June 2006

വസന്തതിലകം

“ശ്രീവേങ്കടാചലപതേ, തവ സുപ്രഭാതം…”

എം. എസ്. സുബ്ബലക്ഷ്മി പാടിയ വേങ്കടേശ്വരസുപ്രഭാതം ഒരിക്കലെങ്കിലും കേള്‍ക്കാത്തവര്‍ കുറവായിരിക്കും. അതിലെ മിക്ക ശ്ലോകങ്ങളുടെയും വൃത്തമാണു് വസന്തതിലകം.

വളരെ പ്രചാരത്തിലുള്ള ഒരു വൃത്തമാണിതു്. മഹാകാവ്യങ്ങള്‍ മിക്കതിലും ഒരു സര്‍ഗ്ഗം ഈ വൃത്തത്തിലാണു്. മലയാളത്തില്‍, കുമാരനാശാന്റെ വീണ പൂവു്, വി. സി. ബാലകൃഷ്ണപ്പണിക്കരുടെ വിശ്വരൂപം തുടങ്ങി പല ഖണ്ഡകാവ്യങ്ങളുടെയും വൃത്തം ഇതാണു്. അക്ഷരശ്ലോകസദസ്സുകളില്‍ ശാര്‍ദ്ദൂലവിക്രീഡിതവും സ്രഗ്ദ്ധരയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വൃത്തവും ഇതു തന്നെ.

വസന്തതിലകത്തില്‍ ഗുരുക്കളും (-) ലഘുക്കളും (v) ഇങ്ങനെ ഒരു വരിയില്‍ വരും:

– – v – v v v – v v – v – – (ത ഭ ജ ജ ഗ ഗ)

വൃത്തമഞ്ജരിയിലെ ലക്ഷണം താഴെച്ചേര്‍ക്കുന്നു.

ചൊല്ലാം വസന്തതിലകം തഭജം ജഗംഗം
download MP3

സംസ്കൃതവൃത്തങ്ങളുടെ ലക്ഷണങ്ങള്‍ ഉദാഹരണങ്ങള്‍ കൂടിയാണു്. ലക്ഷണം അതാതു വൃത്തത്തില്‍ത്തന്നെയായിരിക്കും എന്നര്‍ത്ഥം. ഇവിടെ, മുകളില്‍ക്കൊടുത്തിരിക്കുന്ന ലക്ഷണം വസന്തതിലകവൃത്തത്തിന്റെ ഒരു വരി തന്നെയാണു്.

വസന്തതിലകം ഇങ്ങനെ ചൊല്ലാം:

താരാര താരതര താരര താരതാരാ
download MP3

ഉദാഹരണമായി,

വാരാശി, തന്നൊടുവിലെശ്ശിശു കേരളത്തെ
(ഉള്ളൂര്‍ – ഉമാകേരളം)
download MP3

അല്ലെങ്കില്‍ ഇങ്ങനെയും ചൊല്ലാം:

താരാ തരാരതരരാ തര താ‍രതാരാ
download MP3

ഉദാഹരണം:

കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍, നാവിളക്കി
(ഉള്ളൂര്‍ – ഉമാകേരളം)
download MP3

വേങ്കടേശ്വരസുപ്രഭാതത്തിന്റെ വൃത്തം വസന്തതിലകമാണെന്നു പറഞ്ഞല്ലോ. ഒരു ശ്ലോകം:

മാതഃ സമസ്തജഗതാം മധുകൈടഭാരേര്‍-
വക്ഷോവിഹാരിണി മനോഹരദിവ്യരൂപേ
ശ്രീസ്വാമിനി ശ്രിതജനപ്രിയദാനശീലേ
ശ്രീവേങ്കടേശദയിതേ തവ സുപ്രഭാതം!
download MP3

യതി ആവശ്യമില്ലാത്തതു കൊണ്ടു്, ഒഴുക്കുള്ള ചെറിയ ശ്ലോകങ്ങള്‍ വാര്‍ക്കാന്‍ വസന്തതിലകത്തിനുള്ള കഴിവു് അന്യാദൃശമാണു്. ശയ്യാഗുണം തുളുമ്പുന്ന, ഒറ്റയടിക്കു ചൊല്ലേണ്ട

ഹാ! ജന്യസീമ്‌നി പല യോധഗണത്തെയൊറ്റയ്‌–
ക്കോജസ്സു കൊണ്ടു വിമഥിച്ച യുവാവു തന്നെ
വ്യാജപ്പയറ്റില്‍ വിജയിച്ചരുളുന്ന ദൈത്യ–
രാജന്നെഴും സചിവപുംഗവ, മംഗളം തേ!

(വള്ളത്തോള്‍ – ബന്ധനസ്ഥനായ അനിരുദ്ധന്‍)
download MP3

തൊട്ടു്, ആശയങ്ങള്‍ വരികളുടെ ഇടയ്ക്കുവെച്ചു മുറിയുന്ന

കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍, നാവിളക്കി–
ക്കൊണ്ടാല്‍ സരസ്വതി, കൃപാണിയെടുത്തു നിന്നാല്‍
വണ്ടാറണിക്കുഴലി ദുര്‍ഗ്ഗ, യിവണ്ണമാരും
കൊണ്ടാടുമാറു പല മട്ടു ലസിച്ചിരുന്നു.

(ഉള്ളൂര്‍ – ഉമാകേരളം)
download MP3

വരെ ഏതു രീതിയിലുള്ള ശ്ലോകത്തിനും ഇതു് അനുയോജ്യമാണു്. ശൃംഗാരം തൊട്ടു ശാന്തം വരെ എല്ലാ രസങ്ങളും വസന്തതിലകത്തില്‍ ശോഭിക്കും.

