May 2009

വിധി ചതിച്ചപ്പോൾ…

തന്റെ മകൾ മരിച്ചപ്പോൾ ഏ. ആർ. രാജരാജവർമ്മ എഴുതിയ വിലാപകാവ്യത്തിൽ നിന്നു് (വൃത്തം: പുഷ്പിതാഗ്ര):

ശ്ലോകം:

ഗണയതി ഗണകസ്സുദീർഘമായുർ-
ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
വനതൃണരസമേളനൈശ്ച വൈദ്യോ
ഹരതി വിധിർമിഷിതാമഥോഭയേഷാം

അര്‍ത്ഥം:

ഗണകഃ : ജ്യോത്സ്യൻ
ഗഗന-ഗത-ഗ്രഹ-ഗോള-സന്നിവേശൈഃ : ആകാശത്തു സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെയും ഗോളങ്ങളുടെയും സ്ഥാനം നോക്കിയും
വൈദ്യഃ : വൈദ്യൻ
വന-തൃണ-രസ-മേളനൈശ്ച : കാട്ടിലെ പുല്ലിന്റെ ചാറിന്റെ അടിസ്ഥാനത്തിലും
സുദീർഘം ആയുഃ ഗണയതി : ദീർഘായുസ്സു ഗണിക്കുന്നു
അഥ വിധിഃ : വിധിയോ
ഉഭയേഷാം (ഗണനം) : രണ്ടുപേരുടെയും (കണക്കുകൂട്ടലുകൾ)
മിഷിതാം ഹരതി : ഒരു നിമിഷം കൊണ്ടു തട്ടിക്കളയുന്നു

“വിധി” എന്നതിനു “ജനവിധി” എന്നും അർത്ഥം പറയാം. കാലാനുസൃതമായ വ്യാഖ്യാനങ്ങൾ താമരയ്ക്കും ശശിയ്ക്കും മാത്രം പോരല്ലോ 🙂


അക്ഷരശ്ലോകം ഗ്രൂപ്പിൽ ചൊല്ലാൻ വേണ്ടി ഞാൻ തയ്യാറാക്കിയ (2006) ഒരു വികലപരിഭാഷ (വൃത്തം: വംശസ്ഥം):

ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

കുറച്ചു കൂടി നന്നായി ഇതിനെ പരിഭാഷപ്പെടുത്താൻ ആരെങ്കിലും ഒരു കൈ സഹായിക്കുമോ?


അല്ലാ, ഇന്നെന്തിനാണു ഞാൻ ഇതു പ്രസിദ്ധീകരിച്ചതു്? ഓ, ചുമ്മാ… 🙂


മറ്റു പരിഭാഷകൾ:

  1. പി. സി. മധുരാജ്: (പുഷ്പിതാഗ്ര):
    ഗ്രഹനില കണിശം ഗണിച്ചു, മേതോ
    ചെടിയുടെ നീരിലെ ശക്തി വിശ്വസിച്ചും
    ഗണകനുമഥ വൈദ്യനും ചിരായു-
    സ്സരുളുകിലും വിധിയൊക്കെ മാറ്റിടുന്നൂ

  2. ജയകൃഷ്ണൻ കാവാലം: (അന്നനട)
    ഗണിച്ചു ഗ്രഹപഥമപഗ്രഥിച്ചുമ-
    ഗ്ഗണകനോതിടും സുദീര്‍ഘജീവിതം
    തൃണരസത്തിനാല്‍ ഭിഷഗ്വരന്നുടെ
    ശ്രമം, മൃതിക്കൊട്ടരവധി നല്‍കുവാന്‍
    ഹനിപ്പു കാലമാ ശ്രമഫലങ്ങളെ
    കെടുത്തിടുന്നു ഹാ വിചിത്ര വൈഭവം!
  3. രാജേഷ് വർമ്മ: (ശാർദ്ദൂലവിക്രീഡിതം)
    വാനില്‍ത്തിങ്ങിന ഗോളതാരനിരതന്‍ നീക്കങ്ങളില്‍ ജ്യോത്സ്യനും
    വേണും കാട്ടുചെടിക്കറക്കലവികള്‍ക്കുള്ളില്‍ ഭിഷഗ്വര്യനും
    കാണുന്നുണ്ടു കണക്കുകൂട്ടലുകളാല്‍ നീണാര്‍ന്ന വാഴ്‌വെങ്കിലും
    കാണാക്കൈയുകളാല്‍ക്കിഴിപ്പു ഞൊടികൊണ്ടാ രണ്ടിനേയും വിധി

പരിഭാഷകള്‍ (Translations)
രാഷ്ട്രീയം
ശ്ലോകങ്ങള്‍ (My slokams)
സുഭാഷിതം

Comments (27)

Permalink

വക്കാരി, വിഷു, കൃഷ്ണൻ, മുള്ളർ, …

വക്കാരിയുടെ ഈ കമാ ആന്റിലെ “ഐ റിപ്പ് ഇറ്റ്…” ഭാഗങ്ങളും അതിനു മുമ്പും പിമ്പുമുള്ള പല കമന്റുകളിലായി കളിയായോ കാര്യമായോ കളിയിൽ അല്പം കാര്യമായോ കൃഷ്ണപ്പരുന്തായോ മോഹൻ ലാലായോ ഞാൻ എഴുതുന്ന സകലമാന സാധനങ്ങളിലും മിസ്സ് ആൻഡ്രിയാ സ്റ്റാൻഡിംഗ്സിനെ ചൂണ്ടിക്കാണിച്ചതും ചില, പല, ഞാൻ വിചാരിക്കുന്നു, എന്റെ അറിവിൽ എന്നൊക്കെ ദിസ് കൈമൾ ചേർത്തു മാത്രമേ എഴുതാവൂ എന്ന ധ്വനിയും നൌഷാദും ജയറാമും ശോഭനയും ഒക്കെക്കണ്ടപ്പോൾ ഒരു പഴയ സംഭവം ഓർത്തുപോയി.

മൂന്നാലു വർഷം മുമ്പാണു്. ഞാൻ അംഗമായ ഒരു യാഹൂ ഗ്രൂപ്പിലാണു സംഭവം. മേൽ‌പ്പടി ഗ്രൂപ്പിന്റെ പ്രഖ്യാപിതവിഷയം കൂടാതെ സാമൂഹിക-സാഹിത്യ-സാംസ്കാരിക-ചർച്ചകളും ധാരാളമായി നടക്കാറുണ്ടായിരുന്നു. കീമാൻ തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകാൻ ഇനിയും കാലം കിടക്കുന്നതിനാലും ഗ്രൂപ്പിലെ മിക്കവർക്കും യൂണിക്കോഡ് കാണിക്കുന്ന കമ്പ്യൂട്ടർ ഇല്ലാത്തതിനാലും ഇംഗ്ലീഷിലും മംഗ്ലീഷിലുമാണു സംവാദങ്ങൾ.

ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി ഇവിടെ ഇടുന്നതു ശരിയല്ലാത്തതു കൊണ്ടു് ഗ്രൂപ്പിന്റെ പേരു പറയാതെയും ആളുകൾക്കു് A, B, C എന്ന പേരുകൾ കൊടുത്തും (മൂന്നു പേരും ഞാനല്ല. വക്കാരിയുമല്ല) ഇംഗ്ലീഷിലുള്ളതു് അതു പോലെയും മംഗ്ലീഷിലുള്ളതു് അക്ഷരത്തെറ്റൊക്കെ തിരുത്തി മലയാളത്തിലാക്കിയും പ്രസ്തുത സംഭവം താഴെ.

