(ഈയിടെ ഒരു മെയിലിംഗ് ലിസ്റ്റില്‍ നടന്ന ഒരു തര്‍ക്കമാണിതു്. എല്ലാവര്‍ക്കും ഉപയോഗമുള്ളതായതു കൊണ്ടും ഇതിനു കൂടുതല്‍ ചര്‍ച്ച ആവശ്യമായതു കൊണ്ടും ഇവിടെക്കൂടി പ്രസിദ്ധീകരിക്കുന്നു.)
ദിനപത്രം, ദിനപ്പത്രം എന്നിവയില്‍ ഏതാണു ശരി?
ദിന + പത്രം എന്നതാണു സന്ധി. സമാസം തത്‌പുരുഷനും. അതായതു് ആദ്യത്തെ വാക്കു് ഒരു വിധത്തില്‍ വിശേഷണവും രണ്ടാമത്തേതു് വിശേഷ്യവും ആണു്.
വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ രണ്ടാമത്തെ വാക്കിലെ ആദ്യത്തെ ദൃഢാക്ഷരം (ഖരം, അതിഖരം, മൃദു, ഘോഷം, ഊഷ്മാവു് എന്നിവയാണു ദൃഢാക്ഷരങ്ങള്‍.) ഇരട്ടിക്കും എന്നാണു മലയാളസന്ധിനിയമം. (മൂന്നു കൊല്ലം മുമ്പു് കരിക്കലവും പൊതിച്ചോറും എന്ന പോസ്റ്റില്‍ ഞാന്‍ ഇതിനെപ്പറ്റി എഴുതിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അവിടെയുണ്ടു്.) സംസ്കൃതത്തില്‍ ഈ ഇരട്ടിപ്പില്ല.
സംസ്കൃതത്തില്‍ ദിന + പത്രം = ദിനപത്രം ആണു്. മലയാളത്തില്‍ ദിനപ്പത്രവും. ഇനി ഇതില്‍ ഏതു സ്വീകരിക്കണം എന്നതാണു ചോദ്യം.
രണ്ടു വാക്കുകളും മലയാളമാണെങ്കില്‍ (സംസ്കൃതമല്ലെങ്കില്‍) മലയാളരീതിയില്‍ സന്ധി ചേര്‍ക്കും.
ഉദാ:
ചക്ക + കുരു = ചക്കക്കുരു
കുട്ടി + കുറുമ്പന്‍ = കുട്ടിക്കുറുമ്പന്‍
രണ്ടു വാക്കുകള്‍ തമ്മില്‍ ചേരുമ്പോള്‍ അതിലൊന്നു സംസ്കൃതമല്ലെങ്കിലും മലയാളരീതിയിലാണു യോജിപ്പിക്കുക.
ഇനി രണ്ടും സംസ്കൃതപദമാണെങ്കില്‍ എന്തു ചെയ്യും? അവയെ സംസ്കൃതസന്ധിനിയമങ്ങളുപയോഗിച്ചു ചേര്‍ക്കണം എന്നാണു സംസ്കൃതപക്ഷപാതികളും ഭാഷാദ്ധ്യാപകരും സാധാരണ പറയാറുള്ളതു്.
വീര + പുരുഷന്‍ = വീരപുരുഷന്‍, വീരപ്പുരുഷന്‍ അല്ല.
നീല + കമലം = നീലകമലവും നീല + താമര = നീലത്താമരയുമാണെന്ന കാര്യം ശ്രദ്ധിക്കുക.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രണ്ടു സംസ്കൃതവാക്കുകള്‍ ചേര്‍ന്നുണ്ടാകുന്നതിനെ സംസ്കൃതരീതിയില്‍ ചേര്‍ത്തു് ഒറ്റ സംസ്കൃതവാക്കായി മലയാളത്തില്‍ സ്വീകരിക്കണമെന്നാണു വാദം.
ഇതനുസരിച്ചു്, ദിന + പത്രം = ദിനപത്രം ആണു്.
പക്ഷേ, ഈ നിയമം ഇത്ര കര്‍ശനമാകണോ എന്നതു ചര്‍ച്ച ചെയ്യേണ്ടതാണു്. ദിനം, പത്രം എന്നീ വാക്കുകള്‍ ഇതിനകം തന്നെ മലയാളം സ്വാംശീകരിച്ച വാക്കുകളാണു്. അവയെ പ്രത്യേക മലയാളവാക്കുകളായിക്കണ്ടു് ദിനപ്പത്രം എന്നു സന്ധി ചേര്‍ത്താലും ശരിയാണെന്നാണു് എന്റെ അഭിപ്രായം. മാത്രമല്ല, ഇതിലെ newspaper എന്ന അര്‍ത്ഥമുള്ള “പത്രം” മലയാളമാണു്. സംസ്കൃതത്തില്‍ “കത്തു്” എന്നാണു് അതിന്റെ പ്രധാന അര്‍ത്ഥം.
ഇതേ തര്‍ക്കം തന്നെ ഉണ്ടാകാവുന്ന വേറേ വാക്കുകളുമുണ്ടു്. ചന്ദ്ര + കല ആണു് ഒരുദാഹരണം. സംസ്കൃതരീതിയില്‍ ചന്ദ്രകലയും (“ചതുര്‍ഭുജേ ചന്ദ്രകലാവതംസേ…” എന്നു കാളിദാസന്‍) മലയാളരീതിയില്‍ ചന്ദ്രക്കലയും (“ചുവന്നു ചന്ദ്രക്കല പോല്‍ വളഞ്ഞും…” എന്നു കാളിദാസപരിഭാഷയില്‍ കേരളപാണിനി.) ആണു്. ഇപ്പോള്‍ ചന്ദ്രക്കല എന്ന രൂപമാണു ധാരാളമായി ഉപയോഗിക്കുന്നതു്. എന്നാല്‍ ശശികലയെ ആരും ശശിക്കല എന്നു വിളിച്ചു കേട്ടിട്ടില്ല. അമ്പിളിക്കലയെ അമ്പിളികല എന്നും. ശശി സംസ്കൃതവും അമ്പിളി മലയാളവുമാണെന്നതു ശ്രദ്ധിക്കുക.
മറ്റു ഭാഷകളിലെ വാക്കുകള്‍ മലയാളത്തിലേക്കെടുത്തു് അവയെ മലയാളസന്ധിനിയമങ്ങള്‍ ഉപയോഗിച്ചു യോജിപ്പിക്കുന്നതു സംസ്കൃതത്തിന്റെ കാര്യം മാത്രമല്ല. ഇംഗ്ലീഷ് വാക്കായ post man നോക്കൂ. പിന്നില്‍ വ്യഞ്ജനം വന്നാല്‍ മലയാളികള്‍ സംവൃതോകാരത്തെ വിവൃതമാക്കുന്നതു കൊണ്ടു് അതു പോസ്റ്റുമാനായി.
ഇതു് എന്റെ അഭിപ്രായം മാത്രം. ഇതനുസരിച്ചു സംസ്കൃതത്തില്‍ മലയാളികള്‍ക്കു ക്ലിഷ്ടസന്ധിയുള്ളവയെയും മാറ്റാം എന്നാണു് എന്റെ അഭിപ്രായം. വിദ്യുച്ഛക്തി അങ്ങനെ തന്നെ നില്‍ക്കട്ടേ; എന്നാലും പാര്‍വ്വതീശനെ (പാര്‍വ്വതി(തീ) + ഈശന്‍) പാര്‍വ്വതിയീശന്‍ എന്നു പറഞ്ഞാലും വലിയ തരക്കേടില്ല എന്നു തോന്നുന്നു. (പാര്‍വ്വതേശന്‍ എന്നു പറയാതിരുന്നാല്‍ മതി!) അണ്വായുധത്തെ (അണു + ആയുധം) അണുവായുധം എന്നും.
