അബദ്ധധാരണകള്‍ (ഭാഗം 2)

നര്‍മ്മം, സ്മരണകള്‍

2006 മാര്‍ച്ചു മുതല്‍ 2007 നവംബര്‍ വരെ തുടങ്ങിവെച്ച മുപ്പത്തിയെട്ടു പോസ്റ്റുകളാണു ഡ്രാഫ്റ്റ് രൂപത്തില്‍ ഗുരുകുലത്തില്‍ കിടക്കുന്നതു്. ആരംഭശൂരത്വം കൊണ്ടും പൂര്‍ണ്ണതാവ്യഗ്രത കൊണ്ടും തീര്‍ക്കാതെ കിടക്കുന്നവയാണു ഭൂരിപക്ഷവും. വിഷയത്തിലുള്ള താത്പര്യമോ അതിന്റെ പ്രസക്തിയോ നഷ്ടപ്പെട്ടവയുമുണ്ടു കുറെയെണ്ണം. ഇനി മുതല്‍ പുതിയ പോസ്റ്റുകള്‍ എഴുതുന്നതിനു പകരം ഡ്രാഫ്റ്റന്മാരെ മുഴുമിക്കാന്‍ ശ്രമിക്കണം എന്നു കരുതിയതിന്റെ ഫലമാണു് കഴിഞ്ഞ രണ്ടു പോസ്റ്റുകള്‍.

പ്രോത്സാഹനം എഴുതിത്തുടങ്ങിയതു 2007 ജൂലായില്‍ ആണു്. ശ്ലോകവും അര്‍ത്ഥവുമെഴുതി ഇട്ടിരുന്നു. വിശദീകരണമായി കമന്റുകള്‍ എങ്ങനെ ബ്ലോഗുകളെ നല്ല രീതിയില്‍ ബാധിക്കുന്നു, പോസ്റ്റ്/കമന്റ് അഗ്രിഗേറ്ററുകളെപ്പറ്റിയും വായനലിസ്റ്റിനെപ്പറ്റിയും എനിക്കുള്ള അഭിപ്രായങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു കനത്ത ലേഖനം എഴുതിത്തുടങ്ങിയതുമാണു്. അതു് ഇപ്പോഴെങ്ങും തീരില്ല എന്നു തോന്നിയപ്പോള്‍ എടുത്തുകളഞ്ഞിട്ടു് അപ്പോള്‍ തോന്നിയതാണു് ജ്ഞാനപ്പാനയുടെ പാരഡി എഴുതാന്‍. ബുദ്ധിരാക്ഷസനായ വക്കാരി അതു് എങ്ങനെയോ മണത്തറിഞ്ഞു കമന്റിലൂടെ!

അബദ്ധധാരണകള്‍ അതിനും മുമ്പു തുടങ്ങിയതാണു്. “എന്റെ ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി വായിക്കുന്ന…” എന്ന ഖണ്ഡിക തൊട്ടായിരുന്നു ആ പോസ്റ്റ്. രാം മോഹന്റെ അന്നങ്ങള്‍ പോയ വഴി ആണു് അതു മുഴുമിക്കാന്‍ പിന്നെയും പ്രചോദനം തന്നതു്. അഞ്ചു ദിവസം മുമ്പു് അതു പ്രസിദ്ധീകരിക്കാന്‍ വേണ്ടി അതിനു മുമ്പു് ഒരു ചെറിയ ഉപക്രമം എഴുതാന്‍ ശ്രമിച്ചതാണു് അമ്മാവന്റെയും ചിറ്റപ്പന്റെയും കഥ പറഞ്ഞു വൃഥാസ്ഥൂലമായതു്. പതിവുള്ള എഡിറ്റിംഗ് ചെയ്യാന്‍ ക്ഷമയുണ്ടായില്ല.

അതിലും വലിയ പ്രശ്നം ഉണ്ടായതു് അതില്‍ എഴുതാന്‍ ഉദ്ദേശിച്ചിരുന്ന പല കാര്യങ്ങളും പോസ്റ്റു ചെയ്തപ്പോള്‍ വിട്ടുപോയി എന്നതാണു്. അവയില്‍ ചിലതൊക്കെ പെറുക്കിക്കൂട്ടി നിരത്തിയിരിക്കുകയാണു് ഈ പോസ്റ്റില്‍. പുതിയ പോസ്റ്റ് ഉടനെയെങ്ങും എഴുതില്ല എന്ന തീരുമാനത്തിന്റെ ആദ്യത്തെ ലംഘനം.


ഞാന്‍ വായിച്ചു തുടങ്ങിയ കാലത്തു് ഇന്നത്തെപ്പോലെ കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങള്‍ കാര്യമായി ഉണ്ടായിരുന്നില്ല. ജനയുഗത്തിന്റെ ബാലപ്രസിദ്ധീകരണമായ “ബാലയുഗം” മാത്രമായിരുന്നു ശരണം. വല്ലപ്പോഴും സ്കൂളില്‍ നിന്നു “തളിരു്” എന്ന സാധനവും കിട്ടും. ബാക്കി വായനയൊക്കെ മുതിര്‍ന്നവരുടെ പുസ്തകങ്ങള്‍ തന്നെ. (ഇങ്ങനെ “മാതൃഭൂമി” ആഴ്ചപ്പതിപ്പു വായിച്ചതു കൊണ്ടുണ്ടായ ഒരു അപകടത്തെപ്പറ്റി ഇവിടെ പറയുന്നുണ്ടു്.)