മലയാളത്തില്‍, ദ്വിതീയാക്ഷരപ്രാസം ഈ വൃത്തത്തിലുള്ള ശ്ലോകങ്ങള്‍ക്കു് ഒരു പ്രത്യേകഭംഗി നല്‍കും. മുകളിലുദ്ധരിച്ച മലയാളശ്ലോകങ്ങള്‍ ഉദാഹരണം. തൃതീയാക്ഷരപ്രാസവും വളരെ ഭംഗിയാണു്. രണ്ടുമുള്ള ഒരു ശ്ലോകം ഇതാ:

കുട്ടിക്കുരംഗമിഴിയാമുമതന്റെ ചട്ട
പൊട്ടിക്കുരുത്തിളകുമക്കുളുര്‍കൊങ്ക രണ്ടും
മുട്ടിക്കുടിക്കുമൊരു കുംഭിമുഖത്തൊടൊത്ത
കുട്ടിയ്ക്കു ഞാന്‍ കുതുകമോടിത കൈതൊഴുന്നേന്‍!

(വെണ്മണി മഹന്‍ നമ്പൂതിരി)
download MP3


ഇപ്പോള്‍ ശ്ലോകം കേട്ടാല്‍ വസന്തതിലകത്തിനെ തിരിച്ചറിയാന്‍ പറ്റുന്നില്ലേ?

ഛന്ദശ്ശാസ്ത്രം (Meters)
ശബ്ദം (Audio)

Comments (30)

Permalink

അനന്തശ്രേണികളുടെ സാധുത

ചില അനന്തശ്രേണികള്‍ എന്ന ലേഖനത്തില്‍ ഭാരതീയഗണിതജ്ഞര്‍ പൈയുടെ മൂല്യം കണ്ടുപിടിക്കാന്‍ ഉണ്ടാക്കിയ ചില സമവാക്യങ്ങള്‍ കൊടുത്തിരുന്നു. അതില്‍ ആദ്യത്തെയൊഴികെയുള്ളവയുടെ തെളിവുകള്‍ എനിക്കറിയില്ല.

ഞാന്‍ അവയുടെ ആദ്യത്തെ ഒരു ലക്ഷം പദങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ചു് (സാധാരണ പ്രോഗ്രാമുകളില്‍ 14 സ്ഥാനങ്ങളില്‍ കൂടുതല്‍ കൃത്യത കിട്ടാത്തതുകൊണ്ടു് GMP, LiDIA എന്നീ ലൈബ്രറികളുപയോഗിച്ചു് ഒരു C++ പ്രോഗ്രാം എഴുതി 100 സ്ഥാനങ്ങളുടെ കൃത്യതയിലാണു് ഇവ കണ്ടുപിടിച്ചതു്) കണ്ടുപിടിച്ചതിന്റെ വിവരങ്ങള്‍ താഴെച്ചേര്‍ക്കുന്നു. പൈയുടെ മൂല്യത്തിന്റെ എത്ര ദശാംശസ്ഥാനങ്ങള്‍ വരെ ശരിയായി എന്ന വിവരമാണു് ഇതു്.

കര്‍ത്താവു്‍ സമവാക്യം n പദങ്ങള്‍ കണക്കുകൂട്ടിയാല്‍ ശരിയാകുന്ന ദശാംശസ്ഥാനങ്ങള്‍
n=10‍ n=100‍ n=1000 n=10000‍ n=100000‍
മാധവന്‍ 0 1 2 3 4
പുതുമന സോമയാജി 3 6 9 12 14
പുതുമന സോമയാജി 4 7 10 13 16
ശങ്കരന്‍‍ 5 15 15 15 15

(പ്രോഗ്രാമിന്റെ ഔട്ട്പുട്ട് ഇവിടെ കാണാം.)

ഇതില്‍ നിന്നു താഴെപ്പറയുന്ന കാര്യങ്ങള്‍ അനുമാനിക്കാം.

  1. നാലാമത്തേതു് ശ്രേണി പൈയുടെ മൂല്യം 15 ദശാംശസ്ഥാനം വരെ ശരിയായി നല്‍കുന്ന, പെട്ടെന്നു converge ചെയ്യുന്ന ഒരു ശ്രേണിയാണു്. അതു പൈയിലേക്കല്ല, അതിന്റെ ഒരു approximation-ലേക്കാണു converge ചെയ്യുന്നതു്. അതുകൊണ്ടു് അതു ശരിയല്ല.
  2. 1, 2, 3 എന്നിവ പൈയിലേക്കു തന്നെ converge ചെയ്യുമെന്നു തോന്നുന്നു. കൂടുതല്‍ പദങ്ങള്‍ കണക്കുകൂട്ടിയാല്‍ കൂടുതല്‍ കൃത്യത കിട്ടുന്നു.
  3. ഒന്നാമത്തേതു് തികച്ചും ഉപയോഗശൂന്യം. രണ്ടാമത്തേതും മൂന്നാമത്തേതും കൂടുതല്‍ നല്ലതു്.

ശ്രീനിവാസരാമാനുജന്‍ (1887-1920) പൈയുടെ മൂല്യം കണ്ടുപിടിക്കാന്‍ കുറേ ശ്രേണികള്‍ നല്‍കിയിട്ടുണ്ടു്. അതില്‍ ഏറ്റവും പ്രശസ്തമായതു് താഴെച്ചേര്‍ക്കുന്നു:

ഈ ശ്രേണി ഓരോ പദത്തിലും എട്ടു ദശാംശസ്ഥാനങ്ങള്‍ കൂടുതല്‍ ശരിയാക്കുമത്രേ. ഇതാണു് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള fastest converging series for pi.