ഇതുകൊണ്ടു്, ദിനപത്രം, ചന്ദ്രകല, അണ്വായുധം എന്നിവ തെറ്റാണെന്നു് അര്‍ത്ഥമില്ല. അവയും ശരിയാണു്. ദിനപ്പത്രം, ചന്ദ്രക്കല, അണുവായുധം എന്നിവ തെറ്റാണെന്നു പറയുന്നതു് അത്ര ശരിയല്ല എന്നു മാത്രം.
ഭാഷാപണ്ഡിതരുടെയും മറ്റും അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടു്. ഞാന്‍ മുകളില്‍പ്പറഞ്ഞതാണോ, അതോ ദിനപത്രം, ചന്ദ്രകല എന്നിവ ശരിയും ദിനപ്പത്രം, ചന്ദ്രക്കല തുടങ്ങിയവ പ്രയോഗസാധുത കൊണ്ടു മാത്രം ശരിയായി മാറിയ തെറ്റും ആണു് എന്നാണോ അഭിപ്രായം? ദയവായി അഭിപ്രായങ്ങള്‍ കമന്റായി ഇടുക.
കവിയും ബാലസാഹിത്യകാരനും അക്ഷരശ്ലോകവിദഗ്ദ്ധനും ഭാഗവതപണ്ഡിതനുമായ ബാലേന്ദു (ശ്രീ കെ. സി. ചന്ദ്രശേഖരന്‍ നായര്‍) അദ്ദേഹം പണ്ടു ജനയുഗത്തില്‍ കണ്ട ഒരു സമസ്യ അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പിലേയ്ക്കു സ്വന്തം പൂരണത്തോടൊപ്പം അയച്ചിരുന്നു. അതു് ഇവിടെ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം സദയം സമ്മതിച്ചിട്ടുണ്ടു്. കുറേക്കാലമായി മുടങ്ങിക്കിടന്നിരുന്ന സമസ്യാപൂരണപംക്തി പുനരാരംഭിക്കുന്നു.
വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – -). ഈ പോസ്റ്റും കാണുക.
ബാലേന്ദുവിന്റെ പൂരണം:
നല്ലോണമുണ്ടു മഴ, ഭൂമി കൃഷിക്കു കേമം,
ചൊല്ലാര്‍ന്ന കാര്‍ഷികപരമ്പര നല്ലവണ്ണം;
ഇല്ലാത്തതൊന്നു പണി ചെയ്‌വതിനുള്ളൊരുക്കം
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?
പൂരണങ്ങള്‍ ദയവായി കമന്റായി ചേര്‍ക്കുക. ഒരാള്‍ക്കു` എത്ര പൂരണങ്ങള്‍ വേണമെങ്കിലും അയയ്ക്കാം. വൃത്തം തെറ്റാത്തവയും (തെറ്റിയാല്‍ നമുക്കു കമന്റുകളിലൂടെ നേരെയാക്കാം) ആശയം യോജിക്കുന്നവയുമായ പൂരണങ്ങള്‍ ഞാന്‍ വേറൊരു പോസ്റ്റില്‍ ചേര്‍ക്കാം. മുമ്പു പ്രസിദ്ധീകരിച്ച പൂരണങ്ങളുടെ ആശയം കഴിയുന്നത്ര അപഹരിക്കാതിരിക്കാന്‍ ശ്രമിക്കുക.
എന്റെ അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റില്‍ ചരിത്രത്തിനു നിരക്കാത്ത പലതും സാരസ്യത്തിനു വേണ്ടി ചേര്‍ത്തിരുന്നു. അവ ഈ കഥകളെപ്പറ്റി തെറ്റായ ധാരണകള്‍ ഉണ്ടാക്കും എന്നു പലരും ചൂണ്ടിക്കാട്ടി. ഉദ്ദണ്ഡന്റെയും പുനം നമ്പൂതിരിയുടെയും കാക്കശ്ശേരി ഭട്ടതിരിയുടെയും കഥകളായി ചരിത്രത്തിലും ഐതിഹ്യങ്ങളിലും ഉള്ള വസ്തുതകളാണു് ഈ പോസ്റ്റില്‍.
ഉദ്ദണ്ഡശാസ്ത്രികള്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നിവര്‍ സമകാലികരായിരുന്നു. മൂന്നു പേരും പതിനഞ്ചാം നൂറ്റാണ്ടില്‍ കോഴിക്കോടു മാനവിക്രമരാജാവിന്റെ രാജസദസ്സിലെ സദസ്യരായിരുന്നു. (ശക്തന്‍ തമ്പുരാന്റെ കാലത്താണു് ഇവര്‍ ജീവിച്ചിരുന്നതെന്നു് `ഐതിഹ്യമാല’യില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പ്രസ്താവിക്കുന്നതു തെറ്റാണു്. ശക്തന്‍ തമ്പുരാന്‍ പതിനെട്ടാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നതു്.) ഇവര്‍ മൂന്നു പേരും പതിനെട്ടരക്കവികളില്‍ ഉള്ളവരാണു്.
ഉദ്ദണ്ഡന്‍ എന്നതും സ്വന്തം പേരല്ല. “ഉദ്ദണ്ഡഃ പരദണ്ഡ…” എന്നു തുടങ്ങുന്ന ഒരു ശ്ലോകം രാജാവിനെപ്പറ്റി ഉണ്ടാക്കി ചൊല്ലിയതിനാല്‍ രാജാവു കൊടുത്ത പേരാണു്. കള്ളപ്പേരുകളെ എതിര്‍ക്കുന്ന ആളായി ഉദ്ദണ്ഡനെ ചിത്രീകരിച്ചതിനാല്‍ മനഃപൂര്‍വ്വം ഈ കാര്യം പോസ്റ്റില്‍ മറച്ചുവെച്ചതാണു്.
ഉദ്ദണ്ഡനു ഭാഷാകവികളെ പുച്ഛമായിരുന്നു. “പലായധ്വം…”, “ഭാഷാകവിനിവഹോയം…” എന്നീ ശ്ലോകങ്ങള്‍ അദ്ദേഹം എഴുതിയതു തന്നെയാണു്. എങ്കിലും പുനം നമ്പൂതിരിയെപ്പറ്റി നല്ല മതിപ്പായിരുന്നു. “താരില്‍ത്തന്വീ…” എന്ന ശ്ലോകത്തെ അഭിനന്ദിച്ചു പട്ടു കൊടുത്തതും “അധികേരളം…” എന്ന ശ്ല്ലോകമെഴുതിയതും ഉള്ളതു തന്നെയാണു്. പോസ്റ്റില്‍ പറയുന്നതു പോലെ പുനത്തോടുള്ള ആദരവു് ഒരിക്കലും കുറഞ്ഞിട്ടില്ല.
ആ പോസ്റ്റില്‍ പറയുന്നതു പോലെ ഉദ്ദണ്ഡശാസ്ത്രികള്‍ കാവ്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാത്ത അരസികനായിരുന്നില്ല. കോകിലസന്ദേശം, മല്ലികാമാരുതം എന്നീ കാവ്യങ്ങള്‍ അദ്ദേഹത്തിന്റേതാണെന്നാണു പണ്ഡിതമതം. തന്റെ കുട്ടിയെ കാവ്യം പഠിപ്പിക്കുമോ എന്നു ചോദിച്ച ഒരു അച്ഛനോടു പറഞ്ഞതാണു് “വാചാ വാക്യപദാര്‍ത്ഥ…” എന്ന ശ്ലോകം. അല്ലാതെ ഉദ്ദണ്ഡന്റെ കാവ്യാസ്വാദനത്തിന്റെ അശക്തിയെ സൂചിപ്പിക്കുന്നതല്ല.