ഏഴെട്ടു വയസ്സുള്ളപ്പോള്‍ ആദ്യമായി വായിക്കുന്ന പുസ്തകങ്ങളില്‍ പൊന്‍‌കുന്നം ദാമോദരന്റെ രാക്കിളികള്‍ (കര്‍ഷകത്തൊഴിലാളികളായ നാണുവും പവാനിയും തമ്മില്‍ കണ്ടുമുട്ടുന്നതും പവാനി ഗര്‍ഭിണിയാകുന്നതും പിന്നെ അവര്‍ കല്യാണം കഴിക്കുന്നതും അതിനു ശേഷം പവാനി വീണ്ടും വീണ്ടും ഗര്‍ഭിണിയാകുന്നതും കുഞ്ഞുങ്ങളെ നോക്കാന്‍ കഴിയാതെ അവര്‍ കഷ്ടപ്പെടുന്നതും അവസാനം പവാനി പ്രസവിച്ചു കിടക്കുന്ന ആശുപത്രിയുടെ വെളിയിലുള്ള സര്‍വ്വേക്കല്ലില്‍ നാണു തല തല്ലി ചാവുന്നതും ആണു കഥാതന്തു. കുടുംബാസൂത്രണപ്രചാരണത്തിനായി എഴുതിയ ഒരു നോവല്‍.), കാട്ടാക്കട ദിവാകരന്റെ കിളിക്കൂടു് (അമ്മാവന്റെ മകളായ ശ്രീദേവിയെ ചതിച്ചിട്ടു പട്ടണത്തില്‍ പോയി വലിയ ഡോക്ടറായ രവിയുടെ ഭാര്യയുടെ അച്ഛന്റെ രണ്ടാം ഭാര്യയായി ശ്രീദേവി എത്തുന്നതും അതിനു ശേഷമുള്ള ഉദ്വേഗജനകങ്ങളായ സംഭവവികാസങ്ങളുമാണു് ഇതിന്റെ ഇതിവൃത്തം. ചതിച്ചിട്ടു പോയ മുന്‍‌കാമുകന്റെ ശല്യം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്ത സരോജിനി എന്നൊരു ചേച്ചിയും, അവളുടെ മുന്‍‌കാമുകനെ കുത്തിമലര്‍ത്തിയിട്ടു നാടുവിട്ടുപോയ രഘു എന്നൊരു ചേട്ടനും ശ്രീദേവിക്കുണ്ടു്. രഘു നാടു വിട്ടു പോയിട്ടു് ഏതാനും മാസങ്ങള്‍ക്കു ശേഷം കുറച്ചകലെ താമസിക്കുന്ന ആശാന്റെ മകള്‍ പങ്കലാച്ചി ശ്രീദേവിയുടെ വീട്ടിലെത്തി രഘുവിന്റെ കുഞ്ഞിനെ അവിടെ പ്രസവിക്കുകയുണ്ടായി.) തുടങ്ങിയ മഹത്തായ ആഖ്യായികകള്‍ ഉള്‍പ്പെടുന്നു. ഇവയിലെ ദ്വയാര്‍ത്ഥപ്രയോഗങ്ങളുള്‍പ്പെടെ മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു. പലതിനും മുമ്പു പറഞ്ഞ അതീന്ദ്രിയദ്ധ്യാനം വഴി സമ്പാദിച്ച അര്‍ത്ഥങ്ങള്‍ മനസ്സിലാക്കുകയും ഭാവിയില്‍ അതൊക്കെ അബദ്ധമാണെന്നു മനസ്സിലാക്കുകയും ചെയ്തു.

ആയിടെ തന്നെ കെ. സുരേന്ദ്രന്റെ “മരണം ദുര്‍ബ്ബലം” എന്ന നോവല്‍ വായിക്കാന്‍ തുടങ്ങുകയും അതില്‍ മായമ്മ എന്നോ മറ്റോ പറയുന്ന നായികയും ഒരു കവിയും തമ്മിലുള്ള വക്കാരിയുടെ കമന്റുകള്‍ മാതിരിയുള്ള നെടുങ്കന്‍ കത്തുകള്‍ വായിച്ചു് അന്തം വിട്ടു കുന്തം വിഴുങ്ങി വായന നിര്‍ത്തുകയും ചെയ്തു. പിന്നെ കുറെക്കാലം കഴിഞ്ഞു “ജ്വാല” വായിക്കുന്നതു വരെ കെ. സുരേന്ദ്രന്‍ എന്നു കേള്‍ക്കുന്നതു തന്നെ പേടിയായിരുന്നു.


എന്റെ വായനശീലം വര്‍ദ്ധിപ്പിക്കാന്‍ ഗണ്യമായ ഒരു പങ്കു വഹിച്ചതു ലോറികളും ബസ്സുകളുമായിരുന്നു.

ലോറികളുടെ പിറകില്‍ മലയാളത്തിലും ഇംഗ്ലീഷിലും ആപ്തവാക്യങ്ങള്‍ ഉണ്ടാവും. “ദൈവമേ”, “പിന്നെക്കാണാം” തുടങ്ങിയ ഒറ്റവാക്‍സന്ദേശങ്ങള്‍ തൊട്ടു് “എനിക്കു വിശക്കുന്നു”, “നാം രണ്ടു്, നമുക്കു രണ്ടു്”, “എനിക്കു നീയും നിനക്കു ഞാനും” തുടങ്ങിയ മഹദ്വചനങ്ങള്‍ വരെ അവിടെ കാണാം. വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയിലെ കാറുകളിലെ ആലോചനാമൃതമായ ബമ്പര്‍ സ്റ്റിക്കറുകള്‍ കാണുമ്പോള്‍ (ഉദാ: ബുഷിനെതിരായ ഒരു ബമ്പര്‍ സ്റ്റിക്കര്‍: “No one died when Clinton lied!”) ഞാന്‍ ഈ ലോറിസന്ദേശങ്ങള്‍ ഓര്‍ക്കാറുണ്ടു്.

