നിഷ്ണാതയായ, പുരുഷനെ
    സുഖിപ്പിക്കുക എന്ന കാര്യത്തില്‍ ഏകാഗ്രതയോടെ ശ്രദ്ധ ചെലുത്തുന്ന, പഴയ കാലത്തെ വേശ്യ.

“പൂമുഖവാതിലില്‍ സ്നേഹം വിടര്‍ത്തുന്ന…” എന്ന സിനിമാഗാനത്തിലെ

കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ

എന്ന ഭാഗം എവിടെ നിന്നു കിട്ടി എന്നു്‌ ഇപ്പോള്‍ മനസ്സിലായല്ലോ.

ഇപ്പോഴത്തെ ഭൂരിഭാഗം ഭാര്യമാര്‍ക്കും ഈ ലക്ഷണം ബാധകമാണു്‌ എന്നു പറയാം. നോക്കുക:

  • കാര്യേഷു മന്ത്രീ: കാര്യങ്ങളില്‍ മന്ത്രിയെപ്പോലെ. കാര്യം കാണാന്‍ ചിരിച്ചും തൊഴുതും കാണിക്കുകയും, പിന്നെ അടുത്ത കാര്യം വരെയും കണ്ട ഭാവം നടിക്കാതിരിക്കുകയും ചെയ്യുന്ന, ഖജനാവു കാലിയാക്കാന്‍ വിരുതേറിയ, ഇന്നത്തെ മന്ത്രി.
  • കരണേഷു ദാസീ: പ്രവൃത്തികളില്‍ ദാസിയെപ്പോലെ. എന്തു ചെയ്താലും പ്രതിഫലം ചോദിക്കും. ഓണത്തിനും വിഷുവിനും വാലന്റൈന്‍ ഡേയ്ക്കുമൊക്കെ സമ്മാനങ്ങളും വേണം.
  • രൂപേഷു ലക്ഷ്മീ: രൂപത്തില്‍ ലക്ഷ്മി. ഏതു ലക്ഷ്മി എന്നു ചോദിച്ചാല്‍ മതി. മീന്‍കാരി കുഞ്ഞുലക്ഷ്മിയോ, നൊസ്സിളകിയ ലക്ഷ്മിക്കുട്ടിയമ്മയോ…
  • ക്ഷമയാ ധരിത്രീ: ഭൂമിയെപ്പോലെ ക്ഷമ. അതേ, സുനാമിയും ഭൂകമ്പവും അഗ്നിപര്‍വ്വതവും കത്രീനയും റീത്തയുമൊക്കെ തരുന്ന ഭൂമി തന്നെ.
  • സ്നേഹേഷു മാതാ: അമ്മയെപ്പോലെ സ്നേഹം. അമ്മയെപ്പോലെ. അമ്മയെപ്പോലെയും.
  • ശയനേഷു വേശ്യാ: കിടപ്പറയില്‍ വേശ്യയെപ്പോലെ. “വേഗം കാര്യം കഴിച്ചിട്ടു്‌ എഴുനേറ്റു പോഡേ…” എന്ന മട്ടു്‌.

സ്ത്രീവായനക്കാര്‍ തല്ലാന്‍ വരല്ലേ… തമാശയാണേ…

സുഭാഷിതം

Comments (61)

Permalink

വിദ്യാര്‍ത്ഥിലക്ഷണം

ഉത്തമവിദ്യാര്‍ത്ഥിയുടെ ലക്ഷണം പണ്ടൊരു സംസ്കൃതകവി പറഞ്ഞതു്.


കാകദൃഷ്ടിര്‍, ബകധ്യാനം,
ശ്വാനനിദ്രാ തഥൈവ ച
അല്പാഹാരം, ജീര്‍ണ്ണവസ്ത്രം
ഏതദ് വിദ്യാര്‍ത്ഥിലക്ഷണം

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട ലക്ഷണങ്ങളാണു പറയുന്നതു്:

