June 2006

സൌഹൃദം (Дружба) : വാസിലി ഷുക്കോവ്സ്കി

റഷ്യന്‍ കവിയായിരുന്ന വാസിലി ഷുക്കൊവ്സ്കിയുടെ ഒരു കുഞ്ഞു മുക്തകത്തിന്റെ പരിഭാഷ:

പരിഭാഷ
സൌഹൃദം (1988)
മൂലകവിത
ДРУЖБА (1805)
ഇടിവെട്ടു ശിരസ്സിലേറ്റു വൃക്ഷം
പൊടിയില്‍ച്ചെന്നു പതിച്ചു പര്‍വ്വതാഗ്രാല്‍;
ഉടലില്‍ ചെറുവല്ലി ചേര്‍ന്നുനിന്നൂ,
പിടിവിട്ടീല – യിതാണു സൌഹൃദം ഹാ!
Скатившись с горной высоты,
Лежал на прахе дуб, перунами разбитый;
А с ним и гибкий плющ, кругом его обвитый.
О Дружба, это ты!

ഷുക്കോവ്സ്കിയുടെ മറ്റൊരു കവിത ഇവിടെ വായിക്കാം.

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (14)

Permalink

പരിഭാഷകളും മൂലകവിതകളും

ഞാന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച എല്ലാ പരിഭാഷകളുടെയും മൂലകവിതകള്‍ അതാതു കവിതയോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

റഷ്യന്‍ ടൈപ്പു ചെയ്യാനുള്ള വഴി പറഞ്ഞു തന്ന തണുപ്പനു നന്ദി. റഷ്യന്‍ കവിതകള്‍ ഞാന്‍ ടൈപ്പു ചെയ്തില്ല. എങ്കിലും ഗൂഗിളില്‍ തെരയാന്‍ ഇതു സഹായകമായി.

പരിഭാഷകള്‍ ഇവിടെ കാണാം.

പരിഭാഷകള്‍ (Translations)

Comments (1)

Permalink

ചില അനന്തശ്രേണികള്‍

കഴിഞ്ഞ ഒരു ലേഖനത്തില്‍ (ഗ്രിഗറിസായ്പും മാധവനും) മാധവന്‍ പൈയുടെ മൂല്യം കണ്ടുപിടിക്കാന്‍ നല്കിയ അനന്തശ്രേണിയെപ്പറ്റി പറഞ്ഞിരുന്നു. ഭാരതീയര്‍ കണ്ടുപിടിച്ച മറ്റു ചില അനന്തശ്രേണികള്‍ താഴെക്കൊടുക്കുന്നു. ഇവയെ ആധുനികഗണിതമുപയോഗിച്ചു തെളിയിച്ചു് ആ ഉപപത്തികള്‍ കൂടി ഇവിടെ ചേര്‍ക്കാമേന്നു കരുതിയതാണു്. സമയം കിട്ടിയില്ല. ഏതായാലും ഇവ ഇവിടെ ഇടുന്നു. ഇതിന്റെ തെളിവുകള്‍ ആര്‍ക്കെങ്കിലും ഉണ്ടാക്കാമെങ്കില്‍ കമന്റായി ഇടുക. (ഉമേഷ്.പി.നായര്‍ അറ്റ് ജിമെയില്‍ ഡോട്ട് കോമില്‍ അയച്ചാലും മതി) അതു ഞാന്‍ ഇവിടെ തെളിയിച്ച ആളിന്റെ പേരോടെ പ്രസിദ്ധീകരിക്കാം.

ഇവയില്‍ പലതും പാശ്ചാത്യര്‍ ഇതു വരെ കണ്ടുപിടിക്കാത്തതാണു്.

  1. പുതുമന സോമയാജിയുടെ കരണപദ്ധതിയില്‍ നിന്നു്:

    വ്യാസാച്ചതുര്‍ഘ്നാദ് ബഹുധഃ പൃഥക് സ്ഥാത്
    ത്രിപഞ്ചസപ്താദ്യയുഗാഹൃതാനി
    വ്യാസേ ചതുര്‍ഘ്നേ ക്രമശസ്തൃണം സ്വം
    കുര്യാത് തഥാ സ്യാത് പരിധിഃ സുസൂക്ഷ്മഃ

    വ്യാസത്തെ നാലുകൊണ്ടു ഗുണിച്ചു് വെവ്വേറേ വെച്ചു് ഓരോന്നിനെയും 3, 5, 7 തുടങ്ങിയ ഒറ്റസംഖ്യകളെക്കൊണ്ടു ഹരിച്ചു്, നാലുകൊണ്ടു ഗുണിച്ച വ്യാസത്തില്‍ നിന്നു ഒന്നിടവിട്ടു കുറയ്ക്കുകയും കൂട്ടുകയും ചെയ്താല്‍ പരിധി സൂക്ഷ്മമായി കിട്ടും.