ബസ്സിനകത്തും (പ്രൈവറ്റ് ബസ്സുകള്‍) ഇങ്ങനെ പല സന്ദേശങ്ങളുണ്ടു്. “കയ്യും തലയും പുറത്തിടരുതു്”, “പുകവലി പാടില്ല” (സാധാരണ ഇതിലെ “പുലി” ആരെങ്കിലും മായ്ച്ചു കളഞ്ഞിട്ടുണ്ടാവും.), “എന്നെ തൊടരുതു്”, “എന്നെ ചവിട്ടരുതു്” തുടങ്ങിയവ. (അവസാനത്തെ രണ്ടെണ്ണം ഡ്രൈവറുടെ ഇടത്തുവശത്തുള്ള തൊട്ടാല്‍ ചുട്ടുപൊള്ളുന്ന പെട്ടിയുടെ പുറത്തുള്ളതാണു്. അതിനു മുകളില്‍ എപ്പോഴും വിറച്ചുകൊണ്ടിരിക്കുന്ന ഒരു കോലുമുണ്ടു്. ബോറടിക്കുമ്പോള്‍ ഡ്രൈവര്‍ ഇടയ്ക്കിടെ അതു് അങ്ങോട്ടും ഇങ്ങോട്ടും തട്ടുന്നതു കാണാം. അതിന്റെയൊന്നും പേരൊന്നും ആരോടും ചോദിച്ചിട്ടില്ല. ആ പെട്ടിയുടെയും ഇടത്തു വശത്തായി ഒരു തടിപ്പെട്ടിയുണ്ടു്. അതായിരുന്നു എന്റെ ഫേവറിറ്റ് സീറ്റ്. അവിടെയിരുന്നാല്‍ ഡ്രൈവര്‍ ചെയ്യുന്നതു കമ്പ്ലീറ്റ് കാണാം. ഇടയ്ക്കിടെ എഴുനേറ്റു കൊടുക്കേണ്ടിവരും. വണ്ടിയ്ക്കാവശ്യമുള്ള സ്പാനര്‍, കൈ തുടയ്ക്കുന്ന തോര്‍ത്തു്, ചീപ്പു്, കണ്ണാടി, മുറുക്കാന്‍ ചെല്ലം തുടങ്ങിയവ അതിനകത്താണു വെച്ചിരിക്കുന്നതു്.) കൂടാതെ ബസ്സിന്റെ മുന്‍ഭാഗത്തു യേശുക്രിസ്തുവിന്റെ ഒരു പടവും (ഇതെന്താ ക്രിസ്ത്യാനികള്‍ക്കു മാത്രമേ ബസ്സുള്ളോ? അതോ ബസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വകുപ്പു ദൈവമാണോ ക്രിസ്തു?) കൂടെ ഒരു ബൈബിള്‍ വചനവും ഉണ്ടാവും. ഇവയില്‍ ചിലവയാണു് എന്റെ വായനതൃഷ്ണയെ വിജൃംഭിച്ചതു്.


ആദ്യത്തെ വേദവാക്യം

യഹോവ എന്റെ ഇടയനാകുന്നു, എനിക്കു മുട്ടുണ്ടാവുകയില്ല

എന്നതായിരുന്നു. യഹോവ ഇടയനായാല്‍ മുട്ടിനു് എന്തു സംഭവിക്കും എന്നു് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. “ഇവിടെ കുറേ അഹങ്കാരികള്‍ ക്രിസ്ത്യാനികള്‍ ഉണ്ടു്. എല്ലാറ്റിന്റെയും മുട്ടു തല്ലിയൊടിക്കണം” എന്നു ചില ഹിന്ദുത്വതീവ്രവാദികള്‍ പറയുന്നതു കേട്ടിട്ടുണ്ടു്. യഹോവയെ പിന്തുടര്‍ന്നാല്‍ ആരെങ്കിലും മുട്ടു തല്ലിയൊടിക്കും എന്നു യഹോവയോടു പരാതി പറയുകയാണു് എന്നാണു് ആദ്യം കരുതിയതു്. മുട്ടിന്റെ ഇവിടെ ഉദ്ദേശിച്ച അര്‍ത്ഥം പിന്നീടാണു മനസ്സിലായതു്. The Lord is my shepherd. I have everything I need. (Psalms 23:1)


“മുട്ടു്” എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാകാത്തതു കൊണ്ടാണു് മുകളില്‍ പറഞ്ഞതു മനസ്സിലാവാത്തതെങ്കില്‍, “ദൂരാന്വയം” എന്ന കാവ്യദോഷമാണു് താഴെപ്പറയുന്ന വാക്യത്തെ ദുര്‍ഗ്രഹമാക്കിയതു്.

നിന്റെ കൃപ എനിക്കു മതി.

ഇതിലെ നാലു വാക്കുകളും നന്നായി അറിയാം. പക്ഷേ ഈ വാക്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഒരുപാടു കാലമെടുത്തു.