ഒരു ക്ഷേത്രത്തില്‍ ഉടുക്കു കൊട്ടുന്നതു കേട്ടിട്ടു് ആ താളത്തിലെഴുതിയ ശ്ലോകമാണു് “നൃത്യദ്ധൂര്‍ജ്ജടി…” എന്നതു്. ആ ശ്ലോകത്തില്‍ ശബ്ദഭംഗിക്കു തന്നെയാണു പ്രാധാന്യം.
വാദം നടക്കുന്നതു് കാക്കശ്ശേരിക്കു് ഏഴു വയസ്സുള്ളപ്പോഴാണു്. പിന്നീടു് അദ്ദേഹം രാജസദസ്സില്‍ അംഗമായി. അതിനും വളരെക്കാലം കഴിഞ്ഞാണു് “ഹൃദാകാശേ ചിദാദിത്യ…” എന്ന ശ്ലോകത്തിന്റെ ഉദ്ഭവം.
ഞാനെഴുതിയതു പോലെ “ചിദാകാശേ ഹൃദാദിത്യ…” എന്നല്ല ആ ശ്ലോകം, “ഹൃദാകാശേ ചിദാദിത്യ…” എന്നാണു്. ചൂണ്ടിക്കാണിച്ച മധുരാജിനും ശ്രീകൃഷ്ണനും നന്ദി.
സാധാരണ ബ്രാഹ്മണരെപ്പോലെ സന്ധ്യാവന്ദനവും മറ്റും ചെയ്യുന്ന പതിവു കാക്കശ്ശേരിക്കില്ലായിരുന്നു. അതെന്തേ എന്നു് ഒരിക്കല്‍ ഒരാള്‍ ചോദിച്ചപ്പോള്‍ കൊടുത്ത മറുപടിയാണു് ആ ശ്ലോകം. ശ്ലോകം:
ഹൃദാകാശേ ചിദാദിത്യഃ
സദാ ഭാതി നിരന്തരം
ഉദയാസ്തമയൌ നസ്തഃ
കഥം സന്ധ്യാമുപാസ്മഹേ?
അര്‍ത്ഥം:
ഹൃത്-ആകാശേ
:
ഹൃദയമാകുന്ന ആകാശത്തില്‍
ചിത്-ആദിത്യഃ
:
മനസ്സാകുന്ന സൂര്യന്‍
സദാ നിരന്തരം ഭാതി
:
എപ്പോഴും ഇടതടവില്ലാതെ വിളങ്ങുന്നു.
ഉദയ-അസ്തമയൌ നസ്തഃ
:
ഉദയവും അസ്തമയവും ഉണ്ടാകുന്നില്ല
കഥം സന്ധ്യാം ഉപാസ്മഹേ?
:
എങ്ങനെ (ഞാന്‍) സന്ധ്യയെ വന്ദിക്കും?
ഉദ്ദണ്ഡനെപ്പോലെ പ്രാസസുന്ദരമായി കാക്കശ്ശേരിക്കും എഴുതാന്‍ കഴിയുമായിരുന്നു എന്നു കാണിക്കാന്‍ മാത്രമാണു് ആ ശ്ലോകാര്‍ദ്ധം പോസ്റ്റില്‍ ഇട്ടതു്.
“പലായധ്വം…” എന്ന ശ്ലോകത്തോടൊപ്പം തന്നെയാണു “ഭാഷാകവിനിവഹോയം…” എന്ന ശ്ലോകവുമെഴുതിയതു്. ഉദ്ദണ്ഡന്‍ കേരളത്തില്‍ വന്ന സമയത്തു്. അല്ലാതെ വാദം കഴിഞ്ഞല്ല.
കാക്കശ്ശേരിക്കു ഭാഷാകവികളോടു പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹവും സംസ്കൃതത്തില്‍ത്തന്നെയാണു് എഴുതിയിരുന്നതു്.
“ആപദി കിം കരണീയം…” എന്നതു തര്‍ക്കുത്തരത്തിലുപരി അല്പം തത്ത്വശാസ്ത്രവുമാണു്. അതിന്റെ വിവരണം അവിടെ അസ്ഥാനത്തായതു കൊണ്ടാണു് എഴുതാഞ്ഞതു്. പൂര്‍ണ്ണമായ കഥ വായിക്കാന്‍ ഗുപ്തന്റെ ഈ കമന്റു കാണുക.
ഗുപ്തന്‍ പറഞ്ഞ കഥ മുഴുവന്‍ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. ബാല്യത്തിലാണു് ഈ സംഭാഷണവും എന്നാണു ഞാന്‍ കരുതിയിരുന്നതു്.
കൂടുതല്‍ വിവരങ്ങള്‍ക്കു് പുനം നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികള്‍ എന്നീ വിക്കിപീഡിയ ലേഖനങ്ങള്‍ നോക്കുക. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ “ഐതിഹ്യമാല”യില്‍ ഉദ്ദണ്ഡശാസ്ത്രികളെപ്പറ്റിയും കാക്കശ്ശേരി ഭട്ടതിരിയെപ്പറ്റിയും കഥകളുണ്ടു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിലും (മൂന്നാം വാല്യമാണെന്നു തോന്നുന്നു) ഈ മൂന്നു കവികളെപ്പറ്റിയും വിശദമായി പറയുന്നുണ്ടു്.
ആ പോസ്റ്റില്‍ എന്റെ കയ്യില്‍ നിന്നും ചില നോട്ടപ്പിശകുകളും സംഭവിച്ചിട്ടുണ്ടു്.
“ബ്രഹ്മാദീനപി ച കിങ്കരീകുരുതേ…” എന്നതിനു പകരം “ബ്രഹ്മാദീനപി ച കിങ്കരം കുരുതേ…” എന്നു തെറ്റായി എഴുതിപ്പോയി. തിരുത്തിയിട്ടുണ്ടു്. തെറ്റു ചൂണ്ടിക്കാട്ടിയ മധുരാജിനും ശ്രീകൃഷ്ണനും നന്ദി.
“താരില്‍ത്തന്വീ…” എന്ന ശ്ലോകത്തിലെ “എന്നും” എന്ന വാക്കിനു “ദിവസേന” എന്നര്‍ത്ഥം വ്യാഖ്യാനിച്ചതു അക്ഷന്തവ്യമായ തെറ്റായിപ്പോയി. ചൂണ്ടിക്കാട്ടിയ മധുരാജിനു നന്ദി.
ശ്രീകൃഷ്ണന്‍ ആ ശ്ലോകത്തിന്റെ സാരസ്യം ഈ കമന്റില്‍ വിശദീകരിച്ചിട്ടുണ്ടു്. ഒരിക്കലും രാജാവെന്ന തൊടുകുറി കളയരുതു് എന്നാണു കവിയുടെ ആഗ്രഹം. പക്ഷേ, കുളിക്കുമ്പോള്‍ അതു കളഞ്ഞേ പറ്റൂ. അതിനാല്‍, അതു വരെയെങ്കിലും ആ കുറി മായാതെ ഇരിക്കണേ എന്നാണു പ്രാര്‍ത്ഥന. അപ്പോള്‍ മായുമല്ലോ എന്ന ചിന്തയില്‍ നിന്നുള്ള “ഹന്ത” എന്ന വ്യാക്ഷേപകം അര്‍ത്ഥവത്തുമാണു്.