J.M. Borwein, P.B. Borwein എന്നീ ഗണിതജ്ഞര്‍ ഈ സമവാക്യം ഉപയോഗിച്ചു് പൈയുടെ മൂല്യം ഒരു ബില്യണ്‍ ദശാംശസ്ഥാനങ്ങള്‍ വരെ കണ്ടുപിടിച്ചിട്ടുണ്ടു്. കൂടുതല്‍ വിവരങ്ങള്‍ക്കു് ഇവിടെ നോക്കുക.

ഈ സമവാക്യം സത്യം പറഞ്ഞാല്‍ രാമാനുജന്റേതല്ല. രാമാനുജന്‍ നല്‍കിയ ഒരു സമവാക്യത്തിന്റെ ഒരു വിശേഷരൂപ(special case)ത്തില്‍ ചില ഭേദഗതികള്‍ വരുത്തി ഉണ്ടാക്കിയതാണതു്. എങ്കിലും അതു് രാമാനുജന്റേതായി അറിയപ്പെടുന്നു.

ഭാരതീയഗണിതം (Indian Mathematics)

Comments (17)

Permalink

പുതിയ ബ്ലോഗ്/വിഭാഗം: ഛന്ദശ്ശാസ്ത്രം

ഒരു പുതിയ ബ്ലോഗ് വിഭാഗം കൂടി – ഛന്ദശ്ശാസ്ത്രം. പദ്യത്തെ വാര്‍ക്കുന്ന വൃത്തങ്ങളെപ്പറ്റി.

പെരിങ്ങോടന്‍ കുറെക്കാലമായി പറയുന്നതാണു്. കൂടാതെ മറ്റു പലരും ആവശ്യപ്പെട്ടിട്ടുണ്ടു്.

വൃത്തം ഗണിക്കുക തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ ഉദ്ദേശ്യമില്ല. ചില വൃത്തങ്ങളെ പരിചയപ്പെടുത്തുക, ഗണം തിരിക്കാതെ തന്നെ, ചൊല്ലി നോക്കി അവയെ തിരിച്ചറിയാന്‍ പരിശീലിപ്പിക്കുക, ആ വൃത്തം ഉപയോഗിച്ചിട്ടുള്ള പദ്യങ്ങളെപ്പറ്റി പ്രതിപാദിക്കുക, അതിനോടു ചേരുന്ന ഭാവങ്ങളും പ്രാസങ്ങളും ഉദാഹരണസഹിതം വിശദീകരിക്കുക തുടങ്ങിയവയാണു ലക്ഷ്യങ്ങള്‍. മലയാളത്തില്‍ വിശദീകരണങ്ങളും, ഇടയ്ക്കിടെ ഓഡിയോ ഫയലുകള്‍ ഉപയോഗിച്ചുള്ള ഉദാഹരണങ്ങളും ഉണ്ടാവും. (എന്റെ ശബ്ദം ഇനിയും സഹിക്കേണ്ടി വരും എന്നര്‍ത്ഥം :-()

എഴുതാനുള്ള ലേഖനങ്ങളും ഓഡിയോ ഫയലുകളും ഇതിനു വേണ്ടതുകൊണ്ടു് വളരെ കുറഞ്ഞ ആവൃത്തിയിലേ ഇവ ഉണ്ടാവൂ. (രണ്ടാഴ്ചയില്‍ ഒന്നോ മറ്റോ). Starting trouble മാറിക്കിട്ടാനാണു് ഈ പോസ്റ്റ്.

തുടക്കത്തില്‍ സംസ്കൃതവൃത്തങ്ങള്‍ മാത്രമാണു് ഉള്‍ക്കൊള്ളിക്കുന്നതു്. ഭാഷാവൃത്തങ്ങള്‍ കുറച്ചുകൂടി വലിയ വിഷയമാണു്. കൂടുതല്‍ വായനയും ആവശ്യമാണു്.

ഛന്ദശ്ശാസ്ത്രം (Meters)

Comments (4)

Permalink

പഞ്ചപിതാക്കളും പഞ്ചമാതാക്കളും

മാതാപിതാക്കളെപ്പോലെ കരുതേണ്ട ആളുകളെപ്പറ്റി പ്രറ്സ്താവിക്കുന്ന ശ്ലോകങ്ങള്‍:

ജനിതാ ചോപനേതാ ച
യസ്തു വിദ്യാം പ്രയച്ഛതി
അന്നദാതാ ഭയത്രാതാ
പഞ്ചൈതേ പിതരഃ സ്മൃതാഃ

അര്‍ത്ഥം:

ജനിതാ ച : ജനിപ്പിച്ചവനും
ഉപനേതാ ച : ഉപനയനം ചെയ്യിച്ചവനും
യഃ തു വിദ്യാം പ്രയച്ഛതി : വിദ്യ പകര്‍ന്നു തരുന്നവനും
അന്നദാതാ : ഭക്ഷണം തരുന്നവനും (തീറ്റിപ്പോറ്റുന്നവനും)
ഭയത്രാതാ : ഭയത്തില്‍ നിന്നു രക്ഷിക്കുന്നവനും
ഏതേ പഞ്ച : ഈ അഞ്ചു പേര്‍
പിതരഃ സ്മൃതാഃ : പിതാക്കന്മാരാണു്

