ചെകുത്താന്റെ ഊഞ്ഞാല്‍ (Fyodor Sologub)
റഷ്യന്‍ കവിയും ഗദ്യകാരനും പരിഭാഷകനുമായിരുന്ന Fyodor Sologub-ന്റെ “ചെകുത്താന്റെ ഊഞ്ഞാല്‍” എന്നും “നശിച്ച ഊഞ്ഞാല്‍” എന്നും അര്‍ത്ഥം പറയാവുന്ന ഒരു മനോഹരകവിതയുടെ മലയാളപരിഭാഷ (1989).
ഒരു ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാണാം.
ഈ കവിത അത്രയേറെ പ്രശസ്തമല്ലെങ്കിലും എനിക്കു വളരെ പ്രിയപ്പെട്ടതാണു്.
ഒന്നാമതായി, ആദ്യശ്രമത്തില്‍ത്തന്നെ വലിയ ബുദ്ധിമുട്ടില്ലാതെയും അതേ സമയം മൂലകവിതയുടെ അര്‍ത്ഥഭംഗി ചോര്‍ന്നുപോകാതെയും തര്‍ജ്ജമ ചെയ്യാന്‍ സാധിച്ച ഒരു കവിതയാണിതു്.
രണ്ടാമതായി, ജീവിതത്തിന്റെ ഓരോ ഘട്ടവും കടന്നുപോകുമ്പോഴും ഈ കവിതയ്ക്കു കൂടുതല്‍ കൂടുതല്‍ പ്രസക്തി കിട്ടുന്നു. നാം ചെയ്യുന്ന പ്രവൃത്തികളുടെയും ജീവിതവൃത്തികളുടെയും 90%-വും തനിക്കിഷ്ടപ്പെടാത്തതും നിവൃത്തിയില്ലാതെ സാമ്പത്തികലാഭത്തിനോ താത്കാലികസുഖത്തിനോ വേണ്ടി ചെയ്തുകൂട്ടുന്നവയുമല്ലേ? ചെയ്യുന്ന ജോലി, താമസിക്കുന്ന ദേശം, കൊണ്ടുനടക്കുന്ന കൂട്ടുകെട്ടു് അങ്ങനെ പലതും. ഭാവിയെപ്പറ്റി ആലോചിക്കുമ്പോള്‍ ഭയം തോന്നുമെങ്കിലും ഇപ്പോള്‍ പിടിച്ചുതൂങ്ങിയിരിക്കുന്ന ചെകുത്താന്റെ ഊഞ്ഞാലിനെ വിണ്ടും കൂടുതല്‍ മുറുക്കെപ്പിടിക്കുന്നവരല്ലേ നമ്മളിലോരൊരുത്തരും?
പരിഭാഷ (1989) | മൂലകവിത (1907) |
---|---|
അലറുന്ന നദിയുടെ മുകളിലൂ, ടിരുള്‍ മൂടു- മരയാലിന്‍ ശിഖരങ്ങള്‍ക്കിടയിലൂടെ, അറപ്പേകും രോമമാകെ നിറഞ്ഞോരു കരം കൊണ്ടു ചെകുത്താനെന്നൂഞ്ഞാലിനെയുന്തിവിടുന്നു. |
В тени косматой ели, Над шумною рекой Качает черт качели Мохнатою рукой. |
മുന്നിലേക്കും, പുറകോട്ടും – മുന്നിലേക്കും, പുറകോട്ടും – എന്നെയുന്തിയട്ടഹസിക്കുന്നു ചെകുത്താന്‍ ഇളകി മുറിഞ്ഞു പോകുന്നിരിക്കും പലക, കുറ്റി- ച്ചെടിയിലുരഞ്ഞു കയറിഴപിഞ്ചുന്നു. |
Качает и смеется, Вперед, назад, Вперед, назад, Доска скрипит и гнется, О сук тяжелый трется Натянутый канат. |
വളയുന്നു, വിണ്ടുകീറിത്തുടങ്ങുന്നു പലക, യി- ന്നിളകുന്നിതാ താഴേയ്ക്കും മുകളിലേക്കും. അലറിച്ചിരിച്ചുകൊണ്ടു ചെകുത്താനാപ്പലക ത- ന്നിരുവശത്തും പിടിച്ചു കുലുക്കിടുന്നു. |