ഈ അര്‍ത്ഥവും ചമത്ക്കാരവും വളരെ വായിച്ചിട്ടുള്ളതാണു്. ആ പോസ്റ്റിലെ ഉദ്ദണ്ഡന്‍ ശബ്ദമാത്രപ്രിയന്‍ മാത്രമാണെന്നു വരുത്താന്‍ മനഃപൂര്‍വ്വം പറയാതിരുന്നതാണു്. മലയാളമുക്തകങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ മുത്തുമണിയാണു് ആ ശ്ലോകം. (അതിനു മുമ്പുണ്ടായിരുന്ന മണിപ്രവാളശ്ലോകങ്ങളില്‍ ഒരു പരിധിയില്‍ കൂടുതല്‍ ചമത്കാരം ഉണ്ടായിരുന്നില്ല. ലീലാതിലകത്തിലെ “പുല്‍കിക്കൊണ്ടാളുറക്കേ…” എന്ന ഉത്തമകാവ്യത്തിനുദാഹരണമായിപ്പറഞ്ഞിരിക്കുന്ന ശ്ലോകത്തില്‍ അശ്ലീലമല്ലാതെ എന്തുണ്ടു്?) പിന്നീടു് ധാരാളം നല്ല മുക്തകങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഹന്തയ്ക്കു് അവിടെ അര്‍ത്ഥവുമുണ്ടു്.
“ഹന്ത”യ്ക്കു ചമത്ക്കാരമില്ലെന്നും പിന്നീടുള്ളവര്‍ ആ ശ്ലോകത്തിനെ വെറുതേ കൊണ്ടാടിയെന്നും ധ്വനിയുള്ള ഖണ്ഡിക അസ്ഥാനത്താണെന്നു മനസ്സിലാക്കുന്നു. അതു നീക്കം ചെയ്തിട്ടുണ്ടു്.
ഉദ്ദണ്ഡന്‍ കൊടുത്ത പട്ടു് ആ ശ്ലോകത്തിലെ അര്‍ത്ഥഭംഗിക്കല്ല, മറിച്ചു ശബ്ദഭംഗിക്കാണു് എന്ന അഭിപ്രായം എന്റേതല്ല. ഒരു അക്ഷരശ്ലോകസദസ്സില്‍ ഏതോ സഹൃദയന്‍ (അതു മധുരാജ് തന്നെയായിരുന്നോ? ഓര്‍മ്മയില്ല.) പറഞ്ഞു കേട്ടതാണു്. എന്തായാലും, അതെനിക്കു വളരെ ഇഷ്ടമായി. ഉദ്ദണ്ഡന്റെ ശ്ലോകങ്ങള്‍ വായിച്ചപ്പോള്‍ അതു ശരിയാണെന്നു തോന്നുകയും ചെയ്തു. അതിനാല്‍ അതു മാറ്റിയിട്ടില്ല. ആ പോസ്റ്റില്‍ അതു് ആവശ്യമാണു താനും.
ഉദ്ദണ്ഡശാസ്ത്രികളെ ((സാക്ഷാല്‍)) ഇത്ര അപമാനിക്കേണ്ടിയിരുന്നില്ല.
ശരിയാണു്. ആ പോസ്റ്റിലെ ഉദ്ദണ്ഡനു വേണ്ടി അതു ചെയ്യേണ്ടി വന്നു. അതിലെ ഡിസ്ക്ലൈമറും ഈ പോസ്റ്റും ആ ന്യൂനത പരിഹരിച്ചു എന്നു കരുതുന്നു.
മധുരാജ് എഴുതുന്നു:
പക്ഷേ ഈ മനോധര്‍മങ്ങളെ വേര്‍തിരിച്ചറിയാത്തവര്‍ക്കുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ക്കു ഉമേഷ് ഉത്തരവാദിത്തം ഏല്‍ക്കുമോ?
ചാക്യാന്മാര്‍ കൂത്തിലുപയോഗിച്ച പല മനോധര്‍മ്മക്കസര്‍ത്തുകളും പിന്നീടു ചരിത്രത്തിന്റെ ഭാഗമായി തല്‍പരകക്ഷികള്‍ ദുരുപയോഗം ചെയ്ത അനുഭവങ്ങളുണ്ടല്ലൊ? (ഉദാ: ബൂര്‍ഷ്വാ വാമനന്‍ സഖാവു മഹാബലിയെ ചവിട്ടിത്താഴ്ത്തി പാതാളത്തിലാക്കിയ കഥ. മനീഷാ പഞ്ചകം എന്ന പ്രകരണത്തിലെ ഒരുശ്ലോകത്തിന്റെപോലും അര്‍ഥം അറിയാതെയും പറയാതെയും, അങ്ങനെ ഒരു പ്രകരണമെഴുതാനുണായതായി ഒരു സംഭവം പടച്ചുവിട്ടതും.)
വാസ്തവം. പാവം മുനിയായിരുന്ന ദുര്‍വ്വാസാവിനെ കാളിദാസന്‍ ഒരു നാടകത്തില്‍ കഥ വളച്ചൊടിച്ചതു കൊണ്ടു് ആളുകളെ ആവശ്യമില്ലാതെ ശപിക്കുന്ന മുനിയായി മനുഷ്യര്‍ മനസ്സിലാക്കുന്നതും, എം. ടി. യുടെ ഒരു സിനിമാക്കഥ മൂലം ഉണ്ണിയാര്‍ച്ചയെ ഒരു ദുഷ്ടയായും ചന്തുവിനെ സദ്‌ഗുണസമ്പന്നനായും വളരെയധികം ആളുകള്‍ കരുതുന്നതും മറ്റു ചില ഉദാഹരണങ്ങള്‍.
എന്റെ പോസ്റ്റു മൂലം അങ്ങനെയൊരു പ്രശ്നം ഉണ്ടാകരുതെന്നു് എനിക്കു നിര്‍ബന്ധമുണ്ടു്. അതിനാല്‍ ആ പോസ്റ്റിന്റെ മുകളില്‍ത്തന്നെ ഈ പോസ്റ്റിലേക്കു് ഒരു ലിങ്കു കൊടുത്തിട്ടുണ്ടു്.
തന്റെ ഇഷ്ടകവിയായ ഉദ്ദണ്ഡനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചു് ജ്യോതിര്‍മയി ഗുരുത്വദോഷം എന്നൊരു പോസ്റ്റു തന്നെ ഇട്ടു. ഒന്നും ഉദ്ധരിക്കുന്നില്ല. പോസ്റ്റ് മുഴുവന്‍ വായിക്കുക.
ജ്യോതിര്‍മയി കഥയറിയാതെ ആട്ടം കാണുകയാണെന്നു വ്യക്തം. ആട്ടക്കഥ ഇവിടെ വായിക്കുക. എന്നിട്ടു് ഈ സറ്റയര്‍ ഒന്നു കൂടി വായിക്കുക.
സംസ്കൃതാദ്ധ്യാപികയായ ജ്യോതിര്‍മയിയോടു് അന്യാപദേശത്തിന്റെ ചമത്ക്കാരത്തെപ്പറ്റി പറയേണ്ട കാര്യമില്ലല്ലോ. “സംസ്കൃതം” എന്നതും ആ പോസ്റ്റില്‍ അച്ചടിമാദ്ധ്യമങ്ങളുടെ പ്രതീകമാണു്, മലയാളം ബ്ലോഗിന്റേതും. അല്ലാതെ ഉദ്ദണ്ഡനെയോ സംസ്കൃതത്തെയോ അവഹേളിച്ചതല്ല.
ഈ പോസ്റ്റില്‍ എന്റെ അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റ് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെ നേരെയാക്കാനാണു ശ്രദ്ധിച്ചിരിക്കുന്നതു്. അതിനാല്‍ ജ്യോതിര്‍മയി നടത്തിയ വ്യക്തിപരമായ ആരോപണങ്ങള്‍ക്കു് ഇവിടെ മറുപടി പറയുന്നില്ല. ഇനിയൊരിക്കലാവാം.