ഗുരുപത്നീ രാജപത്നീ
ജ്യേഷ്ഠപത്നീ തഥൈവ ച
പത്നീമാതാ സ്വമാതാ ച
പഞ്ചൈതേ മാതരഃ സ്മൃതാഃ

അര്‍ത്ഥം:

ഗുരുപത്നീ : ഗുരുവിന്റെ ഭാര്യ
രാജപത്നീ : രാജാവിന്റെ ഭാര്യ
ജ്യേഷ്ഠപത്നീ : ജ്യേഷ്ഠന്റെ ഭാര്യ
തഥാ ഏവ ച : അതുപോലെ
പത്നീമാതാ : ഭാര്യയുടെ അമ്മ
സ്വമാതാ ച : സ്വന്തം മാതാവു്
ഏതേ പഞ്ച : ഈ അഞ്ചു പേര്‍
മാതരഃ സ്മൃതാഃ : മാതാക്കളായി കരുതപ്പെടേണ്ടവരാണു്.

ചില വ്യത്യാസങ്ങളോടെ ഇന്നത്തെ കാലത്തും ഇവ ഉപയോഗിക്കാം

  1. “ഉപനയനം ചെയ്യിച്ചവന്‍” എന്ന വിഭാഗത്തില്‍ എഴുത്തിനിരുത്തിയവന്‍, തലതൊട്ടപ്പന്‍, സ്കൂളില്‍ ചേര്‍ത്തവന്‍, ജോലി തന്നവന്‍ എന്നിവരെക്കൂടി ചേര്‍ക്കാം.
  2. “അന്നദാതാ” എന്ന വിഭാഗത്തില്‍ മേലുദ്യോഗസ്ഥനെക്കൂടി ചേര്‍ക്കാം.
  3. “ഭയത്രാതാ” എന്ന വിഭാഗത്തില്‍പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുഖ്യമന്ത്രി, പഞ്ചായത്തു പ്രസിഡണ്ടു്, പഞ്ചായത്തു മെമ്പര്‍, സ്ഥലം എസ്. ഐ. തുടങ്ങിയ പദവിയില്‍ ഇരിക്കുന്ന പുരുഷന്മാരെ ഉള്‍പ്പെടുത്താം.
  4. ഗുരുപത്നിയ്ക്കു് ഇപ്പോള്‍ വലിയ പ്രാധാന്യമില്ല. ആ സ്ഥാനത്തു് അദ്ധ്യാപികയെ ചേര്‍ക്കാം.
  5. രാജപത്നിയുടെ സ്ഥാനത്തു് പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുഖ്യമന്ത്രി, പഞ്ചായത്തു പ്രസിഡണ്ടു്, പഞ്ചായത്തു മെമ്പര്‍ തുടങ്ങിയ പദവിയില്‍ ഇരിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്താം.
  6. സ്ത്രീകള്‍ക്കു് പത്നീമാതാവിന്റെ സ്ഥാനത്തു ഭര്‍ത്താവിന്റെ അമ്മയെ ഉള്‍പ്പെടുത്താം.

സുഭാഷിതം

Comments (17)

Permalink

കുന്നിക്കുരു

വിവരമില്ലാത്തവന്റെ അഹങ്കാരം:

ഇന്ദ്രനീലേ ന രാഗോऽസ്തി
പദ്മരാഗേ ന നീലിമാ
ഉഭയം മയി ഭാതീതി
ഹന്ത ഗുഞ്ജാ വിജൃംഭതേ

അര്‍ത്ഥം:

ഇന്ദ്രനീലേ രാഗഃ ന അസ്തി : ഇന്ദ്രനീലത്തില്‍ ചുവപ്പില്ല
പദ്മരാഗേ നീലിമാ ന (അസ്തി) : പദ്മരാഗത്തില്‍ നീലയില്ല
ഉഭയം മയി ഭാതി ഇതി : ഇതു രണ്ടും എന്നിലുണ്ടു് എന്നു്
ഹന്ത, ഗുഞ്ജാ വിജൃംഭതേ : കുന്നിക്കുരു അഹങ്കരിക്കുന്നു.

നീലനിറമുള്ള ഇന്ദ്രനീലവും ചുവന്ന നിറമുള്ള പദ്മരാഗവും വിലയേറിയ രത്നങ്ങളാണു്. രണ്ടു നിറവുമുള്ള കുന്നിക്കുരുവാകട്ടേ, തീരെ വില കുറഞ്ഞതും.

എക്കാലത്തും പ്രസക്തമായ ഒരു ഉപാലംഭം. ഇത്തരം കുന്നിക്കുരുക്കളെ രാഷ്ട്രീയത്തിലും സാഹിത്യചര്‍ച്ചകളിലും ധാരാളം കാണാം.

സുഭാഷിതം

Comments (7)

Permalink

ഗുരുകുലസൂചിക

ഗുരുകുലം ബ്ലോഗിലെ എല്ലാ പോസ്റ്റുകളുടെയും ഒരു സൂചിക ഇപ്പോള്‍ ലഭ്യമാണു്. ഓരോ വിഭാഗത്തിലെയും പോസ്റ്റുകള്‍ പ്രത്യേകമായി കാണാം. ഏതെങ്കിലും ഒരു പോസ്റ്റു കണ്ടുപിടിക്കാനോ, ഒരു പ്രത്യേക വിഭാഗത്തിലെ പോസ്റ്റുകള്‍ ഒന്നിച്ചു വായിക്കാനോ ഇതു് ഉപയോഗിക്കാം.