അങ്ങനെയിരിക്കെ ഒരിക്കൽ വിഷുവിനെപ്പറ്റി ഒരു ചർച്ചയുണ്ടായി. വിഷുവിന്റെ പിന്നിലുള്ള ഐതിഹ്യം, അതിന്റെ ചിട്ടവട്ടങ്ങൾ തുടങ്ങി. കൂട്ടത്തിൽ പ്രായം കൂടിയവരിൽ ഒരാളായ A തന്റെ ചെറുപ്പകാലം തൊട്ടുള്ള അനുഭവത്തിൽ നിന്നു് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു:

Only recently- less than thirty years- that കൃഷ്ണൻ got associated with വിഷു. Now വിഷു has become a കൃഷ്ണഭക്തി event.

– A

ജനിച്ചപ്പോൾ മുതൽ വിഷുവിനു കൃഷ്ണവിഗ്രഹമില്ലാതെ കണി കണ്ടിട്ടില്ലാത്ത B എന്ന യുവാവിനു് ഇതു സഹിച്ചില്ല. താൻ ചെറുപ്പം മുതൽ കാണുന്നതാണല്ലോ വേദകാലം മുതലുള്ള പൈതൃകമായി പിന്നീടു സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ടതു്. അതിനാൽ B രോഷാവേശവശാദശേഷവദനൈഃ ഇപ്രകാരം ഉവാച:

Dear A,
നമസ്തേ

There are “non-digestable” things in the following statement of yours. I tried to locate a typing error, correcting which that statement may be made digestable.The only way I could do that was by adding “(for me)” in the beginning of the sentence..”Only recently…”. Now I can chew it. Hope it is not much against your “taste”. Sorry, if it is otherwise.

– B

ഇതു വായിച്ച C-യ്ക്കു സഹിച്ചില്ല. C ആളു പുലിയാണു്. സർക്കാസം തീരെ മുഷിയില്ല. എന്നു മാത്രമല്ല, B-യെക്കാൾ ഒരു പടി മുകളിലാണു താനും. ആരു പറയുന്നതിലും ഒരു പരിധി വരെ സ്വന്തം അഭിപ്രായം കടന്നുകൂടും എന്നു് അദ്ദേഹം ഒരുദാഹരണത്തിലൂടെ വ്യക്തമാക്കി. അതാണു് ഇതു്:

B,

I think the point that you are trying to make here is that many of the postings in this group are opinions that are subjective. That is clear to everyone. If you prefer things like “for me”, “according to me” etc. attached to every message, you should start doing that to your opinions first, rather than present them as universally accepted truths.

For example, you made the following statement in a posting some time ago:

“ആര്യ-ദ്രാവിഡഭേദം” വംശീയമാണെന്ന കളവു് ആദ്യം “അപണ്ഡിതനായ” മാക്സ് മുള്ളര്‍ ആണു പറഞ്ഞതു്. അയാള്‍ സത്യം മനസ്സിലാക്കി തിരുത്തുമ്പോഴേക്കും അതിന്റെ രാഷ്ട്രീയദുരുപയോഗത്തിനു ബ്രിട്ടീഷുകാർ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അജ്ഞരും അടിമത്തമനസ്ഥിതി മാറാത്തവരും ഭാരതവിരോധികളും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും (Four distinct groups‌) ഇന്നും ആ കളവിനെ ഏറ്റി നടക്കുന്നു എന്നു മാത്രം.

Try adding a few measures of subjectivity to this. Maybe it should be read as:

“ആര്യ-ദ്രാവിഡഭേദം” വംശീയമാണെന്നതു് ഒരു കളവാണു് എന്നു ഞാന്‍ കരുതുന്നു. ഇത്‌ ആദ്യം “അപണ്ഡിത”നെന്നു ഞാന്‍ കരുതുന്ന മാക്സ്‌ മുള്ളര്‍ ആണു പറഞ്ഞതെന്നാണ്‌ എന്റെ ധാരണ. അയാള്‍ (അദ്ദേഹം എന്നു മാക്സ്‌ മുള്ളറെ വിളിക്കരുതെന്നാണ്‌ എന്റെ അഭിപ്രായം) സത്യം മനസ്സിലാക്കി തിരുത്തി എന്നു ഞാന്‍ കരുതുന്നു. അപ്പോഴേക്കും അതിന്റെ രാഷ്ട്രീയദുരുപയോഗത്തിനു ബ്രിട്ടീഷുകാര്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു എന്നു ഞാന്‍ കരുതുന്നു. അജ്ഞരും അടിമത്തമനസ്ഥിതി മാറാത്തവരും ഭാരതവിരോധികളും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും (four distinct groups) മാത്രമേ കളവ്‌ എന്നു ഞാന്‍ കരുതുന്ന ഈ വാദത്തെ ഇന്നും ഏറ്റി നടക്കൂ എന്നാണ്‌ എന്റെ അഭിപ്രായം. ആര്യ-ദ്രാവിഡഭേദം വംശീയമല്ലെന്നു പറയുന്നവര്‍ക്കും രാഷ്ട്രീയ ഗൂഢലാക്കുകളുണ്ടെന്നു ചിന്തിക്കാന്‍ പോലും ഞാന്‍ തയ്യാറല്ല.

See how convoluted and long it becomes? Maybe for spending less time and energy, we should just state only the opinions and assume that the other members of the group know that these are just opinions and nothing more than that.

Thanks

– C

ആ ഗ്രൂപ്പിലെ സംവാദങ്ങളിൽ എനിക്കു് ഏറ്റവും രസകരമായിത്തോന്നിയ മറുപടിയാണു് ഇതു്.

നര്‍മ്മം
പലവക (General)

Comments (57)

Permalink

പഴയതും പുതിയതും

കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ ഒരു പ്രസിദ്ധശ്ലോകം:

ശ്ലോകം:

പുരാണമിത്യേവ ന സാധു സര്‍വ്വം
ന ചാപി കാവ്യം നവമിത്യവദ്യം
സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ
മൂഢഃ പരപ്രത്യയനേയബുദ്ധിഃ

അര്‍ത്ഥം:

പുരാണം ഇതി ഏവ : പഴയതായതു കൊണ്ടു മാത്രം
സർവ്വം കാവ്യം ന സാധു : എല്ലാ കാവ്യവും ശരി ആകുന്നില്ല;
നവം ഇതി (സർവ്വം) അവദ്യം അപി ന ച : പുതിയതെല്ലാം നിന്ദ്യവും അല്ല.
സന്തഃ പരീക്ഷ്യ അന്യ-തരത് ഭജന്തേ : നല്ലവർ പരീക്ഷിച്ചിട്ടു് ഏതു വേണമെന്നു തീരുമാനിക്കുന്നു;
മൂഢഃ പര-പ്രത്യയ-നേയ-ബുദ്ധിഃ : മൂഢൻ ആരെങ്കിലും പറയുന്നതനുസരിച്ചു പ്രവർത്തിക്കുന്നു.