(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല. ചരിത്രത്തിലും ഐതിഹ്യങ്ങളിലും കാണുന്ന ഉദ്ദണ്ഡന്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നീ വ്യക്തികള്‍ക്കു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. വിശദവിവരങ്ങള്‍ അറിയാനും യഥാര്‍ത്ഥ കഥ അറിയാനും ഈ പോസ്റ്റ് വായിക്കുക.)
പണ്ടുപണ്ടു്, ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍, കോഴിക്കോടു മാനവിക്രമന്‍ എന്ന സാമൂതിരി നാടുവാഴുന്ന കാലം. കവികള്‍ക്കും കലാകാരന്മാര്‍ക്കും യാതൊരു കുറവുമില്ല. വഞ്ചിപ്പാട്ടു്, ഓട്ടന്‍തുള്ളല്‍, കുറത്തിയാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ സാഹിത്യശാഖകളില്‍ നിഷ്ണാതരായി ഇതു താന്‍ വിശ്വസാഹിത്യം എന്നു കരുതി മലയാളസാഹിത്യകാരന്മാര്‍ ആര്‍മ്മാദിച്ചു കഴിഞ്ഞു പോന്നു. ഇടയ്ക്കിടെ സീനിയര്‍, ജൂനിയര്‍, കൂട്ടായ്മ, കോപ്പിറൈറ്റ് എന്നൊക്കെ കേള്‍ക്കാമെങ്കിലും, പൊതുവേ ഈ മലയാളത്താന്മാര്‍ സൌഹാര്‍ദ്ദത്തിലാണു കഴിഞ്ഞുപോന്നതു്. എങ്കിലും സംസ്കൃതത്തില്‍ എഴുതുന്നതാണു് ഉത്തമസാഹിത്യമെന്നു ചിലരൊക്കെ ധരിച്ചു വശായിരുന്നു. സംസ്കൃതത്തിന്റെ കാലം കഴിഞ്ഞെന്നും സാഹിത്യത്തിന്റെ ഭാവി മലയാളത്തില്‍ ആയിരിക്കും എന്നും ചില ദീര്‍ഘദര്‍ശികള്‍ പറഞ്ഞുകൊണ്ടു നടന്നെങ്കിലും താന്‍ മലയാളത്തിലെഴുതിയ സൃഷ്ടികള്‍ സംസ്കൃതത്തിലാക്കാന്‍ വഴി വല്ലതുമുണ്ടോ എന്നു തക്കം പാര്‍ത്തുകൊണ്ടിരുന്നവരും ധാരാളമുണ്ടായിരുന്നു. സംസ്കൃതത്തിലുള്ള ഏതു കൃതിയേക്കാളും മികച്ചവയാണു താന്‍ എഴുതുന്നവ എന്നു് അഭിമാനിച്ചവരും കുറവല്ല.
അങ്ങനെയിരിക്കേ, സംസ്കൃതത്തില്‍ മാത്രം എഴുതിക്കൊണ്ടിരുന്ന ഒരു പരദേശി മലയാളനാട്ടിലെത്തി. ഉദ്ദണ്ഡശാസ്ത്രികള്‍ എന്നായിരുന്നു പേരു്. ശാസ്ത്രികള്‍ എന്നതു സ്വയം ചാര്‍ത്തിയ ബിരുദമായിരുന്നു. താന്‍ എഴുതുന്ന വഹയ്ക്കാണു് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതു് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ മലയാളസാഹിത്യകാരന്മാരൊക്കെ വെറും ഭോഷന്മാരാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.
ദോഷം പറയരുതല്ലോ, ഈ മലയാളത്താന്മാര്‍ താന്‍ എഴുതുന്നതൊക്കെ വായിക്കണമെന്നു് ഉദ്ദണ്ഡനു് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം എല്ലാവരുടേയും അടുത്തു ചെന്നു് താന്‍ ഇതാ വരുന്നു എന്നും നീയൊക്കെ എഴുത്തു നിര്‍ത്തി താന്‍ എഴുതുന്നതു വായിക്കാന്‍ തുടങ്ങണം എന്നും അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്നു് അദ്ദേഹം ദിവസം ഓരോന്നു വെച്ചു് ശ്ലോകങ്ങള്‍ പടച്ചുവിടാന്‍ തുടങ്ങി. വായിച്ചവര്‍ക്കൊന്നും ഒരു മണ്ണാങ്കട്ടയും മനസ്സിലായില്ല. സംസ്കൃതത്തിലെ എഴുത്തിന്റെ സ്റ്റൈലായിരിക്കും എന്നു കരുതി ആരും ഒന്നും പറഞ്ഞില്ല.
ഇതാണു സ്റ്റൈല്‍. വലിയ കട്ടിയുള്ള വാക്കുകളേ ഉപയോഗിക്കൂ. “ഘടപടാ” എന്നിരിക്കും. കൂട്ടി വായിച്ചു് അര്‍ത്ഥം നോക്കിയാല്‍ കാര്യമായൊന്നും ഉണ്ടാവുകയുമില്ല. രാജാവിനെപ്പറ്റി മാത്രമല്ല, അല്പം പ്രശസ്തരെന്നു തോന്നിയ പലരുടെയും പേരുകള്‍ ചേര്‍ത്തു് ഇദ്ദേഹം കൃതികള്‍ ചമച്ചിരുന്നു. ഈ കൃതികളും ആ ആളുകളും തമ്മില്‍ എന്തു ബന്ധം എന്നു് ആലോചിച്ചു പാമരന്മാര്‍ തല പുണ്ണാക്കി.
ഇദ്ദേഹത്തിനു തര്‍ക്കവും വിമര്‍ശനവുമല്ലാതെ കാവ്യാസ്വാദനത്തിനുള്ള ശക്തി അല്പം പോലുമില്ലായിരുന്നു. അതു തുറന്നു സമ്മതിച്ചിട്ടുമുണ്ടു്.
ഒരല്പം ഓഫ്‌ടോപ്പിക്: വി. കെ. എന്‍. -ന്റെ “പയ്യന്‍ കഥക”ളിലെ ആദ്യത്തെ കഥയില്‍ രേണുവിന്റെ സാരിയ്ക്കു സ്ഥാനചലനം സംഭവിക്കുമ്പോള്‍ “ഉദ്ദണ്ഡശാസ്ത്രികള്‍ക്കു ശേഷം സംഭവിച്ച പ്രൌഢസ്ത്രീരസികനായ പയ്യന്‍” എന്ന പ്രയോഗത്തില്‍ ഉദ്ദിഷ്ടമായ ശ്ലോകം ഇതാകുന്നു.
ഇങ്ങനെയൊക്കെയായാലും പറയുന്നതു സംസ്കൃതത്തിലായതു കൊണ്ടും തര്‍ക്കം, വ്യാകരണം, വിമര്‍ശനം തുടങ്ങിയവയില്‍ പേരെടുത്ത ആളായതു കൊണ്ടും പൊതുവേ ആളുകള്‍ ഉദ്ദണ്ഡനു് കുറച്ചു് ആദരവു കൊടുത്തു പോന്നു.
ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നു് വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒരു മലയാളകവിയുമുണ്ടു്. പുനം നമ്പൂതിരി എന്നാണു് ആ കവിയുടെ പേരു്.
പുനം ആള്‍ ചില്ലറക്കാരനല്ലായിരുന്നു. പുലിയായിരുന്നു.