ആദ്യം തോന്നിയ അര്‍ത്ഥം ഇതാണു്: “ദൈവമേ, കുറെക്കാലമായി നീ എനിക്കു കൃപ തരുന്നു. ഇഷ്ടം പോലെ കിട്ടി. ഇനി എനിക്കു മതി. മടുത്തു. അതിനാല്‍, പ്ലീസ്, നീ എനിക്കു കൃപ തരരുതു്.”

ഇതിനൊരു പന്തികേടു്. കൃപ തരരുതു് എന്നു് ആരെങ്കിലും പ്രാര്‍ത്ഥിക്കുമോ? അതോ ദൈവം പരമകാരുണികനാണു് എന്നു് ഊന്നിപ്പറയുകയാണോ ഇതു്?

കുറച്ചു കഴിഞ്ഞപ്പോള്‍ തോന്നിയതു് ഇതാണു്: “നിന്റെ കൃപ എനിക്കു തന്നാല്‍ മതി. ഈ നാട്ടിലുള്ള വേറേ ഒരൊറ്റ അലവലാതിയ്ക്കും കൊടുത്തു പോകരുതു്.”

സുവിശേഷകര്‍ ഫ്രീയായി തരുന്ന ചുവന്ന പുറംചട്ടയും പോക്കറ്റിലിടാന്‍ തക്കവണ്ണം ചെറുപ്പവും മിനുസമുള്ള കടലാസും ചെറിയ അക്ഷരങ്ങളും ഉള്ള ഇംഗ്ലീഷ് ബൈബിളില്‍…

ഇതിലാണു ഞാന്‍ ആദ്യമായി internationalization കാണുന്നതു്. യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായം പതിനാറാം വാക്യം അതിന്റെ ആദിയില്‍ പല ലോകഭാഷകളിലും എഴുതിയിരുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ഹിന്ദിയും (क्योंकि परमेश्वर ने …) തമിഴും (தேவன், …) മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ മലയാളം ഇല്ലാത്തതില്‍ ഞാന്‍ ആരോടൊക്കെയോ രോഷം കൊണ്ടിരുന്നു. ഇന്നും അതു തുടരുന്നു. യൂണിക്കോഡിലും ഗൂഗിളിലും മറ്റും ഇല്ലാത്തതിനാണെന്നു മാത്രം.

…ഇതിന്റെ ഇംഗ്ലീഷ് രൂപം (My grace is all you need. 2 Cor. 12:9) വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോഴാണു് ഇതിന്റെ വിവക്ഷ “എനിക്കു നിന്റെ കൃപ മതി, വേറേ ഒരു കുന്തവും വേണ്ടാ” എന്നാണെന്നു മനസ്സിലായതു്. മലയാളമറിയാത്ത പാതിരിമാര്‍ തോന്നിയതു പോലെ പരിഭാഷപ്പെടുത്തിയ ബൈബിള്‍ പില്‍ക്കാലത്തെങ്കിലും അല്പം കൂടി നല്ല ഭാഷയില്‍ കണ്ടു വരുന്നു എന്നതു് ആശ്വാസജനകമാണു്.

(ഇതെഴുതിക്കഴിഞ്ഞു റെഫറന്‍സ് തപ്പിയപ്പോഴാണു കൊറിന്ത്യരുടെ രണ്ടാം ലേഖനം ഇരുപത്താറാം അദ്ധ്യായം ഒമ്പതാം വാക്യത്തില്‍ “എന്റെ കൃപ നിനക്കു മതി” എന്നാണെന്നു കണ്ടതു്. ഏതായാലും അബദ്ധധാരണകളെപ്പറ്റിയുള്ള ലേഖനമായതു കൊണ്ടു് അതു തിരുത്തുന്നില്ല. ഒട്ടാവ/ഒഷാവ പോലെ ഞാന്‍ ഇതു പലരോടും പറഞ്ഞിട്ടുണ്ടു്. അതു കേട്ട ആരെങ്കിലും ബൈബിളില്‍ ആ വാക്യവും ചേര്‍ത്തിരിക്കാന്‍ സാദ്ധ്യതയുണ്ടു്. :))

ഇനി, “നിന്റെ കൃപ എനിക്കു മതി” എന്ന വാക്യം ബൈബിളില്‍ എവിടെയെങ്കിലും കണ്ടാല്‍ ദയവായി എന്നെ അറിയിക്കുക. പ്ലൂട്ടോയുടെ കാര്യത്തിലെന്നതു പോലെ ഇവിടെയും എനിക്കൊന്നു് ഊരിയെടുക്കാമല്ലോ :))


ഇതിലെ ബൈബിള്‍ വാക്യങ്ങളുടെ റെഫറന്‍സ് കണ്ടെടുത്തു തന്ന കുട്ട്യേടത്തി, ഇഞ്ചിപ്പെണ്ണു്, സിബു, തമനു എന്നിവര്‍ക്കു നന്ദി.

(ഇവരില്‍ തമനു ഒരു കുന്തവും ചെയ്തിട്ടില്ല. അവനു കൂദാശ എത്രയുണ്ടെന്നു പോലും അറിയില്ല. നാട്ടുകാരനല്ലേ, ചേതമില്ലാത്ത ഒരുപകാരമിരിക്കട്ടേ എന്നു കരുതി :))


ഞാന്‍ ആദ്യമായി ചെസ്സുകളി കണ്ടതു് തൊട്ടടുത്തുള്ള പഞ്ചായത്ത് ഗ്രൌണ്ടില്‍ വോളിബോള്‍ കളി കാണാന്‍ പോകുമ്പോഴാണു്.