    ഇതു് മാധവ-ഗ്രിഗറി ശ്രേണി തന്നെയാണു്.

  2. പുതുമന സോമയാജിയുടെ കരണപദ്ധതിയില്‍ നിന്നു്:

    വ്യാസാദ് വനസംഗുണിതാദ്
    പൃഥഗാപ്തം ത്ര്യാദ്യയുഗ്വിമൂലഘനൈഃ
    ത്രിഗുണവ്യാസേ സ്വമൃണം
    ക്രമശഃ കൃത്വാപി പരിധിരാനേയുഃ

    വ്യാസത്തെ നാലു കൊണ്ടു ഗുണിച്ചിട്ടു്, വെവ്വേറെ വെച്ചിട്ടു്, ഓരോന്നിനെയും മൂന്നു തൊട്ടുള്ള ഒറ്റസംഖ്യകളുടെ ഘനത്തില്‍ നിന്നു സംഖ്യ കുറച്ച ഫലം കൊണ്ടു ഹരിച്ചിട്ടു്, മൂന്നു കൊണ്ടു ഗുണിച്ച വ്യാസത്തോടു ക്രമമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്താല്‍ പരിധി കിട്ടും.

    അതായതു്,

  3. പുതുമന സോമയാജിയുടെ കരണപദ്ധതിയില്‍ നിന്നു്:

    വര്‍ഗ്ഗൈര്‍‌യുജാം വാ ദ്വിഗുണൈര്‍നിരേകൈര്‍-
    വര്‍ഗ്ഗീകൃതൈര്‍‌വര്‍ജിതയുഗ്മവര്‍ഗ്ഗൈഃ
    വ്യാസം ച ഷഡ്ഘ്നം വിഭജേത് ഫലം സ്വം
    വ്യാസേ ത്രിനിഘ്നേ പരിധിസ്തദാസ്യാത്

    ഓരോ ഇരട്ടസംഖ്യയുടെയും വര്‍ഗ്ഗത്തെ രണ്ടു കൊണ്ടു ഗുണിച്ചിട്ടു്, അതില്‍ നിന്നു് ഒന്നു കുറച്ചിട്ടു്, അതിന്റെ വര്‍ഗ്ഗത്തില്‍ നിന്നു് ആ ഇരട്ടസംഖ്യയുടെ വര്‍ഗ്ഗം കുറച്ചിട്ടു്, ആറു കൊണ്ടു ഗുണിച്ച വാസത്തെ അതുകൊണ്ടു ഹരിച്ചിട്ടു്, മൂന്നു കൊണ്ടു ഗുണിച്ച വ്യാസത്തോടു് അതു ക്രമമായി കൂട്ടിയാല്‍ പരിധി കിട്ടും.

    അതായതു്,

  4. ശങ്കരന്റെ യുക്തിദീപികയില്‍ നിന്നു്:

    വ്യാസവര്‍ഗ്ഗാദ് രവിഹതാത് പദം സ്യാത് പ്രഥമം ഫലം
    തതസ്തത്തത് ഫലാച്ചാപി യാവദിച്ഛം ത്രിഭിര്‍ ഹരേത്

    രൂപാദ്യയുഗ്മസംഖ്യാഭിര്‍ലബ്ധേഷ്വേഷു യഥാക്രമം
    വിഷമാനാം യുതേസ്ത്യക്തേ സമയോഗേ വൃതിര്‍ ഭവേത്

    വ്യാസത്തിന്റെ വര്‍ഗ്ഗത്തെ പന്ത്രണ്ടു (രവി = സൂര്യന്‍ = 12) കൊണ്ടു ഗുണിച്ചതിന്റെ വര്‍ഗ്ഗമൂലമാണു് ആദ്യത്തെ ഫലം. തൊട്ടു മുമ്പത്തെ ഫലത്തെ മൂന്നു കൊണ്ടു ഹരിച്ചാല്‍ അടുത്ത ഫലം കിട്ടും. ഓരോ ഫലത്തെയും 1, 3, 5, … തുടങ്ങിയ ഒറ്റസംഖ്യകളെക്കൊണ്ടു ഹരിച്ചു് ഒറ്റഫലങ്ങളെ കൂട്ടുകയും ഇരട്ടഫലങ്ങളെ കുറയ്ക്കുകയും ചെയ്താല്‍ പരിധി കിട്ടും.