ഇടത്തുവശത്തുള്ള സൈഡ്‌ബാറിലെ Posts – categorywise എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക. അല്ലെങ്കില്‍ ഇവിടെ ക്ലിക്കുചെയ്യുക.

വേര്‍ഡ്‌പ്രെസ്സില്‍ പോസ്റ്റുകള്‍ കൂടാതെ വെബ്‌പേജുകളും സാദ്ധ്യമാണു്. ഈ പേജുകള്‍ക്കു് പോസ്റ്റുകളുടെ ഡാറ്റാബേസില്‍ നിന്നു് വിവരങ്ങള്‍ കിട്ടുകയും ചെയ്യും. ഈ സൌകര്യം ഉപയോഗിച്ചാണു് ഈ സൂചിക ഉണ്ടാക്കിയതു്.

അതുപോലെ മലയാളം ബ്ലോഗുകളുടെ ബ്ലോഗ്‌റോള്‍ “മറ്റു മലയാളം ബ്ലോഗുകള്‍” എന്ന പേജിലും കാണാം.

പലവക (General)

Comments (2)

Permalink

അഹോ രൂപമഹോ സ്വരം!

അങ്ങോട്ടുമിങ്ങോട്ടും പ്രശംസിക്കുന്ന വിഡ്ഢികളെ പരിഹസിക്കുന്ന ഒരു ശ്ലോകം:

ഉഷ്ട്രാണാം ച വിവാഹേഷു
ഗീതം ഗായന്തി ഗര്‍ദ്ദഭാഃ
പരസ്പരം പ്രശംസന്തേ
അഹോ രൂപ, മഹോ സ്വരം!

അര്‍ത്ഥം:

ഉഷ്ട്രാണാം വിവാഹേഷു : ഒട്ടകങ്ങളുടെ കല്യാണത്തിനു്
ഗര്‍ദ്ദഭാഃ ഗീതം ഗായന്തി : കഴുതകള്‍ പാട്ടു പാടുന്നു
പരസ്പരം പ്രശംസന്തേ : (അവര്‍ എന്നിട്ടു്) പരസ്പരം പ്രശംസിക്കുന്നു:
“അഹോ രൂപം!” : “എന്തൊരു രൂപം! (എന്തൊരു സൌന്ദര്യം!)”
“അഹോ സ്വരം!” : “എന്തൊരു സ്വരം!”

അങ്ങോട്ടുമിങ്ങോട്ടും ആരെങ്കിലും പ്രശംസിക്കുന്നതു കാണുമ്പോള്‍ കാച്ചാല്‍ കൊള്ളാം: “അഹോ രൂപം, അഹോ സ്വരം!”

(കേള്‍ക്കുന്നവര്‍ക്കു മനസ്സിലായില്ലെങ്കില്‍ ഇതു ചൊല്ലിക്കൊള്ളൂ :-))

ഇനി വിശാലനെ അരവിന്ദനും അരവിന്ദനെ വിശാലനും പൊക്കുന്നതു കേള്‍ക്കുമ്പോള്‍ വേണം എനിക്കിതു കാച്ചാന്‍…

സുഭാഷിതം

Comments (22)

Permalink

അരസികേഷു കവിത്വനിവേദനം…

കാളിദാസന്റേതു് എന്നു പറയപ്പെടുന്ന ഒരു ശ്ലോകം:

ഇതരദോഷഫലാനി യഥേച്ഛയാ
വിതര, താനി സഹേ ചതുരാനന!
അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!

അര്‍ത്ഥം:

യഥാ ഇച്ഛയാ ഇതരദോഷഫലാനി വിതര : ഇഷ്ടം പോലെ മറ്റു ദോഷഫലങ്ങളൊക്കെ എനിക്കു തന്നുകൊള്ളൂ
താനി സഹേ : അവയെ ഞാന്‍ സഹിച്ചുകൊള്ളാം
ചതുരാനന : അല്ലയോ ബ്രഹ്മാവേ
അരസികേഷു കവിത്വനിവേദനം : അരസികന്മാരെ കവിത ചൊല്ലിക്കേള്‍പ്പിക്കുന്ന ജോലി
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ : (എന്റെ) തലയില്‍ എഴുതല്ലേ, എഴുതല്ലേ, എഴുതല്ലേ!

എല്ലാക്കാലത്തും പ്രസക്തമായ ഒരു വിലാപം!

ഈ ശ്ലോകം ചെറുപ്പത്തിലേ കേട്ടിട്ടുണ്ടായിരുന്നു. ആരുടേതെന്നു് അറിയില്ലായിരുന്നു. “ശങ്കരാഭരണം” എന്ന സിനിമയില്‍, അബദ്ധം പറഞ്ഞുവെന്നു പറഞ്ഞു് മകളെ പെണ്ണുകാണാന്‍ വന്നവനോടു ദേഷ്യപ്പെട്ടു് ഓടിച്ചു വിട്ടപ്പോള്‍ ശങ്കരശാസ്ത്രികളോടു കൂട്ടുകാരന്‍ പറയുന്നുണ്ടു്: “അരസികന്മാരെ കവിത പഠിപ്പിക്കുന്ന വിധി എന്റെ തലയില്‍ എഴുതല്ലേ, എഴുതല്ലേ എന്നു പറഞ്ഞെടാ കാളിദാസന്‍…”. അപ്പോഴാണു മൂപ്പരാണു് ഇതിന്റെയും കര്‍ത്താവെന്നു മനസ്സിലായതു്. വേറേ തെളിവൊന്നുമില്ല.

വിക്രമാദിത്യസദസ്സിലും അരസികന്മാര്‍ ഉണ്ടായിരുന്നിരിക്കണം!

