ചുമ്മാ ഇരിക്കുമ്പോള്‍ പണ്ടു സ്കൂളില്‍ പഠിച്ച കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടു്. (ദൈവകൃപയാല്‍ സ്കൂളിനു ശേഷമുള്ളതൊന്നും ഓര്‍മ്മയില്ല.) പദ്യങ്ങളാണു പ്രധാനമായി. ഒന്നാം ക്ലാസ്സിലെ “കുഞ്ഞിത്തത്തേ പോകല്ലേ…”, രണ്ടിലെ “തൂമ തൂകുന്ന തൂമരങ്ങള്‍…”, മൂന്നിലെ “കാനനത്തിന്‍ ശരല്‍ക്കാല…”, നാലിലെ “സത്വരം ലോകമനോഹരമായുള്ള…”, അഞ്ചിലെ “ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ…”, ആറിലെ “എന്‍കുഞ്ഞുറങ്ങിക്കൊള്‍കെന്‍…”, ഏഴിലെ “കന്യാകുമാരിക്ഷിതിയാദ്യമായ്…”, എട്ടിലെ “തോളത്തു ഘനം തൂങ്ങും…”, ഒമ്പതിലെ “ക്ഷോണീന്ദ്രപത്നിയുടെ…” എന്നീ കവിതകള്‍ ഓര്‍ത്തെടുത്തതു് ഇങ്ങനെയാണു്. (പത്താം ക്ലാസ്സില്‍ അല്പം വിശദമായി പഠിച്ചതു കൊണ്ടു് “കണ്ണനെത്തേടി” മുതല്‍ “ശകുന്തളാപരിത്യാഗം” വരെയുള്ള മിക്കവാറും കവിതകളൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ടു്.)
രാഷ്ട്രഭാഷ അത്ര ഓര്‍മ്മയില്ല. അഞ്ചാം ക്ലാസ്സു മുതലാണു ഹിന്ദി പഠിച്ചുതുടങ്ങിയതു്. ഏതൊക്കെ ക്ലാസ്സിലാണെന്നു് ഓര്‍മ്മയില്ല- “ഊണ്ഠോം നേ ജബ് വ്യാഹ്…”, “മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍…”, “ദയാകര്‍ ദാനഭക്തീ കാ…”, “വന്‍ മേം മോര്‍ ഖുശീ സേ നാച്ചാ…”, “നയീ ദിശാ നയീ ഉഷാ…”, “ചാഹ് നഹീം മേം സുരബാലാ കേ…”, “സുഖീ സീ അധഖിലീ കലീ ഹൈ…” തുടങ്ങി ചില സംഭവങ്ങള്‍ അങ്ങുമിങ്ങും ഓര്‍മ്മകിട്ടുന്നുണ്ടു്.
കവിതാസ്വാദനത്തിനും മറ്റും ഹിന്ദി വാദ്ധ്യാന്മാര്‍ വലിയ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. വ്യാകരണമായിരുന്നു അവരുടെ പ്രധാന വിഷയം. ഹിന്ദി വ്യാകരണങ്ങളുടെ പല നൂലാമാലകളും അതുകൊണ്ടു് ഇപ്പോഴും ഓര്‍മ്മയുണ്ടു്. बोल, भूल, ला എന്നിവ സകര്‍മ്മകങ്ങളാണെങ്കിലും അകര്‍മ്മകങ്ങളെപ്പോലെ ने ചേര്‍ക്കാതെ ഉപയോഗിക്കണമെന്നും (मैं ने कहा, मैं बोला), ने വന്നാല്‍ ക്രിയ കര്‍ത്താവനുസരിച്ചല്ല കര്‍മ്മമനുസരിച്ചാണു മാറുക എന്നും (मैं ने किताब पठा, मैं ने पुस्तक पठी) മറ്റും അങ്ങനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടു്.
അങ്ങനെ പഴയ ഹിന്ദി പാഠങ്ങള്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോഴാണു് ആറുതരം ഭൂതകാലങ്ങളുണ്ടെന്നു് ഓര്‍ത്തതു്.