മുതിര്‍ന്നവരുടെ കളിയാണു്. പന്തു വരാന്‍ സാദ്ധ്യതയുള്ള സ്ഥലത്തു നില്‍ക്കുന്നതു തന്നെ അപകടമാണു്. പിന്നല്ലേ കളിക്കുന്നതു്! എങ്കിലും റഫറിയായി നടിച്ചു് ഒരു പോസ്റ്റിന്റെ മുകളില്‍ കയറി നില്‍ക്കുക, സ്കോര്‍ കീപ്പിംഗ് നടത്തുക, വെളിയില്‍ പോകുന്ന പന്തെടുത്തു കൊടുക്കുക, “അടി…”, “ഇടി…”, കൊടു്…”, “ശ്ശേ…”, “കലക്കി…”, “അതു മതി…” തുടങ്ങിയ വ്യാക്ഷേപകങ്ങള്‍ പുറപ്പെടുവിക്കുക, ടച്ചൂണ്ടോ, ക്രോസ് ചെയ്തോ, പന്തു് ഔട്ടാണോ റൈറ്റാണോ തുടങ്ങിയ തര്‍ക്കങ്ങള്‍ വരുമ്പോള്‍ വിലയേറിയ അഭിപ്രായങ്ങള്‍ (ആരും വിലമതിക്കില്ലെങ്കിലും) പ്രകടിപ്പിക്കുക ഇത്യാദി എണ്ണമറ്റ സേവനങ്ങള്‍ ചെയ്തുപോന്നു.

ചില ദിവസം സര്‍ക്കാര്‍ ജോലിക്കാ‍രായ രണ്ടുപേര്‍ ഒരു ചെസ്സ് സെറ്റുമായി വരും. അവിടെ പന്തുകളി നടക്കുമ്പോള്‍ ഇവിടെ ചെസ്സുകളി നടക്കും. ഇവര്‍ വരുന്ന ദിവസങ്ങളില്‍ ഞാന്‍ പന്തുകളി വിട്ടിട്ടു് ചെസ്സുകളി കാണാന്‍ പോയി ഇരിക്കും. പഴം കളി, ഇരുപത്തിനാലു നായും പുലിയും, പാറ കൊത്തു് (കൊത്തുകല്ലു്) തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമുകളില്‍ നിഷ്ണാതനായിരുന്നെങ്കിലും ഈ സാധനം കാര്യമായി മനസ്സിലായിരുന്നില്ല. ഏറ്റവും ബുദ്ധിമുട്ടു് കാലാളിന്റെ നീക്കമായിരുന്നു. ചിലപ്പോള്‍ ഒരു കളം, ചിലപ്പോള്‍ രണ്ടു കളം, ചിലപ്പോള്‍ കോണോടു കോണായി… ആകെ കണ്‍ഫ്യൂഷന്‍! ചോദിക്കുന്നതെങ്ങനെ? എനിക്കീ കളി അറിയില്ല എന്നു് അവര്‍ അറിയില്ലേ? അതുകൊണ്ടു് കളിയെല്ല്ലാം മനസ്സിലായി എന്നു നടിച്ചു തലയാട്ടി ഞാന്‍ അവിടെയിരിക്കും.

കുറെക്കാലം അങ്ങനെയിരുന്നപ്പോള്‍ നീക്കങ്ങളൊക്കെ പഠിച്ചു. എപ്പോഴാണു കളി തീരുന്നതു് എന്നു മാത്രം മനസ്സിലായില്ല. എനിക്കറിയാവുന്ന മറ്റു കളികളിലൊക്കെ ഒരാളുടെ കരുക്കളെല്ലാം തീരുമ്പോഴാണു കളി തീരുന്നതു്. ഇതില്‍ ഇടയ്ക്കു് ധാരാളം കരുക്കള്‍ ബാക്കിയിരിക്കുമ്പോള്‍ത്തന്നെ “കലക്കന്‍ കളിയായിരുന്നു” എന്നും മറ്റും പറഞ്ഞു നിര്‍ത്തുന്നതു കാണാം. ചോദിക്കാന്‍ പറ്റുമോ? അതിന്റെ ജീന്‍ വേണ്ടേ?

അങ്ങനെയിരിക്കേ ഒരു ദിവസം ഒരാള്‍ വിചിത്രമായ ഒരു നീക്കം നടത്തി. രാജാവിനെയും തേരിനെയും ഒരു നീക്കത്തില്‍ത്തന്നെ അങ്ങോട്ടുമിങ്ങോട്ടും നീക്കുന്ന വിദ്യ. “അതെന്താ?” എന്ന എന്റെ ചോദ്യം ജീനില്ലാത്തതു കൊണ്ടു തൊണ്ടയില്‍ത്തന്നെ കുരുങ്ങി. അപ്പോള്‍ നീക്കം നടത്തിയ ആളിന്റെ എതിരാളി ചോദിച്ചു.

“അതെന്താ?”

സമാധാനം. ഞാന്‍ ചെവി കൂര്‍പ്പിച്ചിരുന്നു.

“ഓ അതോ, അതു ഡയസ് നോണ്‍”

അവര്‍ എന്തോ ജോലിക്കാര്യം സംസാരിച്ചു കൊണ്ടിരുന്നതിന്റെ തുടര്‍ച്ചയാണു് അതെന്നു് എനിക്കു മനസ്സിലായില്ല. ആ നീക്കത്തിന്റെ പേരാണെന്നാണു ഞാന്‍ കരുതിയതു്.

ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ “ഡയസ് നോണ്‍” എങ്ങനെ നീക്കും എന്നെനിക്കു മനസ്സിലായി. രാജാവിനെ അതേ നിറത്തിലുള്ള തൊട്ടടുത്ത കളത്തിലേക്കു നീക്കുക. അതു ചാടിക്കടന്ന കളത്തിലേക്കു തേരിനെ വെയ്ക്കുക. അവയ്ക്കിടയില്‍ കരുക്കളുണ്ടെങ്കില്‍ ചെയ്യാന്‍ പാടില്ല എന്നു തോന്നുന്നു.

കാലം കുറേക്കഴിഞ്ഞു. ഇപ്പോള്‍ അത്യാവശ്യമായി അടിയറവും മറ്റും മനസ്സിലായി. കുറേശ്ശെ കളിച്ചും തുടങ്ങി, ജയിക്കാറില്ലെങ്കിലും.

എന്റെ വീടിനടുത്തു് ആകെ ഒരു സ്ഥലത്തേ ചെസ്സ് സെറ്റൂള്ളൂ. വൈ. എം. ഏ. ലൈബ്രറിയില്‍. രണ്ടു പേര്‍ കളിക്കുന്നുണ്ടാവും. പത്തിരുപതു പേര്‍ ചുറ്റും നിന്നു് “അതു കളി”, “ഇതു കളി”, “ഇവനെന്താ ഈ ചെയ്യുന്നതു്”, “മന്ത്രിയെക്കാള്‍ സ്ട്രോംഗ് കുതിരയല്ലേ” എന്നും മറ്റും ബഹളമുണ്ടാക്കിക്കൊണ്ടിരിക്കും. ഈ ബഹളക്കൂട്ടത്തില്‍ ഞാനും ഒരു സജീവാംഗമായിരുന്നു.

ഒരിക്കല്‍ നടുക്കിരിക്കുന്ന രാജാവിനെതിരേ ആക്രമണം കൊടുമ്പിരിക്കൊള്ളുന്ന സമയത്തു് അക്രമത്തിനിരയാകുന്നവനെ സഹായിച്ചുകൊണ്ടു ഞാന്‍ ഗര്‍ജ്ജിച്ചു:

“ഡയസ് നോണ്‍ ചെയ്യു്”

ലൈബ്രറിയിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകള്‍ ഒരുമിച്ചു് എന്റെ മേല്‍ പതിച്ചു.

“ഡയസ് നോണ്‍” എന്നു വെച്ചാല്‍ ജോലി ചെയ്യാതെ സമരമോ മറ്റോ ചെയ്താല്‍ ശമ്പളം പിടിക്കുകയോ മറ്റോ ചെയ്യുന്ന സര്‍ക്കാര്‍ ജോലി ജാര്‍ഗണാണെന്നും ചെസ്സിലെ നീക്കത്തിന്റെ പേരു് “കാസ്ലിംഗ്” (Castling) എന്നാണെന്നും അന്നു ഞാന്‍ മനസ്സിലാക്കി.

പിന്നീടു് എത്രയോ തവണ O-O എന്നും O-O-O എന്നും സ്കോര്‍ ഷീറ്റില്‍ എഴുതി ഞാന്‍ കാസ്ലിംഗ് ചെയ്തിരിക്കുന്നു. ഓരോ തവണയും ഞാന്‍ ഡയസ് നോണിനെ ഓര്‍ക്കും.

എന്‍-പാസന്റ് എന്ന വിദ്യ അവര്‍ക്കറിയില്ലായിരുന്നു എന്നു തോന്നുന്നു. അറിയാമായിരുന്നെങ്കില്‍ ഞാന്‍ അതിനെ “കമ്യൂട്ടഡ് ലീവ്” എന്നോ മറ്റോ വിളിച്ചേനേ.


ആദ്യമായി കടലാസ്സില്‍ നോക്കി ഒരു ചെസ്സ് ഗെയിം കളിച്ചു നോക്കിയതു് 1978-ല്‍ കാര്‍പ്പോവും കൊര്‍ച്ച്നോയിയും ലോക ചാമ്പ്യന്‍ ഷിപ്പു കളിച്ചപ്പോഴാണു്. Sports in the USSR എന്ന മാ‍സികയില്‍ കാര്‍പ്പോവ് ജയിച്ച ആറു കളികളും ഉണ്ടായിരുന്നു. അതു കളിച്ചു നോക്കിയിട്ടു് കാര്യമായി ഒന്നും മനസ്സിലായില്ല. 1. c4 e6 2. Nc3 d5 3. d4 എന്നീ നീക്കങ്ങള്‍ക്കു ശേഷം (അതില്‍ descriptive notation-ല്‍ ആയിരുന്നു. 1. P-QB4 P-K3 2. N-QB3 P-Q4 3. P-Q4) c4-ലെ കാലാളിനെ അഞ്ചാറു നീക്കങ്ങള്‍ കഴിയുന്നതു വരെ കാര്‍പ്പോവ് വെട്ടാത്തതെന്താണെന്നു തല പുകഞ്ഞാലോചിച്ചു മണിക്കൂറുകള്‍ കളഞ്ഞിട്ടുണ്ടു്. മൂര്‍ത്തി പറഞ്ഞ എതിരന്‍ പുസ്തകങ്ങള്‍ പോയിട്ടു് ടി. കെ. ജോസഫ് തറപ്പേലിന്റെ “ചെസ്സ് മാസ്റ്റര്‍” എന്ന മലയാളപുസ്തകം പോലും ഉണ്ടെന്നു് അറിയാത്ത കാലം. ആറുകളിയും തോറ്റ കോര്‍ച്ച്നോയി ഒരു മണ്ടന്‍ കളിക്കാരനായിരുന്നു എന്നായിരുന്നു എന്റെ വിചാരം.