സുഭാഷിതം

Comments (5)

Permalink

ഉത്തമഭാര്യ (വീണ്ടും)

ഉത്തമഭാര്യയെ നിര്‍വ്വചിച്ച കാര്യേഷു മന്ത്രീ… എന്ന ശ്ലോകത്തിനു ലഭിച്ച കമന്റുകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു്, ഈ വിഷയത്തില്‍ കാളിദാസനു പറയാനുള്ളതെന്താണെന്നു നോക്കാം.

സന്ദര്‍ഭം: “ദാ ഇപ്പോ വന്നേക്കാം…” എന്നു പറഞ്ഞു സ്ഥലം വിട്ട ദുഷ്യന്തനെ നോക്കിയിരുന്നു നോക്കിയിരുന്നു മടുത്ത, ഗര്‍ഭിണിയായ ശകുന്തളയെ രണ്ടു മുനികുമാരന്മാരുടെയും ഒരു താപസിയുടെയും കൂടെ ദുഷ്യന്തന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ കണ്വന്‍ ഒരുങ്ങുന്നു. ആ സമയത്തു്, ഭര്‍ത്തൃഗൃഹത്തില്‍ ചെന്നാല്‍ എങ്ങനെ പെരുമാറണമെന്നു് ഉപദേശിക്കുന്ന ശ്ലോകമാണിതു്:

ശുശ്രൂഷസ്വ ഗുരൂന്‍, കുരു പ്രിയസഖീവൃത്തിം സപത്നീജനേ
ഭര്‍ത്തുര്‍വിപ്രകൃതാപി രോഷണതയാ മാ സ്മ പ്രതീപം ഗമഃ
ഭൂയിഷ്ഠം ഭവ ദക്ഷിണാ പരിജനേ, ഭാഗ്യേഷ്വനുത്സേകിനീ,
യാന്ത്യേവം ഗൃഹിണീപദം യുവതയോ, വാമാ കുലസ്യാധയഃ

  • ഗുരൂന്‍ ശുശ്രൂഷസ്വ : ഗുരുക്കളെ (പ്രായമായവരെ) ശുശ്രൂഷിക്കുക
  • സപത്നീജനേ പ്രിയസഖീവൃത്തിം കുരു : സപത്നികളോടു കൂട്ടുകാരിയെപ്പോലെ പെരുമാറുക
  • ഭര്‍ത്തുഃ വിപ്രകൃതാ അപി രോഷണതയാ മാ പ്രതീപം ഗമ സ്മ : ഭര്‍ത്താവു് ഇഷ്ടക്കേടു കാണിച്ചാലും ദേഷ്യം കൊണ്ടു് അയാള്‍ക്കെതിരായി ഒന്നും ചെയ്യരുതു്
  • പരിജനേ ഭൂയിഷ്ഠം ദക്ഷിണാ ഭവ : വേലക്കാരോടു് കരുണയുള്ളവളായിരിക്കുക
  • ഭാഗ്യേഷു അനുത്സേകിനീ (ഭവ) : ഭാഗ്യങ്ങളില്‍ അഹങ്കരിക്കാതിരിക്കുക
  • ഏവം യുവതയഃ ഗൃഹിണീപദം യാന്തി : ഇങ്ങനെ യുവതികള്‍ വീട്ടമ്മമാരാകുന്നു
  • വാമാഃ കുലസ്യ ആധയഃ : അല്ലാത്തവര്‍ വംശത്തിന്റെ ആധികളാണു്.

ആ “സപത്നികളോടു്” എന്നതിനെ “ഭര്‍ത്താവിന്റെ കൂട്ടുകാരികളോടും സഹപ്രവര്‍ത്തകകളോടും” എന്നു മാറ്റിയാല്‍ ഇക്കാലത്തും ഈ ശ്ലോകം പ്രസക്തമാണെന്നു തോന്നുന്നു. “ഭര്‍ത്താവു് ഇഷ്ടക്കേടു കാണിച്ചാലും ദേഷ്യം കൊണ്ടു് അയാള്‍ക്കെതിരായി ഒന്നും ചെയ്യരുതു്” എന്നതു് ഇപ്പോള്‍ എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയുമോ എന്നു സംശയമാണു്. എങ്കിലും അങ്ങനെയാണല്ലോ ഇപ്പോഴും മിക്ക അച്ഛനമ്മമാരും പറയുന്നതു്.

ഇന്റര്‍നെറ്റിലെ അക്ഷരശ്ലോകസദസ്സില്‍ ഇതിന്റെ മൂന്നു പരിഭാഷകള്‍ ചൊല്ലിയിരുന്നു. താഴെ വായിക്കാം:

വരട്ടേ, ഇതിനും പാരഡികളും ഭര്‍ത്തൃലക്ഷണങ്ങളും മറ്റും….

സുഭാഷിതം

Comments (3)

Permalink

ഗ്രാനഡാ (Гренада) : മിഖയൈല്‍ സ്വെറ്റ്‌ലോവ് (Михаил Светлов)

ഞാന്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ റഷ്യന്‍ കവിത. മിഖയൈല്‍ സ്വെറ്റ്‌ലോവിന്റെ (Михаил Светлов: 1903-1964) ഗ്രേനാഡാ (ГРЕНАДА) എന്ന കവിത.

ഇതൊരു ബാലഡ് ആണെന്നു തോന്നുന്നു. എനിക്കു വലുതായൊന്നും മനസ്സിലായിട്ടുമില്ല. അത്രയധികം ഇഷ്ടപ്പെട്ടിട്ടല്ല ഇതു പരിഭാഷപ്പെടുത്തിയതു്.