എന്നതു പോലെ സ്റ്റൈലായി സംസ്കൃതനിബിഡമായ ശ്ലോകങ്ങള്‍ കൊണ്ടു് ഭാഷാരാമായണചമ്പു എഴുതിയവന്‍. സംസ്കൃതത്തില്‍ എഴുതിയെഴുതി മതിയായി “ഇനി ഞാന്‍ മലയാളത്തിലേ എഴുതൂ” എന്നു ശപഥം ചെയ്തവന്‍. ഇനി സംസ്കൃതത്തില്‍ എന്നെങ്കിലും എഴുതിയാലും ആദ്യം അതു മലയാളത്തില്‍ എഴുതിയതിനു ശേഷം മാത്രമേ സംസ്കൃതത്തില്‍ എഴുതൂ എന്നു പരസ്യമായി പ്രഖ്യാപിച്ചവന്‍.
ഈ പുനം നമ്പൂതിരി തന്നെയാണു ചെറുശ്ശേരിയും എന്നു് ചില പണ്ഡിതര്‍ക്കു് അഭിപ്രായമുണ്ടെന്നു മലയാളം വിക്കിപീഡിയ പറയുന്നു. ശരിയാണോ എന്തോ? എന്തായാലും കള്ളപ്പേരില്‍ എഴുതുന്നതു് അന്നേ ഉണ്ടു് എന്നതിനു രണ്ടു പക്ഷമില്ല. ഉദ്ദണ്ഡനാണെങ്കില്‍ സ്വന്തം പേരില്‍ മാത്രമേ ആളുകള്‍ എഴുതാന്‍ പാടുള്ളൂ എന്നു നിര്‍ബന്ധമുള്ള ആളായിരുന്നു. അല്ലാത്തവരെല്ലാം വെട്ടുക്കിളികളാണത്രേ!
ഈ ശ്ലോകം കേട്ടിട്ടു് ഉദ്ദണ്ഡന്‍ ചാടിയെഴുന്നേറ്റു് “ബലേ ഭേഷ്! അന്ത ഹന്തയ്ക്കിന്ത പട്ടു്” എന്നു പറഞ്ഞു് തോളത്തു കിടന്ന പട്ടു പുനത്തിനു സമ്മാനിച്ചു എന്നാണു കഥ. ഈ ശ്ലോകത്തിലെ “ഹന്ത” എന്ന പ്രയോഗത്തിനാണു് ആ പട്ടു കൊടുത്തതത്രേ!
ഉദ്ദണ്ഡന്‍ എന്തിനാണു പ്രശംസിച്ചതെന്നു അധികം ആളുകള്‍ക്കും മനസ്സിലായില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥഭംഗിയല്ല അദ്ദേഹത്തെ ആകര്‍ഷിച്ചതു്. അര്‍ത്ഥം മനസ്സിലായോ എന്നു തന്നെ അറിയില്ല. (പട്ടു കൊടുക്കാനും അവതാരിക എഴുതാനും അര്‍ത്ഥം അറിയേണ്ടല്ലോ!) കുറേ ശബ്ദങ്ങള്‍ പ്രാസത്തോടെ തിരിച്ചും മറിച്ചുമിട്ടു് എഴുതി മാത്രം ശീലമുള്ള ഉദ്ദണ്ഡനെ ആകര്‍ഷിച്ചതു് ഈ ശ്ലോകത്തിന്റെ പ്രാസഭംഗിയാണു്. നാലു വരിയിലുമുള്ള ദ്വിതീയാക്ഷര-തൃതീയാക്ഷരപ്രാസങ്ങള്‍ മനോഹരമാണു്. കൂടാതെ വരികളുടെ അവസാനമുള്ള അനുപ്രാസവും.
ആദ്യത്തെ വരിയില്‍: “രാമ രാമാജനാം” എന്നു മ.
രണ്ടാം വരിയില്‍: “മണ്ഡലീചണ്ഡഭാനോ” എന്നു് ണ്ഡ.
“ബലേ ഭേഷ്” എന്നു പറയാന്‍ വന്ന ഉദ്ദണ്ഡനെ മൂന്നാം വരി നിരാശനാക്കിക്കളഞ്ഞു. “എന്നുമേഷാ കുളിക്കും”. പ്രാസമില്ല!
(എന്നുമേഷാ = എന്നും + ഏഷാ, എന്നു് + ഉമേഷാ അല്ല)
“ഈ മലയാളത്താന്മാര്‍ക്കു മര്യാദയ്ക്കു് ഒരു ശ്ലോകം എഴുതാന്‍ അറിയില്ല” എന്നു മനസ്സില്‍ പറഞ്ഞു പുനത്തിന്റെ പേരു വെട്ടാന്‍ തുനിഞ്ഞപ്പോഴാണു നാലാം വരി: “ഹന്ത, കല്പാന്തതോയേ” എന്നു് ന്ത!
പ്രാസമില്ലാതിരുന്ന നാലാം വരിയില്‍ അര്‍ത്ഥമില്ലാത്ത ഹന്തയെ കടത്തി പുനം പ്രാസമുണ്ടാക്കിയിരിക്കുന്നു! കൊടുക്കു് ആ ഹന്തയ്ക്കു് ഒരു പട്ടു്!
പുനമൊഴികെ മറ്റൊരു കേരളകവിയെയും താന്‍ ബഹുമാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ലാത്ത കവികളെ വരെ അദ്ദേഹത്തിനു പുച്ഛമായിരുന്നു-കേരളകവിയാണു് എന്ന ഒറ്റക്കാരണം കൊണ്ടു്.
പക്ഷേ, പുനം ഒരു കവിയാണെന്നു സമ്മതിച്ചു കൊടുക്കാന്‍ ഉദ്ദണ്ഡന്‍ തയ്യാറായിരുന്നില്ല. പുനത്തിനെ പരാമര്‍ശിച്ചു് കവി എന്നെഴുതിയാല്‍ ഒരു ചോദ്യചിഹ്നം കൂടി ഇടുന്നതു് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അങ്ങനെ മലയാളികളുടെ അരചകവിയായ പുനം നമ്പൂതിരി ഉദ്ദണ്ഡന്റെ ഇടപെടല്‍ മൂലം അരക്കവിയായി മാറി.
പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോള്‍ പതിനെട്ടരക്കവികളില്‍ അരക്കവിയായിരുന്ന പുനം നമ്പൂതിരിയെ മാത്രം ജനം ഓര്‍ത്തു. ബാക്കി പതിനെട്ടു സംസ്കൃതകവികള്‍ ആരൊക്കെയെന്നറിയാന്‍ ആളുകള്‍ക്കു വിക്കിപീഡിയ നോക്കേണ്ടി വന്നു.
അക്കാലത്തു്, രേവതീപട്ടത്താനം എന്നൊരു വിദ്വത്‌സദസ്സു സ്ഥിരമായി നടക്കുമായിരുന്നു. ഒരു കാലത്തു വളരെ നല്ല രീതിയില്‍ നടന്നിരുന്ന ഈ വിദ്വത്‌സദസ്സു് ഉദ്ദണ്ഡന്റെ കാലത്തു് വെറും അനാവശ്യതര്‍ക്കങ്ങളുടെ വേദിയായി. ദിവസവും ഉദ്ദണ്ഡന്‍ എന്തെങ്കിലും പറയും. എതിര്‍ക്കുന്നവരെ ഉദ്ദണ്ഡന്‍ തന്നെ തര്‍ക്കിച്ചു തോല്‍പ്പിക്കും. ആരെന്തു പറഞ്ഞാലും “നഹി, നഹി” (അല്ല, അല്ല) എന്നു പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തര്‍ക്കിക്കുന്നവരോടു് പോയി പുസ്തകങ്ങള്‍ വായിച്ചിട്ടു വരാന്‍ പറയുക, അവര്‍ക്കു് എഴുതാന്‍ അറിയില്ല എന്നു പറയുക, അവരുടെ പേരുകള്‍ കൊള്ളില്ല എന്നു പറയുക, താന്‍ സംസ്കൃതത്തില്‍ എഴുതുന്നതൊക്കെ ലോകത്തില്‍ വെച്ചു് ഏറ്റവും ഉത്‌കൃഷ്ടമാണെന്നു പറയുക തുടങ്ങിയ ചെപ്പടിവിദ്യകളും ഉത്തരം മുട്ടുമ്പോള്‍ അദ്ദേഹം ചെയ്തിരുന്നു. എന്തായാലും അവസാനത്തില്‍ താന്‍ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. സാമൂതിരി അതു് അംഗീകരിക്കുകയും ചെയ്യും.