ആദ്യത്തെ ചെസ്സ് പുസ്തകം പ്രഭാത് ബുക്ക് ഹൌസിന്റെ ചലിക്കുന്ന പുസ്തകശാലയില്‍ നിന്നു വാങ്ങിയ “Your first move” (സൊക്കോള്‍സ്കി എഴുതിയതു്) ആയിരുന്നു. അതില്‍ കോര്‍ച്ച്നോയിയെപ്പോലെ മറ്റൊരു മണ്ടനെ കണ്ടുമുട്ടി. ഇദ്ദേഹം എല്ലാ കളികളിലും തോറ്റിരുന്നു. Amateur എന്നാണു പേരു്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മോര്‍ഫിയോടു തോറ്റ അദ്ദേഹം 1930-കളില്‍ അലക്സാണ്ടര്‍ അലക്കൈനോടും വയസ്സുകാലത്തു തോറ്റിട്ടുണ്ടു്. തോറ്റെങ്കിലും ഇത്ര വയസ്സുകാലത്തും കളിക്കുന്ന അയാളോടു് എനിക്കു ബഹുമാനം തോന്നിയിരുന്നു-അതും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചുറ്റി നടന്നു കളിച്ചിരുന്ന ആ അര്‍പ്പണബോധത്തെ ഓര്‍ത്തിട്ടു്.

പിന്നീടു മറ്റൊരു പുസ്തകത്തില്‍ ഇദ്ദേഹം ബോബി ഫിഷറിനോടു് 1960-കളില്‍ തോല്‍ക്കുന്നതു കണ്ടപ്പോഴാണു് എന്തോ പാകപ്പിഴയുണ്ടെന്നു മനസ്സിലായതു്. പിന്നെ മനസ്സിലായി പേരു പ്രസക്തമല്ലാത്ത വെറും കളിക്കാരെ (വലിയ കളിക്കാര്‍ സൈമല്‍ട്ടേനിയസ്സ് എക്സിബിഷനിലും മറ്റും കളിക്കുന്നവര്‍) സൂചിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പേരാണു് Amateur എന്നു്.

പില്‍ക്കാലത്താണു് മാക്സ് ഓയ്‌വിന്റെ Master vs Amateur, Road to the Chess Mastery എന്നീ പുസ്തകങ്ങള്‍ വായിച്ചതു്.


ജോലി തെണ്ടിയും പിന്നെ കിട്ടിയും ബോംബെയില്‍ മൂന്നു സഹമുറിയന്മാരൊപ്പം താമസിക്കുന്ന സമയത്തു വീട്ടില്‍ ഇംഗ്ലീഷ് പത്രം വരുത്തുമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ. ഇന്നത്തെയും എന്നത്തെയും പോലെ അന്നും എനിക്കു പത്രവായനയുടെ ദുശ്ശീലമില്ല. (ഈയിടെ കാലിഫോര്‍ണിയയില്‍ തീപിടുത്തമുണ്ടായതറിഞ്ഞതു രാം മോഹന്റെ പോസ്റ്റു കണ്ടപ്പോഴാണു്. മൂട്ടില്‍ ചൂടു തട്ടിയപ്പോഴല്ല, ഭാഗ്യം!) ഞായറാഴ്ച വേറേ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടു വാരഫലം, കാര്‍ട്ടൂണുകള്‍, മുകുല്‍ ശര്‍മ്മയുടെ “മൈന്‍ഡ് സ്പോര്‍ട്ട്”, ചെസ്സ്, ബ്രിഡ്ജ് തുടങ്ങിയവ വായിക്കും. അത്രമാത്രം.

താത്പര്യത്തോടു കൂടി ആകെ വായിക്കുന്നതു വേറേ ഏതോ ദിവസം പ്രസിദ്ധീകരിക്കുന്ന വിവാഹപ്പരസ്യങ്ങള്‍ മാത്രമാണു്. പരസ്യത്തിനു മറുപടി അയയ്ക്കാന്‍ ഉദ്ദേശ്യമൊന്നുമില്ല. എങ്കിലും കെട്ടുപ്രായമായ പെങ്കൊച്ചുങ്ങള്‍ക്കും അവരുടെ അപ്പനമ്മമാര്‍ക്കും വരന്‍ എങ്ങനെയുള്ളവനാകണം? എന്നതിനെപ്പറ്റിയുള്ള അഭിപ്രായം അറിയാന്‍ ഒരു കൊതി. അതുപോലെ ആകാന്‍ ശ്രമിക്കാം എന്ന ദുരുദ്ദേശ്യമൊന്നുമില്ല താനും.

അങ്ങനെ നോക്കിയിരിക്കുമ്പോഴാണു് മിക്കവാറും എല്ലാ പരസ്യത്തിലും ഉള്ള ഒരു വാക്കു കണ്ണില്‍ തറച്ചതു്. പയ്യന്‍ teetotaler ആയിരിക്കണമത്രേ!