നേ നാഡോ, നേ നാഡോ
നേ നാഡോ, ദ്രൂസ്യാ
ഗ്രേനാഡാ, ഗ്രേനാഡാ,
ഗ്രേനാഡാ, മോയാ

എന്ന കവിതാഭാഗത്തെ

മാഴ്കൊലാ നിങ്ങള്‍, മാഴ്കൊലാ നിങ്ങള്‍,
മാഴ്കൊലാ നിങ്ങള്‍, കൂട്ടരേ!
ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, എന്റെ ഗ്രാനഡാ!

എന്നു “ഓമനക്കുട്ടന്‍…” രീതിയില്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ ഒരു സുഖം തോന്നി. അങ്ങനെ ബാക്കിയും പരിഭാഷപ്പെടുത്തി.

സാധാരണയായി ഞാന്‍ റഷ്യയുമായി ബന്ധപ്പെട്ട പദങ്ങള്‍ ഒഴിവാക്കാറുണ്ടു്. “ഫിര്‍” മരത്തെ “അരയാലും” ഒരു പ്രത്യേക വീരനെ “വീര”നും ഒക്കെയാക്കി മാറ്റാറുണ്ടായിരുന്നു. ഇതില്‍ അതു ചെയ്തിട്ടില്ല. കാര്‍ക്കോവ്, ഷെവ്‌ചെങ്കോ തുടങ്ങിയ വാക്കുകള്‍ ഇതിലുണ്ടു്.

ഈ കവിതയെപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ദയവായി കമന്റിടുക.