കാളിദാസന്റെ ആദ്യത്തെ നാടകമായ മാളവികാഗ്നിമിത്രം അരങ്ങേറുന്നതിനു തൊട്ടുമുമ്പു് സൂത്രധാരൻ സഹായിയോടു പറയുന്നതാണിതു്. “പ്രസിദ്ധരായ ഭാസൻ, സൌമില്ലൻ, കവിപുത്രൻ തുടങ്ങിയവരുടെ നാടകങ്ങളുള്ളപ്പോൾ പുതിയ ആളായ കാളിദാസന്റെ നാടകം എന്തിനു കളിക്കുന്നു?” എന്ന ചോദ്യത്തിനു് ഉത്തരമായി. പഴയതു മാത്രം നല്ലതെന്നു കരുതുകയും പുതിയ കാര്യങ്ങളെ പുച്ഛത്തോടും സംശയത്തോടും കാണുകയും ചെയ്യുന്നതു് അന്നേ ഉണ്ടായിരുന്നു എന്നു സാരം.

“ജാതി ചോദിക്കരുതു്, പറയരുതു്, ചിന്തിക്കരുതു് എന്നു പറഞ്ഞ ശ്രീനാരായണഗുരുവിന്റെ ജാതിയിൽ പിറന്നവനാണു ഞാൻ” എന്നു പറയുന്നതു പോലെ, കാളിദാസന്റെ ഈ ശ്ലോകവും ഉദ്ധരിച്ചിട്ടു് “നോക്കൂ, പഴയ ശ്ലോകങ്ങളൊക്കെ എത്ര നല്ലതു്! ഇപ്പോൾ ഇങ്ങനെ വല്ലതുമുണ്ടോ?” എന്നു ചോദിക്കുന്ന വിരോധാഭാസികളും കുറവല്ല.


Old is gold എന്നതു് പല സംസ്കാരങ്ങളിലും പല ഭാഷകളിലും പ്രചരിക്കുന്ന ഒരു പഴഞ്ചൊല്ലാണു്. അതു് ഇടയ്ക്കൊക്കെ വിളിച്ചുകൂവുന്നവരും സാധാരണയാണു്. പഴയ കാലത്തു് ഇന്നത്തേതിനേക്കാൾ നല്ല പലതും ഉണ്ടായിരുന്നു എന്നും അതൊക്കെ നശിച്ചു പോയി എന്നും അവ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തേതിനേക്കാൾ വളരെ മെച്ചമായിരുന്നേനേ എന്നും വിലപിക്കുന്നവർ. സ്റ്റെതസ്കോപ്പിനെക്കാൾ കൃത്യമായി നാഡി പിടിച്ചു പൾസ് അളക്കാനും കാൽ‌വിരലിലെ ഒരു ഞരമ്പിൽ ഞെക്കി നോക്കി പാൻ‌ക്രിയാസിലെ ക്യാൻസർ കണ്ടുപിടിക്കാനും കഴിവുണ്ടായിരുന്ന വൈദ്യന്മാരെപ്പറ്റി ഐതിഹ്യമാലകൾ എഴുതുന്നവർ. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം എത്ര യോജനയാണെന്നു് നിരീക്ഷണമോ പരീക്ഷണമോ കൂടാതെ ധ്യാനം കൊണ്ടു മാത്രം കണ്ടുപിടിച്ച ഋഷിവര്യന്മാരെപ്പറ്റിയുള്ള കഥകൾ പറയുന്നവർ.

ഈ വക കാര്യങ്ങൾ ചുഴിഞ്ഞുനോക്കിയാൽ ഇന്നുള്ള വിജ്ഞാനത്തെക്കാൾ കൂടിയ ഒന്നും പണ്ടുണ്ടായിരുന്നില്ല എന്നു കാണാൻ കഴിയും. കാരണം, ഇന്നത്തെ വിജ്ഞാനം പണ്ടത്തെ വിജ്ഞാനവും ചേർന്നതാണു് എന്നതു തന്നെ. (“ജിറാഫിനാണോ അതിന്റെ കഴുത്തിനാണോ നീളം കൂടുതൽ?” എന്ന ചോദ്യം കേട്ടിട്ടില്ലേ?) സാഹിത്യം, കല തുടങ്ങിയവയെപ്പറ്റി പറഞ്ഞാൽ, പണ്ടുണ്ടായിരുന്ന പലതും ഇന്നും മഹത്തായി നിൽക്കുന്നതു് അവ പഴയതായതു കൊണ്ടു മാത്രമല്ല, പണ്ടും ഇന്നും വല്ലപ്പോഴും ഉണ്ടാകുന്ന അപൂർവ്വപ്രതിഭകളുടെ സ്ഫുരണം അതിലുള്ളതു കൊണ്ടാണു്. പണ്ടു ഹോമർ ഉണ്ടായി, ഇരുപതാം നൂറ്റാണ്ടിൽ മാർകേസ് ഉണ്ടായി. ഇവ രണ്ടും മഹത്തായവ തന്നെ.

കാലം മാറുന്നതനുസരിച്ചു് അഭിരുചികളും മാറുന്നതിനാൽ പണ്ടുണ്ടായിരുന്ന പലതും പിന്നീടു് ഉണ്ടാകുന്നില്ല. പണ്ടുണ്ടായിരുന്നതു പോലെ മഹാകാവ്യങ്ങളും വമ്പൻ ഗോപുരങ്ങളും ഇന്നുണ്ടാക്കുന്നില്ല. അതേ സമയം പണ്ടില്ലായിരുന്ന അനേകം കലാസാഹിത്യസങ്കേതങ്ങളും ശാസ്ത്രകല്പനകളും ഇന്നു ലോകത്തുണ്ടാകുന്നു. പുതിയതു് എന്തുണ്ടായാലും അതു പണ്ടുണ്ടായിരുന്നു എന്നും തങ്ങളുടെ മതഗ്രന്ഥങ്ങളിൽ അതിനെപ്പറ്റി പരാമർശമുണ്ടെന്നും അവകാശവാദങ്ങളുമായി എത്തുന്നവർക്കും കുറവില്ല എന്നതു മറ്റൊരു കാര്യം.


പഴമയോടുള്ള അതിയായ ആസക്തിയുടെ മറ്റൊരു രൂപമാണു നൊസ്റ്റാൽജിയ. പഴമയ്ക്കു സ്തുതി പാടുന്നവരുടെ ചിന്താഗതികൾ പലപ്പോഴും നൊസ്റ്റാൽജിയയിലേയ്ക്കു ചുരുങ്ങുന്നതാണു കണ്ടു വരുന്നതു്.