സഹമുറിയന്‍ വാങ്ങി വെച്ച ഒരു നിഘണ്ടു അലമാരയിലുണ്ടു്. ഈ വക കാര്യങ്ങളില്‍ ഞാന്‍ അതു തൊട്ടുനോക്കാറു പോലുമില്ല. (അതിനു വേറേ ഒരു കാരണം കൂടിയുണ്ടു്. അതു് ഇംഗ്ലീഷ്-ഇംഗ്ലീഷ് നിഘണ്ടുവാണു്, ഇംഗ്ലീഷ്-മലയാളം അല്ല. അതില്‍ അറിയാത്ത ഒരു വാക്കിന്റെ അര്‍ത്ഥം നോക്കിയാല്‍ അറിയാത്ത വേറെ അഞ്ചു വാക്കു കിട്ടും. അവയുടെ അര്‍ത്ഥം നോക്കിയാല്‍ നമ്മുടെ അണ്‍നോണ്‍ വൊക്കാബുലറിയില്‍ ഇരുപത്തഞ്ചു വാക്കുകളാകും. അങ്ങനെ അര്‍ജ്ജുനന്റെ അമ്പുകള്‍ പോലെ എടുക്കുമ്പോള്‍ ഒന്നു്, തൊടുക്കുമ്പോള്‍ പത്തു് എന്നിങ്ങനെ അറിയാത്ത വാക്കുകള്‍ കൂടിക്കൊണ്ടിരിക്കും.) പകരം, സ്വന്തം അതീന്ദ്രിയദ്ധ്യാനം തന്നെ ഉപയോഗിക്കും. ആ വാക്കു കണ്ടിട്ടു നല്ല മെലിഞ്ഞു നീണ്ട ഒരുവനാണെന്നു തോന്നി. Toe വരെ total ആയി എത്തുന്ന കൈയുള്ളവന്‍ എന്നോ മറ്റോ ഒരര്‍ത്ഥവും തോന്നി. അതുകൊണ്ടു മെലിഞ്ഞുനീണ്ടവന്‍ എന്നൊരു അര്‍ത്ഥമെടുത്തു. ആജാനുബാഹു എന്നു വേണമെങ്കില്‍ ഒരു വെയിറ്റിനു പറയാം എന്നും ഓര്‍ത്തു.

എന്തിനും സംശയം ചോദിക്കുന്ന ഒരുവന്‍ മുറിയില്‍ വന്നതും അവന്‍ പത്രം വായിച്ചതും (അവന്‍ പത്രം മുഴുവന്‍ പരസ്യമുള്‍പ്പെടെ അരിച്ചുപെറുക്കി വായിക്കും) ഇതിന്റെ അര്‍ത്ഥം ചോദിച്ചതും ഞാന്‍ “ആജാനുബാഹു” എന്നു പറഞ്ഞതും എല്ലാവരും തലയറഞ്ഞു ചിരിച്ചതും പിന്നെ കുറേക്കാലം എന്നെ എല്ലാവരും “ആജാനുബാഹു” എന്നു വിളിച്ചതും ഒക്കെ ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. ഓര്‍മ്മകളേ….

(എന്നെപ്പോലെ മടിയുള്ളവര്‍ക്കു വേണ്ടി: teetotaler എന്നു വെച്ചാല്‍ ഒരു കാലത്തും മദ്യപിക്കില്ല എന്നു പ്രതിജ്ഞയെടുത്തവന്‍ എന്നാണര്‍ത്ഥം.)


ഇനിയുമുണ്ടു് ഒരുപാടു പോസ്റ്റുകളെഴുതാനുള്ള വകുപ്പു് ഈ വിഷയത്തില്‍. ഞാന്‍ ഏതായാലും തത്ക്കാലം ഇവിടെ നിര്‍ത്തുന്നു. ഇതിന്റെ മൂന്നാം ഭാഗം അരവിന്ദനും നാലാം ഭാഗം വിശാലമനസ്കനും എഴുതും എന്നറിയുന്നു. ഒരു പക്ഷേ, ഇതു ബൂലോഗത്തിലെ ആദ്യത്തെ സംയുക്തപരമ്പരയാവില്ല എന്നാരു കണ്ടു? ഇതായിരിക്കുമോ ബൂലോഗത്തില്‍ നിന്നുള്ള അടുത്ത പുസ്തകം? “ബൂലോഗരുടെ അബദ്ധധാരണകള്‍”!

അബദ്ധധാരണകളുടെ ഇനിയുള്ള ഭാഗങ്ങള്‍ എഴുതുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്കു്:

  1. നാമെഴുതുന്നതു് ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാവുന്ന സംഗതികള്‍ മടി കൊണ്ടോ ജീന്‍ ഇല്ലാത്തതു കൊണ്ടോ ചെയ്യാതെ വളരെക്കാലം കൊണ്ടു് അബദ്ധത്തില്‍ ചാടുന്ന സംഗതികളാണു്. അല്ലാതെ അറിവില്ലായ്മ കൊണ്ടും അധികപ്രസംഗം കൊണ്ടും കാണിക്കുന്ന മണ്ടത്തരങ്ങളല്ല. അത്തരം സംഗതികള്‍ക്കായി ശ്രീജിത്ത് “മണ്ടത്തരങ്ങള്‍” എന്ന ബ്ലോഗ് തുറന്നു വെച്ചിട്ടുണ്ടു്. അതിപ്പോള്‍ ലീസിനു ലഭ്യമാണു്.
  2. മുകളില്‍ പറഞ്ഞ കാരണം കൊണ്ടു് അനംഗാരിയും വെമ്പള്ളിയും പറഞ്ഞ മാതിരിയുള്ള ഉദാഹരണങ്ങള്‍ സ്വീകാര്യമല്ല.
  3. ഓവറാക്കരുതു്. സത്യം സത്യമായേ പറയാവൂ.

ആശംസകള്‍!