    ഇവിടെ ആയതുകൊണ്ടു്

  5. കടത്തനാട്ടു ശങ്കരവര്‍മ്മയുടെ സദ്രത്നമാലയില്‍ നിന്നു്:

    വ്യാസഘ്നേऽര്‍ക്കകൃതേഃ പദേऽഗ്നിഭിരതോനൈതേ ച തത്തത്ഫലാത്
    ചാതൈക്യദ്യയുഗാ ഹൃതേഷു പരിധേര്‍ഭേദോ യുഗൌനൈക്യയോഃ
    ഏവം ചാത്ര പരാര്‍ദ്ധവിസ്തൃതിമഹാവൃത്തസ്യ നാഹോക്ഷരൈഃ
    സ്യാദ് ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയന്‍ ഭൂപഗീഃ

    വ്യാസത്തെ പന്ത്രണ്ടു (അര്‍ക്ക = സൂര്യന്‍ = 12) കൊണ്ടു ഗുണിച്ചതിന്റെ വര്‍ഗ്ഗമൂലത്തെ മൂന്നു കൊണ്ടു ക്രമത്തില്‍ ഹരിക്കുകയും 1, 3, 5, … തുടങ്ങിയവ കൊണ്ടു ഹരിക്കുകയും അവയെ ഒന്നിടവിട്ടു കുറയ്ക്കുകയും കൂട്ടുകയും ചെയ്താല്‍ പരിധി കിട്ടും. പരാര്‍ദ്ധം വ്യാസമുള്ള വൃത്തത്തിന്റെ പരിധി “ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയന്‍ ഭൂപഗീഃ” ആണു്.

    പൂര്‍വാര്‍ദ്ധത്തിലെ അനന്തശ്രേണി തൊട്ടു മുന്നിലുള്ള ശ്രേണി തന്നെയാണു്. പരാര്‍ദ്ധം എന്നതു് -ഉം (ഈ ലേഖനം കാണുക.) “ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയന്‍ ഭൂപഗീഃ” എന്നതു പരല്‍പ്പേര്‍ നുസരിച്ചു് (കെവിന്റെ ഈ പ്രോഗ്രാം ഉപയോഗിക്കുക) 314159265358979324-ഉം ആണു്. എന്നര്‍ത്ഥം.

ഈ ലേഖനം അപൂര്‍ണ്ണമാണു്. കൂടുതല്‍ വിവരങ്ങള്‍ ഇതില്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കും. കൂട്ടിച്ചേര്‍ക്കുന്നവയുടെ വിവരങ്ങള്‍ കമന്റായി കൊടുക്കും.

ഭാരതീയഗണിതം (Indian Mathematics)

Comments (1)

Permalink

സംഖ്യകള്‍

പ്രാചീനഭാരതത്തില്‍ വലിയ സംഖ്യകളെ സൂചിപ്പിക്കാന്‍ പല പേരുകളും ഉപയോഗിച്ചിരുന്നു. ഇവയ്ക്കു് ഒരു ഐകരൂപ്യവുമില്ലായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടെ താഴെക്കൊടുക്കുന്ന സമ്പ്രദായം പ്രചാരത്തിലായി.

മൂല്യം പേരു്
ഏകം
ദശം
ശതം
സഹസ്രം
അയുതം
ലക്ഷം
പ്രയുതം
കോടി
അര്‍ബുദം
അബ്ജം
ഖര്‍വ്വം
നിഖര്‍വ്വം
മഹാപദ്മം
ശങ്കു
ജലധി
അന്ത്യം
മദ്ധ്യം
പരാര്‍ദ്ധം

ഭാസ്കരാചാര്യരുടെ ലീലാവതിയിലെ ഈ ശ്ലോകങ്ങള്‍ ഇവ ക്രമമായി ഓര്‍ക്കാന്‍ ഉപയോഗിക്കാം:


ഏകദശശതസഹസ്രാ-
യുതലക്ഷപ്രയുതകോടയഃ ക്രമശഃ
അര്‍ബുദമബ്ജം ഖര്‍വനി-
ഖര്‍വമഹാപദ്മശംഖവസ്തസ്മാത്

ജലധിശ്ചാന്ത്യം മധ്യം
പരാര്‍ദ്ധമിതി ദശഗുണോത്തരാ സംജ്ഞാഃ
സംഖ്യായാഃ സ്ഥാനാനാം
വ്യവഹാരാര്‍ത്ഥം കൃതാഃ പൂര്‍വ്വൈഃ

ഇതിലെ ഏറ്റവും വലിയ സംഖ്യ പരാര്‍ദ്ധം ആയതുകൊണ്ടു്, “അനന്തസംഖ്യ” എന്ന അര്‍ത്ഥത്തിലും അതു് ഉപയോഗിക്കാറുണ്ടു്. മഹാകവി ഉള്ളൂര്‍

പരാര്‍ദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം

എന്നു പ്രേമസംഗീതത്തില്‍ പാടിയതു് ഈ അര്‍ത്ഥത്തിലാണു്.