തന്റെ ചെറുപ്പത്തിലേതോ ചെറുപ്പത്തിൽ ആരെങ്കിലും പറഞ്ഞുതന്നതോ ആയ കാര്യങ്ങൾ ഏറ്റവും നല്ലതു്. ഇപ്പോഴത്തേതു മോശം. തനിക്കു മുമ്പുള്ളതു പഴഞ്ചൻ – ഇതാണു് നൊസ്റ്റാൽജിയയുടെ രത്നച്ചുരുക്കം. ഇപ്പോഴത്തെ ഗിരീഷ് പുത്തഞ്ചേരി/എം. ജയചന്ദ്രൻ/എം. ജി. ശ്രീകുമാർ പാട്ടൊക്കെ തറ; എന്നാൽ പഴയ വയലാർ/ദേവരാജൻ/യേശുദാസ് പാട്ടൊക്കെ മഹത്തമം; അതേ സമയം കമുകറയുടെയും ആന്റോയുടെയും പി. ലീലയുടെയും ഒക്കെ പാട്ടു് അറുബോറു്. ഉ, ഋ എന്നിവയുടെ ചിഹ്നങ്ങൾ വേറിട്ടെഴുതുന്ന പുതിയ ലിപി മോശം; പത്തക്ഷരത്തിനു പത്തു തരം കുനിപ്പിട്ടു് ചെറിയ ഫോണ്ടിൽ ചിന്താക്കുഴപ്പമുണ്ടാക്കുന്ന പഴയ ലിപി അന്യൂനം; അതേ സമയം അക്ഷരത്തിനു മുകളിലായി ചന്ദ്രക്കല ഇടുകയും ള്ള എന്ന അക്ഷരം ണ-യുടെ താഴെ വരച്ചെഴുതുകയും ർ എന്നതിനു മുകളിൽ കുത്തിടുകയും 1, 2, 3, … എന്നീ അക്കങ്ങൾക്കു പകരം ൧, ൨, ൩, … എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നതു പഴഞ്ചൻ. അധ്യാപകൻ, വിദ്യാർഥി എന്നൊക്കെ എഴുതുന്നതു തെറ്റു്; അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നു തന്നെ എഴുതണം; അതേ സമയം മൂർഖൻ, ദീർഘം എന്നിവ എഴുപതു കൊല്ലം മുമ്പു് എഴുതിയിരുന്നതു പോലെ മൂർക്ഖൻ, ദീർഗ്ഘം എന്നു് എഴുതാനും പാടില്ല. പെൺകുട്ടികൾ ചുരീദാറും മിഡിയും ധരിക്കുന്നതു് സംസ്കാരച്യുതി; സാരിയുടുക്കുന്നതു് ആർഷസംസ്കാരം; മാറു മുതൽ കീഴോട്ടുള്ള കച്ച കെട്ടുന്നതു മോഹിനിയാട്ടത്തിനു മാത്രം. നൂഡിൽ‌സും ബേഗലുമൊക്കെ ആരോഗ്യത്തെ കെടുത്തുന്ന ചീത്ത ഭക്ഷണം; ദോശയും ഇഡ്ഡലിയും അത്യുത്തമം; കഞ്ഞിയും പുഴുക്കും കണ്ട്രികളുടെ ഭക്ഷണം. സാനിട്ടറി നാപ്കിൻ എല്ലാ വിധ അസുഖങ്ങളും ഉണ്ടാക്കുന്നതു്; പഴന്തുണി തിരുകിവെയ്ക്കുന്നതു് ആരോഗ്യകരം; നാലു ദിവസം മാറിക്കിടക്കുന്നതു് അന്ധവിശ്വാസം. ആൺ‌കുട്ടികൾ തലമുടി സ്റ്റെപ്‌കട്ടു ചെയ്യുന്നതു മോശം; തലമുടി വെട്ടുന്നതു സംസ്കാരം; കുടുമ വെയ്ക്കുന്നതു അറുബോറു്, പഴഞ്ചൻ. നൊസ്റ്റാൽജിയ എന്ന ആത്മാർത്ഥതയില്ലാത്ത പഴമപ്രേമം സടകുടഞ്ഞാടുന്നതു് ഇവിടെയൊക്കെയാണു്.

കൂട്ടത്തിൽ പറയട്ടേ. ഞാൻ നൊസ്റ്റാൽജിയയോടു വിരോധമുള്ള ആളല്ല. ബ്ലോഗിൽ വരുന്ന ഓർമ്മകുറിപ്പുകൾ എനിക്കു വളരെ ഇഷ്ടപ്പെട്ടവയാണു്. നൊസ്റ്റാൽജിയയുടെ അസുഖം സാമാന്യം നന്നായിത്തന്നെ ഉള്ള ഒരാളാണു ഞാൻ. നൊസ്റ്റാൽജിയ കടും‌പിടിത്തമാവുകയും പിന്നെ സംസ്കാരത്തിന്റെ നിർവ്വചനം ആകുകയും ചെയ്യുന്നതിനെയാണു ഞാൻ വിമർശിക്കുന്നതു്.

പഴമയോടുള്ള ഈ പ്രേമത്തിനു മറ്റൊരു കാരണവും ഉണ്ടു്. അസൂയയും അസഹിഷ്ണുതയും. അച്ഛന്റെ മുമ്പിൽ ഇരിക്കാൻ ധൈര്യമില്ലാത്ത മകനു് തന്റെ മകൻ തന്റെ മുന്നിൽ ഇരിക്കുന്നതു സഹിക്കുന്നില്ല. കുടുമ മുറിച്ചു് തലമുടി ക്രോപ്പു ചെയ്യാൻ ചെറുപ്പത്തിൽ ആഗ്രഹിച്ചിട്ടു കഴിയാഞ്ഞ അച്ഛനു് ക്രോപ്പു ചെയ്യാതെ മുടി നീട്ടിവളർത്തുന്ന മകനെ അംഗീകരിക്കാൻ പറ്റുന്നില്ല. തങ്ങൾ സങ്കൽ‌പ്പിക്കുക പോലും ചെയ്യാത്ത വിഷയങ്ങളെപ്പറ്റി പുതിയ ബ്ലോഗേഴ്സ് എഴുതുകയും അവർക്കു വായനക്കാർ ഉണ്ടാവുകയും ചെയ്യുന്നതു പഴയ ബ്ലോഗേഴ്സിനു പിടിക്കുന്നില്ല. ശാസ്ത്രീയസംഗീതത്തെ വിട്ടുള്ള കൊട്ടിപ്പാട്ടിനു് ആസ്വാദകർ കൂടുന്നതു ശാസ്ത്രീയസംഗീതം പഠിക്കാൻ വർഷങ്ങൾ ചെലവഴിച്ച പഴമക്കാർക്കും പിടിക്കുന്നില്ല.


സാഹിത്യത്തിലും സംസ്കാരത്തിലും ഈ നൊസ്റ്റാൽജിയയാണു പഴമയുടെ വചനമായി പത്തി വിടർത്തുന്നതു്. ഈ നൊസ്റ്റാൽജിയയുടെ രണ്ടു മുഖങ്ങളെ വികടശിരോമണിയുടെ പണ്ടൊക്കെ എന്തേർന്നു! എന്ന പോസ്റ്റും കുട്ട്യേടത്തിയുടെ ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ്‌ ? എന്ന പോസ്റ്റും കാട്ടിത്തരുന്നു. വികടശിരോമണി ഈ നൊസ്റ്റാൽജിയഭ്രമക്കാരെ നിശിതമായി വിമർശിക്കുമ്പോൾ കുട്ട്യേടത്തി നർമ്മം ചാലിച്ചു് ബ്ലോഗിന്റെ പശ്ചാത്തലത്തിൽ നൊസ്റ്റാൽജിയഭ്രമക്കാരെ ചെറുതായി ഒന്നു കൊട്ടുന്നു.

വികടശിരോമണി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ചിന്താഗതിയുമുണ്ടു്. തങ്ങളുടെ ചെറുപ്പത്തിൽ നിന്നു് ഇപ്പോൾ ഉണ്ടായ ധർമ്മച്യുതി. ഇതു തലമുറകളായി കേൾക്കുന്ന കാര്യമാണു്. അടുത്ത തലമുറ വഴിതെറ്റിപ്പോകുന്നു എന്നതു്. തങ്ങളുടെ നാളുകളിലെ ധാർമ്മികത അതിവിശിഷ്ടമായിരുന്നു, ഇപ്പോൾ എല്ലാം പോയി എന്ന വിലാപം. കേട്ടാൽത്തോന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലാണു് ഈ സാംസ്കാരികച്യുതി മൊത്തം കൂടി ഉണ്ടായതെന്നു്! മഹാഭാരതം എന്ന മഹാഭാരതം (sic!) എഴുതിക്കഴിഞ്ഞിട്ടു് വ്യാസൻ വിലപിക്കുന്നതു കേൾക്കുക:

ഊർദ്ധ്വബാഹൂർവിരൌമ്യേഷ ന ച കശ്ചിച്ഛൃണോമി മേ
ധർമ്മാദർത്ഥശ്ച കാമശ്ച, സ ധർമ്മഃ കിം ന സേവ്യതേ?