കേരളത്തിലെ പണ്ഡിതര്‍ ഇദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടി. അവര്‍ കൂട്ടമായി ഇദ്ദേഹത്തെ വാദത്തില്‍ തോല്പിക്കാന്‍ ശ്രമിച്ചു. ഉദ്ദണ്ഡന്‍ അവരെ വെട്ടുക്കിളികള്‍ എന്നു വിളിച്ചു. രേവതീപട്ടത്താനം ആകെ അലമ്പായി.
എങ്കിലും കേരളപണ്ഡിതന്മാര്‍ക്കാര്‍ക്കും ഉദ്ദണ്ഡനെ വാദത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല.
ഈ ഉദ്ദണ്ഡനെയും ഒതുക്കാന്‍ ഒരാളുണ്ടായി-കാക്കശ്ശേരി ഭട്ടതിരി. ഇദ്ദേഹത്തിനു സംഭവം നടക്കുമ്പോള്‍ ഏഴെട്ടു വയസ്സേ ഉള്ളൂ. എഴുത്തും വായനയും തുടങ്ങിയിട്ടു് അധികം കാലമായിട്ടില്ല. എന്നാലെന്താ, സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും ആധികാരികമായ വിവരമാണു്. തര്‍ക്കിക്കാന്‍ ഉദ്ദണ്ഡനെക്കാള്‍ വളരെ മുകളില്‍. എന്തു ചോദിച്ചാലും “നഹി, നഹി” എന്നേ പറയുള്ളൂ. തര്‍ക്കുത്തരം പറയാന് ഇവനെക്കഴിഞ്ഞു് ആരുമില്ല. പണ്ടു ചില ബ്രാഹ്മണര്‍ “ആപദി കിം കരണീയം?” എന്നു ചോദിച്ചപ്പോള്‍ “സ്മരണീയം ചരണയുഗളമംബായാഃ” എന്നും പിന്നെ “തത് സ്മരണം കിം കുരുതേ?” എന്നതിനു് “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ” എന്നും പദ്യത്തില്‍ത്തന്നെ തര്‍ക്കുത്തരം പറഞ്ഞ ആളാണു്. പ്രാസത്തോടു കൂടി
ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം
എന്നും മറ്റും കാച്ചാന്‍ കഴിവുള്ള ആളാണു്. ചുരുക്കം പറഞ്ഞാല്‍, പുലിയാണെന്നര്‍ത്ഥം.
അക്കാലത്തു രേവതീപട്ടത്താനത്തില്‍ 72 തര്‍ക്കങ്ങളാണു നടക്കുക. ഓരോ തര്‍ക്കത്തിനും വിജയിക്കു് ഓരോ പണക്കിഴി കിട്ടും. ഈ 72 പണക്കിഴിയും സ്ഥിരമായി ഉദ്ദണ്ഡനാണു് കൊണ്ടുപോയിരുന്നതു്. ഇത്തവണ അദ്ദേഹത്തിനു് ഒരെണ്ണം പോലും കൊടുക്കാതിരിക്കുകയായിരുന്നു കാക്കശ്ശേരിയുടെയും കൂട്ടരുടെയും ലക്ഷ്യം.
തര്‍ക്കം തുടങ്ങി. വാദങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു് ഉദ്ദണ്ഡന്‍ കാക്കശ്ശേരിയെ ഒന്നു ചുഴിഞ്ഞു നോക്കി. ഒരു കിളുന്തുപയ്യന്‍. അധികം വിവരമൊന്നും ഉണ്ടാകാന്‍ വഴിയില്ല. സംസ്കൃതത്തില്‍ പത്രാധിപര്‍ക്കുള്ള ഒരു കത്തു പോലും എഴുതിയിരിക്കാന്‍ ഇടയില്ല. ഇവന്‍ വെറുതേ തമാശയ്ക്കു വന്നതായിരിക്കും. ഇവനെക്കാള്‍ വലിയ എത്ര പണ്ഡിതരെ താന്‍ പുഷ്പം പോലെ ഒതുക്കിയിരിക്കുന്നു!
“ആകാരോ ഹ്രസ്വഃ,” പുച്ഛത്തോടെ ഉദ്ദണ്ഡന്‍ പറഞ്ഞു. ആകാരം എന്നു വെച്ചാല്‍ ആകൃതി, ശരീരത്തിന്റെ വലിപ്പം. കുഞ്ഞുപയ്യനാണല്ലോ എന്നു്.
എല്ലാറ്റിനും “നഹി, നഹി” എന്നു മാത്രം പറഞ്ഞു പരിചയിച്ചിട്ടുള്ള കാക്കശ്ശേരി വിട്ടില്ല, “നഹി നഹി,” അദ്ദേഹം പറഞ്ഞു, “ആകാരോ ദീര്‍ഘഃ, അകാരോ ഹ്രസ്വഃ”
ആകാരം എന്നതിനു് ആ എന്ന അക്ഷരം എന്നും അര്‍ത്ഥമുണ്ടു്. (“ര” ഒഴികെയുള്ള എല്ലാ അക്ഷരത്തിന്റെയും കൂടെ “…കാരം” ചേര്‍ത്താണു പറയുക. “ര”യ്ക്കു മാത്രം “രകാരം” എന്നു പറയില്ല-“രേഫം” എന്നാണു പറയുക. എന്താണു കാരണമെന്നു് എനിക്കു് ഒരു പിടിയുമില്ല.) അതു ദീര്‍ഘമാണു്, അകാരമാണു ഹ്രസ്വം എന്നാണു കാക്കശ്ശേരി തിരിച്ചടിച്ചതു്.
ഈ ആകാരം ഉദ്ദണ്ഡനെ മാത്രമല്ല വലച്ചതു്. സിബു “ആകാരാദി” എന്നു പ്രയോഗിച്ചതും സന്തോഷ് തോട്ടിങ്ങല്‍ “അകാരാദി” എന്നു തിരുത്തിയതും ഇവിടെ.
അങ്ങനെ വാദം തുടങ്ങുന്നതിനു മുമ്പു തന്നെ ഉദ്ദണ്ഡന്‍ എട്ടുനിലയില്‍ പൊട്ടി. വാദം തുടങ്ങുകയായി.
ഉദ്ദണ്ഡനു് ഒരു തത്തയുണ്ടു്. അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമാണെന്നാണു് അദ്ദേഹം കരുതിയിരുന്നതു്. അതിനെ എടുത്തു മുന്നില്‍ വെച്ചിട്ടേ എന്തും തുടങ്ങൂ. അതിന്റെ ചേഷ്ടകളനുസരിച്ചാണു് വാദം എങ്ങനെ വേണമെന്നു് അദ്ദേഹം തീരുമാനിക്കുന്നതു്. (പില്‍ക്കാലത്തു്, കിളി ചത്തു പോയതിനു ശേഷം കിളിയുടെ ഒരു പടം വാദത്തിനു മുമ്പു വെയ്ക്കുമായിരുന്നു. അതു കിട്ടിയില്ലെങ്കില്‍ നദി, മല, വെട്ടുക്കിളികള്‍, അരി അരയ്ക്കുന്ന മെഷീന്‍ തുടങ്ങി വാദവുമായി ബന്ധവുമില്ലാത്ത എന്തെങ്കിലും വെയ്ക്കുന്നതു പതിവാക്കി. “യത്ര യത്ര വാദസ്തത്ര തത്ര ചിത്രഃ” ചിത്രമില്ലെങ്കില്‍ വാദവുമില്ല.) അന്നും അദ്ദേഹം തന്റെ കിളിയെ എടുത്തു മുന്നില്‍ വെച്ചു. കാക്കശ്ശേരി തന്റെ ഭാഗ്യചിഹ്നമാണെന്നു പറഞ്ഞു് ഒരു പൂച്ചയെ എടുത്തു മുന്നില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ കിളി പേടിച്ചു് കൂട്ടില്‍ കയറി. പിന്നെ വാദത്തിന്റെ ഗതി നിയന്ത്രിക്കാന്‍ കിളിയില്ലാതെ ഉദ്ദണ്ഡന്‍ വലഞ്ഞു.