  • കാകദൃഷ്ടി : കാക്കയുടെ കണ്ണു്. ആകാശത്തുകൂടി പറക്കുമ്പോഴും താഴെയുള്ള ചെറിയ വസ്തുക്കള്‍ പോലും കണ്ടുപിടിക്കുന്ന കണ്ണു്. വിദ്യാര്‍ത്ഥിക്കു് ഈ സൂക്ഷ്മദൃഷ്ടി ഉണ്ടായിരിക്കണം.
  • ബകധ്യാനം: കൊക്കിന്റെ ധ്യാനം. മീന്‍ പിടിക്കാന്‍ നില്‍ക്കുന്ന കൊക്കിനെ കണ്ടിട്ടില്ലേ? അനങ്ങാതെ നില്‍ക്കും. എവിടെയെങ്കിലും ഒരു മീന്‍ അനങ്ങിയാല്‍… ഒറ്റക്കൊത്തു്. ഒരിക്കലും പിഴയ്ക്കാത്ത കൊത്തു്. പഠനത്തില്‍ വിദ്യാര്‍ത്ഥിക്കും ഈ ഏകാഗ്രത വേണം.
  • ശ്വാനനിദ്ര: പട്ടിയുടെ ഉറക്കം. ഒരു ചെറിയ ശബ്ദം കേട്ടാലും ഉണരുന്ന പട്ടി. വിദ്യാര്‍ത്ഥി പോത്തുപോലെ കിടന്നുറങ്ങരുതു് എന്നര്‍ത്ഥം.
  • അല്പാഹാരം: പാതി വയറേ വിദ്യാര്‍ത്ഥി കഴിക്കാവൂ. നിറഞ്ഞ വയറില്‍ പഠിക്കാനാവില്ല.
  • ജീര്‍ണ്ണവസ്ത്രം: ആഡംബരവസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥിക്കു പാടില്ല. താന്‍ തന്നെ നനച്ചു വൃത്തിയാക്കിയ, പഴയ വസ്ത്രം ധരിക്കണം.

ഈ നിര്‍വ്വചനം ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്കു ശരിയാവും എന്നു തോന്നുന്നു:

  • കാകദൃഷ്ടി: ക്ലാസ്സില്‍ കേട്ടെഴുത്തു്, കണക്കു ചെയ്യല്‍ തുടങ്ങിയവ നടക്കുമ്പോഴും, പരീക്ഷാസമയത്തുമാണു് ഈ സ്വഭാവം വെളിവാകുക. ഒരേ സമയത്തു രണ്ടു വശത്തും നോക്കി കോപ്പിയടിക്കുന്ന കാകദൃഷ്ടി.
  • ബകധ്യാനം: ഇതു ക്ലാസ്സില്‍ എപ്പോഴുമുണ്ടു്. മുഖത്തേക്കൊന്നു നോക്കുക. കൊക്കു വയലില്‍ ഇരിക്കുന്നതുപോലെയല്ലേ ക്ലാസ്സിലെ ഇരിപ്പു്?
  • ശ്വാനനിദ്ര: പിന്‍‌ബെഞ്ചിലാണു് ഇതു സാധാരണയായി കാണുന്നതു്. ചിലര്‍ ഇരുന്ന ഇരുപ്പില്‍ കണ്ണു തുറന്നു് ഉറങ്ങും. ചിലര്‍ ഡെസ്കില്‍ തല ചായ്ച്ചുവെച്ചു് പട്ടി ഉറങ്ങുന്നതുപോലെ ഉറങ്ങും.
  • അല്പാഹാരം: ക്ലാസ്സില്‍ ഇതുമുണ്ടു്. മിഠായി, കടലയ്ക്ക തുടങ്ങി മുറുക്കാനും കഞ്ചാവും വരെ.
  • ജീര്‍ണ്ണവസ്ത്രം: ഇതു ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കാണു കൂടുതല്‍ കാണുക. ജീര്‍ണ്ണവസ്ത്രം തന്നെ. മൂക്കു പൊത്താതെ പലപ്പോഴും ഇവര്‍ക്കടുത്തു നില്‍ക്കാനാവില്ല


    ചെറുപ്പകാലത്തിലുടുത്ത കോണോം
    നനയ്ക്കുമോ മാനുഷനുള്ള കാലം

    എന്നാണല്ലോ അവരുടെ മുദ്രാവാക്യം തന്നെ..

പഴയ സംസ്കൃതകവിയുടെ ആത്മാവു് ഇവരെക്കണ്ടു് അഭിമാനപുളകിതമാകുന്നുണ്ടാവും.

സുഭാഷിതം

Comments (11)

Permalink

സുഭാഷിതം

ഒരു പുതിയ ബ്ലോഗ് – സുഭാഷിതം.

ബ്ലോഗറിലാണെങ്കില്‍ പുതിയ ബ്ലോഗ്. വേര്‍ഡ്‌പ്രെസ്സിലായതു കൊണ്ടു് പുതിയ ഒരു വിഭാഗം.

സംസ്കൃതത്തിലും മലയാളത്തിലുമുള്ള, മുത്തുമണികള്‍ പോലെ മനോഹരങ്ങളായ, ചെറിയ ശ്ലോകങ്ങള്‍ ഉദ്ധരിച്ചു്, അവയുടെ അര്‍ത്ഥം വിശദീകരിച്ചു്, ഇന്നത്തെ ലോകത്തില്‍ അതിന്റെ പ്രസക്തി ചര്‍ച്ച ചെയ്തു്, പറ്റുമെങ്കില്‍ അല്പം നര്‍മ്മം ചാലിച്ചു്, അവതരിപ്പിക്കാനാണു പരിപാടി.

അഭിപ്രായങ്ങളും സംവാദങ്ങളും പ്രതീക്ഷിക്കുന്നു.

ആദ്യത്തേതു് ഇവിടെ.

സുഭാഷിതം

Comments (2)

Permalink