(ഞാൻ രണ്ടു കയ്യും പൊക്കിപ്പിടിച്ചു പറയുന്നു, ആരും ഞാൻ പറയുന്നതു കേൾക്കുന്നില്ല. ധർമ്മത്തിൽ നിന്നാണു് അർത്ഥവും കാമവും പുഷ്ടിപ്പെടുന്നതു്. ആ ധർമ്മത്തെ എന്തുകൊണ്ടു് ആളുകൾ സേവിക്കുന്നില്ല?)

ധർമ്മച്യുതി സംഭവിക്കുന്നു എന്ന സംഭവം ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ല, അയ്യായിരം കൊല്ലം മുമ്പേ ഉണ്ടായിരുന്നു എന്നു സാരം.


ഈ ശ്ലോകത്തിനു് ഏ. ആർ. രാജരാജവർമ്മയുടെ പരിഭാഷ:

നന്നല്ല കാവ്യമഖിലം പഴതെന്നു വെച്ചി-
ട്ടൊന്നോടെ നിന്ദിതവുമല്ല നവത്വമൂലം;
വിജ്ഞൻ വിചാരണ കഴിഞ്ഞു തിരഞ്ഞെടുക്കും;
അജ്ഞന്നു വല്ലവരുമോതുവതാം പ്രമാണം.

പത്തുമുപ്പതു കൊല്ലം മുമ്പുണ്ടായിരുന്ന പരിഭാഷാഭ്രമത്തിൽ ഞാൻ പരിഭാഷപ്പെടുത്തിയതു്:

എല്ലാം മികച്ച കൃതിയല്ല പഴഞ്ചനായാൽ;
വല്ലാത്തതല്ല പുതുതായതു കൊണ്ടുമൊന്നും.
നല്ലോർ ശരിക്കു ചികയും, ശരി കണ്ടെടുക്കും;
വല്ലോരുമോതുവതു മൂഢനു വേദവാക്യം.


ശ്ലോകങ്ങളെയും മറ്റും ഭാഗികമായി മാത്രം ഉദ്ധരിച്ചു് അർത്ഥം വളച്ചൊടിക്കുന്നതിന്റെ അസാംഗത്യത്തെപ്പറ്റി മുമ്പു് സ്ത്രീണാം ച ചിത്തം, പുരുഷസ്യ ഭാഗ്യം, ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നിവയെ ഉദാഹരിച്ചു ഞാൻ പറഞ്ഞിട്ടുണ്ടു്. ഈ ശ്ലോകത്തിനും ആ ഗതികേടു പറ്റിയിട്ടുണ്ടു്. “പുരാണമിത്യേവ ന സാധു സര്‍വ്വം…” എന്നു മാത്രം പറഞ്ഞാൽ പുരാണമൊന്നും ശരിയല്ല എന്ന അർത്ഥം വേണമെങ്കിൽ പറയാം. ചില ഹിന്ദുമതഗ്രന്ഥങ്ങളെ പുരാണങ്ങൾ എന്നു വിളിക്കുന്നതു കൊണ്ടു് അവയൊന്നും ശരിയല്ല എന്ന തെറ്റായ ഒരർത്ഥം ഈ ശ്ലോകത്തിനു പറയുന്നതു് ഈയിടെ ഒരു വിക്കിപീഡിയ സംവാദത്തിൽ കണ്ടു.

പാവം കാളിദാസൻ! പുരാണങ്ങളൊന്നും ശരിയല്ല എന്ന പ്രസ്താവനയുടെ പിതൃത്വവും അങ്ങേരുടെ തലയിൽ!

സുഭാഷിതം

Comments (53)

Permalink

കവിതയെ അളന്നു മുറിച്ചപ്പോൾ…

പഞ്ചായത്തിൽ തിരഞ്ഞെടുപ്പു പോലെയാണു ബ്ലോഗുലകത്തിൽ കവിതയുടെ പേരിൽ തല്ലു നടക്കുന്നതു്. നടക്കുമ്പോൾ പൊരിഞ്ഞ തല്ലാണു്. കഴിഞ്ഞാൽ പിന്നെ കുറേക്കാലം അനക്കമൊന്നുമില്ല. അതു കഴിഞ്ഞു് എല്ലാവരും അതു മറന്നിരിക്കുമ്പോഴാണു പിന്നെയും വരുന്നതു്.

ഒന്നു തുടങ്ങിയാലോ? കവിതയ്ക്കു വൃത്തം വേണോ, വൃത്തത്തിനു കേന്ദ്രം വേണോ, കേന്ദ്രത്തിൽ മുന്നണി വേണോ, മുന്നണിയ്ക്കു പിന്നണി വേണോ, പിന്നണിയ്ക്കു കോറസ് വേണോ എന്നിങ്ങനെ ഓഫായി ഓഫായി അവസാനം തെറിയായി, അടിയായി, ഇടിയായി, ഭീഷണിയായി, ബ്ലോഗുപൂട്ടലായി, ബ്ലോഗുതുറക്കലായി… ഒന്നും പറയണ്ടാ.

പദ്യത്തിലെഴുതിയാലേ കവിതയാവുകയുള്ളോ, പദ്യത്തിൽ എഴുതാതിരുന്നാലേ കവിതയാവുകയുള്ളോ എന്ന രണ്ടു പ്രഹേളികകൾക്കിടയിൽ കിടന്നു കറങ്ങുന്നതാണു് ഈ വാഗ്വാദങ്ങളെല്ലാം തന്നെ. പദ്യവും കവിതയും രണ്ടു സംഗതിയാണു്, അവ ഒന്നിച്ചും സംഭവിക്കാം, അല്ലാതെയും സംഭവിക്കാം എന്നു മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു. അതു ജന്മകാലം ഒരുത്തനും മനസ്സിലാവില്ല.

ഇതോടു ചേർന്നു്, മലയാള കവിതയിൽ ഇംഗ്ലീഷ് പാടുണ്ടോ, തമിഴിനെക്കാൾ നല്ലതു സംസ്കൃതമല്ലേ, ജനനേന്ദ്രിയങ്ങളെപ്പറ്റി പറയുമ്പോൾ നക്ഷത്രചിഹ്നം കൊടുക്കണോ സംസ്കൃതം ഉപയോഗിക്കണോ അതോ തമിഴു മതിയോ എന്നിങ്ങനെ പല സംഭവങ്ങളും പഞ്ചായത്തു് ഉപതിരഞ്ഞെടുപ്പു പോലെ വരാറുണ്ടു്. അവസാനം രണ്ടു മുന്നണികളും തങ്ങൾ ജയിച്ചു എന്ന അവകാശവാദവുമായി പോകുമ്പോൾ അതുവരെ അതൊക്കെ വായിച്ചു വോട്ടു ചെയ്ത പാവം ജനം തിരിച്ചുപോകും, അടുത്ത സംഭവം ഇനി എന്നു വരുമെന്നു നോക്കി.