എന്നെ ഹിന്ദി പഠിപ്പിച്ചിരുന്ന ടീച്ചര്‍ എന്നും ക്ലാസ്സില്‍ വരുമ്പോള്‍ ആദ്യം ആറുതരം ഭൂതങ്ങളെപ്പറ്റി പറയും. കുട്ടികളെക്കൊണ്ടു പറയിക്കും. ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കും. ദിവസവും ഇതു കേട്ടുകേട്ടു് കുട്ടികള്‍ അവരെ “ഭൂതം” എന്നും പിന്നീടു് “പൂര്‍ണ്ണഭൂതം” എന്നും വിളിക്കാന്‍ തുടങ്ങിയതില്‍ അദ്ഭുതമൊന്നും തോന്നുന്നില്ല.
ഭൂതങ്ങള്‍ ആറെണ്ണമുണ്ടെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. പക്ഷേ, അഞ്ചെണ്ണം മാത്രമേ ഓര്‍മ്മ കിട്ടിയുള്ളൂ – സാമാന്യഭൂതം, സന്ദിഗ്ദ്ധഭൂതം, ആസന്നഭൂതം, പൂര്‍ണ്ണഭൂതം, ഹേതുഹേതുമദ്‌ഭൂതം. ഇവയിലോരോന്നും എന്താണെന്നു് എനിക്കു വലിയ പിടിയൊന്നുമില്ല. അതിനെനിക്കു പ്രശ്നവുമില്ല. എങ്കിലും ആറാമത്തേതു കിട്ടാത്തതില്‍ അതിയായ വ്യസനം കുറേക്കാലത്തേയ്ക്കു് ഉണ്ടായിരുന്നു.
മറ്റാര്‍ക്കെങ്കിലും ഈ അസുഖം ഉണ്ടോ എന്നറിയില്ല. ചിലപ്പോള്‍ തികച്ചും അപ്രധാനമായ ഒരു കാര്യം ആലോചിച്ചിട്ടു കിട്ടാത്തതു് ദിവസങ്ങളോളം മനസ്സമാധാനം കെടുത്തുന്നതു് എന്റെ ഒരു പ്രശ്നമാണു്. ഓര്‍മ്മവന്ന ഒരു സിനിമാപ്പാട്ടു് ഏതു സിനിമയിലേതാണെന്നുള്ള ആലോചനയാണു് ഇതില്‍ മുഖ്യം. ചിലപ്പോള്‍ സിനിമയുടെ കഥ ഓര്‍മ്മ വരും, പേരു കിട്ടില്ല. ചിലപ്പോള്‍ ചില ആളുകളുടെ മുഖം ഓര്‍മ്മവരും, പേരു കിട്ടില്ല. പാട്ടിലെ ഇടയ്ക്കുള്ള വരി ഓര്‍മ്മവരും, തുടക്കം മറന്നു പോകും. അല്ലെങ്കില്‍ ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തിന്റെ പേരു് മറന്നുപോകും. ഈ കിട്ടാത്ത സാധനം എത്ര അക്ഷരമാണെന്നു വരെ ഓര്‍മ്മയുണ്ടായിരിക്കും. അതു മാത്രം കിട്ടില്ല.
ഇങ്ങനെ ഒന്നു തലയില്‍ കയറിയാല്‍ പിന്നെ യാതൊരു സമാധാനവുമില്ല. രാത്രിയില്‍ ഉറക്കം ഞെട്ടി അതാലോചിക്കും. പകല്‍ പത്തിരുപതു മിനിട്ടില്‍ ഒരിക്കലെങ്കിലും ഇതാലോചിക്കും. ബാക്കിയുള്ളവ മാറ്റിവെച്ചിട്ടു് ഇതാലോചിക്കും. ഇതു കിട്ടിയിട്ടു് യാതൊരു പ്രയോജനവുമുണ്ടാവില്ല. എങ്കിലും ഇതു കിട്ടാതെ യാതൊരു സമാധാനവുമുണ്ടാവില്ല.
ഭാഗ്യവശാല്‍ നാലഞ്ചു ദിവസം കഴിയുമ്പോള്‍ അതു വിടും. എങ്കിലും ചില സംഗതികള്‍ കുറേക്കാലത്തിനു ശേഷം വീണ്ടും ചികയാന്‍ തുടങ്ങും.