Снует с протяжным скрипом Шатучая доска, И черт хохочет с хрипом, Хватаясь за бока. |
മുന്നിലേക്കും, പുറകോട്ടും – മുന്നിലേക്കും, പുറകോട്ടും – തെന്നിത്തെറിച്ചൂഞ്ഞാലാടിയുലഞ്ഞിടുന്നു. താഴെനില്‍ക്കും പിശാചിനെ ഭീതികൊണ്ടു നോക്കിടാതെ ഞാനിതിലിളകിയാടിപ്പിടിച്ചിരിപ്പൂ. |
Держусь, томлюсь, качаюсь, Вперед, назад, Вперед, назад, Хватаюсь и мотаюсь, И отвести стараюсь От черта томный взгляд. |
അരയാലിന്‍ മുകളിലൂടാടിപ്പോകെ, നീലവാനിന്‍ പുറകില്‍ നിന്നൊരു സ്വരം ഹസിച്ചു ചൊല്‍വൂ : “ഒരിക്കല്‍ നീയിരുന്നു പോയീയൂഞ്ഞാലില്‍ – ഇനിയിതി- ലിരിക്കുക നിന്റെ വിധി – ചെകുത്താനൊപ്പം!” |
Над верхом темной ели Хохочет голубой: «Попался на качели, Качайся, черт с тобой!» |
അരയാലിന്നിരുള്‍ മൂടിക്കിടക്കുന്ന നിഴലില്‍ നി- ന്നൊരു നൂറു ശബ്ദമൊന്നിച്ചിങ്ങനെ കേട്ടൂ : “ഒരിക്കല്‍ നീയിരുന്നു പോയീയൂഞ്ഞാലില്‍ – ഇനിയിതി- ലിരിക്കുക തന്നെ വിധി – ചെകുത്താനൊപ്പം!” |
В тени косматой ели Визжат, кружась гурьбой: «Попался на качели, Качайся, черт с тобой!» |
ചീറിപ്പായുമൂഞ്ഞാലിന്റെ പടിമേലെപ്പിടിത്തമീ ക്രൂരന്‍ ചെകുത്താന്‍ വിടില്ലെന്നറിയുന്നു ഞാന്‍ പടിയില്‍ നിന്നൊരിക്കല്‍ ഞാനിടിയേറ്റ പോലെ തെറ്റി- പ്പിടിവിട്ടു ഹന്ത! താഴെപ്പതിക്കും വരെ – |
Я знаю, черт не бросит Стремительной доски, Пока меня не скосит Грозящий взмах руки, |
കയറിന്റെയവസാനയിഴകളൊടുക്കം പൊട്ടി- ച്ചിതറിയീപ്പടി നിലംപതിക്കും വരെ – എന്റെ സ്വന്തം നാടു മേലോട്ടുയര്‍ന്നുവന്നൊരു നാളി- ലെന്നെയവസാനമായിപ്പുണരും വരെ – |
Пока не перетрется, Крутяся, конопля, Пока не подвернется Ко мне моя земля. |
അവസാനമിടിയേറ്റു മരത്തിനും മുകളിലേ- ക്കുയരും ഞാന്‍, തലകുത്തി താഴേയ്ക്കു വീഴും എങ്കിലും മുകളിലേക്കു തന്നെയെനിക്കേറെയിനി- പ്പൊന്തണം – ഇനിയുമെന്നെയുന്തൂ പിശാചേ!- |
Взлечу я выше ели, И лбом о землю трах! Качай же, черт, качели, Все выше, выше… ах! |