ഇതിൽ കേൾക്കുന്ന ഒരു വാദമാണു് കഴിവുള്ളവനേ പദ്യമെഴുതാൻ പറ്റൂ, കഴിവില്ലാത്തവനാണു ഗദ്യത്തിൽ കവിതയെഴുതുന്നതെന്നു്. ഗദ്യകവിത അസ്സലായെഴുതുന്ന ലാപുടയും പ്രമോദും സനാതനനുമൊക്കെ പദ്യത്തിൽ കവിതയെഴുതിക്കാണിച്ചിട്ടും ഈ വാദത്തിനു കുറവൊന്നും വന്നിട്ടില്ല.

പത്തുമുപ്പതു കൊല്ലമായി തരക്കേടില്ലാതെ പദ്യമെഴുതുന്ന എനിക്കു് ഇതു വരെ ഒരു നാലു വരി നല്ല കവിത എഴുതാൻ കഴിഞ്ഞിട്ടില്ല എന്നതു് ഇങ്ങേയറ്റത്തെ ഉദാഹരണം.


സ്കൂളിൽ വെച്ചാണു പദ്യമെഴുത്തുകമ്പം തുടങ്ങിയതു്. കത്തുകൾ, ഡയറികൾ, ഓട്ടോഗ്രാഫുകൾ തുടങ്ങി ആശയം കിട്ടിയാൽ എന്തും പദ്യത്തിലാക്കുന്ന അഭ്യാസം തുടർന്നു തുടർന്നു് അത്യാവശ്യം പദ്യത്തിൽ വർത്തമാനം പറയാം എന്ന സ്ഥിതിയിലെത്തി. എന്നാലും എനിക്കു് ഇതു വരെ ഒരു നല്ല കവിതയെഴുതാൻ കഴിഞ്ഞിട്ടില്ല. കവിത മാത്രമല്ല, കഥയും.

ആശയം കിട്ടിയാൽ അവനെ നീറ്റായി പദ്യത്തിലാക്കുന്നതു കൊണ്ടാണു് പരിഭാഷകളിൽ കൈ വെച്ചതു്. കേട്ടാൽ മനസ്സിലാകുന്ന എല്ലാ ഭാഷകളിൽ നിന്നും എഴുതാൻ അറിയാവുന്ന എല്ലാ ഭാഷകളിലേയ്ക്കും. അങ്ങനെ How beautiful is the rain! എന്ന പാട്ടു് बरसात कितना सुन्दर है എന്നു ഹിന്ദിയിലേക്കു്. चाह नहीं मैं सुरबाला की गहनों में गूंधा जाऊं എന്ന ഹിന്ദിപ്പാട്ടു് ആശയെനിക്കില്ലമരവധുക്കൾക്കാഭരണങ്ങളിലണിയാവാൻ എന്നു മലയാളത്തിലേയ്ക്കു്. വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം എന്ന കടമ്മനിട്ടക്കവിത The moment we get like a sudden surprise, Make it meaningful, sterling and nice എന്നു് ഇംഗ്ലീഷിലേയ്ക്കു്. ഫ്രോസ്റ്റിന്റെ The woods are lovely, dark and deep എന്നതു് മനോഹരം ശ്യാമമഗാധമാണീ വനാന്തരം എന്നു മലയാളത്തിലേയ്ക്കു്, Ревет ли зверь в лесу глухом, Трубит ли рог, гремит ли гром, Поет ли дева за холмом എന്ന റഷ്യൻ വരികൾ ഇടിവെട്ടു മുഴങ്ങിടുമ്പൊഴും, വനജീവികളാര്‍ത്തിടുമ്പൊഴും, കുഴലിന്‍ വിളി കേട്ടിടുമ്പൊഴും, കളവാണികള്‍ പാടിടുമ്പൊഴും എന്നു മലയാളത്തിലേയ്ക്കു് അങ്ങനെയങ്ങനെ. സംസ്കൃതത്തിൽ നിന്നു മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും ആക്കിയതിനു കണക്കില്ല. കുറേക്കഴിഞ്ഞപ്പോൾ ക്ഷീണിച്ചു നിർത്തി.

ഈ എഴുതിയതിൽ ഒന്നു പോലും ഗുണം പിടിച്ചില്ല എന്നതു മറ്റൊരു വസ്തുത. എല്ലാം നല്ല വൃത്തമൊത്ത പദ്യങ്ങൾ തന്നെ. പക്ഷേ കവിതയുടെ അംശം കാര്യമായി ഒന്നിലുമില്ല. വായിക്കാൻ ധൈര്യമുള്ളവർക്കു് ഇവിടെ വായിക്കാം.


അങ്ങനെയിരിക്കുമ്പോഴാണു ബ്ലോഗിലെത്തിയതു്. ഇവിടെ പദ്യത്തിൽ കവിതയെഴുതുന്നവരെ മഷിയിട്ടു നോക്കിയാലും കാണാൻ ബുദ്ധിമുട്ടാണു്. കുറേ ശ്ലോകരോഗികൾ അവിടെയുമിവിടെയും ചില കാർട്ടൂൺ ശ്ലോകങ്ങൾ എഴുതിയിരിക്കുന്നതൊഴിച്ചാൽ പദ്യകവിതകൾ എന്ന സാധനം തന്നെ വിരളം. എങ്കിലും കവിതയുടെ കാര്യത്തിൽ ബൂലോഗം സമ്പന്നമായിരുന്നു. അലമ്പു കവിതകൾ ധാരാളമുണ്ടായിരുന്നെങ്കിലും നല്ല പല കവികളും കവിതകളും അവിടെ ഉണ്ടായിരുന്നു. അവിടെയും വൃത്തമില്ലായ്മയുടെ പ്രശ്നങ്ങളെപ്പറ്റിയും ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയും അശ്ലീലവാക്കുകൾക്കു് പഴയ കവികൾ ചെയ്തിരുന്നതു പോലെ നക്ഷത്രചിഹ്നങ്ങൾ ഇടണം എന്ന ആവശ്യങ്ങളുമായും ധാരാളം ബഹളങ്ങൾ ഇടയ്ക്കിടെ കേട്ടിരുന്നു.

അങ്ങനെയാണു് ഗദ്യകവിതകളെ പദ്യത്തിലേയ്ക്കു് പരിഭാഷപ്പെടുത്താനുള്ള ഒരു പരീക്ഷണം ലോകത്താദ്യമായി ഞാൻ നടത്തിയതു്. (അതിനു മുമ്പു് ചങ്ങമ്പുഴയുടെ “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി…” എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയെ സച്ചിദാനന്ദൻ മലയാളത്തിലാക്കിയതു് എന്നൊരു തമാശ മാത്രമേ കണ്ടിരുന്നുള്ളൂ.)

ലാപുടയുടെ ചിഹ്നങ്ങൾ എന്ന കവിത ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേർന്ന ഉപജാതിയിൽ തർജ്ജമ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ ശ്രമത്തിനു് വായനക്കാരെല്ലാം കൂടി ഓടിച്ചിട്ടു തല്ലി. ലാപുടയുടെ കവിതയ്ക്കു വൃത്തത്തിന്റെ ചട്ടക്കൂടു് യാതൊരു ഭംഗിയും കൊടുത്തില്ല എന്നു മാത്രമല്ല, കവിതയ്ക്കുണ്ടായിരുന്ന മുറുക്കം നഷ്ടപ്പെടുകയും ചെയ്തു. കവിതയിലെ പല ആശയങ്ങളും (ചോദ്യചിഹ്നത്തിന്റെ ഒലിക്കൽ ഉദാഹരണം) വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ഒഴിവാകുകയും ചെയ്തു.