പരിഭാഷ
ഗ്രാനഡ (1988)
മൂലകവിത
ГРЕНАДА (1926)
അശ്വത്തിന്‍ മുകളേറി ദൂരങ്ങ-
ളൊക്കെയും താണ്ടിടുമ്പൊഴും,
യുദ്ധരംഗത്തു ശത്രുവിന്റെ നേര്‍-
ക്കൊത്തു താന്‍ പൊരുതുമ്പൊഴും,
ആപ്പിളിന്റെ പാട്ടശ്വസൈനികര്‍-
ക്കേറ്റവും പ്രിയപ്പെട്ടതാം
കാട്ടിലും പുല്‍ത്തകിട്ടിലും ചെന്ന-
പ്പാട്ടു മാറ്റൊലിക്കൊണ്ടുതേ.
Мы ехали шагом,
Мы мчались в боях,
И “Яблочко”-песню
Держали в зубах.
Ах, песенку эту
Доныне хранит
Трава молодая –
Степной малахит.
ജീനിമേലെയിരുന്നു പാടുന്ന
നേരമെന്നുടെ സ്നേഹിതന്‍
ഏതോ നാടിനെ വാഴ്ത്തിടുന്നൊരു
ഗാനമുച്ചത്തില്‍ പാടിനാന്‍.
സ്വന്തനാടിനു നേര്‍ക്കയാളിട-
യ്ക്കൊന്നു നോക്കിടും, പാടിടും:
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Но песню иную
О дальней земле
Возил мой приятель
С собою в седле.
Он пел, озирая
Родные края:
“Гренада, Гренада,
Гренада моя!”
പാടിക്കൊണ്ടേയിരുന്നു പിന്നെയു-
മേറെ ഹൃദ്യമപ്പാട്ടവന്‍
എന്തുകൊണ്ടു ദുഃഖിപ്പു മത്സുഹൃ-
ത്തിന്നു സ്പെയ്നിനെയോര്‍ക്കവേ?
ചൊല്‍കലക്സാണ്ഡ്ര്യ, ചൊല്‍ക കാര്‍ക്കോവേ,
ഇന്നിച്ചോദ്യത്തിനുത്തരം:
നിങ്ങളേറെനാളായിപ്പാടുന്നു-
ണ്ടെന്നോ സ്പെയ്നിന്റെ ഗാനങ്ങള്‍?
Он песенку эту
Твердил наизусть…
Откуда у хлопца
Испанская грусть?
Ответь, Александровск,
И, Харьков, ответь:
Давно ль по-испански
Вы начали петь?
ഉക്രയിന്‍, നിന്റെയീ വിശാലമാം
പുല്‍പ്പരപ്പിങ്കലല്ലയോ
ഷെവ്ചെങ്കോയെപ്പോലുള്ളവര്‍ ദേശ-
ഭക്തരൊക്കെയുറങ്ങുന്നു?
എന്തുകൊണ്ടാണു മത്സഖേ, ഭവാന്‍
ചൊല്‍വതെപ്പോഴുമീ ഗാനം?
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Скажи мне, Украйна,
Не в этой ли ржи
Тараса Шевченко
Папаха лежит?
Откуда ж, приятель,
Песня твоя:
“Гренада, Гренада,
Гренада моя”?
ഒട്ടുനേരം കഴിഞ്ഞു ചൊല്ലിനാന്‍
സ്വപ്നത്തില്‍പ്പോല്‍ ചിരിച്ചവന്‍:
“ഗ്രാനഡായെന്ന പേരു ഞാന്‍ കണ്ട-
തേതോ ഗ്രന്ഥത്തിലാണെടോ;
നാമമെത്ര മനോഹര, മതിന്‍
മാനമെത്രയുമുന്നതം!
ഉണ്ടുപോലൊരു ദേശമാ സ്പെയിന്‍-
തന്നിലിപ്പേരിലങ്ങഹോ!”
Он медлит с ответом,
Мечтатель-хохол:
– Братишка! Гренаду
Я в книге нашел.
Красивое имя,
Высокая честь –
Гренадская волость
В Испании есть!
വീടു വിട്ടു ഞാന്‍ യുദ്ധരംഗത്തേ-
യ്ക്കോടി, സൈനികനായി ഞാന്‍.
ഗ്രാനഡായിലെക്കര്‍ഷകര്‍ക്കു തന്‍
ഭൂമി നേടിക്കൊടുക്കണം,
യാത്ര ചൊല്ലുന്നു വീടിനോടു ഞാന്‍,
യാത്ര ചൊല്‍വൂ കുടുംബമേ,
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Я хату покинул,
Пошел воевать,
Чтоб землю в Гренаде
Крестьянам отдать.
Прощайте, родные,
Прощайте, друзья –
“Гренада, Гренада,
Гренада моя!”
യുദ്ധവ്യാകരണങ്ങളും വെടി
പൊട്ടിക്കുന്നതിന്‍ ഭാഷയും
ഞങ്ങള്‍ സ്വായത്തമാക്കി, സ്വപ്നങ്ങള്‍
കണ്ടു, മുന്നോട്ടു തന്നെ പോയ്‌
ഏറെയുണ്ടായുദയങ്ങളതു-
പോലെയസ്തമയങ്ങളും
കാനനത്തിലൂടോടിയോടിയെന്‍
പാവമശ്വം തളര്‍ന്നുപോയ്‌.
Мы мчались, мечтая
Постичь поскорей
Грамматику боя –
Язык батарей.
Восход подымался
И падал опять,
И лошадь устала
Степями скакать.
ആപ്പിളിന്റെ പാട്ടിപ്പോള്‍ സൈനികര്‍-
ക്കേറ്റവും പ്രിയപ്പെട്ടതാം
കാലമാകും വയലിനില്‍ കഷ്ട-
പ്പാടിന്‍ പാട്ടവര്‍ മീട്ടിനാര്‍;
എങ്ങു പോയെന്റെ തോഴ, നീയും മാല്‍
തിങ്ങിടും നിന്റെ ഗാനവും?
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Но “Яблочко”-песню
Играл эскадрон
Смычками страданий
На скрипках времен…
Где же, приятель,
Песня твоя:
“Гренада, Гренада,
Гренада моя”?
ഛിന്നഭിന്നമാം മെയ്യൊടശ്വത്തില്‍-
നിന്നും താഴെപ്പതിച്ചൊരാള്‍
മന്നില്‍ വീണു കിടപ്പതായ്‌ കണ്ടു
ഞങ്ങളാ രക്തസാക്ഷിയെ.
ചന്ദ്രരശ്മിയിറങ്ങിയാ മുഖം
ചുംബിക്കുന്നതും കണ്ടു ഞാന്‍
അപ്പോഴും മന്ത്രിച്ചില്ലേ ചുണ്ടുകള്‍
സ്വല്‍പമിങ്ങനെ – “ഗ്രാ…ന…ഡാ…”
Пробитое тело
Наземь сползло,
Товарищ впервые
Оставил седло.
Я видел: над трупом
Склонилась луна,
И мертвые губы
Шепнули “Грена…”
സത്യ, മെത്രയോ ദൂരത്തെന്‍ സുഹൃ-
ത്തിപ്പോഴാപ്പരലോകത്തില്‍
വിശ്രമിച്ചുകൊണ്ടേറ്റവും പ്രിയ-
പ്പെട്ടൊരാപ്പാട്ടു പാടുന്നു.
പാട്ടുകാരനെയോര്‍പ്പതില്ല നാം,
പാട്ടും നമ്മള്‍ മറന്നുപോയ്‌;
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Да. В дальнюю область,
В заоблачный плес
Ушел мой приятель
И песню унес.
С тех пор не слыхали
Родные края:
“Гренада, Гренада,
Гренада моя!”
പോയൊരാളിന്റെ വേര്‍പാടൊട്ടുമേ
ബാധിച്ചില്ലന്നു ഞങ്ങളെ;
`ആപ്പിളിന്‍ പാട്ടു’ പിന്നെയും ഞങ്ങ-
ളാര്‍ത്തു പാടാന്‍ തുടങ്ങിനാര്‍.
സൂര്യനസ്തമിച്ചീടും നേരത്തു
വ്യോമം മാത്രം നിശ്ശബ്ദമായ്‌
കണ്ണുനീര്‍ മഴയായി ഭൂമിയില്‍
ഹന്ത, വര്‍ഷിച്ചു മേവിനാന്‍.
Отряд не заметил
Потери бойца,
И “Яблочко”-песню
Допел до конца.
Лишь по небу тихо
Сползла погодя
На бархат заката
Слезинка дождя…
നാളു പോകവേ, നവ്യഗീതങ്ങ-
ളേറെയുണ്ടായ്‌; അതൊക്കെയും
ഈ വിധം തന്നെ പാടി :- “മക്കളേ,
മാഴ്കൊലാ, നിങ്ങള്‍ മാഴ്കൊലാ”.
മാഴ്കൊലാ നിങ്ങള്‍, മാഴ്കൊലാ നിങ്ങള്‍,
മാഴ്കൊലാ നിങ്ങള്‍, കൂട്ടരേ!
ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, എന്റെ ഗ്രാനഡാ!
Новые песни
Придумала жизнь…
Не надо, ребята,
О песне тужить.
Не надо, не надо,
Не надо, друзья…
Гренада, Гренада,
Гренада моя!

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (6)

Permalink