ഭാരതീയഗണിതം (Indian Mathematics)

Comments (7)

Permalink

സ്ത്രീണാം ച ചിത്തം…

“സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം” എന്നു കേള്‍ക്കാത്തവര്‍ കുറവായിരിക്കും. “സ്ത്രീയുടെ മനസ്സാണു പുരുഷന്റെ ഭാഗ്യം” എന്ന അര്‍ത്ഥത്തിലാണു് ഇതു പലപ്പോഴും ഉപയോഗിച്ചു കണ്ടിട്ടുള്ളതു്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ അര്‍ത്ഥത്തിലല്ല അതു് എഴുതപ്പെട്ടതു്. ശ്ലോകം ഇതാണു്:


അശ്വപ്ലവഞ്ചാംബുദഗര്‍ജ്ജിതം ച
സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം
അവര്‍ഷണം ചാപ്യതിവര്‍ഷണം ച
ദേവോ ന ജാനാതി കുതോ മനുഷ്യഃ

(അശ്വ-പ്ലവം ച അംബുദ-ഗര്‍ജ്ജനം ച സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം അവര്‍ഷണം ച അപി അതി-വര്‍ഷണം ച ദേവഃ ന ജാനാതി കുതഃ മനുഷ്യഃ)

ദൈവത്തിനു പോലും അറിയാത്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ് തരുന്ന ശ്ലോകമാണിതു്. താഴെപ്പറയുന്നവയാണവ:

  • അശ്വപ്ലവം : കുതിര എപ്പോള്‍ ഓടുമെന്നതു്.
  • അംബുദഗര്‍ജ്ജനം : എപ്പോള്‍ ഇടി മുഴങ്ങുമെന്നതു്.
  • സ്ത്രീണാം ചിത്തം : സ്ത്രീകളുടെ മനസ്സു്.
  • പുരുഷസ്യ ഭാഗ്യം : പുരുഷന്റെ ഭാഗ്യം
  • അവര്‍ഷണം : മഴ പെയ്യാതിരിക്കുന്നതു്. (അതായതു്, എപ്പോള്‍ വരള്‍ച്ച ഉണ്ടാവുമെന്നു്)
  • അതിവര്‍ഷണം :എപ്പോള്‍ അമിതമായ മഴ ഉണ്ടാവുമെന്നു്.

ഇത്രയും കാര്യം ദൈവത്തിനു പോലും അറിയില്ല (ദേവോ ന ജാനാതി), പിന്നെ മനുഷ്യന്റെ കാര്യം പറയേണ്ടതില്ലല്ലോ (മനുഷ്യഃ കുതഃ) എന്നു വക്കാരിയുടെ അര്‍ത്ഥാപത്തിയതോ പിന്നെച്ചൊല്ലാനില്ലെന്ന യുക്തിയാം.

“ദേവനു പോലും അറിയില്ല” എന്നു പറഞ്ഞെങ്കിലും സ്ത്രീകളുടെ മനസ്സു് ദേവരാഗത്തിനറിയാമെന്നാണു മൂപ്പര്‍ അവകാശപ്പെടുന്നതു്. കുട്ട്യേടത്തിക്കും അറിയാമത്രേ. ഇടി മുഴക്കം, മഴ പെയ്യല്‍, പെയ്യാതിരിക്കല്‍ ഇവയൊക്കെ ഇപ്പോള്‍ കാലാവസ്ഥാനിരീക്ഷകര്‍ ഒട്ടുക്കു കൃത്യമായിത്തന്നെ പറയുന്നുണ്ടു്. (സിയാറ്റലിലുള്ളവര്‍ക്കു് എപ്പോള്‍ മഴ പെയ്യുമെന്നും സൌദി അറേബ്യയിലുള്ളവര്‍ക്കു് എപ്പോള്‍ പെയ്യില്ല എന്നും കൃത്യമായി അറിയാം.) പുരുഷന്റെ ഭാഗ്യം കൈനോട്ടക്കാരന്‍ പറഞ്ഞുതരും. കുതിരയുടെ കാര്യം മാത്രം എനിക്കു വലിയ പിടിയില്ല.

സുഭാഷിതം

Comments (16)

Permalink