രണ്ടാമതായി, ശ്രീജിത്തിന്റെ മരണം എന്ന കവിത. ഇവിടെ സ്ഥിതി നേരേ വിപരീതമായിരുന്നു. വൃത്തത്തിലൊതുങ്ങിയതോടെ കവിത അല്പം മെച്ചപ്പെട്ടു. വൃത്തത്തിലെഴുതാൻ ശ്രമിച്ചിട്ടു് ഇല്ലത്തു നിന്നിറങ്ങിയിട്ടു് അമ്മാത്തെത്താത്ത സ്ഥിതിയിലായിരുന്നു ആ കവിത. അതു കൊണ്ടു തന്നെ, വൃത്തം അതിനു് ഭംഗി കൂട്ടുകയാണു ചെയ്തതു്.

അടുത്തതു് ഇഞ്ചിപ്പെണ്ണിന്റെ ബ്യൂട്ടിപാർലർ എന്ന കവിതയെയാണു കൈ വെച്ചതു്. ഇവിടെ അല്പം വ്യത്യാസമുണ്ടായി. ഇഞ്ചിപ്പെണ്ണിന്റെ കവിതയ്ക്കു് അനുഷ്ടുപ്പുവൃത്തത്തിൽ ഒരല്പം കൂടി ഒതുക്കമുണ്ടായെങ്കിലും മൂലകവിതയെക്കാൾ അല്പം പോലും മെച്ചമായില്ല. പദ്യത്തിലോ ഗദ്യത്തിലോ എഴുതാൻ പറ്റിയ ഒരു കവിതയായിരുന്നു അതു്. രണ്ടിനും അതാതിന്റെ ഭംഗി ഉണ്ടായിരുന്നു.

ഗദ്യത്തെ പദ്യമാക്കുന്ന പരീക്ഷണങ്ങൾ ഞാൻ അവിടെ നിർത്തി. പരീക്ഷണത്തിൽ നിന്നുള്ള നിഗമനങ്ങളും മറ്റും ചേർത്തു് “പദ്യവും കവിതയും” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയതു് ഇതു വരെ തീർന്നുമില്ല.


കുറേക്കാലമായി ഈ അസുഖമൊന്നുമില്ലാതെ ഇരിക്കുമ്പോഴാണു് പാക്കരന്റെ പൊട്ടസ്ലേറ്റിൽ ശ്രീഹരിയുടെ ചോദ്യക്കടലാസിൽ നിന്നു്


മനസ്സിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?

എന്ന ഉത്തരാധുനികകവിത പൊക്കിയെടുത്തു് അവലോകനം ചെയ്തു് ആസ്വദിക്കുന്നതു കണ്ടതു്. സകലമാന കൺ‌ട്രോളും വിട്ടു. ആധുനികനെ വസന്തതിലകത്തിലാക്കി ദ്വിതീയാക്ഷരപ്രാസവും ചേർത്തു് ഈ കമന്റ് ഇട്ടു. അതു് ഇവിടെ വരുന്ന വായനക്കാരുടെ സൌകര്യാർത്ഥം താഴെച്ചേർക്കുന്നു:


കോർത്താരു വെച്ചു മമ ചിത്തമതിൽ സുമത്തിൻ
സത്താർന്ന മാല? കലമാൻ, ഉത പുഷ്പമത്സ്യം?
സുൽത്താരൊടൊത്തിരി വിമാനമെടുത്തു പത്രം
എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?

അർത്ഥം:

  • കോർത്താരു് എന്നു വെച്ചാൽ അമ്മ്യാരു്, നമ്പ്യാരു്, നങ്ങ്യാരു് എന്നൊക്കെ പറയുന്നതു പോലെയുള്ള ജാതിപ്പേരൊന്നുമല്ല. കോർത്തു് + ആരു്. ആരു കോർത്തു എന്നർത്ഥം.
  • മമ = എന്റെ. ചത്ത മതിലും ചീത്ത മതിലും ഒന്നുമല്ല. ചിത്തമതിൽ. ചിത്തം + അതിൽ. ചിത്തം = മനസ്സു്. അതിൽ എന്നതു ചുമ്മാ. ചിത്തത്തിൽ എന്നു പദ്യത്തിൽ പറഞ്ഞാൽ വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ചിത്തമതിൽ. മഹാകവി സന്തോഷിന്റെ ഒരു ശ്ലോകത്തിൽത്തന്നെ ചോറതു്, കാര്യമതു്, കൂട്ടിയതു്, മാറിയതു്, മില്ലിയതു് എന്നു് അഞ്ചു് അതുകളെ ചേർത്ത നൂറുശ്ലോകവും ആധുനികകവി പ്രമോദിന്റെ അതു്, ഇതു്, അങ്ങു്, ഇങ്ങു് ഒക്കെ നിറഞ്ഞ ത്രിശ്ലോകിയും ഇവിടെ സ്മരണീയം. എന്റെ മനസ്സിൽ എന്നർത്ഥം.
  • സുമത്തിൻ സത്താർന്ന മാല = പൂമാല. സുമം = പൂവു്. സത്തു പ്രാസത്തിനു്. കലമാൻ = കലമാൻ. കലൈമാൻ എന്നു തമിഴു്. മണിച്ചി വൃത്തത്തിലൊതുങ്ങുന്നില്ല.
  • ഉത = അതോ എന്നതിന്റെ സംസ്കൃതം. “ഉത ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ” എന്നു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. കലമാൻ ഉത പുഷ്പമത്സ്യം എന്നു വെച്ചാൽ കലമാനോ പൂമീനോ എന്നർത്ഥം.
  • സുൽത്താർ = സുൽത്താൻ എന്നതിന്റെ ബഹുവചനം. സുൽത്താന്മാർ എന്നതു വൃത്തത്തിലൊതുങ്ങില്ല. ഒത്തിരി = ഒരുപാടു് എന്ന അർത്ഥമല്ല, ഒത്തു് ഇരിക്കാൻ എന്നർത്ഥം. വിമാനമെടുത്തു പത്രം എന്നതു് “വിമാനപത്രം എടുത്തു” എന്നന്വയിക്കണം. അതായതു്, വിമാനമാകുന്ന പത്രം, ചിറകു് (അലങ്കാരം രൂപകം) എടുത്തു് എന്നർത്ഥം.
  • ഹന്ത, ഹഹ = വൃത്തം തികയ്ക്കാൻ കയറ്റിയതു്. എത്തുന്നതു കണ്ടപ്പോൾ ഉള്ള ആഹ്ലാദപ്രകടനം.
  • കാ എന്നു വെച്ചാൽ സംസ്കൃതത്തിൽ ആരു് (ഏതവൾ?) എന്നർത്ഥം. “കാ ത്വം ബാലേ?” എന്നു കാളിദാസൻ. ച എന്നു വെച്ചാൽ and എന്നും. ബീവി ച ഹൂറി കാ കാ = ബീവിയും ഹൂറിയും ആരാണു്, ആരാണു് എന്നു കവി സന്ദേഹിക്കുന്നു. (അലങ്കാരം സസന്ദേഹം).

ആരാ പറഞ്ഞതു് അർത്ഥത്തിനു കോട്ടം വരാതെ ആധുനികനെ വൃത്തത്തിലാക്കാൻ കഴിയില്ല എന്നു്?