പിന്നെ കൊടുംപിരിക്കൊണ്ട വാദമായിരുന്നു. വാദത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ എഴുതുന്നില്ല. താത്പര്യമുള്ളവര്‍ക്കു് അതു് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ വായിക്കാം. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇല്ലാതാകുന്നതിനു മുമ്പു് അവിടെ ഒരു കോപ്പി കണ്ടേക്കും. ഉദ്ദണ്ഡന്റെ എല്ലാ വാദത്തെയും കാക്കശ്ശേരി “നഹി നഹി” എന്നു പറഞ്ഞു ഖണ്ഡിച്ചു് കിഴിയെല്ലാം സ്വന്തമാക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞു.
വാദത്തില്‍ തോറ്റു സഹികെട്ടാല്‍ എന്തു ചെയ്യും? തന്തയ്ക്കും തള്ളയ്ക്കും പറയും, അത്ര തന്നെ. ഇവിടെയും അതു സംഭവിച്ചു. പക്ഷേ, ഒരു കുഴപ്പം. അച്ഛനെയോ അമ്മയെയോ ചീത്ത പറഞ്ഞാല്‍ മറ്റെയാള്‍ “നഹി, നഹി” എന്നു പറഞ്ഞു് അതു തെറ്റാണെന്നു സമര്‍ത്ഥിക്കും. അതുകൊണ്ടു കാര്യമില്ലല്ലോ. അതുകൊണ്ടു് ഉദ്ദണ്ഡന്‍ ഒരു ഉപായം പ്രയോഗിച്ചു. “തവ മാതാ പതിവ്രതാ” എന്നു കാക്കശ്ശേരിയോടു പറഞ്ഞു. നിന്റെ അമ്മ പതിവ്രതയാണു് എന്നു്. ഇതിനെങ്കിലും ഇവന്‍ “നഹി, നഹി” എന്നു പറയാതിരിക്കുമോ എന്നു നോക്കട്ടേ!
വാദത്തിനു വേണ്ടി അമ്മയുടെ പാതിവ്രത്യത്തെപ്പോലും തള്ളിപ്പറയാന്‍ കാക്കശ്ശേരിക്കു മടിയില്ലായിരുന്നു. “നഹി, നഹി” എന്നു തന്നെ പറഞ്ഞു. പിന്നെ, ഭര്‍ത്താവു് അനുഭവിക്കുന്നതിനു മുമ്പു് ഒരു പെണ്ണിനെ ചില ദേവന്മാര്‍ അനുഭവിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു സ്മൃതിവാക്യം ചൊല്ലി അതു സമര്‍ത്ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡന്‍ തോറ്റു മടങ്ങി.
അങ്ങനെ എഴുപത്തൊന്നു കിഴികളും കാക്കശ്ശേരി നേടി. എഴുപത്തിരണ്ടാമത്തേതു് ഏറ്റവും പ്രായം ചെന്ന പണ്ഡിതനുള്ളതാണു്. അതെങ്കിലും തനിക്കു തരണം എന്നു് ഉദ്ദണ്ഡന്‍ അപേക്ഷിച്ചു.
“ഏയ്, പറ്റില്ല,” കാക്കശ്ശേരി പ്രതിവചിച്ചു, “ഇവിടെ മലയാളകവികളുടെ കൂട്ടത്തില്‍ താങ്കളെക്കാള്‍ പ്രായം കൂടിയ ആളുകള്‍ ധാരാളമുണ്ടു്. റിട്ടയര്‍മെന്റിനു ശേഷം വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അക്ഷരം പഠിച്ചു മലയാളത്തില്‍ കൃതികളെഴുതിത്തുടങ്ങിയവര്‍. അവര്‍ക്കു വിവരമില്ലായിരിക്കാം; പക്ഷേ, അവരെക്കാള്‍ വിവരമുണ്ടെന്നു താങ്കള്‍ക്കും തെളിയിക്കാന്‍ പറ്റിയില്ലല്ലോ…”
അങ്ങനെ എഴുപത്തിരണ്ടാമത്തെ കിഴിയും ഉദ്ദണ്ഡനു കൊടുക്കാതെ കാക്കശ്ശേരി കൈവശമാക്കി. കുപിതനായ ഉദ്ദണ്ഡന്‍ പോയി സംസ്കൃതത്തില്‍ ഇങ്ങനെ എഴുതി.
ശ്ലോകം:
ഭാഷാകവിനിവഹോऽയം
ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനോ
സൂര്യാലോകേ നിരസ്തഗോപ്രസരഃ
കവികളെ സംബന്ധിച്ചു പറയുമ്പോള്‍ വൃത്തം പദ്യമെഴുതുന്ന തോതാണു്. “പ്രായേണ” എന്നതിനു് “സാധാരണയായി” എന്നു് അര്‍ത്ഥവും. ചന്ദ്രപക്ഷത്തില്‍ “പ്രായം ചെല്ലുമ്പോള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു” എന്ന അര്‍ത്ഥവും. സൂര്യാലോകം എന്നതിനെ സൂരി + ആലോകം എന്നും സൂര്യ + ആലോകം എന്നും സന്ധി ചെയ്യാം. സൂരി = പണ്ഡിതന്‍. ഗോ എന്ന ശബ്ദത്തിനു പ്രകാശമെന്നും വാക്കെന്നും അര്‍ത്ഥമുണ്ടു്.
ഇത്തരം ഒരു ഭര്‍ത്സനം ഒരു സംസ്കൃതകൃതിയില്‍ ഉദ്ദണ്ഡന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളകവികളാകെ ക്ഷുഭിതരായി. ഇതിനു സംസ്കൃതഭാഷ മലയാളഭാഷയോടു മാപ്പു പറയണമെന്നും ഉദ്ദണ്ഡനെ സംസ്കൃതത്തിലെഴുതുന്നതില്‍ നിന്നും വിലക്കണമെന്നും പരക്കെ ആവശ്യങ്ങളുയര്‍ന്നു. ചിലര്‍ സംസ്കൃതപുസ്തകങ്ങള്‍ ചുട്ടുകരിച്ചു. സംസ്കൃതഭാഷയെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി. സംസ്കൃതപക്ഷപാതികളാകട്ടേ, അതു് അനാദിയും അനന്തവും അന്യൂനവുമാണെന്നുള്ള മൂഢവിശ്വാസത്തില്‍ ഉറച്ചു നിന്നു.
കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഉദ്ദണ്ഡന്‍ കുലുങ്ങിയില്ല. ദിവസവുമില്ലെങ്കിലും പൊട്ടക്കവിതകള്‍ പടച്ചു വിടുന്നതു് അദ്ദേഹം നിര്‍ത്തിയില്ല. നീലനിറമുള്ള പഴങ്ങളെപ്പറ്റിയും ചിരിക്കുന്ന ചിതലിനെപ്പറ്റിയും അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടിരുന്നു.