ഇങ്ങനെ വീണ്ടും വീണ്ടും എന്നെ ബുദ്ധിമുട്ടിച്ച പ്രശ്നമാണു് ആറാമത്തെ ഭൂതം. പലരോടും ചോദിച്ചു. ഹിന്ദിക്കാര്‍ ഉള്‍പ്പെടെ. ഒരു രക്ഷയുമില്ല. ഇതൊന്നു കിട്ടിയിട്ടു വേണം അടുത്ത എന്തെങ്കിലും കാര്യത്തെപ്പറ്റി തല പുണ്ണാക്കാന്‍!
അങ്ങനെയിരിക്കുമ്പോള്‍ കുട്ട്യേടത്തി പാട്ടുപാടുന്ന ഒരു പോസ്റ്റില്‍ (ചമ്മല്‍ കേ സംബന്ധം) അതുല്യ എന്തോ ഹിന്ദി പറഞ്ഞു. ഇതു തന്നെ തക്കം. ഞാന്‍ ആ ചോദ്യം അവിടെ ചോദിച്ചു.
ഈ ബ്ലോഗ് എന്നു പറയുന്നതു് അനന്തവിജ്ഞാനത്തിന്റെ അക്ഷയഖനിയാണു്. ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ അപരിമേയമാണു്. ഒരു ചോദ്യം ചോദിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടും. എന്നൊക്കെ കേട്ടാണു് ഞാന്‍ ഈ കടുംകൈ ചെയ്തതു്. അതിന്റെ മറുപടിയായി കുട്ട്യേടത്തി താന്‍ ഹിന്ദി പാസ്സായതിന്റെ കദനകഥ കണ്ണുനീരോടെ പറഞ്ഞുകേള്‍പ്പിക്കുകയും ആ ചോദ്യം നാട്ടുകാരോടു് അല്പം കൂടി ഉറക്കെ ചോദിക്കുകയും ചെയ്തു. തീര്‍ന്നു. പിന്നെ ആരും അതിനെപ്പറ്റി കേട്ടിട്ടില്ല. ആളുകള്‍ ഹിന്ദിയില്‍ അബദ്ധം പറഞ്ഞ കഥകള്‍ പറയുകയും കുറുമാന്‍, വക്കാരി, കണ്ണൂസ് തുടങ്ങിയ ഭൂതങ്ങള്‍ എത്തി അതിനെ ഒരു വഴിക്കാക്കുകയും ചെയ്തു. എന്റെ ചോദ്യത്തിനു് ഉത്തരം കിട്ടിയുമില്ല.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഒരു സുഹൃത്തിന്റെ മകളെ പരിചയപ്പെട്ടു. സീബീഎസ്സൈയിലോ മറ്റോ പഠിക്കുന്നു. വേറെയൊന്നും വായിക്കാനില്ലായിരുന്നതിനാല്‍ അവളുടെ ടെക്സ്റ്റ്‌ബുക്കുകള്‍ എടുത്തു വായിച്ചു. അപ്പോള്‍ ദാ കിടക്കുന്നു ഒരു ഹിന്ദി വ്യാകരണപുസ്തകം. അതില്‍ കാലങ്ങളെപ്പറ്റി (tenses) പറയുന്ന അദ്ധ്യായം വായിച്ചു. ഭൂതങ്ങളെ കിട്ടി. യുറേക്കാ!
ആറാമത്തെ ഭൂതത്തിന്റെ പേരു് അപൂര്‍ണ്ണഭൂതം! (അടിയെടാ സിംബല്‍!)
ആദ്യം തോന്നിയതു് ചമ്മലാണു്. പൂര്‍ണ്ണഭൂതം എന്നൊരു സാധനം ഉള്ള സ്ഥിതിക്കു് അപൂര്‍ണ്ണഭൂതവും ഉണ്ടായിരിക്കും എന്നതു് എലിമെന്ററി മിസ്റ്റര്‍ വാട്ട്സണ്‍ ആയിരുന്നു. ഇതോര്‍ത്താണല്ലോ ഇത്രയും കൊല്ലം ഞാന്‍ തല പുണ്ണാക്കിയതു്!
ഏതായാലും എനിക്കിനി സമാധാനമായി ഉറങ്ങാം.
ഈ ആറു ഭൂതകാലങ്ങള്‍ ഉദാഹരണസഹിതം ഇവിടെ വിശദീകരിക്കുന്നില്ല. ബോറടിക്കും. നിങ്ങള്‍ക്കും എനിക്കും.
(ചിത്രം വരച്ചതു്: സിബു)