അനുബന്ധം:

പദ്യമെഴുതുന്നതു് ഒരു ക്രാഫ്റ്റാണു്. വളരെയധികം പദ്യങ്ങൾ വായിച്ചു്, മനസ്സിൽ ചൊല്ലി നോക്കി, കുറേ ഉണ്ടാക്കി നോക്കി തഴക്കം വന്നാലേ നല്ല പദ്യമെഴുതാൻ പറ്റൂ. കൂടാതെ പര്യായങ്ങളും ഇതരപ്രയോഗങ്ങളും അറിയണം ഒരു ആശയത്തെ വൃത്തത്തിൽ ഒതുക്കാൻ. വൃത്തസഹായി പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു് ഇന്നു് പലർക്കും നന്നായി പദ്യമെഴുതാൻ കഴിയുന്നുണ്ടു്. ഭാവിയിൽ ഒരു മലയാളം ഓൺ‌ലൈൻ നിഘണ്ടു, വൃത്തസഹായി എന്നിവ ഉപയോഗിച്ചു് ഗദ്യത്തെ പദ്യമാക്കുന്ന ഒരു സോഫ്റ്റ്വെയർ ആരെങ്കിലും എഴുതില്ല എന്നു് ആരു കണ്ടു?

ഗദ്യമെഴുതുന്നതും ഒരു ക്രാഫ്റ്റാണു് – പലപ്പോഴും പദ്യമെഴുതുന്നതിലും ശ്രമകരമായതു്. പ്രാസത്തിന്റെയും താളത്തിന്റെയും പകിട്ടുകളില്ലാതെ ഉള്ളടക്കത്തിന്റെ കരുത്തു കൊണ്ടു മാത്രം പിടിച്ചു നിൽക്കണം. ഒരു സന്ദർഭത്തിനു് ഏറ്റവും അനുയോജ്യമായ വാക്കുകൾ കണ്ടുപിടിക്കണം. അതു കാച്ചിക്കുറുക്കി അവതരിപ്പിക്കണം. ഇവിടെയും വായിച്ചു പരിചയം തന്നെ വേണം.

കവിതയെഴുതുന്നതു് ഒരു കലയാണു്. അനുഭവങ്ങളും അനുഭവങ്ങളെ വിശകലനം ചെയ്യാനും അതു് മറ്റുള്ളവർക്കു് അനുഭവവേദ്യമാക്കാനും ഉള്ള കഴിവുമാണു് കവിതയിൽ വെളിവാകുന്നതു്.

ക്രാഫ്റ്റും കലയും ചേരുമ്പോഴാണു് ഒരു കലാസൃഷ്ടി ഉണ്ടാവുന്നതു്. ശില്പകല, ചിത്രകല തുടങ്ങിയ ഇതരകലകളിലും അതു കാണാം. പലപ്പോഴും ഒന്നു വളരെ നന്നായാൽ മറ്റേതു് അല്പം മോശമായാലും ആകെക്കൂടി സൃഷ്ടി നന്നായെന്നു തോന്നും. പ്രാസസുന്ദരവും നിരർത്ഥകവുമായ പദ്യങ്ങളും ഒരു ചട്ടവട്ടവും പാലിക്കാതെ ഹൃദയത്തിൽ നിന്നും പുറത്തു വരുന്ന പ്രസംഗങ്ങളും പലപ്പോഴും കവിതയെന്ന വിധത്തിൽ നന്നാകുന്നതു് അതു കൊണ്ടാണു്.

അർത്ഥവും ആശയവും ചോർന്നു പോകാതെ തന്നെ കവിതകൾ വൃത്തത്തിൽ എഴുതുന്ന ധാരാളം കവികൾ ഉണ്ടായിട്ടുണ്ടു്. ഉത്തമകവിതയുടെ നിർവ്വചനം കാലക്രമേണ മാറിക്കൊണ്ടിരുന്നു എന്നു മാത്രം. ശ്ലോകങ്ങളെ മാത്രം നല്ല കവിതയായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ കവിതകളെ അവയുടെ വൃത്തങ്ങൾ വൃത്തമഞ്ജരിയിൽ ഇല്ലാത്തതിനാൽ “പാട്ടു്” എന്നു വിളിച്ചിട്ടുണ്ടു് മഹാകവി ഉള്ളൂർ. പിന്നീടു ഭാഷാവൃത്തങ്ങൾ മലയാളികൾക്കു പ്രിയങ്കരങ്ങളായി. പ്രസിദ്ധവൃത്തങ്ങൾ വിട്ടു് ഉറച്ച താളത്തിന്റെ വക്താക്കളായ കടമ്മനിട്ട, കക്കാടു്, അയ്യപ്പപ്പണിക്കർ തുടങ്ങിയവരെയും, വൃത്തവും താളവും വിട്ടു് മുറുക്കത്തിന്റെ ബലത്തിൽ കവിതയെഴുതിയ കുഞ്ഞുണ്ണിയെയും മലയാളി അംഗീകരിച്ചു. ഇപ്പോൾ ഗദ്യകവിതകളും മലയാളികൾക്കു പ്രിയങ്കരം തന്നെ. അതിനർത്ഥം ശ്ലോകവും കിളിപ്പാട്ടും താളങ്ങളും തിരസ്കരിക്കപ്പെട്ടിരിക്കുന്നു എന്നല്ല. കവിതയുടെ സാദ്ധ്യതകൾ വർദ്ധിക്കുന്നു എന്നു മാത്രമാണു്.

കവിതയുടെ പ്രതിപാദനത്തെപ്പറ്റിയുള്ള അഭിപ്രായത്തിലും ഈ വിധത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടു്. ആശാന്റെ വീണപൂവു് വായിച്ചിട്ടു് മഹാകവി ഉള്ളൂർ എഴുതി: “ഇപ്പോൾ ഒരാൾ വീണ പൂവിനെപ്പറ്റി എഴുതി. ഇനിയൊരാൾ കീറത്തലയണയെപ്പറ്റിയും വേറേ ഒരാൾ ഉണക്കച്ചാണകത്തെപ്പറ്റിയും എഴുതും…” (“വിജ്ഞാനദീപിക”യിൽ ഉള്ള ഒരു ലേഖനത്തിൽ നിന്നു്. ഓർമ്മയിൽ നിന്നു് എഴുതുന്നതു്.) കാലം കഴിഞ്ഞപ്പോൾ കീറത്തലയണയെപ്പറ്റി വള്ളത്തോൾ എഴുതി. (ഒരു ചവറു കവിത.) ഉള്ളൂർ തന്നെ തുമ്പപ്പൂവിനെപ്പറ്റി എഴുതി. ശ്ലോകം മാത്രമെഴുതിയിരുന്ന ഉള്ളൂർ തന്നെ പിന്നീടു് ഭാഷാവൃത്തങ്ങളും “ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…” എന്നും മറ്റും വൃത്തമഞ്ജരിയിലില്ലാത്ത താളങ്ങളും ഉപയോഗിച്ചതും ഇവിടെ ഓർക്കാം.

ലോകസാഹിത്യത്തിൽ കവിതയ്ക്കു വന്ന പരിണാമങ്ങൾ മാത്രമേ മലയാളത്തിലും സംഭവിച്ചിട്ടുള്ളൂ. അതു് ആരോഗ്യകരമായ മാറ്റമാണെന്നും കവിത വളരുകയാണെന്നും നമുക്കു് ആശിക്കാം. ഷേയ്ക്ക്സ്പിയറും ഷെല്ലിയും കാളിദാസനും കടമ്മനിട്ടയും ഒന്നും ഒരിക്കലും വിസ്മൃതരാവില്ല എന്നും.

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)
സാഹിത്യം

Comments (33)

Permalink